2017, ഓഗസ്റ്റ് 22, ചൊവ്വാഴ്ച

ആത്മാക്കൾക്ക് ഒരധ്യായം

ആത്മാക്കൾക്ക് ഒരധ്യായം 

ഞാനിങ്ങനെ കിടക്കാൻ  തുടങ്ങിയിട്ട് കുറേ നേരമായി.
എന്നിൽ നിന്നുമൂറിയ കറുത്ത ചോര മുംബൈയിലെ വിജനമായ റോഡിനെ കെട്ടിപ്പിടിച്ച് കരുവാളിച്ചു കിടന്നു.
ഏകദേശം നാല് മണിക്കാണത് സംഭവിച്ചത്, ഞാൻ വന്ന സ്കൂട്ടർ എതിരെ വന്ന ഫോർഡ് എൻഡേവരുമായി കൂട്ടിയിടിച്ചു, ആ വണ്ടി നിറുത്താതെ പോയി. 
ഒട്ടൊരു മരവിപ്പ് മാറിയപ്പോൾ ഞാനോർത്തത് ആ വണ്ടിയിലിരുന്ന മാന്യ വനിതയെയാണ്. 
അതെ, അതവർ തന്നെ. കഴിഞ്ഞ വർഷം മാനുഷിക മൂല്യങ്ങളുടെ സംരക്ഷക എന്ന പേരിൽ പുരസ്കാരം സ്വീകരിച്ചവർ.
ഞാൻ  പതിയെ അബോധാവസ്ഥയിലേക്ക് നീങ്ങുന്നുണ്ട്, എങ്കിലും ചുറ്റും നടക്കുന്നത് അറിയാൻ കഴിയുന്നുണ്ട്. 
വിജനമായ റോഡിൽ ഇടക്കിടക്ക് ചീറിപ്പായുന്ന വാഹനങ്ങളുടെ ശബ്ദം. 
എന്റെ അടുത്തായി ഒരു വാഹനം വന്നു നിന്ന്, എന്റെ മനസ്സിൽ പ്രതീക്ഷയുണർന്നു. 
ദീർഘയാത്ര പോയ ഏതോ പയ്യന്മാരുടെ സംഘമാണ്. 
മൊബൈൽ ക്യാമറ ക്ലിക്ക് ക്ലിക്ക് ശബ്ദമുണ്ടാക്കി, അവരെന്റെ ഫോട്ടോ എടുക്കുകയായിരിക്കും. 
"വാടാ, ഇനി പോകാം. ഇപ്പോൾ തന്നെ  നാൽപ്പത്തിമൂന്നു like ആയി, ഇത് പൊളിക്കും", ഒരുവൻ. 
"അതൊക്കെ ശരിയാ, എന്നാലും എങ്ങനാ അങ്ങനങ്ങു പോകുന്നെ?, നോക്ക് എന്തൊരു ചരക്കാ... ഗോവക്ക് പോയിട്ടാണേൽ ഒന്നും നടന്നില്ല.." അവൻ അടുത്തേക്ക് വരുന്ന ശബ്ദം.
"നീ വരുന്നുണ്ടോ? പോലീസ് കേസാകും കേട്ടോ. പുറകിൽ നിന്ന് മറ്റൊരുത്തന്റെ ശബ്ദം.
"നശിപ്പിച്ചു, ഒരു നല്ല കാര്യത്തിനിറങ്ങുമ്പോ പുറകീന്നു വിളിച്ചോണം.. നാശം..", അവൻ പിന്തിരിഞ്ഞു നടന്നു, വണ്ടി പോയി.
ഞാനാശ്വസത്തോടെ കിടന്നു. ഇപ്പോൾ സൂര്യൻ അസ്തമിക്കാറായി. 
എന്നിട്ടും ഞാൻ മരിച്ചില്ലല്ലോ, അതാണത്ഭുതം. 
ഒരു പാട്ട് അടുത്തടുത്തു വരുന്നുണ്ട്. 
ആളെ പിടികിട്ടി. 
