2017, ജൂലൈ 14, വെള്ളിയാഴ്‌ച

താങ്ക് യു ഡോക്ടർസ്

താങ്ക് യു ഡോക്ടർസ് 

ഷാൻ ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു.
"നീ പോടീ..പൊട്ടക്കണ്ണി,..ജിറാഫ്..സോഡാ ഗ്ലാസ്.."
എന്റെ കണ്ണുകൾ ചുവക്കുന്നതിനൊപ്പം കൈ ചെരുപ്പിലേക്ക് നീങ്ങിയത് അവൻ കണ്ടില്ല.
"അയ്യേ..പൊട്ടക്കണ്ണി,..ജിറാഫ്..സോഡാ ഗ്ലാസ്.."
വിളിച്ചു തീരുന്നതിനു മുൻപ് ചെരുപ്പ് വായുവിൽ ഉയർന്നു താണു.
ഷാന്റെ ചുണ്ട് വീർത്തു. അവൻ കരയാൻ തുടങ്ങി, അവൻ കരയാൻ തുടങ്ങി.
"വട്ടപ്പേരുവിളിച്ചാ ഇങ്ങനിരിക്കും."
കുട്ടികൾ ചുറ്റിലും നിന്ന് കയ്യടിക്കാൻ തുടങ്ങി.
സരസമ്മ ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നു.
ഞങ്ങൾ രണ്ടുപേരും മുൻവശത്തേക്ക് വിളിക്കപ്പെട്ടു. 
ടീച്ചർ ചൂരൽ കയ്യിലെടുത്തു, എന്നോട് ചോദിച്ചു.
"നീ എന്തിനാണിവനെ അടിച്ചത്?"
"ടീച്ചർ അവനെന്നെ പൊട്ടക്കണ്ണി എന്ന് വിളിച്ചു, ജിറാഫ് എന്നും, സോഡാ ഗ്ലാസ്സെന്നും വിളിച്ചു.."
"ആണോടാ?"
ഷാൻ തല കുമ്പിട്ട് നിന്ന്.
"നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്, വട്ടപ്പേരുവിളിക്കരുതെന്ന്.. ഇനി ആവർത്തിച്ചാൽ വീട്ടീന്ന് ആളിനെ വിളിപ്പിക്കും"
എന്നിട്ട് എന്നോടായി പറഞ്ഞു, "ഇനിയാരെങ്കിലും തന്നെ കളിയാക്കിയാൽ എന്നോട് പറയണം, അടിക്കാൻ നിക്കണ്ട."
ഞാൻ തലയാട്ടി. അവന് വഴക്ക് കേട്ടതിന്റെ സന്തോഷം കൂടി ആ തലയാട്ടലിൽ ഉണ്ടായിരുന്നു.
***
സ്കൂളിൽ കാഴ്ച പരിശോധിക്കാൻ ആളുവന്നു, എന്നെയും നോക്കി.
പാലോട് ബി ആർ സി യിൽ പോകാൻ എന്റെ പേരും എഴുതിയെടുത്തു.
ആഗസ്ത് 22.2002 , ഞാൻ പാലോട് ബി ആർ സിയിലേക്കുള്ള യാത്രയാണ്, ബസിൽ.
ഞാൻ ദൂരെയുള്ളവ കാണാൻ കണ്ണ് ചുരുക്കി നോക്കിക്കൊണ്ടിരുന്നു.
"നേരെ നോക്ക്.."അടുത്തിരുന്ന വാപ്പച്ചി കയ്യിൽ തട്ടി.
***
ഈ കാര്യങ്ങൾ എന്റെ ജീവിതത്തിനെ ഭാഗമായത് ഏതാണ്ട് ഒന്നര വര്ഷം മുൻപാണ്.
ബാക് ബെഞ്ചിലിരുന്നിരുന്ന എന്റെ ബുക്കിൽ ബോർഡിൽ എഴുതിയിട്ടതോന്നും കാണാനില്ല.
