സ്നേഹത്തോടെ പോസ്റ്റുമാൻ
"മാമോയ്.."
എൽ എം എസിന്റെ തേരി ഇറങ്ങുമ്പോഴേ ഞാൻ വിളിച്ചു.
ആ തേരിയുടെ അവസാനത്ത് നിന്നും മറുപടി വന്നു.
"ആ.. ഇന്ന് നേരത്തെയാണല്ലോ.."
"ഇന്ന് കുറച്ചേ ഉണ്ടായിരുന്നുള്ളു."
"വല്ലതും കഴിച്ചോ..?"
"ഇല്ല മാമാ, ഓഫീസിൽ പോയിട്ട് കഴിക്കണം."
"മഴ വരുന്നു, വേഗം പോയീം."
"ശരി മാമാ.."
തേരി കഴിയുമ്പോഴേക്കും ആ സംഭാഷണവും തീരും.
ഡെലിവറി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടു ദിവസമായി.
പക്ഷേ, അന്ന് തേരി ഇറങ്ങുമ്പോഴേ കണ്ടു, മാമന്റെ വീടിന്റെ മുറ്റത്ത് ആൾക്കൂട്ടം, കറുത്ത കൊടി നാട്ടിയിട്ടുണ്ട്.
"എന്താ മാമാ സംഭവം?"
ചോദിച്ചത് മറ്റൊരാളോടാണ്.
"ആ വീട്ടിലെ മൂപ്പിലാൻ മരണപ്പെട്ടു."
"ആര്..? ആ അപ്പൂപ്പനോ..?"
"അതെ, സുഖമില്ലാതെ പതിനെട്ട് ദിവസമായി ആശുപത്രിയിൽ ആയിരുന്നു."
എന്തോ, അങ്ങോട്ട് കയറിയില്ല, ഒരുപക്ഷെ, ആ ചിരിക്കുന്ന മുഖം ഓർമ്മയിൽ നിന്നും മായ്ക്കാനിഷ്ടമില്ലാത്തത് കൊണ്ടാകാം.
പോസ്റ്റ്മാൻ ജോലിക്കിടയിൽ ഇന്ന് കാണുന്ന പലരെയും നാളെ കാണാറില്ല,
സ്ഥിരമായി കാണുന്നവർ ഒരു രാത്രിക്കപ്പുറം അപ്രത്യക്ഷരാകാറുണ്ട്.
ആ സ്ഥാനത്ത് പുതിയ മുഖങ്ങൾ വരും.
പഴയ വീടുകൾ പോകും, പുതിയ വീടുകൾ വരും.
പുതിയ വഴികൾ വരും.
നമ്മളൊക്കെ ചിലർക്ക് വെറും ഡെലിവറി ബോയ്/ഗേൾ ആണെങ്കിലും ചിലർ ഞങ്ങൾക്കായി കാത്തിരിക്കാറുണ്ട്.
ബുക്കോ കത്തോ വരാനില്ലെങ്കിൽ കൂടി കാത്തിരിക്കുന്നവർ,
ഞങ്ങളുടെ വാഹനത്തിന്റെ ശബ്ദം തിരിച്ചറിയുന്നവർ,
ഒരു ദിവസം കണ്ടില്ലെങ്കിൽ "ഇന്നലെ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ.." എന്ന് ചോദിക്കുന്നവർ,
വെയിലത്ത് ഓടിത്തളർന്നെത്തുമ്പോൾ കൈകാട്ടി വിളിച്ച് വെള്ളം നീട്ടുന്നവർ,
ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നവർ.
പോസ്റ്റുമാൻ എന്നത് ഒരു ജോലിക്കപ്പുറം അപരിചിതരായിരുന്ന ചിലരെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കുക എന്നതും ചിലരെ കേട്ടിരിക്കുക എന്നതും കൂടിയാണ്.
(ഓർമ്മയിൽ രണ്ടു വർഷങ്ങൾ, മറഞ്ഞുപോയ ചില പുഞ്ചിരികൾ, ഓർക്കുന്നു, എല്ലാവരെയും.)