2021, ഡിസംബർ 28, ചൊവ്വാഴ്ച

ലേബർ റൂം വിശേഷങ്ങൾ

 ലേബർ റൂം വിശേഷങ്ങൾ 

അഡ്മിറ്റ് ആയ അന്ന് മുതൽ കുഞ്ഞുമ്മ പറഞ്ഞോണ്ടിരുന്നു, 
"സച്ചീ, നീ നടക്കണം, നടക്കാതെ ഇവിടെ തന്നെ ഇരുന്നാൽ ഭയങ്കര പാടായിരിക്കും."
"നടക്കാം കുഞ്ഞുമ്മാ, വരാന്തയിൽ ഇറങ്ങിയാൽ ഭയങ്കര തിരക്കാ, അപ്പുറത്തെ വാർഡിൽ കുറെ കോറോണക്കാർ ഉണ്ടെന്ന് പറഞ്ഞു."
"എന്നാലും സന്ധ്യ കഴിഞ്ഞാൽ തിരക്ക് കുറവല്ലേ, അപ്പോൾ നടക്കാല്ലോ."
അങ്ങനെ ആദ്യത്തെ രണ്ടു ദിവസം കുഞ്ഞുമ്മയെ കാണിക്കാൻ വേണ്ടി അങ്ങോട്ടുമിങ്ങോട്ടും അഞ്ചു മിനുട് വീതം നടന്നു. 
നടക്കുന്നത് നോക്കി കുഞ്ഞുമ്മ വാർഡിന്റെ വാതിൽക്കൽ നിൽക്കും. 
അഞ്ചു മിനുട്ട് കഴിഞ്ഞ് നടത്തം നിറുത്തി ചെല്ലുമ്പോൾ കുഞ്ഞുമ്മ ചോദിക്കും, "ഓഹോ, രണ്ടു മിനുട്ട് നടന്നപ്പോൾ ക്ഷീണിച്ചുപോയി.!"
ഞാനൊരു ചിരിയും ചിരിച്ച് കേറിപ്പോകും. 

രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞുമ്മ വീട്ടിലേക്ക് പോയി, കൊച്ചാപ്പാക്ക് സുഖമില്ല, പകരം ഉമ്മ (ഭർത്താവിന്റെ ഉമ്മ) കൂട്ടിനു വന്നു. 
അന്ന് ഡ്യൂട്ടി ഡോക്ടർ വന്നപ്പോൾ പറഞ്ഞു, "മൂന്നല്ലേ ഡേറ്റ്..? ഇന്ന് മുപ്പത് ആയി. നമ്മൾ രണ്ടാം തിയതി വരെ നോക്കും, പെയിൻ  വന്നില്ലെങ്കിൽ സിസേറിയൻ ചെയ്യും.."
ആഹഹാ.. കേട്ടപ്പോളെക്കും കിളി പോയി, അത് വരെ നോർമൽ ഡെലിവറി ആയിരിക്കുമെന്നൊരു കോൺഫിഡൻസ് എനിക്കുണ്ടായിരുന്നു, അത് പോയി. 

അന്ന് മുതൽ ഒരു ഏഴര മണി മുതൽ എട്ടര വരെ റെസ്റ്റില്ലാതെ നടത്തം. ആദ്യം ഒറ്റക്കായിരുന്നു, പിന്നീട് റൂമിലെ രണ്ട് കുട്ടികൾ കൂടെ കമ്പനി തന്നു. 
"ഈ പിള്ളേർ ഇന്ന് തന്നെ നടന്ന പ്രസവിക്കുന്ന ലക്ഷണമുണ്ട്." രണ്ട് സെക്യൂരിറ്റി ചേച്ചിമാർ പരസ്പരം പറഞ്ഞുകൊണ്ട് പോകുന്നത് കേട്ടു.
അത് കേട്ടപ്പോൾ അൽപ്പം വേദന പോലെ തോന്നി, ഉള്ളിൽ സന്തോഷം, ആഹാ വേദന വന്നു, അത് പക്ഷേ രണ്ട് മിനുട്ട് കഴിഞ്ഞപ്പോളേക്കും തീർന്നു, വേദന വന്ന വഴിയേ പോയി. 

അങ്ങനെ ഒന്നാം തിയ്യതിയായി, വേദന ഉണ്ടോന്ന് വരുന്ന ഡോക്ടർമാർ എല്ലാം ചോദിക്കുന്നുണ്ട്. ഇല്ലാത്ത വേദന ഉണ്ടെന്ന് പറയാൻ പറ്റില്ലല്ലോ.
അങ്ങനെ എന്നെ അനസ്താസിയോളജിസ്റ്റിന്റെ അടുത്തേക്ക് അഭിപ്രായം എടുക്കാൻ വിട്ടു. 
പുള്ളിക്കാരി എന്റെ റിസൾട്ടുകൾ എല്ലാം എടുത്ത് നോക്കി. 
"ഡ്രഗ് അലർജി ഉണ്ട് അല്ലേ?"
"അതെ"
"മർമറും, സൈനസൈറ്റിസും ഒക്കെ  ഉണ്ടല്ലേ...?"
"ഉം."
"കാർഡിയോളജി, ഇ  എൻ ടി, അല്ലെർജിസ്റ് എല്ലാവരുടേം ഒപ്പീനിയന് എടുത്തോ...?"
"എടുത്തു
"നിങ്ങൾക്ക് എന്നത്തേക്കാ ഓപ്പറേഷൻ പറഞ്ഞിരിക്കുന്നത്..?"
"ഡേറ്റ് ഒന്നും പറഞ്ഞിട്ടില്ല, വേദന വന്നില്ല എങ്കിൽ ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത്."
"ഓ കെ."
"സജീനത്ത് സിസേറിയൻ എന്താണെന്ന് അറിയാമല്ലോ..?"
"അറിയാം ഡോക്ടർ."
"അമ്മയ്ക്കോ കുഞ്ഞിനോ എന്തെങ്കിലും അപകടം സംഭവിക്കാൻ സാധ്യത ഉണ്ടെങ്കിലോ, കുഞ്ഞ് പുറത്തേക്ക് വരാതിരിക്കുകയോ ഒക്കെ ചെയ്യുമ്പോളാണ്   സിസേറിയൻ ചെയ്യുന്നത്. അപ്പോൾ നിങ്ങൾക്ക് മയങ്ങാനുള്ള ഇൻജെക്ഷൻ തരുക എന്നതാണ് ഞങ്ങളുടെ ജോലി."
ഞാൻ കേട്ടുകൊണ്ടിരുന്നു. 
"വളച്ച് കിടത്തി നട്ടെല്ലിലായിരിക്കും ഇൻജെക്ഷൻ തരുന്നത്. ഡെലിവറി നടക്കും, പക്ഷേ, അതിനു ശേഷം ഒരു ക്രിട്ടിക്കൽ പീരീഡ് ഉണ്ട്, നിങ്ങളെ മയക്കിക്കിടത്തിയാകും ഓപ്പറേഷൻ ചെയ്യുന്നത്. രണ്ട് തരത്തിലാണ് ഇൻജെക്ഷൻ, ഏത് വേണമെന്ന് നിങ്ങളുടെ ഡോക്ടർ ആണ് തീരുമാനിക്കുക. പാർഷ്യൽ അനസ്തേഷ്യ ആണെങ്കിൽ അരക്ക് താഴേക്ക് ആയിരിക്കും മരവിപ്പിക്കുക. അപ്പോൾ മയക്കം വിട്ട് കഴിഞ്ഞാൽ നിങ്ങൾ എണീക്കണം എന്നില്ല. എണീക്കില്ല എന്നല്ല പറയുന്നത്, അരയ്ക്ക് താഴേക്ക് തളർന്ന പോകാൻ ചാൻസ് ഉണ്ട് എന്ന്."
ഞാൻ തലയാട്ടി. 
"നിങ്ങൾക്ക് ഡ്രഗ് അലർജി കൂടി ഉള്ളത് കൊണ്ട് റിസ്ക് കൂടുതലാണ്."
ഞാൻ അതിനും തലയാട്ടി. 
"പിന്നെ ഫുൾ അനസ്തേഷ്യ ഉണ്ട്, അത് നിങ്ങളെ പൂർണ്ണമായി മരവിപ്പിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരിക്കും ഓപ്പറേഷൻ ചെയ്യുന്നത്. കുഞ്ഞിനെ പുറത്തെടുത്ത് കഴിഞ്ഞ് നിങ്ങൾ ഉണർന്നില്ല എങ്കിൽ നിങ്ങൾ ബ്രെയിൻ ഡെഡ് എന്ന അവസ്ഥയിലേക്ക് പോകും. ഇതൊന്നും നടക്കണമെന്നില്ല, എല്ലാം നോർമൽ ആയി നടക്കാം, പക്ഷേ, ചാൻസ് ഉണ്ട്. ഒരു ഡോക്ടർ എന്ന നിലക്ക് എല്ലാം പറഞ്ഞുതരേണ്ടത് എന്റെ ഉത്തരവാദിത്തമാണ്."
"മനസ്സിലായി ഡോക്ടർ."
"ശരി, പുറത്തേക്ക് ഇരുന്നോളൂ, കേസ് ഷീറ്റ് തരാം."
തിരികെ വാർഡിലെത്തിയപ്പോൾ ജൂനിയർ ഡോക്ടർ ഉണ്ട്.
അവരെനിക്ക് സമ്മതപത്രം തന്നു, ഒപ്പിട്ട് തിരികെ കൊടുത്തു. 
"സജീനത്തിന്റെ ഗാർഡിയൻ ആരാ പുറത്തുള്ളത്?"
"ഹസ്ബൻഡ് ഉണ്ട്."
"ഉച്ചക്ക് രണ്ടുമണിക്ക് മാഡത്തിന് കാണണമെന്ന് പറഞ്ഞിട്ടുണ്ട്. വിളിച്ച് നിറുത്തണം."
"ശരി ഡോക്ടർ."
ചാച്ചുവിനെ വിളിച്ച് പറഞ്ഞു. ആള് ഒന്നരക്കേ ഹാജരായി. അത്രയും ദിവസത്തിനുള്ളിൽ എന്റെ ചാച്ചുവിനെ ഞാൻ അന്നാണ് കാണുന്നത്. ആകെ ക്ഷീണിച്ച് കോലം കേട്ട് നിൽക്കുന്നു. 
ആശുപത്രിക്കകത്ത് കിടക്കുന്നവരേക്കാൾ പ്രയാസം പുറത്ത് നിക്കുന്നവർക്കാണല്ലോ. അന്നേരം എല്ലാം ഒന്ന് കഴിഞ്ഞ് വീട്ടിൽ പോയാൽ മതിയെന്ന് തോന്നി. 

