2020, മാർച്ച് 23, തിങ്കളാഴ്‌ച

ഒസ്യത്തിലെ അവസാനത്തെ വരികൾ

ഒസ്യത്തിലെ അവസാനത്തെ വരികൾ 


പ്രിയമുള്ളവനേ,
ഇവിടെ ഇടതടവില്ലാതെ മഴ പെയ്യുന്നുണ്ട്. എവിടെയൊക്കെയോ കരഞ്ഞുനടക്കുന്ന ചീവീടുകൾ, മുറ്റത്ത് വച്ചിരിക്കുന്ന പാത്രത്തിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. മെഴുകുതിരി വെളിച്ചത്തിൽ തുള്ളിപ്പറക്കുന്ന ചെറിയ ഈയാംപാറ്റകൾ, ഇവിടെ കറണ്ട് പോയിട്ട് ഒരുപാട് നേരമായി. പതിവുപോലെ ഞാൻ ജനാലകൾ തുറന്നിട്ടിരിക്കുകയാണ്, നേരിയ കാറ്റ് അകത്തേക്ക് വന്ന് മെഴുകുതിരിയുടെ ജ്വാലകൾ മദോന്മത്തരാക്കാൻ ശ്രമിക്കുന്നുണ്ട്. ചിലപ്പോൾ ഈ കാറ്റ് തന്നെയാകും എന്നെ നിനക്കുവേണ്ടിയെഴുതാൻ പ്രേരിപ്പിച്ചത്. സമയം ഏതാണ്ട് ഒരുമണിയായിട്ടുണ്ടാകും. അതെ, നല്ല സമയമാണ് നിന്നോട് സംസാരിക്കാൻ. 

നീ ആലോചിച്ചിട്ടുണ്ടോ, 
എനിക്കും നിനക്കും ഒരുപോലെയുള്ളത് ഈ ആകാശം മാത്രമാണ്. പെയ്യുന്ന മഴയും കൊള്ളുന്ന കാറ്റും വ്യത്യസ്തമാണെങ്കിലും, കാണുന്ന സൂര്യനും ഇടയ്ക്കിടെ മുഖം കറുപ്പിക്കുന്ന ചന്ദ്രനും മറ്റനേകം നക്ഷത്രങ്ങളും എനിക്കും നിനക്കും ഒരുപോലെയല്ലേ..?
ഒരുവട്ടമല്ല, ഒരുപാടുവട്ടം കൊതിച്ചിട്ടുണ്ട് നിന്നോട് ചേർന്നിരുന്ന് നിലാവ് കാണാൻ, ആ നിലാവിന്റെ താഴ്വാരത്തിരുന്ന് നിന്നെയൊന്നു നോക്കി പുഞ്ചിരിക്കാൻ. 
ഇനിയുമുണ്ട്... നിന്നോടൊത്ത് ഒരു പുഴ കാണാൻ കൊതിച്ചിരുന്നു, എങ്ങോട്ടാണൊഴുകുന്നതെന്നറിയാത്തൊരു പുഴ കാണണമായിരുന്നു. ഒരു സായാഹ്നം പാറമുകളിൽ ചിലവിടണമായിരുന്നു, ഒരു കപ്പ് കാപ്പിയുമൂതിക്കുടിച്ച് നിന്നോട് ഒരുപാട് കാര്യങ്ങൾ പറയണമായിരുന്നു. 
ഒരു പുൽത്തകിടിയിൽ മലർന്നു കിടന്ന് മേഘങ്ങളെ നോക്കണമായിരുന്നു, അവയെ നോക്കി മടുക്കുമ്പോൾ നിന്നോടൊട്ടിച്ചേർന്ന് കിടക്കണമായിരുന്നു, അങ്ങനെ കിടന്നുകിടന്ന് നിന്നെയൊന്ന് അമർത്തി ചുംബിക്കണമായിരുന്നു, വിരലുകളിൽ കടിച്ച് വേദനിപ്പിക്കണമായിരുന്നു. 

