2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

കനൽ പൂക്കുന്ന വയലുകൾ

കനൽ പൂക്കുന്ന വയലുകൾ 

ദേവി കേളനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായി.
ഇതുവരെ കണ്ടില്ല. എന്താണാവോ ഇത്ര വൈകുന്നത്.. 
***
വയലുകളിൽ അവിടവിടെ മിന്നാമിനുങ്ങുകൾ പാറിപ്പറക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. 
സന്ധ്യ  കഴിഞ്ഞിട്ടും കേളനെ കാണുന്നില്ല, ഇന്ന് പാടത്ത് പണിയില്ലാത്ത ദിവസമാണല്ലോ.. എന്ത് പറ്റി?
ആലോചിച്ചപ്പോഴേക്കും അകലെ നിന്ന് വേഗത്തിൽ നടന്നു വരുന്ന കേളനെ കാണായി.
അയാൾ അടുത്തെത്തിയപ്പോൾ ദേവി ദേഷ്യഭാവത്തിൽ മുഖം തിരിച്ചു. 
"ന്റെ ദേവ്യേ... ങ്ങനെ പെണങ്ങാനാണോ ന്നെ വരമ്പറഞ്ഞെ?.."
കേളൻ ദേവിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. 
ദേവി പുഞ്ചിരിച്ചുകൊണ്ട് അയാളെ നോക്കി. 
"ഞാനെത്ര നേരായി കാത്തിരിക്കേണ്.. ഒന്ന് നേരത്തെ വന്നൂടെ?"
അവൾ കയ്യിൽ കരുതിയിരുന്ന ഇലയട അവനു നേരെ നീട്ടി.  
"ഡി ദേവ്യേ.. എങ്ങാട്ട് പോയിക്കിടക്കുവാണെഡി.."
ദേവിയൊന്ന്‌ ഞെട്ടി. അവൾ പിടഞ്ഞെണീറ്റു. 
വല്യേട്ടന്റെ ശബ്ദം.. 
വായിലേക്ക് കടിച്ച ഇലയട തിന്നിറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കേളൻ. 
ഒന്ന് തിരിയും മുൻപേ കണ്ണുനായർ മുന്നിൽ പ്രത്യക്ഷപ്പെട്ടു, കൂടെ മൂന്നാലുപേരും.

"ആഹ്ഹ.. നീ ഇവടാരുന്നു ല്ലേ..? നാട്ടാർ ഓരോന്ന് പാറേമ്പഴും വിശ്വസിച്ചില്ല. ഇപ്പൊ ബോധ്യായി."
"ഏട്ടാ.. "
ദേവി അയാൾക്കരികിലേക്ക് ചെന്നു.
"മിണ്ടരുത് നീ.. പിടിച്ചു കേട്ടെടാ അവനെ.."
കേളനെ പിടിച്ചു കെട്ടപ്പെട്ടു. 
കൈകാലുകൾ ബന്ധിതനായി അയാൾ നിന്നു.
"ഏട്ടാ.. ഒന്നും ചെയ്യരുത്.. കേളൻ പൊക്കോട്ടെ.."
ദേവി നിലവിളിയോടെ കണ്ണുനായരുടെ  കാൽക്കൽ വീണു, കണ്ണുനായർ അവളെ കണ്ടതായി പോലും ഭാവിച്ചില്ല. 
"ഏട്ടാ..കേളനെ ഒന്നും ചെയ്യരുത്.. കേളനെതെങ്കിലും സംഭവിച്ചാപ്പിന്നെ ന്നെ ആരും ഉയിരോടെ കാണൂല്ല.."
ദേവിയുടെ ദൈന്യത ഭീഷണിക്ക് വഴി മാറി. 
കണ്ണുനായർ അവളെയൊന്നു നോക്കി. 
"അഴിച്ചു വിടെടാ അവനെ..."
കേളന്റെ കെട്ടുകൾ അഴിക്കപ്പെട്ടു. 
"നീ തറവാട്ടിലേക്ക് പോ.." കണ്ണുനായർ ആജ്ഞാപിച്ചു. 
ദേവി നേർത്തൊരാശ്വാസത്തോടെ തിരിഞ്ഞു നടന്നു, അവൾ കേളനെ തിരിഞ്ഞൊന്നു നോക്കി, അയാൾ പുഞ്ചിരിച്ചു. 
പെട്ടെന്ന്, കേളന്റെ ദേഹത്തേക്ക് മണ്ണെണ്ണ കോരിയൊഴിക്കപ്പെട്ടു. 
"ഒരു പറയന് ഇത്രക്കത്യാഗ്രഹം പാടില്ല, നായരുട്ടിയെത്തന്നെ വേണം അല്ലേടാ.." 
ദേവി അയാൾക്കരികിലേക്ക് കുതിക്കുമ്പോഴേക്കും ആരുടെയൊക്കെയോ കൈകളാൽ അവൾ തടയപ്പെട്ടു. 
ഒരു തീപ്പൊരി കേളന്റെ ദേഹത്തേക്കെറിയപ്പെട്ടു. അയാളൊരു തീപ്പന്തമായി നിന്നെരിഞ്ഞു..
അയാൾക്കൊപ്പം വയലുകളുടെ തലപ്പും തീയണിഞ്ഞു. 
ദേവി കണ്ണുതുറക്കുമ്പോഴേക്കും, ഒരു വലിയ കരിക്കട്ടയ്ക്കൊപ്പം വയലുകളിൽ കനലുകൾ പൂത്തു നിന്നിരുന്നു. 
***
"ഇവിടുണ്ട്.. ഇവിടുണ്ട്.. വേം വാ.. "
ആരൊക്കെയോ നടന്നടുക്കുന്ന ശബ്ദം. 
"വല്ലിമ്മച്ചി ഇവടെ വന്നിരിക്കുവാണോ.. എത്ര നേരായി.. വാ പോവാം..."
രണ്ടു പേര് ദേവിയുടെ കൈകളിൽ പിടിച്ചു തൂക്കിയെടുത്തു. 
"വട്ടു വരുമ്പോ ഇങ്ങനാ.. ഇവിട വന്നിരിക്കും, ഇതുവരെ വേറെങ്ങും പോകാത്തത് ഭാഗ്യം." കൂടെ വന്നവർ പരസ്പരം പറയുന്നത് കേട്ടു.
ദേവിയൊന്ന്‌ തിരിഞ്ഞു നോക്കി.. 
അകലെ നിന്നു കേളൻ വേഗത്തിൽ നടന്നടുക്കുന്നു..
ദേവി തിരിഞ്ഞു നോക്കാതെ നടന്നകന്നു.. 
ഇനിയൊരു വയലിൽ കനൽ പൂക്കുന്നത് കാണാൻ അവർക്ക് ത്രാണിയില്ലായിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