2017, ഓഗസ്റ്റ് 6, ഞായറാഴ്‌ച

നീർപ്പോളകളേ വിട

നീർപ്പോളകളേ വിട 


നേരം വളരെയായി, എനിക്ക് വിശക്കുന്നുണ്ടായിരുന്നു. 
ഇപ്പോഴൊന്നും വണ്ടി വരുമെന്ന് തോന്നുന്നില്ല, ഇനിയും വൈകും.
ഗാർഡിനോട് അന്വേഷിച്ചപ്പോൾ പറയുകയുണ്ടായി, പാളത്തിൽ ഏതോ മരമൊടിഞ്ഞു വീണെന്ന്. 
സ്റ്റേഷൻ ഏറെക്കൂറെ വിജനമായിരുന്നു. ബാഗിൽ ചോറുരുപ്പുണ്ട്, 'എടുത്ത് കഴിച്ചാലോ?'
തണലുള്ള മരച്ചുവട്ടിൽ ബെഞ്ച് ഞാൻ കണ്ടെത്തി. 
പൊതിയഴിക്കുമ്പോഴേക്കും പ്രാകൃതമായ, കുളിച്ചിട്ട് ഏറെ ദിവസമായ, പാറിപ്പറന്ന മുടിയുള്ളൊരാൾ എന്റെ മുന്നിൽ വന്ന് എന്നെ സൂഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. 

എനിക്ക് പേടിയായിത്തുടങ്ങിയിരുന്നു. 'ചോറുവേണമോ' എന്ന ചോദിക്കാമെന്ന് കരുതി. 
അപ്പോഴേക്കും അയാളെന്റെ മുഖത്തിനരികിൽ മുഖം കൊണ്ട് വന്നു. 
ഞാൻ പുറകിലേക്ക് ഭയപ്പാടോടെ മാറി.
"'അമ്മ തന്ന പൊത്തിയാണല്ലേ, ഉം.. ഒരു വറ്റും കളയരുത്, തിന്നോ..തിന്നോ"
അയാൾ കൈകൊണ്ട് ആംഗ്യം കാണിച്ചു, എന്നിട്ട് മാറാപ്പും തൂകി പൊട്ടിച്ചിരിച്ചുകൊണ്ട് യാത്രയായി. 
ഒരു വറ്റും തൊണ്ടയിൽ നിന്നിറങ്ങാൻ കൂട്ടാക്കിയില്ല, വല്ല വിധേനെയും കുത്തി നിറച്ച്, ഒരു ബോട്ടിൽ വെള്ളവും തൊണ്ടയിലേക്കൊഴിച്ച് എഴുന്നേറ്റപ്പോഴേക്കും തീവണ്ടി വരാറായി എന്ന അറിയിപ്പ് കിട്ടി. 


തിരക്കധികമില്ലാത്തതു കൊണ്ട്  ജനാലയ്ക്കരികിലെ സീറ്റ് തന്നെ കിട്ടി. 
പുറം കാഴ്ച്ചകൾ പിന്നിലേക്കോടാണ് തുടങ്ങി, കണ്ണുകളെ മയക്കം പിന്തുടരാൻ തുടങ്ങി.
ഏതോ സ്റ്റേഷനിൽ നിന്നും പുറപ്പെടുമ്പോൾ എവിടെ നിന്നു മൈക്ക് വലിയ വായിൽ നിലവിളിക്കുന്നത് കേട്ടു, 
"ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഉൻ", ആരോ മരിച്ചിരിക്കുന്നു, ഞാനുമത് ഏറ്റു ചൊല്ലി. 
***
ഏകദേശം ഒൻപത് വര്ഷങ്ങള്ക്കു മുൻപാണ്, ഞാനീ വരികളുടെ അർഥം ശരിക്ക് മനസ്സിലാക്കുന്നത്. 
ആൻ മദ്രസ വിട്ടു വരുമ്പോൾ നേർത്ത മഴയുണ്ടായിരുന്നു. 
നീർപ്പോളകൾ നിലത്തുവീണ് തകരുന്നതും നോക്കി ഞാൻ നടന്നു. 
ഉമ്മച്ചി കുടയുമായി വഴിയിൽ കാത്തുനിൽപ്പുണ്ടായിരുന്നു. 
"മഴ നനഞ്ഞോ?"
'ഇല്ലെന്ന്' ഞാൻ ചുമൽ കൂപ്പിക്കാനിച്ച്. 
"നല്ല ആളാണ്, മഴ കണ്ടാൽ നനയാത്ത കുട്ടി.."
ഞാൻ ചരിച്ചു കൊണ്ട് ഉമ്മച്ചിയെ തോണ്ടി..
"ഉമ്മാ.. ഞാൻ മഴയത് കുളിച്ചോട്ടെ...?"
മഴ കണ്ടാൽ ഞാൻ നിൽക്കില്ലെന്ന് ഉമ്മച്ചിക്കറിയാം. 
"വേഗം കയറണം കേട്ടോ.."
വീട്ടിലെത്തിയപാടെ തട്ടവും പർദ്ദയും ഊരിയെറിഞ്ഞ ഞാൻ മഴയിലേക്കു ചാടി. 
കൈവെള്ളയിൽ വീഴുന്ന മഴത്തുള്ളികളെ താഴെയിട്ട് പൊട്ടിക്കുക എന്നതായിരുന്നു എന്റെ പ്രധാന വിനോദം.
അടുക്കളയിൽ കത്തിക്കാനിട്ടിരുന്ന പേപ്പറുകൾ പെറുക്കി കളിവള്ളമുണ്ടാക്കി, അതിൽ കയറ്റിവിടാൻ ഉറുമ്പുകളെ തിരയുമ്പോഴായിരുന്നു ഇടി വെട്ടിയത്.
ഉമ്മച്ചി പാഞ്ഞെത്തി, 'കേറിപ്പോ അകത്ത്'
ഇനിയും കളിച്ചാൽ ചുള്ളിക്കമ്പിന്റെ പാട് തുടയിൽ വീഴുമെന്നറിയാം. 