വൈകുന്നേരമായപ്പോൾ അമീന (പേര് സാങ്കൽപ്പികം) ഡോക്ടർ വന്നു പറഞ്ഞു, "സജീനത്തിനെ നാളെ ലേബർ റൂമിലേക്ക് മാറ്റും, രാവിലെ റെഡി ആകണം. ബാക്കി കാര്യങ്ങൾ സിസ്റ്റർ പറഞ്ഞുതരും."
"ഡോക്ടർ വേറെ പ്രശ്നമൊന്നുമില്ലല്ലോ...?" ഞാൻ ചോദിച്ചു. 
"അല്ലടാ, നിനക്ക് ഇത്രേം പ്രശ്നങ്ങൾ ഉള്ള സ്ഥിതിക്ക് നോർമൽ ഡെലിവറി നടന്നാൽ എന്തും സംഭവിക്കാമെന്ന അവസ്ഥയാണ്. ചിലപ്പോൾ നിന്നെ കിട്ടില്ല. സിസേറിയൻ പറയുന്നത് അത് കൊണ്ടാണ്. "  ഡോക്ടറിന്റെ മുഖത്ത് നല്ല ആശങ്ക ഉണ്ടായിരുന്നു. 

ഞാൻ ചാച്ചുവിനെ വിളിച്ചു.
"ചാച്ചുവെ, എന്തിനാ ഡോക്ടർ വിളിപ്പിച്ചത്?"
"ആ അത് സിസേറിയൻറെ കാര്യങ്ങൾ പറഞ്ഞുപേടിപ്പിക്കാനാ."
"എന്നിട്ട് പേടിച്ചോ?"
"അത്രയൊന്നും പേടിച്ചില്ല, സുനിയണ്ണൻ നേരത്തെ ഇതൊക്കെ പറഞ്ഞുതന്നതാ."
ചാച്ചുവിന്റെ സുഹൃത്ത് സുനിയണ്ണന്റെ ഭാര്യ സിസേറിയൻ കഴിഞ്ഞ് ഇതേ ആശുപത്രിയിലുണ്ട്. 
"നാളെ എന്നെ അഡ്മിറ്റ് ചെയ്യുമെന്ന് പറഞ്ഞു."
"ഉം."
കൂൾ ആകാൻ ആള് ശ്രമിക്കുന്നുണ്ടെങ്കിലും ശബ്ദത്തിലെ ടെൻഷൻ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. 

അങ്ങനെ രണ്ടാം തിയതി ഏതാണ്ട് ഏഴരയോടെ എന്നെയും കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയേയും ഒരുമിച്ച് ലേബർ റൂം ഫസ്റ്റ് സ്റ്റേജിലേക്ക് മാറ്റി. 
വേദന വരാൻ ഗുളിക തന്നു. 
കൃത്യമായ ഇടവേളകളിൽ അവരത് തന്നുകൊണ്ടിരുന്നു. 
കുറെ കഴിഞ്ഞപ്പോളേക്കും കൂടെയുണ്ടായിരുന്ന കുട്ടിയെ വേദന വന്ന സെക്കൻഡ് സ്റ്റേജിലേക്ക് മാറ്റി. 

അന്ന് എനിക്കുള്ള ഭക്ഷണം വന്നു. 
തുറന്ന് നോക്കിയപ്പോൾ മസാല ദോശ, ഒന്നല്ല രണ്ടെണ്ണം. 
ദേഷ്യവും  കലിയും  സങ്കടവുമെല്ലാം ഒരുമിച്ച് വന്നു.
'ഈ മനുഷ്യനെന്താ, ഇനി ഞാൻ വരില്ല എന്ന ഉറപ്പിച്ചോ..? ഒരുമാതിരി അവസാനത്തെ ആഗ്രഹം സാധിക്കുന്നത് പോലെ.'
ഇന്നലെ കണ്ട ചാച്ചുവിന്റെ രൂപം കൂടി ഓർത്തപ്പോൾ കണ്ണീര് നിന്നില്ല,, എന്തെങ്കിലും കഴിച്ചോ ആവോ..?, ദോശയ്ക്ക് ഉപ്പ് കൂടി. 
"മോളെന്താ കരയുന്നത്..? വേദനയുണ്ടോ..?", അറ്റൻഡർ ആന്റിയാണ്. 
"ഇല്ല, കുഴപ്പമൊന്നുമില്ല."
അൽപ്പം പോലും ബാക്കിവയ്ക്കാതെ ദോശ എല്ലാം കഴിച്ചു തീർത്തു.

ചാച്ചുവിന് എല്ലാത്തിനും നന്ദി പറഞ്ഞോണ്ട് ഒരു കുറിപ്പ് എഴുതണമെന്നുണ്ടായിരുന്നു, തൽക്കാലം വേണ്ട എന്ന് വച്ചു. 'എല്ലാം കഴിഞ്ഞ് നേരിട്ട് പറയാം' എന്ന് ഉറപ്പിച്ചു.  ഡയറി എഴുതുന്ന ശീലം ഉള്ളതുകൊണ്ട് ഒരു തുണ്ട് പേപ്പറിൽ അന്നത്തെ വിശേഷങ്ങൾ എഴുതി ഭദ്രമായി മടക്കി വച്ചു. കണ്ണ് നനഞ്ഞിരുന്നു. 
"എന്താ, കരയുകയാണോ..?"
ഡ്യൂട്ടി ഡോക്ടർ ആണ്. 
"അല്ല ഡോക്ടർ."
അവർ ബി പി യും പൾസും നോക്കിയിട്ട് പോയി. 
പിറ്റേന്ന് രാവിലെ ഏതാണ്ട് നാല് മണി ആയിട്ടുണ്ടാകും, മറ്റൊരു ആശുപത്രിയിൽ നിന്ന് ഒരു കുട്ടിയെ ഹെവി ബ്ലീഡിങ് ആയിട്ട് കൊണ്ട് വന്നു, ഡെലിവറി കഴിഞ്ഞിട്ടും ബ്ലീഡിങ് നിൽക്കാത്തതാണ്. 
ആ ബഹളം കേട്ടുകൊണ്ടാണ് ഉറക്കം വിട്ടത്. 

ബാത്‌റൂമിൽ പോകാനായി കട്ടിലിൽ നിന്ന് ഇറങ്ങിയതും കാലിലൂടെ വെള്ളമെടുത്തതൊഴിച്ച പോലെ വെള്ളം, മരുന്നിന്റെ എഫക്ടിൽ മൂത്രം പോയതാണോ അതോ ഫ്ലൂയിഡ് പൊട്ടിയതാണോ എന്നറിയാൻ വയ്യ. 
അടുത്ത് നിന്ന ഡോക്ടർ പയ്യനോട് കാര്യം പറഞ്ഞു. 
എനിക്ക് വിട്ടുവിട്ട് വേദന തുടങ്ങിയിരുന്നു. 
ഉടുത്തിരുന്ന മുണ്ടിലെ ചോരക്കറ കണ്ടിട്ട് ആ പയ്യൻ പറഞ്ഞു, 
"ചേച്ചി, എന്തായാലും കിടക്കൂ, എണീറ്റ് നടക്കണ്ട. ഇപ്പോൾ വന്ന  കുട്ടി അൽപ്പം ക്രിട്ടിക്കൽ സ്റ്റേജിൽ ആണ്, അത് കഴിഞ്ഞേ ഡോക്ടർമാർ നോക്കൂ."
ബ്ലീഡിങ് ആയി കൊണ്ടുവന്ന കുട്ടിയെ എന്റെ ഓപ്പോസിറ്റ് ആയിട്ടാണ് കിടത്തിയിരിക്കുന്നത്. 
ചുറ്റും ഒരു പറ്റം ഡോക്ടർമാർ, ബ്ലഡ് ബാങ്കിൽ വിളിക്കുന്നു, ആരെയൊക്കെയോ വിളിക്കാൻ പറയുന്നു, അങ്ങോട്ടോടുന്നു, ഇങ്ങോട്ടോടുന്നു, ആകെ ബഹളം. 

