2020, മാർച്ച് 28, ശനിയാഴ്‌ച

പുലരുവോളം

പുലരുവോളം 

തിരകൾ കരയെ തഴുകുന്ന ശബ്ദം വ്യക്തമായി കേൾക്കാം.
മലർന്നുകിടന്നപ്പോൾ ആകാശം നിറയെ മുല്ലപ്പൂക്കൾ...
"ഡാ.."
"എന്താടി കോപ്പേ.."
"നീ വിളി കേൾക്കുമോന്ന് ടെസ്റ്റ് ചെയ്തതാ.."
"പോടീ..പുല്ലേ.."
അവൻ എണീറ്റിരുന്നു, ഷർട്ടിൽ നിന്നും മണൽത്തരികൾ ഉതിർന്നു വീണു.
"നന്നായി നീ എണീറ്റത്. ഈ കല്ലെന്റെ തലേൽ പൊത്തുകേറുന്നുണ്ട്.."
ഞാൻ അവന്റെ മടിയിലേക്ക് തലവച്ചു.
"നിന്റെ ഈ പേട്ട് തലയിൽ ഇനി കല്ലിന്റെ കൂടി കുറവേ ഉള്ളു. ഒന്നാമതേ കളിമണ്ണാ.."
"നീ പോടാ പട്ടീ."
നേരം ഒരുപാടായിരുന്നു. ഇപ്പോൾ സമയം ഏതാണ്ട് പതിനൊന്നാകും.
"എടീ, പോണ്ടേ..?"
"ഇച്ചിരി നേരം കൂടി.."
"എടീ, എനിക്കൊരു കാര്യം മനസ്സിലാകുന്നില്ല, നിനക്ക് ഈ കടലിനോട് എന്താ ഇത്ര ആസക്തി എന്ന്. ഞാനാണെങ്കിൽ ആഴ്ചയിൽ നാല് തവണയെങ്കിലും കടല് കാണുന്നതാ, എനിക്കെപ്പഴും അത് ഒന്ന് തന്നെയാ."
ഞാൻ എണീറ്റിരുന്നു, എന്നിട്ട് ചോദിച്ചു.
"ഇന്നും ഒരു വ്യത്യാസവും തോന്നുന്നില്ലേ..?"
"ആ.. ഇന്ന് നീ കൂടി ഉണ്ടല്ലോ..." അവൻ ചിരിച്ചു.
"ഡാ, ഓരോ നിമിഷവും ആസ്വദിക്കാൻ പഠിക്കണം, എന്നാലേ ശംഖുമുഖത്തെ കടലും വേളിയിലെ കടലും തമ്മിലെ വ്യത്യാസം അറിയൂ.."
"ഡീ കോപ്പേ, കടലിനെന്ത് വ്യത്യാസം, ബീച്ചിനല്ലെ വ്യത്യാസം..."
"എടാ, ഓരോ കടലിനും ഓരോ മണമുണ്ട്.. അതറിയോ നിനക്ക്...?"
"അതറിയാം, വെട്ടുകാടിലെ കടലിന് ചാളക്കരുവാടിന്റെ മണമാ, വിഴിഞ്ഞത്ത് പോയാൽ ഏത് മീനാന്നു പോലും അറിയാത്ത മണം.."
"ഓഹ്... എന്റെ റബ്ബേ, ഞാൻ ആരടുത്താ ഈ പറയുന്നേ..?", ഞാൻ തലയിൽ കൈ വച്ചുപോയി. 
അവൻ എന്നെത്തന്നെ നോക്കിയിരുന്നു.
"എന്താ നോക്കുന്നെ..?"
"എടീ, നിനക്കൊന്നും തോന്നുന്നില്ലേ..?"
"എന്ത് തോന്നാൻ,, ഹാപ്പി.."
"ഡി, അതല്ല.."
"പിന്നെ?.."
"അല്ല, ഒരാണും പെണ്ണും ഒരുമിച്ച് ഇങ്ങനെയിരിക്കുമ്പോൾ...
സ്വാഭാവികമായും എന്തെങ്കിലുമൊക്കെ തോന്നുമല്ലോ.. അതും രാത്രി.."
"അതിന് നീ ആണാണോ.. നീയെന്റെ ചങ്കല്ലേ.."
"നശിപ്പിച്ചു. എന്ത് ജന്തുവാടീ നീ..?" അവനെന്റെ തലക്കിട്ട് തട്ടി. 
ഐസ്ക്രീം വിൽക്കുന്ന ആൾ പോകാനുള്ള ഒരുക്കത്തിലാണെന്ന് തോന്നി. 
"ഡേയ്, പോയി ഒരു ഐസ്ക്രീം കൂടി വാങ്ങിച്ചേ. സ്ട്രോബെറി."
