ആൽമരം
"ന്താണിത്ര ആലോചന.. ദേ അഞ്ചാറ് കാശ് കയ്യീ തടയണ കേസാണ്..."
"ന്നാലും..?"
"ഒരെന്നാലുമില്ല.. കൂടുതലാലോചിക്കാൻ നിക്കണ്ട, ല്ലാം പോകും "
"ക്ഷേത്രതീന്നു?"
"അതിനെന്താ..? അത് ഗവണ്മെന്റിന്റെന്നുമല്ലല്ലോ, നിങ്ങടന്നല്ലേ? പിന്നെന്താണ്?"
കണാരൻ ചോദ്യ ഭാവത്തിൽ അയാളെ നോക്കി.
"ഞാനൊന്ന്.."
"നി ന്താലോചിക്കാനാ?.. വാ മ്മക്ക് ആ പൊഴേലൊന്നു മുങ്ങി വരാം, അപ്ലത്തേക്ക് തല തണുക്കും".
ഉടുമുണ്ടഴിച്ച് തോർത്തുടുത്തു കൊണ്ട് അയാൾ പുഴയിലേക്ക് ചാടി.
എന്തോ ഭാരം പുഴയെ താഡിക്കുന്നത് കണ്ട പരൽ മീനുകൾ ഒന്ന് പകച്ചു.
പുഴക്ക് നല്ല തണുപ്പാണ്, തലച്ചോർ വരെ തണുപ്പ് അരിച്ചെത്തുന്നു.
അയാൾ മുങ്ങാംകുഴിയിട്ടു.
ഒരു വാൽമാക്രി അയാളുടെ മുഖത്തിന് നേരെ വന്നു കുമിളകൾ വിട്ട് മാറിപ്പോയി.
മുങ്ങി നിവരുമ്പോൾ കണാരൻ പാറപ്പുറത്തിരുന്ന് ഇഞ്ച കൊണ്ട് പുറം തേയ്ക്കുകയായിരുന്നു.
ആയാലും ഒരു പാറപ്പുറത്ത് കേറി ഇരുപ്പായി.
കണാരൻ നീട്ടിയ ഇഞ്ചക്കഷ്ണം വാങ്ങി ആയാലും ദേഹമുരയ്ക്കാൻ തുടങ്ങി.
"അതേയ്, ഇനിയൊന്നും ആലോചിക്കാനില്ല..ഇനീം ആലോചിച്ചോണ്ടിരുന്നാ ആളാങ് പോവും.."
"ഉം.." കേട്ട ഭാവത്തിൽ മൂളിക്കൊണ്ട് അയാൾ പുഴയിലേക്ക് എടുത്തുചാടി.
"എത്ര വേണേലും ആലോചിക്.. എനിക്ക് നാളെ..പോട്ടെ മറ്റന്നാൾ മറുപടി കിട്ടണം..", കണാരനും കൂടെ ചാടി.
"ങാ..", അയാൾ നീന്താൻ തുടങ്ങി.
***
ഉമ്മറത്തെത്തുമ്പോൾ കുഞ്ഞിപ്പൂച്ച അയാൾക്ക് നേരെ കണ്ണുരുട്ടി.
"പോ പൂച്ചേ..", അയാൾ അതിനു നേരെ തോർത്തു വീശി.
പേടിച്ച പൂച്ച മ്യാവൂ വിളിച്ച പുറത്തേക്കോടി.
ശബ്ദം കേട്ട് അകത്തു നിന്നും പത്മിനി ഇറങ്ങി വന്നു.
"എന്ത് കുളിയാപ്പാ ഇത്? എത്ര നേരായി..?"
തോർത്ത് ബ്രയ്ക്ക് നേരെ നീട്ടുമ്പോൾ അയാൾ പറഞ്ഞു, "വഴിക്ക് ആ കണാരനെ കണ്ടിരുന്നു".
"ന്താപ്പോ വിശേഷിച്ച്?"
