പകൽ കാണാത്ത ഇരുൾക്കീറുകൾ
കാലുകൾ വലിച്ചു വച്ചുനടന്നപ്പോൾ ഇടക്കെപ്പോഴോ കടൽച്ചൂര് തടഞ്ഞു, 'പോകരുത്'.
'പോകണം', അയാൾ നിർവികാരനായി നടന്നു.
വാതിൽ കടന്നു മുറിയിലെത്തുമ്പോഴേക്കും ഇരുളിന്റെ കീറുകൾ വെളിച്ചം കാണാതെ ഒളിച്ചു നിന്നിരുന്നു.
അവരെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചുകൊണ്ട് അയാൾ വെളിച്ചമുണർത്തി. ബോട്ടിലിലെ അവസാനത്തെ തുള്ളി വെള്ളം വായിലേക്ക് കമിഴ്ത്തുമ്പോഴാണ് മാറാല പിടിച്ച ചുവരിൽ ഒരു ചിലന്തി അയാളെ നോക്കി പൊട്ടിച്ചിരിക്കുന്നത് കണ്ടു, ചിരിക്കിടയിൽ അത് അയാൾക്ക് നേരെ കൈ ചൂണ്ടിയുറക്കെ പറയുന്നുണ്ടായിരുന്നു, 'ഭ്രാന്തൻ'.
'ഭ്രാന്ത് നിന്റെ തന്തയ്ക്ക്', ചിലന്തിയുടെ തന്തയ്ക്ക് വിളിച്ചപ്പോഴേക്കും അയാൾ ഒന്നുന്മേഷവാനായി.
അയാൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു.
പുറത്തിറങ്ങി നനഞ്ഞ മണ്ണ് കുഴച്ച് രണ്ടപ്പം ചുട്ടു, രണ്ടാമത്തേതിന്റെ പകുതി വായിലിട്ടിറക്കിയപ്പോഴേക്കും തൊണ്ട കരഞ്ഞു,
'വെള്ളം..,.'.
ഇതുകേട്ട മുകിൽപെണ്ണ് അയാൾക്ക് പിന്നിൽ നിന്ന് പൊട്ടിച്ചിരിച്ചു.
'ഇങ്ങോട്ടിറങ്ങി വാടി', അയാൾ അവളെ കൈകാട്ടി വിളിച്ചു.
'ഞാൻ വരുന്നില്ല, ഞാൻ പോകുവാ..', മുകിൽപെണ്ണ് വടിവൊത്ത ദേഹവും കുലുക്കി വാനിന്റെ നെഞ്ചിൽ ചാരി വച്ച കോണി വഴി മുകളിലേക്ക് കയറാൻ തുടങ്ങി.
അയാൾക്ക് ദേഷ്യം വന്നു തുടങ്ങി.. 'ഇങ്ങോട്ടിറങ്ങി വാഡി.. പന്ന...'.
മുകിൽപെണ്ണ് ഞെട്ടിത്തരിച്ച് അയാളെ നോക്കി.
അയാൾ ചെമ്മാത്തിച്ചാലിലെ നൂൽവെള്ളം വീഞ്ഞാക്കി മാറ്റിയിരുന്നു, അത് കുടിച്ച് അയാളുടെ കണ്ണുകൾ ചുവന്നിരുന്നു.
മുകിൽപെൺകൊടി പൊട്ടിക്കരഞ്ഞുകൊണ്ട് നൃത്തം ചെയ്യാൻ തുടങ്ങി.
ചെമ്മാത്തിച്ചാലിലെ വീഞ്ഞിന്റെ അളവ് കൂടിക്കൂടി വന്നു.
ചിലമ്പ് തകർന്നവൾ ആട്ടം നിറുത്തിയപ്പോഴേക്കും ആരോ ആകാശത്തിൽ മുല്ലമൊട്ടുകൾ വാരിയെറിഞ്ഞു.
വീഞ്ഞിന്റെ ലഹരിയാണോന്നറിയില്ല, അയാൾക്ക് വീണ്ടും വിശക്കാന് തുടങ്ങി, ആകാശത്തിലേക്ക് നോക്കിയപ്പോൾ നല്ല മുഴുത്ത, തണുത്ത പാലപ്പമൊരെണ്ണമിരിക്കുന്നു. അയാളത്തിനെ കയ്യെത്തി വലിച്ചെടുത്തു, പകുതി കഴിച്ചപ്പോഴേക്കും വയർ നിറഞ്ഞു.
ബാക്കി വന്നത് അയാൾ എടുത്തിടത്ത് തന്നെ വച്ചു.
ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കിടന്നു കുട്ടി അത്രയും നേരം മുഴുവനുണ്ടായിരുന്ന ചന്ദ്രന്റെ പാതി ആരോ കൊണ്ട് പോയെന്നു പറഞ്ഞപ്പോൾ അവന്റെ 'അമ്മ അവനെ നോക്കി വാത്സല്യത്തോടെ ചിരിച്ചു.
"ഞാൻ സത്യാ പറഞ്ഞെ.", അവന്റെ വാക്കുകൾ അവർ പുഞ്ചിരിയോടെ കേട്ടുനിന്നു.
കഴിച്ചുകഴിഞ്ഞപ്പോഴേക്കും അയാൾക്ക് നന്നായി ഉറക്കം വന്നു. നാളെ മുളക്കാമെന്നു കരുതി മടി പിടിച്ചിരുന്ന വിത്തിനെ ഭീഷണിപ്പെടുത്തി അയാൾ രണ്ടിലകൾ നേടിയെടുത്തു. ഒരെണ്ണം തറയിൽ വിരിച്ച് മറ്റൊരെണ്ണം പുതപ്പാക്കി. അത് വഴി പോയ കരിവണ്ടിനെ തലയിണയാക്കി കിടക്കുമ്പോൾ അയാൾ നാളത്തെ ദിവസം ആസൂത്രണം ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