"ഇതിപ്പോ നാലാമത്തെ ഐസ്‌ക്രീമാ. പനി പിടിക്കും പെണ്ണെ."
"നീ വാങ്ങിത്തരുന്നുണ്ടോ.." ഞാൻ മുഖം വീർപ്പിച്ചു. 
"ഓ.. വാങ്ങിത്തരാം." അവൻ ഐസ്ക്രീം വാങ്ങാനായി പോയി. 
മടങ്ങി വരുമ്പോൾ ഒരെണ്ണം മാത്രമേ അവന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളു.
"നിനക്ക് വേണ്ടേ..?" ഞാൻ ചോദിച്ചു.
"എനിക്ക് വേണ്ട. നീ കഴിക്ക്."
ഇടക്കെപ്പോഴോ കടൽ ശാന്തമായി. അകലെയെവിടെയോ ഒരു ബോട്ടിന്റെ ഒച്ച അകന്നകന്ന് പോയി.
"എടാ നീയെപ്പോഴെങ്കിലും ദൈവത്തിനു നന്ദി പറഞ്ഞിട്ടുണ്ടോ..?"
"എന്തിന്..?"
"എന്നെ ഫ്രണ്ടായി കിട്ടിയതിന്.."
"പഷ്ട്.."
"ഞാൻ പറഞ്ഞിട്ടുണ്ട്.. ശരിക്കും. നീ എന്റെ ഫ്രണ്ടായതിന്, എല്ലാ പോക്രിത്തരത്തിനും കൂട്ടുനിന്നതിന്, എല്ലാ സമയത്തും കൂടെയുണ്ടായതിന്.. താങ്ക്യു ." എന്റെ ശബ്ദം ഇടറി എന്ന് തോന്നി. 
"നീ പോ മൈരേ, പാതിരാത്രി മനുഷ്യനെ സെന്റിയാക്കാതെ.."
റോന്തുചുറ്റുകയായിരുന്ന രണ്ട് പോലീസുകാർ അടുത്തേക്ക് വന്നു. 
"ആ ഇരിക്കുന്ന വണ്ടി നിങ്ങളുടേതാണോ..?"
"അതെ, സർ..."
അവർ മടങ്ങിപ്പോയി. 
ബീച്ച് വിജനമായിരുന്നു. നമ്മൾ രണ്ടുപേരും പിന്നെ കുറേ തെണ്ടിപ്പട്ടികളും മാത്രം അവശേഷിച്ചു. 
"എടീ. വാ സമയം ഒന്നായി. നിന്നെ കൊണ്ടാക്കിയിട്ട് വേണം എനിക്ക് വീട്ടിൽ പോകാൻ. നിന്റെ വാപ്പച്ചി ഇന്നെന്നെ ശരിയാക്കും."
"ഞാൻ നിന്റെ മമ്മിയോട് വിളിച്ചു പറയാൻ പറഞ്ഞു."
"എന്ത്..?"
"ഞാനിന്ന് നിന്റെ വീട്ടിൽ നിക്കുമെന്ന്."
"അപ്പഴോ..?"
"സമ്മതിച്ചു."
"അപ്പോപ്പിന്നെ പതുക്കെ പോവാം.."
നേർത്തൊരു മഴ ചാറാൻ തുടങ്ങി.. 
"ഡാ വാ. വണ്ടിയെടുക്ക്.." മഴ പെയ്തു തുടങ്ങി. 
"ഡി പുല്ലേ, മഴയാ, മഴ നനഞ്ഞാൽ എനിക്ക് വയറു വേദനിക്കും."
"നിന്റെ വയറ്.. എണീച്ച് വാ ചെർക്കാ.."
"സമ്മതിക്കൂല,." പിറുപിറുത്തുകൊണ്ട്  അവൻ വണ്ടിയെടുത്തു. 
"ഡാ ഈ ഹൽമറ്റിന്റെ സാധനം ഇടാൻ പറ്റുന്നില്ല.."
"ഒരു നൂറുവട്ടം നീ ഈ ഹെൽമറ്റ് വച്ചുകാണും. എന്നാലും സ്ട്രാപ്പ് ഒരാണും ഇടാനും അറിയില്ല." അവൻ സ്ട്രാപ്പ് ഇട്ടുതന്നിട്ട് തലയിൽ കൊട്ടി. 
"ചെറ്ക്കാ, എനിക്ക് നോവും കേട്ടാ.. "
അവനത് മൈൻഡ് ചെയ്യാതെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. ഞാൻ പുറകിൽ കയറി. വണ്ടിയുടെ വേഗം കൂടുന്നതിനനുസരിച്ച് മഴത്തുള്ളികൾ കല്ലുപോലെ മുഖത്ത് പതിക്കുന്നുണ്ടായിരുന്നു. 