"ആ ചന്ദന മരം മുറിക്കുന്ന കാര്യം പറയാൻ"
"നന്നായി, ഇത്രേം പെട്ടെന്ന് വെട്ടി വിറ്റ് കാശാക്കാൻ നോക്ക്".
"ന്താ പത്മേ നീയീപ്പറയാനെ? ക്ഷേത്ര സ്വത്താ അത്."
"നിങ്ങളത്തും കെട്ടിപ്പിടിച്ചിരുന്നോളു..".
പത്മിനി ചാടിത്തുള്ളി അകത്തേക്ക് പോയി.
ക്ഷേത്രവും അനുബന്ധ വസ്തുക്കളും അയാളുടെ പേരിലാണ്.
പാരമ്പര്യമായി കൈ മാറി വന്നപ്പോൾ ഈ തലമുറയിലെ അവകാശി അയാളാണ്.
ഇന്നാളൊരുദിവസം അളിയൻ വന്നപ്പോൾ പറയുന്നത് കേട്ടതാണ്, "ഞാനെങ്ങനുമാരുന്നിരിക്കണം, ആദ്യം ആ ചന്ദനം വെട്ടി വിറ്റു പൈസ വാങ്ങിയേനെ"
ആ ഇളിഭ്യച്ചിരിയിൽ താനും പങ്കു ചേർന്നതാണ്.
അന്നൊരു മോഹം മനസ്സിൽ തോന്നിയതാണ്.
മുന്മുറക്കാരെ ഓർത്തപ്പോൾ വേണ്ടെന്നു വെച്ചു.
ഇപ്പോൾ..
***
രാവ് നീണ്ടിരിക്കുന്നു,
അയാൾ തിരിഞ്ഞു കിടന്നു.
"ന്താ ഉറങ്ങീലെ..?", പത്മിനിയുടെ കൈ നെഞ്ചിലേക്ക് ഉയർന്നു വന്നു.
"ഞാനാ ചന്ദനത്തിന്റെ കാര്യമാലോചിക്കുവാ.."
"അത് എത്രേം വേഗം വിറ്റ് കളഞ്ഞേക്ക്, പൈസയെങ്കിലും കിട്ടും, ഇപ്പോളും ഈ അന്ധ വിശ്വാസങ്ങളൊക്കെ മനസ്സിൽ കൊണ്ട് നടക്കുവാണോ? ആരെങ്കിലും കേട്ടാൽ ചിരിക്കും."
അയാൾ മറു വശത്തേക് തിരിഞ്ഞു കിടന്നു.
ചന്ദനമാരിയമ്മൻ കോവിലിനോട് ചേർന്ന് ഒരു ചന്ദനവും ആലുമുണ്ട്.
വളരെ പണ്ട് ശരീരത്തിൽ നിന്നും സൗരഭ്യം പരത്തുന്ന ഒരു മുനി കന്യകയും പിതാവും അവിടെ താമസിച്ചിരുന്നത്രെ..
ഒരിക്കൽ മകളോട് പുറത്തിറങ്ങരുതെന്ന് കൽപ്പിച്ച മഹർഷി പുറത്തേക്ക് പോയി.
മഹർഷി പോയ സമയത്താണ്, ആയിരം കൈകളുള്ള കർത്യവീരാർജ്ജുനന്റെ ആ വഴിയുള്ള വരവ്.
അയൽക്കാർ പ്രദേശം ഇഷ്ടമായി.
അയാൾ അവിടുത്തെ പൊയ്കയിൽ നീരാടാൻ തുടങ്ങി.
അയാൾക്ക് മുനി കന്യകയുടെ വാസന കിട്ടാൻ തുടങ്ങി.
എവിടെ നിന്നോ വരുന്ന സൗരഭ്യത്തിന്റെ ഉറവിടം തേടി അയാൾ ആശ്രമത്തിനു മുന്നിലെത്തി.
