സൈറയുടെ കഥ (സൈഫിന്റെയും)
"ഡി പെണ്ണെ.. നമുക്ക് എത്ര പിള്ളേർ വേണം..?"കട്ടിൽ ജനലിനഭിമുഖമായിട്ട് നിലാവ് നോക്കിക്കിടക്കുകയായിരുന്നു അവർ.
"അഞ്ച്."
"ന്റെ റബ്ബേ അഞ്ചോ..?" സൈഫ് ആശ്ചര്യത്തോടെ ചോദിച്ചു.
"ന്താ.. നിങ്ങക്ക് പറ്റൂലെ..? എങ്കി ഇപ്പ പറയണം.." വരുത്തിയ ഗൗരവത്തിൽ സൈറ ചോദിച്ചു.
"പറ്റില്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ... അതല്ല, നീ താങ്ങോ?"
"എന്താ താങ്ങാത്തേ.. മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും. രണ്ട്.. അല്ല മൂന്ന് പ്രസവം. രണ്ട് ഇരട്ടകളും പിന്നെ ഒരാളും. രണ്ട് പ്രസവത്തിൽ അഞ്ചുപേരായാലും കുഴപ്പമില്ല.. അല്ലേ..?"
"അതൊക്കെ ശരിതന്നെ.. എന്നാലും അഞ്ചുപേർ"
"എനിക്ക് പടച്ചോൻ ഇത്രേം നീളമുള്ള കൈകൾ തന്നിരിക്കുന്നത് എന്തിനാണെന്നാ വിചാരം..?"
"എന്തിനാ..?"
"നമ്മുടെ അഞ്ചുമക്കളെയും ഒരുമിച്ച് കെട്ടിപ്പിടിക്കാൻ.."
"അപ്പൊ ഞാൻ നിന്നെ കെട്ടിപ്പിടിക്കാം.." അവളുടെ കവിളുകളികൾ വിരിയുന്ന നാണം നിലാവത്ത് എന്ത് ഭംഗിയാണ്
സൈഫ് അവളോട് അൽപ്പം കൂടി ചേർന്നുകിടന്നു.
"നീങ്ങിക്കിടക്ക് മനുഷ്യാ.. ചൂടെടുക്കുന്നു.." അവൾ കളിയുടെ പറഞ്ഞു.
"ആഹാ, ഇപ്പൊ ഞാൻ ആരായി..? ഇത്ര നേരം കുട്ടികൾ വേണമെന്ന് പറഞ്ഞിട്ട്..? എടി, പറഞ്ഞാൽ കുട്ടികളുണ്ടാകില്ല, അതിന് ചില പ്രോസസുകളുണ്ട്..."
അത്രയും പറഞ്ഞതും അവളുടെ കീരിപ്പല്ലുകൾ അവന്റെ തോളിലമർന്നു.
അവളുടെ കഴുത്തിലേക്ക് മുഖമമർത്തുമ്പോൾ അവളുടെ നേർത്ത നിശാഗന്ധിയുടെ സുഗന്ധം ഒന്നുകൂടി കൂടിയതുപോലെ അവന് തോന്നി.
***
"ഇക്കാ.."
"ഉം.. "
"നിങ്ങള് കുറേ നേരമായിട്ട് എന്താ നോക്കണത്.."
"ഞാൻ ആലോചിക്കുകയായിരുന്നു."
"എന്ത്..?"
"അല്ല, ഇവർക്ക് എന്ത് പേരിടുമെന്ന്"
ആഗ്രഹിച്ചപോലെ ഇരട്ടകളാണ്. വയർ വലുതായപ്പോൾ അവളുടെ പുക്കിളിൽ നിന്ന് അടി നാഭിയിലേക്ക് പോകുന്ന ഒരു വാരി രോമം നന്നായി തെളിഞ്ഞു കാണാം.
"എടി, ഒരാൾക്ക് ആമി എന്നിട്ടാലോ..?"
"നിങ്ങളുടെ ഒരു ആമി. ഇതുവരെ കളഞ്ഞില്ല ആ പേര്."
"എടി.. ആമിക്ക്.."
"ഓ.. അറിയാം. ആമിക്ക് നിറമില്ല, മണമില്ല, രൂപമില്ല, രുചിയില്ല, വെറും പേര് മാത്രം. അല്ലേ..?"
അവൻ പൊട്ടിച്ചിരിച്ചു.
"കിണിക്ക്. ഞാൻ ഉറങ്ങാൻ പോകുവാ"
അവൾ തിരിഞ്ഞു കിടന്നു.
അൽപ്പ നേരം കഴിഞ്ഞപ്പോൾ അവളുടെ നേർത്ത ശ്വാസം കേട്ടു തുടങ്ങി, അവൾ ഉറങ്ങിക്കഴിഞ്ഞിരുന്നു. അവൻ അവളെ തനിക്ക് അഭിമുഖമായി കിടത്തി.
