2021, ജനുവരി 19, ചൊവ്വാഴ്ച

മൂക്കനച്ചി

 മൂക്കനച്ചി

ഗർഭിണിയായതിന്റെ രണ്ടാം മാസം അമ്മൂട്ടിയേടത്തി അമ്മയോട് പറയുന്നത് കേട്ടു,
"അമ്മായീ, നിക്ക് കുളിരണു..".
അടുക്കളയിൽ നിന്ന് അമ്മ അകത്തളത്തിലേക്ക് വന്നു, 
"എന്താ കുട്ട്യേ..? ഈ മീനച്ചൂടിൽ കുളിരോ? അതും നട്ടുച്ചക്ക്?"
'അമ്മ അമ്മൂട്ടിയേടത്തിയുടെ നെറ്റിയിൽ കൈ വച്ചുനോക്കി,
"ഈശ്വരാ, ചുട്ടുപഴുത്തിരിക്കുന്നല്ലോ..."

നാരായണൻ വൈദ്യരുടെ നാറുന്ന കഷായം കുടിച്ചിട്ടും കയ്പ്പൻ  ഇംഗ്ലീഷ് മരുന്ന് കഴിച്ചിട്ടും അമ്മൂട്ടിയേടത്തിയുടെ പനി മാത്രം കുറഞ്ഞില്ല. 
നട്ടുച്ചവെയിലിനേക്കാളും ചൂടുണ്ടായിരുന്നു അമ്മൂട്ടിയേടത്തിയുടെ ദേഹത്തിന്, ഏടത്തിയാണെങ്കിൽ കിടക്കപ്പായയിൽ നിന്നെണീറ്റില്ല. 

ഏടത്തിയുടെ വിശേഷമറിഞ്ഞുവന്ന നാണിത്തള്ളയാണ് ആദ്യം സംശയം പറഞ്ഞത്..."ഇനി മൂക്കനച്ചി വല്ലോം..."
അമ്മ നാണിത്തള്ളയെ തറപ്പിച്ച് നോക്കി. 

അന്ന് രാത്രി അമ്മ അച്ഛനോട് പറയുന്നത് കേട്ടു, 
"നമുക്ക് വെളിച്ചപ്പാടിനെ ഒന്ന് അറിയിച്ചാലോ...?"

പിറ്റേന്ന് മുറ്റത്ത് വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി.. 
ഉടവാൾ നെറുകയിൽ ആഞ്ഞുവെട്ടി വെളിച്ചപ്പാട് അലറി.. "മൂക്കനച്ചി.." പിന്നെ, വെട്ടിയിട്ടപോലെ നിലത്ത് വീണു. 
***

മൂക്കനച്ചിയെക്കുറിച്ച് ആദ്യമായിട്ടല്ല കേൾക്കുന്നത്,                                              അറിവ് വച്ച് കാലം മുതൽ നാലാൾ കൂടുന്നിടത്ത് ആ പേരുകേൾക്കാമായിരുന്നു. 

പലരും പലതാണ് പറഞ്ഞത്, എങ്കിലും അവരെല്ലാരും ഒന്നടങ്കം പറഞ്ഞു, 'സുന്ദരിയായിരുന്നു മൂക്കനച്ചി.'

അരയൊപ്പം മുടിയും, കൂവളക്കണ്ണുകളും, നീണ്ടമൂക്കുമുള്ള വെളുത്ത മൂക്കനച്ചി, നീണ്ട മൂക്കിന്റെ തുമ്പത്ത് ചുവന്ന കല്ലുള്ളൊരു മൂക്കുത്തി. 

ഒരുപാട് പേരുടെ മത്തുപിടിപ്പിക്കുന്ന സ്വപ്നമായിരുന്നു മൂക്കനച്ചി. 
വിധിക്കപ്പെട്ടത് മേലോടത്തെ രാവുണ്യവാര്യർക്കും. 

