2017, മേയ് 31, ബുധനാഴ്‌ച

പകയ്ക്ക് പേരില്ല..!

പകയ്ക്ക് പേരില്ല..!


ഞാനൊരു സങ്കൽപ്പ ലോകത്തായിരുന്നു. 
എന്റെ സ്വപ്നങ്ങളും കുസൃതികളുമൊക്കെ ചേരുന്ന ഒരു കൊച്ചു ചെപ്പിലായിരുന്നു അത്. ശാന്തമായി ഒഴുകിയിരുന്ന എന്നിലെ പുഴയിൽ നീ, കല്ലുകളെറിഞ്ഞു. കുഞ്ഞോളങ്ങൾ സൃഷ്ടിച്ചു. അവയുടെ വ്യാപ്തി വലുതായി വന്നു. 
ആദ്യം, അസഹ്യമായി തോന്നി. 
പിന്നീട് പതിയെ ഇഷ്ടപ്പെട്ടു തുടങ്ങി. നീയെന്റെ ലോകത്തെ സാവധാനം തകർത്തു. അറിഞ്ഞില്ല. 
നിന്റെ മായിക വലയത്തിലായിരുന്നു ഞാൻ. 
നിന്റെ അരിപ്പല്ലുകൾക്കിടയിലെ തേറ്റകൾ കണ്ടില്ല. ഭംഗിയായി വെട്ടിയ നഖങ്ങൾ കൂർത്തതും കണ്ടില്ല. 
ചിരിക്കുമ്പോൾ നിന്റെ കണ്ണിൽ നിറഞ്ഞ സ്നേഹം ചോരയാണെന്നുമറിഞ്ഞില്ല. 
നിന്നിൽ ഞാൻ മയങ്ങിപ്പോയിരുന്നു. എന്റെ നന്മയുടെ കൂടാരം നാമാവശേഷമാക്കി നീ പറഞ്ഞു. 
"Don't take it as too serious. Everything just for my needs." ഇപ്പോൾ, നിന്റെ തേറ്റകൾ ഞാൻ വ്യക്തമായി കണ്ടു. എനിക്ക് ഉള്ളം പനിക്കുകയായിരുന്നു. 
"So we never see again. Bye.." 
നിന്റെ പിന്തിരിഞ്ഞുള്ള കാൽവയ്പ്പുകൾ. 
പക്ഷേ, ഞാനുറപ്പിച്ചിരുന്നു. 
നാം വീണ്ടും കാണും. നിന്നോടുള്ള പകയിൽ നിന്ന് ഞാനൊരു രക്തരക്ഷസായി പുനൽജ്ജനിക്കും... 
നിന്റെ പാതകളിൽ നിഴലായി പിന്തുടരും.. 
അവസരമെത്തുമ്പോൾ നിന്റെ ധമനികളെ വലിച്ചു പൊട്ടിക്കും.. 
നിന്നെ നൂറു നുറുങ്ങുകളായി വലിച്ചുകീറും... 
നിന്നിലെ അവസാനത്തെ തുടിപ്പും നിലയ്ക്കുമ്പോൾ... ഞാനുറക്കെച്ചിരിക്കും. 
എന്റെ കണ്ണുകളിലെ തീ അപ്പോൾ തണുത്തുറഞ്ഞിട്ടുണ്ടാകും. നീൽ മൂടിയ കണ്ണുകളോടെ ഞാൻ പറയും... 
"നിന്നെ ഒരിക്കൽ ഞാൻ സ്നേഹിച്ചിരുന്നു.. അങ്ങേയറ്റം..", 
പിന്നെയും പറയും, അപ്പോൾ ഞാൻ ജ്വലിക്കുകയാവും. "പക്ഷേ, ഇപ്പോൾ വെറുക്കുകയാണ്... അങ്ങേയറ്റം... അതിനുമപ്പുറം..". നിന്റെ അലഞ്ഞുതിരിയുന്ന മനസ്സ് അത്ഭുതത്തോടെ ചിന്തിക്കും., 
'ഇതേതുതരം പകയാണ്..?' 
"ഇതൊരു തരത്തിലും പെടില്ല. 
കാരണം, നിന്നോടെനിക്കുള്ള പകയ്ക്ക് പേരില്ല..!"



