2019, ഒക്‌ടോബർ 19, ശനിയാഴ്‌ച

ചെരാതുകൾ

ചെരാതുകൾ

ചന്ദ്രൻ ഉദിക്കുന്നതും പ്രതീക്ഷിച്ചു നിൽക്കുകയാണ് എല്ലാവരും. മുഖങ്ങളിൽ ക്ഷീണം കാണാമെങ്കിലും അവർ സന്തോഷമായി കാണപ്പെട്ടു. എല്ലാവരും ചമയങ്ങളണിഞ്ഞിരുന്നു, ചുവന്ന നിറമുള്ള വസ്ത്രങ്ങളിൽ അവർ ചന്ദ്രനെ കാത്തു നിന്നു. 
മനോജ് പ്രിയയെ ദൂരെ നിന്നും നോക്കി നിന്നു, എല്ലാവരിൽ നിന്നും വിഭിന്നമായി അവൾ സിന്ദൂരം അണിഞ്ഞിരുന്നില്ല. നേർത്ത കസവുള്ള ചുവന്ന സാരിയിൽ അവൾ അതി മനോഹരിയായിരുന്നു. 
"ചാന്ദ് ആഗയാ.. " ഒരു ആരവമുണർന്നു. സ്ത്രീകൾ ആഹാരം ചന്ദ്രന് നേദിച്ച ശേഷം അലുക്കുകൾ  നേർത്ത അരിപ്പ കൊണ്ട് ചന്ദ്രനെ വണങ്ങി. അപ്പോഴേക്കും പല സ്ഥലങ്ങളിലായി നിന്നിരുന്ന പുരുഷന്മാർ അവരുടെ സ്ത്രീകൾക്കരികിലേക്ക് എത്തിച്ചേർന്നിരുന്നു. മനോജിനെ അരിപ്പയിലൂടെ കണ്ടതും അവൾ പുഞ്ചിരിച്ചു. മനോജ് കൊടുത്ത മധുരം വായിൽ വയ്ക്കുമ്പോൾ പ്രിയയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. 
***
"ഏട്ടാ.."
"ഉം...?"
"ഈ പരിപാടി കൊള്ളാം അല്ലേ?" 
"ഏത്..?"
"ഈ കർവാ ചൗത്ത്.. " 
"ഉം.. കൊള്ളാം. 
അവർക്കിടയിൽ മൗനം കനത്തു. 
ചന്ദ്രോദയ മന്ദിറിന്റെ കൽപ്പടവുകളിൽ ഇരിക്കുകയായിരുന്നു അവർ. 
"ഏട്ടന് എന്നോട് ദേഷ്യമുണ്ടോ..?"
"എന്തിന്?|"
"ഇങ്ങനെ വിളിച്ചു വരുത്തിയത്തിന്.. "
"ഇല്ല പ്രിയ, നീ വിളിച്ചതിൽ സന്തോഷമുണ്ട്."
"എനിക്ക് ഒരുപാടിഷ്ടമാ ഏട്ടനെ.. അതോണ്ടാ.. "
"അറിയാം..." 
അയാൾ അവളുടെ തോളിൽ കയ്യിട്ട് തന്നിലേക്ക് അടുപ്പിച്ചു. 
"അനുവും മകനും സുഖമാണോ?" 
"ഉം. സുഖം. " 
"എന്ത് പറഞ്ഞിട്ടു വന്നു? "
"മീറ്റിങ്.. "
"ഇതും മീറ്റിങ് ആണല്ലോ.. "
അയാൾ ചിരിച്ചു. 
കാറ്റിൽ തിരികളുടെ ഗന്ധം ചന്ദനത്തോട് ചേർന്നു നിന്നു. 
"പ്രിയ, നിനക്കൊരു ജീവിതം വേണ്ടേ, ഇങ്ങനെ തനിച്ച് എത്ര കാലം?"
" നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം.. " അവൾ സംസാരം മുറിച്ചു. 
"ഏട്ടാ.. നമ്മൾ നേരത്തെ കണ്ടുമുട്ടേണ്ടതായിരുന്നു അല്ലേ..?" 
"ശരിയാണ് പ്രിയ, നീ വൈകിപ്പോയി, ഒരുപാട്. നീണ്ട ആറ് വർഷങ്ങൾ വൈകിപ്പോയി. അതുവരെ എവിടെയായിരുന്നു നീ..."  
അവളും ഓർക്കുകയായിരുന്നു, താൻ എവിടെയായിരുന്നു എന്ന്‌, ഓക്ലണ്ടിലോ അമൃത്സറിലോ എന്ന് അവൾക്ക് ഉറപ്പുണ്ടായില്ല. 
പക്ഷേ, ആ ദിനം വ്യക്തമായി ഓർക്കുന്നുണ്ട്. മിഥിലയിലേക്കുള്ള തീവണ്ടി മാറിക്കേറിയ ദിവസം, അപരിചിതനായ ഒരാൾ സഹായിച്ച ദിവസം. 
പിന്നീട് ആ വ്യക്തിയെ അടുത്തറിയാൻ ശ്രമിച്ചു, ആരാധിച്ചു. 
"അല്ലെങ്കിലും വലിയ അനുഗ്രഹങ്ങൾ നമ്മിൽ വൈകിയല്ലേ വരുള്ളൂ.. " 
മനോജിന്റെ ശബ്ദം അവളെ ചിന്തയിൽ നിന്നുണർത്തി. 
അവൾ അയാളിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു. 
"പോണ്ടേ?"
"ദേ.. ആ ചെരാതുകൾ കത്തി തീരുമ്പോൾ പോകാം... " 
അവൾ നദിയിൽ ഒഴുകി നടക്കുന്ന ചെരാതുകൾ ചൂണ്ടിക്കാട്ടി. 
അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ അവർ രണ്ടു പേരും രണ്ട്‌ വഴികളിലായി പിരിയും. 
"ഇനിയെന്നാ" അയാൾ ചോദിച്ചു.
"അടുത്ത വർഷം, ഇതേ ദിവസം. ഇവിടെ വച്ച്.. " 
ഒഴുകിപ്പോകുന്ന ചെരാതുകൾ അവളുടെ കണ്ണുകളിൽ തിളങ്ങി.
"നീ എന്താ പ്രാർഥിച്ചത്?"
"ഏട്ടൻ എപ്പോഴും  സന്തോഷമായിരിക്കാൻ.."
അവളുടെ വിരലുകൾ അയാൾ ഒന്നുകൂടി കോർത്തുപിടിച്ചു. 
സമയം കടക്കുന്നു, 
രണ്ടു മനസ്സുകൾ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. 
ചെരാതുകൾ അണയാതിരുന്നെങ്കിലെന്ന്..   


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