ടീച്ചർ ചോദിച്ചപ്പോൾ ഞാനൊന്നും മിണ്ടിയില്ല, ബോർഡിൽ വെളുത്തു കിടന്ന അക്ഷരങ്ങൾ ഞാൻ കണ്ടിരുന്നില്ല എന്നതായിരുന്നു സത്യം.
വീണ്ടും കുറെ നാളുകൾ കടന്നു പോയി, ഞാനും ഉമ്മച്ചിയും കടയിലിരിക്കുകയാണ്. എതിരെയുള്ള മതിലിൽ ഒരു പുതിയ പരസ്യം പെയിന്റ് ചെയ്തിരിക്കുകയാണ്.
"അതൊന്നു വായിച്ചു നോക്കിയേ..", ഉമ്മച്ചി പറഞ്ഞു.
ഞാൻ നേരെ നോക്കി, കുറെ നിറങ്ങളല്ലാതെ എഴുത്തുകൾ  ഒന്നും വ്യക്തമാവുന്നില്ല. ഞാൻ കണ്ണുകൾ ചുരുക്കി നോക്കി, ഇപ്പോൾ കുറേശ്ശേ കാണാം.
ഞാൻ വായിച്ചു തുടങ്ങി,"ജെസീന ജൂവല്ലേഴ്‌സ്..".
ഉമ്മച്ചി എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു, എന്തോ സംശയം തോന്നിയത് പോലെ അപ്പുറത്തെ സുധാകരൻ മാമന്റെ തിണ്ണയിൽ എന്താണെടുത്ത വച്ചേക്കുന്നതെന്ന് പറയാൻ പറഞ്ഞു.
"ഉമ്മച്ചീ, ഇത്രേം പൊക്കത്തിൽ കരിയാണ്.."
എന്റെ മറുപടി ഉമ്മച്ചിയുടെ കണ്ണ് നനയിച്ചോ?
അതിന്റെ പിറ്റേ ദിവസം ഉമ്മച്ചീ സ്കൂളിൽ വന്നു.
\അന്നേരം ടീച്ചർ പറഞ്ഞു, "കുട്ടി നോട്ട് ബുക്കിൽ ഒന്നും എഴുതുന്നില്ല, നജ്ൻ മുന്നിലേക്ക് മാറ്റി തിരുത്തിയിട്ടുണ്ട്, കാഴ്ച പരിശോധിക്കുന്നത് നല്ലതാണ്."
ആ തിങ്കളാഴ്ച തന്നെ എന്നെ കണ്ണുപരിശോധിക്കാൻ ചൈതന്യയിൽ കൊണ്ട് പോയി.
എ സി ക്യാബിനുള്ളിൽ ഒരു വലിയ യന്ത്രത്തിന് മുന്നിൽ ഒരു ഡോക്ടർ ഇരിക്കുന്നു.
"ഏതു ക്ലാസ്സിലാ പഠിക്കുന്നെ?"
ഞാൻ വാപ്പച്ചിയെ നോക്കി.
"പറഞ്ഞ കൊട്"
"രണ്ടിൽ"
എന്റെ കണ്ണിൽ മരുന്നൊഴിച്ചു, നീറുന്ന മരുന്ന്, ലൈറ്റടിച്ചു, ലെന്സ് വച്ച് നോക്കി, ഒരു യന്ത്രത്തിൽ താടിയും നെറ്റിയും മുട്ടിച്ചു വയ്ക്കാൻ പറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
പേപ്പറിലെന്തൊക്കെയോ കുത്തിക്കുറിച്ച ഡോക്ടർ പറഞ്ഞു, "ലെൻസ് മാറിയിരിക്കുകയാണ്. കുടുംബത്തിൽ ആർക്കെങ്കിലും കാഴ്ചക്കുറവ്?"
വാപ്പച്ചി ഉണ്ടെന്ന് പറഞ്ഞു.
"ഓപ്പറേഷൻ എന്തായാലും വേണ്ടി വരും. തൽക്കാലത്തേക്ക് ഗ്ലാസ് വയ്ക്കാം. പതിനെട്ട് വയസ് കഴിഞ്ഞ ഓപ്പറേഷനെ കുറിച്ച് ചിന്തിച്ചാൽ മതി."
