2019, ജൂലൈ 15, തിങ്കളാഴ്‌ച

തണുത്ത മരത്തിലെ പക്ഷികൾ

തണുത്ത മരത്തിലെ പക്ഷികൾ   


ഹാൻ നദിയിൽ നിന്നുള്ള കാറ്റിനു തണുപ്പ് കൂടിക്കൊണ്ടിരുന്നു.
ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി.
ഒരു മണിക്കൂർ മുൻപ് വരെ ഇവിടെ നിറയെ ആളുകളുണ്ടായിരുന്നു, ഫയർ  ഷോ കാണാനും കാറ്റുകൊള്ളാനുമൊക്കെയായി..
ഞാനും കുറെ നേരം രാത്രിയുടെ ആകാശത്ത് മിന്നി മറയുന്ന വർണ്ണങ്ങൾ നോക്കിക്കൊണ്ടിരുന്നു
ഏതോ ഒരു കുഞ്ഞിൻറെ കയ്യിൽ നിന്ന് പിടിവിട്ടുപോയ ബലൂൺ മുഖത്ത് തട്ടിയപ്പോഴാണ് ആ കാഴ്ച അൽപ്പനേരം കൈവിട്ടിട്ടത്.
ശല്യപ്പെടുത്തിയതിൽ ആ കുട്ടി ക്ഷമ ചോദിച്ച്  ബലൂണുമെടുത്ത് പോയി.
ഇയ്യാളെന്താ ഇതുവരെ വരാത്തത്..  മൂക്ക് തണുത്ത് ചുവന്നിരുന്നു. കയ്യുറ ഉണ്ടായിട്ടു പോലും നഖങ്ങളിലേക്ക് തണുപ്പിന്റെ സൂചിമുനകൾ അരിച്ചുകയറുന്നത് അറിയാം.

പാലത്തിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം നദിയിൽ ഇടക്കിടക്ക് വീണുകൊണ്ടിരുന്നു. നടിയുടെ അങ്ങേക്കരയിൽ നിന്ന് ഒരു പട്രോളിംഗ് ബോട്ട് സെർച്ച് ലൈറ്റ് തെളിച്ച് വരുന്നുണ്ട്. പതിവായി ആളുകൾ ജീവിതം തീർക്കാൻ ഇറങ്ങിത്തിരിക്കുന്ന സമയമാണിത്. കൂടുതലും കൗമാരക്കാർ..
ഹാനിന്റെ തണുപ്പിലേക്ക് ഇടം വലം നോക്കാതെ പുൽകുന്നവർ... അടുത്ത ദിവസം പാലത്തിന്റെ ഏതെങ്കിലും ഒരു തൂണിലോ കടവത്തോ അടിഞ്ഞു കിടക്കുന്നവർ..
എന്തൊക്കെയോ ആലോചിച്ചു.

"ഒരുപാട് നേരമായോ.." ചോദ്യം ചിന്തയെ ഉണർത്തി.
"ഉപ്പാ*, ഇപ്പോഴാണോ വരുന്നത്..ഞാൻ എത്ര നേരമായി നിൽക്കുന്നു..", 'ഉപ്പ', ഓർക്കാതെ വിളിച്ച് പോയതാണ്, അയാളെ കാണുമ്പോൾ അങ്ങനെ വിളിക്കുന്ന ശീലം നാക്ക് മറന്നിട്ടില്ല.
അയാൾ അത് കേട്ട് ചിരിച്ചു.
"ആ വിളി മറന്നില്ല അല്ലെ?"
അധികം മാറ്റമൊന്നുമില്ല അയാൾക്ക്, മുഖത്തിന് അൽപ്പം കൂടി പ്രായം തോന്നിച്ചു. കണ്ണുകളിലെ പ്രകാശം അണുവിട കുറഞ്ഞിട്ടില്ല. നെഞ്ച് കുറച്ചുകൂടി വിരിഞ്ഞിട്ടുണ്ട്. പുരികത്തിന്റെ മൂന്ന് രോമം മാത്രം നരക്കാനായി ചെമ്പണിഞ്ഞു നിൽക്കുന്നു.
"പോകാം.."
പതിവുപോലെ അയാൾ കൈ കടന്നു പിടിച്ചപ്പോൾ ഹൃദയം ഒരുനിമിഷത്തേക്ക് നിശ്ചലമായി.
നെഞ്ചിൽ ആരോ കത്തി കുത്തിയിറക്കിയ പോലെ... അല്ല,  ഒരു വീർപ്പു മുട്ടൽ..
"ഇനിയും ഇവിടെ നിന്നാൽ നീ തണുത്ത് മരവിക്കും. ഇപ്പോൾ തന്നെ കൈ തണുത്ത് കഴിഞ്ഞു."
അയാൾ കൈയും പിടിച്ച് അടുത്തുള്ള കോഫി ഷോപ്പിലേക്ക് നടന്നു. ഒരു മേശ മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ എന്നതും അത് അവർ സ്ഥിരം ഇരിക്കാറുള്ളതായിരുന്നു എന്നതും യാദൃശ്ചികം മാത്രം.