അങ്ങനെ ഞാൻ വീണ്ടും ബെഡിൽ കിടന്നു, രാവിലെ ഏഴു മണി ആയപ്പോൾ  ബാത്‌റൂമിൽ പോകാൻ ഇറങ്ങി. 
ബെഡിൽ നിന്നും ഇറങ്ങിയതും ഒരു ഡോക്ടർ ചോദിച്ചു, 
"എവിടെ പോകുന്നു..?"
"ബാത്‌റൂമിൽ."
"വെള്ളം പൊട്ടിയതല്ലേ, നടക്കരുത് എന്നല്ലേ പറഞ്ഞത്, അവിടെ കിടക്ക്."
എന്റെ ബുദ്ധിമുട്ട് കണ്ടിട്ട് അവർ ഒരു അറ്റൻഡറെ വിളിച്ചു, 
"ചേച്ചീ, ഒരു വീൽചെയർ എടുത്തേ, ഇതിനെ ഒന്ന് ബാത്‌റൂമിൽ ആക്കിയേ, വെള്ളം പൊട്ടിയതാണ്."
അവരെന്നെ വീൽച്ചെയറിൽ ഇരുത്തി, കൊടുപോകുമ്പോൾ പറഞ്ഞു, 
"മോളെ, നാണക്കേട് ഒന്നും വിചാരിക്കണ്ട, ബെഡിൽ മൂത്രമൊഴിച്ചെന്നും പറഞ്ഞിവിടെ ആരും ഒന്നും പറയില്ല. ഇതൊക്കെ സാധാരണമാണ്."
ബാത്‌റൂമിൽ നിന്ന് ഇറങ്ങിയിട്ട് അവരെന്നെ പി വി റൂമിലേക്കാണ് കൊണ്ട് പോയത്. 
പി വി അഥവാ ഉള്ളുനോക്കൽ കഴിഞ്ഞു,  വേദന കൂടിക്കൂടി വരുന്നു . 
നേരെ വീണ്ടും ബെഡിലേക്ക്.
വേദനയെടുത്ത് കണ്ണുകാണാൻ വയ്യ, അപ്പോഴാണ് ഡ്യൂട്ടി ഡോക്ടർ വന്നു ചോദിക്കുന്നത്, "ഇയാൾക്ക് നോർമൽ ഡെലിവറി മതി എന്നാണോ..?"
ഞാൻ 'അതെ' എന്ന് പറഞ്ഞു.
"അപ്പോൾ ഈ കുട്ടിയോട് എഴുതി വാങ്ങിച്ചോളൂ, Patient insisting for a normal delivery, so......... എന്ന്." അവർ കൂടെയുണ്ടായിരുന്ന ജൂനിയർ ഡോക്ടറിനോട് നിർദ്ദേശിച്ചു. 
സമയം ഏതാണ്ട് രാവിലെ എട്ടു മണി ആയിട്ടുണ്ടാകും, റൂമിലെ മറ്റു കുട്ടികളിൽ പലരും എണീറ്റ് കുളിച്ച് വേഷം മാറി വരുന്നുണ്ട്, എനിക്ക് അനങ്ങാൻ  കൂടി വയ്യ. 
അൽപ്പം കഴിഞ്ഞപ്പോൾ അമീന ഡോക്ടർ വന്നു, അവരാണ് മുൻപ് എന്നോട് കോംപ്ലിക്കേഷന്സിനെ കുറിച്ച് പറഞ്ഞത്. 
"ഡാ, ഇയാൾക്ക് വെള്ളം പൊട്ടിപ്പോയിട്ടുണ്ട്, അത് കൊണ്ട് അധിക നേരം ഇട്ടേക്കാൻ പറ്റില്ല. ഇയാളുടെ ബോഡി നോർമൽ ഡെലിവറി താങ്ങുമോ എന്നുറപ്പില്ല. സിസേറിയൻ വേണ്ട എന്ന് തന്നെയാണോ..?"
എന്നെക്കാൾ ടെൻഷൻ അവരുടെ മുഖത്തുണ്ടായിരുന്നു. 
"നോർമൽ മതി ഡോക്ടർ."
"അപ്പോൾ ഇയാളെ ഇപ്പോൾത്തന്നെ സെക്കന്റ് സ്റ്റേജിലേക്ക് മാറ്റുകയാണ്."
"ഡോക്ടർ, അതിനു മുന്നേ എനിക്കെന്റെ ഹസ്ബന്റിനെ ഒന്ന് കാണാൻ കഴിയുമോ?"
"ഈ സ്റ്റേജിൽ നിനക്ക് കാണാൻ പറ്റുമോ?"
"ഒന്ന് കാണണം ഡോക്ടർ."
"ശരി, വിളിപ്പിക്കാം."
സത്യം പറഞ്ഞാൽ സെക്കന്റ് സ്റ്റേജിലേക്ക് കയറ്റിക്കഴിഞ്ഞാൽ ഞാൻ എന്റെ ചാച്ചുവിനെ ഇനി കാണില്ല എന്ന് തോന്നിയിരുന്നു.
ട്രോളി വന്നു, എന്നെ അതിൽ കയറ്റി, സെക്കന്റ് സ്റ്റേജിന്റെ വാതിൽ കടക്കുന്നതിനു മുൻപ് ഡോക്ടർ അറ്റൻഡറിനോട് പറഞ്ഞു,
"ചേച്ചി, ഒരു മിനുട്ട്, ഇവരുടെ ഹസ്ബൻഡ് വരുന്നുണ്ട്."
ചാച്ചു വരാൻ ഒരു മിനുട്ട് എടുത്തില്ല, അന്ന് കണ്ടതിനേക്കാൾ ശരീരം മോശമായിട്ടുണ്ട്, ഒന്നും കഴിച്ചിട്ടില്ല എന്ന് വ്യക്തം.
"എടി, നിന്നെക്കൊണ്ട് പറ്റുന്നില്ല എങ്കിൽ നമുക്ക് സിസേറിയൻ ചെയ്യാം."
"നിങ്ങൾ കഴിച്ചോ..?"
"ഉം."
അത്ര മാത്രം, എന്നെ അകത്തേക്ക് കൊണ്ടുപോയി. 

പൾസ് ഓക്സി മീറ്റർ ഒരു കയ്യിൽ, ഹാർട്ട് ബീറ്റ് മോണിറ്റർ ചെയ്യാൻ കുറെ വയറുകൾ നെഞ്ചത്ത്, രണ്ടു കയ്യിലും കാനുല, അതിലൊന്നിൽക്കൂടി ഡ്രിപ്പ്, അങ്ങനെ കിടക്കുകയാണ് ഞാൻ.
വേദനയുണ്ട്, പക്ഷെ, ഡോക്ടർമാർ പറയുന്ന 'നല്ല വേദന' ഏതാണെന്ന് അറിയാൻ വയ്യ.
കടിച്ച് പിടിച്ച് ഫാത്തിമിയ സലാത്തും ചൊല്ലി കിടന്നു. വേദന വരുമ്പോൾ ബെഡിന്റെ കൈപ്പിടിയിൽ ഇറുകെ പിടിക്കും.

ആരൊക്കെയോ വേദന കൊണ്ട് നിലവിളിക്കുന്നുണ്ട്, ചിലരെ ഡോക്ടർമാർ വഴക്ക് പറയുന്നുണ്ട്. 
"ആവശ്യമില്ലാതെ ഇങ്ങനെ നിലവിളിക്കരുത്, കുഞ്ഞിന് കേടാണ്."
എനിക്ക് ബാത്‌റൂമിൽ പോകാൻ തോന്നുന്നുണ്ട്. 
ശക്തമായ ത്വര വരുന്നുണ്ട്. 
ശരീരം നുറുങ്ങുന്ന വേദന. 
"യാ അല്ലാഹ്." 
ഒരു ഞരക്കത്തോടെ കുറെ കണ്ണീരും പുറത്ത് ചാടി. 
"എന്താ..?"
മുന്നിൽ നോട്ടിലെന്തോ കുത്തിക്കുറിച്ചുകൊണ്ടിരുന്ന ഡോക്ടർ ഓടിയെത്തി. (റൂമിൽ കുറേ ഡോക്ടർമാരും നേഴ്‌സുമാരുമുണ്ട്,  അവരൊന്നും ശ്രദ്ധിക്കാതെ നിൽക്കുകയാണെന്ന് നമുക്ക് തോന്നുമെങ്കിലും ഓരോരുത്തരുടെയും മൂവ്മെന്റ് അവർ ശ്രദ്ധിക്കുന്നുണ്ട്.) 
"ഡോക്ടർ, എന്നെ ഒന്ന് നോക്കോ.."
അവർ ഒന്ന് നോക്കി, "ട്രോളിയെടുക്ക്, ഇവിടെ ഫുൾ ആയി..... ചേച്ചി..., ബെഡ് റെഡി അല്ലെ..?"
അവർ ആരോടൊക്കെയോ പറഞ്ഞു. 
ഞാൻ ആ നേരം എല്ലാവരേം ഓർക്കുകയായിരുന്നു. ഉമ്മച്ചി, വാപ്പച്ചി, ചാച്ചു, സഅദ്, അജ്മൽ, അവന്റെ ഉമ്മ, കുഞ്ഞുമ്മമാർ, അങ്ങനെ എല്ലാവരും കണ്ണിനു മുന്നിലൂടെ ഓടിയോടിപ്പോയി.

