2017, ജൂലൈ 11, ചൊവ്വാഴ്ച

വേമ്പനാട്ടുകായലിലെ മത്സ്യകന്യക

വേമ്പനാട്ടുകായലിലെ മത്സ്യകന്യക 

വിശാലമായ കൊച്ചി നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ ഒരു കോളനി- ചാക്കോള കോളനി. ജീവിതത്തിന്റെ പല മുഖങ്ങൾ നിത്യേന കാണുന്ന കുറെ മനുഷ്യർ. അവരുടെ സർവ സുഖ-ദുഖങ്ങൾക്കും സാക്ഷിയായി വൈകൃതമായ നിർവികാരതയോടെ ഒഴുകുന്ന വേമ്പനാട്ട് കായൽ.
സന്ധ്യയുടെ മുടിയിഴകളിൽ മുല്ലമൊട്ടുകൾ വിരിയുമ്പോൾ, ചേക്കേറാൻ വൈകിയ നീർക്കാക്കകളുടെ ശബ്ദം ഉയർന്നു കേൾക്കാം. 
മനസ്സിലെന്തിനെയോ, ആരെയോ നിനച്ച് കായലിന്റെ ഓളപ്പരപ്പുകളെ നോക്കി നിൽക്കുന്ന വലിയ അപ്പുപ്പൻ മരം. വരാമെന്നു പറഞ്ഞ ആർക്കോ വേണ്ടി കാത്തു നിൽക്കുകയാണെന്ന് തോന്നുന്നു. അവയുടെ ചിന്തകൾ നമ്മൾ മനസ്സിലാക്കിയെങ്കിൽ നാമോരില പോലും നുള്ളില്ലായിരുന്നു.
അപ്പുപ്പൻ മരത്തിനാണ് കഥ പറയാനുള്ളത്, ഒരു മോഹന സ്വപ്നത്തിന്റെ, രണ്ട് ആത്മാക്കളുടെ കഥ. 
***
വേഗത്തിൽ നടക്കുന്ന കൊലുസിന്റെ ശബ്ദം അകലെ നിന്ന് കേൾക്കാം. അവൻ തിരിഞ്ഞു നോക്കിയില്ല, ആ കൊലുസിന്റെ ഉടമയെ അവന് ഊഹിക്കാം. 
മുടി കുളിപ്പിന്നലിട്ട്, ഇടതു കയ്യിൽ ഇലച്ചീന്തിൽ ചന്ദനവുമായി വലതു കൈ കൊണ്ട് നിലമെത്തുന്ന പാവാട അൽപ്പം ഉയർത്തിപ്പിടിച്ച്, ധൃതിയിൽ നടക്കുന്ന പെൺകുട്ടി, കണ്ണുകളിൽ കുസൃതിയുടെയോ സ്നേഹത്തിന്റെയോ പ്രകാശം ഒളിപ്പിച്ച് വച്ചിട്ടുണ്ട്. 
പതിവുപോലെ അവൾ അവനരികിലായി ഇരുന്നു, ഇലച്ചീന്ത നീട്ടി.
അവനൊരല്പം ചന്ദനമെടുത്ത് നെറ്റിയിൽ തൊട്ടു. 
'എന്തൊരു കുളിർമ്മയാണിതിന്, നിന്റെ ചിരി പോലെ'
കായലിൽ കല്ലെറിഞ്ഞു അവൻ ഓളപ്പരപ്പുകൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. 
അവരെന്തൊക്കെയോ ശബ്ദമില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു. 
അവരുടെ ലോകം മറ്റുള്ളവരെപ്പോലെയല്ല, നിശബ്ദമാണ്.
'ഞാൻ പോട്ടെ?' അവൾ ആംഗ്യം  കാണിച്ചു.
'എന്താ നേരത്തെ?' അവന്റെ കൈകളാണ് മറുചോദ്യം ചോദിച്ചത്.
അവൾ ആകാശത്തേക്ക് ചൂണ്ടിക്കാണിച്ചു, കലാകാരൻ ചെഞ്ചായം പൂശാൻ തുടങ്ങിയിരിക്കുന്നു.
അവൻ തലയാട്ടി.
അവളവനെ ഒരു മാത്ര നോക്കിയിരുന്നു, പതിയെ അവന്റെ കൈ പിടിച്ചമർത്തി.
അത് സ്നേഹത്തിന്റെ സ്പര്ശമാണ്, മരിക്കും വരെ കൂടെയുണ്ടാകും എന്ന ഉറപ്പ്.  
അവൾ പതിയെ നടന്നകന്നു.
പൂത്തുനിന്ന പുൽപ്പരപ്പിനു മീതെ അവൻ മലർന്നു കിടന്നു.
***
സ്വപ്നങ്ങൾക്ക് നിറച്ചാർത്തകി അവൾ അണയുന്നത്  മൗനമായായിരുന്നു.
കാതരമായ രണ്ട് പക്ഷികളെ പോലെയാണവർ, ഒരിക്കലും ചിലക്കാറില്ല. 
സൃഷ്ട്ടാവ് അവരുടെ ശബ്ദം എടുത്തു മാറ്റുമ്പോൾ, പകരം അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏതോ ഒരു കന്നി കൂടി വിളക്കിച്ചേർത്തിരുന്നു. 
