2020, മാർച്ച് 30, തിങ്കളാഴ്‌ച

സിലിഗുരിയിലെ അവസാനത്തെ കാഴ്ച

സിലിഗുരിയിലെ അവസാനത്തെ കാഴ്ച 

അമ്മു വായും തുറന്ന് നിൽക്കുകയായിരുന്നു, എന്നെ ഒട്ടും പ്രതീക്ഷിച്ചില്ല എന്നത് വ്യക്തം.
"വാ അടച്ചു വയ്ക്ക്, കരിവണ്ട് കേറും."
എന്റെ ശബ്ദം കേട്ടിട്ടാകണം, അകത്തെ കതക് തുറന്ന് അംശുമോൻ കണ്ണുംതിരുമ്മി ഇറങ്ങിവന്നു. അമ്മ അനക്കമില്ലാതെ നിൽക്കുന്നത് കണ്ടിട്ട് അവൻ എന്നെ നോക്കി,
കുഞ്ഞിക്കണ്ണുകളിൽ കൗതുകം വിടർന്നു.
"ഉമ്മീ.." നീട്ടിവിളിച്ചുകൊണ്ട് അവൻ എന്നെ കെട്ടിപ്പിടിച്ചു. അവനെ എടുത്ത് നെഞ്ചോട് ചേർക്കുമ്പോൾ ഉറപ്പുവരുത്താനായി അവൻ എന്നെ ഒന്നുകൂടി തൊട്ടുനോക്കി.
"സജീ..?" അമ്മുവിൻറെ ശബ്ദം അപ്പോളാണ് തിരിച്ചുകിട്ടിയത് എന്ന് തോന്നി.
അംശുവിനെ എടുത്തുകൊണ്ട് ഞാൻ അകത്തേക്ക് കയറി.
"എടീ നീ എപ്പോ വന്നൂന്നാ ചോദിച്ചേ. " അവൾ ശബ്ദമുയർത്തി.
"ഇപ്പൊ."
"വീട്ടിൽ..?"
"പോയില്ല. നേരെ ഇങ്ങോട്ടാ വന്നത്."
ബഹളം കേട്ട് അകത്തെ മുറിയിൽ നിന്ന് ലിന്റ ഇറങ്ങിവന്നു, പിന്നാലെ ബെന്നിയും.
"ചേച്ചീ..." ലിന്റ ഓടിവന്ന് കെട്ടിപ്പിടിച്ചു.
"അന്നമോളെവിടെ"
"ഉറങ്ങി."
ബെന്നി ചിരിക്കണോ കരയണോ എന്നറിയാത്ത ഭാവത്തിൽ നിൽക്കുന്നു.
"രാഹുലെവിടെ?" കാണാഞ്ഞിട്ടാണ് ചോദിച്ചത്.
"അവൻ ക്ലിനിക്കിലാ. വരാൻ പതിനൊന്നു കഴിയും." അമ്മു പറഞ്ഞു തീർന്നതും മുറ്റത്ത് ബുള്ളെറ്റ് വന്നു നിൽക്കുന്ന ശബ്ദം കേട്ടു.
"എടി അമ്മു, ഇതാരുടെ ഷൂവാടീ...." ചോദ്യം മുഴുമിക്കാൻ കഴിയാതെ രാഹുൽ വാതിൽക്കൽ കണ്ണുമിഴിച്ചു നിന്നു. "സജീ....!"
"എന്താടാ വിശ്വാസമായില്ല..?"
"എടീ പുല്ലേ, നീ എവിടാരുന്നു ഇത്രേം നാൾ..? ഒരു കാൾ പോലുമില്ലാതെ.."
"ഞാൻ ഇടക്ക് എല്ലാരേം വിളിക്കാറുണ്ടായിരുന്നല്ലോ.."
"ഉം.. ഉണ്ടാരുന്നു. ഒരു വർഷം മുൻപ്." അവൻ എന്റെ തലക്കിട്ട് തട്ടി.
"എനിക്കൊന്ന് വീട്ടിൽ പോണം, ഞാൻ നിന്റെ വണ്ടി എടുക്കുവാ.." രാഹുലിനോട് അനുവാദം ചോദിക്കാതെ ഞാൻ ചാവിയെടുത്തു.
