വഴിമുടക്കികൾ
ആദ്യമായി അച്ചാമ്മയാണെന്നോട് പറഞ്ഞത്,'ഞാൻ വഴിമുടക്കിയാണെന്ന്'.
പ്രസവത്തോടെ അമ്മ മരിച്ചു. അപ്പൻ വേറെ വിവാഹം കഴിക്കാത്തതിന്റെ കാരണം ഞാനാണത്രെ, 'ഞാനെന്ന വഴിമുടക്കി'.
രണ്ടാമത്തെ പ്രാവശ്യം വ്യക്തമായി പറഞ്ഞത് കൊച്ചച്ചനായിരുന്നു.
'കൊച്ചച്ചന്റെ മകളെ പെണ്ണുകാണാൻ വന്ന കൂട്ടർക്ക് എന്നെ ഇഷ്ടപ്പെട്ടത്രെ. കൊച്ചച്ചൻ പറഞ്ഞതിനേക്കാൾ എന്നെ കുത്തി നോവിച്ചത് ശാലിനിയുടെ വാക്കുകളായിരുന്നു.
'ചേച്ചിക്ക് എന്നോട് സ്നേഹമുണ്ടായിരുന്നെങ്കിൽ അടുക്കള വാതിൽക്കൽ പോലും വരരുതായിരുന്നു. എല്ലാരും പറയുന്നത് ശരിയാണ്, ചേച്ചി വഴിമുടക്കി തന്നെയാണ്. അച്ചാമ്മ പറയുന്നത് ഞാനിതുവരെ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ തോന്നുന്നു എല്ലാം ശരിയാണെന്ന്.'
അച്ചാമ്മ പറഞ്ഞിട്ടാണ് പശുവിനു പിണ്ണാക്ക് കൊടുക്കാൻ പോയതെന്നും വരുന്ന വഴിക്കാണ് ആ പയ്യൻ എന്നെ കണ്ടതെന്നും പറയാൻ പൊന്തിച്ച നാവ് അനങ്ങാതെ നിന്നു.
വളരും തോറും, പ്രായം കൂടുംതോറും വഴിമുടക്കിയെന്ന പേരിന്റെ കാഠിന്യം കൂടി വന്നു. കേൾക്കും തോറും ആ വിളി എന്റെ പേരായി മാറി.
ഈ നിമിഷം വരെയും എനിക്കെന്റെ പേര് നിശ്ചയമില്ല, കുഞ്ഞുനാളിലെപ്പോഴോ അപ്പൻ മാളൂവെന്നു വിളിച്ച മങ്ങിയൊരോർമ്മയൊഴിച്ചാൽ 'വഴിമുടക്കി' എന്ന പേരിനാണ് തെളിച്ചം കൂടുതൽ.
ഇപ്പോൾ ആരൊക്കെയോ പറയുന്നത് കേൾക്കാം,
'ആ കുട്ടിയുടെ പേരെന്താണാവോ, വഴിമുടക്കിയെന്ന പേര് മാത്രമേ എല്ലാര്ക്കും ഓർമ്മയുള്ളു.'
ഞാൻ ഉള്ളിൽ സന്തോഷിക്കുന്നുണ്ട്,
'എന്റെ പേര് മായ്ച്ചവരുടെ ഇപ്പോഴത്തെ അങ്കലാപ്പ് കണ്ടിട്ട്'.
പറയാൻ മറന്നു, ഇന്ന് പുലർച്ചെ നാല് മുപ്പത്തിനാലിന് ഞാൻ മരിച്ചു പോയി, ഒരു ചെറിയ അറ്റാക്ക്.
ദൈവത്തിന് നന്ദി. ഇനിയും വഴിമുടക്കി എന്ന പേര് കേൾക്കേണ്ടി വരില്ലല്ലോ.
"പേര് കിട്ടി, ഐശ്വര്യ, ആ കൊച്ചിന്റെ ജനന സർട്ടിഫിക്കറ്റിലുണ്ട്." കൊച്ചച്ചനാണെന്നു തോന്നുന്നു, അപ്പന്റെ പഴയ ട്രങ്കുപെട്ടിയിൽ നിന്നു തപ്പിയെടുത്തതാണോ?
എന്തായാലും എനിക്കിപ്പോ എന്റെ പേര് തിരികെ കിട്ടി. ഇവർ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കുമ്പോൾ ഈ പേര് തന്നെ വയ്ക്കുമായിരിക്കും.
സർട്ടിഫിക്കറ്റിൽ മാത്രം ഒതുങ്ങിക്കൂടി ഒരു പേര്,
ആരൊക്കെയോ എന്നെ പൊതിയുന്നുണ്ട്, പെട്ടെന്ന് ആരോ പറയുന്നു.
"ഒരു അഞ്ചു മിനിറ്റ് കൂടി നോക്കാം, ആരെങ്കിലും വരാനുണ്ടെങ്കിലോ"
"നിറുത്തിനെടാ വഴിമുടക്കികളെ, എന്നെയിനി ആരും കാണാൻ വരാനില്ല, എന്റെ അവസാന യാത്രയായിത്. വഴിമുടക്കാതെ മാറിനെടാ.."
എന്റെ സഹികെട്ട അലർച്ച ആരും കേട്ടില്ലെന്നു തോന്നുന്നു.
അവർ ആ അഞ്ചു മിനിറ്റിൽ വരാനുള്ള ആളിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്.