ശാരീ, എവിടെയാണ് നീ...?
ടൗണില് നിന്നും മടങ്ങുന്ന വഴി, എതിരെ ഒരു പയ്യൻ, പരിചയമുള്ള മുഖം. ഓർത്തെടുക്കുന്നതിനു മുന്നേ അവനെന്നെ കടന്നു പോയി.
അതവനാണ് ശാരിയുടെ അനിയൻ.
ശാരി എനിക്കൊരു വർഷം താഴെയാണ് പഠിച്ചത്. കണ്ടിട്ടിപ്പോള് നാലു വർഷം കഴിഞ്ഞു. ഞാനൊമ്പതില് പഠിക്കുമ്പോഴാണ് അവള് ഞങ്ങളുടെ ട്യൂഷന് സെന്ററില് ചേരുന്നത്. കാറ്റടിച്ചാല് പറന്നു പോകുന്ന തരത്തില് മെലിഞ്ഞ കുട്ടി. പഠനത്തില് മിടുക്കി. ഒരിക്കല് പോലും അവളുടെ കൈത്തണ്ടയിലും കഴുത്തിലും ആഭരണങ്ങളണിഞ്ഞു കണ്ടിട്ടില്ല. ഫാന്സികളില് കിട്ടുന്ന വിലകുറഞ്ഞ കമ്മല് മാത്രമായിരുന്നു ഏക ആഭരണം.
ഒരിക്കല് ഞാൻ ട്യൂഷന് എത്തിയത് നേരത്തെയാണ്. അവളുടെ ക്ലാസിലും അവള് മാത്രം. ഞാൻ ചെല്ലുമ്പോള് അവള് കരയുകയാണ്.
"എന്താ..?" അവളുടെ തോളില് കൈ വച്ചതും ആ കുട്ടി പൊട്ടിക്കരഞ്ഞു. "വിശക്കുന്നു ചേച്ചീ.., കഴിച്ചിട്ട് രണ്ടു ദിവസമായി. സ്കൂളില് ക്ലാസുണ്ടായിരുന്നെന്കില് കഞ്ഞി കിട്ടുമായിരുന്നു.." ഞാനവളെ വീട്ടിലേക്ക് കൊണ്ടുപോയി.
അമ്മയും അനിയനുമടങ്ങുന്ന കുടുംബം. അഛൻ മരിച്ചതിനു ശേഷം അമ്മക്കവള് ഭാരമാണ്. പെണ്കുട്ടിയെ വളര്ത്താന് ചിലവു കൂടുതലാണത്രെ!
അമ്മക്ക് അനിയനെയാണിഷ്ടം. പിന്നീടു മുതലവളെന്റെ വീട്ടിലെ നിത്യ സന്ദര്ശകയായി.
ഒരിക്കല് മുഖത്ത് അടി കൊണ്ട പാടുമായാണ് എത്തിയത്. അഞ്ചാം ക്ലാസില് പഠിക്കുന്ന അനിയന് മദ്യപിച്ചു വന്ന് നല്കിയ സമ്മാനം! കുറച്ചു നാള്ക്കകം അവള് ട്യൂഷന് നിറുത്തി.
പ്ളസ് വണ്ണിന് ഞാൻ മറ്റൊരു സ്കൂളില് ചേർന്നു.
അവള് പത്താം ക്ലാസ് ഡിസ്റ്റിംഗ്ഷനോടെ പാസായി, തുടർന്നു പഠിക്കുന്നില്ല എന്നറിഞ്ഞു. അവളുടെ അയല്ക്കാരിയെ ഒരിക്കല് കണ്ടിരുന്ന. അവളുടെ അമ്മ രണ്ടാമത് വിവാഹം കഴിച്ചു. ശാരിയെ അവര് കണ്ടിട്ട് ഒരുപാട് കാലമായി.
അവളുടെ അനിയനോടന്വേഷിച്ചു. "എനിക്കറിയില്ല." കനപ്പിച്ചുള്ള മറുപടി. പതിയെ മറവിയുടെ ഇരുളില് ശാരിയും മറഞ്ഞു.
ഇന്ന്, അവനെ കണ്ടപ്പോളാണോർത്തത്. പ്രിയപ്പെട്ട ശാരീ, എവിടെയാണ് നീ...? സുഖമാണോ നിനക്ക്..?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