"എടീ, നീ പോകുവാണോ..? നിൽക്ക് ഫുഡ് കഴിച്ചിട്ട് പോകാം." അമ്മു പറഞ്ഞു.
"വേണ്ടടി, വീട്ടിൽ പോണം, എല്ലാരേം ഒന്ന് കാണണം, കുളിക്കണം, ഒന്നുറങ്ങണം. ഞാൻ നാളെ വൈകിട്ട് വരാം."
യാത്ര പറഞ്ഞിറങ്ങമ്പോൾ അംശു കയ്യിൽ തൂങ്ങി.
"ഉമ്മി നാളെ വരാമേ..." ഉമ്മകൊടുത്തിട്ട് പറയുമ്പോൾ അവൻ പ്രതീക്ഷയോടെ തലയാട്ടി.
ബുള്ളറ്റെടുത്ത് ഗേറ്റ് കടക്കുമ്പോൾ വാതിൽക്കൽ നിൽക്കുന്ന നാലുമുഖങ്ങൾ എനിക്ക് അവ്യക്തമായി കാണുന്നുണ്ടായിരുന്നു.
***
വൈകിട്ട് ചെല്ലുമ്പോൾ അവിടെ ആകെ ബഹളമായിരുന്നു. അംശു അന്നമോളോടൊപ്പം നിലത്തിരുന്ന് കളിക്കുന്നു. എന്നെ കണ്ടതും അവൻ ഓടി വന്നു. അന്നമോൾ അപരിചിത ഭാവത്തിൽ നോക്കിനിന്നു.
ഒരു ചോക്ലേറ്റ് നീട്ടിയതോടെ അവളൊരു ചിരിയോടെ എന്റെ അരികിലേക്ക് വന്നു. രണ്ടാളെയും കയ്യിലെടുത്ത് അകത്തേക്ക് നടക്കുമ്പോൾ ബെന്നി ഓടി വന്നു.
"ചേച്ചി ഇരിക്ക്, ഫുഡ് ഉണ്ടാക്കുന്ന ബഹളമാ. അമ്മു ചേച്ചി രാവിലെ തുടങ്ങിയതാ. പത്ത് മിനിറ്റ്. ഇപ്പൊ തീരും." അവൻ വന്ന സ്പീഡിൽ അടുക്കളയിലേക്ക് പോയി.
"ഇന്നാ കട്ടൻ കുടിക്ക്." രാഹുൽ ഒരു ഗ്ലാസിൽ കട്ടനുമായി വന്നു.
"നീയിന്ന് ക്ലിനിക്കിൽ പോയില്ലേ..?"
"നീ വന്നത് പ്രമാണിച്ചു ലീവെടുത്തതാ.."
"എന്താണ് സ്പെഷ്യൽ..?"
"ബെന്നിയുടെ കുക്കിങ്ങാണ്. ഫ്രൈഡ് റൈസ്.."
"ഉം."
***
ടെറസ്സിനു മുകളിൽ ആകാശം നോക്കി നിൽക്കുമ്പോൾ അമ്മു കയറി വന്നു. 
"നീ ഉറങ്ങിയില്ലേ..?"
"പിള്ളേരുറങ്ങി. ബാക്കി മൂന്നെണ്ണം അടുക്കള വൃത്തിയാക്കുകയാ..,"
നേർത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. 
"നീ എന്താ വന്നത്..? എന്തെങ്കിലും കാര്യം കാണുമല്ലോ.."
ഞാൻ ഒന്നും പറഞ്ഞില്ല.
"നീ ശരിക്കും അയാളെ അന്വേഷിച്ചു വന്നതാണോ..?"
"ഉം.."
"എന്തിനാടി, അതും ഇത്രേം വർഷം കഴിഞ്ഞിട്ട്.. നീ അയാൾക്കുവേണ്ടിയാണോ കാത്തിരിക്കുന്നത്?"
"ഞാൻ ആർക്കുവേണ്ടിയും കാത്തിരിക്കുന്നില്ല..."
"പിന്നെ നീ ഇത്രേം നാളും വരാതിരുന്നത്..?"