എങ്ങനെയൊക്കെയോ ഡെലിവറി ബെഡിൽ എത്തി. 
നടുവിന് താഴേക്ക് ബെഡ് ഇല്ല, കാല് മുകളിലെ കമ്പിയിൽ ചവിട്ടിപ്പിടിക്കണം, രണ്ടുകയ്യും കൊണ്ട് നടു താങ്ങി മുക്കണം. ഇപ്പോൾ ഡ്രിപ്പ് രണ്ടുകയ്യിലുമുണ്ട്, ബാക്കിയുള്ള ഉപകരണങ്ങളുമുണ്ട്. 
ബെഡിനു ചുറ്റും ഡോക്ടർമാരെയും നേഴ്‌സുമാരെയും അറ്റൻഡർമാരെയും കൂട്ടി കുറേ പേരുണ്ട്..
 അമീന ഡോക്ടർ അരികിൽത്തന്നെയുണ്ട്. 
വിമൽ (പേര് സാങ്കൽപ്പികം) ഡോക്ടറിനൊപ്പം പേരറിയാത്ത ഒരു സീനിയർ ഡോക്ടറുമുണ്ട്, അവരാണ് എന്റെ കാലിന്റെ വശത്ത് നിൽക്കുന്നത്. 
"കുഞ്ഞിന്റെ ഹെയർ ലൈൻ കാണുന്നുണ്ട്, കോണ്ട്രാക്ഷൻ വരുമ്പോൾ നടുവിൽ കൈ താങ്ങി ശക്തമായി മുക്കണം, അത് തീരുന്നത് വരെ നിറുത്തരുത്."
"ചെറുതായിട്ട് കീറുകയാണേ." അതിനിടയിൽ വജൈനയുടെ ഭാഗത്ത് കീറലുണ്ടാക്കി. 
ഞാൻ പാതി മയക്കത്തിലാണ് അതെല്ലാം കേൾക്കുന്നത്.
"മുക്ക് മുക്ക്  മുക്ക് മുക്ക്, വിടാതെ മുക്ക്...." ഒരു ഡോക്ടർ അടുത്ത് നിന്ന് താളത്തിൽ പറയുന്നുണ്ട്. (അതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ ചിരി വരുന്നുണ്ട്.) 
ഒരാളെൻറെ വയർ തടവുന്നുണ്ട്. 
"ഡോക്ടർ എനിക്ക് ഒന്ന് കാല് താഴ്ത്തിയിടണം. അല്ലെങ്കിൽ എണീറ്റിരിക്കണം, എന്നെക്കൊണ്ട് പറ്റുന്നില്ല."
"എന്ത് പറ്റി..?"
"മസിൽ..."
"മസിൽ പിടിച്ചോ..? കോണ്ട്രാക്ഷൻ ഇല്ലാത്തപ്പോൾ താഴ്ത്തിക്കോളൂ."
വിമൽ ഡോക്ടർ എന്നോട് പല കാര്യങ്ങളും പറഞ്ഞ് എന്റെ ശ്രദ്ധ മാറ്റുന്നുണ്ട്, ജോലി, വീട്, അടുത്ത പ്ലാൻ, അങ്ങനെ പലതും. 

കാല് മസിൽ പിടിച്ചു,  ഒപ്പം മൂക്കും അടച്ചു.
സുഖം. 
ആകെ ഒരു വെപ്രാളത്തിൽ കയ്യിലിരുന്ന ഡ്രിപ്പും, ഓക്സിമീറ്ററും ഞാൻ ഊരിക്കളഞ്ഞു. 
"ഡോക്ടർ, എനിക്ക്... ശ്വാസം മുട്ടുന്നുണ്ട്.."
"ഓക്സിജൻ ഇടുകയാണ്.." 
ഓക്സിജൻ ഇട്ടു. 
"അൽപ്പം കൂടി പുഷ് ചെയ്‌താൽ കുഞ്ഞ് പുറത്ത് വരും, നന്നായി മുക്കിക്കേ.."
എന്റെ മുക്കലിന്റെ ആക്കം കുറഞ്ഞു. ആരോഗ്യം തീർന്നു എന്ന് തോന്നുന്നു. 
"ഡോക്ടർ,.... ഇനി...... പറ്റില്ല.." എന്റെ ശബ്ദം ക്ഷയിച്ചു. 
"വാക്വമെടുക്ക്."
മെഷീൻ ഓൺ ആയി.
"അവസാനമായി നന്നായിട്ടൊന്ന് പുഷ് ചെയ്തേ.. കുഞ്ഞിനെ പുറത്തെടുക്കാൻ പോകുകയാണ്. 
"യാ അല്ലാഹ്..." സർവ ശക്തിയുമെടുത്ത് ആഞ്ഞു മുക്കി. 
"ങ്ങീ..." 
"സജീനത്ത് കുഞ്ഞിനെ കണ്ടോ..?"
അവ്യക്തമായി ഞാനതു കണ്ടു, ലേഡി ഡോക്ടറിന്റെ  കയ്യിൽ തലകീഴായി ഒരു കുഞ്ഞുരൂപം. 
"ഉം.."
എന്റെ വേദന അതോടെ പോയിരുന്നു, ഞാൻ കണ്ണുകളടച്ചു.
"രണ്ട് ഇൻജെക്ഷൻ എടുക്കുകയാണ്. സ്റ്റിച്ച് ഇടാൻ വേണ്ടി."
"ഡോക്ടറെ, എനിക്ക് ആൺകുഞ്ഞോ, പെൺകുഞ്ഞോ...?"
"അപ്പോൾ കുഞ്ഞിനെ കണ്ടില്ലേ.."
"കണ്ണാടി വക്കാത്തോണ്ട്  നേരെ കണ്ടില്ല."
"സജീനത്തിന്റെ ബേബിയെ കൊണ്ട് വന്നേ.. 'അമ്മ കുഞ്ഞിനെ കണ്ടില്ല."
പിങ്ക് നിറമുള്ള ടൗവലിൽനുള്ളിൽ നിന്നും എന്നെ നോക്കുന്ന രണ്ട് കുഞ്ഞിക്കണ്ണുകൾ. 
"കണ്ടില്ലേ? മോളാണ്."
അൽഹംദുലില്ലാഹ്. 
എല്ലാം കഴിഞ്ഞു, പക്ഷേ, സ്റ്റിച്ചിന്റെ വേദനയല്ലാതെ മറ്റൊരു വേദനനയും അറിയാൻ വയ്യ. 


പണ്ട് എവിടെയോ വായിച്ചതോർക്കുന്നു, 
"ഒരു പെണ്ണ്, ഒരു കുഞ്ഞിന് ജന്മം നൽകുന്നത് മരണത്തിനോടടുത്ത വേദനയിലാണ്. അവൾക്കൊരിക്കലും പ്രസവ വേദന ഓർത്തിരിക്കാൻ കഴിയുകയില്ല, അവളിൽ നിന്നും ആ വേദനയുടെ ഓർമ്മ പടച്ചവൻ എടുത്ത് മാറ്റും. കാരണം, അവളത് ഓർത്തിരുന്നാൽ പിന്നീടൊരിക്കലും ആ വേദന താങ്ങാൻ അവൾ തയ്യാറാവുകയില്ല."
ശരിയാണ്. 
ഇത്രേം നേരം ഞാൻ തിന്ന വേദന എത്രത്തോളമെന്നൊന്നും ഓർമ്മയില്ല, വേദനിച്ചിരുന്നു, അത്ര മാത്രം. 
പക്ഷേ, ആ വേദനകളെല്ലാം ഒരു കുഞ്ഞുലോകത്തെ നെഞ്ചോടടുപ്പിക്കാനായിരുന്നു എന്നോർക്കുമ്പോൾ സന്തോഷം.
സന്തോഷം മാത്രം. 💓