ശാരീ, എവിടെയാണ് നീ...?

ശാരീ, എവിടെയാണ് നീ...?


ടൗണില് നിന്നും മടങ്ങുന്ന വഴി, എതിരെ ഒരു പയ്യൻ, പരിചയമുള്ള മുഖം. ഓർത്തെടുക്കുന്നതിനു മുന്നേ അവനെന്നെ കടന്നു പോയി. 
അതവനാണ് ശാരിയുടെ അനിയൻ. 
ശാരി എനിക്കൊരു വർഷം താഴെയാണ് പഠിച്ചത്. കണ്ടിട്ടിപ്പോള് നാലു വർഷം കഴിഞ്ഞു. ഞാനൊമ്പതില് പഠിക്കുമ്പോഴാണ് അവള് ഞങ്ങളുടെ ട്യൂഷന് സെന്ററില് ചേരുന്നത്. കാറ്റടിച്ചാല് പറന്നു പോകുന്ന തരത്തില് മെലിഞ്ഞ കുട്ടി. പഠനത്തില് മിടുക്കി. ഒരിക്കല് പോലും അവളുടെ കൈത്തണ്ടയിലും കഴുത്തിലും ആഭരണങ്ങളണിഞ്ഞു കണ്ടിട്ടില്ല. ഫാന്സികളില് കിട്ടുന്ന വിലകുറഞ്ഞ കമ്മല് മാത്രമായിരുന്നു ഏക ആഭരണം. 
ഒരിക്കല് ഞാൻ ട്യൂഷന് എത്തിയത് നേരത്തെയാണ്. അവളുടെ ക്ലാസിലും അവള് മാത്രം. ഞാൻ ചെല്ലുമ്പോള് അവള് കരയുകയാണ്. 
"എന്താ..?" അവളുടെ തോളില് കൈ വച്ചതും ആ കുട്ടി പൊട്ടിക്കരഞ്ഞു. "വിശക്കുന്നു ചേച്ചീ.., കഴിച്ചിട്ട് രണ്ടു ദിവസമായി. സ്കൂളില് ക്ലാസുണ്ടായിരുന്നെന്കില് കഞ്ഞി കിട്ടുമായിരുന്നു.." ഞാനവളെ വീട്ടിലേക്ക് കൊണ്ടുപോയി. 
അമ്മയും അനിയനുമടങ്ങുന്ന കുടുംബം. അഛൻ മരിച്ചതിനു ശേഷം അമ്മക്കവള് ഭാരമാണ്. പെണ്കുട്ടിയെ വളര്ത്താന് ചിലവു കൂടുതലാണത്രെ! 
അമ്മക്ക് അനിയനെയാണിഷ്ടം. പിന്നീടു മുതലവളെന്റെ വീട്ടിലെ നിത്യ സന്ദര്ശകയായി. 
ഒരിക്കല് മുഖത്ത് അടി കൊണ്ട പാടുമായാണ് എത്തിയത്. അഞ്ചാം ക്ലാസില് പഠിക്കുന്ന അനിയന് മദ്യപിച്ചു വന്ന് നല്കിയ സമ്മാനം! കുറച്ചു നാള്ക്കകം അവള് ട്യൂഷന് നിറുത്തി. 
പ്ളസ് വണ്ണിന് ഞാൻ മറ്റൊരു സ്കൂളില് ചേർന്നു. 
അവള് പത്താം ക്ലാസ് ഡിസ്റ്റിംഗ്ഷനോടെ പാസായി, തുടർന്നു പഠിക്കുന്നില്ല എന്നറിഞ്ഞു. അവളുടെ അയല്ക്കാരിയെ ഒരിക്കല് കണ്ടിരുന്ന. അവളുടെ അമ്മ രണ്ടാമത് വിവാഹം കഴിച്ചു. ശാരിയെ അവര് കണ്ടിട്ട് ഒരുപാട് കാലമായി. 
അവളുടെ അനിയനോടന്വേഷിച്ചു. "എനിക്കറിയില്ല." കനപ്പിച്ചുള്ള മറുപടി. പതിയെ മറവിയുടെ ഇരുളില് ശാരിയും മറഞ്ഞു. 
ഇന്ന്, അവനെ കണ്ടപ്പോളാണോർത്തത്. പ്രിയപ്പെട്ട ശാരീ, എവിടെയാണ് നീ...? സുഖമാണോ നിനക്ക്..?



