2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

കനൽ പൂക്കുന്ന വയലുകൾ

കനൽ പൂക്കുന്ന വയലുകൾ 

ദേവി കേളനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായി.
ഇതുവരെ കണ്ടില്ല. എന്താണാവോ ഇത്ര വൈകുന്നത്.. 
***
വയലുകളിൽ അവിടവിടെ മിന്നാമിനുങ്ങുകൾ പാറിപ്പറക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. 
സന്ധ്യ  കഴിഞ്ഞിട്ടും കേളനെ കാണുന്നില്ല, ഇന്ന് പാടത്ത് പണിയില്ലാത്ത ദിവസമാണല്ലോ.. എന്ത് പറ്റി?
ആലോചിച്ചപ്പോഴേക്കും അകലെ നിന്ന് വേഗത്തിൽ നടന്നു വരുന്ന കേളനെ കാണായി.
അയാൾ അടുത്തെത്തിയപ്പോൾ ദേവി ദേഷ്യഭാവത്തിൽ മുഖം തിരിച്ചു. 
"ന്റെ ദേവ്യേ... ങ്ങനെ പെണങ്ങാനാണോ ന്നെ വരമ്പറഞ്ഞെ?.."
കേളൻ ദേവിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. 
ദേവി പുഞ്ചിരിച്ചുകൊണ്ട് അയാളെ നോക്കി. 
"ഞാനെത്ര നേരായി കാത്തിരിക്കേണ്.. ഒന്ന് നേരത്തെ വന്നൂടെ?"
അവൾ കയ്യിൽ കരുതിയിരുന്ന ഇലയട അവനു നേരെ നീട്ടി.  
"ഡി ദേവ്യേ.. എങ്ങാട്ട് പോയിക്കിടക്കുവാണെഡി.."
ദേവിയൊന്ന്‌ ഞെട്ടി. അവൾ പിടഞ്ഞെണീറ്റു. 
വല്യേട്ടന്റെ ശബ്ദം.. 
വായിലേക്ക് കടിച്ച ഇലയട തിന്നിറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കേളൻ. 
ഒന്ന് തിരിയും മുൻപേ കണ്ണുനായർ മുന്നിൽ പ്രത്യക്ഷപ്പെട്ടു, കൂടെ മൂന്നാലുപേരും.