2021, ഡിസംബർ 3, വെള്ളിയാഴ്‌ച

മസാല ദോശ

 മസാല ദോശ 

"ഡേറ്റ് മൂന്നല്ലേ..? അടുത്തായല്ലോ..അപ്പോപ്പിന്നെ നാളെത്തന്നെ പോകുന്നതാണ് നല്ലത്. നാളെ സാറ്റർഡേ. ഒപിയിൽ ആരാണെന്ന് അറിയില്ല. മണ്ടേ ആകുമ്പോൾ 29 ആകും. വളരെ അടുത്ത്. എന്തായാലും നാളെ തന്നെ പോകു. റഫറൻസ് എഴുതിയിട്ടുണ്ട്."
"താങ്ക്യൂ മാഡം."
നന്ദി പറഞ്ഞിറങ്ങി. 
"എന്തായി..?"
"എന്താകാൻ? പ്രതീക്ഷിച്ചത് പോലെ തന്നെ. തിരുവനന്തപുരത്തേക്ക് റഫർ ചെയ്തു. അനസ്തേഷ്യ ഡോക്ടർ ഈ ഡോക്ടറിനോട് പറഞ്ഞു എന്ന്. വല്ല കോംപ്ലിക്കേഷനും വന്നാൽ ഇവിടെ സൗകര്യമില്ല. അത്കൊണ്ട് എന്റെ കേസ് ഇവിടെ എടുക്കാൻ പറ്റില്ല എന്ന്. നാളെ തന്നെ ഓ പി യിലേക്ക് പോകാൻ പറഞ്ഞു."
"അത് സരമില്ലെടി, നാളെ എനിക്ക് കൊല്ലം പോകണമായിരുന്നു. അത് ഞാൻ മാറ്റി വയ്ക്കാം. നമുക്ക് നാളെ തന്നെ പോകാം. ഡേറ്റ് ഇങ്ങ് അടുത്തില്ലേ.. നമ്മുടെ വാവയുടെ കാര്യത്തിൽ അവസാന നിമിഷത്തെ റിസ്ക് ഒന്നും വേണ്ട. ഒൻപത് മാസത്തെ കാത്തിരിപ്പാ.."
"നാളെ ചിലപ്പോ അഡ്മിറ്റ് ചെയ്താലോ..?"
"അഡ്മിറ്റ് ആക്കുന്നെങ്കിൽ അഡ്മിറ്റ് ആക്കട്ടെ. എന്തായാലും ഇനി നിന്റെ പ്രസവം കഴിഞ്ഞിട്ടേ ഞാൻ ഇനി ദൂര യാത്ര ഒക്കെ ഉള്ളു. വാ പോവാം."
"ചാച്ചുവേ.."
"എന്താടി...?"
"എനിക്കൊരു മസാല ദോശ വാങ്ങിത്തരുമോ..?"
"മസാല ദോശയോ..? വാങ്ങിച്ചാലും വീട്ടിൽ കൊണ്ട് പോയെ കഴിക്കാൻ പറ്റുള്ളൂ."
"വീട്ടിൽ കൊണ്ട് പോണ്ട. ഇരുന്ന് കഴിക്കണം."
"ഡി, കൊറോണ ആയത് കൊണ്ട് ഇവിടെ ഒരു ഹോട്ടലുകാരും ഇരുത്തി ഫുഡ് കൊടുക്കുന്നില്ല. നമുക്ക് മസാല ദോശ വാങ്ങി വീട്ടിൽ കൊണ്ട് പോയി തിന്നാം."
"വേണ്ട."
നമുക്ക് അന്ന് കയറിയ കടയിൽ നിന്ന് വാങ്ങാം. വീട്ടിൽ കൊണ്ട് പോയി തിന്നാം."
"വേണ്ട."
"എങ്കി വണ്ടീൽ ഇരുന്ന് തിന്നാം." 
"വേണ്ട."
"എടി, വാങ്ങിച്ച തരാം."
"വേണ്ടെന്നല്ലേ പറഞ്ഞത്.."
"എന്തോന്നാടി ഇത്, ഇവിടെ കണ്ടൈൻമെൻറ് ഏരിയ ആയത് കൊണ്ടല്ലേ അവർ ഇരുത്തി തരാത്തത്."
"എനിക്ക് വേണ്ട.."
വാക്കുകളുടെ കൂടെ കുറെ കണ്ണീരും വീണു. 
"കരയണ്ട. ഞാൻ ആ ഹോട്ടലുകാരന്റെൽ ചോദിക്കാം."
"വേണ്ട. എനിക്ക് മസാല ദോശ വേണ്ട."
"പിന്നെ എന്ത് വേണം?"
"ഒന്നും വേണ്ട."
"അങ്ങനെ പറയല്ലേ എന്റെ കണ്ണാടീ, നീ പറ." 
"ഒന്നും വേണ്ടന്നല്ലേ പറഞ്ഞത്." 
ഇനി വല്ലോം പറഞ്ഞാൽ കരച്ചിലിന്റെ ഒച്ച കൂടും എന്ന് തോന്നിയതിനാലാവണം എന്റെ പാവം കെട്ടിയോൻ ഒന്നും മിണ്ടിയില്ല.
വീട്ടിലേക്ക് തിരിയുന്ന സ്ഥലം എത്താറായി.
"ചാച്ചുവെ.."
"ഉം..?"
"നമുക്ക് എങ്ങോട്ടെങ്കിലും പോവാം."
"എവിടെ പോവാനാ?"
"എങ്ങോട്ടെങ്കിലും."
'എടി, വീട് എത്താറായി. നിനക്ക് അവിടെ നിന്നപ്പോൾ പറഞ്ഞൂടാരുന്നോ..? എങ്കി നമുക്ക് പതിയെ വന്നാ മതിയാരുന്നല്ലോ.."
"നമുക്ക് മ്യുസിയത്ത് പോകാം..."
"ഇപ്പഴോ..? സമയം 8 മണിയായി. മാസം തികഞ്ഞ പെണ്ണിനേം കൊണ്ട് വായ് നോക്കാൻ പോയാൽ ഉമ്മ എന്നെ മടലിനടിക്കും."
എന്റെ കരച്ചിലിന്റെ ഊറ്റം കൂടി. 
ചാച്ചു വീട്ടിലേക്ക് വണ്ടി തിരിക്കാതെ നേരെ വിട്ടു. 
"എവിട പോണു..?"
"നമുക്ക് നിന്റെ വീട്ടിൽ പോകാം. എന്നിട്ട് എല്ലാരേം കണ്ടിട്ട് വരം അപ്പൊ നീ ഒന്ന് ഓ കെ ആകും."
"വേണ്ട."
"വീട്ടിലും പോണ്ടേ?"
"വേണ്ട"
"ഇങ്ങനെ വാശി പിടിക്കല്ലേ കണ്ണാടീ.."
"നിങ്ങൾ എത്ര നാളായി എന്നെ ചുട്ടിപ്പാറയിൽ കൊണ്ട് പോകാമെന്ന് പറയുന്നു..എന്നിട്ട് ഇത് വരെ കൊണ്ട് പോയില്ലല്ലോ."
"എടി, അത് ഈ അവസ്ഥ ആയത് കൊണ്ടല്ലേ, നീ പറയിലൊക്കെ വലിഞ്ഞുപിടിച്ച് കേറി വല്ലതും ആയിപ്പോയാൽ എല്ലാരും എന്നേ കുറ്റം പറയൂ."
ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. 
പ്രഗ്നൻറ് ആയതിനു ശേഷം ഇങ്ങനെയാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യവും സങ്കടവും. 
എന്റെ പാവം കെട്ടിയോൻ അതൊക്കെ മനസ്സിലാക്കുന്നുണ്ടായിരുന്നു. 
"തിരിച്ച് പോവാം."
"എങ്ങോട്ട്..?"
"വീട്ടിലോട്ട്.."
വണ്ടി ഓടി ഏതാണ്ട് എന്റെ വീട് എത്താറായി.
"വീട്ടിൽ ഇറങ്ങണ്ടേ.."
"വേണ്ട."
"ഇറങ്ങാമെടി.."
"വേണ്ട. നമുക്ക് പോകാം."
വീടിനു മുന്നിലെ വളവിൽ കാർ തിരിഞ്ഞു. 
"ചാച്ചുവേ.."
"എന്താ..?"
"അതേ... ഇന്നിനി എങ്ങും പോകാതെ എന്റോടെ ഇരിക്കോ..?"
"ഇനീപ്പോ എവിട പോവാനാ.. മാണി 9 ആയി."
"ഇരിക്കോ..? ഇനീപ്പോ നാളെ അഡ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ അഞ്ചാറ് ദിവസം കാണാൻ പറ്റില്ലല്ലോ.."
"ഇരിക്കാമെടേ..."
"അപ്പഴേ, എന്നും തരുന്ന ഗുഡ് മോർണിംഗ്, ഗുഡ് നൈറ്റ് ഉമ്മകൾ അഞ്ചാറ് ദിവസത്തേക്ക് ഉള്ളത് അഡ്വാൻസ് ആയി തരോ..?"
"അത് പറ്റില്ല."
"അതെന്താ..?"
"അത് ക്രെഡിറ്റ് ആക്കി വച്ചോ.. വാവേനേം കൊണ്ട് വരുമ്പോ തരാം."
"അത് എന്ത് എടപാടാ.. തരോ..."
വണ്ടി വീട്ടിലേക്കുള്ള കയറ്റം കയറാറായി.
"ഗിയർ മാറാൻ നേരം കയ്യിക്കേറി പിടിക്കല്ലേ കണ്ണാടീ.."
"തരോ..? ഏ..?"
"തരാടീ."
"അപ്പൊ. ഓ കെ"
പിന്നാലെ കെട്ടിയോന്റെ  ഉച്ചത്തിലുള്ള പതിവ് ആത്മഗതം.
"എന്റെ പടച്ചോനെ.. ഇങ്ങനൊരു കിളി പിടിച്ച പെണ്ണിനെയാണല്ലോ നീ എനിക്ക് തന്നത്."
ഒപ്പം മണ്ടക്കൊരു കൊട്ടും.
സ്വസ്ഥം.
സമാധാനം. 



