സന്ധ്യകൾ പാൽചുരത്തുമ്പോൾ
ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ആർക്കും സന്തോഷം കണ്ടില്ല, റാണിബായിക്കൊഴിച്ച്.മീന മീത്താലി സെന്നിന്റെ മുറിയിലേക്ക് വിളിക്കപ്പെട്ടു. മുറിയിൽ മീത്താലി സെന്നിനൊപ്പം അമരീന്ദർ സേട്ടുവും അയാളുടെ കാര്യക്കാരനും.
"ഇതാരുടെതാടീ... അറിയാമോ..?" സേട്ടു ചോദിച്ചു.
മീന ഇല്ലെന്ന് തലയാട്ടി.
"നശിപ്പിച്ചുകളയണം, നാളെത്തന്നെ ഡോക്ടറെ ഇങ്ങോട്ട് വിടുന്നുണ്ട്.."
മീനയ്ക്ക് മറുത്തൊന്നും പറയാനില്ല, അല്ല, പറയാനാകില്ല.
മീത്താലി അവളെ നോക്കി പല്ലിറുമ്മുന്നുണ്ട്.
"നാശം പിടിച്ചവൾ... നിനക്കൊന്നും ബോധമില്ലേ... വയറ്റുകണ്ണിയായിരിക്കുന്നു... റാണീ " അവർ നീട്ടിവിളിച്ചു.
ഒരു നിമിഷം പോലും അധികം അവിടെ നില്ക്കാൻ മീനയ്ക്ക് ത്രാണിയുണ്ടായില്ല, മുന്നിലിരിക്കുന്ന രണ്ടു രൗദ്ര രൂപങ്ങളെ നോക്കുമ്പോൾ കാലുകളിൽ നിന്നും ഒരു വിറ മുകളിലേക്ക് പടരുന്നതറിയാം, സ്വന്തം ഹൃദയമിടിപ്പ് ഉച്ചത്തിൽ കേൾക്കാം.
വിളി കേൾക്കാൻ നിന്ന പോലെ റാണീബായി അകത്തേക്ക് വന്നു.
"കൊണ്ട് പോ. നാളെ ഡോക്ടർ വരും." മീത്താലിയുടെ കൽപ്പന.
റാണീബായിക്കൊപ്പം മുറിയിലേക്ക് നടന്നപ്പോൾ മീനയ്ക്ക് അൽപ്പം ആശ്വാസം കിട്ടിയപോലെ തോന്നി. കട്ടിലിലേക്ക് ഇരുന്ന് ശ്വാസമെടുക്കുമ്പോൾ റാണീബായി ആശ്വസിപ്പിച്ചു.
"പേടിക്കണ്ട, മുൻപ് ഇതൊക്കെ ഇവിടെ പതിവായിരുന്നു, ഒരു ആറേഴ് വർഷം കൊണ്ടാ ഇതൊന്നും ഇല്ലാത്തെ. ബിസിനസിനെ ബാധിക്കുന്നതല്ലേ, അതാ അവർക്ക് ഇത്ര ദേഷ്യം. നാളെ ഡോക്ടർ വരും രാവിലത്തെ ഭക്ഷണം കിട്ടില്ല. ഇനി എല്ലാം കഴിഞ്ഞ ശേഷം ഭക്ഷണം തന്നാൽ മതിയെന്നാ പറഞ്ഞിരിക്കുന്നത്. അറിയാല്ലോ..?"
മീന തലയാട്ടി.
റാണീബായി മുറിവിട്ടു.
അവൾക്കറിയാം മീത്താലി പറഞ്ഞാൽപ്പിന്നെ അതിനപ്പുറമില്ല.
കട്ടിലിന്മേൽ മലർന്നുകിടന്നപ്പോൾ അവളോർത്തു, ആരുടെ മേലൊഴുക്കിയ വിയർപ്പിന്റെയും നിശ്വാസത്തിന്റെയും വിലയാണീ വയറ്റിൽക്കിടക്കുന്നതെന്ന്, അന്ന് കണ്ട ആ കോളേജ് പയ്യന്റെയാണോ, അതോ കുടിച്ചു ലക്കുകെട്ട് കയറിവന്ന ആ മധ്യവയസ്കന്റെയോ, അതുമല്ലെങ്കിൽ സൗമ്യമായി ചിരിച്ച ആ ചെമ്പൻ മുടിക്കാരന്റെയോ..?