"ആഹ്ഹ.. നീ ഇവടാരുന്നു ല്ലേ..? നാട്ടാർ ഓരോന്ന് പാറേമ്പഴും വിശ്വസിച്ചില്ല. ഇപ്പൊ ബോധ്യായി."
"ഏട്ടാ.. "
ദേവി അയാൾക്കരികിലേക്ക് ചെന്നു.
"മിണ്ടരുത് നീ.. പിടിച്ചു കേട്ടെടാ അവനെ.."
കേളനെ പിടിച്ചു കെട്ടപ്പെട്ടു. 
കൈകാലുകൾ ബന്ധിതനായി അയാൾ നിന്നു.
"ഏട്ടാ.. ഒന്നും ചെയ്യരുത്.. കേളൻ പൊക്കോട്ടെ.."
ദേവി നിലവിളിയോടെ കണ്ണുനായരുടെ  കാൽക്കൽ വീണു, കണ്ണുനായർ അവളെ കണ്ടതായി പോലും ഭാവിച്ചില്ല. 
"ഏട്ടാ..കേളനെ ഒന്നും ചെയ്യരുത്.. കേളനെതെങ്കിലും സംഭവിച്ചാപ്പിന്നെ ന്നെ ആരും ഉയിരോടെ കാണൂല്ല.."
ദേവിയുടെ ദൈന്യത ഭീഷണിക്ക് വഴി മാറി. 
കണ്ണുനായർ അവളെയൊന്നു നോക്കി. 
"അഴിച്ചു വിടെടാ അവനെ..."
കേളന്റെ കെട്ടുകൾ അഴിക്കപ്പെട്ടു. 
"നീ തറവാട്ടിലേക്ക് പോ.." കണ്ണുനായർ ആജ്ഞാപിച്ചു. 
ദേവി നേർത്തൊരാശ്വാസത്തോടെ തിരിഞ്ഞു നടന്നു, അവൾ കേളനെ തിരിഞ്ഞൊന്നു നോക്കി, അയാൾ പുഞ്ചിരിച്ചു. 
പെട്ടെന്ന്, കേളന്റെ ദേഹത്തേക്ക് മണ്ണെണ്ണ കോരിയൊഴിക്കപ്പെട്ടു. 
"ഒരു പറയന് ഇത്രക്കത്യാഗ്രഹം പാടില്ല, നായരുട്ടിയെത്തന്നെ വേണം അല്ലേടാ.." 
ദേവി അയാൾക്കരികിലേക്ക് കുതിക്കുമ്പോഴേക്കും ആരുടെയൊക്കെയോ കൈകളാൽ അവൾ തടയപ്പെട്ടു. 
ഒരു തീപ്പൊരി കേളന്റെ ദേഹത്തേക്കെറിയപ്പെട്ടു. അയാളൊരു തീപ്പന്തമായി നിന്നെരിഞ്ഞു..
അയാൾക്കൊപ്പം വയലുകളുടെ തലപ്പും തീയണിഞ്ഞു. 
ദേവി കണ്ണുതുറക്കുമ്പോഴേക്കും, ഒരു വലിയ കരിക്കട്ടയ്ക്കൊപ്പം വയലുകളിൽ കനലുകൾ പൂത്തു നിന്നിരുന്നു. 
***
"ഇവിടുണ്ട്.. ഇവിടുണ്ട്.. വേം വാ.. "
ആരൊക്കെയോ നടന്നടുക്കുന്ന ശബ്ദം. 
"വല്ലിമ്മച്ചി ഇവടെ വന്നിരിക്കുവാണോ.. എത്ര നേരായി.. വാ പോവാം..."
രണ്ടു പേര് ദേവിയുടെ കൈകളിൽ പിടിച്ചു തൂക്കിയെടുത്തു. 
"വട്ടു വരുമ്പോ ഇങ്ങനാ.. ഇവിട വന്നിരിക്കും, ഇതുവരെ വേറെങ്ങും പോകാത്തത് ഭാഗ്യം." കൂടെ വന്നവർ പരസ്പരം പറയുന്നത് കേട്ടു.
ദേവിയൊന്ന്‌ തിരിഞ്ഞു നോക്കി.. 
അകലെ നിന്നു കേളൻ വേഗത്തിൽ നടന്നടുക്കുന്നു..
ദേവി തിരിഞ്ഞു നോക്കാതെ നടന്നകന്നു.. 
ഇനിയൊരു വയലിൽ കനൽ പൂക്കുന്നത് കാണാൻ അവർക്ക് ത്രാണിയില്ലായിരുന്നു.


