സിഗ്നൽ
'മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ', ഫോൺ പാടാൻ തുടങ്ങി.
അയാൾക്ക് ദേഷ്യമാണ് വന്നത്.
"ആരാണ് നേരം വെളുത്തപ്പോഴേ? ഉറങ്ങാനും സമ്മതിക്കില്ല, നാശം."
മുണ്ട് നേരെയാക്കി പിറുപിറുത്തുകൊണ്ട് അയാൾ എണീറ്റു.
കാലെടുത്തു വച്ചത് ഇന്നലെ കഴിച്ചതിന്റെ അവശിഷ്ട്ടം ഭക്ഷിച്ചുകൊണ്ടിരുന്ന പാറ്റയുടെ മുകളിൽ, ഒരു ചെറിയ ശബ്ദത്തോടെ പാറ്റ ചളുങ്ങി മരിച്ചു.
'കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ', ഫോണിന്റെ പാട്ട് രണ്ടാമത്തെ വാരിയിലേക്ക് കടന്നു.
"ഹലോ "
"എടോ ഇത് ഞാനാണ് എസ് എം "
"പറയു സർ"
"താനിന്ന് ഡ്യൂട്ടിക്കെത്തണം."
"പക്ഷെ സർ, എനിക്കിന്ന് ഓഫാണ്"
"അതെനിക്കറിയാം. ഇന്ന് താൻ വന്നേ തീരു. ആ സുനിലിന്റെ അമ്മായിയമ്മ മരിച്ചു പോയി. അയാൾ എമർജൻസി ലീവിലാണ്, തനിക്ക് വേറൊരു ദിവസം ഓഫ് എടുക്കാമല്ലോ."
"സർ"
"വേഗം വന്നേക്ക്, ഇവിടെ സിഗ്നലിൽ ആളില്ല."
ഫോൺ കട്ടായി.
അയാൾക്ക് എന്തെന്നില്ലാത്ത അരിശം വന്നു.
"അവന്റമ്മായിയമ്മക്ക് ചാകാൻ കണ്ട നേരം.."
അയാൾ വേഗത്തിൽ മുറി വൃത്തിയാക്കാൻ തുടങ്ങി. മിച്ചറിന്റെ അവശിഷ്ടങ്ങൾ അരിച്ചുനടന്ന ഉറുമ്പുകൾ അയാളുടെ കയ്യിൽ കയറി, അയാളത്തിനെ കുടഞ്ഞുകളഞ്ഞു.
ഷോറിന്റെ ചുവട്ടിൽ നിക്കുമ്പോൾ അയാൾ വല്ലാതെ വിറച്ചു. ഇന്നലത്തെ ദിവസം മദ്യമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ലെന്ന കാര്യം അയാളോർത്തു.
'പോകുന്ന വഴിക്ക് എന്തെങ്കിലും കഴിക്കാം"
യൂണിഫോമിട്ട് കണ്ണാടിയിൽ നോക്കി മുടി ചീകുമ്പോൾ വെള്ളയണിഞ്ഞ രണ്ട് മുടിനാരുകൾ ഉയർന്നു നിന്ന് പുഞ്ചിരിച്ചു.
അയാളും അവയെ നോക്കി പുഞ്ചിരിച്ചു.
താക്കോലെടുക്കുമ്പോൾ ഏകാന്തത പുറകിൽ നിന്ന് അയാളെ കെട്ടിപ്പിടിച്ചു.
അയാളവളുടെ കവിളിൽ തട്ടി.
"പോയി വരാം"
ഏകാന്തത പുഞ്ചിരിച്ചു.
***
ജനശതാബ്ദിക്ക് സിഗ്‌നൽ കാണിച്ചു തിരികെ ഓഫീസിലെത്തുമ്പോൾ ഇന്റർസിറ്റി ടൌൺ സ്റ്റേഷൻ വിട്ടെന്ന് അറിയിപ്പുവന്നു.
ടൗണിൽ നിന്ന് ഇവിടെതാണ് പത്തു മിനിറ്റെടുക്കും.
ഇവിടെ നിന്ന് മൂന്നാമത്തെ പ്ലാറ്റഫോമിലെത്താനും അത്രയും സമയം വേണം.
അയാൾ പതിയെ മൂന്നാമത്തെ പ്ലാറ്റഫോമിലേക്ക് നടന്നു.
ഇന്റർസിറ്റി വിട്ടുകഴിഞ്ഞു തിരികെ നടക്കുമ്പോളാണ് അവളെ കണ്ടത്, ഒരു കുഞ്ഞിന്റെ കയ്യും പിടിച്ച്, മറ്റൊരു കുഞ്ഞിനെ കൂടെയുള്ളയാൾ എടുത്തിട്ടുണ്ട്, ഭർത്താവാകണം.
അയാളെ പ്രതീക്ഷിക്കാതെ കണ്ടതിലുള്ള പകപ്പ് അവളുടെ മുഖത്തുണ്ടായി, അയാൾ അത് ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു.
