2018, ഏപ്രിൽ 20, വെള്ളിയാഴ്‌ച

അർധരാത്രിയിലെ അപരിചിതർ

അർധരാത്രിയിലെ അപരിചിതർ 

മജെസ്റ്റിക്കിലേക്ക് എത്തുമ്പോൾ സമയം അർധരാത്രി കഴിഞ്ഞിരുന്നു. 
സദാനന്ദൻ ഉറക്കച്ചടവ് മാറാതെ നിൽക്കുകയായിരുന്നു. 
"വേഗം വാടോ സദാനന്ദാ.. ഈ ട്രെയിനും കൂടി പോയാൽ ഇനി നാളെ ഉച്ചയ്ക്കേയുള്ളു. അടുത്ത ബസ്സിന്‌ കയറിയാല് മാത്രേ സമയത്ത് സ്റ്റേഷനിലെത്തുള്ളു.." ശ്രീധരൻ നായർ തിടുക്കം കൂട്ടി.. 
സദാനന്ദൻ ഒന്ന് തല കുടഞ്ഞു.. 
"ആ വെള്ളം ഇച്ചിരി ഇങ്ങു തന്നേ.."
ശ്രീധരൻ നീട്ടിയ വെള്ളം വാങ്ങി അയാളൊന്നു മുഖം കഴുകി...
അടുത്ത ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി രണ്ടാളും വേഗത്തിൽ നടന്നു. 
ഇരുള് മറയുന്നിടത്തായി രണ്ടു യുവതികൾ.. 
"ഇവറ്റകളൊക്കെ ഇങ്ങനെ ജീവിക്കുന്നതിനെന്തിനാ.. പോയി ചാകണതാ ഇതിലും ഭേദം.."
കനത്തിലിട്ട അവരുടെ ചുവന്ന  ലിപ്സ്ടിക്കിലേക്ക് നോക്കി സദാനന്ദൻ പ്രാകി. 
അവരത് കേട്ടെന്നു തോന്നുന്നു.. 
നടക്കുന്നതിനിടയിൽ ശ്രീധരൻ ഒന്നുകൂടി തിരിഞ്ഞു നോക്കി. 
'അതിലൊരു  യുവതിയെ കണ്ടതുപോലൊരു പരിചയം' 
"എന്താടോ ശ്രീധരാ.. ഈ വയസാം കാലത്ത്.. തനിക്കിതെന്തിനതിന്റെ കേടാണ്? ഇങ്ങോട്ട് വേഗം നടക്ക്.."
ശ്രീധരന്റെ തിരിഞ്ഞുനോട്ടം കണ്ടിട്ട് സദാനന്ദൻ ശബ്ദമുയർത്തി.
ശ്രീധരൻ കാലുകൾ വലിച്ചു വച്ച് നടന്നു.. 
ബസ് സ്റ്റോപ്പിലെത്തിയതും റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസ് വന്നു നിന്നതും ഒരുമിച്ചായിരുന്നു. 
ജനാലയ്ക്കരികിലെ സീറ്റിലിരിക്കുമ്പോൾ അയാളൊന്നു സംശയിച്ചു, 
'രേണു മോളാണോ അത്?.. ഹേയ്.. ആകാൻ വഴിയില്ല.. അവൾ ആ പയ്യനൊപ്പം സുഖമായി കഴിയുന്നുണ്ടാകും എവിടെയെങ്കിലും..'
ആ രണ്ടു യുവതികളെ കണ്ട വഴിയുടെ അറ്റത്ത് അവരുടെ നിഴലുകൾ അപ്രത്യക്ഷമാകുന്നത് അയാൾ കണ്ടു.
***
ചിന്താഭരിതമായ മുഖം കണ്ടിട്ടാകണം ശാന്തി ചോദിച്ചത്.. 
"എന്താ.. ഒരാലോചന?.. ആ സേട്ട് വീണ്ടും..?"
"ഞാനെന്തോ ഓർത്തുപോയി..."
രേണു ആലോചിക്കുകയായിരുന്നു, 
'അച്ഛനായിരുന്നോ അത്?.. ഹേയ്, അച്ഛനാകാൻ വഴിയില്ല... അച്ഛനെന്തിനിവിടെ വരണം?.. നാട്ടിൽ സുഖമായിട്ടിരിക്കുകയായിരിക്കും.. '
രേണു തിരിഞ്ഞു നോക്കുമ്പോഴേക്കും ബസ്സിന്റെ ടയറുകളുണ്ടാക്കിയ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ അലിഞ്ഞു കഴിഞ്ഞിരുന്നു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