എനിക്ക് ആക്‌സിഡന്റായിക്കഴിഞ്ഞു ഒരു പത്തു  മിനിറ്റ് കഴിഞ്ഞപ്പോൾ ഒരാൾ അത്‌വഴി വന്നു, എന്റെ പേഴ്സിലെ പൈസയെടുത്ത് ആശുപത്രിയിലെത്തിക്കാൻ പറയുന്നതിന് മുൻപ് എന്റെ നാവ് കുഴഞ്ഞു. 
അയാൾ പൈസയും വാങ്ങിപ്പോയി.
അതെ മനുഷ്യനാണ്അന്തിക്കള്ളും കുടിച്ച് പാട്ടും പാടി വരുന്നത്. 
എന്റടുത്ത് വന്ന അയാൾ നിന്ന്, വിമ്മി വിതുമ്പി അയാൾ പറയാൻ തുടങ്ങി, "ഇന്നലെ മുതൽ കെട്ടിയോളെടുത്ത ഒരു പൈന്റ്‌ വെടിക്കാൻ കാശ് ചോദിക്കുവാ, മൂധേവി തന്നില്ല. എന്നാൽ നിങ്ങള്.. ചോദിക്കാനെന് മുന്നേ തന്നു, നിങ്ങള് ദൈവമേ ദൈവം." എവിടെയുമുണ്ടാകും ഇതുപോലെ കുറേപ്പേർ. 
നിലത്തുറക്കാത്ത കാലുകളും വലിച്ച് അയാൾ പോയി. 
നിലാവിന്റെ തണുപ്പിനൊപ്പം ചാവിന്റെ കുളിരും എന്നിൽ അരിച്ചരിച്ച് കയറാൻ തുടങ്ങി. 
പിന്നീട് കണ്ണുതുറക്കുമ്പോൾ തെരുവുനായ്ക്കൂട്ടം എന്റെ ചോരയുടെ രുചി ആസ്വദിക്കുകയായിരുന്നു. 
നേരം ഒത്തിരി ഇരുട്ടിയിരുന്നു, നായ്ക്കൂട്ടം ആട്ടിയകറ്റപ്പെട്ടു. 
ആരൊക്കെയോ നടന്നടുത്തു, എന്റെ മേൽ ഒരു പുതപ്പ് വീണു, ആരൊക്കെയോ എന്നെ വാരിയെടുത്തു.
കാളവണ്ടിയുടെ കടകട ശബ്ദം.
***

കണ്ണ് തുറക്കുമ്പോൾ മച്ചിൽ ഒരു പല്ലി എന്നെ തുറിച്ചു നോക്കിയിരിക്കുകയായിരുന്നു.
ഞാൻ എവിടെയോ ആണ്. ശരീരം  മുഴുവൻ വേദന. പുല്ലുകൾ  പാകിയ ഒരു പലകയുടെ മേലാണ്, അരികിൽ ഗന്ധകം പോലെ എന്തോ ഒന്ന് പുകയുന്നു.
ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു, പലക കരഞ്ഞു.
പുറത്തു നിന്നും ഒരു സ്ത്രീ എന്നെ എത്തിനോക്കി, ആരൊക്കെയോ അകത്തേക്ക് കയറി വന്നു.
അവർ ഏതോ പുരാതന കഥാപാത്രങ്ങളെ പോലെ തോന്നിച്ചു.
കടുത്ത നിറത്തിലുള്ള ഒറ്റവസ്ത്രം ശരീരം മുഴുവൻ പുതച്ചിരിക്കുന്നു.
കൂട്ടത്തിലൊരാൾ എന്റെ നാഡിമിടിപ്പ് പരിശോധിച്ചു, കണ്ണുകൾ തുറന്ന് നോക്കി, എവിടെയോ ഒന്ന് ഞെക്കി, ഞാൻ ഞരങ്ങി, എനിക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു.
ഞാനാ കിടപ്പിൽ രണ്ടാഴ്ചയോളം കിടന്നു.
എന്നും രാവിലെ, ആദ്യം കണ്ട സ്ത്രീ എന്റെ ദേഹം തുടച്ചു, മരുന്നുകൾ വച്ചു.