ഓർത്തു നോക്കിയിട്ടും ഒരു രൂപവുമില്ല.
എട്ടുമണി ആയപ്പോൾത്തന്നെ ഡോക്ടർ വന്നു, കയ്യിൽ മിനിയാന്ന് ചെയ്ത ടെസ്റ്റുകളുടെ പേപ്പറുകളുമുണ്ട്, അതിലേക്ക് വിശദമായി കണ്ണോടിച്ചിട്ട് അവർ ചുളിഞ്ഞ മുഖത്തോടെ മീത്തലിയോടായി പറഞ്ഞു,
"ഇതിപ്പോൾ നാലുമാസം കഴിഞ്ഞല്ലോ, ഇനിയിപ്പോ അബോർഷൻ പറ്റില്ല. ഈ പെണ്ണുകൂടി ചാകും."
മീത്താലിയുടെ കണ്ണുകൾ ചുവക്കുന്നത് കണ്ടപ്പോൾ മീന നോട്ടം താഴ്ത്തി.
***
നീണ്ട പതിനൊന്ന് വർഷങ്ങൾക്ക് ശേഷം കാമാത്തിപ്പുരയുടെ അകത്തളങ്ങളിൽ ആദ്യമായി ഒരു കുഞ്ഞിന്റെ കരച്ചിൽ വീണു. ഓടുകളുടെ ഇടക്ക് കൂടുവച്ചിരുന്ന രണ്ടുമൂന്ന് പ്രാവുകൾ അമ്പരന്ന് പറന്നുപോയി.
"ആൺകുഞ്ഞായത് നന്നായി."
കുഞ്ഞിനെ നോക്കി സംതൃപ്തിയോടെ റാണീബായി പറഞ്ഞു.
മീനയ്ക്കും അത് നന്നായെന്ന് തോന്നി, അല്ലെങ്കിൽപ്പിന്നെ തന്നെപ്പോലെ വയസ്സറിയിച്ച് ഒരു മാസം തികയുന്നതിനു മുൻപേ കസ്റ്റമറെ സ്വീകരിക്കേണ്ടി വന്നേനെ.
വയസ്സറിയിച്ച് കൃത്യം പതിനേഴ് ദിവസമായപ്പോളാണ് അവളാദ്യത്തെ പുരുഷനെ സ്വീകരിച്ചത്, അതും പതിനാലാം വയസ്സിൽ. ആ മുറിയിലേക്ക് അവളെ അണിയിച്ചൊരുക്കി വിട്ടത് അവളുടെ 'അമ്മ തന്നെയായിരുന്നു, അവളുടെ നെറ്റിയിലേക്കൊരു പൊട്ടു വയ്ക്കുമ്പോൾ അവരുടെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ താഴെ വീണിരുന്നു. ഒളിച്ചുകളിക്കാനെന്നു കളിപറഞ്ഞിട്ട് തളത്തിന്റെ അങ്ങേ അറ്റത്തെ മുറിയിലേക്ക് കൊണ്ടുപോയതും അവർ തന്നെയായിരുന്നു. പുറത്തു നിന്നടച്ച ആ മുറി തുറക്കാൻ അവൾ നിലവിളിച്ചു, വാതിൽ തുറക്കപ്പെട്ടു, അമ്മയ്ക്ക് പകരം കടന്നു വന്നത് സേട്ടു. കാമാത്തിപ്പുരയിൽ ആറുവന്നാലും ആദ്യത്തെ ഊഴം സേട്ടുവിനാണ്.
ശരീരം നുറുങ്ങുന്ന വേദനയുമായി, കാലുകൾ നിലത്തുറക്കാതെ അമ്മയെ തിരയുമ്പോൾ അവളെ വരവേറ്റത് കഴുക്കോലിൽ തൂങ്ങിയാടുന്ന അവരുടെ ശരീരം. ഏത് വേദനയാണ് ഏറ്റു നിൽക്കുന്നതെന്ന് ആ നിമിഷം അറിയാനായില്ല. പക്ഷെ, അന്ന് മുതൽ ഇന്ന് വരെയും ഒരു പുരുഷനെയും സ്വീകരിക്കാൻ അറപ്പു തോന്നിയിട്ടില്ല, ജോലിയാണ്.