പൈസ അയാൾ കൊടുക്കുമ്പോൾ വയസ്സൻ മാനേജർ വെളുക്കെ ചിരിച്ചു.
"ഒരുപാട് നാളായല്ലോ രണ്ടാളെയും കണ്ടിട്ട്..", അയാൾ ഇപ്പോഴും അവരെ ഓർക്കുന്നു എന്നാണ്.
അവർ ഒന്ന് പുഞ്ചിരിച്ചു.
"അയാൾ പറഞ്ഞു, അതെ ഒരുപാട് കാലമായി."
അവൾ മനസ്സിൽ പറഞ്ഞു, "അതെ, ഒരുപാട് കാലമായി, ഏഴ് വര്ഷം..".
അവിടുന്നിറങ്ങി നടക്കുമ്പോളും അയാൾ അവളുടെ കൈ പിടിച്ചിരുന്നു. 
അവൾ ഇടക്കിടക്ക് ആ കൈകളിലേക്കും അയാളുടെ മുഖത്തേക്കും മാറി മാറി നോക്കി. 
ഉള്ളിന്റെയുള്ളിൽ ഒരു വലിയ കടൽ ആർത്തലച്ചു വരുന്നുണ്ടായിരുന്നു, പുറത്തേക്ക് വരാതെ അത് തൊണ്ടക്കുഴിയിൽ ഒരു വീർപ്പുമുട്ടലായി നിന്നു. 
"ഇനി എങ്ങോട്ട് പോണം?"
അവൾ എങ്ങോട്ടെങ്കിലും എന്ന ഭാവത്തിൽ അയാളെ നോക്കി. 
ഒഴിഞ്ഞു വന്ന ടാക്സിക്ക് അയാൾ കൈ കാണിച്ചു. 
"നംസാൻ"
ഡ്രൈവർ ഒരു നപുംസകത്തെ പോലെ തോന്നിച്ചു, അധികം ശ്രദ്ധ കൊടുത്തില്ല.
സബ് വേയുടെ കടയ്ക്കുള്ളിൽ സ്കൂൾ യൂണിഫോമിലുള്ള  കുട്ടികളിരുന്ന് സാൻഡ്‌വിച്ച് തിന്നുന്നു. നൈറ്റ് സ്കൂളിൽ നിന്നു വരുന്നവരായിരിക്കും. 
സ്ഥിരമായി കാണുന്ന കാർട്ട് ബാർ അടച്ചിട്ടിരിക്കുന്നു. 
"റൂബി.. "
"മ്?"
"ഒന്നുമില്ല"

അയാൾ എന്തെങ്കിലും ചോദിച്ചിരുന്നെങ്കിൽ.. ഈ മൗനത്തിന്റെ മേഘം പെയ്തു തോർന്നെങ്കിൽ.. 
ഏഴ് വർഷത്തിന് ശേഷം കാണുകയാണ്.. ഒന്നും പറയാനില്ലേ..?
നംസാൻറെ മുന്നിൽ വണ്ടി നിന്നു. അയാൾ കാർഡ് ഉപയോഗിച്ച് പണമടച്ചു. ഡ്രൈവർക്ക് നന്ദി പറഞ്ഞയാൾ തിരിയുമ്പോൾ അവൾ മുകളിലേക്ക് നോക്കി നിൽക്കുകയായിരുന്നു. 
അയാളുടെ കൈയും പിടിച്ച് ലിഫ്റ്റിനുള്ളിലേക്ക് കയറുമ്പോൾ ആരും അതിനുള്ളിലുണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചിരുന്നു. ആദ്യത്തെ നിലയിലെത്തിയപ്പോളേക്കും വേറെയും ആളുകൾ കയറി. 
കേബിൾ കാറിൽ കയറി താഴേക്ക് നോക്കിയപ്പോൾ താഴെ ഇരുൾ പല വർണ്ണങ്ങളിൽ ആഭരണങ്ങൾ അണിഞ്ഞു നിൽക്കുന്നു. 
അയാൾ അവളുടെ അരികിൽത്തന്നെ നിന്നു. 
ഇടക്കെപ്പോഴോ അയാളുടെ ശ്വാസം അവളുടെ പിന്കഴുത്തിൽ തട്ടി. 
അവരിപ്പോൾ തണുത്ത മരത്തിലെ പക്ഷികളെ പോലെ തോന്നിച്ചു 
അവൾക്ക് അയാളെ അഭിമുഖമായി നിൽക്കണമെന്നുണ്ടായിരുന്നു.. വല്ലാത്തൊരു ഭയം അടിവയറിൽ നിന്ന് മുകളിലേക്ക് കയറുന്നു. 
കേബിൾ കാറിൽ നിന്ന് താഴെ ഇറങ്ങാൻ അയാൾ സഹായിച്ചു. 
സമാഗമത്തിന്റെ നീളം കുറഞ്ഞു വരുന്നു. 
എന്തൊക്കെയോ പറയണമെന്നുണ്ട്.,
"ഉപ്പാ.."
"മ്?"
പറയാൻ വന്നത് വിഴുങ്ങി.. 
"ആ പൂട്ടുകൾ കണ്ടിരുന്നോ.."
"ഉം.. നമ്മളും ഒരിക്കൽ ഒരെണ്ണം പൂട്ടിയതല്ലേ..? ഇത്രേം പൂട്ടുകൾക്കിടയിൽ നമ്മൾ ഇട്ടതും കാണും.."