അറിവ്.


അറിവ്.

പഠിക്കാനുള്ള പുസ്തകവുമായി പൂന്തോട്ടത്തിലേക്കിറങ്ങിയതായിരുന്നു. 
മുറ്റത്തെ ചെമ്പരത്തിയില് ഒരു പൂമ്പാറ്റയിരുന്ന് തേൻ കുടിക്കുന്നു. അതെന്റെ ബുക്കിലേക്കു നോക്കി കൌതുകത്തോടെ ചിരിച്ചു. 
"പഠിക്കുവാ?" അതെന്നോടു ചോദിച്ചു. ഞാൻ തലയാട്ടി. എന്നിട്ട് ചോദിച്ചു. 
"നിനക്ക് കെമിസ്ട്രി അറിയാമോ?" 
"ഇല്ല". അതു മറുപടി പറഞ്ഞു. 
"ഫിസിക്സ്?" 
"അറിയില്ല". 
"മാത്സ്?" 
"അറിയില്ല". 
"ഫിലോസഫി?" 
"ഇല്ല, അറിയില്ല.." 
"നിനക്കു പിന്നെ എന്തറിയാം..?" 
ഞാൻ തെല്ലൊരു പുഛ്ചത്തോടെ ചോദിച്ചു. 
പറക്കാൻ തുടങ്ങുന്നതിനിടയിലതു പറഞ്ഞു. 
"എനിക്ക് ഞാനൊരു പൂമ്പാറ്റയാണെന്നറിയാം... അതിലുപരി ദൈവത്തിന്റെ സൃഷ്ടിയാണെന്നറിയാം...".



2017, മേയ് 27, ശനിയാഴ്‌ച

കാറ്റു പറഞ്ഞത്...


കാറ്റു പറഞ്ഞത്...

ഇന്നലെയും ഞാൻ നിനക്കായി കാത്തിരുന്നു. കാത്തിരിപ്പ് നീണ്ടു നീണ്ടു പോയി.
ഒടുവില്, 
കാറ്റു പറഞ്ഞു. 
'നീയിനി വരില്ലെന്ന്'... 

നെഞ്ചിലാളിക്കൊണ്ടിരുന്ന പ്രണയത്തിന്റെ നീലത്തീ അതോടെ കെട്ടു. കനലുകളില് നിന്നും 
കെട്ടു പോയ 
പ്രണയത്തെ ഊതിക്കത്തിക്കുന്നതിനിടെ മനസു പറഞ്ഞു. 
'വരും...വരാതിരിക്കില്ല, വൈകിയാണെങ്കിലും എത്തിച്ചേരും..'.



ചിത്രവധം

ചിത്രവധം 

ജനിച്ച മരത്തിന്റെ അസ്ഥിവാരത്തിനു കീഴെ, കിഴക്കൻ കാറ്റിന്റെ വന്യതയിൽ, 
പങ്കിലയായി ഉറവ വറ്റിയ പഴയ പുഴയുടെ ചാരെ, 
പൊള്ളുന്ന മണൽത്തട്ടിൽ ഏകയായ് നിൽക്കുമ്പോൾ ഓർമ്മിക്കാതിരിക്കുന്നതെങ്ങനെ... പച്ചപ്പട്ടുടുടുത്തിരുന്ന പ്രകൃതീകന്യകയെ..? 

ഹോ...വധം..! 
ക്രൂരമായ ചിത്രവധം..! ആദ്യമവളുടെ വസ്ത്രമുരിഞ്ഞു, പതിയെപ്പതിയെ ഓരോ അംശങ്ങളായി ഛേദിച്ച്, നിരാലംബയാക്കപ്പെട്ട്... 
പാവം... 
അവളുടെ മാനം രക്ഷിക്കാൻ, 
ഒരു കൃഷ്ണനും വന്നിരുന്നില്ല. 