നാലാം ഭാര്യയെ രാവുണ്ണി ഒരുപാട് സ്നേഹിച്ചു. 
പക്ഷെ, അയാളുടെ മച്ചികളായ മൂന്ന് വേളികൾക്കും മൂക്കനച്ചി കണ്ണിൽ കരടായി. 
അങ്ങനെയിരിക്കെ മൂക്കനച്ചി ഗർഭിണിയായി. 

അതിന്റെ  രണ്ടാം മാസം, സർപ്പക്കാവിനരികിൽ മൂക്കനച്ചി ചത്തുമലച്ചു കിടന്നു, കണ്ണുകൾ തുറിച്ച്, വെളുത്ത ശരീരത്തിൽ നീലനിറം പടർന്ന്.. കാലുകളിലൂടെ രക്തം ചാലിട്ടൊഴുകി മൂക്കനച്ചി കിടന്നു. 
കൊന്നതാത്രെ, 
രാവുണ്ണിയുടെ ഭാര്യമാർ.
എങ്ങനെയാ കൊന്നതെന്ന് ആർക്കും കൃത്യമായി അറിയില്ല, ചിലർ പറയുന്നു വിഷം കൊടുത്തെന്ന്, 
ചിലരുടെ ഓർമ്മയിൽ പാമ്പിനെക്കൊണ്ട് തീണ്ടിച്ചത്, 
കഴുത്തു ഞെരിച്ചത്, 
കെട്ടിത്തൂക്കിയത്.. അങ്ങനെ പോകുന്നു കഥകൾ. 

അതിനു ശേഷം രാവുണ്ണിയുടെ ഭാര്യമാർ ഓരോന്നായി കൊല്ലപ്പെട്ടു, അവരുടെ കുടുംബങ്ങളിൽ രണ്ടാം മാസം ഗർഭം അലസുന്നത് പതിവായി. 
കഥകൾ പലത് കേട്ടു വയറ്റുകണ്ണികൾ ഉറക്കത്തിൽ മൂക്കനച്ചിയെ സ്വപ്നം കാണാറുണ്ടത്രെ, അവരുടെയൊക്കെ ഗർഭം അലസിപ്പോകാറുണ്ടത്രെ. മൂക്കനച്ചി ഭ്രൂണങ്ങൾ കാർന്നു തിന്നാറുണ്ടത്രെ. 

ഉപദ്രവം സഹിക്കാതായപ്പോൾ രാവുണ്ണിതന്നെ വടക്കുനിന്നൊരു മന്ത്രവാദിയെ കൊണ്ടുവന്നു, 
അടങ്ങാൻ കൂട്ടാക്കാതിരുന്ന മൂക്കനച്ചി രാവുണ്ണിയുടെ വിളിയിൽ ശാന്തയാവുകയും അവരെ സർപ്പക്കാവിനടുത്തെ ഇല്ലിച്ചോട്ടിൽ കുടിയിരുത്തുകയും ചെയ്തു. 
അതിനു ശേഷം സന്ധ്യമയങ്ങിയാൽ സർപ്പക്കാവിനടിത്തത്തെങ്ങും ആരും പോകാറില്ല. 
ആരെങ്കിലും നേരം തെറ്റി ആ വഴിക്ക് വന്നാൽ, മൂക്കനച്ചി അവർക്കൊപ്പം കൂടും.
ഇരുട്ടുവീണതിന് ശേഷം അതുവഴിപോയ പലരും മൂക്കനച്ചിയെ കണ്ടിട്ടുണ്ടത്രെ, അവരുടെ ചുവന്ന മൂക്കുത്തി ഇരുളിലും തിളങ്ങാറുണ്ടത്രെ.  
***
വെളിച്ചപ്പാടിന്റെ പ്രവചനം ശരിവെക്കാനെന്നോണം അമ്മൂട്ടിയേടത്തിയെ കണ്ട മൊയ്‌ല്യാരും പറഞ്ഞു, 
"ദ് മൂക്കനച്ചി തന്ന്യാണ്. സംശയം വേണ്ട. അതിനിപ്പോ വേറൊന്നും ചെയ്യാനില്ല, മുറപോലെ എല്ലാം നടക്കണം."
അടുത്ത ദിവസം തന്നെ സർപ്പക്കാവിൽ കളമൊരുങ്ങി. 
വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി. 
കരിങ്കോഴിയുടെ ചോര കളത്തിൽവീണൊഴുകി.
അമ്മൂട്ടിയേടത്തി ബോധംകെട്ടുവീണു. 

