ചില കണ്ണാടിക്കളികൾ
"ചന്ദ്രികാ സോപ്പിന് നറുമണം.. "
കയ്യിലിരിക്കുന്നത് ചന്ദ്രികാ സോപ്പ് അല്ലെങ്കിലും ആ പാട്ടാണ് ഓർമ്മ വന്നത്. ഹാൻഡ് പമ്പ് കയ്യിൽ കിട്ടിയപ്പോൾ അത് മൈക്ക് ആയി, പാട്ട് "മുക്കാലാ മുക്കാബലാ.." ആയി.
ബാത്ത് റോബും എടുത്തിട്ട് തലയിലൊരു ടവൽ ചുറ്റി പുറത്തേക്കിറങ്ങാൻ നേരം കണ്ണാടിയിലൊന്നു നോക്കി.
"വൗ.. വാട്ട് എ ബോഡി.."
ചാഞ്ഞും ചരിഞ്ഞും നോക്കി, ഒരു മാറ്റവുമില്ല, ഞാൻ തന്നെ.
ആ പടത്തിൽ മർലിൻ മൺറോ നിക്കുന്നത് കണ്ടിട്ടില്ലേ,
"സെക്‌സി".
ഇങ്ങനെ ഇടത്തെ കാൽ മുൻപോട്ട് വച്ച്, ഇടത് സൈഡിലേക്ക് അൽപ്പം ചരിഞ്ഞു നടു വളച്ച് മാറിന്റെ കുഴിവ് അൽപ്പം കാണിച്ച് വലത് കൈ കൊണ്ട് പാറിപ്പോകുന്ന ഗൗൺ പിടിച്ച്, ഇടത് കൈ ചെവിക്ക് പുറകിൽ വച്ച്..
അവർ ഹൈഹീലാണ് ഇട്ടേക്കുന്നത്, തല്ക്കാലം ഹൈഹീൽ ഇല്ലാത്തോണ്ട് സ്ലിപ്പറിനടിയിൽ സോപ്പ്പെട്ടി വച്ച് അഡ്ജസ്റ്റ് ചെയ്തു, തെന്നിയാൽ പോയി. പ്ലീറ്റില്ലാത്ത ബാത് റോബ് കാറ്റില്ലാതെ പറപ്പിക്കാൻ നോക്കിയപ്പോൾ കൈ ഭിത്തിയിൽ നന്നായിടിച്ചു. അവരിങ്ങനെ വെളുക്കെ ചിരിച്ചാണ് നിൽക്കുന്നത്, പോസ് ഒന്ന് മാറ്റാം, ചിരിക്കുന്നതിനു പകരം ഉമ്മവയ്ക്കുന്ന രീതിയിൽ ചുണ്ടുകൾ കൂർപ്പിച്ചു. കൈ ചെവിക്ക് പുറകിൽ വയ്ക്കുന്നതിന് പകരം ഉമ്മ പരാതി വിടാൻ പാകത്തിന് വച്ചു. അവരുടെ കവിളിൽ ഒരു മറുക് ഉണ്ട്, തല്ക്കാലം കഴുത്തിലെ മറുക് വച്ച് അഡ്ജസ്റ്റ് ചെയ്യാം.
നേരെ ഒന്നുകൂടി പോസ് ചെയ്തു.
"പെർഫെക്റ്റ്"
"ക്ടക്", സ്ലിപ്പറിനടിയിലിരുന്ന സോപ്പുപെട്ടി പൊട്ടി, വീഴാതിരിക്കാൻ പിടിച്ചത് ഷവറിന്റെ നോമ്പിൽ, ഷവർ തുറന്ന് വെള്ളം മുഴുവനും തലയിലേക്ക്.
"നീ ഇന്ന് പോകുന്നില്ലേ? സമയം എട്ടരയായി."
"എട്ടര..!!"
ചടപടാന്ന് എല്ലാം എടുത്ത് നേരെ വച്ച് തല തുടച്ചു, ഇടാനുള്ള ഡ്രസ്സ് നേരത്തെ എടുത്ത് വച്ചത് നന്നായി.
ചുരിദാറുമിട്ട് ഷാൾ കുത്തി, ഒന്നും കാണില്ല എന്ന് ഉറപ്പു വരുത്തി.
ഒരു ദോശ കഴിച്ചെന്നു വരുത്തി, ബാഗുമെടുത്ത് ഇറങ്ങുമ്പോൾ കമ്മലിട്ടില്ല,
ഒരു ചെറിയ കമ്മലുമിട്ട് പൊട്ടും കുത്തി കണ്ണാടിയിൽ ഒന്നും കൂടി നോക്കി മുടി ഒതുക്കി ഒന്ന് പുഞ്ചിരിച്ചു.
വാച്ചിൽ നോക്കിയപ്പോൾ എട്ടു നാല്പത്തഞ്ചു കഴിഞ്ഞു, ചെറിയ മഴയുണ്ട്.
ഇപ്പോളെങ്കിലും ഇറങ്ങിയാലേ ഒൻപത്തിന്റെ ബസ് കിട്ടുള്ളു.