"മമ്മീ.." സ്കൈപ്പിൽ നിന്ന് കാൾ വന്നു.
സംസാരിക്കുന്നത് വേറാരുമല്ല, വയറ്റിൽ വളരുന്ന കുഞ്ഞാണ്.
ആറുമാസം പൂർത്തിയായിട്ടില്ല.
അതിൽ ഇല്ലാത്ത അപ്ലിക്കേഷൻ ഒന്നുമില്ല, ഫേസ്ബുക്, വാട്സാപ്പ്, സ്കൈപ് അങ്ങനെ എല്ലാം.
"എന്താ
മോനെ?"
"മമ്മീ
എനിക്കിന്ന് കഞ്ഞീം പയറും മതി.
മമ്മി ഇന്നലെ തിന്ന നൂഡിൽസ്
എനിക്കിഷ്ടമായില്ല, അതിനു വല്ലാത്ത ചുവയുണ്ടായിരുന്നു.
വൈകിട്ട് ചപ്പാത്തിയും ചിക്കനും മതി. ചിക്കൻ കെ എഫ് സി യിലേത് മതി."
"ശരി നീ പപ്പയെ വിളിച്ചു പറഞ്ഞോളൂ ചിക്കൻ വേണമെന്ന്"
ചാറ്റ് ഓഫായി.
അവന്റെ മുഖം ഇതുവരെ കാണാനായിട്ടില്ല, സമയമെടുക്കുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു.
ശബ്ദം വ്യക്തമല്ലെങ്കിലും കേൾക്കാം.
മണി പത്തായി, അവന്റെ ഓൺലൈൻ ട്യൂഷൻ തുടങ്ങാൻ പോകുന്നു, ഓസ്‌ഫോർഡ് സർവകലാശാലയിലെ പ്രൊഫെസ്സറാണ് ക്ലാസ്സെടുക്കുന്നത്.
അവന്റെ അഡ്മിഷനും പ്രമുഖ സ്കൂളിൽ ശരിയായിക്കഴിഞ്ഞു.
അവിടത്തേയ്ക്കുള്ള എൻട്രൻസ് ടെസ്റ്റിന്റെ കോച്ചിങ് രണ്ട് മണിക്ക് ആരംഭിക്കും.
നാല് മണി ചായയ്ക്ക് ലൈസും കുർകുറെയും നിർബന്ധം.
'എന്നാലും അവനെങ്ങനെ കഞ്ഞിയും പയറും വേണമെന്ന് പറയാൻ തോന്നി?'
ഓൺലൈനായി തന്നെ അവനൊരു പെൺകുട്ടിയെ കണ്ടെത്തിക്കഴിഞ്ഞു, മലേഷ്യയിൽ സെറ്റിലായ ഡോക്ടർ ദമ്പതിമാരുടെ പിറക്കാനിരിക്കുന്ന കുട്ടി.
അവർ തമ്മിൽ വിളികളും ചാറ്റിങ്ങുമൊക്കെ നേരത്തേയുണ്ട്.
അച്ഛന് ജാതകത്തിൽ വലിയ വിശ്വാസമാണ്.
ഓൺലൈനായി നല്ലൊരു ജ്യോത്സ്യനെ കൊണ്ട് ജാതകവും നോക്കിച്ചു, പത്തിൽ ഏഴു പൊരുത്തം, ധാരാളം.
***
ഇതിപ്പോൾ മാസം എട്ടാകുന്നു,
അവന്റെ വിളിയോ മെസ്സേജോ ഒന്നുമില്ല.
അങ്ങൊട് ശ്രമിച്ചാൽ എറർ ഇൻ കണക്ഷൻ.
ഡോക്ടറും കേ മലർത്തി, "കാത്തിരിക്കാൻ നിവൃത്തിയുള്ളു".
ഡോക്ടർ ദമ്പതിമാരോട് ചോദിച്ചപ്പോൾ മകൾ കരച്ചിലാണത്രെ, അവൻ വിളിച്ചിട്ട് കുറേ ദിവസങ്ങളായി.
***
ഒമ്പത് മാസം തികഞ്ഞു, സിസേറിയൻ വേഗം നടന്നു.
അവനെ കയ്യിൽ കിട്ടിയപ്പോൾ ചോദിച്ചു, " നീയെന്ത് പണിയാ കാണിച്ചത്, എന്തിനാ കണക്ഷൻ കട്ട് ചെയ്തത്?"
അവനൊന്നു കണ്ണിറുക്കി, "ഇപ്പോഴും ഓൺലൈൻ ട്യൂഷൻ, അതൊക്കെ കഴിഞ്ഞു ഒന്നുറങ്ങാമെന്നു വച്ചാലോ ഉടനെ അവൾ വിളി തുടങ്ങും, അത് തീരുമ്പോൾ പിറ്റേന്ന് നേരം വെളുക്കും. പിന്നെന്ത് ചെയ്യാനാ?"
എന്റെ അമ്പരപ്പിനു മുന്നിൽ ഒന്ന് ചിരിച്ചിട്ട് അവൻ കണ്ണും പൂട്ടി ഉറക്കമായി.