2017, മേയ് 26, വെള്ളിയാഴ്‌ച

വിരുന്നുകാരി.

വിരുന്നുകാരി.

ഒരിയ്ക്കൽ, 
പെയ്തു തീരാത്ത മഴയിൽ നിന്നും അവളെന്നിലേയ്ക്കു കയറി വന്നു. 
ഒന്നും ചോദിയ്ക്കരുതെന്നു പറഞ്ഞു. 
ഞാനൊന്നും ചോദിച്ചുമില്ല 

ഒരിക്കലവൾ പറഞ്ഞു, 
"ഞാനാദിയിലും അന്ത്യത്തിലും വിശ്വസിക്കുന്നില്ല". ശരിയായിരിക്കും... കാരണം, 
അവളുടെ ആദിയും അന്ത്യവും എനിക്കജ്ഞാതമായിരുന്നു. 

തോരാതെ നിന്ന മഴയിലേക്ക് അവളൊരു മഴത്തുള്ളിയായി തിരിച്ചു പോയി. 
എങ്കിലും, കണ്ണാടിക്കഷ്ണത്തിൽ തെളിയുന്ന അവളുടെ മുഖം നോക്കി ഞാൻ രസിക്കാറുണ്ടായിരുന്നു. 

നിനയ്ക്കാത്ത നേരത്തൊരിക്കൽ ആ കണ്ണാടിക്കഷ്ണം ഉടഞ്ഞു ചിതറി... 
പെറുക്കി വച്ച് നോക്കിയപ്പോൾ, അതിലവളില്ലായിരുന്നു... പകരം, 
രണ്ടു വരികൾ... 
'അറിയുന്നു ഞാൻ അറിയാത്ത നിന്നെ'. 

അവളെന്നെയോ... ഞാനവളെയോ..? 

ആദിയും അന്ത്യവുമില്ലാത്ത സംശയം വീണ്ടും ജന്മമെടുത്തു... 
മറ്റൊരു രൂപത്തിൽ, എവിടെയോ വിരുന്നു വരാൻ വേണ്ടി...



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