2018, ഏപ്രിൽ 20, വെള്ളിയാഴ്‌ച

അർധരാത്രിയിലെ അപരിചിതർ

അർധരാത്രിയിലെ അപരിചിതർ 

മജെസ്റ്റിക്കിലേക്ക് എത്തുമ്പോൾ സമയം അർധരാത്രി കഴിഞ്ഞിരുന്നു. 
സദാനന്ദൻ ഉറക്കച്ചടവ് മാറാതെ നിൽക്കുകയായിരുന്നു. 
"വേഗം വാടോ സദാനന്ദാ.. ഈ ട്രെയിനും കൂടി പോയാൽ ഇനി നാളെ ഉച്ചയ്ക്കേയുള്ളു. അടുത്ത ബസ്സിന്‌ കയറിയാല് മാത്രേ സമയത്ത് സ്റ്റേഷനിലെത്തുള്ളു.." ശ്രീധരൻ നായർ തിടുക്കം കൂട്ടി.. 
സദാനന്ദൻ ഒന്ന് തല കുടഞ്ഞു.. 
"ആ വെള്ളം ഇച്ചിരി ഇങ്ങു തന്നേ.."
ശ്രീധരൻ നീട്ടിയ വെള്ളം വാങ്ങി അയാളൊന്നു മുഖം കഴുകി...
അടുത്ത ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി രണ്ടാളും വേഗത്തിൽ നടന്നു. 
ഇരുള് മറയുന്നിടത്തായി രണ്ടു യുവതികൾ.. 
"ഇവറ്റകളൊക്കെ ഇങ്ങനെ ജീവിക്കുന്നതിനെന്തിനാ.. പോയി ചാകണതാ ഇതിലും ഭേദം.."
കനത്തിലിട്ട അവരുടെ ചുവന്ന  ലിപ്സ്ടിക്കിലേക്ക് നോക്കി സദാനന്ദൻ പ്രാകി. 
അവരത് കേട്ടെന്നു തോന്നുന്നു.. 
നടക്കുന്നതിനിടയിൽ ശ്രീധരൻ ഒന്നുകൂടി തിരിഞ്ഞു നോക്കി. 
'അതിലൊരു  യുവതിയെ കണ്ടതുപോലൊരു പരിചയം' 
"എന്താടോ ശ്രീധരാ.. ഈ വയസാം കാലത്ത്.. തനിക്കിതെന്തിനതിന്റെ കേടാണ്? ഇങ്ങോട്ട് വേഗം നടക്ക്.."
ശ്രീധരന്റെ തിരിഞ്ഞുനോട്ടം കണ്ടിട്ട് സദാനന്ദൻ ശബ്ദമുയർത്തി.
ശ്രീധരൻ കാലുകൾ വലിച്ചു വച്ച് നടന്നു.. 
ബസ് സ്റ്റോപ്പിലെത്തിയതും റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസ് വന്നു നിന്നതും ഒരുമിച്ചായിരുന്നു. 
ജനാലയ്ക്കരികിലെ സീറ്റിലിരിക്കുമ്പോൾ അയാളൊന്നു സംശയിച്ചു, 
'രേണു മോളാണോ അത്?.. ഹേയ്.. ആകാൻ വഴിയില്ല.. അവൾ ആ പയ്യനൊപ്പം സുഖമായി കഴിയുന്നുണ്ടാകും എവിടെയെങ്കിലും..'
ആ രണ്ടു യുവതികളെ കണ്ട വഴിയുടെ അറ്റത്ത് അവരുടെ നിഴലുകൾ അപ്രത്യക്ഷമാകുന്നത് അയാൾ കണ്ടു.
***
ചിന്താഭരിതമായ മുഖം കണ്ടിട്ടാകണം ശാന്തി ചോദിച്ചത്.. 
"എന്താ.. ഒരാലോചന?.. ആ സേട്ട് വീണ്ടും..?"
"ഞാനെന്തോ ഓർത്തുപോയി..."
രേണു ആലോചിക്കുകയായിരുന്നു, 
'അച്ഛനായിരുന്നോ അത്?.. ഹേയ്, അച്ഛനാകാൻ വഴിയില്ല... അച്ഛനെന്തിനിവിടെ വരണം?.. നാട്ടിൽ സുഖമായിട്ടിരിക്കുകയായിരിക്കും.. '
രേണു തിരിഞ്ഞു നോക്കുമ്പോഴേക്കും ബസ്സിന്റെ ടയറുകളുണ്ടാക്കിയ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ അലിഞ്ഞു കഴിഞ്ഞിരുന്നു. 