കുറേ ദൂരം ചെന്നപ്പോഴേക്കും ഒരു ചെറിയ തട്ടുകട തുറന്നിരിക്കുന്നത് കണ്ടു. അവൻ വണ്ടി ഒതുക്കി. 
"ചേട്ടാ, രണ്ട് ചായ."
എനിക്ക് നേരെ തിരിഞ്ഞതും ഞാൻ ഹെൽമറ്റ് ഊരാതെ നിൽക്കുന്നു. 
"ഓ, ഈ ക്ണാപ്പ് ഇതുവരെ ഊരിയില്ലേ..?" അവൻ എന്റെ ഹെൽമെറ്റിന്റെ സ്ട്രാപ്പ് ഊരിയപ്പോളേക്കും ചായ വന്നു. 
"ഡാ.. "
"ന്താ.."
"ഒന്നുല്ല.."
"കോപ്പ്.."
കയ്യിൽ ആവി പറക്കുന്ന ചായ, ഇരുളിൽ തകർത്ത് പെയ്യുന്ന മഴ. 
"ഡാ.."
"ഉം, പറ. "
"താങ്ക്യൂ.. എന്റെ ഏറ്റവും വല്യ ഒരാഗ്രഹമാരുന്നു, നൈറ്റ് റൈഡ്. അതും ബുള്ളറ്റിൽ."
"ഉം.. നീ ചായ കുടിക്ക്."
ചായ കുടിച്ചപ്പോഴേക്കും മഴ ലേശം തോർന്നു. 
എന്റെ ഹെൽമെറ്റിന്റെ സ്ട്രാപ്പ് ഇടുമ്പോൾ അവൻ ചോദിച്ചു. 
"രാവിലെ ചുട്ടിപ്പാറയിൽ സൺറൈസ് കാണാൻ പോയാലോ..?"
"പോവാം.."
"എവിടെങ്കിലും പോവാമെന്നു പറയണ്ട, അതിനു മുന്നേ ചാടി വീണോളും.. കേറ്."
ഇരുളിനെ വകഞ്ഞുമാറ്റി ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നു, അകമ്പടിയായി പെയ്ത് കൊതി തീരാതെ ഒരു മഴയും. 
***
"ഡാ ഒരു കാര്യം അറിയോ..?"
ചുട്ടിപ്പാറയുടെ മുകളിൽ സൂര്യനെ കാത്തിരിക്കുകയായിരുന്നു നമ്മൾ.. 
"എന്താണ്..
"അതേ, ഒരു പെണ്ണ് ജീവിതത്തിൽ നാല് ആണുങ്ങളെ ചേർത്ത് നിർത്തും.."
"ആരാ..?"
"ഞാൻ പറഞ്ഞുതീർക്കട്ടെ, ഒന്ന്. അച്ഛൻ, രണ്ട്, ആങ്ങള, മൂന്ന്, സൗഹൃദമാണോ പ്രണയമാണോ എന്നറിയാൻ വയ്യാത്ത ഒരു ചങ്ക്. നാല് ആദ്യ പ്രണയം,"
"ഇതിപ്പോ ഞാൻ ഏത് കാറ്റഗറിയാ..?"
"ആ. എനിക്കറിയൂല."
"കോപ്പ്, ഇനി നീ മിണ്ടിയാൽ നിന്നെ ഞാൻ ഈ പാറയുടെ മുകളീന്ന് തള്ളി താഴെയിടും."
ഞാൻ ഓർക്കുവാരുന്നു, ഇതിനെ എനിക്ക് എങ്ങനെ കിട്ടി എന്ന്. 
"എന്നെ നോക്കിയിരിക്കാനാണെങ്കിൽ ഞാൻ ഒരു ഫോട്ടോ തരാം."
"നിന്റെ അമ്മായിക്ക് കൊണ്ട് കൊടുക്ക് ഫോട്ടോ..." ഞാൻ വരുത്തിയ നീരസത്തോടെ മുഖം തിരിച്ചു. 
"എടി ഞാൻ തോളിൽ കൈ ഇടുവാ.."
അവൻ തോളിൽ കൈയിട്ട് ചേർത്തു പിടിച്ചു. 
പുലരുവോളം കൂട്ടിരുന്ന നിലാവെവിടെയോ മറഞ്ഞിരുന്നു 
ഞങ്ങളുടെ ഒച്ച കേട്ടിട്ടെന്നോണം സൂര്യൻ രണ്ടുമൂന്ന് കിളികളുടെ അകമ്പടിയോടെ ഉണർന്നെണീറ്റ് വരുന്നുന്നുണ്ടായിരുന്നു



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