അക്കാര്യം മറന്നിരുന്നു.. മുൻപ്, ഏതാണ്ട് എട്ട് വർഷങ്ങൾക്ക് മുൻപ് രണ്ടാളുടെയും പേരെഴുതിയ ഒരു പൂട്ട് അവിടെ തൂക്കിയിരുന്നു. അതിനു ശേഷം എത്രയോ വർഷങ്ങൾ.. ആരുടെയൊക്കെയോ പേരെഴുതിയ എത്രയെത്ര പൂട്ടുകൾ... ഹാൻ നദിയിൽ സൂചി തപ്പുന്നതിനു തുല്യമാണ്, ഇത്രേം പൂട്ടുകൾക്കിടയിൽ നിന്നും നമ്മൾ പൂട്ടിയത് കണ്ടെത്താൻ.. 
പുറത്തിറങ്ങിയതും സോളിലേക്കുള്ള അവസാന വണ്ടി വന്നു നിന്നു. ഇനി ഇവിടെ നിന്നു ടാക്സി കിട്ടാൻ പാടാണ്. 
പാതി വഴിയിൽ അയാൾ യാത്ര പറഞ്ഞിറങ്ങി. 
അയാളെ തടയണമെന്നുണ്ടായിരുന്നു.. 
പറയണമെന്നുണ്ടായിരുന്നു, 
ദേഷ്യമൊന്നുമില്ലെന്നു, 
ഇപ്പോളും ഒരുപാടിഷ്ടമാണെന്നു, 
കൈ പിടിച്ചപ്പോൾ ഹൃദയത്തിൽ മഴ പെയ്തിരുന്നുവെന്ന്,
പിൻകഴുത്തിൽ ശ്വാസം തട്ടിയപ്പോൾ കെട്ടിപ്പിച്ചുമ്മവെക്കാൻ തോന്നിയെന്ന്, 
ലിഫ്റ്റ് അടയുന്നതും തുറക്കുന്നതും കണക്കാക്കാതെ പ്രണയിക്കണമായിരുന്നെന്ന്,
ഇതൊക്കെ പറയാൻ ഒരുപാട് ധൈര്യം വേണ്ടിവന്നുവെന്ന്.
ഒന്നും പറഞ്ഞില്ല. 

"അജുമ്മാ*.." ഒരു പെൺകുട്ടി താഴെ വീണുകിടന്ന ഇയർഫോൺ ചൂണ്ടിക്കാട്ടി, എപ്പോഴോ താഴെപോയതാണ്. 
"ഓഹ്, ഗംസാമ്മിതാ*", കുട്ടിക്ക് നന്ദി പറഞ്ഞു, അവൾ തന്റെ ഫോണിൽ നിന്നും മുഖമുയർത്താതെ ടൈപ്പ് ചെയ്യുകയായിരുന്നു. 

ബസ് നമ്പർ 02 സൺഹ്വാൻ ഷട്ടിൽ നംസാനിൽ നിന്നും അകന്നുകൊണ്ടിരുന്നു..
ഇപ്പോൾ അത് ഒരുപാട് ദൂരെയാണ്.
'എന്തൊരു ഭംഗിയാണ്.. '
ഇയർഫോൺ ചെവിയിലേക്ക് വച്ചു, ഒരു നിമിഷത്തിനു ശേഷം 'സാഡ് വിൻഡ്*' ഒഴുകി വന്നു.
വേർതിരിച്ചറിയാനാകാത്ത വികാരങ്ങളുമായി മറ്റൊരു ദിവസം കൂടി, ഈ യാത്ര അവസാനിക്കുന്നത് ഒരു പൂച്ചക്കുഞ്ഞും കുറെ സ്വർണ്ണ മീനുകളുമുള്ള ചെറിയ അപ്പാർട്മെന്റിലേക്കാണ്. ഇപ്പോൾ കേൾക്കാൻ 'സാഡ് വിൻഡ്' തന്നെയാണ് നല്ലത്.
ബസ് തടഞ്ഞു നിൽക്കുന്ന ഇരുളിനെ വകഞ്ഞുമാറ്റി സോളിന്റെ ഹൃദയത്തിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരുന്നു. .



Nb-
*ഉപ്പ - സഹോദരൻ/കാമുകൻ
*അജുമ്മ - മുതിർന്ന സ്ത്രീകളെ ബഹുമാനപൂർവ്വം വിളിക്കുന്നത്.
*ഗംസാമ്മിതാ - നന്ദി
*സാഡ് വിൻഡ് - Sung by Eun Ga Eum. Album - Scholar who walks in the moonlight.