2018, ഏപ്രിൽ 10, ചൊവ്വാഴ്ച

വേലിക്കരികിൽ മടങ്ങിയെത്തുന്നവർ

വേലിക്കരികിൽ മടങ്ങിയെത്തുന്നവർ 

പൊളിഞ്ഞു വീഴാറായ കൊന്നവേലിയിൽ ചാരി അയാളിരുന്നു. 
അടുത്തടുത്തു വരുന്ന കാലൊച്ച കേൾക്കാം.. 
ആരാണാവോ ഈ മൂവന്തി നേരത്ത്?
കാലൊച്ച പരിചയമുള്ളത് പോലെ തോന്നി. 
"അണ്ണാ.. " പരിചയമുള്ള സ്വരം, പരിചയമുള്ള വിളി. 
അയാളുടെ മനസ്സൊന്നു കുതിച്ചു. 
നിലത്തു നിന്നും പിടഞ്ഞെണീറ്റ അയാൾക്ക് തൻറെ കണ്ണുകളെ വിശ്വസിക്കാനായില്ല. 
ചുണ്ടിലൊരു വിടർന്ന പുഞ്ചിരിയോടെ അവൾ.. 
അറിയാതെ അയാളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. 
"അണ്ണനെന്താ ഈ നേരത്ത് ഇവിടെയിരിക്കുന്നെ? എങ്ങോട്ടും പോയില്ലേ?" അവൾ ചോദിച്ചു. 
"ഞാനെങ്ങോട്ട് പോകാനാ.. ആരുമില്ലല്ലോ കാണാൻ.." അയാളുടെ വാക്കുകളിൽ നിരാശയുടെ ലാഞ്ചന.
അവളും അയാൾക്കരികിലായിരുന്നു.
തട്ടത്തിനിടയിലൂടെ അവളുടെ മുടിയിഴകൾ കാറ്റിൽ പറന്നു കളിച്ചു. 
എന്തൊരു മൊഞ്ചാണ് പെണ്ണിന്.. 
അവളും അയാളെത്തന്നെ നോക്കുകയായിരുന്നു.
അയാളുടെ കണ്ണുകൾക്കെന്തൊരു തിളക്കമാണ്.. 
എന്തൊക്കെയോ സംസാരിച്ച് നേരം പോയതറിഞ്ഞില്ല. 
"അണ്ണന്റെ മക്കളൊക്കെ?"
"മോൻ റെയ്ൽവേയിൽ സ്റ്റേഷൻ മാസ്റ്ററാ, മോള് ടീച്ചറാ, അവൾടെ കെട്ടിയോൻ കോളേജിൽ പഠിപ്പിക്കുന്നു.. രണ്ടു പേർക്കും ഈരണ്ട് മക്കൾ, ഒരാണും ഒരു പെണ്ണും വീതം.."
അവൾ അതുശരി എന്ന രീതിയിൽ തലയാട്ടി. 
അയാൾ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, "ഞാനൊരു കാര്യം ചോദിച്ചാൽ നീയെന്നോട് കള്ളം പറയില്ലല്ലോ അല്ലെ?"
"ഞാനെന്തിനാ അണ്ണനോട് കള്ളം പറയുന്നത്? ചോദിക്ക്.."
"നീയെന്താ കല്യാണം കഴിക്കാതെ?"
ആ ചോദ്യത്തിന് മുന്നിൽ അവളൊരു നിമിഷം നിശബ്ദയായി.. 