"എഡോ കുറേ നാളായി ചോദിക്കണമെന്ന് വിചാരിക്കുവാ.. ആരാ തന്റെ ഈ മൊഞ്ചത്തി ആമി..?" പ്രതീക്ഷിക്കാതെയാണ് ആ ചോദ്യം വന്നത്. അതും മെസ്സഞ്ചറിൽ അതും പ്രതീക്ഷിക്കാത്ത ആളിൽ നിന്ന്.
സൈറ. ഫേസ്‌ബുക്കിൽ സൗഹൃദവലയത്തിലുണ്ടെന്നല്ലാതെ ഒരു പരിചയവുമില്ല.
"അങ്ങനെ ആരുമില്ല."
അവന്റെ അവരുടെ ആദ്യത്തെ സംഭാഷണം തെളിഞ്ഞു.
"ഇപ്പൊ ഇല്ലെന്നാണോ..?"
"ആ അതെ."
"മുറിവാണല്ലേ..?"
"അഞ്ചാറ് വര്ഷം മുന്നേ.. പക്ഷെ, ചിലപ്പോഴൊക്കെ ഞാൻ അങ്ങോട്ട് പോവാറാണ്"
"സാരമില്ലടോ.. ഇതൊക്കെ മരിക്കുന്നത് വരെയേ ഉള്ളൂ.."
ആശ്വാസം തോന്നി. അതിലേറെ അത്ഭുതവും ഒരു പരിചയവുമില്ലാത്ത ഒരു പെൺകുട്ടി ഇങ്ങനെ കൂളായി സംസാരിക്കുന്നു.
ആ പരിചയം സൗഹൃദമായി.
"ഡാ, ഞാൻ മരിച്ചാൽ നീ എങ്ങനെയാ അറിയുന്നത്..?" ശരിക്കും ഓർക്കാപ്പുറത്തെ അവളുടെ ആ ചോദ്യമാകും തന്നെ അവളിലേക്ക് അടുപ്പിച്ചത്.
കല്യാണത്തിന് മുന്നേ അവൾ ഒന്നുമാത്രമേ ആവശ്യപ്പെട്ടുള്ളു, അവൾ ആഗ്രഹിക്കുന്ന സമയം അടുത്തുവേണമെന്ന്. ഇതുവരെ അകന്നു നിന്നിട്ടില്ല.
ഏഴാം മാസം വിളിച്ചു കൊണ്ട് പോകാൻ വരും അപ്പോൾ എങ്ങനെ നിൽക്കുമെന്ന് കണ്ടറിയണം, ആലോചിക്കാൻ കൂടി വയ്യ.
***
പാതിയുറക്കത്തിൽ എന്തോ സ്വപ്നം കണ്ട് ഞെട്ടിയുണർന്നു. വല്ലാതെ ദാഹിക്കുന്നുണ്ട്. സമയം നോക്കാൻ ഫോണെടുത്തപ്പോൾ അതിൽ സൈറയുടെ ചിരിക്കുന്ന മുഖം. അവനൊന്ന് ദീർഘനിശ്വാസമിട്ടു. അറിയിപ്പിന് വിളിച്ചുകൊണ്ട് പോയിട്ട് ഒരാഴ്ചയായി. വിളിച്ചോണ്ട് വരാമെന്ന് കരുതിയാൽ ഉമ്മി സമ്മതിക്കുന്നില്ല.
"ആദ്യത്തെ പ്രസവമല്ലേ, അവൾക്കും വീട്ടിൽ നിൽക്കാൻ ആഗ്രഹം കാണില്ലേ..? രണ്ടു ദിവസം കൂടി കഴിയട്ടെ."
അങ്ങനെയാകട്ടെ എന്ന് അവനും കരുതി. എന്നാലും ഫോൺ വിളികൾക്ക് ഒരു കുറവുമില്ല.
വീണ്ടും ഉറങ്ങാൻ ശ്രമിച്ചു, പറ്റുന്നില്ല. അലമാര തുറന്ന് അവളുടെ ഒരു ഷാളെടുത്ത് നെഞ്ചോട് ചേർത്തു.
പുലർച്ചെ ഉമ്മി വാതിലിൽ തട്ടുന്നത് കേട്ടാണ് എണീറ്റത്.
"എന്താ..?"
"നീ ഫോൺ എടുക്കാതെന്താ..?"
"ഫോൺ സൈലന്റാണ്."
"സൈറയെ ആശുപത്രിയിൽ കൊണ്ട് പോയി അങ്ങോട്ട് വേഗം ചെല്ലാൻ."
പെരുവിരലിൽ നിന്നൊരു വിറയൽ മുകളിലേക്ക് കയറുന്നത് അറിഞ്ഞു.
ഷർട്ടുമെടുത്തിട്ട് പുറത്തേക്കിറങ്ങുമ്പോൾ ഉമ്മിയും വാപ്പിയും ഇറങ്ങിക്കഴിഞ്ഞു.
ആശുപത്രിയിലേക്ക് എത്തുമ്പോൾ ഓപ്പറേഷൻ തീയേറ്ററിന് മുന്നിലാണ് എല്ലാവരും.