അമ്മൂട്ടിയേടത്തി കണ്ണുതുറക്കുവോളം അമ്മയും അച്ഛനും ഏട്ടനും കൂട്ടിരുന്നു. ഏടത്തിയുടെ പനി കുറഞ്ഞു. 
കുറച്ചുദിവസത്തിൽ ഏടത്തി പഴയപോലെയായി. 

ഏഴുമാസം വീണ്ടും കടന്നുപോയി. 
അമ്മൂട്ടിയേടത്തി പ്രസവിച്ചു. 
പഞ്ചാരക്കട്ടിപോലൊരു പെൺകുഞ്ഞ്. 

പേരിടീൽ ചടങ്ങിന് ഏട്ടൻ മൂന്ന് പ്രാവശ്യം വിളിച്ചു, 
"മാളവിക.."

 വൈകിട്ടാണ് വെളിച്ചപ്പാട് മാളവികയെ കാണാൻ വന്നത്. 
ഇറങ്ങാൻ നേരം വെളിച്ചപ്പാട് അടുത്തേക്ക് വിളിച്ചു.
"മോനിനി സന്ധ്യകഴിഞ്ഞാൽ സർപ്പക്കാവിനടുത്തേക്ക് പോകരുത്.."
"കാവിന്റെ അതിരാണെന്ന് അറിഞ്ഞിരുന്നില്ല, ഞാവൽപ്പഴം കണ്ടപ്പോൾ കൊതികൊണ്ട് ...."
എന്റെ ദയനീയമായ നോട്ടം കണ്ടിട്ട് വെളിച്ചപ്പാട് ആശ്വസിപ്പിച്ചു. 
"സാരമില്ല, വെളിച്ചപ്പാട് ആരോടും പറഞ്ഞിട്ടില്ല. ശ്രദ്ധിക്കണം കുട്ട്യേ.. അമ്മൂട്ടി  ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടത്."

ഇരുട്ട് വീണിരുന്നു, 
അമ്മയോട് വാങ്ങിയ ചൂട്ടും തെളിച്ച് വെളിച്ചപ്പാട് വഴിയിലേക്കിറങ്ങി. 
വെളിച്ചപ്പാട് പോയ വഴിയിൽ മിന്നാമിനുങ്ങുകൾ പോലെ തീപ്പൊരികൾ പാറി . 
ദൂരെ സർപ്പക്കാവിനടുത്ത് ഒരു നേർത്ത ചുവന്ന വെളിച്ചം കാണുന്നുണ്ടോ..?



2021, ജനുവരി 15, വെള്ളിയാഴ്‌ച

സാമ്പാർ

 സാമ്പാർ

വീട്ടിലുള്ളപ്പോൾ അടുക്കള ഭരണം വല്ലപ്പോഴുമാണ് ഏറ്റെടുക്കാറ്. ഏറ്റെടുത്താൽപ്പിന്നെ അന്ന് വേറാരും അവിടെ കേറാനും പാടില്ല എന്നത് എന്റെ  അലിഖിത നിയമം. അതുകൊണ്ട് തന്നെ അടുക്കളയിൽ ഞാനുണ്ടെങ്കിൽ വേറാരും അങ്ങോട്ട് വരാറുമില്ല. 

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി എല്ലാവരുടെയും മുന്നിൽ പിറ്റേന്ന് ഞാനാണ് അടുക്കള ഭരണം എന്ന പ്രസ്താവന ഇറക്കി. വേറാർക്കും തലവേദന ഇല്ലാത്തോണ്ട് എല്ലാവരും അത് കയ്യടിച്ച് പാസാക്കി. 

സാധാരണ അടുക്കളയിൽ കേറാനുദ്ദേശിച്ച ദിവസം നേരത്തെ എണീക്കാറാണ് പതിവ്. 