ചിരിക്കേണ്ട,
ഇതെല്ലം എന്നിലൊതുങ്ങിയ ആഗ്രഹങ്ങളാണ്. നിനക്കിവയെല്ലാം സ്വപ്നം കണ്ടുകൂട്ടിയ ഒരുവളുടെ ചിരിയടക്കിയ പ്രാന്തുകളാവാം. നിന്നെ കുറ്റം പറയേണ്ടതില്ലല്ലോ, ഒരാളിലേക്ക് മാത്രം ചുരുങ്ങിപ്പോയ ലോകമാണെന്റേത്, അതുകൊണ്ട് തന്നെയാണ് ആ ലോകത്തിനെപ്പോഴും നിന്റെപേരിട്ടു വിളിക്കുന്നത്. പി കെ പാറക്കടവ് പറഞ്ഞപോലെ, 'എനിക്ക് കാണാൻ നിന്റെ കണ്ണുകളും കേൾക്കാൻ നിന്റെ കാതുകളും മണക്കാൻ നിന്റെ മൂക്കും മതിയെന്ന് വന്നപ്പോൾ നമ്മൾ രണ്ടുപേരും വേണ്ട, ഒരാൾ മാത്രം മതിയെന്നായി. നിന്നെ മായ്ചുകളയാൻ എനിക്കാവുന്നില്ല, കാരണം, കുറേക്കാലമായി മായ്ക്കാനും എഴുതാനും നിന്റെ കൈകൾ തന്നെയാണ് ഞാനുപയോഗിക്കുന്നത്. അതുകൊണ്ട്, ഞാൻ എന്നെത്തന്നെ മായ്‌ച്ചുകളഞ്ഞു, നിന്റെ കൈ ഉപയോഗിച്ച് '. 

എത്ര കൃത്യമായ വരികൾ, 
നിന്റെ കൈ ഉപയോഗിച്ച് ഞാൻ എന്നെത്തന്നെ മായ്ച്ചുകളഞ്ഞപ്പോളാണ്, ഞാൻ അന്ധയും, മൂകയും, ബധിരയും, രൂപമില്ലാത്തവളുമാണെന്ന് മനസ്സിലായത്. അതെ, നീയെന്ന പ്രയാണത്തിൽ ഞാൻ അരൂപിയായിരുന്നു. അതുകൊണ്ടാവണം നമ്മൾ പരസ്പരം കണ്ടിട്ടും പലപ്പോഴും കാണാതെ പോയത്. വിരലുകൾ തമ്മിൽ കോർത്തിട്ടും സ്പർശനം അറിയാതെ പോയത്. ഉറക്കെയലറി വിളിച്ചിട്ടും ഒന്നും കേൾക്കാതെ പോയത്. 

സാരമില്ല, 
ഇവിടെ ഞാനോ നീയോ എന്നതല്ല, എന്നിലെ നീയോ നിന്നിലെ ഞാനോ അൽപ്പമെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നതാണ്. സാധ്യതയില്ല, അങ്ങനെയായിരുന്നെങ്കിൽ ഹൃദയം പൊട്ടി വിളിച്ച ഒരു വിളിയെങ്കിലും നമ്മളിലാരെങ്കിലും കേൾക്കാതെ പോകില്ലായിരുന്നു. കാറ്റിനോടും കടലിനോടും പറഞ്ഞുവിട്ട ഒരുപാട് സന്ദേശങ്ങളിൽ ഒന്നെങ്കിലും ഒപ്പിട്ട് കൈപ്പറ്റാതിരിക്കുമായിരുന്നില്ല. 

അല്ലയോ പ്രിയനേ, 
നിന്നോട് സംസാരിക്കാൻ നിശയിങ്ങനെ നീണ്ടു കിടക്കുന്നുണ്ട്. പക്ഷെ, അതുവരെ നിന്റെ ഓർമ്മകളുടെ ഭാരം താങ്ങാനെനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട്, അതുകൊണ്ട് മാത്രം എൻ്റെ ഒസ്യത്തിലെ അവസാനത്തെ വരികൾ ഞാൻ നിനക്കായി സമർപ്പിക്കട്ടെ. ഈ കത്ത് നിന്റെ കൈവശമെത്തുന്ന നാൾ എന്നോട് ഒന്നും ചോദിക്കാതിരിക്കുക, കാണാതിരിക്കുക, കണ്ടെത്താൻ ശ്രമിക്കാതിരിക്കുക. ഒരുപക്ഷെ, നമ്മൾ  തമ്മിൽ കണ്ടാലും മുഖങ്ങൾ പരിചയ ഭാവം കാണിക്കില്ലായിരിക്കും. എന്റെയുള്ളിലെ നീയും നിന്റെയുള്ളിലെ ഞാനും ഇരുളടഞ്ഞ കല്ലറകളിൽ  മണ്മറഞ്ഞിട്ടുണ്ടാകും. ഒന്ന് മാത്രം നീ മനസ്സിലാക്കുക, ഇതെന്റെ ഒസ്യത്താണ്.  അതിന്റെ ഏക അവകാശി നീ മാത്രവും. ഒരുപാട് പ്രാവശ്യം കുത്തികുറിച്ചിട്ടും ചുരുട്ടിക്കളഞ്ഞതിനും ശേഷം രേഖപ്പെടുത്തുന്നത്. എന്നിലെ നിന്നെ ഞാൻ ഖബറടക്കുന്നതിനു മുൻപ് ചുണ്ടുകളാൽ അവസാന മുദ്രണം ചെയ്ത എൻ്റെ ആദ്യത്തെ ഒസ്യത്ത്. 
നിറുത്തട്ടെ, 
എന്ന് സ്വന്തം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