രാത്രി പെട്ടെന്ന് ബി പി കൂടിയതാണ്. സിസേറിയൻ നടത്തേണ്ടി വരുമെന്ന് പറഞ്ഞത്രേ.
ഒരു നേഴ്‌സ് പുറത്തേക്ക് വന്നു.
"സൈറ സൈഫിന്റെ ബന്ധുക്കൾ ആരെങ്കിലുമുണ്ടോ..?"
"ഞാൻ.." സൈഫ് മുന്നോട്ട് ചെന്നു.
"നിങ്ങള് പേഷ്യന്റിന്റെ ആരാണ്?"
"ഹസ്ബൻഡ്."
"ഇവിടൊരു ഒപ്പിടണം. സി സെക്ഷൻ വേണം. ബി പി കൂടിക്കൊണ്ടിരിക്കുകയാണ്. ഡോക്ടർ സംസാരിക്കും"
നേഴ്‌സ് അകത്തേക്ക് പോയി.
"സൈറ സൈഫിന്റെ ഹസ്ബൻഡ് ആരാണ്..?" ഒരു ഡോക്ടർ അകത്തു നിന്നും വന്നു.
സൈഫ് മുന്നിലേക്ക് ചെന്നു.
ഡോക്ടറുടെ ക്യാബിനിലേക്ക് നടക്കുമ്പോൾ തന്റെ സർവ നാഡികളും തളരുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.
"പേഷ്യന്റ് അൽപ്പം ക്രിട്ടിക്കൽ സ്റ്റേജിലാണ് ഉള്ളത്. ബി പി ഇതുവരെ കൺട്രോളിൽ ആയിട്ടില്ല, കൂടിക്കൊണ്ടിരിക്കുകയാണ്. പിന്നെ ഇരട്ടകളാണ്. അമ്മയ്ക്കോ കുഞ്ഞുങ്ങൾക്കോ എന്തും സംഭവിക്കാം. ചിലപ്പോൾ രണ്ടിലൊരാൾ.. ഞങ്ങൾ ആവുന്നത് ശ്രമിക്കുന്നുണ്ട്. പ്രാർത്ഥിക്കുക."
എത്ര നേരം കഴിഞ്ഞു എന്നറിയില്ല. ഡോക്ടർ പുറത്തേക്ക് വന്നു.
"ഓപ്പറേഷൻ കഴിഞ്ഞു. പക്ഷെ, കുഞ്ഞുങ്ങൾ.. ഐ ആം സോറി. അമ്മയ്ക്ക് ബോധം വന്നിട്ടില്ല, ബി പി നോർമൽ ആയിട്ടുണ്ട്, പക്ഷെ ബ്ലീഡിങ് ഉണ്ട്. രണ്ട് മണിക്കൂർ കഴിഞ്ഞേ കൃത്യമായി എന്തെങ്കിലും പറയാനാകൂ."
സൈഫ് എല്ലാം കേൾക്കുന്നുണ്ടായിരുന്നു, എന്നിട്ടും ചെവി കൊട്ടിയടച്ചത് പോലെ.
"ഡോക്ടർ.. പേഷ്യന്റിന് ബി പി കൂടിക്കൊണ്ടിരിക്കുകയാണ്. സെറിബ്രൽ ഹെമറേജ് ആണെന്ന്...." നേഴ്‌സ് പറഞ്ഞു തീരുന്നതിന് മുന്നേ ഡോക്ടർ അകത്തേക്കോടി.
***
മുറിയിലേക്ക് ചെല്ലുമ്പോൾ നിശാഗന്ധിയുടെ ഗന്ധം ഏതോ ചന്ദനത്തിരിയുടെ ഗന്ധത്തിൽ അലിഞ്ഞിരുന്നു.
മേശമേൽ പേനകൊണ്ട് അടയാളം വച്ച സൈറയുടെ ഡയറി.
എഴുതി നിറുത്തിയ അവസാനത്തെ പേജ് അയാൾ തുറന്നു.
"ഇക്കാ.
ഇന്ന് ആദ്യായിട്ടാ കുട്ടികളുടെ മുഖം ഇത്ര തെളിമയോടെ കാണുന്നത്. സ്കാനിംഗ് കളറിൽ ആക്കിക്കൂടെ..? എന്തായാലും എനിക്കിനി കാത്തിരിക്കാൻ വയ്യ. അവരുടെ മുഖം കാണാൻ കൊതിയായി, ഇനിയും രണ്ട് മാസം.. സാരമില്ല, നിങ്ങൾ അടുത്തുണ്ടല്ലോ അപ്പോപ്പിന്നെ ഒരുമിച്ച് കാത്തിരിക്കാം."
അയാൾക്ക് അവളെ ഒന്നുകൂടി കാണണമെന്ന് തോന്നി. വണ്ടിയുമെടുത്ത് ഇറങ്ങുമ്പോൾ ആരും ഒന്നും ചോദിച്ചില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