പക്ഷെ, അന്ന് അലാറം ഓഫ് ചെയ്തിട്ട് സുഖമായി ഉറങ്ങി. (അല്ലേലും അലാറം ഓഫ് ചെയ്തിട്ട് ഉറങ്ങാൻ ഭയങ്കര സുഖമാണ്, പ്രത്യേകിച്ച് എന്തെങ്കിലും പ്രധാന ദിവസങ്ങളിലും പരീക്ഷക്കും.) 😪💤💤

എന്തായാലും എണീറ്റപ്പോളെക്കും എട്ടുമണി കഴിഞ്ഞു. അന്നത്തെ പ്രാതലിനുള്ള മെനു ഇഡ്ഡലിയും സാമ്പാറും. 

അങ്ങനെ ഇഡ്ഡലിയൊക്കെ റെഡി ആക്കി വച്ചു, കുക്കറിൽ സാമ്പാറും തിളക്കുന്നു (കുക്കറിൽ ആദ്യത്തെ പരീക്ഷണമാണ്).

സമയം ഒൻപത് മണി, വാപ്പച്ചിക്ക് ആഹാരം കടയിൽ കൊണ്ട് പോയി കൊടുക്കണം. 

സാമ്പാർ മൂന്ന് വിസിൽ കേൾപ്പിച്ച് തുറക്കാൻ റെഡി ആയെന്നറിയിച്ചു. 

അപ്പോഴേക്കും കടയിൽ നിന്നും ചോദ്യം വന്നു, 

"ഇതുവരെ ഒന്നും ആയില്ലേ?"

"ദാ വരുന്നു, അഞ്ചു മിനിറ്റ്"

കടുക് വറുത്തത് കൂടി ഇട്ടാൽ സാമ്പാർ ഓകെ. 

പക്ഷെ, കുക്കറിന്റെ പ്രഷർ മാത്രം കുറഞ്ഞിട്ടില്ല, അടപ്പ് തുറക്കാനും പറ്റുന്നില്ല. 

പതുക്കെ കുക്കറിന്റെ വെയിറ്റ് ചട്ടുകം കൊണ്ട് പൊക്കി വച്ച് അകത്തെ ആവി മുഴുവനും പുറത്ത് പോയെന്ന് ഉറപ്പാക്കി. 

പതുക്കെ, വളരെ പതുക്കെ അടപ്പൊന്നു തുറന്നു.

"ഭും"

മനോഹരം. 

അടുക്കള പച്ചക്കറിക്കഷണങ്ങൾ കൊണ്ട് സർവ്വാഭരണ വിഭൂഷിതയായിരിക്കുന്നു. 

ഞാൻ സാമ്പാറിൽ അഭിഷിക്തയായി നിൽക്കുന്നു. 

എല്ലാവരും ഇടിച്ചു തള്ളി അടുക്കളയിലേക്ക്, കൂട്ടച്ചിരി. 

സമാധാനം. 

അന്നത്തെ പരീക്ഷണത്തിന്റെ സമ്മാനമെന്നോണം നെറ്റിയിലും ചുണ്ടിലും കയ്യിലും ഒക്കെ അത്യാവശ്യം പൊള്ളലുകൾ. 

തൽക്കാലത്തേക്ക് അന്നത്തെ അടുക്കള ഭരണം വേറെ കൈമാറി. 

എന്തായാലും ബാക്കിയുണ്ടായിരുന്ന സാമ്പാർ ഇഡ്ഡലിക്കൊപ്പം വിളമ്പി.

കഴിക്കുന്നതിനൊപ്പം വാപ്പച്ചി ഇടക്ക് പറഞ്ഞു, 

"നല്ല സാമ്പാർ." 😋

എന്തായാലും അന്ന് മുതൽ കുക്കറിന്റെ വെയിറ്റ് ഇട്ട് കളിക്കുന്ന പരിപാടി നിറുത്തി. സമയം താമസിച്ചാലും തടി കേടാകാതെ തിന്നാമല്ലോ.  😄