വാപ്പച്ചി ഈ വിവരം ഉമ്മച്ചിയോട് പറയുമ്പോൾ ഉമ്മച്ചിയുടെ കണ്ണിൽ നിന്ന് വീണ ഒരു പളുങ്ക്മണി പേപ്പറിനെ നനച്ചു.
***
അഞ്ചാം ക്ലാസ് ആകുമ്പോഴേക്കും ഏകദേശം ഏഴ് കണ്ണടകൾ മാറ്റിയിരുന്നു. ഭാരം കാരണം നിലത്തു വീഴുന്നതിനാൽ ഇപ്പോഴും കണ്ണാടിച്ചില്ലുകളിൽ പോറലുകൾ മുന്നിട്ടു നിന്ന്.
ആ പ്രശനം പരിഹരിക്കാനാണ് കോണ്ടാക്ട് ലെൻസ് ഉപയോഗിച്ച തുടങ്ങിയത്. അത് അണുബാധ സമ്മാനിച്ചപ്പോൾ നിറുത്തി.
ആയിടക്കാണ് വാപ്പച്ചിയുടെ ഒരു സുഹൃത്ത് കണ്ണ് മാറ്റിവച്ചത്. വാപ്പച്ചി അദ്ദേഹത്തെ കാണാൻ പോയി. മധുരൈ അരവിന്ദ് ഹോസ്പിറ്റലിൽ ആണ് അദ്ദേഹം ചികിൽസിച്ചത്. അങ്ങനെ 2004 നാലാം മാസം മുപ്പതാം തിയതി ഞാൻ മധുരയിൽ എത്തിച്ചേർന്നു.
അന്തരീക്ഷം നന്നായി ഇഷ്ടപ്പെട്ടു. ആഹാരം മാത്രം പിടിക്കുന്നില്ല. പിന്നത്തെ ചികിത്സ അവിടെയാണ്. ക്രമേണെ എന്റെ കന്നഡ കോണ്ടാക്ട് ലെൻസിലേക്ക് മാറി.
ലെൻസ് വയ്ക്കുമ്പോൾ തെളിയുന്ന കാഴ്ചയും എടുക്കുമ്പോൾ തെളിയുന്ന മങ്ങൽ മായി  വർഷങ്ങൾ.
പത്താംക്ലാസ് പരീക്ഷയെഴുതി നിൽക്കുമ്പോഴായിരുന്നു ആദ്യത്തെ ഓപ്പറേഷൻ. ലെൻസ് താഴേക്ക് വന്നു കൊണ്ടിരുന്നു, ഇനിയും താമസിച്ചാൽ ഞരമ്പ് നശിച്ചു പോയേക്കാം.
അന്നൊരു ഞായറായിരുന്നു. 
എന്റെ വലത്തേ കണ്ണിലെ പീലികളെല്ലാം വടിച്ചുമാറ്റി, ഇൻജെക്ഷൻ ടെസ്റ്റ് ഡോസ് എടുത്തു, ഉറങ്ങുമ്പോൾ പ്രശനം വരാതിരിക്കാൻ വേണ്ടി കണ്ണുകളിൽ ഓയിന്മെന്റ് പുരട്ടി. 
അവിടെ പരിചയപ്പെട്ട നേഴ്സ് ആയിരുന്നു ആർ ആർ മലർക്കൊടി. അവരെ ഞാൻ ഡബിൾ ആർ മലർക്കൊടി എന്ന് വിളിച്ചു. 
എന്നെ തീയേറ്ററിലേക്ക് കയറ്റി. കണ്ണിനു ചുറ്റും മൂന്ന് പ്രാവശ്യം കുത്തിവച്ചു.
ഒരു നേഴ്സിനോട് ചോദിച്ചു, "ആരാ എന്നെ ഓപ്പറേറ്റ് ചെയ്യുന്നത്?"