"ആഗ്രഹമില്ലാഞ്ഞിട്ടാണോ..? നടക്കണ്ടേ.. "
"നീ എന്തിനാ അയാളെ അന്വേഷിക്കുന്നത്..? ഇനിയും ഹൃദയം മുറിക്കാനാണോ.. അതോ പഴയ വല്ല ഫീലിങ്ങ്സും..?" 
"നീ ഉദ്ദേശിക്കും പോലെ ലിംഗറിങ് ഫീലിങ്ങ്സ് ഒന്നുമല്ല. വെറുതെ, ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ ഒരാഗ്രഹം. രണ്ടുവർഷം മുൻപ് അയാളുടെ ക്യാമ്പിലുണ്ടായിരുന്ന ഒരാളെ കണ്ടിരുന്നു, ഒരു ട്രെയിൻ യാത്രയിൽ. ഒരു ടെററിസ്റ് ഓപ്പറേഷനിൽ അയാളുടെ ഉറ്റ സുഹൃത്ത് മരിച്ചത്രേ, മണിപ്പൂരിൽ വച്ച്. അത് വച്ച് നോക്കുമ്പോൾ അയാൾ ജീവിച്ചിരുപ്പുണ്ടോന്നറിയില്ല. ട്രെയിനിൽ കണ്ടയാളുടെ കോണ്ടാക്ട് ഉണ്ടായിരുന്നു. നഷ്ടപ്പെട്ടു."
വീണ്ടും ഞങ്ങൾക്കിടയിൽ നിശബ്ദത കനത്തു. 
"ചേച്ചീ.. ബിയറടിക്കുന്നോ..?" ലിന്റ മൂന്നാല് ബിയർ ബോട്ടിലും കൊണ്ട് കയറി വന്നു. 
"ബിയർ നിന്റപ്പൻ ജോസഫിന് കൊണ്ട് കൊടുക്ക്."
"എടീ, ചേച്ചി നാടുവിട്ടു പോയെന്ന് വച്ച് തറ അല്ലാതായിട്ടില്ല." ഗ്ലാസുകളും കൊണ്ട് പുറകെ വന്ന ബെന്നിയാണത് പറഞ്ഞത്. 
"അത് കറക്റ്റാ.." രാഹുൽ പൊട്ടിച്ചിരിച്ചു. 
എന്നെ ആക്കാനുള്ള അവസരം പരമാവധി മുതലാക്കുകയാണെല്ലാവരും. 
"ഗയ്‌സ്, നാളെ രാവിലെ ഞാൻ പോകും.."
അത്ര നേരം മുഴങ്ങിയ ചിരികളെല്ലാം നിലച്ചു.
ഒരു നെടുവീർപ്പോടെ രാഹുൽ പറഞ്ഞു.. "നിൽക്കാൻ പറഞ്ഞാൽ നീ നിൽക്കില്ലെന്നറിയാം. എന്നാലും എങ്ങോട്ടാണെന്നെങ്കിലും പറഞ്ഞൂടെ?"
"സിലിഗുരി."
"വെസ്റ്റ് ബംഗാൾ..?"
"ഉം.."
"പോയിട്ട് വരുമോ..?
അതിനെനിക്കും മറുപടിയുണ്ടായില്ല. 
***
സിലിഗുരി ജങ്ഷനിൽ ട്രെയിനിറങ്ങുമ്പോൾ പോട്ടർമാർ അടുത്തേക്ക് വന്നു. ഒരു ബാക്ക്പാക്ക് ഒഴിച്ചാൽ ലഗ്ഗേജ് ഒന്നുമില്ലായിരുന്നു. പോട്ടർമാരെ മറികടന്ന് പുറത്തേക്കിറങ്ങിയപ്പോൾ റിക്ഷക്കാർ ചുറ്റും കൂടി. 
"റിക്ഷാ ചാഹിയേ..?" ഇവിടുത്തുകാരിയല്ലെന്നു തോന്നിയത് കോണ്ടാക്‌ പലരും ഹിന്ദിയിൽ ചോദിച്ചു.
"നഹി ചാഹിയെ.."
"കഹാം ജാനാ ഹെ മാഡം..?"
അപ്പോഴേക്കും ബുക്ക് ചെയ്ത ടാക്സി ഡ്രൈവർ വിളിച്ചു. അയാൾ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. 