2021, മേയ് 4, ചൊവ്വാഴ്ച

കടൽ

 കടൽ 

"ചാച്ചുവേ, ഇന്ന് കടലീ പോവാം?"
"ഇന്നാടീ? സമയം തോന ആയി. ആറ് മണിക്ക് മുന്നേ നിന്നെ വീട്ടിൽ എത്തിച്ചില്ലെങ്കിൽ ഉമ്മ എന്നെ ഓടിക്കും. അതും ഈ സമയത്ത്"
വാച്ചിൽ നോക്കിയപ്പോൾ ശരിയാണ്, സമയം ഏതാണ്ട് അഞ്ചാകുന്നു. കടലിലും കൂടി പോയാൽ സമയം ഏഴാകും. 
സന്ധ്യക്ക് വീട്ടിൽ ചെല്ലുമ്പോൾ ഉമ്മ ഓടിക്കും.
'എത്ര സമയമായി. വയറ്റിൽ ഒരു കൊച്ചുണ്ടെന്ന് ഓർമ്മ വേണം, അതിനേം കൊണ്ടാ ഈ ത്രിസന്ധ്യക്ക് ആ റബ്ബറിന്റിടയിലൂടെ വരുന്നത്., പിന്നെ സ്വരം മാറും, 
'ഞാൻ എത്ര പ്രാവശ്യം പറഞ്ഞതാ, ഡാ നീ ആ പെണ്ണിന് വല്ലോം വാങ്ങിച്ച് കൊടുത്തോ...? പോയി തുണി മാറ്റിയിട്ട് പോയി ചോറ് കഴിക്ക് കൊച്ചെ, നീ കഴിക്കണ്ട, ആ വയറ്റിൽ കിടക്കുന്നതിനു എന്തെങ്കിലും കൊടുക്ക്. സമയത്ത് ഒരു വക കഴിക്കില്ല, കണ്ടില്ലേ കോലം..' 
സ്നേഹത്തിൽ ചാലിച്ച ആ വഴക്ക് കേൾക്കാൻ രസമാണെങ്കിലും നമ്മൾ ചെല്ലാൻ വൈകും തോറും ആദി പിടിക്കുന്ന ആ കണ്ണുകൾ... 
വേണ്ട. വേറൊരു ദിവസം പോകാം. 
***
"ഇന്ന് പോയാലോ..? സമയമുണ്ടല്ലോ..?"
"ഈ കൊട്ടൻ വെയിലത്താ...? നീ വന്നാണ്."
വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ നേർത്ത മഴയുണ്ട്.. 
"ഡി, നമ്മക് ഞാറാഴ്ച പോവാം. അന്ന് വേറെ പരിപാടി ഒന്നും ഇല്ലല്ലോ."
"ഓക്കേ"
ചാച്ചുവിനോട് ഞാൻ ഒന്നുകൂടി ചേർന്നിരുന്നു.
"ന്റ കണ്ണാടി ഹാപ്പിയായോ..?"
"ഉം.. ഹാപ്പി.."
***
കാത്തുകാത്തിരുന്ന ഞായർ എത്തി.
സാധാരണ അവധി ദിവസങ്ങളിൽ എണീക്കുമ്പോൾ പത്തുമണി കഴിയും. അന്ന് അൽപ്പം നേരത്തെ എണീറ്റു. 
ഒമ്പതേമുക്കാലിന്. 😁
രാവിലെ നല്ല വെയിൽ ഉണ്ട്. 
"ചാച്ചുവെ, എപ്പ പോവാം?"
"ഉച്ച കഴിഞ്ഞിറങ്ങാം. അപ്പൊ വെയിൽ താരും."
"ഓക്കേ"
മണി ഒന്നായി, ഒന്നരയായി. രണ്ടാകും മുന്നേ പെരുമഴ. 
"ഡി, എങ്ങന പോവും?" 
😞
***
"ഡി, നീ എന്തിനാ കരയുന്നത്..?"
"പാതിരാത്രി മനുഷ്യനെ വിളിച്ചുണർത്തീട്ട് കരയുന്നെന്നാ..നിങ്ങക്കെന്താ മനുഷ്യാ,,?"
ഞാൻ തിരിഞ്ഞുകിടന്നു.
ജോലികഴിഞ്ഞു നേരത്തെ ഇറങ്ങി. എന്റെ ആശാൻ വണ്ടിക്കടുത്ത് തന്നെ നിൽപ്പുണ്ട്. 
"ഡി, നമ്മക്ക് വേറെ ഒരു സ്ഥലം വരെ പോകാനുണ്ട്."
"എവിടാ?"
"അതൊക്കെ പറയാം നീ വാ, പോവാം."
വണ്ടി ചിറയിൻകീഴ് റോഡിലേക്ക് തിരിഞ്ഞു..
"എവിട പോണ് ചാച്ചുവേ.. തുമ്പയിലേക്ക് വീണ്ടും പോണോ..?"
മൗനം.
"ഡി, നോക്ക്.."
ചാച്ചു ചൂണ്ടിയ ഇടത്തേക്ക് ഞാൻ നോക്കി.
കടൽ.
"അപ്പൊ ന്റ കണ്ണാടി കടല് കണ്ടേ.. ഇനി പോവാം."
"ങേ.. ഞാൻ ദൂരെന്ന് കണ്ടേ ഉള്ളു. അടുത്ത് പോവാം..."
"പോണോ..?"
"ഉം"
"ന്നാ.. പോവാം."
ഒടുവിൽ.. വെട്ടിത്തിളങ്ങുന്ന കടൽ!
"ഡി.. ഓടല്ലേ... ആ വയറെങ്കിലും താങ്ങിപ്പിടിക്ക് പെണ്ണേ.."
ചാച്ചു വണ്ടി പാർക്ക് ചെയ്യുന്നതിന് മുന്നേ ഞാൻ താഴെ ചാടി. 
"ഡി, ഇപ്പൊ ഭയങ്കര വെയിലാ, നമ്മക്ക് ഇത്തിരി നേരം അവിടെ ഇരുന്നിട്ട് വെയിൽ താഴുമ്പോൾ ഇറങ്ങാം. അത് പോരെ?"
"ഉം. പക്ഷെ, എനിക്ക് ഐസ് ക്രീം വാങ്ങിച്ച് തരണം."
"ഓ, തരാം.."
അൽപ്പം നടന്ന് പാലത്തിലേക്ക് കയറി. 
അവിടെ കുറെ പേര് ഇരിക്കുന്നുണ്ട്, ചിലർ മീൻ പിടിക്കുന്നു, ചിലർ ഫോട്ടോ എടുക്കുന്നു. 
വലിയ ഭിത്തികളിൽ ഹൃദയ ചിഹ്നത്തിനുള്ളിൽ എഴുതി വച്ചിരിക്കുന്ന പേരുകൾ. 
"നേരെ നടക്ക് കണ്ണേ.. ഇതുവരെ നടക്കാൻ അറിയാത്തൊരു പെണ്ണ്. ന്റ പടച്ചോനെ.."
ചാച്ചു ഇതേ വരെ എന്റെ കയ്യിലെ പിടിത്തം വിട്ടിട്ടില്ല. 
പാലത്തിൽ നിൽക്കുമ്പോൾ കടലിന്റെ മുഴുവൻ ഭാഗവും കാണാനാകില്ല, ഭിത്തി  അത്രക്ക് ഉയരത്തിൽ കെട്ടിയിട്ടുണ്ട്. 
അടുത്തതായിത്തന്നെ അദാനി ഗ്രൂപ്പിന്റെ ഒരു ചെറു കപ്പൽ കടൽഭിത്തികൾക്കുള്ള വലിയ കല്ലുകൾ കൊണ്ടുപോകുന്നുണ്ട്. 
കുറെ നേരം കഴിഞ്ഞപ്പോൾ പാലം ഏതാണ്ട് ഒഴിഞ്ഞു, ഞങ്ങളും ഒന്നുരണ്ട് പേരും ഒഴികെ മറ്റെല്ലാവരും പോയി. 
"വാ നമ്മക്ക് താഴെ പോവാം. നിനക്ക് കടലിൽ ഇറങ്ങേണ്ട..?"
"ഉം.. പോവാം."
"അതേ, ഇറങ്ങുന്നതൊക്കെ കൊള്ളാം, വേഗം കേറണം. വെള്ളം കണ്ടാൽ നിനക്ക് ബോധം കാണില്ല."
"കേറാം ചാച്ചുവേ.."
വാക്കൊക്കെ കൊടുത്താണ് ഇറങ്ങിയത്. അവസാനം ചാച്ചു വലിച്ചുപൊക്കിയാണ് കരയിൽ കയറ്റിയത്. 
"ഒരു രണ്ട് മിനുട്ട് കൂടി.."
"നോ."
"എങ്കി ഐസ് ക്രീം."
"ഓക്കേ."
"നമ്മക്ക് ഒരു ഫോട്ടോ എടുക്കാം."
"കുറെ എടുത്തല്ലോ.."
"ന്നാലും എടുക്കാം.. 
"ന്റ കണ്ണാടി ഹാപ്പി ആയാ..?"
"ഹാപ്പി."
"ഡി ഇന്നലെ നീ ഉറക്കത്തിൽ ഭയങ്കര കരച്ചിലാരുന്നു.."
"ഞാനാ? ന്തിന്..?"
"കടല് കാണണമെന്നും പറഞ്ഞിട്ട്.."
"പോ മനുഷ്യാ, കള്ളം പറയല്ലേ..?
"സത്യം.."
"സത്യം..?"
"സത്യം. നിന്റ പരാതി തീർന്നാ?"
"ഉം."
"ഇനി കരയോ...?"
"ഐസ് ക്രീം വാങ്ങിച്ച തന്നില്ലെങ്കിൽ ഇനീം കരയും.."
"എന്റെ തമ്പുരാനേ.. എന്റെ കിളി പോയ പെണ്ണ്. വാ നിനക്ക് ഒന്നോ രണ്ടോ ഐസ് ക്രീം വാങ്ങിത്തരാം."
കണ്ട് മതിവരാതെ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കുമ്പോൾ കടലിനെ പുണർന്ന് ചുവന്ന സൂര്യൻ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. 
വിട, വീണ്ടും വരും വരെ. 