ആദ്യമെനിക്ക് വല്ലാത്ത നാണമായിരുന്നു, പിന്നെ അവരും ഒരു പെണ്ണല്ലേ എന്നോർത്തപ്പോൾ.... ശരിക്കും പറയട്ടെ, വേദനക്ക് മുന്നിൽ ആണായാലും പെണ്ണായാലും എനിക്ക് തുല്യമായിരുന്നു.
ഏതൊക്കെയോ പച്ചിലകളും കോഴിമുട്ടയും ഉടച്ചു ചേർത്ത കുറുകിയ പാനീയമായിരുന്നു മൂന്നു നേരത്തെയും ഭക്ഷണം.
രണ്ട ദിവസത്തിലൊരിക്കൽ വൈദ്യനെന്നു തോന്നിച്ച ആൾ വന്നു പരിശോധിക്കും.
എനിക്ക് എണീറ്റിരിക്കാമെന്നായി, സംസാരിക്കുമ്പോൾ മോണ മുറിഞ്ഞ നൊമ്പരം.
"ഇതെവിടെയാ..?", അവർ പരസ്പരം  നോക്കി.
പുറത്തു നിന്നും ഒരു ചെറുപ്പക്കാരൻ അകത്തേക്ക് വന്നു, "പേടിക്കണ്ട, നിങ്ങൾക്കിപ്പോൾ എങ്ങനെയുണ്ട് മാഡം?"
ഞാൻ കുഴപ്പമില്ല എന്ന്  പറഞ്ഞു.
പിന്നെയും ഒരാഴ്ചക്കാലം കടന്നപ്പോൾ എനിക്ക് നടക്കാമെന്നായി, അതും പതിയെ.
 ആ  സ്ത്രീയുടെ കയ്യും പിടിച്ച് വൈകുന്നേരങ്ങളിൽ ഞാൻ നടക്കാൻ പോകുമായിരുന്നു. ചിലപ്പോഴൊക്കെ ആ ചെറുപ്പക്കാരനും കൂടെയുണ്ടാകുമായിരുന്നു.
ചെറിയൊരു ഗ്രാമമാണത്, അടുക്കിയടുക്കി വൃത്തിയുള്ള കുടിലുകൾ, ചിക്കിചികഞ്ഞു നടക്കുന്ന കോഴികൾ..
കൃഷിപ്പണികളും കാലികളുമായി തികച്ചും പ്രാചീനമായൊരു ഗ്രാമം.
എന്നെ ആദ്യമായി നടക്കാൻ കൊണ്ടു പോകുമ്പോൾ ശബ്ദമുഖരിതമായ അന്തരീക്ഷം പെട്ടെന്ന് നിശബ്ദമായി, എല്ലാവരും കുടിലിനു പുറത്തു വന്ന് എന്നെ നോക്കി നില്ക്കാൻ തുടങ്ങി,
കുട്ടികൾ അമ്മമാരുടെ പുറകിൽ നിന്നും തലയെത്തിച്ചു നോക്കി.
പിന്നെപ്പിന്നെ ഞാൻ അവർക്ക് സ്ഥിരം കാഴ്ചയായി, കാണുമ്പോൾ ചിരിക്കാമെന്നായി.
എങ്കിലും അവരുടെ ഭാഷ എനിക്ക് അജ്ഞാതമായിരുന്നു.
ബസുദേവ് എന്ന പേരുള്ള ആ ചെറുപ്പക്കാരൻ മാത്രമാണ് ഹിന്ദി സംസാരിച്ചിരുന്നത്, അയാൾ ഗ്രാമത്തലവന്റെ അനന്തരവനാണ്, ഗ്രാമത്തിൽ വിദ്യാഭ്യാസമുള്ള ഏക ആളും  അയാൾ തന്നെ.
ഗ്രാമം നിറയെ ഉത്തരേന്ത്യയെ അനുസ്മരിപ്പിക്കും വിധം ഗോതമ്പുവയലുകളാണ്.
ഇങ്ങനെയൊരിടം ഭൂഗോളത്തിലുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം.
