പ്രണയത്തിന്റെ വൈറസ്
രാവിലെ കണ്ട സ്വപ്നം മനസ്സിൽ വല്ലാതെ ഉടക്കി നിന്നിരുന്നു. എന്താണെന്ന് ഓർക്കാൻ ശ്രമിച്ചിട്ട് കിട്ടുന്നില്ല, വളരെ മോശം സ്വപ്നമായിരുന്നു എന്ന കാര്യത്തിൽ മാത്രം സംശയമില്ല.രാവിലെ തന്നെ നെഗറ്റീവ് മൂഡ്.
സമയം ആറാകുന്നു, ഇന്നിനി ചോറുണ്ടാക്കാൻ നേരമില്ല, ക്യാന്റീനിൽ നിന്ന് കഴിക്കാം., തല്ക്കാലം ചായ കുടിക്കാം. ഗ്യാസിൽ വെള്ളം വച്ചിട്ട് ചായപ്പൊടിക്കായി കൈ നീട്ടിയതും നെല്ലിക്ക ഇട്ടുവച്ചിരുന്ന ചില്ലുഭരണി താഴെവീണു ചിതറി. കുറെ തേനിനൊപ്പം നെല്ലിക്ക തറയിൽ ഉരുണ്ടു കളിച്ചു. അതെല്ലാം തൂത്തു തുടച്ചപ്പോഴേക്കും ചായക്കൊതി മാറി.
സമയം ആറേമുക്കാൽ, ഏഴേമുക്കാലിന് ഇറങ്ങിയില്ലെങ്കിൽ എട്ടിന്റെ ബസ് കിട്ടില്ല.
വേഗം കുളിച്ചു കയറി. ചീർപ്പെടുക്കാൻ കൈനീട്ടിയതും ചുമരിലിരുന്ന കണ്ണാടി നിലത്തുവീണുടഞ്ഞു.
'മൈര്.. ഇന്നത്തേത് കൊണാപ്പിനെയാണോ കണി കണ്ടത്..' ചില്ലുകൾ പെറുക്കുമ്പോൾ ഓർത്തു.
'ഉഫ്..' വിരൽ ചെറുതായി മുറിഞ്ഞു.
ചില്ലുകളും കളഞ്ഞിട്ട് കൈ കഴുകി ഒരു ബാൻഡേജ് എടുത്ത് ചുറ്റി.
സമയം നോക്കുമ്പോൾ ഏഴ് അൻപത്തഞ്ച്.
ഇന്നിനി ബസ് കിട്ടിയത് തന്നെ.
വേഗം നടന്നു, സ്റ്റാൻഡിനു മുന്നിലെത്തിയതും ബസ് എടുത്തു, സ്ഥിരം ആളായത് കൊണ്ടാകും, കണ്ടപ്പോൾ തന്നെ ഡ്രൈവർ നിറുത്തി. ഡ്രൈവറും കണ്ടക്ടറും എല്ലാം മാസ്ക്കും കയ്യുറകളും ധരിച്ചിട്ടുണ്ട്..., കൊറോണക്കാലമാണല്ലോ.
'ഒരു സിവിൽ സ്റ്റേഷൻ.', ടിക്കറ്റ് എടുത്തു.
ചെറുതായി ഒന്ന് മയങ്ങി, ആ നശിച്ച സ്വപ്നം കാരണം നേരം വണ്ണം ഉറങ്ങാൻ കഴിഞ്ഞില്ല.
കുടപ്പനക്കുന്ന് എത്തിയപ്പോൾ കണ്ണ് തുറന്നു.
എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്..
'കോപ്പ്.. മറന്നു, കൊറോണ പ്രമാണിച്ച് ഇന്ന് ഓഫീസിന് അവധിയാണ്. ഇനീപ്പോ അങ്ങോട്ട് പോകേണ്ട ആവശ്യമില്ല'.
കുടപ്പനക്കുന്ന് ഇറങ്ങി.
