2019, ഫെബ്രുവരി 27, ബുധനാഴ്‌ച

മറവിയുടെ മൂന്നാം മൈൽ

മറവിയുടെ മൂന്നാം മൈൽ 

"ചില കാര്യങ്ങൾ ഒരിക്കലും ഓർക്കരുതേ എന്നാഗ്രഹിച്ചിട്ടുണ്ടോ? ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, ഒരുപാട് കാര്യങ്ങൾ.. ഒരിക്കലും ഓർമ്മയിലേക്ക് വരരുതേ എന്നാഗ്രഹിച്ചട്ടുണ്ട്. 
ഇപ്പോൾ ഇത് പറയുന്നതെന്തിനാണെന്നോ? വെറുതെ, ഇന്ന് കുറെ കാര്യങ്ങൾ ഓർമ്മ വന്നു. അത് പതിവുള്ളതല്ല, ഞാൻ എല്ലാം മറക്കാനാണ് പതിവ്. 
അത്യാവശ്യം പേരുള്ള ഒരു പത്രപ്രവർത്തക വാക്കുകൾ മറന്നുപോകുക എന്നുവച്ചാൽ.. പലയിടത്തും പേനകൾ മറന്നു വച്ചു, മൊബൈൽ മറന്നു വച്ചു. പേഴ്‌സ് മറന്നു. വീട്ടിലേക്കുള്ള വഴി മറന്നു. 
മറവിക്ക് ഡോക്ടറെ കണ്ടൂടെ എന്ന് ചോദിക്കരുത്, കണ്ടിരുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞത് എന്താണെന്നറിയോ? എനിക്ക് അൽഷിമേഴ്‌സ് ആണെന്ന്. ഞാൻ അന്നേരം അത് തമാശയായിട്ടെടുത്തു. 
"Doctor, I'm just 28. How is this possible? Its only happen to elders. How can you diagnose me with this bullshit?"
"It can happen. Have you ever heard of child Alzheimer's? Its happen to younger people. Commonly it is genetic, but in your case, it is rare."
ആശുപത്രിയിൽ എത്തിയപ്പോൾ ആദ്യം ഡോക്ടർ ചോദിച്ചത് ഞാൻ എപ്പോഴെങ്കിലും തലചുറ്റി വീണോ എന്നാണ്. എന്റെ ജോലിയിൽ അത് വല്യ അൽഭുതമുണ്ടാക്കുന്ന കാര്യമല്ല. അമിതമായ ടെൻഷൻ, സമയത്ത് ഭക്ഷണം കഴിക്കാത്തത്, ഉറക്കമില്ലാത്ത രാത്രികൾ.. ഇതൊക്കെയുള്ളപ്പോൾ എപ്പോൾ വീണില്ല എന്ന് ചോദിച്ചാൽ മതി. ആശുപത്രിയിൽ പോകുന്നതിനു നാല് ദിവസം മുന്നേ ബോധമറ്റു വീണിരുന്നു .. അനീമിയ. 
എന്റെ രോഗത്തെക്കുറിച്ചറിഞ്ഞപ്പോൾ ലോകം മുഴുവനായി ഒരു നിമിഷത്തേക്ക് അപ്രത്യക്ഷമായി തോന്നി. എനിക്ക് ഒന്നും അംഗീകരിക്കാനോ മനസ്സിലാക്കാനോ പറ്റിയില്ല, ആകെ വല്ലാത്ത ഒരവസ്ഥ. പക്ഷെ, പതിയെപ്പതിയെ ഞാനും മനസ്സിലാക്കാൻ തുടങ്ങി, ഞാൻ മറക്കാൻ തുടങ്ങിയിരിക്കുന്നു. അതായിരുന്നു ഏറ്റവും ഭയാനകരമായ അവസ്ഥ, ഓരോ കാര്യങ്ങളും മറക്കുന്നു, ശക്തിയായി ഓർക്കാൻ ശ്രമിക്കുമ്പോൾ തലവേദന, ദേഷ്യം, സങ്കടം, ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടമായത് പോലെ. പതിയെ ഞാനും അംഗീകരിച്ചു തുടങ്ങി. 
ഡോക്ടർ കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. 
'നിങ്ങളുടെ അവസ്ഥ മനസ്സിലാക്കി അംഗീകരിക്കുക, എത്ര വേഗമോ അത്രയും നല്ലത്. എത്രയും വേഗം ജോലി മതിയാക്കുക, കാരണം നിങ്ങൾക്ക് അധികം ഒന്നും ഓർക്കാൻ കഴിയില്ല, ഏറ്റവും അവസാനം സംഭവിച്ച കാര്യങ്ങളാകും നിങ്ങൾ ആദ്യം മറക്കുക. അഞ്ചു മിനിറ്റിലേയ്ക്ക് എല്ലാം ഓർത്തിരുനാളും അടുത്ത അഞ്ചു മിനിറ്റിൽ നിങ്ങൾ അത് മറന്നു പോകും. മരുന്നുകൾ കൊണ്ട് രോഗം മാറ്റാൻ കഴിയില്ല, പക്ഷെ, നിങ്ങളുടെ മറവിയുടെ തോതിനെ നിയന്ത്രിക്കാൻ കഴിയും."