"അങ്ങനെ ചോദിച്ചാൽ അതിന്റെ ഉത്തരം എനിക്കും അറിയില്ല, ആദ്യമാദ്യം നമ്മുടെ ബന്ധം വീട്ടുകാർ അനുവദിക്കുമെന്ന പ്രതീക്ഷയിൽ കുറെ കാലം കടന്നു പോയി.. അപ്പോഴേക്കും എന്റെ സമയവും കഴിഞ്ഞു..പിന്നെ.. " 
അയാളുടെ മുഖത്ത് വേദനയും നിരാശയും കലർന്നൊരു ഭാവമുണ്ടായി.. 
അവളൊന്നു ചിരിച്ചു.. ആ ചിരിയിലും അതെ ഭാവമായിരുന്നു. 
"സാരമില്ല അണ്ണാ.. ഇനി പറഞ്ഞിട്ടെന്താ.. അതൊക്കെ കഴിഞ്ഞു പോയില്ലേ.."
അയാൾ പതിയെ പറഞ്ഞു.. 
"എനിക്കൊരു കാര്യത്തിൽ മാത്രമേ നിരാശ തോന്നിയിരുന്നുള്ളു.. "
"എന്താത്?"
"അന്ന് മതത്തിന്റെ വേലിക്കെട്ടുകളെല്ലാം മുറിച്ചെറിഞ്ഞു നിന്നെയും കൊണ്ട് പോകണമായിരുന്നു.. എവിടേക്കെങ്കിലും.. ജീവിതാവസാനം വരെയും ആ നിരാശയുണ്ടായിരുന്നു മനസ്സിൽ"
അവൾ വീണ്ടും നിശബ്ദയായി. 
"അല്ല, ഞാനിവിടെയുണ്ടെന്നു നീയെങ്ങനെ അറിഞ്ഞു?"
"നാണിത്തള്ള പറഞ്ഞു.."
"ഉം. നാണിത്തള്ള. പുള്ളിക്കാരി ഇടക്കൊക്കെ അങ്ങോട്ട് വരാറുണ്ട്.. പഴയ പരദൂഷണക്കൂട്ടങ്ങൾ അവിടെയുമുണ്ടല്ലോ.. ഞാൻ ഒളിഞ്ഞു നിന്ന് കേട്ടതാ.. അവരെ എനിക്ക് പണ്ടേ ഇഷ്ടമല്ല.. നമ്മളിവിടെ നിന്ന് സംസാരിക്കുന്ന കാര്യം അവരെ ഉമ്മന്റടുത്ത് പറഞ്ഞു കൊടുത്തത്.."
"ഞാനോർക്കുന്നുണ്ട്.. അവസാനം വീട്ടുകാർ തമ്മിൽ വഴക്കായി.. എന്നെ കൊച്ചിക്ക് പറഞ്ഞയച്ചു.. നിന്നെ പൂട്ടിയിട്ടു.."
അവളാ വേലിയെ ഒന്ന് തലോടി.. "ഈ വേലിക്കറിയാം എല്ലാം.. ".
കാണെക്കാണെ അവർക്കിരുവർക്കും പ്രായം കൂടിക്കൂടി വന്നു.. 
നരച്ച തലയും.. ചുളിഞ്ഞ നെറ്റിയും.. 
അപ്പോഴും അയാളോർത്തു, 'എന്തൊരു മൊഞ്ചാണ് പെണ്ണിന്..'
അവളും ഓർക്കുകയായിരുന്നു. 'എന്തൊരു തിളക്കമാണ് ആ കണ്ണുകൾക്ക്'. 
"എത്ര വർഷമായി..?"
"മുപ്പത്തഞ്ചായിക്കാണുമല്ലേ?"
"നീയെങ്ങനെ ഇവിടംവരെയെത്തി?"