അമ്മൂസിനെ വിളിച്ചു നോക്കി.
"ഡി, നീയെവിടെ?"
"ഞാൻ വീട്ടില്.."
"ലിന്റ ഉണ്ടോ അവിടെ?"
"ഉണ്ടെടി എന്താ..?"
"ഡി എന്നെ ഒന്ന് പിക്ക് ചെയ്യാൻ പറ.. ഞാനിവിടെ കുടപ്പനക്കുന്ന് നിക്കുവാ. ഓഫീസ് അവധിയാണെന്നു ഓർത്തില്ല."
"എടീ, വണ്ടി ഇല്ല. വണ്ടി ബെന്നി കൊണ്ട് പോയി. അവന്റെ വണ്ടി സർവീസിന് കൊടുത്തു. അതോണ്ട് അവൻ അവൾടെ വണ്ടി കൊണ്ട് പോയി..."
"നന്നായി.., ഞാൻ വിളിക്കാം."
ഇന്ന് കണികണ്ടവനെ മനസ്സിൽ വന്ന എല്ലാ തെറിയും വിളിച്ചു.
ഇനി ഇവിടുന്ന് ബസ് കിട്ടാൻ എത്ര നേരം ഇരിക്കാനോ ആവോ..
ഒരമ്മച്ചിയും ഞാനുമല്ലാതെ സ്റ്റോപ്പിൽ വേറാരുമില്ല, തലയിൽ കൈ വച്ച് അണ്ടി കളഞ്ഞ അണ്ണനെ പോലെയിരിക്കുന്ന എന്നെ അമ്മച്ചി കുറെ നേരമായി നോക്കുന്നുണ്ട്.
"കൊച്ചേ, ഫോൺ.."
"ഏഹ്..?"
"ഫോണടിക്കുന്നു എന്ന്.."
എന്റെ ഫോൺ ശബ്ദിക്കുന്നുണ്ട്. പരിചയമില്ലാത്ത നമ്പറാണ്.
ഇതിനി ആരാണാവോ.
"ഹലോ..സജീന മാഡം ആണോ?"
"ആണ്..ആരാ സംസാരിക്കുന്നെ?"
"മാഡം, ബ്ലഡ് ഹെൽപ്പേർസിൽ നിന്ന് നമ്പർ കിട്ടിയിട്ടാണ് വിളിക്കുന്നത്. ഇന്ന് അർജന്റ് ആയിട്ട് ബ്ലഡ് വേണമായിരുന്നു. മാഡം അവൈലബിൾ ആണോ?"
"എവിടുത്തേക്കാ..?"
"മാഡം, ശ്രീ ചിത്രയിലാണ്. അർജന്റാണ് മാഡം, ഇന്ന് രണ്ടുമണിക്ക് മുന്നേ വേണം."
"ശരി, ഞാൻ വരം, ഈ നമ്പറിൽ വിളിച്ചാൽ മതിയോ?"
"മതി. താങ്ക് യു മാഡം."
***
ശ്രീ ചിത്രയിലേക്ക് എത്തുമ്പോൾ വിളിച്ചയാൾക്ക് പകരം ഒരു സ്ത്രീയാണ് കാത്തുനിന്നത്.
"കൊറോണയായത് കൊണ്ട് ബ്ലൂഡിന് ആരും വിളിച്ചാൽ വരുന്നില്ല. മോൻ കുറെ സമയമായി ആരെയൊക്കെയോ വിളിക്കുന്നു, ആർക്കും വരാൻ വയ്യ, എല്ലാര്ക്കും പേടി. അപ്പോളാ മോള് വന്നത്. അൽഹംദുലില്ലാഹ്."
ഞാൻ ചിരിച്ചു.
വെയിറ്റ് എടുക്കുമ്പോൾ കഷ്ടിച്ചു അൻപത്തി രണ്ടേയുള്ളു. നേഴ്‌സ് എന്നെയൊന്നു നോക്കി. അവര് ചോദിച്ച കുറെ ചോദ്യങ്ങൾക്ക് ഞാൻ തലയാട്ടി.