എങ്കിലും കാമാത്തിപ്പുരയിലെ ഏറ്റവും സുന്ദരിയാണെന്ന കാരണം കൊണ്ടും സേട്ടുവിന്റെ പ്രിയങ്കരിയാണെന്നുള്ളത് കൊണ്ടും അവളെന്നും മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലാണ്. ചുരുക്കിപ്പറഞ്ഞാൽ പണമുള്ളവന് മാത്രമേ അവളെ അനുഭവിക്കാൻ യോഗമുണ്ടായിരുന്നുള്ളു.
***
കുഞ്ഞുവന്നതോടു കൂടി മീന അധികം ആരെയും സ്വീകരിക്കാതായി. ആ കുഞ്ഞിന് വേണ്ടി ജീവിക്കണം എന്നൊരാഗ്രഹം അവളിൽ ഉടലെടുത്തിരുന്നു.
റാണീബായി അവളുടെ മാറ്റങ്ങൾ കാണുന്നുണ്ടായിരുന്നു,
"കുട്ടീ, നീ ആളുകളെ സ്വീകരിക്കാതായാൽ ഈ കുഞ്ഞിനെ അവർ നിന്നിൽ നിന്നും കൊണ്ട് പോകും.." അവർ താക്കീത് ചെയ്തു.
മീനയുടെ മാറ്റങ്ങൾ മറ്റുള്ളവരിൽ മുറുമുറുപ്പുണ്ടാക്കി.
മീന ഒരിക്കൽക്കൂടി മീത്താലി സെന്നിന്റെ മുറിയിലേക്ക് വിളിക്കപ്പെട്ടു.
സേട്ടു ഹുക്ക വലിക്കുകയായിരുന്നു.
കടന്നുവന്ന അവളെ അയാൾ ആപാദചൂഡം നോക്കി.
"പ്രസവം കഴിഞ്ഞപ്പോൾ നീയൊന്നു കൊഴുത്തിട്ടുണ്ട്.."
അവളുടെ തോളിൽ കയ്യിട്ട് അവളുടെ മുടിയുടെ ഗന്ധം ആസ്വദിച്ചുകൊണ്ട് സേട്ടു പറഞ്ഞു.
അന്നാദ്യമായി അവൾക്ക് പുരുഷന്റെ ഗന്ധം അറപ്പുണ്ടാക്കി.
സേട്ടു വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അയാളുടെ വിയർപ്പിന്റെ ഗന്ധം അവളുടെ മേനിയിലാകെ പടർന്നു നിന്നു, അയാൾ പറഞ്ഞാൽ മാത്രമേ കൊടുത്താൽ അവൾക്ക് അയാളുടെ ശരീരത്തിനടിയിൽ നിന്നും എഴുന്നേൽക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. അവളുടെ മുലകൾ വേദനിക്കുന്നുണ്ടായിരുന്നു, സേട്ടു ഞെരിച്ച മുലകളിൽ നീന്നും പാൽ ചാലിട്ടൊഴുകി.
അവളിനിൽ നിന്നകന്ന് ഒരു ചുരുട്ട് കത്തിച്ചുകൊണ്ട് സേട്ടു പറഞ്ഞു,
"നാളെ മുതൽ നീ കസ്റ്റമേഴ്‌സിനെ സ്വീകരിച്ചു തുടങ്ങണം. പകൽ വേണ്ട, രാത്രി മാത്രം. സ്പെഷ്യൽ സർവീസ്.."
എതിർത്തൊന്നും പറയാനില്ല.
***
ആർത്തവത്തിന്റെ ദിവസങ്ങളിൽ മാത്രമേ അവൾ രാത്രി കുഞ്ഞിനൊപ്പം ഉറങ്ങിയുള്ളു. പകൽ മുഴുവനും അവൾ അവന്റെ കളിചിരികളിൽ മുഴുകി രാത്രിയിലെ പല വിയർപ്പുമണങ്ങളും മറക്കാൻ ശ്രമിച്ചു. സന്ധ്യക്ക് കുഞ്ഞിന് പാൽ കൊടുത്ത് റാണീബായിയുടെ കയ്യിലേൽപ്പിക്കും, പിന്നെ പരിചയമുള്ളതും ഇല്ലാത്തതുമായ പലതരം ശ്വാസങ്ങളിലേക്ക്. ഓരോ ശ്വാസങ്ങൾക്കും ഇടയിൽ പിടയുമ്പോൾ അവൾ ഓർക്കാറുണ്ട്,
'രക്ഷപ്പെടണം'.