മനുഷ്യാ നീയവളെ കൊന്നു..! 
നിന്റെ ദാഹം ശമിപ്പിക്കുന്നതിനു പകരം, നിന്റെ ഖജനാവ് നിറയ്ക്കാൻ വേണ്ടി, 
ആദ്യമവളുടെ രക്തക്കുഴലുകളെ മുറിച്ചു. പിന്നെ, 
അവളുടെ മുടിയിഴകൾ, അസ്ഥികൾ... 

മരങ്ങളൊന്നൊന്നായ് നീ പിഴുതു മാറ്റി. 
എന്റെ അമ്മയെ വരെ നീ... 
എന്തിനെന്നെ മാത്രം വെറുതെ വിടുന്നു..? ഞാനുമൊരു വൃക്ഷത്തൈയ്യാണ്, വളരാനാഗ്രഹിച്ച ഒരു പാവം തൈ... 
ഇനി വേണ്ട... കണ്ടതെല്ലാം മതി. എന്നെയും കുടി.. ദയവായി... 

നീ ചിരിക്കുന്നു. ദയവിന്റെ അർത്ഥം ആലോചിച്ച്..!



ഭാര്യ.


അന്ന്, 
അറിഞ്ഞും 
കേട്ടും 
തൂത്തും 
തുടച്ചും 
അനുസരിച്ചും. 

ഇന്ന്, 
അറിയിച്ചും
കേൾപ്പിച്ചും
തൂപ്പിച്ചും
തുടപ്പിച്ചും അനുസരിപ്പിച്ചും.



2017, മേയ് 26, വെള്ളിയാഴ്‌ച

നീയില്ലാത്ത തണുപ്പ്...

നീയില്ലാത്ത തണുപ്പ്...

ഒരിക്കൽ, 
നീ പറഞ്ഞു...നിനക്കെന്റെ സ്നേഹം വേണമെന്ന്... നീയാണെന്റെ തീരമേന്ന്... 

ഇന്നു നീയത് നിരസിക്കുമ്പോർ... നിനക്കു നഷ്ടം ഒരു മനസു നിറയെ സ്നേഹം... എനിക്കോ ഒരായുദ്കാലത്തിന്റെ കാത്തിരിപ്പ്... 

നിനക്കായി കാത്തു ഞാൻ പതിയെ നടന്നു കയറിയത് നുഖമുള്ള തണുപ്പിലേയ്ക്കാണ്, പിന്തിരിഞ്ഞു നോക്കിയപ്പോളാണ് നീയില്ല എന്നു മനസ്സിലായത്. 
പേടിച്ചില്ല, 
കണ്ണു നിറഞ്ഞതുമില്ല, നീയിനി വരില്ലെന്നു മനസ്സിലായി. 

നിന്റെ ഒാർമകളും പേറി വന്ന കാറ്റ്, മനസ്സിന്റെ ചില്ലു ഭിത്തിയിലിടിച്ചു തളർന്നു വീണു... 
നോക്കിയില്ല, 
പാവം... മുറിവേറ്റിട്ടുണ്ടാകണം. 

എത്റ തന്നെ തെളിയാത്ത ഒാർമകളാണെന്കിൽ കൂടി നീ പാടിയ രണ്ടു വരി ഒട്ടൊരു മങ്ങലോടെ മനസ്സിലുണ്ട്... "എന്നെന്കിലുമെൻ പേരോർക്കയാൽ 
നിൻ മിഴി ഈറനാകുകിൽ എൻ പേരു നിന്നുള്ളിൽ ശാശ്വതമതു സതൃം". 

എനിക്കറിയാം... 
ചില ഇഷ്ടങ്ങൾ അങ്ങനെയാണ് എത്റ തന്നെ വേണ്ടെന്നു വച്ചാലും ചിതയിൽ നിന്നുയരുന്ന ഫീനിക്സ് പക്ഷിയെപ്പോലെ കാലാതിവൽത്തിയായി അതു പുന:ർജ്ജനിച്ചു കൊണ്ടേയിരിക്കും...



വിരുന്നുകാരി.

വിരുന്നുകാരി.

