മരിച്ചവന്റെ മുറിവുകൾ
x
ഞാൻ കുറെ നേടാമായി ഇവിടെ കറങ്ങി നടക്കാൻ തുടങ്ങിയിട്ട്.. ആരും എന്നെ ശ്രദ്ധിക്കുന്നില്ല, ഞാൻ വന്നത് ആരും അറിഞ്ഞിട്ടില്ല. നേരെ ചെന്ന് മുറിയിലേക്കാണ് കയറിയത്. എല്ലാം പഴയത് പോലെത്തന്നെ..
കാവ്യ എന്നെ ശ്രദ്ധിക്കുന്നത് പോലുമില്ല, അവൾക്കെന്നോട് പിണക്കമാണോ? പറയാതെ ഞാൻ ഇങ്ങോട്ടും പോയിട്ടില്ല, ആ ദിവസമൊഴികെ.
അവളുടെ കണ്ണുകൾ നീര് വച്ചിരിക്കുന്നു. പൊടിമോൻ അവളുടെ ചുമലിൽ നിന്നിറങ്ങാതെ അവളെ ചുറ്റിപ്പിടിച്ചിരിക്കുകയാണ്. അവനാണെങ്കിൽ എന്നെ കണ്ടിട്ടും കാണാത്ത ഭാവം.. അവനും പിണങ്ങിയിരിക്കുകയാവും.
എനിക്കാണെങ്കിൽ സമയം തീരെയില്ല, അൽപ്പം കൂടി കഴിയുമ്പോൾ വിളിക്കാൻ ആള് വരും.. പോയാൽപ്പിന്നെ ഉടനെയൊന്നും മടങ്ങാനുമാവില്ല. ഏതാണ്ട് അര മണിക്കൂറിന്റെ അവധിയെടുത്ത് വന്നതാണ്. അതിപ്പോൾ ഇങ്ങനെയുമായി... ആരും മിണ്ടുന്നില്ല, കണ്ട ഭാവം പോലും നടിക്കുന്നില്ല.
കാവ്യയുടെ കയ്യിലൊന്നു പിടിച്ചു നിർത്താൻ നോക്കിയപ്പോൾ അവൾ പിടി തരാതെ ഒഴിഞ്ഞു പോയി. പൊടിമോനാണെങ്കിൽ ഉറക്കം പിടിച്ചു. നേരം ഏതാണ്ടാകാറായി. പൊടിമോനെ കിടത്തിയിട്ട് അവൾ മുറിയിൽ വരുന്നതും കാത്തിരുന്നു..
അതാ, അവൾ വന്നു.. ഞാൻ കിടക്കുന്നതിനഭിമുഖമായി കിടന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
"എന്തിനായിരുന്നു..എന്തിനായിരുന്നു അനിയേട്ടാ? ഇത്രേം സ്നേഹിച്ചിട്ട്.. ഒരു നിമിഷം കൊണ്ട് എന്നെയും പൊടിമോനെയും തനിച്ചാക്കിയില്ലേ.. "
ഞാൻ അഴിച്ചിട്ടിരുന്ന ഷർട്ട് എടുത്തവൾ നെഞ്ചോട് ചേർത്തു.. എന്റെ കണ്ണുകളും നിറഞ്ഞൊഴുന്നുണ്ടായിരുന്നു.. എല്ലാം നുറുങ്ങുന്നത് പോലെ... വല്ലാത്തൊരു വേദന...
ആരോ വിളിക്കുന്ന ശബ്ദം.. സമയമായി..
"അനിൽ.. പോകാം.. " അയാൾ കാവ്യയെയും പൊടിമോനെയും അവസാനമായി ഒന്നുകൂടി നോക്കി.
വന്നയാൾ തിരക്കുകൂട്ടുന്നു.. "പോകാം.."
