തലാഖ്
ഷാലിമ വന്നു കയറിയതേയുള്ളു, മുട്ട് നന്നായി വേദനിക്കുന്നുണ്ട്.
ഒന്നുകുളിക്കണം.
ബാഗ് കൊണ്ട് മേശമേൽ വച്ചിട്ട് അവൾ ഫോൺ എടുത്തു നോക്കി,
'ഇല്ല, ഇക്കാടെ ഒരു മിസ്ഡ് കോളോ മെസ്സേജോ ഇല്ല.'
ഇതിപ്പോൾ ഷാലിമായ്ക്ക് ശീലമാണ്.
ഇക്ക തന്നെ വീട്ടിലാക്കി പോയിട്ട് ഒന്നര മാസം കഴിഞ്ഞിരിക്കുന്നു. ഇതുവരെ ഒരു വിളി പോലുമില്ല..
കുളിക്കുന്നതിനിടയിൽ ഷാലിമ ഓർക്കുന്നുണ്ടായിരുന്നു, ഷൗക്കത്ത് പെണ്ണ് കാണാൻ വന്ന ദിവസം.
കണ്ടെന്നല്ലാതെ ഒന്നും ചോദിച്ചില്ല, ഇഷ്ടമായൊന്ന് പോലും, അയാളുടെ സഹോദരിയാണ് എല്ലാം സംസാരിച്ചത്.
വല്യ സൗന്ദര്യമൊന്നുമില്ലെങ്കിലും ഷാലിമയ്ക്ക് ഒരു ഗവണ്മെന്റ് ജോലിയുണ്ട്, ഷൗക്കത്തിന് തലമുറകളായി കൈ വന്ന കുറെ സമ്പത്തുണ്ട്, പ്രാഥമിക വിദ്യാഭ്യാസം മാത്രം.
കല്യാണം കഴിഞ്ഞു ആര് ദിവസമായപ്പോഴേക്കും അയാൾ കുത്തുവാക്കുകൾ പറഞ്ഞു തുടങ്ങി,
'നിന്നെ എന്തിനു കൊള്ളാം, നിന്നെ ഗർഭിണിയായിരുന്നപ്പോൾ നിന്റുമ്മാ കരിഞ്ഞ ചോറാണോ കഴിച്ചത്?'
പലതും കണ്ടില്ല കേട്ടില്ലെന്നു വച്ചു, കാരണം, ഷാലിമ അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു.
രാത്രി പല പെണ്ണുങ്ങളും വിളിച്ചു തുടങ്ങിയപ്പോൾ ആദ്യമായി ചോദിച്ചു.
'ചോദിയ്ക്കാൻ നീയാരാടി? ശമ്പളം വാങ്ങിക്കുന്ന ഹുങ്ക് എന്നോട് കാണിക്കരുത്.'
പിറ്റേന്ന് രാവിലെ, വീട്ടിൽ കൊണ്ടാക്കി.
ഇപ്പോൾ ഒന്നര മാസം.
കുളി കഴിഞ്ഞു നമസ്കരിച്ചു ചോറും കഴിച്ച് അൽപ്പ നേരം വാട്സാപ്പ് നോക്കിയിരുന്നു.
നെറ്റ് ഓഫ് ചെയ്തിറങ്ങാൻ തുടങ്ങിയപ്പോഴാണ് ഷൗക്കത്ത് ഓൺലൈൻ ആണെന്നു കാണിച്ചത്.
അയാൾ എന്തെങ്കിലും പറയുമെന്ന് അവൾ വെറുതെ പ്രതീക്ഷിച്ചു.
ആദ്യത്തെ മെസ്സേജ് വന്നു.
'കാതടിക്കെട്ടിൽ പുത്തൻപുര ഷംസുദീന്റെ മകൾ ഷാലിമ'
തുടർന്ന് മൂന്നു മെസേജുകൾ ചേർത്തുകൊണ്ട് വന്നു.
'ഒന്നാം തലാഖ്'
'രണ്ടാം തലാഖ്'
'മൂന്നാം തലാഖ്'
ഷാലിമ ഒന്ന് നിശബ്ദയായി, പതുക്കെ അവൾ ടൈപ്പ് ചെയ്യാൻ തുടങ്ങി.
'വഴിമറ്റത്ത് കുഞ്ഞിക്കാദർ മകൻ ഷൗക്കത്ത്, മുത്തലാഖ് നിയമഭേദഗതി ചെയ്ത വിവരം അറിയിക്കുന്നു, താങ്കളുടെ അറിവിലേക്കായി ഐപിസി നമ്പർ പറയാം - IPC 498B making instant triple talaq is an “offence for adultery”.. വിവരമുള്ള ഒരു വക്കീലിനെ കൊണ്ട് കോടതിയിൽ ഡിവോഴ്സ് പെറ്റിഷൻ കൊടുക്കുമല്ലോ'
എന്ന്
കാതടിക്കെട്ടിൽ പുത്തൻപുര ഷംസുദീന്റെ മകൾ ഷാലിമ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