ഒരിയ്ക്കൽ, 
പെയ്തു തീരാത്ത മഴയിൽ നിന്നും അവളെന്നിലേയ്ക്കു കയറി വന്നു. 
ഒന്നും ചോദിയ്ക്കരുതെന്നു പറഞ്ഞു. 
ഞാനൊന്നും ചോദിച്ചുമില്ല 

ഒരിക്കലവൾ പറഞ്ഞു, 
"ഞാനാദിയിലും അന്ത്യത്തിലും വിശ്വസിക്കുന്നില്ല". ശരിയായിരിക്കും... കാരണം, 
അവളുടെ ആദിയും അന്ത്യവും എനിക്കജ്ഞാതമായിരുന്നു. 

തോരാതെ നിന്ന മഴയിലേക്ക് അവളൊരു മഴത്തുള്ളിയായി തിരിച്ചു പോയി. 
എങ്കിലും, കണ്ണാടിക്കഷ്ണത്തിൽ തെളിയുന്ന അവളുടെ മുഖം നോക്കി ഞാൻ രസിക്കാറുണ്ടായിരുന്നു. 

നിനയ്ക്കാത്ത നേരത്തൊരിക്കൽ ആ കണ്ണാടിക്കഷ്ണം ഉടഞ്ഞു ചിതറി... 
പെറുക്കി വച്ച് നോക്കിയപ്പോൾ, അതിലവളില്ലായിരുന്നു... പകരം, 
രണ്ടു വരികൾ... 
'അറിയുന്നു ഞാൻ അറിയാത്ത നിന്നെ'. 

അവളെന്നെയോ... ഞാനവളെയോ..? 

ആദിയും അന്ത്യവുമില്ലാത്ത സംശയം വീണ്ടും ജന്മമെടുത്തു... 
മറ്റൊരു രൂപത്തിൽ, എവിടെയോ വിരുന്നു വരാൻ വേണ്ടി...



കോൺട്രാക്ട്.

കോൺട്രാക്ട്.

ദൈവത്തിനോടുള്ള കോൺട്രാക്ടുമായി ഞാൻ ജനിച്ചു.., 
പിച്ച നടന്നു, പിഴുതെടുക്കാൻ പഠിച്ചു. ആദ്യം ചെടികളെ, 
പിന്നെ ബന്ധങ്ങളെ. 

കച്ചവടക്കണ്ണോടെ ഒാരോന്നും പിഴുതു മാറ്റിയപ്പോള് കിട്ടിയത്, കൈ നിറയെ പണം. 

തിരിഞ്ഞു നോക്കിയില്ല, കണ്ണില് കണ്ടതെല്ലാം കശക്കിയെറിഞ്ഞു, 
മദിച്ച കാളയെപ്പോലെ. 

'മാ നിഷാദ'.., വിലക്കിന്റെ സ്വരങ്ങള്, അഛൻ, 
അമ്മ, 
കടപ്പാട്. 

കടപ്പാട്! 
ത്ഫൂ.., നിസ്തുലമായ നഗ്ന വാക്കുകള്. 

ഒരു തുള്ളി ബീജത്തില് നിന്നും ജനിക്കാൻ വെമ്പി നിന്ന കുഞ്ഞിനെ പിഴുതെറിയുമ്പോള്.. ഭാര്യ ചോദിച്ചു. 
"നിങ്ങളൊരു മനുഷ്യനാണോ..?" 

അവളുടെ കണ്ണുനീരിൽ ചവിട്ടി ഞാൻ ചോദിച്ചു. 
"വാത്മീകി ആദ്യം മനുഷ്യനായിരുന്നോ..?" 

പണം... 
അഭിനന്ദനങ്ങള്... 
"hey.., you won 90% of the profit.." 

ഒടുവില്, 
മരണത്തെയും പണമാക്കാന് തീരുമാനിച്ചു. മരണത്തിന്റെ ഒാരോ നിമിഷങ്ങളും ഇടവേളകളില്ലാതെ പകർത്താനായി പ്രമുഖ ചാനലിന് കോടിയുടെ കോൺട്രാക്ട്. 

മരണത്തിന്റെ പാലം കടന്ന് അപ്പുറമെത്തിയപ്പോള്, പണപ്പെട്ടിയും താക്കോലും കയ്യിലുണ്ടായിരുന്നില്ല.. 

"ദൈവമേ...!" 
തിരിച്ചു പോകാൻ കഴിയാത്ത വിധം ദൈവം കോൺട്രാക്ട് അവസാനിപ്പിച്ചിരുന്നു