"മാഡം, പീരിയഡ്‌സ് കഴിഞ്ഞിട്ട് എത്ര ദിവസമായി..?"
കണക്ക് കൂട്ടി, 'ഇന്ന് ആയപ്പോൾ നാല്..'
കയ്യിൽ സൂചി കുത്തിയിട്ട് ചിരിക്കുന്ന മുഖമുള്ള ഒരു പന്ത് കയ്യിൽ തന്നു. അതും ഞെക്കിക്കൊണ്ട് കുറെ നേരം.
കുറെ കഴിഞ്ഞപ്പോൾ ഒരു നേഴ്‌സ് വന്ന് സൂചി എടുത്തു.
"മാഡം, ചിലപ്പോൾ തല കറങ്ങും, അൽപ്പ നേരം കൂടി കിടന്നിട്ട് എണീറ്റാൽ മതി. വെള്ളം ധാരാളം കുടിക്കണം."
കുറച്ചു നേരം കൂടി കിടന്നപ്പോൾ പ്രശ്നമൊന്നുമില്ല. പതിയെ എണീറ്റ് മുറിക്ക് പുറത്തേക്ക് നടന്നു.
ആ സ്ത്രീ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. അവർ ഒരു ബോട്ടിൽ വെള്ളം നീട്ടി. അത് വാങ്ങി കുടിക്കുന്നതിനിടയിൽ ഒരാൾ കടന്നു വന്നു.
"മാഡം.. എന്റെ പേര് ഷമീർ, ഞാനാണ് വിളിച്ചത്. വേറെ ആരെയും വിളിച്ചിട്ട് കിട്ടിയില്ല. വാപ്പാക്ക് ഇന്നൊരു ഓപ്പറേഷൻ ഉണ്ട്."
ഞാൻ ഒരു ഹുങ്കാരം മാത്രം കേട്ടു, ശരീരം ഒന്ന് തണുത്തു, ആരോ എന്നെ താങ്ങി.
***
കണ്ണ് തുറക്കുമ്പോൾ ബെഡിലാണ്. കയ്യിൽ ഡ്രിപ് ഘടിപ്പിച്ചിരിക്കുന്നു.
ആ സ്ത്രീ അടുത്തുണ്ട്. ഞാൻ എണീക്കാൻ ശ്രമിച്ചു.
അപ്പോഴേക്കും അയാൾ കടന്നു വന്നു. ഇപ്പോഴാണ് അയാളെ നേരെ കാണുന്നത്.
"ഉമ്മാ, വാപ്പ വിളിക്കുന്നുണ്ട്."
"ഞാൻ പോയിട്ട് വരാം.. നീ ഈ കൊച്ചിന്റടുത്തിരിക്ക്."
അവർ അയാളെ എന്റടുത്താക്കിയിട്ട് പോയി.
എന്തോ ഒന്ന് മിസ്സിങ് ആണല്ലോ, എന്റെ മഫ്ത കാണുന്നില്ല.
അയാൾ ടേബിളിൽ നിന്നും മഫ്ത എടുത്ത് തന്നു.
"പെട്ടെന്ന് വിയർത്തത് കൊണ്ട് ഊരിയതാണ്, ബി പി കുറഞ്ഞതാണ്. ഡ്രിപ് തീരുമ്പോൾ വിടും."
ഐ വി ഏതാണ്ട് മുക്കാൽ ആയതേ ഉള്ളു. തീരാൻ ഇനിയും സമയമെടുക്കും.
"എന്ത് ചെയ്യുന്നു?" ഞാൻ ചോദിച്ചു.