ഒരിക്കലവൾ തന്റെ എല്ലാമായിരുന്നു, കോളേജിലെ ബെഞ്ചുകൾക്കും മഞ്ചാടി മരത്തിനും അവരുടെ പ്രണയം പരിചിതമായിരുന്നു.
തേർഡ് ഇയർ ആകുമ്പോഴേക്കും അയാൾക്ക് റയില്വേയില് ജോലി കിട്ടി, അതിനു മുൻപേ പൂത്ത പണമുള്ള ഒരു ഗള്ഫുകാരന് മുന്നിൽ അവൾ കഴുത്തു നീട്ടി.
പിന്നെ മറ്റൊരുത്തിയെ കുറിച്ച് ആലോചിച്ചില്ല, എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാണെന്നു തോന്നി.
പിന്നെ, വീട്ടിലും മനസ്സിലും ഏകാന്തതയായി കൂട്ട്.
അയാൾ ഏകാന്തതയെ കല്യാണം കഴിച്ചു.
ആലോചിച്ചാലോചിച്ച് അയാൾ പ്ലാറ്റഫോമും കടന്ന് പുറമ്പോക്കിലെത്തി.
ട്രാക്കിനു സമീപത്തെ വീടുകളിലെത്തിലോ ഉള്ള ഒരു ആട്ടിൻ കുട്ടി അവിടെ മേഞ്ഞു നടന്നു, അതിനൊപ്പം ഒരു പെൺകുട്ടിയും കളിച്ചു നടന്നു.
അയാൾ വാച്ചിൽ നോക്കി, ശബരി വരാറായി.
അയാൾ തിരിഞ്ഞു നടന്നു, പിന്നിൽ ആട്ടിൻ കുട്ടിയുടെ വലിയ നിലവിളി.
അയാളൊരു നിമിഷം അന്തിച്ചു നിന്നു, എന്താണെന്ന് മനസ്സിലായില്ല.
ആ പെൺകുട്ടിയും വിളി കേട്ട് അതിനടുത്തെത്തി.
അതിന്റെ കാൽ പാളത്തിൽ കുടുങ്ങിയിരിക്കുന്നു.
അകലെ നിന്ന് ശബരിയുടെ ചൂളം വിളി കേൾക്കാൻ തുടങ്ങി, ഏത് പാളത്തിലൂടെയാണ് വരുന്നതെന്ന് വ്യക്തമല്ല.
അയാൾ വേഗം അതിനടുത്തേക്കോടി, അതിന്റെ കാൽ സ്വതന്ത്രമാക്കാൻ ശ്രമിച്ചു.
നൊടിയിടയിൽ അയാൾക്കൊരു കാര്യം മനസ്സിലായി, ശബരി വരുന്നത് ഇതേ പാളത്തിലൂടെയാണ്.
ശബ്ദം അടുത്തെത്തിക്കഴിഞ്ഞു, ശബ്ദത്തിനൊപ്പം തീവണ്ടിയും അയാൾക്ക് കാണാവുന്ന ദൂരത്തായി.
അയാൾ ധൈര്യസമേതം തീവണ്ടിക്ക് നേരെ ചുവന്ന കോടി വീശി.
അതിനകം ആ പെൺകുട്ടിയുടെ അമ്മയും അവിടെത്തിയിരുന്നു.
തീവണ്ടി ആട്ടിന്കുട്ടിയെയും പെൺകുട്ടിയെയും തൊട്ടു, തൊട്ടില്ല എന്ന മട്ടിൽ നിന്നു.
അവരെയത് ഇടിച്ചിട്ടെന്ന തോന്നലിൽ പെൺകുട്ടിയുടെ അമ്മ കണ്ണ് പൊത്തി.
അയാളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു, കൈകൾ വിറക്കുന്നുണ്ടായിരുന്നു.
അയാൾ ആട്ടിൻ കുട്ടിയുടെ കാൽ സ്വതന്ത്രമാക്കി.
പെൺകുട്ടിയെ നെഞ്ചോടമർത്തിപ്പിടിക്കുമ്പോൾ ആ 'അമ്മ അയാളെ നോക്കി, നന്ദിയുടെ നോട്ടം.
അയാൾക്ക് അടുത്ത സിഗ്നൽ കൊടുക്കാൻ നിറമായിരുന്നു.
"സബാഷ്..", ഏകാന്തത അയാളുടെ തോളിൽ തട്ടി.
"ഓ, നീയിവിടെയുണ്ടായിരുന്നോ?"
"ഞാനെവിടെ പോകാനാണ്, നിങ്ങളെവിടെയോ..ഞാനുമവിടെ.."
അയാളൊന്നു ചിരിച്ചു, എന്നിട്ട് ഏകാന്തതയുടെ കയ്യും പിടിച്ച് സ്റ്റേഷനിലേക്ക് നടന്നു.
പെണ്ണിന്റെ ശബ്ദമുണ്ടായിരുന്ന മൈക്ക് ഹിന്ദിയിൽ പറയുന്നു,
"യാത്രിയോം കൃപയാ ധ്യാൻ ദീജിയേ.. ഗാഡി നമ്പർ......"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