2021, ജനുവരി 19, ചൊവ്വാഴ്ച

മൂക്കനച്ചി

 മൂക്കനച്ചി

ഗർഭിണിയായതിന്റെ രണ്ടാം മാസം അമ്മൂട്ടിയേടത്തി അമ്മയോട് പറയുന്നത് കേട്ടു,
"അമ്മായീ, നിക്ക് കുളിരണു..".
അടുക്കളയിൽ നിന്ന് അമ്മ അകത്തളത്തിലേക്ക് വന്നു, 
"എന്താ കുട്ട്യേ..? ഈ മീനച്ചൂടിൽ കുളിരോ? അതും നട്ടുച്ചക്ക്?"
'അമ്മ അമ്മൂട്ടിയേടത്തിയുടെ നെറ്റിയിൽ കൈ വച്ചുനോക്കി,
"ഈശ്വരാ, ചുട്ടുപഴുത്തിരിക്കുന്നല്ലോ..."

നാരായണൻ വൈദ്യരുടെ നാറുന്ന കഷായം കുടിച്ചിട്ടും കയ്പ്പൻ  ഇംഗ്ലീഷ് മരുന്ന് കഴിച്ചിട്ടും അമ്മൂട്ടിയേടത്തിയുടെ പനി മാത്രം കുറഞ്ഞില്ല. 
നട്ടുച്ചവെയിലിനേക്കാളും ചൂടുണ്ടായിരുന്നു അമ്മൂട്ടിയേടത്തിയുടെ ദേഹത്തിന്, ഏടത്തിയാണെങ്കിൽ കിടക്കപ്പായയിൽ നിന്നെണീറ്റില്ല. 

ഏടത്തിയുടെ വിശേഷമറിഞ്ഞുവന്ന നാണിത്തള്ളയാണ് ആദ്യം സംശയം പറഞ്ഞത്..."ഇനി മൂക്കനച്ചി വല്ലോം..."
അമ്മ നാണിത്തള്ളയെ തറപ്പിച്ച് നോക്കി. 

അന്ന് രാത്രി അമ്മ അച്ഛനോട് പറയുന്നത് കേട്ടു, 
"നമുക്ക് വെളിച്ചപ്പാടിനെ ഒന്ന് അറിയിച്ചാലോ...?"

പിറ്റേന്ന് മുറ്റത്ത് വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി.. 
ഉടവാൾ നെറുകയിൽ ആഞ്ഞുവെട്ടി വെളിച്ചപ്പാട് അലറി.. "മൂക്കനച്ചി.." പിന്നെ, വെട്ടിയിട്ടപോലെ നിലത്ത് വീണു. 
***

മൂക്കനച്ചിയെക്കുറിച്ച് ആദ്യമായിട്ടല്ല കേൾക്കുന്നത്,                                              അറിവ് വച്ച് കാലം മുതൽ നാലാൾ കൂടുന്നിടത്ത് ആ പേരുകേൾക്കാമായിരുന്നു. 

പലരും പലതാണ് പറഞ്ഞത്, എങ്കിലും അവരെല്ലാരും ഒന്നടങ്കം പറഞ്ഞു, 'സുന്ദരിയായിരുന്നു മൂക്കനച്ചി.'

അരയൊപ്പം മുടിയും, കൂവളക്കണ്ണുകളും, നീണ്ടമൂക്കുമുള്ള വെളുത്ത മൂക്കനച്ചി, നീണ്ട മൂക്കിന്റെ തുമ്പത്ത് ചുവന്ന കല്ലുള്ളൊരു മൂക്കുത്തി. 

ഒരുപാട് പേരുടെ മത്തുപിടിപ്പിക്കുന്ന സ്വപ്നമായിരുന്നു മൂക്കനച്ചി. 
വിധിക്കപ്പെട്ടത് മേലോടത്തെ രാവുണ്യവാര്യർക്കും. 

നാലാം ഭാര്യയെ രാവുണ്ണി ഒരുപാട് സ്നേഹിച്ചു. 
പക്ഷെ, അയാളുടെ മച്ചികളായ മൂന്ന് വേളികൾക്കും മൂക്കനച്ചി കണ്ണിൽ കരടായി. 
അങ്ങനെയിരിക്കെ മൂക്കനച്ചി ഗർഭിണിയായി. 

അതിന്റെ  രണ്ടാം മാസം, സർപ്പക്കാവിനരികിൽ മൂക്കനച്ചി ചത്തുമലച്ചു കിടന്നു, കണ്ണുകൾ തുറിച്ച്, വെളുത്ത ശരീരത്തിൽ നീലനിറം പടർന്ന്.. കാലുകളിലൂടെ രക്തം ചാലിട്ടൊഴുകി മൂക്കനച്ചി കിടന്നു. 
കൊന്നതാത്രെ, 
രാവുണ്ണിയുടെ ഭാര്യമാർ.
എങ്ങനെയാ കൊന്നതെന്ന് ആർക്കും കൃത്യമായി അറിയില്ല, ചിലർ പറയുന്നു വിഷം കൊടുത്തെന്ന്, 
ചിലരുടെ ഓർമ്മയിൽ പാമ്പിനെക്കൊണ്ട് തീണ്ടിച്ചത്, 
കഴുത്തു ഞെരിച്ചത്, 
കെട്ടിത്തൂക്കിയത്.. അങ്ങനെ പോകുന്നു കഥകൾ. 

അതിനു ശേഷം രാവുണ്ണിയുടെ ഭാര്യമാർ ഓരോന്നായി കൊല്ലപ്പെട്ടു, അവരുടെ കുടുംബങ്ങളിൽ രണ്ടാം മാസം ഗർഭം അലസുന്നത് പതിവായി. 
കഥകൾ പലത് കേട്ടു വയറ്റുകണ്ണികൾ ഉറക്കത്തിൽ മൂക്കനച്ചിയെ സ്വപ്നം കാണാറുണ്ടത്രെ, അവരുടെയൊക്കെ ഗർഭം അലസിപ്പോകാറുണ്ടത്രെ. മൂക്കനച്ചി ഭ്രൂണങ്ങൾ കാർന്നു തിന്നാറുണ്ടത്രെ. 