"ഞാൻ മദീനയിലാണ്. ഒരു കമ്പനിയിൽ മാനേജർ. വാപ്പാക്ക് ഒരു ഓപ്പറേഷൻ ഉണ്ട്. അതിനു വേണ്ടി വന്നതാണ്. വാപ്പാക്ക് ഇപ്പോൾ വൈറ്റൽ സ്റ്റേബിൾ അല്ല. അത്കൊണ്ട് ഇന്നത്തെ ഓപ്പറേഷൻ മാറ്റി, നാളെ രാവിലെ."
"ഉം.."
"നമ്മൾ നേരത്തെ കണ്ടിട്ടുണ്ട്. ഓർക്കുന്നുണ്ടോ?"
"ഏഹ്..എപ്പോൾ?"
"ഒരു എട്ടു മാസം മുൻപ്.. ഞാൻ പെണ്ണ് കാണാൻ വന്നിട്ടുണ്ട്. ഞാനും ഇത്തയും കൂടിയ വന്നത്. അന്ന് നിങ്ങൾക്ക് പനിയായിരുന്നു."
ഇപ്പോൾ കത്തി.
...ഒരു പനി, ഒരൊന്നൊന്നര പനി വന്നിരുന്നു. ഓഫിസിൽ നിന്ന് അവധിയെടുത്തിട്ട് ഒരു ഇഞ്ചക്ഷനും എടുത്ത് വീട്ടിൽ വന്നു. ഒന്നുറങ്ങാൻ തുടങ്ങുമ്പോഴാണ് വാപ്പച്ചി വന്നു പറഞ്ഞത്, ഇന്നൊരാൾ കാണാൻ വരുമെന്ന്. അയാൾക്ക് ലീവ് ഇല്ലത്രെ.
അര മണിക്കൂർ കഴിഞ്ഞപ്പോളേക്കും ആളെത്തി.
ചായ സൽക്കാരമൊക്കെ കഴിഞ്ഞപ്പോൾ അയാൾ സംസാരിക്കാൻ മുറിയിലേക്ക് വന്നു. എന്തൊക്കെയോ പറഞ്ഞു. ഞാനും എന്തൊക്കെയോ മറുപടി പറഞ്ഞു. ചോദിച്ചതോ പറഞ്ഞതോ എന്താണെന്ന് ഇതുവരെയും എനിക്ക് ഓർമ്മയില്ല. അയാളുടെ മുഖം പോലും ഓർമ്മയില്ല. അത് കഴിഞ്ഞപ്പോൾ അയാളുടെ സഹോദരി കയറി വന്നു, സലാം പറഞ്ഞു കയ്യിലൊക്കെ പിടിച്ചു. അവരും എന്തൊക്കെയോ ചോദിച്ചു, സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസ്സിലായില്ല, ഞാൻ കണ്ണും മിഴിച്ചു നിന്നു. ഇൻജെക്ഷൻ ശരീരം നന്നായി തളർത്തിയിരുന്നു.
ആ സംഭവം കഴിഞ്ഞിട്ട് ഏതാണ്ട് ഒരു മാസം ആയപ്പോളാണ് ഞാൻ അറിയുന്നത്, സഹോദരിക്ക് എന്നെ കണ്ടിട്ട് എന്തോ സങ്കടം ഉള്ളത് പോലെ തോന്നി എന്ന്, അതുകൊണ്ട് വേണ്ട എന്ന് വച്ചെന്ന്...
ഞാൻ ഇപ്പോളാണ് ആളിനെ നേരെ കാണുന്നത്. ഇരുനിറം. ഒത്ത ശരീരം.
"തന്നെ ഫോട്ടോയിൽ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടിരുന്നു. പിന്നെ ഒരു ചടങ്ങിന് വേണ്ടിയാ കാണാൻ വന്നത്. അപ്പോളാ..ഇത്ത.." അയാൾ പറഞ്ഞു.
"ഞാൻ അന്ന് അങ്ങനെ ഒന്നും ഉദ്ദേശിച്ചു ചെയ്തതല്ല, മരുന്നിന്റെ എഫക്ടിൽ.. ശരിക്കും എനിക്ക് ഒന്നും കേൾക്കുന്നില്ലായിരുന്നു."