ചൈന- ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും മുംബൈയിലേക്ക് കുടിയേറിപ്പാർത്തവരാണിവർ, തനി മംഗോളിയക്കാരെ അനുസ്മരിപ്പിക്കുന്ന ശരീരപ്രകൃതി.
ഇങ്ങനൊരു വംശത്തെ പറ്റി പ്രസിദ്ധ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ  എനിക്ക് കേട്ടുകേൾവി പോലുമില്ല.
ഇതൊക്കെ ഇടക്കിടക്ക് ബസുദേവിൽ നിന്ന് വീണു കിട്ടിയ വിവരങ്ങളാണ്. 
അയാളാ ഗ്രാമത്തിന്റെ പേര് മാത്രം ഇതുവരെ പറഞ്ഞിട്ടില്ല. 
***
സ്ത്രീകൾ ആ ഒറ്റവസ്ത്രത്തിന്റെ തുമ്പു കൊണ്ട് തല മറച്ചിരുന്നു. കാതിൽ തോട്ട പോലെ ഒരാഭരണം. പുരുഷന്മാർക്ക് വയറിന്റെ വലതു ഭാഗത്തു നാരുകൾ കൊണ്ടൊരു കെട്ടുണ്ട്. അരയിലെപ്പോഴും ഞാത്തിയിട്ടിരിക്കുന്ന കത്തി കാണാം. 
കൃഷിയോടൊപ്പം വേട്ടപ്പണികളും സുലഭം, വലിയ മൃഗങ്ങളാണെങ്കിൽ അന്ന് ആഘോഷമാണ്. 
എന്നെ നോക്കുന്ന സ്ത്രീക്ക് ഒരു മകളുണ്ട്, കരിനീലക്കണ്ണുള്ള ഇരുനിറമുള്ള ഒരു കുഞ്ഞു കുട്ടി, നാല് വയസ്സ് വരും. 
വൈകുന്നേരങ്ങളിൽ അവളെന്റെ മുറിയുടെ വാതിൽക്കൽ വന്നെത്തി നോക്കി നിൽക്കാറുണ്ട്, ഇന്നും പതിവ് തെറ്റിച്ചില്ല.
ഞാനവളെ കൈകാട്ടി വിളിച്ചു, അവൾ മടിച്ചു മടിച്ച് അകത്തേക്ക് വന്നു.
"എന്താ പേര്?" അവൾ മനസ്സിലായില്ലെന്ന ഭാവത്തിൽ എന്നെ നോക്കി. പിന്നീട് കിണ്ണത്തിലിരുന്ന പച്ചിലകൾ ആമി(ആ സ്ത്രീയുടെ പേരാണ്) ചെയ്യുന്നത് പോലെ എന്റെ കരിഞ്ഞ മുറിവിൽ പുരട്ടി.
"ചിമിലീ.." പുറത്ത് ആമി നീട്ടി വിളിച്ചു.
പിടിക്കപ്പെട്ടതുപോലെ അവൾ എന്നെ നോക്കി.
'ആയി..' എന്ന് പറഞ്ഞു കിണ്ണം നിലത്തു വച്ച് ഓടിപ്പോയി.
***
ഇപ്പോൾ വൈകുന്നേരങ്ങളിൽ ഞാൻ തനിയെയാണ് നടക്കാനിറങ്ങാറ്. ചെറിയ ബുദ്ധിമുട്ടൊഴിച്ചാൽ ഞാൻ പൂർണ്ണ ആരോഗ്യവതിയായിരുന്നു. 
ഈ സമയങ്ങളിലാണ് ഭർത്താക്കന്മാർക്കായി പാകം ചെയ്ത് പെണ്ണുങ്ങൾ കാത്തിരിക്കുന്നത്. ഓരോ വീട്ടിലും ആ നേരം വരുന്ന മാറ്റമാണത്. 
കോഴികളും കാലികളും അലച്ചിൽ മതിയാക്കി കൂടുകളിലണയും.
ഞാനിപ്പോൾ ആ ചെറിയ ഗ്രാമത്തിലെ എല്ലാ ജീവികൾക്കും പരിചിതയായിക്കഴിഞ്ഞു, കുഞ്ഞു കുട്ടികൾ എന്റെ കൈ പിടിച്ച് നടക്കാറുണ്ട്.
