2017, ജൂലൈ 5, ബുധനാഴ്‌ച

ഗ്രാമത്തിലേക്കുള്ള അവസാനത്തെ വണ്ടി

ഗ്രാമത്തിലേക്കുള്ള അവസാനത്തെ വണ്ടി 

തലേ രാത്രിയുടെ വിയർപ്പുമണത്തിൽ നിന്നും വാരിച്ചുറ്റിയ വസ്ത്രങ്ങളുമായി അവൾ പോകാനിറങ്ങി. 
ഇന്നലത്തെ രാത്രിയുടെ കൂലി മേശപ്പുറത്തുണ്ട്.
അയാൾ കുളിക്കുകയാവണം.
ബാത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം.
അയാളുടെ ഫോൺ ചിലക്കാൻ തുടങ്ങിയിരുന്നു. 
"ഹലോ..
മക്കളുണർന്നോടി?
ങാ മീറ്റിംഗ് കഴിഞ്ഞു..
ഇന്നെത്തും.
ശരി";
ഭാര്യയാവണം വിളിച്ചത്. 
അയാൾ അവൾക്ക് നേരെ തിരിഞ്ഞു.
"പോകാനിറങ്ങിയോ, ഞാൻ ഡ്രോപ്പ് ചെയ്യാം..".
"വേണ്ട, ടാക്സി പറഞ്ഞിട്ടുണ്ട്."
"നീയിങ്ങനെ കുറെ സമ്പാദിക്കുന്നുണ്ടല്ലോ..".
"നിങ്ങളെപ്പോലുള്ളവരുള്ളപ്പോൾ എനിക്ക് സമ്പാദിക്കാൻ എന്താ ബുദ്ധിമുട്ട് ?"
അയാളുടെ മുഖം വിളറുന്നത്‌ ശ്രദ്ധിക്കാതെ അവൾ പടിയിറങ്ങി. 
***
നഗരത്തിന്റെ തിരക്കുകളിലൂടെ അവളെയും വഹിച്ച് വാഹനം ഓടിക്കൊണ്ടിരുന്നു. 
തലേ രാത്രിയുടെ ക്ഷീണം അവളെ മയക്കി, 
അത് പതിവായിരുന്നു.
ഉറക്കത്തിന്റെ പരിഭവങ്ങൾ അവളുടെ കണ്ണിനു താഴെ കറുത്ത് കിടന്നു.
സഡൻ ബ്രേക്ക്, വാഹനം നിന്ന്.
അവൾ ഉറക്കം മുറിഞ്ഞതിന്റെ അമ്പരപ്പിൽ പുറത്തേക്ക് തലയിട്ടു. 
എന്താണെന്ന് കാണാൻ വയ്യ, 
ആൾക്കൂട്ടം, 
വല്ല അപകടവുമാകും.
പുറത്തേക്കിറങ്ങി നോക്കണമെന്ന് തോന്നി.
റോഡിനു നടുവിൽ, ആരുടെയോ വാഹനം ഇടിച്ചു തെറിപ്പിച്ച, ചോരയൊലിക്കുന്ന മകളുടെ ശരീരവുമായി ഒരച്ഛൻ.
അയാൾ എല്ലാവർക്കും നേരെയും കൈകൾ നീട്ടുന്നുണ്ട്.
പിന്തിരിഞ്ഞു പോകാനൊരുങ്ങുമ്പോഴാണ് കോപ്പിയ കൈകൾ അവൾക്ക് നേരെയും വന്നത്.
അറിയാത്ത ഏതോ ഭാഷയിൽ അയാൾ മകൾക്കു വേണ്ടി യാചിച്ചു കൊണ്ടിരുന്നു.
തിരിഞ്ഞു നടക്കുമ്പോൾ ആ മുഖം തന്റെ അപ്പന്റേത് തന്നെയല്ലേ എന്ന് ഒരുവേള അവൾ സംശയിച്ചു. 
***
മനസ്സിൽ വല്ലാത്ത വീർപ്പുമുട്ടലും അസ്വസ്ഥതകളുമായി നിൽക്കുന്ന ആ അച്ഛനെ കണ്ടു കൊണ്ടാണ് അവൾ ആശുപത്രി വരാന്തയിൽ നിന്നിറങ്ങിയത്. 