മറുപടി കിട്ടി, "ഡോ. കിം"
ഓപ്പറേഷൻ സമയത്ത് അവ്യക്തമായി കണ്ട രൂപം.
പിന്നീട് അദ്ദേഹം എന്നെ പരിശോധിച്ചോ എന്ന കാര്യം ഓർമ്മയില്ല.
മുറിവ് കെട്ടി മുറിയിലെത്തുമ്പോൾ വാപ്പച്ചി കരിക്കിൻ വെള്ളം വാങ്ങി വച്ചിരുന്നു.
അതെന്റെ വായിലേക്ക് ഒഴിച്ച് തരുമ്പോൾ ഞാൻ കരഞ്ഞു, വേദനിച്ചിട്ടോ..അതോ വാപ്പച്ചിയുടെ കരുതലോർത്തിട്ടോ?
കരയുന്നത് വിലക്കപ്പെട്ട. കണ്ണീർതുള്ളി പുറത്തെ പഞ്ഞിയിൽ പറ്റിപ്പിടിച്ചത് ഒരു തുള്ളി ചോരയും കുറച്ച് മരുന്നും പുതച്ചായിരുന്നു.
ഡിസ്ചാർജ് ചെയ്യുമ്പോൾ ഡോക്ടർ പറയുന്നത് കേട്ട്, 'ഫോറിൻ ലെൻസ് വയ്ക്കുന്നത് വരെ കോണ്ടാക്ട് ലെൻസ് വയ്‌ക്കേണ്ടി വരും'.
***
ഓപ്പറേഷന്റെ ചെക്കപ്പുകൾ കഴിഞ്ഞ ഏകദേശം മൂന്നുവർഷം കഴിഞ്ഞാണ് ഞാൻ വീണ്ടും അവിടെ ചെല്ലുന്നത്.
അതും കടുത്ത കണ്ണുവേദനയുമായി, ഇൻഫെക്ഷനായതാണ്.
പവർ അതുപോലെ തന്നെ ഉണ്ട്, കോൺടാക്ട് ലെന്സ് വക്കണം.
വീണ്ടും രണ്ട വർഷം, എന്റെ പി ജി കഴിഞ്ഞു.
ഞാൻ ആശുപത്രിയിൽ നിന്ന് കേസ് ഹിസ്റ്ററി ആവശ്യപ്പെട്ടു.
എന്റെ ഊഹം ശരിയായിരുന്നു, മർഫെൻസ് സിൻഡ്രോം.
അടുത്ത തവണ ഞാൻ ചെല്ലുമ്പോൾ ഒരു സർദാർജി - ഡോ. ജതിന്ദർ സിംഗ്, ആണ് എന്നെ പരിശോധിച്ചത്. മനോഹരമായി ഞൊറിഞ്ഞുകെട്ടിയ അദ്ദേഹത്തിന്റെ ടർബൻ, അതിലായിരുന്നു എന്റെ കണ്ണ്.
അദ്ദേഹം സർജറിക്ക് നിർദ്ദേശിച്ചതനുസരിച്ച് അടുത്ത മാസം ഞങ്ങളവിടെത്തി.
എല്ലാ ടെസ്റ്റുകളും കഴിഞ്ഞ തീയതി ഫിക്സ് ചെയ്തപ്പോഴാണ് എനിക്ക് പണി വന്നത്. അതുകൊണ്ട് വീണ്ടും രണ്ട് ദിവസം ഓപ്പറേഷൻ നീട്ടിവച്ചു.
തീയേറ്ററിലേക്ക് കൊണ്ടുപോകുമ്പോൾ എനിക്ക് തീരെ പേടി തോന്നിയിരുന്നില്ല.
ഇൻജെക്ഷൻ എടുക്കുന്ന സമയത് ഡോക്ടർ സിംഗ് ഡോക്ടർ ആശിഷിനോദ് പറയുന്നത് കേട്ട്.