ഭാഷയ്ക്കതീതമായ ഒരു ഹൃദ്യ സ്നേഹമുണ്ട് ഈ ജനങ്ങൾക്ക്. 
എനിക്ക് മുന്നിൽ കുടവുമെടുത്ത് നടന്ന പെൺകുട്ടിയും എതിരെ പണിയായുധങ്ങളുമായി വന്ന ചെറുപ്പക്കാരനും ഗൂഢ സ്നേഹത്തിന്റെ നോട്ടം കൈമാറി.
ഞാനും എന്റെ കാമുകനെ ഓർത്തു, അയാളിപ്പോൾ മറ്റൊരുത്തിക്കൊപ്പമായിരിക്കുമെന്നുറപ്പ്.
ഞാൻ മടങ്ങിയെത്തുമ്പോൾ ബസുദേവ് കാത്തിരിക്കുകയായിരുന്നു.
"മാഡം.. നിങ്ങൾക്ക് നാളെ പുറപ്പെടാം. ഇപ്പോൾ നിങ്ങൾ പൂർണ്ണ ആരോഗ്യവതിയാണ്. രാവിലെ പതിനൊന്നു മണിക്ക് വണ്ടി വരും".
ചിമിലി എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു, അവളുടെ മുഖം പ്രസന്നമല്ല, അവൾക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു. 
ഉടനെ ഒരു മടക്കം ആഗ്രഹിച്ചതല്ല, പോയല്ലേ തീരു. 
***
"മാഡം..." ബസുദേവ് വിളിച്ചു.
കാളവണ്ടിയുടെ താളത്തിനൊത്ത് മനസ്സും ചലിക്കുകയായിരുന്നു.
"മാഡത്തിന്റെ 'ആത്മാക്കൾക്ക് ഒരധ്യായം' നന്നായിരുന്നു.. ഞാനത് വായിച്ചിട്ടുണ്ട്.."
ഞാൻ നന്ദി സൂചകമായി ചിരിച്ചു.
"മാഡത്തിന് ആ ഗ്രാമം എവിടെയാണെന്നറിയുമോ..?"
"ഇല്ല, അതൊക്കെ പണ്ട് ആരൊക്കെയോ എഴുതി വച്ചതിന്റെ തനിയാവർത്തനം മാത്രമാണ്. ആ ഗ്രാമം എന്ന ഒന്നുണ്ടോ എന്ന് തന്നെ എനിക്കറിയില്ല".
"അങ്ങനെയൊന്നുണ്ട് മാഡം , അവിടെ നിന്നാണ് നമ്മൾ മടങ്ങുന്നത്..".
ഉള്ളിലെന്തൊക്കെയോ തണുത്തുറഞ്ഞ പ്രതീതി.
ഈ ഗ്രാമത്തെ പട്ടിയാണോ ഞാനെഴുതിയത്..? പുറം ലോകവുമായി ബന്ധമില്ലാത്ത, പരസ്പരം കലഹിക്കുന്ന, അപരിഷ്‌കൃതരായ, നരഭോജികളുടെ വെളിച്ചമെത്താത്ത ഇടാമെന്നു ഞാൻ വിശേഷിപ്പിച്ച ഗ്രാമം...മാഗില ഗാവ്.. ഇതാണെന്നോ? .. വിശ്വസിക്കാൻ പ്രയാസം..
വിശ്വസിക്കാനാവാതെ ഞാൻ ബസുദേവിന്റെ മുഖത്തേക്ക് നോക്കി, "അതെ മാഡം, നിങ്ങൾ താമസിച്ചത് മാഗിലയിലാണ്.
അവർക്ക് ഞങ്ങളുടെ മണ്ണിൽ കോൺക്രീറ്റ് കെട്ടിടങ്ങളുണ്ടാക്കണമായിരുന്നു. .. ഞങ്ങളുടെ പുഴയിലെ വെള്ളം കുപ്പിയിലാക്കി കയറ്റി അയക്കണമായിരുന്നു, ഞങ്ങൾക്ക് പണത്തേക്കാളും അന്നം തരുന്ന മണ്ണായിരുന്നു വലുത്, തലമുറകളുടെ കറുത്തലാണത്.."