"എന്നെ അടക്കീരിക്കണത് പുതിയ  മദ്രസ ഇരിക്കുന്നതിനടുത്താ.. ഒരു പയ്യൻ പന്തും കളിച്ചോണ്ട് എന്റടുത്തേക്ക് വന്നു.. ഞാനാ പന്തിൽ കേറി ഇങ്ങു പോന്നു.. പുതിയ കെട്ടിടങ്ങളൊക്കെ വന്നപ്പോൾ വഴിയൊന്നും അറിയാൻ വയ്യാതായി.. ആ പയ്യൻ ഇത് വഴിയാ പോയത്.. ഞാൻ ഇവിടിറങ്ങി..  ഇസ്മായിലിന്റെ പേരക്കുട്ടിയാണെന്നാ  തോന്നണത്.. അല്ല, അണ്ണനെന്താ ഈ ഒഴിഞ്ഞ കോണിൽ?".
"ഓ അതോ.. രണ്ടുപേർക്കും വീതം വച്ച് കൊടുത്ത കൂട്ടത്തിൽ അവർ അച്ഛനും അമ്മയ്ക്കും ഓരോ സെന്റ് മാറ്റിവച്ചിട്ടുണ്ട്. എന്നെ ഇവിടെ കൊണ്ടടക്കി. അവൾക്ക് വേണ്ടി അപ്പുറത്തോട്ട് ഒരു സെന്റുണ്ട്... എന്തായാലും വേലിക്കരികിൽ ആയത് ഭാഗ്യം.. പഴയ കാര്യങ്ങളൊക്കെ ഓർക്കാല്ലോ.."
അവൾ വീണ്ടും ചിരിച്ചു.. 
"പിന്നെ, ആ കുറിവരച്ച അമ്മാവനില്ലേ.. അയാൾ ഹാജിയാരെ കാണാൻ ഇടക്കിടക്ക് വരാറുണ്ട്.. "
"നീ ഓർക്കുന്നുണ്ടോ.. നമ്മളെയും വീട്ടുകാരെയും പറഞ്ഞു തിരിക്കാൻ മുന്നിൽ നിന്നവരാ രണ്ടാളും.. " 
രാത്രി ഏതാണ്ട് തീരാറായിരിക്കുന്നു, അവൾ എണീറ്റു.
"ആ വരുന്ന കാറ്റിന്റെ കൂടെ എനിക്ക് തിരികെ പോകണം.. "
"നീ ഇനിയും വരില്ലേ?"
"അണ്ണനങ്ങോട്ട് വന്നൂടെ ഇടക്ക്?"
"ജീവിച്ചിരിക്കുന്ന കാലത്ത് നിന്നെക്കാണാൻ അവർ സമ്മതിച്ചിട്ടില്ല, ഇനിയിപ്പോ അതൊക്കെ നടക്കുമോ ആവോ?"
അവൾ കുലുങ്ങിചിരിച്ചു..
"വരുന്നെങ്കിൽ വാ. മദ്രസയുടെ പിൻവശത്തായിട്ട് ഒരു പഴയ കിണറുണ്ട്.. ഞാനവിടെ കാത്തിരിക്കാം.. "
നീങ്ങി വന്ന കാറ്റിനൊപ്പം അവൾ പോയി. 
'നാളെ വേണു പുല്ലുചെത്താൻ വരുമ്പോൾ അവന്റെ കൂടെ പോകാം.. അവൻ ഏതു സമയവും വെള്ളമായതുകൊണ്ട് അറിയില്ല.. മോന്തിക്ക് കവലയിലെത്തിയാൽ അതുവരെ പോകാൻ ആരെയെങ്കിലും കിട്ടും.. '
അതുവരെ വിരസമായി തോന്നിയ വേലിക്കരികിലെ അയാളുടെ മണ്ണ് മാടം ഒന്ന് തണുത്തു.. 
വേലിക്കൊന്നകൾ അയാളെ നോക്കി കൈവീശി.. 
നാളത്തെ കണക്കുകൂട്ടലുകൾ മനസ്സിലുറപ്പിച്ച് അയാൾ തൻറെ കിടപ്പാടത്തിലേക്ക് യാത്രയായി. 