ഉപദ്രവം സഹിക്കാതായപ്പോൾ രാവുണ്ണിതന്നെ വടക്കുനിന്നൊരു മന്ത്രവാദിയെ കൊണ്ടുവന്നു, 
അടങ്ങാൻ കൂട്ടാക്കാതിരുന്ന മൂക്കനച്ചി രാവുണ്ണിയുടെ വിളിയിൽ ശാന്തയാവുകയും അവരെ സർപ്പക്കാവിനടുത്തെ ഇല്ലിച്ചോട്ടിൽ കുടിയിരുത്തുകയും ചെയ്തു. 
അതിനു ശേഷം സന്ധ്യമയങ്ങിയാൽ സർപ്പക്കാവിനടിത്തത്തെങ്ങും ആരും പോകാറില്ല. 
ആരെങ്കിലും നേരം തെറ്റി ആ വഴിക്ക് വന്നാൽ, മൂക്കനച്ചി അവർക്കൊപ്പം കൂടും.
ഇരുട്ടുവീണതിന് ശേഷം അതുവഴിപോയ പലരും മൂക്കനച്ചിയെ കണ്ടിട്ടുണ്ടത്രെ, അവരുടെ ചുവന്ന മൂക്കുത്തി ഇരുളിലും തിളങ്ങാറുണ്ടത്രെ.  
***
വെളിച്ചപ്പാടിന്റെ പ്രവചനം ശരിവെക്കാനെന്നോണം അമ്മൂട്ടിയേടത്തിയെ കണ്ട മൊയ്‌ല്യാരും പറഞ്ഞു, 
"ദ് മൂക്കനച്ചി തന്ന്യാണ്. സംശയം വേണ്ട. അതിനിപ്പോ വേറൊന്നും ചെയ്യാനില്ല, മുറപോലെ എല്ലാം നടക്കണം."
അടുത്ത ദിവസം തന്നെ സർപ്പക്കാവിൽ കളമൊരുങ്ങി. 
വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി. 
കരിങ്കോഴിയുടെ ചോര കളത്തിൽവീണൊഴുകി.
അമ്മൂട്ടിയേടത്തി ബോധംകെട്ടുവീണു. 

അമ്മൂട്ടിയേടത്തി കണ്ണുതുറക്കുവോളം അമ്മയും അച്ഛനും ഏട്ടനും കൂട്ടിരുന്നു. ഏടത്തിയുടെ പനി കുറഞ്ഞു. 
കുറച്ചുദിവസത്തിൽ ഏടത്തി പഴയപോലെയായി. 

ഏഴുമാസം വീണ്ടും കടന്നുപോയി. 
അമ്മൂട്ടിയേടത്തി പ്രസവിച്ചു. 
പഞ്ചാരക്കട്ടിപോലൊരു പെൺകുഞ്ഞ്. 

പേരിടീൽ ചടങ്ങിന് ഏട്ടൻ മൂന്ന് പ്രാവശ്യം വിളിച്ചു, 
"മാളവിക.."

 വൈകിട്ടാണ് വെളിച്ചപ്പാട് മാളവികയെ കാണാൻ വന്നത്. 
ഇറങ്ങാൻ നേരം വെളിച്ചപ്പാട് അടുത്തേക്ക് വിളിച്ചു.
"മോനിനി സന്ധ്യകഴിഞ്ഞാൽ സർപ്പക്കാവിനടുത്തേക്ക് പോകരുത്.."
"കാവിന്റെ അതിരാണെന്ന് അറിഞ്ഞിരുന്നില്ല, ഞാവൽപ്പഴം കണ്ടപ്പോൾ കൊതികൊണ്ട് ...."
എന്റെ ദയനീയമായ നോട്ടം കണ്ടിട്ട് വെളിച്ചപ്പാട് ആശ്വസിപ്പിച്ചു. 
"സാരമില്ല, വെളിച്ചപ്പാട് ആരോടും പറഞ്ഞിട്ടില്ല. ശ്രദ്ധിക്കണം കുട്ട്യേ.. അമ്മൂട്ടി  ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടത്."

ഇരുട്ട് വീണിരുന്നു, 
അമ്മയോട് വാങ്ങിയ ചൂട്ടും തെളിച്ച് വെളിച്ചപ്പാട് വഴിയിലേക്കിറങ്ങി. 
വെളിച്ചപ്പാട് പോയ വഴിയിൽ മിന്നാമിനുങ്ങുകൾ പോലെ തീപ്പൊരികൾ പാറി . 
ദൂരെ സർപ്പക്കാവിനടുത്ത് ഒരു നേർത്ത ചുവന്ന വെളിച്ചം കാണുന്നുണ്ടോ..?



2021, ജനുവരി 15, വെള്ളിയാഴ്‌ച

സാമ്പാർ

 സാമ്പാർ

വീട്ടിലുള്ളപ്പോൾ അടുക്കള ഭരണം വല്ലപ്പോഴുമാണ് ഏറ്റെടുക്കാറ്. ഏറ്റെടുത്താൽപ്പിന്നെ അന്ന് വേറാരും അവിടെ കേറാനും പാടില്ല എന്നത് എന്റെ  അലിഖിത നിയമം. അതുകൊണ്ട് തന്നെ അടുക്കളയിൽ ഞാനുണ്ടെങ്കിൽ വേറാരും അങ്ങോട്ട് വരാറുമില്ല. 

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി എല്ലാവരുടെയും മുന്നിൽ പിറ്റേന്ന് ഞാനാണ് അടുക്കള ഭരണം എന്ന പ്രസ്താവന ഇറക്കി. വേറാർക്കും തലവേദന ഇല്ലാത്തോണ്ട് എല്ലാവരും അത് കയ്യടിച്ച് പാസാക്കി. 

സാധാരണ അടുക്കളയിൽ കേറാനുദ്ദേശിച്ച ദിവസം നേരത്തെ എണീക്കാറാണ് പതിവ്. 

പക്ഷെ, അന്ന് അലാറം ഓഫ് ചെയ്തിട്ട് സുഖമായി ഉറങ്ങി. (അല്ലേലും അലാറം ഓഫ് ചെയ്തിട്ട് ഉറങ്ങാൻ ഭയങ്കര സുഖമാണ്, പ്രത്യേകിച്ച് എന്തെങ്കിലും പ്രധാന ദിവസങ്ങളിലും പരീക്ഷക്കും.) 😪💤💤

എന്തായാലും എണീറ്റപ്പോളെക്കും എട്ടുമണി കഴിഞ്ഞു. അന്നത്തെ പ്രാതലിനുള്ള മെനു ഇഡ്ഡലിയും സാമ്പാറും. 

അങ്ങനെ ഇഡ്ഡലിയൊക്കെ റെഡി ആക്കി വച്ചു, കുക്കറിൽ സാമ്പാറും തിളക്കുന്നു (കുക്കറിൽ ആദ്യത്തെ പരീക്ഷണമാണ്).

സമയം ഒൻപത് മണി, വാപ്പച്ചിക്ക് ആഹാരം കടയിൽ കൊണ്ട് പോയി കൊടുക്കണം. 

സാമ്പാർ മൂന്ന് വിസിൽ കേൾപ്പിച്ച് തുറക്കാൻ റെഡി ആയെന്നറിയിച്ചു. 

അപ്പോഴേക്കും കടയിൽ നിന്നും ചോദ്യം വന്നു, 

"ഇതുവരെ ഒന്നും ആയില്ലേ?"

"ദാ വരുന്നു, അഞ്ചു മിനിറ്റ്"

കടുക് വറുത്തത് കൂടി ഇട്ടാൽ സാമ്പാർ ഓകെ. 

പക്ഷെ, കുക്കറിന്റെ പ്രഷർ മാത്രം കുറഞ്ഞിട്ടില്ല, അടപ്പ് തുറക്കാനും പറ്റുന്നില്ല. 

പതുക്കെ കുക്കറിന്റെ വെയിറ്റ് ചട്ടുകം കൊണ്ട് പൊക്കി വച്ച് അകത്തെ ആവി മുഴുവനും പുറത്ത് പോയെന്ന് ഉറപ്പാക്കി. 

പതുക്കെ, വളരെ പതുക്കെ അടപ്പൊന്നു തുറന്നു.

"ഭും"

മനോഹരം. 

അടുക്കള പച്ചക്കറിക്കഷണങ്ങൾ കൊണ്ട് സർവ്വാഭരണ വിഭൂഷിതയായിരിക്കുന്നു. 

ഞാൻ സാമ്പാറിൽ അഭിഷിക്തയായി നിൽക്കുന്നു. 

എല്ലാവരും ഇടിച്ചു തള്ളി അടുക്കളയിലേക്ക്, കൂട്ടച്ചിരി. 

സമാധാനം. 

അന്നത്തെ പരീക്ഷണത്തിന്റെ സമ്മാനമെന്നോണം നെറ്റിയിലും ചുണ്ടിലും കയ്യിലും ഒക്കെ അത്യാവശ്യം പൊള്ളലുകൾ. 

തൽക്കാലത്തേക്ക് അന്നത്തെ അടുക്കള ഭരണം വേറെ കൈമാറി. 

എന്തായാലും ബാക്കിയുണ്ടായിരുന്ന സാമ്പാർ ഇഡ്ഡലിക്കൊപ്പം വിളമ്പി.

കഴിക്കുന്നതിനൊപ്പം വാപ്പച്ചി ഇടക്ക് പറഞ്ഞു, 

"നല്ല സാമ്പാർ." 😋

എന്തായാലും അന്ന് മുതൽ കുക്കറിന്റെ വെയിറ്റ് ഇട്ട് കളിക്കുന്ന പരിപാടി നിറുത്തി. സമയം താമസിച്ചാലും തടി കേടാകാതെ തിന്നാമല്ലോ.  😄