ബസുദേവ് ഒന്ന് നിറുത്തി,
"എതിർത്ത്, ഫലമോ.. ഞങ്ങൾ അപരിഷ്‌കൃതരും ആർക്കും വേണ്ടാത്തവരുമായ നരഭോജി സമൂഹമായി മാറി. യാഥാർഥ്യമെന്തെന്നറിയാതെ നിങ്ങളും അതേറ്റു പിടിച്ചു. വെളിച്ചമെത്താത്ത ഇടാമെന്നു വിശേഷിപ്പിച്ചു. "
കാളവണ്ടി നിന്നു.
"മാഡം, ഇവിടെ നിന്ന് നിങ്ങൾ തനിച്ച് സഞ്ചരിക്കണം, ആ കാണുന്നതാണ് മെയിൻ റോഡ്. അവിടെ നിങ്ങളെ സ്വീകരിക്കാൻ ആളുകൾ എത്തിയിട്ടുണ്ട്"
ഇറങ്ങി യാത്ര പറയാൻ നിൽക്കുമ്പോൾ ബസുദേവ് പറഞ്ഞു,
"മാഡം, നിങ്ങളിനി ഞങ്ങളെ അന്വേഷിച്ചു വന്നാൽ ഞങ്ങൾ ഉണ്ടാകണമെന്നില്ല. ഇപ്പോൾ ഈ ഇന്ത്യാമഹാരാജ്യത്തിന്റെ ഭൂപടത്തിൽ തന്നെ ഇല്ല. അങ്ങനെയുള്ളവർ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷമായാൽ ആരാണറിയുക..?".
ബസുദേവ് കാളകളെ തെളിച്ചു. ആ വണ്ടിയുടെ ശബ്ദം മറയുന്നത് വരെ ഞാനവിടെ നിന്നു.
***
പുറത്തെത്തുമ്പോൾ എന്റെ സഹപ്രവർത്തകരും, കാമുകനും, എന്നെ ഇടിച്ചിട്ട് നിർത്താതെ പോയ ആ മാന്യ വനിതയുമടക്കം കുറെ ആളുകൾ നിൽപ്പുണ്ടായിരുന്നു.
"വെൽകം ബാക്", പൂച്ചെണ്ട് നൽകി ആ മാന്യ വനിത എതിരേറ്റു.
"താങ്ക്സ്", ഞാൻ നന്ദി പറഞ്ഞു.
"ഡിയർ, ഐ മിസ്ഡ് യു.." എന്റെ കാമുകൻ എന്നെ ചേർത്തു പിടിച്ചു.
"മീ ടൂ.." അയാളുടെ കാമുകി ആകാശത്തേക്ക് നോക്കി പല്ലിറുമ്മി.
വണ്ടിയിൽ കയറി പുറത്തേക്ക് നോക്കുമ്പോൾ ആ ചെറിയ ഗ്രാമത്തിലേക്ക് നീളുന്ന നൂലുപോലെയുള്ള പാത കാണാം.
ആ മാന്യ വനിത അടുത്ത വന്നിരുന്നു, "ആർ ഉ ഓക്കേ നൗ?"
"യെസ് താങ്ക്സ്".
ഞാനാലോചിക്കുകയായിരുന്നു, ഇവരൊക്കെ മനുഷ്യരാണോ എന്ന്, വെറും കോലങ്ങൾ, സ്വത്വമില്ലാത്ത ആത്മാക്കൾ, ഇവർക്ക് വേണ്ടിയായിരുന്നു അധ്യായമെഴുതേണ്ടിയിരുന്നത്. ഇവരുടെ മനസ്സുകളിലാണ് വെളിച്ചമെത്താത്തത്.
തിരുത്തണം,
ആദ്യം മുതൽ തിരുത്തണം.
വീണ്ടെടുക്കണം,
വെളിച്ചമുള്ള ഇടമാക്കി കുറിക്കണം. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