2018, ഏപ്രിൽ 2, തിങ്കളാഴ്‌ച

കഥയുടെ കഥ, എൻറെയും

കഥയുടെ കഥ, എൻറെയും

കഥയുടെ  കഴുത്തിലേക്ക് താലി ചാർത്തുമ്പോൾ അയാളുടെ കയ്യിലേക്ക് ഒരുതുള്ളി കണ്ണീർ വീണു,
അയാൾണ്ട  അമ്പരന്ന് അവളുടെ മുഖത്തേക്ക് നോക്കി, അവൾ ചിരിക്കുന്നു.
അയാളുടെ മനസ്സിലൊരു പുഞ്ചിരി പടർന്നു.
അവളെ ആദ്യമായി കണ്ട ദിവസം അയാൾ ഓർത്തെടുത്തു.
തരവൻ കൊണ്ട് വന്ന ആലോചന, വല്യ താല്പര്യമില്ലാതെ പോയതാണ്.
അവൾ വാതിലിനു മുന്നിൽ വന്നു നിൽക്കുന്നത് കണ്ടിട്ടും വല്യ ആകർഷണമൊന്നും തോന്നിയില്ല.
വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി.
"നിങ്ങൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ.. ", വല്യച്ഛനാണ്‌ പറഞ്ഞത്.
അയാൾ പുറത്തെ മഞ്ചാടിയുടെ ചുവട്ടിലേക്ക് നടന്നു. അവൾ പിന്നിൽ വന്നു നിന്നു.
"പേരെന്താ?"
'കഥ"
"കഥയോ?"
"അതെ, കഥ"
"അതെന്താ അങ്ങനൊരു പേര്?"
അതിനു പകരം അവൾ എന്റെ പേരാണ് ചോദിച്ചത്,
"ആനന്ദ്"
"ഓരോരുത്തരും ഓരോ കഥയല്ലേ.. ചിലർ അവരുടെ കഥയ്ക്ക് വ്യത്യസ്ത പേരുകളിടുന്നു, ആനന്ദും ഒരു കഥയായിരിക്കുമല്ലോ, അതുപോലെ.. എന്റെ പേര് കഥ, എന്റെ കഥയുടെ പേരും കഥ."
അവൾ പറഞ്ഞതിൽ ഒന്ന് പോലും മനസ്സിലായില്ലെങ്കിലും അയാൾ ചിരിച്ചു.
***
ജാതകചേർച്ചയുണ്ടെന്നു നേരത്തെ അറിഞ്ഞിരുന്നു. 
കല്യാണം ഏതാണ്ട് ഉറപ്പിക്കുമെന്ന മട്ടായി. അറിയാതെയാണെങ്കിലും അയാൾ അവളെ കുറിച്ചുള്ള ചിന്തകൾ മനസ്സിൽ ഓടിത്തുടങ്ങി, എന്തായിരിക്കും ഇഷ്ടങ്ങൾ.. ഇഷ്ടക്കേടുകൾ.. ഒന്നും ചോദിച്ചില്ല.. 

