2017, ജൂൺ 29, വ്യാഴാഴ്‌ച

ഞാൻ പ്രകൃതീ തനയൻ

ഞാൻ പ്രകൃതീ തനയൻ

തളർന്നുറങ്ങാൻ തണൽ തേടുമ്പോഴാണ് അമ്മയുടെ സാമിപ്യം ആദ്യമറിഞ്ഞത്.
അതൊരു രൂപമായിരുന്നില്ല, 
വ്യക്തിയുമായിരുന്നില്ല.
ലോകം മുഴുവൻ പറന്നു കിടക്കുന്ന പച്ചപ്പ്.. തണൽ.. 
ഞാൻ, പ്രകൃതീ തനയൻ.
ആരോരുമില്ലാതെ മണ്ണിൽ കൈ കാലുകളിട്ടടിച്ച വിശന്നു കരഞ്ഞ എന്നെയെടുക്കാൻ ആരും വന്നില്ല.
പക്ഷെ, കൂട്ടായി ആരോ ഉണ്ടെന്ന തോന്നൽ..
കാലത്തിന്റെ ചക്രം പല പ്രാവശ്യം തിരിഞ്ഞപ്പോൾ പലതും മറവിയിലേക്ക് യാത്രയായി. 
ആദ്യം ജനിച്ച മരത്തിന്റെ കീഴിൽ  മഴു വച്ച ഞാൻ പരശുരാമനായി, 
വലിച്ചെറിഞ്ഞ മഴു നിലത്തു വീഴും മുൻപ് പിടിച്ചെടുക്കാൻ ആളുണ്ടായി.
ലോകം മുഴുവൻ പരശുരാമന്മാർ വളർന്നു.
പക്ഷെ, അവരൊരിക്കലും പുണ്യ നദികളിൽ സ്നാനം ചെയ്തില്ല, ഞാനും.
കൗരവ സഭയ്ക്ക് മുന്നിൽ മാതാവിന്റെ വസ്ത്രമഴിക്കുന്നത് കാണേണ്ടി വന്ന അഭിമന്യുവായി ഞാൻ. 
'അമ്മ കൃഷ്ണനെ വിളിച്ചു കരഞ്ഞില്ല, 
എന്നെയൊന്നു നോക്കിയതേയുള്ളു.
അമ്മിഞ്ഞയുടെ മനം മാറിയ കൈകൾ കൊട്ടി ഞാൻ ആർത്തു ചിരിച്ചു. 
അവരുടെ ഓരോ അവയവങ്ങൾക്കും ഓരോരുത്തർ വിലയിട്ടു. 
മൂക്കും മുലകളും ഛേദിക്കപ്പെട്ട് കൈകാലുകളിൽ ആഴ്ന്നു മുറിവുകളും പിളർക്കപ്പെട്ട ഹൃദയവുമായി 'അമ്മ കിടന്നു. 
ഞാൻ കുറുക്കൻ കണ്ണുള്ള കച്ചവടക്കാരൻ,
അമ്മയുടെ മുടി പുറം രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു,
പിളർന്ന മാറിൽ കുഴൽക്കിണർ സ്ഥാപിച്ചു,
ഞരമ്പുകൾ തടയിട്ടു നിർത്തി വൈദ്യുതി ഉണ്ടാക്കി.
കാറ്റിന്റെ ദിശ മാറുന്നതിനൊപ്പം എന്റെ മുഖവും മാറി.
ചുളിവുകളായി, മീശയും മുടിയും നരച്ചു. 
എനിക്കൊന്നു വിശ്രമിക്കണമെന്നു തോന്നി.
പണപ്പെട്ടിയിലെ നാണയക്കിലുക്കം തണൽ തന്നില്ല.
അലഞ്ഞു തളർന്ന ഞാൻ വീണ്ടും അമ്മയ്ക്കരികിലെത്തി.
ഇനിയും നിലച്ചിട്ടില്ലാത്ത അവരുടെ ഹൃദയം നേർമ്മയായി മിടിക്കുന്നുണ്ടായിരുന്നു. 
എന്നെ തിരിച്ചറിഞ്ഞിട്ടാകണം, പാതി മരവിച്ച ശബ്ദത്തിൽ അവർ പറഞ്ഞു,
'വരൂ കുഞ്ഞേ, നിന്നെ താരാട്ടാൻ എന്റെ നെഞ്ചിലിനിയും ജീവനുണ്ട്,
നിന്നെ താലോലിക്കാൻ എന്റെ കൈകൾക്കിനിയും ശക്തിയുണ്ട്, 
നീയെന്റെ മകനല്ല'
ആശ്രയമറ്റ ഞാൻ, പ്രകൃതീ തനയനായ കച്ചവടക്കാരൻ വീണ്ടും അമ്മയിലഭയം പ്രാപിച്ചു, ചേർന്ന് കിടന്നു നെഞ്ചോട്.
നെഞ്ചിന് വാത്സല്യത്തിന്റെ ചൂടുണ്ട്.
'ഉവ്വ്, താരാട്ട് കേൾക്കുന്നുണ്ട്. 
ഞാനൊന്നുറങ്ങട്ടെ സമാധാനമായി'.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