"അത് ഇയാൾ എന്നോട് പറഞ്ഞായിരുന്നു."
"ഞാൻ പറഞ്ഞോ..എന്ത്?"
"തനിക്ക് ഞാൻ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല എന്ന്.."
"എനിക്ക് ഓർമ്മയില്ല."
"അതെനിക്ക് മനസ്സിലായി. ഇപ്പോൾ എന്ത് ചെയ്യുന്നു? കല്യാണം..?"
"ഇപ്പോൾ......"
"മാഡം.. ഇപ്പോൾ വല്ല ബുദ്ധിമുട്ടും ഉണ്ടോ?" നേഴ്‌സ് ചോദിച്ചു.
"ഇല്ല."
"പീരീഡ്സ് കഴിഞ്ഞിട്ട് അധിക ദിവസം ആയില്ലല്ലോ, ബ്ലഡും കൊടുത്തു അതാണ് പെട്ടെന്ന് ബി പി കുറഞ്ഞത്. സാരമില്ല. ഇപ്പോൾ തലവേദന ഉണ്ടോ?"
"ഇല്ല."
നശിപ്പിച്ചു.. പീരീഡ്‌സിന്റെ കാര്യം ഇപ്പോൾ പറയേണ്ട വല്ല കാര്യവുമുണ്ടോ?
"ഞാൻ സൂചി എടുക്കുകയാണ്. ഡ്രിപ് തീർന്നു."
സൂചി ഊരിയപ്പോൾ ഒരു തുള്ളി ചോര പുറത്തേക്ക് വന്നു, അവരത് പഞ്ഞി കൊണ്ട് തുടച്ച് ഒരു ചെറിയ ബാൻഡേജ് ഒട്ടിച്ചു.
"അഞ്ചു മിനിറ്റ് കൂടി നോക്കിയിട്ട് പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കൗണ്ടറിൽ പറഞ്ഞിട്ട് പോകാം."
"ശരി. താങ്ക്യൂ."
നേഴ്‌സ് പോയി.
"ഇപ്പോൾ എങ്ങനെയുണ്ട്..?"
"കുഴപ്പമില്ല, അഞ്ചു മിനിറ്റ് കഴിഞ്ഞാൽ പോകാം എന്നല്ലേ പറഞ്ഞത്.."
"ഞാൻ ഉമ്മയെ വിളിക്കാം.."
"വേണ്ട. ഞാൻ പോയെന്നു പറഞ്ഞാൽ മതി."
അപ്പോഴേക്കും ഉമ്മാ വന്നു.
"ഉമ്മാ, സജീന ഇറങ്ങുകയാണ്."
"മോൾക്കിപ്പോൾ എങ്ങനെയുണ്ട്..?"
"എനിക്ക് പ്രശ്നമൊന്നുമില്ല, ബി പി കുറഞ്ഞതല്ലേ, ഡ്രിപ് ഇട്ടപ്പോൾ ഓ കെ ആയി, ഞാൻ ഇറങ്ങട്ടെ."
"വീട്ടിൽ വിളിച്ച് പറയണോ... ഭർത്താവ് നാട്ടിലുണ്ടോ.. വിളിച്ചു പറയാം."
"വേണ്ട. വീട്ടിൽ വാപ്പയാണുള്ളത്, ചുമ്മാ ടെൻഷനാകും, എന്റെ കല്യാണം കഴിഞ്ഞിട്ടില്ല."
ഞാനത് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ ഒന്ന് മിന്നുന്നത് കണ്ടു.
"ഞാൻ പൊയ്ക്കോട്ടേ, ഇപ്പോൾ ഒരു ബസ് ഉണ്ട്.."
"ഞാൻ വീട്ടിൽ വിടാം.." അയാൾ പറഞ്ഞു.
"വേണ്ട, അതിന്റെ ആവശ്യമൊന്നുമില്ല, ഐ ആം ഓക്കേ നൗ."
