2017, മേയ് 31, ബുധനാഴ്‌ച

പകയ്ക്ക് പേരില്ല..!

പകയ്ക്ക് പേരില്ല..!


ഞാനൊരു സങ്കൽപ്പ ലോകത്തായിരുന്നു. 
എന്റെ സ്വപ്നങ്ങളും കുസൃതികളുമൊക്കെ ചേരുന്ന ഒരു കൊച്ചു ചെപ്പിലായിരുന്നു അത്. ശാന്തമായി ഒഴുകിയിരുന്ന എന്നിലെ പുഴയിൽ നീ, കല്ലുകളെറിഞ്ഞു. കുഞ്ഞോളങ്ങൾ സൃഷ്ടിച്ചു. അവയുടെ വ്യാപ്തി വലുതായി വന്നു. 
ആദ്യം, അസഹ്യമായി തോന്നി. 
പിന്നീട് പതിയെ ഇഷ്ടപ്പെട്ടു തുടങ്ങി. നീയെന്റെ ലോകത്തെ സാവധാനം തകർത്തു. അറിഞ്ഞില്ല. 
നിന്റെ മായിക വലയത്തിലായിരുന്നു ഞാൻ. 
നിന്റെ അരിപ്പല്ലുകൾക്കിടയിലെ തേറ്റകൾ കണ്ടില്ല. ഭംഗിയായി വെട്ടിയ നഖങ്ങൾ കൂർത്തതും കണ്ടില്ല. 
ചിരിക്കുമ്പോൾ നിന്റെ കണ്ണിൽ നിറഞ്ഞ സ്നേഹം ചോരയാണെന്നുമറിഞ്ഞില്ല. 
നിന്നിൽ ഞാൻ മയങ്ങിപ്പോയിരുന്നു. എന്റെ നന്മയുടെ കൂടാരം നാമാവശേഷമാക്കി നീ പറഞ്ഞു. 
"Don't take it as too serious. Everything just for my needs." ഇപ്പോൾ, നിന്റെ തേറ്റകൾ ഞാൻ വ്യക്തമായി കണ്ടു. എനിക്ക് ഉള്ളം പനിക്കുകയായിരുന്നു. 
"So we never see again. Bye.." 
നിന്റെ പിന്തിരിഞ്ഞുള്ള കാൽവയ്പ്പുകൾ. 
പക്ഷേ, ഞാനുറപ്പിച്ചിരുന്നു. 
നാം വീണ്ടും കാണും. നിന്നോടുള്ള പകയിൽ നിന്ന് ഞാനൊരു രക്തരക്ഷസായി പുനൽജ്ജനിക്കും... 
നിന്റെ പാതകളിൽ നിഴലായി പിന്തുടരും.. 
അവസരമെത്തുമ്പോൾ നിന്റെ ധമനികളെ വലിച്ചു പൊട്ടിക്കും.. 
നിന്നെ നൂറു നുറുങ്ങുകളായി വലിച്ചുകീറും... 
നിന്നിലെ അവസാനത്തെ തുടിപ്പും നിലയ്ക്കുമ്പോൾ... ഞാനുറക്കെച്ചിരിക്കും. 
എന്റെ കണ്ണുകളിലെ തീ അപ്പോൾ തണുത്തുറഞ്ഞിട്ടുണ്ടാകും. നീൽ മൂടിയ കണ്ണുകളോടെ ഞാൻ പറയും... 
"നിന്നെ ഒരിക്കൽ ഞാൻ സ്നേഹിച്ചിരുന്നു.. അങ്ങേയറ്റം..", 
പിന്നെയും പറയും, അപ്പോൾ ഞാൻ ജ്വലിക്കുകയാവും. "പക്ഷേ, ഇപ്പോൾ വെറുക്കുകയാണ്... അങ്ങേയറ്റം... അതിനുമപ്പുറം..". നിന്റെ അലഞ്ഞുതിരിയുന്ന മനസ്സ് അത്ഭുതത്തോടെ ചിന്തിക്കും., 
'ഇതേതുതരം പകയാണ്..?' 
"ഇതൊരു തരത്തിലും പെടില്ല. 
കാരണം, നിന്നോടെനിക്കുള്ള പകയ്ക്ക് പേരില്ല..!"



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