വൈകിട്ട് ഖുർആനൊത്തുമ്പോൾ ഞാൻ ചോദിച്ചു, "ഉമ്മച്ചി,, ഇതിന്റെ അർത്ഥമെന്താ...?, ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഉന്"
ഉമ്മച്ചി ഒരു നിമിഷം എന്നെ നോക്കിയിട്ട് പറഞ്ഞു, "ഇത് ആർക്കെങ്കിലും മരണമോ ആപത്തോ സംഭവിക്കുമ്പോൾ പറയുന്ന വാക്യമാണ്."
രാത്രി വീണ്ടും മഴ കനത്തു.
വാതില്പടിയിലിരുന്ന് താഴെ വീഴുന്ന നീർപ്പോളകളെ എണ്ണുകയായിരുന്നു ഞാൻ.
അകത്തു നിന്ന്  ഉമ്മച്ചി വിളിക്കുന്നു. 
ഞാനോടി അകത്തുചെന്ന്, കടയടച്ച് വാപ്പച്ചി വന്നിട്ടുണ്ട്, ഉറങ്ങാറായി.


പിറ്റേന്ന്, മദ്രസ വിട്ടു വരുമ്പോൾ വീട്ടിൽ ഉമ്മച്ചിയില്ല, ആരുമില്ല, 
കുഞ്ഞുമ്മ പറഞ്ഞു ,'ആശുപത്രിയിൽ പോയി..'
രാത്രി ഏറെ നേരമായിട്ടും കണ്ടില്ല, ഞാനുറങ്ങാൻ കിടന്നു, ഉമ്മച്ചിയുടെ വിരലുകളെ മുറുകെ പിടിക്കാതെ കിടക്കാൻ ഒരു സുഖവുമില്ല. 
അനിയൻ തൊട്ടടുത്ത് സുഖമായി ഉറങ്ങുന്നു. 
എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്, ഞാനുണർന്നപ്പോൾ വീട് നിറച്ചും ആളുകളാണ്. 
ഞാനുണർന്നെന്ന് കണ്ടപ്പോൾ ആരൊക്കെയോ എന്നെ  വീണ്ടും ഉറക്കാനാരംഭിച്ചു. 
എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു, പേടിയും. 
'എനിക്ക് ഉമ്മച്ചിയെ കാണണം.'
ഞാൻ കരയാൻ തുടങ്ങി, എന്റെ കരച്ചിൽ കേട്ട് അനിയനും. 
പള്ളിയിൽ നിന്ന് ആ വാക്യം മൂന്ന് പ്രാവശ്യം ഉയർന്ന കേട്ടു.
മുറ്റത്ത് ഒരാംബുലൻസ് വന്നു നിന്നു. 
ആരൊക്കെയോ ഉമ്മച്ചിയെ എടുത്ത്  കൊണ്ടുവന്നു. 
ഉമ്മച്ചിയെ വെള്ള പുതപ്പിച്ചിരുന്നു. 
ആരൊക്കെയോ കരയാൻ തുടങ്ങി.
എന്തോ പേടി തട്ടിയ പോലെ അനിയനും കരയാൻ ആരംഭിച്ചു, എനിക്കൊന്നും മനസ്സിലായില്ല. 