അന്നവൾക്ക് പതിവുകാരാരുമില്ലായിരുന്നു, പുതുതായി വന്ന ഒരാൾ മറ്റൊരുത്തിയുടെ മുറിയിലേക്ക് പോയി.
മീത്തലി സെൻ എന്തോ ആവശ്യത്തിന് പുറത്തുപോയിരിക്കുന്നു.
രാത്രി ഏറെ കഴിഞ്ഞിരുന്നു, കാമാത്തിപ്പുരയിലെ എല്ലാ കണ്ണുകളും ഉറക്കത്തിലേക്ക് വീണിരുന്നു.
കുഞ്ഞിനെയുമെടുത്ത് ശബ്ദമുണ്ടാക്കാതെ ദേദ് ഗലിയുടെ ഇടവഴിയിലൂടെ ഓടുമ്പോൾ രക്ഷപ്പെടണമെന്നല്ലാത്ത അവൾ മറ്റൊന്നും ഓർത്തില്ല.
പിടിക്കപ്പെടുമ്പോൾ ഒന്നര ദിവസം കഴിഞ്ഞിരുന്നു, ബെയ്ക്കുള്ളയിൽ നിന്നും മഹാലക്ഷ്മിയിലേക്കുള്ള ട്രെയ്‌നിലായിരുന്നു അവൾ.
പോലീസുകാരിലും, ചായക്കടക്കാരിലും എന്തിന് പോട്ടർമാരിലും സേട്ടുവിന്റെയും മീത്തലിയുടെയും ആളുകളുണ്ടെന്നത് ഇടക്കെപ്പോഴോ അവൾ മറന്നിരുന്നു.
കാമാത്തിപ്പുരയുടെ പടികൾ കടന്ന് അകത്തളത്തിൽ അവളെ സ്വീകരിച്ചത് മീത്താലിയുടെ പടക്കം പൊട്ടുന്ന തരത്തിലെ അടിയാണ്.
"കൂത്തിച്ചി.." ആ വാക്ക് മീത്താലിയുടെ പല്ലുകൾക്കും നാവിനുമിടയിൽ ഞെരിഞ്ഞമർന്നു.
മീന തടങ്കലിലാക്കപ്പെട്ടു, മറ്റുള്ളവരുമായി സംസാരിക്കുന്നത് വിലക്കപ്പെട്ടു, കുഞ്ഞിനെ അകറ്റപ്പെട്ടു, സന്ധ്യകളിൽ അവൻ വിശന്ന് നിലവിളിക്കുമ്പോൾ മാത്രം അവൻ അവളുടെ കൈകളിൽ എത്തപ്പെട്ടു.
ആ സന്ധ്യകൾക്കായി മാത്രം അവൾ കാത്തിരിക്കാൻ തുടങ്ങി.
പതിവ് വന്ന പലരെയും മീന മടക്കിയയച്ചു.
അതിനനുസരിച്ച് കാത്തിരുന്ന സന്ധ്യകൾ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ മാത്രം വന്നു.
പതിയെപ്പതിയെ അവളരെയും സ്വീകരിക്കാതെ പാൽചുരത്തുന്ന സന്ധ്യകൾക്കായി മാത്രം കാത്തിരുന്നു, രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ വന്നിരുന്ന സന്ധ്യകൾ പിന്നൊരിക്കലും വരാതായി.
മീനയുടെ കൊലുസുകൾ ജനലിലേക്ക് നീളുന്ന ബലമുള്ള ചങ്ങലകളായി.
എങ്കിലും അവൾ സന്ധ്യകൾക്കായി കാത്തിരുന്നു.
പാതിബോധത്തിൽ അവനായി പഠിച്ച പാട്ടുകൾ ഉറക്കെപ്പാടി.
ആ സമയങ്ങളിലെല്ലാം വാഴത്തോലുപോലെ ഞാന്നുകിടക്കുന്ന മുലകൾ പാൽ ചുരത്തി.
കാമാത്തിപ്പുരയുടെ അകത്തളത്തിലേക്ക് കടന്നുചെല്ലുമ്പോൾ ഉള്ളിലെവിടെയോ അടച്ചിട്ട മുറിയിൽ വീശുന്ന കാറ്റിന് താരാട്ടിന്റെ ഈണമാണ്, ആ മുറിയിലെ വീഴുന്ന വിളറിയ സന്ധ്യയ്ക്ക് ഇപ്പോഴും പാലിന്റെ മണമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