മൂന്നു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അവളെ ബസ് സ്റ്റോപ്പിൽ വച്ച് കണ്ടു. 
അങ്ങോട്ട് നോക്കാൻ ചമ്മലായിരുന്നു, അവളാണ് അടുത്തേക്ക് വന്നത്. 
"എനിക്കൊരല്പം സംസാരിക്കണമായിരുന്നു".
അടുത്ത ബേക്കറിയിൽ ജ്യൂസ് കുടിച്ചിരിക്കുമ്പോൾ അവൾ പറഞ്ഞു തുടങ്ങി. 
"വീട്ടുകാർ കല്യാണം ഉറപ്പിക്കുന്നതിന്റെ സംസാരത്തിലാണ്."
"അറിഞ്ഞു"
"അതിനു മുന്നേ ഒന്ന് സംസാരിക്കണമെന്ന് തോന്നി"
മനസ്സിലെന്തോ ഒരു അമ്പരപ്പ് കൂടുകൂട്ടാൻ തുടങ്ങിയിരുന്നു. 
അവൾക്കിനി മറ്റാരെയെങ്കിലും ഇഷ്ടമാണെന്നാവുമോ പറഞ്ഞു വരുന്നത്..?
"ആനന്ദ്, ഒരു നല്ല മനുഷ്യനാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഏതു പെൺകുട്ടിയും കണ്ടാൽ ഇഷ്ടപ്പെടും ഇയാളെ, സുന്ദരനാണ്, നല്ല ജോലിയുണ്ട്.. "
അയാളുടെ ഹൃദയം മിടിക്കാൻ തുടങ്ങിയിരുന്നു. 
"പക്ഷെ, നിങ്ങൾ ആഗ്രഹിക്കുന്നത് പോലുള്ള സ്ത്രീധനം താരം ഞങ്ങൾക്കാകില്ല. അച്ഛൻ നിങ്ങൾ പറയുന്നതെല്ലാം സമ്മതിച്ചേക്കും, പക്ഷെ, എനിക്കതിനു സാധിക്കില്ല. 
പ്രായമായി വിശ്രമിക്കേണ്ട കാലത്ത് എടുത്താൽ പൊങ്ങാത്ത ഭാരമെടുത്തു വച്ച് ഓരോ ദിവസവും പ്രായമേറി വരുന്ന അച്ഛനെ കാണാനെനിക്ക് സാധിക്കില്ല. അതുപോലെ ആസ്വദിക്കേണ്ട പ്രായത്തിൽ കടം വീട്ടാനോടി നടക്കേണ്ടി വരുന്ന അനിയനെയും, അതൊക്കെ എനിക്ക് സങ്കല്പിക്കാവുന്നതിലും അപ്പുറമാണ്. 
അതുകൊണ്ട്.. ആലോചിച്ചു തീരുമാനിച്ചാൽ മതി."
***
വീട്ടിലേക്ക് ചെല്ലുമ്പോൾ വല്യച്ഛൻ തരവനോട് സംസാരിക്കുകയായിരുന്നു. 
"ഞങ്ങൾ ഒന്നുകൂടി ആലോചിക്കട്ടെ..", അത്ര മാത്രമേ കേട്ടുള്ളൂ. 
അടുക്കളയിൽ ചെന്നപ്പോൾ 'അമ്മ പറഞ്ഞു, 
"ആ കുട്ടിക്ക് കൊടുക്കാൻ അധികമൊന്നും ഇല്ലെന്നാ കേട്ടത്"
'ഉം"
ഉറക്കം അൽപ്പം പോലും കടാക്ഷിക്കാത്തതുകൊണ്ട് അയാൾക്ക് ആലോചിക്കാൻ സമയം കിട്ടി. 
'അവൾ പറഞ്ഞതിൽ എന്താണ് തെറ്റ്? ഞാനൊരു പെൺകുട്ടിയായിരുന്നെങ്കിൽ ഈ ഒരു സാഹചര്യം വരുമ്പോൾ ഇതൊക്കെ തന്നെയാകില്ലേ ചിന്തിക്കുക.. ഓരോരുത്തർ മനസ്സിലൊതുക്കുന്നു, അവൾ തുറന്നു പറയാനുള്ള ധൈര്യം കാണിച്ചു.'
പിറ്റേന്ന് അച്ഛനോട് നേരിട്ട് പറഞ്ഞു, 
"അച്ഛാ, എന്ത് കുറവുകൾ ഉണ്ടെങ്കിലും ഇത് മതി".
അച്ഛനും അമ്മയ്ക്കും എതിർപ്പുകളൊന്നുമുണ്ടായില്ല. ചേച്ചിയെ വിവാഹം കഴിച്ചയക്കുമ്പോൾ അവരും ഇതൊക്കെ ചിന്തിച്ചിട്ടുണ്ടാകും. 
***
പിറ്റേന്ന് രാവിലെ ഒരു ഫോൺ കാൾ, പരിചയമില്ലാത്ത നമ്പറാണ്. 
"ഹലോ"
"ഞാൻ കഥയാണ്"
"പറയു.."
"അല്ല, ആലോചിച്ചിട്ട് തന്നെയാണോ...?"
"അതെ, നന്നായി ആലോചിച്ചു, കൃത്യമായി പറഞ്ഞാൽ  ആറ് മണിക്കൂറും ഏഴു മിനിറ്റും ഇരുപത്തേഴു സെക്കൻഡും ആലോചിച്ചു. എന്നിട്ടും നിന്നെക്കാൾ കഥയുള്ള വേറൊരു പെണ്ണിനെ കിട്ടുമെന്ന് എനിക്കുറപ്പില്ല.."\
"ഉം.."
"താൻ പറഞ്ഞ കാര്യങ്ങളൊക്കെ ഓരോ പെൺകുട്ടികളും ആലോചിക്കുന്നുണ്ടാകും.. ചിലരൊക്കെ മനസ്സിലൊതുക്കും.. ചിലരൊക്കെ തുറന്നു പറയും, അത്രേയുള്ളു. എന്തായാലും തുറന്നു പറഞ്ഞതിൽ സന്തോഷം."
"...."
"അപ്പോൾ തനിക്ക് വേറെ എതിർപ്പുകളൊന്നുമില്ലെന്നു കരുതിക്കോട്ടെ..?"
"ഉം.."
"ഇതെന്താ ഉം മാത്രമേയുള്ളു"?
"ഉം.."
അയാൾ പൊട്ടിച്ചിരിച്ചു. 
***
കഥയുടെ  കഴുത്തിലേക്ക് താലി ചാർത്തുമ്പോൾ അയാളുടെ കയ്യിലേക്ക് ഒരുതുള്ളി കണ്ണീർ വീണു,
അയാൾണ്ട  അമ്പരന്ന് അവളുടെ മുഖത്തേക്ക് നോക്കി, അവൾ ചിരിക്കുന്നു.
അയാളുടെ മനസ്സിലൊരു പുഞ്ചിരി പടർന്നു...
ഇതാണ് കഥയുടെ കഥ, എൻറെയും.. :)