അവർ നടന്ന് ചെറിയൊരു വാതിൽ കടന്നു.. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള ഒരു മുറി. അവിടെ ചെറിയൊരാൾക്കൂട്ടം. എനിക്കൊപ്പം നടന്നയാൾ മുന്നിലേക്ക് നീങ്ങി.. അയാളെപ്പോലെ തന്നെ വിചിത്രമായ വസ്ത്രം ധരിച്ച പ്രായമുള്ള ഒരു മനുഷ്യൻ മറ്റൊരു വാതിൽ കടന്നു വന്നു. എല്ലാവരും അയാളെ ശ്രദ്ധിച്ചു..
അയാൾ പറഞ്ഞുതുടങ്ങി..
"നിങ്ങൾ ഇപ്പോളെക്കും അംഗീകരിച്ചിട്ടുണ്ടാകും, നിങ്ങൾക്കെന്താണ് സംഭവിച്ചതെന്ന്.. "
അവിടെ ഒരുമിച്ചൊരു ദീർഘ നിശ്വാസം പല തേങ്ങലുകളിൽ മുങ്ങി..
"ഭൂമിയിൽ നിങ്ങളുടെ അവസാന നിമിഷങ്ങളാണിത്.. "
ഒരേ ദിവസം പല പല കാരണങ്ങളാൽ മരിച്ചവർ.. ഗർഭസ്ഥ ശിശു മുതൽ വയസ്സായ അമ്മുമ്മമാർ വരെ. അവരെ കാണുമ്പോൾ അറിയാം എങ്ങനെ മരിച്ചവരാണെന്ന്..
ശരീരം മുഴുവൻ ചോരയൊലിപ്പിച്ചു നിൽക്കുന്നവൻ അപകടത്തിൽ പെട്ടവനാണ്.. ഹൃദയം താങ്ങിപ്പിടിച്ചിരിക്കുന്നവൻ ഹൃദയാഘാതം വന്നാണ്.. വയർ താങ്ങിപ്പിടിച്ചിരിക്കുന്നവൾ പ്രസവത്തിൽ മരിച്ചുപോയതാണ്.. കൂടെയുള്ള ശിശു അവളുടെ കുഞ്ഞാണ്.. അത് അവളെ നോക്കി ചിരിക്കുന്നുണ്ട്.. കാണും നാക്കും തുറിച്ചവൻ, വെള്ളം നിറഞ്ഞ ചീർത്തവൻ..കത്തി കയറിയവർ..എല്ലാവരുമുണ്ട്..
"മുന്നിൽ കാണുന്ന വാതിൽ കടക്കുന്നതോടെ നിങ്ങളുടെ സർവ്വ വേദനകളും മാറും.. നിങ്ങളുടെ മുറിവുകൾ അപ്രത്യക്ഷമാകും.."
വൃദ്ധനായ വിചിത്ര വസ്ത്രധാരി പറഞ്ഞു കൊണ്ടിരുന്നു..
"വാതിൽ കടന്നാൽ നിങ്ങൾക്ക് മുന്നിൽ ഒരു നൂൽപ്പാലമാണ്.. ഓർമ്മയുടെ നൂൽപ്പാലം..ഓരോരുത്തരായി കടക്കണം.. അത് കടക്കുന്നതോടെ നിങ്ങൾ എല്ലാം മറക്കും.. പാലം കടന്നു ചെല്ലുമ്പോൾ അവിടെ മറ്റൊരാൾ കാത്തുനിൽപ്പുണ്ടാകും.. അയാൾ നിങ്ങൾക്ക് വഴി കാട്ടും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കു.. "
കഴുത്തിന് വെട്ടുകൊണ്ടാവാൻ കയ്യുയർത്തി ചോദിച്ചു..
"പിന്നൊരിക്കലും ഞങ്ങൾക്ക് ആരെയും ഓർക്കാൻ കഴിയില്ലേ? ഞാൻ ആരാണെന്നു പോലും എനിക്ക് ഓർമ്മയുണ്ടാകില്ലേ?"
വൃദ്ധൻ പുഞ്ചിരിച്ചു..