ഒരിക്കലവന്റെ മൂകത അവളോട് സംസാരിച്ചു,
'ഞാനൊരു കടലാണ്, നീയാണെന്റെ തീരം'
അവളുടെ മൗനം മറുപടി പറഞ്ഞു, 
'രണ്ടുതുള്ളി കണ്ണീർ കാത്തുവയ്ക്കാം, 
പിരിയാൻ നേരം
ഒരുതുള്ളി നിനക്കും ഒരുതുള്ളി എനിക്കും.'
***
ദിവസങ്ങളുടെ ചക്രങ്ങൾ നീണ്ടു കൊണ്ടിരുന്നു.
ഒരിക്കലവൻ ചോദിച്ചു, 
'നീയെന്നെ എത്ര സ്നേഹിക്കുന്നു?'
അവൾ പറഞ്ഞു
'അറിയില്ല, എങ്കിലും കാത്തിരിക്കാൻ നീയുണ്ടെങ്കിൽ ഞാൻ വീണ്ടും പുനർജ്ജനിക്കും'
വീണ്ടും സ്നേഹത്തിന്റെ മൃദു സ്പർശം അവന്റെ കൈകളിൽ.
പിറ്റേന്നവളെ കണ്ടില്ല,
അതിന്റെ പിറ്റേന്നും കണ്ടില്ല,
മൂന്നാം നാൾ കൊലുസ് ശബ്ദിച്ചു.
അവൻ മുഖമുയർത്തി, അരികിലവളുടെ മുഖം കണ്ടു.
തെല്ലൊരു ദേഷ്യത്തിലായിരുന്നു അവന്റെ മൗനം.
'എവിടായിരുന്നു? എന്തിനാ ഇപ്പൊ വന്നത്..?'
അവളുടെ കണ്ണുകളിലെ പ്രകാശം മറഞ്ഞു, പെയ്യാൻ വെമ്പുന്ന കാര്മേഘങ്ങളായി അവ രൂപം കൊണ്ടു. അവൾ പറഞ്ഞു,
'ഞാൻ അച്ഛനോട് സംസാരിച്ചു, കാത്തിരിക്കാമെങ്കിൽ ആലോചിക്കാം എന്നാ പറഞ്ഞെ'.
അവളുടെ ശബ്ദമില്ലാത്ത ശബ്ദം അവൻ ശ്രദ്ധിച്ചതേയില്ല.
'എനിക്കാരേം കാത്തിരിക്കാൻ വയ്യ, രണ്ടുനാൾ കാണാതിരിക്കാൻ പറ്റുമെങ്കിൽ, എന്താ അതിനർത്ഥം? നിനക്കെന്നെ മറക്കാൻ പറ്റുമെന്നല്ലേ?'
അവളുടെ മൗനം ശബ്ദിക്കുന്നതിന് മുൻപേ അവൻ തിരികെ നടന്നു, കായലിനെപ്പോലെ ഒഴുകി കൊണ്ട് അവളും.
രാത്രി ഏറെ വൈകി അവളുടെ അച്ഛൻ അവനെ തേടിയെത്തി.
'മോനെ, അവളെവിടെ?'
അവൻ അമ്പരന്നു.
'അമ്പലത്തിൽ പോയിട്ട് അവൾ എത്തീട്ടില്ല'
അവൻ നെഞ്ചിടിപ്പോടെ ധൃതിയിൽ കായല്തീരത്തെത്തി. 
അവരുടെ സംഗമ സ്ഥാനത് ഇലയിലെഴുതിയ ഒരു കുറിപ്പുണ്ടായിരുന്നു.
'നീ കാത്തിരിക്കുമെന്നറിയാം, 
ഞാൻ പുനർജ്ജനിക്കുംവരെ'
ആർക്കും ഒന്നും മനസ്സിലായില്ല, പക്ഷെ, അവനെല്ലാം മനസ്സിലായിരുന്നു.
അവനാ കായലിലെ ഓളപ്പരപ്പുകളെ നോക്കി കാത്തിരുന്നു.
മണിക്കൂറുകൾ, ദിവസങ്ങൾ, ആഴ്ചകൾ, മാസങ, വർഷങ്ങൾ...
ഒടുവിലവൾ പുനർജനിച്ചു, അവന് മാത്രം കാണാവുന്ന ഒരു മൽസ്യകന്യകയായി.
നിലാവുള്ള രാത്രികളിൽ അവളവനോട് മൗനമായി സംസാരിച്ചു.
അവനും പരിണാമം സംഭവിച്ചിരുന്നു, 
കാലുകൾ വേരുകളായി, കൈകൾ ചില്ലകളായി, നഖവും മുടിയുനെല്ലാം ഇലകളാണ്..
വർഷങ്ങൾ കടന്നപ്പോൾ ആളുകളവനെ അപ്പുപ്പൻ മാത്രമെന്ന് വിളിച്ചു.
പക്ഷെ, അപ്പുപ്പൻ മാറാതെ ആരും തിരിച്ചറിഞ്ഞില്ല.
നിലാവുദിക്കുകയായി, 
ഓളപ്പരപ്പുകൾക്ക് മുകളിൽ ആരോ ഉയർന്ന് വരുന്നത് കാണാം.
ഇനി അവർ സംസാരിക്കട്ടെ, 
നമുക്ക് മാറി നിൽക്കാം.


Image - Poster of "Legend of the Blue Sea"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