വൈകുന്നേരരമായിരുന്നു, ഗ്ലാസ് തുറന്നിട്ടപ്പോൾ തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചുകയറി 
ഡ്രൈവർ സിലിഗുരിയെക്കുറിച്ചും അവിടുന്ന് ഡാർജിലിങ്ങിലേക്ക് പോകുന്നവരെക്കുറിച്ചും ടൂറിസത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. 
ഏതാണ്ട് മുക്കാൽ മണിക്കൂർ യാത്രക്ക് ശേഷം ഹോട്ടലിലെത്തി. ടാക്സി ഡ്രൈവർ ശുഭരാത്രി ആശംസിച്ച് നാളെ കാണാമെന്ന് പറഞ്ഞുപിരിഞ്ഞു. 
സിലിഗുരിയുടെ വലിയ തിരക്കുകളിൽ നിന്നൊഴിഞ്ഞ ഒരിടത്തായിരുന്നു ഹോട്ടൽ. ഒരു കുന്നിന്റെ മുകളിൽ. ഇവിടെ നിന്നു നോക്കിയാൽ, താഴ്വാരത്ത് വാഹനങ്ങൾ ചലിക്കുന്ന വെളിച്ചം കാണാം. 
എന്റെ മൂക്ക് തണുത്ത് ചുവന്നിരുന്നു. 
ഹീറ്റർ ഓൺ ആക്കി കിടക്കയിൽ മലർന്നു കിടക്കുമ്പോൾ വല്ലാത്തൊരാശ്വാസം തോന്നി. 
വിശന്നിട്ട് വയർ വിളിക്കുന്നു. 
ഫോൺ എടുത്ത് റിസപ്‌ഷനിലേക്ക് വിളിക്കാമെന്ന് കരുതി, വേണ്ടെന്ന് വച്ചു.
ചൂടുവെള്ളത്തിൽ കുളിച്ചപ്പോൾ തണുപ്പിന്റെ ആധിക്യം മാറി. 
സ്വെറ്ററുമിട്ട് ഒരു മഫ്ളറും ചുറ്റി പുറത്തേക്കിറങ്ങി, നല്ല തണുപ്പുണ്ടായിരുന്നു. 
അൽപ്പം നടന്നപ്പോൾ ചെറിയൊരു ധാബ കണ്ടു. 
കയറ്റുകട്ടിലിൽ ചമ്രം പടിഞ്ഞിരിക്കുമ്പോൾ ഒരു ചെറിയ പെൺകുട്ടി ആവിപറക്കുന്ന ഭക്ഷണവുമായി വന്നു. 
കാഴ്ചയിൽ ചപ്പാത്തിയും പറാത്തയുമല്ലാത്ത ഒരു സാധനം, നല്ല വിശപ്പുള്ളത് കൊണ്ടാകും ഭക്ഷണം വളരെ സ്വാദിഷ്ടമായി തോന്നി.
ധാബയിൽ നിന്നു നേരെ നോക്കുമ്പോൾ അകലെയല്ലാതെ ഒരു ചെറിയ നദി കാണാം. 
പണം കൊടുത്തിട്ട് നേരെ നദിക്കരയിലേക്ക് നടന്നു. ഒന്നുരണ്ട് പൊളിഞ്ഞ ബെഞ്ചുകൾ തെരുവ് നായ്ക്കൾ കയ്യേറിയിരിക്കുന്നു. വിളക്കുകാലുകളിൽ നിയോൺ ലൈറ്റുകൾ മുനിഞ്ഞുകത്തുന്നുണ്ട്. 
ഫോൺ ബെല്ലടിച്ചു, അമ്മുവാണ്, എടുത്തില്ല.
ഒരു മെസ്സജ് വന്നു.
"നീ എത്തിയോ..?"
"എത്തി."
"കണ്ടോ..?"
"നാളെ."
രണ്ട് വിദേശികൾ സംസാരിച്ചുകൊണ്ട് ഒരു ബെഞ്ചിൽ ഇരുന്നു, അവരെ ഞാൻ നേരത്തെ ധാബയിൽ കണ്ടിരുന്നു. 
ഒരു ബെഞ്ചിൽ ഞാനും ഇരുന്നു. മനസ്സിനെ എന്തൊക്കെയോ അലട്ടുന്നുണ്ട്. 