അതിനു മുന്നേ പൊയ്കയിൽ നീരാടുന്ന ശക്തിശാലിയെ കന്യക കണ്ടിരുന്നു.
അവൾ പുറത്തേക്കിറങ്ങി,
കണ്ട മാത്രയിൽ ഇരുവരും അനുരാഗബന്ധരായി.
കാറ്റ് വഹിച്ച സൗരഭ്യം പിതാവിന് സന്ദേശമായി.
കോപിഷ്ഠനായി മഹര്ഷിയെത്തുമ്പോൾ, മകൾ അന്യ പുരുഷനൊപ്പം പുറത്തു നിൽക്കുന്നു..
"നീയൊരു മരമായിത്തീരട്ടെ, നിന്റെ സുഗന്ധം സ്വന്തം ജീവന് ഭീഷണിയായിത്തീരട്ടെ." മഹർഷി മകളെ ശപിച്ചു.
മുനി കന്യക ചന്ദന മരമായി മാറി.
കർത്യവീരാർജ്ജുനൻ മഹര്ഷിയോട് ശാപം തിരിച്ചെടുക്കാനപേക്ഷിച്ചു.
"എനിക്ക് ശാപം തിരിച്ചെടുക്കാൻ കഴിയില്ല, നീ നിന്റെ ശക്തി കൊണ്ട് എന്റെ മകൾക്ക് രക്ഷയാകുക,"
കർത്യവീരാർജ്ജുനൻ ഒരാൽമരമായി വളർന്നു. ആയിരം കൈകൾ ആയിരം വള്ളികളായി.
ആ ചന്ദനമാണ് ഇപ്പോൾ മുറിക്കാൻ പറയുന്നത്.
'ഓ ഇതൊക്കെ ആര് വിശ്വസിക്കാനാ.'
സ്വയം സമാധാനിപ്പിച്ചു അയാൾ ഉറങ്ങാൻ ശ്രമിച്ചു.
***
ചന്ദനമുട്ടികൾ കയറിയ ലോറി പോകുന്നത് കണ്ടപ്പോൾ അയാൾക്ക് ഉള്ളിലൊരു സങ്കോചം, 'ശരിക്കും ആ മുനി കന്യകയുടെ കഥ സത്യമാണോ?'
പൂവിട്ടു നിൽക്കുന്ന കുരുക്കുത്തി മുല്ലകൾക്കിടയിലൂടെ അയാൾ കാലുകൾ വലിച്ചു വച്ച് നടന്നു.
***
പുറത്ത് നേർത്ത നിലാവുണ്ട്.
പത്മിനിയുടെ ഉറക്കത്തിലിന്നോരു സന്തോഷമുണ്ട്.
അയാളൊന്നു മയങ്ങി.
കാലിലെന്തോ ഇഴയുന്നത് പോലെ,
പാമ്പാണോ..?
അയാൾ കണ്ണ് തുറന്നു, ജനലിനരികിൽ ആൽമരം..
'ഇതെങ്ങനെ ഇവിടെത്തി..?
ആല്മരത്തിനു പ്രകാശം വയ്ക്കുന്നുവോ..?
ആയിരം കൈകൾ വള്ളികളാക്കി കർത്യവീരാർജ്ജുനൻ..!!
ആൽവള്ളികൾ അയാളുടെ കാൽ ചുറ്റി മുകളിലേക്ക് കയറാൻ തുടങ്ങി..,
"ദുഷ്ടാ.. നിന്റെ കീശ നിറക്കാൻ നിനക്കെന്റെ ജീവന്റെ പാതിയെ വേണമായിരുന്നോ..?", കർത്യവീരാർജ്ജുനന്റെ ശബ്ദം ഒരു തേങ്ങലിലൊതുങ്ങി.
വള്ളികൾ അയാളുടെ കഴുത്തിൽ ഒരു വലയമായി, ഒരു നിലവിളി അയാളുടെ തൊണ്ടയിൽ അനക്കമറ്റ് നിന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