2017, ജൂലൈ 3, തിങ്കളാഴ്‌ച

നീർത്തുള്ളിയുടെ വഴി

നീർത്തുള്ളിയുടെ വഴി 

ഞാൻ വിജനമായ ഒരിടത്തിരിക്കുകയായിരുന്നു. 
പെട്ടെന്ന്, ഒരു നീർത്തുള്ളി എന്റെ കയ്യിൽ പതിച്ചു.
മഴയല്ല, മഴത്തുള്ളി താങ്ങി നിൽക്കാൻ മരങ്ങളുമില്ല. 
ഞാൻ ആ തുള്ളി രുചിച്ചു നോക്കി, ഉപ്പുരസമാണ്.
കണ്ണീരോ?
ഞാനാ തുള്ളിയുടെ ഉറവിടം തേടി യാത്രയായി.
മുകളിലേയ്ക്ക്.. പോയിപ്പോയി ആകാശത്തിന്റെ ഏഴു വാതിലുകളും കടന്നു..
ഞാൻ സ്വർഗ്ഗത്തിലെത്തി.
സ്വർഗ്ഗത്തിലും കണ്ണീരോ?
നല്ല വെയിൽ,
അത്ഭുതത്തോടെ നടക്കുമ്പോഴാണ്, ഒരിടത് ഒരേ വൃദ്ധ ദമ്പതികൾ ഇരിക്കുന്നത് കണ്ടത്.
പിണങ്ങിയിരിപ്പാണ്.
വൃദ്ധന്റെ കയ്യിൽ ഒരു കുടയുണ്ട്, അത് വൃദ്ധയുടെ തലയ്ക്ക് മീതെ പിടിച്ചിരിക്കുകയാണ്.
വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
"എന്താ കരയുന്നെ പിണങ്ങിയത് കൊണ്ടാണോ..?" ഞാൻ ചോദിച്ചു.
"അല്ല", അവർ പിണക്കം മറന്ന് വൃദ്ധന്റെ കയ്യിൽ അമർത്തിപ്പിടിച്ചു.
"എത്ര പിണങ്ങിയാലും എനിക്ക് വെയിലേൽക്കുന്നതോ മഴ കൊള്ളുന്നതോ അദ്ദേഹത്തിന് സഹിക്കയില്ല, അതാണല്ലോ മരണത്തിലും തനിച്ചാക്കാതെ കൂടെപ്പോന്നത്,..അതോർത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു."
അദ്ദേഹത്തിന്റെ സ്നേഹത്തിൽ നിന്ന് പൊഴിഞ്ഞ അവരുടെ കണ്ണുനീർത്തുള്ളി അദ്ദേഹത്തിനെ തന്നെ സമ്മാനിച്ച്, 
മറുപടിയായി കിട്ടിയ പുഞ്ചിരിയുമായി ഞാൻ മടങ്ങി. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