എന്റെ കയ്യിലേക്ക് ആരോ ഖുർആനെടുത്തു തന്നു, ആരൊക്കെയോ 'യാസീൻ' ഓതാൻ തുടങ്ങി.
എനിക്ക് അറിയുന്നവരും അറിയാത്തവരും ഞങ്ങളെ രണ്ടു പേരെയും ചേർത്ത് നിറുത്തി. 
എനിക്കും എന്തൊക്കെയോ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. 
അന്തരീക്ഷത്തിൽ ചന്ദനത്തിരി മണക്കാൻ തുടങ്ങി.

വൈകിട്ട് വീണ്ടും മഴ തുടങ്ങി.
ഞാൻ ടെറസ്സിലിരുന്ന് മഴത്തുള്ളികളെ തറയിലിടുകയായിരുന്നു, 
ഏറെ നേരം കാണാതാകുമ്പോൾ ഉമ്മച്ചി വരുമെന്നും എന്നെ വിളിച്ചു കൊണ്ട് പോകുമെന്നും ഞാൻ കരുതി. 
മാമ വന്ന് എന്നെ പൊക്കിയെടുത്തു.
ഞാൻ കുതറി വിളിച്ചു, "ഉമ്മച്ചിയേ....".
 ***
ഞാൻ കുതറിയത് ആരും കണ്ടില്ലെന്ന് തോന്നുന്നു. കണ്ടാൽത്തന്നെ ഉറക്കം ഞെട്ടിയതാണെന്ന് കരുതട്ടെ. 
കണ്ണും മുഖവും തുടച്ച വാച്ചിൽ നോക്കി, അറ മണിക്കൂറിനുള്ളിൽ എന്റെ സ്റ്റേഷനെത്തും. 
ഞാൻ വന്നത് ഓർമ്മ ദിവസം കൂടാനാണ്, 'ഓർമ്മിക്കാൻ വേണ്ടിയുള്ള ഓർമ്മ ദിവസം' കൂടാൻ 
സ്റ്റേഷനിലിറങ്ങി  പുറത്തേക്ക് നടക്കുമ്പോൾ മഴ കൂടെ വന്നു. 
'നീ പിന്നെ കളിയ്ക്കാൻ വന്നില്ല..' മഴ പരാതി പറഞ്ഞു. 
'കളിക്കാനിറങ്ങുമ്പോൾ തിരിച്ചു വിളിക്കാൻ ആരുമില്ല'. ഞാൻ മറുപടി  പറഞ്ഞു.
മഴ ഒരു നിമിഷം നിശബ്ദമായി. 
ഞാൻ തുടർന്നു,  'ഞാൻ വിട പറയുകയാണ്, നീർപ്പോളകളെ വിട'.


കുറിപ്പ്- 
ഒരിക്കൽ ഉമ്മച്ചി അടുക്കളയിൽ പച്ചക്കറി മുറിക്കുകയായിരുന്നു. പെട്ടെന്ന്, ഉമ്മച്ചിയുടെ കൈ മുറിഞ്ഞു. ചോര പൊടിഞ്ഞത് ഉമ്മച്ചിക്കാണെങ്കിലും നന്നായി വേദനിച്ചതെനിക്കാണ്.
എന്റെ മുഖം കണ്ട ഉമ്മച്ചി പറഞ്ഞു, "ഇക്കണക്കിന് ഞാനെങ്ങോട്ടെങ്കിലും പോയാലോ?"
"ഞാനും  വരും".
"നിന്നെ കെട്ടിച്ചു വിട്ടാലോ?"
"ഞാൻ കെട്ടുന്നില്ല".
"ഞാനങ് മരിച്ചു പോയാലോ? നിനക്ക് കൂടെ മരിക്കാൻ പറ്റില്ലല്ലോ.."
"ഞാൻ വന്ന് കാവലിരിക്കും".
അന്നങ്ങനെ പറഞ്ഞത് വ്യക്തമായി ഓർമ്മയുണ്ട്.
എന്നിട്ടീന്ന്, 
ഉമ്മച്ചിയെവിടെ, ഞാനെവിടെ?


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