"എങ്കിപ്പിന്നെ നീ ഈ കൊച്ചിനെ ബസ് കേറ്റി വിട്ടിട്ട് വാ.." ഉമ്മ പറഞ്ഞു.
"വേണ്ട ഞാൻ പൊയ്ക്കോളാം.." ഞാൻ പറയുമ്പോളേക്കും അയാൾ 'പോയിട്ട് വരാമെന്ന്' പറഞ്ഞു.
സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ അയാൾ പറഞ്ഞു,
"ബാഗ് ഞാൻ വയ്ക്കാം.."
"വേണ്ട, ഇതിൽ ഒന്നുമില്ല കുടയും ഒന്ന് രണ്ട് ബുക്കുകളും മാത്രേ ഉള്ളു."
"അതിനാണോ ഇത്ര വല്യ ബാഗ്.."
ഞാൻ ചിരിച്ചതേയുള്ളു.
"കൊറോണ ആയത് നന്നായി അല്ലെ..?"
"ഏഹ്..?"
"അല്ല, നോർമൽ സീസൺ ആയിരുന്നെങ്കിൽ വേറെ ആരെങ്കിലും രക്തം തരാൻ വരുമായിരുന്നല്ലോ. ഇതിപ്പോ ഇങ്ങനെ വൈറസ് ആയത് കൊണ്ടല്ലേ തന്നെ വീണ്ടും കണ്ടത്.."
"ആ അങ്ങനെ.."
സ്റ്റാൻഡിലെത്തി, എന്റെ ബസ് കിടക്കുന്നുണ്ട്
"പോട്ടെ.." ഞാൻ യാത്ര പറഞ്ഞു.
"അതേ, ഞാൻ വീട്ടിലേക്ക് ഒന്നുകൂടി വരട്ടെ..?"
"എന്തിന്.."?
"ഒന്നുകൂടി പെണ്ണ് കാണാൻ.. "
"ഏഹ്..?"
എന്റെ മുഖം ഞാൻ അറിയാതെ തന്നെ ചുവക്കുന്നുണ്ടായിരുന്നു.
"ഞാൻ പോട്ടെ.."
"നമ്പർ.."
"ഇയാൾ പിന്നെ നേരത്തെ ആരുടെ നമ്പറിലാ വിളിച്ചേ?" ബസിൽ കയറുന്നതിനിടക്കാണ് ഞാനത് ചോദിച്ചത്.
സൈഡ് സീറ്റ് കിട്ടി, ബസ് എടുത്തു, തിരിഞ്ഞു നോക്കുമ്പോളും അയാൾ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു.
പെട്ടെന്ന് ഫോൺ ബെല്ലടിച്ചു.
"ഹലോ.."
"ഞാനാണ് ഷമീർ.."
"ആ, എന്താ.."
"ഈ നമ്പറിൽ വാട്സ്ആപ്പ് ഇല്ലേ."
"ഇല്ല.."
"അപ്പോൾ വാട്സ്ആപ്പ് നമ്പർ.."
"വീട്ടിലേക്ക് വരുന്നു എന്നല്ലേ പറഞ്ഞത്.."
"ഉം.. "
"അപ്പോൾ തരാം.."
ഞാൻ ഫോൺ വച്ചു.
നാണം വന്നത് ഞാൻ ഒരു ചുമയിൽ ഒതുക്കാൻ ശ്രമിച്ചു.
അടുത്തിരുന്നയാൾ എന്നെ ഒന്ന് നോക്കി.
ഈ ചുമ കൊറോണയല്ല മാഷെ, ഞാൻ മനസ്സിലൊന്നു ചിരിച്ചു.
സജിയേയ് നല്ല ഉഗ്രൻകഥ.ഞാൻ ആദ്യമായിട്ട തന്റെ കഥ വായിക്കുന്നത്. ഗുഡ്👌
മറുപടിഇല്ലാതാക്കൂThank you da
ഇല്ലാതാക്കൂ