"ഷി ഈസ് സൊ ബ്രേവ്.. നോ റിയാക്ഷന്സ്.. അദർ പേഷ്യന്റ്സ് ആൽവേസ് മക്ക നോയ്‌സെസ് ലൈക് ആ ഉഫ്, ബട്ട് ശേ ഈസ് ജസ്റ്റ് കാം ആൻഡ് റീലാക്സിഡ്."
ഞാനത് കേട്ട് ചിരിച്ചു കൊണ്ട് കിടന്നു.
വളരെ ഭീകരമായ ഒരാന്തരീക്ഷത്തിനു പകരം വളരെ ശാന്തമായ അന്തരീക്ഷം.
ഡോക്ടർമാരും നേഴ്‌സുമാരും പരസ്പരം സംസാരിക്കുന്നത് കേൾക്കാം.
"സർ, എങ്ങളുടെ ചപ്പാത്തിക്കും ഉങ്കളുടെ പറാത്തക്കും എന്ന വ്യത്യാസം?"
"നാൻ നേത്ത് വാങ്കിക്കൊടുത്ത ഡയറി മിൽക്ക് സാപ്പിട്ടിയാ?"
"എൻ ഊരുക്ക് വരുവിയാ...?"
അങ്ങനെ നീണ്ടു പോകുന്ന സംസാരങ്ങൾ.
പെട്ടെന്ന്, എന്റെ ചിരി ഒരു നേഴ്‌സ് കണ്ടുപിടിച്ചു.
"പാര് സർ, ഉങ്ക പേഷ്യന്റ് നാങ്ക പേശുവത് കേട്ട് സിരിച്ചിട്ടിരിപ്പേൻ".
ഡോക്ടറും ചിരിച്ചു.
അധിക സമയത്തിന് മുൻപേ എന്നെ പുറത്തിറക്കി.
രണ്ട് ദിവസത്തിനകം വീട്ടിലും വിട്ടു. 
ഒരു മാസം കഴിഞ്ഞ ചെക്ക് അപ്പ്.
രണ്ടുമാസം കഴിഞ്ഞ രണ്ടാമത്തെ ഓപ്പറേഷൻ.
രണ്ടാമത്തെ ഓപ്പറേഷനും സിംഗ് ഡോക്ടർ തന്നെയാണ് ചെയ്തത്.
അദ്ദേഹത്തിനൊപ്പം നിന്ന ഡോക്ടറിന്റെ പേരോർമ്മയില്ല.
ഇത്തവണ ഇൻജെക്ഷൻ എടുത്തപ്പോൾ പേരറിയാത്ത ഡോക്റ്ററാണ് പറഞ്ഞത്,
"ഷി ഈസ് ജസ്റ്റ് ട്വന്റി ത്രീ, ലുക്ക്, റിയലി കാം"
സിംഗ് ഡോക്ടർ പറഞ്ഞ മറുപടി ഞാൻ കേട്ടില്ല.
പിറ്റേന്ന്, ചെക്കപ്പിന്റെ സമയത്ത് രണ്ടാമത്തെ ഡോക്ടർ ചോദിച്ചു. "നാം ക്യാ ഹെ ആപ് കി?"
"സജീനത്ത്"
"അച്ഛാ.. സജീനത്ത് ക്യാ ഹോത്താ ഹെ"
"മതലബ്?"
"മതലബ് മീനിങ്.."
,തെളിനീരുറവ'ക്ക് ഇംഗ്ലീഷിൽ എന്താണ് പറയുന്നതെന്ന് ആലോചിച്ചു. കിട്ടുന്നില്ല.
"സ്മാൾ വാട്ടർ ഫാൾ" പറഞ്ഞൊപ്പിച്ചു.
അടുത്ത തവണ ചെന്നപ്പോൾ സിംഗ് ഡോക്ടർക്ക് പകരം മറ്റൊരാളാണ് നോക്കിയത്.
അതിനടുത്ത പ്രാവശ്യം പോയപ്പോൾ ഡോക്ടർ പറഞ്ഞു,"അഭി സബ് അച്ഛാ ഹെ.. ദോ മഹിനെ ബാദ് ദേഖ്ത്തി ഹും"
ഇതിനകം എന്റെ കണ്ണുകൾക്ക് കാഴ്ച കൈവന്നിരുന്നു. 