അവളും അപ്പനെ കുറിച്ചോർത്തു.
അപ്പന്റെ കയ്യും പിടിച്ച് സ്കൂളിലേക്ക് പോയിരുന്ന നാളുകളോർത്തു.
അപ്പന്റെ തുളസി മണമുള്ള 'ആനിക്കുട്ടിയേ..' എന്ന വിളിയും,
അവൾക്ക് കണ്ണുകൾ പുകയുന്നത് പോലെ തോന്നി.
ഡിഗ്രി കഴിയുമ്പോഴാണ് കൃഷി നശിച്ചതും, ബാങ്കിൽ നിന്ന് നോട്ടീസ് വന്നതും.
അപ്പന്റെ സുഹൃത്തിന്റെ മകൻ ജോണിച്ചായനാണ് ഉത്തരേന്ത്യയിൽ വലിയ ശമ്പളം കിട്ടുന്ന ജോലിയെ കുറിച്ച് പറഞ്ഞത്.
"നിന്നെ വിടാനിഷ്ടമുണ്ടായിട്ടല്ല..".
അമ്മച്ചി സ്വതസിദ്ധമായ പുഞ്ചിരിയിൽ കണ്ണീരൊളിപ്പിച്ചു നിന്നു.
കൊന്തയുതിർക്കുന്ന വീടിനു പുറത്തേക്കുള്ള ലോകത്തിന്റെ ആദ്യ ദിവസം, അർദ്ധ മയക്കത്തിൽ, ഏതോ വിലകൂടിയ പെർഫ്യൂമിന്റെ മണത്തിൽ..
"എന്നോടെന്തിനായിരുന്നു..?" ജോണിച്ചേട്ടനോട് നിർവികാരമായ ചോദ്യം.
"നിന്റെ കടങ്ങൾ മാറ്റണ്ടേ..?" മറു ചോദ്യത്തിന് കുറുക്കന്റെ സ്വരം.
രാത്രിയുടെ വിയര്പ്പുമണങ്ങൾ മാറിക്കൊണ്ടിരുന്നു,
കൊന്തയുടെ വാക്കുകൾ മറന്നു, 
മുത്തുകൾ പൊട്ടിച്ചിതറി.
ക്രൂശിത രൂപം മനസ്സിൽ നിന്നു മാഞ്ഞു.
ജോണിച്ചായൻ ഇടയ്ക്കു വരും, വിശേഷങ്ങൾ പറയും.
"കടങ്ങൾ വീട്ടി, ബാങ്ക് ലോൺ തിരിച്ചടച്ചു, അനിയൻ എഞ്ചിനീറിങ്ങിനു ചേർന്നു".
ഭാവഭേദമില്ലാതെ കേട്ട് നിൽക്കും.
ഒരിക്കൽ അമ്മച്ചിയുടെ കത്ത് കിട്ടി.
'എടി, ഇവിടത്തെ പ്രാരാബ്ധങ്ങൾ ഒക്കെ തീർന്നു, ജോക്കുട്ടന് ജോലിയായി.ഇനീം നിനക്കിങ്ങോട്ട് പോരരുതോ?, വരുന്ന പെരുന്നാളിന് നിനക്ക് വയസ്സ് ഇരുപത്തേഴാ..'
ബാക്കി വായിച്ചില്ല,
കീറിയെറിഞ്ഞ കത്ത് ചവറ്റുകുട്ടയിലിടുമ്പോൾ മനസ്സ് അമ്മച്ചിയോട് പറഞ്ഞു, 'പറന്നു തുടങ്ങുമ്പോൾ ചിറകു തളരുന്ന പക്ഷിയാണ് ഞാൻ..'.
***
അത്ഭുതം തോന്നി, 
ജീവിതം പുതുമണങ്ങൾ അറിയാൻ തുടങ്ങിയിട്ട് ആര് വർഷങ്ങൾ..
അപ്പന്റെ ദൈന്യമായ മുഖവും, 
അമ്മച്ചിയുടെ കണ്ണീരോളിപ്പിച്ച പുഞ്ചിരിയും വീണ്ടുമോർത്തു.
അവൾക്ക് പ്രാർത്ഥിക്കണമെന്നും തോന്നി,
പഴയ പെട്ടിയിലെ ബൈബിൾ പുറത്തെടുക്കുമ്പോൾ പൂപ്പൽ മണത്തു.

