2017, ജൂൺ 28, ബുധനാഴ്‌ച

വിഷുപ്പക്ഷി

വിഷുപ്പക്ഷി 

വെയിൽ മുഖത്തു വെളിച്ചം തളിച്ചപ്പോഴാണ് ഉണർന്നത്. കഴിഞ്ഞ ദിവസം കഴിച്ചത് അധികമായെന്നു തോന്നുന്നു. 
മദ്യക്കുപ്പി ഒഴിഞ്ഞു കിടക്കുകയാണ്, 
അടുത്ത രണ്ടു ദിവസമായി പാട്ടുപാടിയുറക്കിയ കൊതുകിന്റെ ജഡം. 
അല്ലെങ്കിലും അതങ്ങനെയെ സംഭവിക്കു, 
കൂട്ടുവരുന്നവരെല്ലാം എന്നെന്നേക്കുമായി കൂടൊഴിയും. 
വീണ്ടും മദ്യപിക്കണമെന്നു തോന്നി.
ഇന്നിനി കൊതുകിന്റെ മരണം ആഘോഷിക്കാം,
ഓരോ ദിവസവും ഓരോ ആഘോഷമാണ്.
ഉറുമ്പ് കൊളോണപ്പെട്ടതിന്റെ, മുറ്റത്തെ മരം ഇല പൊഴിച്ചതിന്റെ, അങ്ങനെയങ്ങനെ...
എല്ലാം ഒരു മരണത്തിൽ നിന്നാണാരംഭിച്ചത്, അവളുടെ തലയിൽ കേ വച്ച സത്യം ചെയ്തതാണ്, ഒരിക്കലും കുടിക്കില്ലെന്ന്.
' ഓ.. ഇനി ആർക്ക് വേണ്ടിയാണ്?'
എ ടി എം ക്ഷമ പറഞ്ഞു, 'താങ്കളുടെ അക്കൗണ്ടിൽ വേണ്ടത്ര ബാലൻസ് ഇല്ല.'
"സന്തോഷം"
വീണ്ടും മുറിയിലേക്ക് മടങ്ങി.
റേഡിയോ ഓൺ ചെയ്തു.
"തെരഞ്ഞെടുപ്പ് പ്രമാണിച്ചു നാളെ മദ്യശാലകൾ അടച്ചിടാൻ കളക്ടർ നിർദ്ദേശം നൽകി".
"ഫ.."
കഴിഞ്ഞ ദിവസത്തെ ജോണി വാക്കർ പുളിച്ച തെറിയുടെ പുറത്തു വന്നു. 
"അല്ലെങ്കിലും ഈ കളക്ടർക്ക് എന്തുമാകാമല്ലോ, അവനു വല്ലതും....." പറയാൻ വന്നതിന്റെ ബാക്കി ഉറക്കം കൊണ്ട് പോയി.
കണ്ണ് തുറക്കുമ്പോൾ പക്ഷികൾ കൂടണയാൻ തുടങ്ങിയിരുന്നു.
പുറത്തിറങ്ങി കടൽത്തീരം ലക്ഷ്യമാക്കി നടന്നു.
തണുത്ത മണൽതിട്ടയിൽ മലർന്നു കിടക്കുമ്പോൾ സൂര്യൻ കടലിന്റെ ഗർഭപാത്രത്തിലേക്ക് മടങ്ങുന്നത് കണ്ടു. 
'നിനക്ക് ഒളിക്കാൻ കടലുണ്ട്, ഞാനെവിടെയൊളിക്കും?'
ആകാശത്തു നക്ഷത്രങ്ങൾ നിര തെറ്റി തെളിയാൻ തുടങ്ങി, ഒരെണ്ണത്തിന് മഞ്ഞ നിറമാണ്, കണിക്കൊന്ന പൂവുപോലെ.
കണിക്കൊന്ന,
വിഷു,
വിഷുപ്പക്ഷി.
അവളൊരു വിഷുപ്പക്ഷിയായിരുന്നു, ജീവിതം മുഴുവൻ പ്രകാശം നിറയ്ക്കുന്ന വിഷുപ്പക്ഷി.
കണിക്കൊന്ന മരത്തിൽ ആദ്യമായി പക്ഷിയെ കണ്ടപ്പോൾ അവൾ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്, 'ഞാൻ മരിച്ചുകഴിഞ്ഞാൽ വിഷുപ്പക്ഷിയായി നിന്നെ കാണാൻ വരം, നീ എന്റെ വരവും കാത്തിരിക്കുമോ?'
അപ്പോഴവളുടെ കയ്യിൽ പിച്ചാനാണ് തോന്നിയത്.
പിന്നെയും ഒരുപാട് വിഷുക്കാലങ്ങൾ കൊഴിഞ്ഞു.
അവൾക്ക് സൂചികളെ പേടിയായിരുന്നു.
കുഞ്ഞു കുട്ടികളെ പോലെയായിരുന്നു.
***
മുടി കൊഴിഞ്ഞ ശരീരം മെലിഞ്ഞു, ഒരുപാട് ട്യൂബുകളുടെ മധ്യത്തിൽ
കാൻസർ സെന്ററിന്റെ മണമുള്ള കട്ടിലിൽ കിടന്നവൾ ചോദിച്ചു,
"നിനക്ക് സൂചി കുത്തിക്കയറുന്ന വേദനയറിയുമോ..? ശരീരം മുഴുവൻ വേദനയാണ്, ആയിരമായിരം സൂചികൾ കുത്തിക്കയറുന്ന വേദന..".
കൈവിട്ടു പോകാതിരിക്കാൻ അവളുടെ കൈ പൊതിഞ്ഞു പിടിച്ചു നെഞ്ചോട് ചേർത്തതോർമ്മയുണ്ട്.
വെള്ളത്തുണി കൊണ്ട് മുഖം മറക്കുമ്പോൾ ആ കൈ തണുത്തിരുന്നു. 
***
ഓർമ്മകൾക്കൊപ്പം വീട്ടിലെത്തിയതറിഞ്ഞില്ല.
കസേരയിൽ ചാരിക്കിടക്കുമ്പോൾ പുറത്തെ വിഷുപ്പക്ഷി ചിറകടിച്ചു മറഞ്ഞു.
ഇപ്പോഴും കണിക്കൊന്ന പൂത്തിട്ടുണ്ട്, 
കാലം തെറ്റി പൂത്തിരിക്കുന്നു.
എത്ര പൂത്താലെന്താ.. എന്റെ വിഷുപ്പക്ഷി വരില്ലല്ലോ.
അയാളുടെ മനസ്സിലെ കണിക്കൊന്ന മരം കാറ്റുലച്ചു, 
മഞ്ഞപ്പൂവുകൾ അയാൾക്ക്‌ മീതെ കൊഴിഞ്ഞു വീണു.
മഴ,
മഞ്ഞ മഴ,
മഞ്ഞ നിറം,
മഞ്ഞപ്പൂക്കൾ മാത്രം,
അതാ മഞ്ഞതേരിലേറി വിഷുപ്പക്ഷി വരവായി,
അയാൾ കണ്ണുകൾ മുറുക്കിയടച്ചു. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