"ഓർമ്മയുടെ നൂൽപ്പാലത്തിന്റെ ദൈർഖ്യം ഓരോരുത്തർക്കുംnവിഭിന്നമാണ്.. നിന്റെ ആയുസ്സനുസരിച്ചായിരിക്കും അതിന്റെ നീളം.. നീ ആ പാലം കടക്കുന്നതോടെ നിന്റെ എല്ലാ ഓർമ്മകളും നശിക്കും.. പക്ഷെ, നിന്റെ പ്രിയപ്പെട്ടവരിൽ ആരെങ്കിലും നിന്നെ ആത്മാർത്ഥമായി ഓർക്കുകയാണെങ്കിൽ ആ സമയത്തേക്ക് നിനക്ക് പാലം തിരികെ കടക്കാം.. ഈ വാതിലിനരികെ നിന്ന് അവരെ നിനക്ക് നോക്കിക്കാണാം.. മറിച്ച് എന്നെന്നേയ്ക്കുമായി അവർ നിന്നെ മറക്കുകയാണെങ്കിൽ.. നീ എത്ര വേദന സഹിച്ചാണോ മരിച്ചത്, ഓരോ വർഷവും ആ ദിവസമെത്തുമ്പോൾ അതിന്റെ നൂറിരട്ടി വേദന നീ അനുഭവിക്കും.. ഇനി എല്ലാവരും പ്രായമാനുസരിച്ച് വരിവരിയായി നിൽക്കുക... ആദ്യം 95 വയസ്സുള്ള നാണിയമ്മ.. ശേഷം 74 വയസ്സുള്ള ജനാർദ്ദനൻ.. "
ഇനി എന്റെ ഊഴമാണ്.. ഈ പാലം കടക്കുന്നതോടെ ഞാനീ ലോകത്ത് നിന്നും എന്നെന്നേക്കുമായി വിടവാങ്ങും..
'കാവ്യെ, പൊടിമോനെ നന്നായി നോക്കണം, അച്ഛനില്ലാത്ത സങ്കടം ഒരിക്കലും അവൻ അറിയരുത്.. പൊടിമോനെ, അച്ഛനെ വല്ലപ്പോഴും ഓർക്കണം.. എന്നാൽ മാത്രമേ അച്ഛന് വീണ്ടും നിങ്ങളെ കാണാൻ കഴിയൂ. '
ആദ്യ കാലടി വയ്ക്കുമ്പോൾ ഓർക്കുകയായിരുന്നു..
'മനുഷ്യൻ മരണത്തെ ഇത്രമേൽ ഭയക്കുന്നതെന്താണ്.. ശരിക്കും അവർ മരണത്തെഎല്ലാ, മരണം കൊണ്ട് വരുന്ന മറവിയെയാണ് ഭയക്കുന്നത്...
മരിച്ചുപോയവരുടെ മുറി കണ്ടിട്ടുണ്ടോ?
പിറ്റേന്നിടാൻ എടുത്തുവച്ചിരുന്ന ഷർട്ട്, മുണ്ട്..
എന്നോ എടുത്ത ഒരു കുടുംബചിത്രം,..
വൃത്തിയായി ഒരുക്കിയിരിക്കുന്ന കട്ടിൽ..
അവൻ എന്നും മറക്കാതെ കൂടെ കൊണ്ട് നടന്ന മൊബൈൽ, വാച്ച്..
അവന്റെ പ്രിയപ്പെട്ടവരുടെ കണ്ണീരണിഞ്ഞ ദീർഘനിശ്വാസങ്ങൾ..
ഇതിനൊക്കെയൊപ്പം ആ മുറിയിൽ അവൻ കണ്ട സ്വപ്നങ്ങളും അവന്റെ സന്തോഷങ്ങളും ചിരികളും ദുഖത്തോടെ ഒരു മൂലയ്ക്ക് ചടഞ്ഞിരിക്കുന്നുണ്ടാവും.
നിങ്ങളും എന്നെങ്കിലും അവരെ ഓർക്കണം.. അപ്പോൾ മാത്രമേ അവർക്ക് നിങ്ങളെ വീണ്ടും കാണാനാകൂ..
എന്നെയും ഓർക്കണം കേട്ടോ... മറക്കരുത്..'