2017, നവംബർ 7, ചൊവ്വാഴ്ച

പാപിനാശിനി

പാപിനാശിനി 

" നീ എങ്ങോട്ട് ഒഴുകിപ്പോയതാ.. " അയാൾ കുസൃതിച്ചിരിയോടെ ചോദിച്ചു.
"ഞാൻ ഒഴുകിപ്പോയോ? ഇച്ചായി സ്വപ്നം വല്ലതും കണ്ടോ?" അവൾ അത്ഭുതത്തോടെ ചോദിച്ചു. 
നനവുള്ള മുടി ഒന്നുകൂടി വിടർത്തിയിട്ടപ്പോൾ മുഖത്തേക്കും രണ്ടുതുള്ളി വെള്ളം തെറിച്ചു. അയാൾ കിടക്കയിൽ എണീറ്റിരുന്നു. 
അവളെ പിടിച്ച് ദേഹത്തോട് ചേർക്കുമ്പോൾ അയാൾ പറഞ്ഞു, 
"നീ ഗംഗയല്ലേ...  എങ്ങോട്ടേക്കെങ്കിലും  ഒഴുകിപ്പോയാലോ.. "
" ഇച്ചായി, ഞാൻ വെറും  ഗംഗയല്ല, ഗംഗ സെബാസ്റ്യാനാണ്.. അങ്ങനൊന്നും ഞാൻ ഒഴുകിപ്പോകില്ല.. " 
അവളുടെ ചിരിയിൽ അയാളും ചേർന്നു.
***
അയാളുടെ ഷർട്ടിലെ പുതിയ മണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ ഒന്ന് ചിരിച്ചു, " ഓ അതോ, അത് അലക്സ് പുതിയൊരു പെർഫ്യൂം  കൊണ്ട് വന്നു, അതൊന്നടിച്ചു നോക്കിയതാ.. "
'അലക്സ് ലേഡി ബ്ലൂ ആണോ അടിക്കുന്നതെന്ന്' ചോദിക്കുന്നതിനു മുൻപ്അയാൾ കുളിമുറിയിൽ കയറി വാതിലടച്ചു.
അമ്മായിയോട് അതിനെക്കുറിച്ച് പറഞ്ഞപ്പോൾ അവർ പറഞ്ഞതിങ്ങനെ..
"ആണുങ്ങളാകുമ്പ അങ്ങനെ തന്നാ.. ചെളി കാണുമ്പോ ചവിട്ടും, വെള്ളം കാണുമ്പോ കഴുകും.. നമ്മളെ ഇതൊക്കെ ക്ഷമിക്കേണ്ടത്.."
അവൾ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട അവർ വീണ്ടും  പറഞ്ഞു,  
" ഗംഗേ.. നീ ക്ഷമിക്ക്, എല്ലാം ശരിയാകും.. ഇതൊക്കെ മുൻകൂട്ടിക്കണ്ടാകും നിന്റെ 'അമ്മ നിനക്ക് പേര് വച്ചത്. സാധാരണ നസ്രാണികൾ  ഈ പേര് ഇടാറില്ലല്ലോ. .  നിന്റെ പേര് തന്നെ നോക്ക്.. ഗംഗ... പാപനാശിനിയായ ഒരു നടിയുടെ പേരാ..."
ഇവർക്കെങ്ങനാ ഇത്രയും വിവരം വച്ചതെന്ന് അവൾ അത്ഭുതത്തോടെ ആലോചിച്ചു. 
***
എപ്പോഴാണ് ഗംഗ മുറിയിലേക്ക് വന്നതെന്ന് അയാൾ അറിഞ്ഞില്ല, അലക്സിന്റെ ഭാര്യ ട്രീസയുടെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുകയായിരുന്നു അയാൾ. 
ഒരു മിന്നലൊളി  പറന്നു വരുന്നത് കണ്ടു.. ട്രീസ ഒരു നിലവിളിയോടെ കഴുത്ത് പൊത്തിപ്പിടിച്ചു.. മൂന്നു മിനിറ്റിനുള്ളിൽ അവളുടെ പിടച്ചിൽ തീർന്നു. 
ആ കാഴ്ചയുണ്ടാക്കിയ മരവിപ്പ്  മാറിയപ്പോഴാണ് അയാളുടെ കഴുത്തിലൂടെ തണുപ്പിന്റെ ചുവന്ന പാമ്പ് ഇഴയുന്നത് അയാൾ അറിഞ്ഞത്.. 
അതിനിടയിലും അയാൾ ഗംഗയുടെ ശബ്ദം കേട്ടു...
"ഇച്ചായി.. ഞാൻ പേര് മാറ്റി.. എന്റെ പേര് ഗംഗേന്നല്ല.. കാളിയെന്നാ.. ഭദ്രകാളി.. അവരുടെ ജോലി അറിയാല്ലോ അല്ലെ? പാപികളെ നശിപ്പിക്കൽ.. പാപിനാശിനി.. "
തന്റെ മുന്നിൽ നിൽക്കുന്നവൻ ആർത്തലയ്ച്ചൊഴുകുന്ന വെള്ളമാണോ, തലയോട്ടി മാലയണിഞ്ഞ മറ്റാരെങ്കിലുമാണോ എന്ന് തിരിച്ചറിയാൻ പാടുപെടുകയായിരുന്നു അയാൾ...



2017, നവംബർ 5, ഞായറാഴ്‌ച

ഗംഗ

ഗംഗ

"എല്ലാ നടപടികൾക്ക് ശേഷവും നിങ്ങൾ പിരിയാൻ തീരുമാനിച്ച സ്ഥിതിക്ക് കോടതി ഇതിന്മേൽ ഒരു തീർപ്പ് കല്പിക്കുന്നതാണ്. എങ്കിലും എന്താണ് നിങ്ങൾ പിരിയാൻ തീരുമാനിച്ച യഥാർത്ഥ കാരണം?"
അയാൾ നിശ്ശബ്ദനായി നിന്നു. 
ആ മൂകതയെ മുറിച്ചു കൊണ്ട് അവൾ പറഞ്ഞു, 
"ഇയാളെന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്നു."
അവിടെ പരന്നത് നിശ്ശബ്ദതയാണോ അതോ അതിനപ്പുറമുള്ള മറ്റെന്തെങ്കിലുമാണോന്നറിയാൻ ജഡ്ജിക്ക് കഴിഞ്ഞില്ല.
"നിങ്ങളെ പിരിഞ്ഞു ജീവിക്കാൻ കോടതി അനുവദിച്ചിരിക്കുന്നു. നിങ്ങൾ ഇന്ന് മുതൽ ഭാര്യ ഭർത്താക്കന്മാർ അല്ല."
കോടതി വരാന്തയിൽ അയാളുടെ കണ്ണുകളിൽ കണ്ട സ്നേഹം അവൾ കണ്ടില്ലെന്നു നടിച്ചു. 
അവൾക്ക് വീർപ്പുമുട്ടാൻ തുടങ്ങിയിരുന്നു.
അവളുടെ മനസ്സ് അയാൾക്ക് കേൾക്കാൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു...
'എന്നെ തളച്ചിടരുത്....
ഞാനൊരു ഗംഗയാണ്..
എനിക്കും ഒഴുകിയെത്തണം..'