* 'ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, 
ദൈവമേ, അങ്ങെനിക്കുത്തരമരുളും.
അങ്ങ് ചെവി  ചായ്ച്ച് എന്റെ വാക്കുകൾ ശ്രവിക്കേണമേ !

തന്റെ വലതു കയ്യിൽ അഭയം തേടുന്നവർ 
ശത്രുക്കളിൽ നിന്നു കാത്തു കൊള്ളുന്ന രക്ഷകാ
അങ്ങയുടെ കാരുണ്യം വിസ്മയകരമായി പ്രദര്ശിപ്പിക്കേണമേ!

കണ്ണിന്റെ കൃഷ്ണമണി പോലെ എന്നെ കാത്തുകൊള്ളേണമേ!
അങ്ങയുടെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചു കൊള്ളേണമേ!

എന്നെ ഞെരുക്കുന്ന ദുഷ്ടരിൽ നിന്നും എന്നെ വളഞ്ഞിരിക്കുന്ന 
കൊടും ശത്രുക്കളിൽ നിന്നും എന്നെ രക്ഷിക്കേണമേ!

അവരുടെ ഹൃദയത്തിൽ അനുകമ്പയില്ല;
അവരുടെ അധരങ്ങൾ വൻപ് വരളുന്നു,
അവർ എന്നെ അനുധാവനം ചെയ്യുന്നു,
ഇതാ, എന്നെ വളഞ്ഞു കഴിഞ്ഞു.
എന്നെ നിലം പതിപ്പിക്കാൻ അവർ
എന്റെ മേൽ കണ്ണ് വച്ചിരിക്കുന്നു.

കടിച്ചു ചീന്താൻ വെമ്പുന്ന സിംഹത്തെപ്പോലെയാണവർ;
പതിയിരിക്കുന്ന യുവ സിംഹത്തെ പോലെ തന്നെ.
കർത്താവേ! എഴുന്നേറ്റ് അവരെ എതിർത്ത് തോൽപ്പിക്കേണമേ
അങ്ങയുടെ വാൾ നേച്ചറിൽ നിന്നും എന്നെ രക്ഷിക്കട്ടെ!'
***
സന്ധ്യ കഴിഞ്ഞിരിക്കുന്നു,
കാറ്റുവിടർത്തിയ മുടിയിഴകൾ ഒതുക്കിക്കൊണ്ട് ബസ്സിറങ്ങുമ്പോൾ ഓർത്തു,
ഒന്നും മാറിയിട്ടില്ല,
പുഴയൊഴികെ.
പുഴ കുറച്ചുകൂടി ക്ഷീണിച്ചിരിക്കുന്നു.
അമ്മച്ചിയും ക്ഷീണിച്ചിട്ടുണ്ടാകണം.
എവിടെയോ വായിച്ചതോർത്തു,   

**'അമ്മയെ സൃഷ്ഠിക്കുമ്പോൾ ദൈവം അവരുടെ കണ്ണുകളിൽ 
രണ്ട മുത്ത് മണികൾ കൂടി വച്ച് കൊടുത്തത്രെ, 
അവയാണത്രെ കണ്ണീർതുള്ളികൾ.'

അമ്മച്ചിയുടെ കണ്ണിലത്തെപ്പോഴുമുണ്ടാകും. 
സന്തോഷം വന്നാലും സങ്കടം വന്നാലും അതങ്ങനെ തിളങ്ങി നിൽക്കും.
ഇന്നും അമ്മച്ചിയുടെ കണ്ണുകളിൽ അവയുണ്ടാകുമായിരിക്കും.
തുളസിയുടെ മണമുള്ള വാക്കുകളിൽ അപ്പൻ ചോദിക്കും, 'ആനിക്കുട്ടിയേ,.. നീയെത്തിയോടി..'
എല്ലാം മനസ്സിലോർത്ത് അവൾ പുഞ്ചിരിച്ചു.
പിന്നെ, അക്ഷമയോടെ കാത്തു നില്ക്കാൻ തുടങ്ങി, 
ഗ്രാമത്തിലേക്കുള്ള അവസാനത്തെ വണ്ടിക്കായി..



*സങ്കീർത്തനം (16-17) 'നിഷ്കളങ്കന്റെ പ്രതിഫലം' (6-13), വിശുദ്ധ ബൈബിൾ
**'വേനലിൽ പൂക്കുന്ന മരം' - പെരുമ്പടവം   




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