എത്ര നേരമാണ് ആ ഇരുപ്പിരുന്നതെന്നറിയില്ല, സ്ഥലകാല ബോധം വരുമ്പോൾ അടുത്ത് ആരുമുണ്ടായിരുന്നില്ല. ധാബയിലെ ലൈറ്റുകൾ കെട്ടിരുന്നു. 
***
കൃത്യ സമയത്ത് തന്നെ ശ്രീരാം, ടാക്സി ഡ്രൈവർ വന്നു. 
കാറിലേക്ക് കയറുമ്പോൾ എങ്ങോട്ടാണ് പോകേണ്ടതെന്ന് അയാൾ ചോദ്യ രൂപത്തിൽ നോക്കി.
"മിലിട്ടറി ബേസ്." വഴിയോരക്കാഴ്ചകളിലേക്ക് കണ്ണുംനട്ട് ഞാൻ പറഞ്ഞു. 
ബേസിലേക്ക് എത്തുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു. 
ഞായറാഴ്ച ആയതിനാൽ പ്രിയപെട്ടവരെ കാണാൻ ഒന്നുരണ്ടുപേർ വന്നിട്ടുണ്ടായിരുന്നു.
വിസിറ്റേഴ്സ് രജിസ്റ്ററിൽ ഒപ്പുവച്ച് പാസും വാങ്ങി അകത്തേക്ക് കടന്നു.
വിസിറ്റേഴ്സ് റൂമിൽ നിന്നു നോക്കുമ്പോൾ ദൂരെ കുറെ കെട്ടിടങ്ങൾ കാണാം, ക്വാർട്ടേഴ്‌സുകൾ ആകണം. 
അയാളെ വിളിക്കാൻ പോയ പട്ടാളക്കാരൻ മടങ്ങി വന്നിട്ട് അയാൾ ഗ്രൗണ്ടിലാണെന്നറിയിച്ചു, വിളിക്കാമെന്ന് പറഞ്ഞപ്പോൾ ഞാൻ തടഞ്ഞു, അയാൾ അങ്ങോട്ടേക്ക് വഴികാട്ടി. 
ഗ്രൗണ്ടിന് സമീപമെത്തിയപ്പോൾ ആ പട്ടാളക്കാരൻ എനിക്കയാളെ ചൂണ്ടിക്കാണിച്ചിട്ട് അയാളെ വിളിക്കാൻ വേണ്ടി പോയി. 
യൂണിഫോം ഇട്ട കുറെ  കുട്ടികളോട് സംസാരിക്കുകയായിരുന്നു അയാൾ, ട്രെയിനികളാകും. 
എന്നെ കൊണ്ടുവന്ന പട്ടാളക്കാരൻ അയാളുടെ അടുത്തിയതും ഞാൻ തിരിഞ്ഞുനടന്നു, അല്ല ഓടി. 
എനിക്കുപുറകിലായി ഓടിയടുക്കുന്ന അയാളുടെ ചെരുപ്പുകളുടെ ശബ്ദം കേൾക്കാമായിരുന്നു. 
ടാക്സിയിൽ കയറി ഡോർ വലിച്ചടച്ച് പറഞ്ഞു, "ജൽദി..".
ശ്രീരാം വേഗം വണ്ടിയെടുത്തു. 
അമ്മു വിളിക്കുന്നു.
"ഹലോ.."
"ഉം പറ.."
"എന്തായി..? കണ്ടോ..?"
"ഉം.. കണ്ടു.."
"സംസാരിച്ചോ.. എന്ത് പറഞ്ഞു..?"
"സംസാരിച്ചില്ല.."
"സംസാരിച്ചില്ലേ..? അതെന്താ..?"
"കണ്ടു, ജീവിച്ചിരുപ്പുണ്ടെന്നറിഞ്ഞു. അതുമതി."
അൽപ്പദൂരം കഴിഞ്ഞപ്പോൾ ശ്രീരാം ചോദിച്ചു, "മാഡം.. ടീക് ഹോ?"
എന്റെ കണ്ണുകളിൽ നിന്നും കണ്ണീർ അനുവാദമില്ലാതെ പുറത്തേക്ക് ചാടിയിരിക്കുന്നു. അവയെ തൂത്തെറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു. 
"ജി, മേം ടീക് ഹൂം."



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