പ്രാന്ത്
"നിങ്ങൾ കുറ്റം ഏൽക്കുന്നുണ്ടോ? നിങ്ങളുടെ രണ്ടാനമ്മയെ കൊന്നത് നിങ്ങൾ തന്നെയല്ലേ കൊന്നത്?"
"ഞാനാരെയും കൊന്നിട്ടില്ല, അവരെന്നെയാണ് കൊന്നത്, ഒരു വട്ടമല്ല, പല വട്ടം..."
"Your Honour, പ്രതിയുടെ മാനസിക സന്തുലനാവസ്ഥ ശരിയല്ല എന്ന് ഉറപ്പിക്കേണ്ടിയിരിക്കുന്നു. it is better to sent her Mental Asylum"
"ഈ വക്കീൽ എന്താണ് പറയുന്നത്? എനിക്ക് പ്രാന്തില്ല, പ്രാന്ത് അവർക്കാണ്, മുഴു പ്രാന്ത്..നട്ടുച്ചയിൽ വെയിൽ മരുഭൂമിയിൽ തിളക്കുന്നത് പോലത്തെ പ്രാന്ത്..
കോടതീ, നിങ്ങൾക്കറിയുമോ? എന്റെ പതിമൂന്നാം വയസ്സിലാണ് 'അമ്മ മരിക്കുന്നത്, അന്നെനിക്ക് മരണത്തിന്റെ മണം മാത്രമേ അറിയുമായിരുന്നുള്ളു.. ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിന്റെയും മണം.
'ദസറ'- ആൻ കത്തിച്ച തിരിയുടെ പേര് അതായിരുന്നു.
പിന്നീട് ആ മണം വരുമ്പോഴൊക്കെ ഓരോ രംഗങ്ങളും മനസ്സിൽ വരുമായിരുന്നു- കാലുകളിലെ തള്ളവിരലുകൾ ചേർത്ത് വയ്ക്കുന്ന കെട്ട്, മൂക്കിൽ വച്ചിരിക്കുന്ന പഞ്ഞി, വെള്ളത്തുണി.. അങ്ങനെയങ്ങനെ..
നിങ്ങളാരെങ്കിലും മരണം രുചിച്ചിട്ടുണ്ടോ? റേഷനരിയുടെയും ഉരുളക്കിഴങ്ങ് മാത്രമിട്ട സാമ്പാറിന്റെയും ഗന്ധമാണത്തിന്.
ഒരു വര്ഷം കഴിയുമ്പോഴാണ് അച്ഛൻ രണ്ടാനമ്മയെ കൊണ്ടുവരുന്നത്- കറുത്ത് മെലിഞ്ഞ വൃത്തികെട്ട കണ്ണുകളുള്ള സ്ത്രീ.
എന്നെയും എന്റെ ആണിനേയും നോക്കാൻ, അതിനായിരുന്നു അച്ഛൻ അവരെ വിവാഹം കഴിച്ചത്.
വലുതാവുമ്പോൾ ഞങ്ങൾ ഞങ്ങളുടെ കാര്യം നോക്കി പോകും, അച്ഛനൊരു കൂട്ട് വേണ്ടേ എന്ന് ഞാനും ചിന്തിച്ചു.
അന്ന് മുതൽ തുടങ്ങിയതാണെന്റെ ദുരിതം.
അവർക്ക് മുഴുത്ത വട്ടായിരുന്നു, സംശയത്തിനും മേലെയുള്ള എന്തോ മാനസിക രോഗം.
നിങ്ങൾ പറഞ്ഞില്ലേ, ഞാനാണവരെ കൊന്നതെന്ന്.. അല്ല, അവരാണെന്നെ കൊന്നത്.. പത്തല്ല, നൂറല്ല, ആയിരമായിരം തവണ അവരെന്നെ കൊന്നു.
ദിവസത്തിൽ അനേക തവണ ഞാൻ മരിച്ചു വീണു കൊണ്ടിരുന്നു,
അവരെന്റെ തള്ളക്ക് പറഞ്ഞപ്പോൾ...
പൊട്ടക്കണ്ണീ എന്ന് വിളിച്ചപ്പോൾ..
നാട്ടിലുള്ളവരെ ചേർത്ത് പറഞ്ഞപ്പോൾ..
എന്റെ യോനിയിൽ നിന്നൊഴുകുന്ന ചോര ഗർഭമാണെന്ന് പറഞ്ഞപ്പോൾ..
ഞാൻ ഭീകരമായി മരിച്ചതെപ്പോഴാണെന്നറിയുമോ..?, എന്റെ അച്ഛനെയും ചേർത്ത് പറഞ്ഞപ്പോൾ..
അവരത് പറഞ്ഞു കൊണ്ടേയിരുന്നു,
ഞാൻ മരിക്കുന്നതിന്റെ ദൈന്യതയും ഏറിക്കൊണ്ടിരുന്നു.
എല്ലാം ഞാൻ സഹിച്ചു.
ഒന്നുമാത്രം എനിക്ക് സഹിക്കാൻ പറ്റിയില്ല, എന്റെ കുഞ്ഞനിയൻ അവർ കുളിക്കുമ്പോൾ ഒളിഞ്ഞുനോക്കി എന്ന് പറഞ്ഞത്..
എന്നെ ഇത്രയും പ്രാവശ്യം കൊന്നില്ലേ?.. അവനെയും കൊല്ലാൻ ഞാൻ വിട്ടുകൊടുക്കില്ല.
അവരാണെന്നെ ഓരോ ദിവസവും കൊന്നത്..അന്ന് എനിക്കും കൊല്ലണമെന്ന് തോന്നി, അവനെ കൊല്ലാൻ ഞാൻ വിട്ടുകൊടുക്കില്ല..
തേങ്ങാ പൊളിക്കുന്ന വെട്ടുകത്തിക്ക് തലയ്ക്ക് പിറകിൽ ഒറ്റ വെട്ട്, അവർ ഒരു പ്രാവശ്യമെങ്കിലും ചാകണം, എന്നെ ഇത്രയും പ്രാവശ്യം കൊന്നില്ലേ..
ഇതിൽ ആർക്കാണ് പ്രാന്ത്? എല്ലാ ദിവസവും എന്നെ കൊല്ലുന്ന അവർക്കോ...ഒരു പ്രാവശ്യം കണി എനിക്കോ?.. ആരാണ് തെറ്റുകാരൻ?"
"The Court heard both sides, as the Court understands, mental health of the culprit is not well.
The Court is ordering her to sent mental asylum"
"ബഹുമാനപ്പെട്ട കോടതീ, നിങ്ങൾക്കും പ്രാന്താണ്, ഇവിടെയുള്ളവർക്കും.. ആ ചിരിക്കുന്ന വക്കീലിനും പ്രാന്താണ്.."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