കണ്ണടയില്ലാതെ വളരെ ദൂരത്തുള്ളതൊഴിച്ച് മറ്റെല്ലാം കാണാം എന്നായി.
ഞാൻ സൃഷ്ടാവിനോടും എന്നെ ചികിൽസിച്ച എല്ലാ ഡോക്ടർമാരോടും നന്ദി പറഞ്ഞു, അവർക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിച്ചു. 
അടുത്ത തവണ ഡോക്ടറെ കാണുമ്പോൾ തീർച്ചയായും മനസ്സിലുള്ള സന്തോഷവും നന്ദിയും അറിയിക്കണം. ഇൻഷാ അല്ലാഹ്.
***
2017  മെയ് ഒന്നിന് ഡോക്ടറോട് പറയാനുള്ള നന്ദി വാചകങ്ങൾ മനസ്സിലുറപ്പിച്ചുകൊണ്ട് ഞാൻ ആശുപത്രിയിലെത്തി.
കുറെ സമയം കഴിഞ്ഞ എന്നെയും വിളിക്കപ്പെട്ടു, നോക്കിയത് ഒരു ലേഡി ഡോക്ടർ.
നന്ദി പറയുമ്പോൾ ഞാൻ ചോദിച്ചു, 'ഡോക്ടറിന്റെ പേര്?' - 'നാൻസി'.
പുറത്തിറങ്ങിയിട്ട് ആദ്യം കണ്ട സിറ്ററിനോട് ഞാൻ ചോദിച്ചു, 
"സിസ്റ്റർ, സിംഗ് ഡോക്ടർ ഇല്ലിയാ?"
"എനക്ക് തെരിയാത് മഠം, നാൻ ഇങ്കെ പുതുസ്, നീങ്ക അവർക്കിട്ടെ കേളുങ്ക", മറ്റൊരു നേഴ്‌സിനെ ചൂണ്ടിക്കാട്ടി അവർ പറഞ്ഞു.
ഞാനവരോട് ചോദിച്ചു, "ഡോക്ടർ ജതിന്ദർ സിംഗ് ഇല്ലിയാ"?
"സിംഗ് ഡോക്ടറാ? അവര് റിസൈന്‍ പണ്ണി പോയിട്ടാര്" 
റിസൈന്‍ ചെയ്തതെന്ന്.!
നിരാശ തോന്നി, രണ്ട് മാസം മുൻപ് വരാത്തതിൽ, നന്ദിയുടെ വാചകങ്ങൾ മനസ്സിൽ കിടന്ന് മുട്ടി വിളിക്കാൻ തുടങ്ങി.
'പ്രിയപ്പെട്ട ആശുപത്രി, എപ്പോഴെങ്കിലും ആ ഡോക്ടർ ഇവിടെ വരുകയാണെങ്കിൽ, ഇവിടവുമായി ബന്ധപ്പെടുകയാണെങ്കിൽ,,പറയണം- ഞാനിവിടെ വന്നിരുന്നെന്ന്, നിങ്ങളെ നന്ദി പൂർവ്വം മനസ്സിൽ സ്മരിക്കുന്നുവെന്ന്.
നിങ്ങളുൾപ്പെടുന്ന എന്നെ ചികിൽസിച്ച, എന്റെ കാഴ്ചയെ തിരികെ തന്ന എല്ലാ ഡോക്ടർമാരെയും, നേര്സുമാരെയും പ്രാർത്ഥനയിൽ ഓർക്കുമെന്ന്, സിസ്റ്റർ ഷണ്മുഖ പ്രിയ, സിസ്റ്റർ രശ്മി, സിസ്റ്റർ ലക്ഷ്മി, നിങ്ങളെല്ലാവരെയും ഓർക്കുന്നു. നന്ദി, താങ്ക് യു ഡോക്ടർസ്, താങ്ക് യു വൺസ് എഗൈൻ.'


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