അവസാനമായിട്ട് ഒരു പ്രധാന കാര്യം, എന്നെകിലും നിങ്ങൾ എല്ലാ കാര്യങ്ങളും ഓർക്കുകയാണെങ്കിൽ... ആ നിമിഷത്തിനു രണ്ട വഴികളുണ്ട്, ഒന്നുകിൽ അത് മുഴുവൻ ഓർമ്മകളും തിരികെത്തരും, അല്ലെങ്കിൽ നിങ്ങളുടെ എല്ലാ ഓർമ്മകളെയും ആ നിമിഷം മായ്ച്ചു കളയും."  
എന്റെ ആ നിമിഷം എപ്പോളാണ് വരുന്നതെന്നറിയില്ല. എന്നാലും എനിക്കോർമ്മയുള്ളതെല്ലാം കുറിക്കാം. എനിക്ക് അച്ഛനും മമ്മിയും അനിയത്തിയുമുണ്ട്..അനിയത്തിയുടെ പേരിന് എന്റെ പേരിനോട് നല്ല സാമ്യമുണ്ട്.. അവളുടെ പേര് ഞാൻ.. മറന്നു. ഈ ഫോട്ടോയിൽ വലതു വശത്ത് നിൽക്കുന്നതാണവൾ.. അതോ ഇടതോ?
ഈ ഫോട്ടോയിൽ എന്റടുത്ത് നിൽക്കുന്നതാണ് എന്റെ ഭർത്താവ് ഫ്രെഡറിക്ക്. പ്രണയ വിവാഹമായിരുന്നു. എന്റെ ഓർമ്മത്തെറ്റുകൊണ്ട് ബുദ്ധിമുട്ടുന്നത് അദ്ദേഹമാണ്. പലപ്പോഴും ചോദിച്ചിട്ടുണ്ട്.. ആരാ നിങ്ങളെന്നു.. എന്റെ പഴയ കാമുകന്റെ പേരിൽ അദ്ദേഹത്ത വിളിച്ചിട്ടുണ്ട്.. ശരിക്കും അദ്ദേഹത്തിന് സംശയം തോന്നിയിട്ടുണ്ടാകണം, ശരിക്കും ഞാൻ ആരെയാണ് സ്നേഹിക്കുന്നതെന്നു, എന്റെ ഭർത്താവിനെയോ അതോ ഞാൻ വിളിച്ച പേരിലുള്ള വ്യക്തിയെയോ.. 
ഒരു ദിവസം, എല്ലാവരുടെയും മുന്നിൽ വച്ച് ഞാൻ മൂത്രമൊഴിച്ചു... അദ്ദേഹമെന്നെ കൊണ്ടുപോയി വൃത്തിയാക്കി പുതിയ ഉടുപ്പൊക്കെ ഇടീച്ചു.. പക്ഷെ, അദ്ദേഹം കരയുന്നുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന് നേരെ പാത്രമെടുത്ത് എറിഞ്ഞു, അത് നെറ്റിയിൽ കൊണ്ട് ചോര വന്നു. ആ മുറിവ് എങ്ങനെ വന്നുവെന്നു ഞാൻ ഒരുപാട് നേരം ആലോചിച്ചിരുന്നു. 
ഡോക്ടർ പറഞ്ഞത് ഞാൻ രോഗത്തിന്റെ മൂന്നാം ഘട്ടം കടന്നുവെന്നാണ്. അതായത്, മറവിയുടെ മൂന്നാം മൈൽ കടന്നുവെന്ന്. വീട് നിറയെ നോട്ടുകളാണ്, എന്റെ ഓർമ്മയുടെ കടലാസ്സുകഷണങ്ങൾ.. ഞാൻ ആരാണ്.. എന്തായിരുന്നു ജോലി.. എന്റെ അഡ്രസ്.. കിച്ചണിലേക്കുള്ള വഴി.. ഓരോ സാധനത്തിന്റെയും സ്ഥാനം.. ബാത്‌റൂമിൽ പോയാൽ എന്തൊക്കെ ചെയ്യണം.. എന്റെ ഭർത്താവ് ആരാണ്.. ആരാണ് അമ്മ, അച്ഛൻ.. എന്റെ എല്ലാ ഉടുപ്പുകളിലും പോക്കറ്റുകളുണ്ട്.. അതിലും നിറയെ കുറിപ്പുകളാണ്. 
ഞാൻ ആരാണെന്നു ചോദിക്കുമ്പോൾ എന്റെ പേര് പറയണം.. എവിടെയാണ് താമസിക്കുന്നതെന്ന് ചോദിക്കുമ്പോൾ സ്ഥലം പറയണം.. എന്റെ രണ്ടു കൈകളിലും പേന കൊണ്ട് എഴുതിയിട്ടുണ്ട്.. രണ്ട് നമ്പറുകൾ.. ഒന്ന് അച്ഛൻ... രണ്ട് ഫ്രെഡറിക്ക്, അതാരാണോ എന്തോ. 
ഇതുവരെ ഞാൻ എന്നെ നിങ്ങൾക്ക് പരിചയപ്പെടുത്തിയില്ല. ഞാൻ പ്രമുഖ ചാനലിലെ പത്രപ്രവർത്തകയായിരുന്നു. ഒരുപാട് ന്യൂസ് ഷോകളിൽ നിങ്ങളെന്നെ കണ്ടിട്ടുണ്ടാകും.. എന്റെ പേര്.. പേരെഴുതിയ തുണ്ട് ഇവിടെയുണ്ടായിരുന്നു.. അത് എവിടെയാണ്.. എന്റെ പേര്.. പേര്.. "


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