2024, ഏപ്രിൽ 7, ഞായറാഴ്‌ച

Its ok not to be ok.

It's ok not to be ok.

അന്ന് പുതിയ ഐ പി ചാർജ് എടുത്ത ദിവസമായിരുന്നു. നേരത്തെ ജോലി തീർത്ത് റിട്ടേൺസ് കൊടുത്തെങ്കിലും ഐ പി ചിലപ്പോൾ ഞങ്ങളെ അന്വേഷിച്ചേക്കുമെന്ന് പറഞ്ഞിരുന്നത് കൊണ്ട് നാല് മണി ആകട്ടെ എന്ന് കരുതി ഓഫീസിൽ ഇരുന്നു. 

ചാച്ചുവിനെ വിളിച്ചപ്പോൾ ആറ്റിങ്ങലിൽ വരുന്നു എന്ന് പറഞ്ഞു, എങ്കിൽപ്പിന്നെ മുഫിദാടെ കല്യാണത്തിനിടാൻ ഒരു ചെരുപ്പ് കൂടി നോക്കാമെന്ന് കരുതി. കല്യാണത്തിന് ഇനി അധിക ദിവസമില്ല. ചാച്ചു രണ്ടര ആയപ്പോൾ എത്തി,

ഒരുമിച്ച്  ഭക്ഷണം കഴിച്ചിട്ട് ഞാൻ ഓഫീസിലേക്കും ചാച്ചു സൈറ്റിലേക്കും പോയി. .  

ഓഫീസിലേക്ക് ചെന്നപ്പോൾ മുൻപെപ്പോഴോ ബോയ്സിന്റെ സമീപം താമസിച്ചിരുന്നവർ റീഡയറക്ഷൻ അഡ്ഡ്രസ്സ്‌ തരാൻ വേണ്ടി വന്നു. അതും വാങ്ങി ഇനിഷ്യൽ ചെയ്തുകൊടുത്ത സമയത്താണ് വാപ്പച്ചിയുടെ കാൾ വന്നത്. 

"എന്റെ മോൻ പോയീ...."

ഈ ഒരു കരച്ചിലാണ് കേട്ടത്. 

ഞാൻ പെട്ടെന്ന് കട്ട് ചെയ്തു.

കാലിൽ നിന്നൊരു പെരുപ്പ് തലയിലേക്ക് കയറി. 

എന്താണ് കേട്ടതെന്നോ എന്താണ് സംഭവിച്ചതെന്നോ മനസ്സിലായില്ല.

ഉമ്മച്ചി മരിച്ച ദിവസം വിവരം പറഞ്ഞത് ഇതേ രീതിയിലായിരുന്നു.

"ഉമ്മച്ചി പോയീ..."

ആദ്യം കരുതിയത് കുഞ്ഞിയുമായി വാപ്പച്ചി കളിക്കുകയാണെന്നാണ്. 

തിരികെ വിളിച്ചു, അജ്മൽ എടുത്തു. 

"എന്തോന്നാടാ.."

"താത്ത വേഗം വാ.. കാക്കച്ചി വീണു, ഹോസ്പിറ്റലിൽ ആണ്."

നിനക്കെന്തൊ അപകടം സംഭവിച്ചു എന്ന് മനസ്സിലായി. 

വീട്ടിലേക്ക് പോകാൻ വണ്ടി എടുത്തു, കയ്യിൽ നിക്കുന്നില്ല, ആകെ തളർന്ന് കുഴഞ്ഞുപോകുന്നു. 

കിട്ടിയ ബലത്തിന് ചാച്ചുവിനെ വിളിച്ചു വരാൻ പറഞ്ഞു. 

ഓപ്പോസിറ്റ് നിന്ന് ചായ്ച്ചു നടന്നെനിക്കരികിലെത്താൻ എടുത്ത സമയം 15 സെക്കൻഡിൽ താഴെ, പക്ഷെ അതൊരു പതിനഞ്ചു മണിക്കൂറിന്റെ ദൈർഖ്യമുണ്ടായിരുന്നൂ.

ഞാനുറക്കെ നിലവിളിച്ച് കരയുന്നുണ്ടായിരുന്നു,

 ആരൊക്കെയോ ഓഫീസിൽ നിന്നും ഇറങ്ങിവന്ന് കാര്യം ചോദിച്ചു, എന്താണെന്നോ ആരാണെന്നോ ഒന്നും മനസ്സിലായില്ല. 

ആറ്റിങ്ങലിൽ നിന്നും വീടെത്താൻ എനിക്ക്  നാല്പത് മിനുട്ട് മതി, ചാച്ചുവിന് ഏതാണ്ട് ഇരുപത്തഞ്ച് മിനുട്ടും. 

എത്ര ഓടിയിട്ടും വീടെത്തുന്നില്ല. 

ചാച്ചു എന്തൊക്കെയോ പറയുന്നുണ്ട്, ആരെയൊക്കെയോ വിളിക്കുന്നുണ്ട്. ഞാൻ ഒന്നും കേൾക്കുന്നില്ല, കാണുന്നുമില്ല, എത്രയും വേഗം നിന്നെ കാണണം, അത്ര മാത്രം. എങ്കിലേ എനിക്ക് സമാധാനമാകൂ. 

 നേരെ ഗോകുലം ആശുപത്രിയിലേക്ക്.

മുൻഭാഗത്ത് ആരൊക്കെയോ ഉണ്ടായിരുന്നു, അലിയാരെ ഞാൻ കണ്ടു, പിന്നെ നിസാർ കൊച്ചാപ്പ, റഫീഖ് മാമ...

അകത്തേക്ക് കയറിയപ്പോൾ ഏതോ ഒരു നേഴ്സ് കയ്യിൽ പിടിച്ചമർത്തി, അവരുടെയൊക്കെ കൈ തട്ടിമാറ്റി ഞാൻ നിന്റെ അരികിലേക്ക് വന്നു. 

നീ ചിരിച്ചുകൊണ്ട് കിടക്കുകയായിരുന്നു, അജ്മൽ കരയുന്നു, വാപ്പച്ചി അവിടെയിരുന്ന് എന്തൊക്കെയോ പിറുപിറുക്കുന്നു. 

കണ്ടപാടെ ഞാൻ അജ്മലിനോട് ചൂടായി.

"എന്തിന് ചെർക്കാ കിടന്ന് കരയുന്നത്.."

"താത്താ, കാക്കച്ചി പോയി.."

"നീ എന്തോന്ന് ചെർക്കാ പറയുന്നത്, അവനല്ലേ ഈ കിടക്കുന്നത്..." അജ്മലിന്റെ കരച്ചിൽ ഉച്ചത്തിലായി. 

ഞാൻ നിന്നോട് എണീക്കാൻ പറഞ്ഞു,

"ഡേയ് ചെർക്കാ, എണീറ്റാണ്... സഹദേ, എണീക്ക്.."  നീ എണീറ്റില്ല, ഞാൻ കുറെ കുലുക്കി വിളിച്ചു, നീ എണീറ്റില്ല.

അപ്പോഴേക്കും ചാച്ചു ഓടി വന്ന് എന്നെ പിടിച്ചു മാറ്റി, ഞാൻ നിന്റെ കയ്യിൽ പിടിച്ച് വലിച്ചു, നിന്റെ കൈ  തണുത്തിരുന്നു. 

ചാച്ചു എന്നെ പിടിച്ചു വലിച്ച് വീട്ടിൽ കൊണ്ട് പോയി, അവിടെ ആരൊക്കെയോ കൂടി നിൽപ്പുണ്ടായിരുന്നു. ഞാൻ അപ്പോഴേക്കും എന്തൊക്കെയോ മനസ്സിലായ രീതിയിൽ കരച്ചിലൊക്കെ നിറുത്തി, ഉമ്മച്ചി മരിച്ചപ്പോളുണ്ടായിരുന്ന പക്വത വന്ന പഴേ പതിമൂന്നുകാരിയായി.

പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ നിന്നെയും താങ്ങി കൊച്ചാപ്പായും പിന്നെ വേറാരൊക്കെയോ വന്നു. ഇറയത്തു കട്ടിലിൽ നിന്നെ കിടത്തി, ആരൊക്കെയോ കരയുന്നു, ആരൊക്കെയോ പരസ്പരം ആശ്വസിപ്പിക്കുന്നു, ആരൊക്കെയോ തളർന്നു വീഴുന്നു. 

എന്റെ കുഞ്ഞു മാത്രം ഒന്നുമറിഞ്ഞില്ല, നിന്നെ കൊണ്ട് കിടത്തിയ നേരം മുതൽ നീ ഉറങ്ങുകയാണെന്ന് കരുതി അവൾ കുറേ പ്രാവശ്യം വന്ന് നിന്നെ വിളിച്ചു, "മാമച്ചി ഉങ്ങനാ.." നിന്റെ മൂക്കിൽ പിടിച്ച് വലിച്ചു. "മാമച്ചി, എണീ." നീ എണീറ്റ് എന്നത്തേയും പോലെ അവളെ ഓടിക്കുമെന്ന് അവൾ കരുതിക്കാണും. 

നീ ഇവിടെ അവസാനമായുണ്ടായിരുന്ന ആ രാത്രി ഒരിക്കലും അവസാനിക്കാത്ത പോലെ തോന്നി, എങ്കിലും നേരം പുലർന്നു, നിന്നെ കൊണ്ടുപോകാനുള്ള ഒരുക്കങ്ങളായി. 

നിന്നെ സ്നേഹിക്കുന്ന നിന്നെ അറിയുന്ന എല്ലാവരും നിന്നെയൊന്ന് കാണാൻ വന്നിരുന്നു, നീ പോകുവോളം അവരൊക്കെ നിനക്കൊപ്പമിരുന്നു, കുറച്ചു പേർ നിന്റെ പുതിയ വീടെത്തുവോളം നിന്നെ അനുഗമിച്ചു. 

അങ്ങനെ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു ദിവസം നീയങ്ങ് പൊയ്ക്കളഞ്ഞു. 

അന്നത്തെ ദിവസം എനിക്ക് നല്ല ഓർമ്മയുണ്ട്, ഞാൻ രാവിലെ കുഞ്ഞിക്ക് ഭക്ഷണം കൊടുക്കാനിറങ്ങുമ്പോളാണ് നീ റൂമിൽ നിന്ന് ഇറങ്ങി വന്നത്, നിന്റെ മുഖം നല്ലപോലെ പ്രകാശിച്ചിരുന്നു, ഞാൻ തന്ന ഫേസ് വാഷിന് ഇത്രേം എഫക്ട് ഉണ്ടോന്ന് ഞാൻ അതിശയിച്ചു. 

"ചെർക്കാ, നിനക്ക് ഇന്നല്ലേ പരീക്ഷ..?"

"ഉം.."

ഒരു ചിരിയോടെ കുഞ്ഞിക്കൊരുമ്മയും കൊടുത്ത് നീ കുളിക്കാൻ പോയി.

അതായിരുന്നു എന്റെ അവസാനത്തെ കാഴ്ച.

അന്ന് ഉച്ചക്ക് ജയിലിൽ തപാൽ കൊടുക്കുമ്പോൾ നിനക്ക് പരീക്ഷ എളുപ്പമായിരുന്നോ എന്ന് ഞാൻ വിളിച്ച് ചോദിയ്ക്കാൻ വേണ്ടി ഫോണെടുത്തതാണ്, സമയം പന്ത്രണ്ട് ആയിട്ടേയുണ്ടായിരുന്നുള്ളു. നിനക്ക് പരീക്ഷ കഴിഞ്ഞുകാണില്ല എന്ന് കരുതി വിളിച്ചില്ല. 

വിളിക്കണമായിരുന്നു, എങ്കിൽ മിസ്ഡ് കാൾ കണ്ടെന്നെ നീ തിരിച്ചു വിളിച്ചേനെ. 

അന്ന് നാലുമണിവരെ ഇരിക്കാതെ നേരത്തെ വീട്ടിലെത്തിയിരുന്നെങ്കിൽ എനിക്ക് നിന്നെ നേരെ കാണാമായിരുന്നു. പരീക്ഷ എളുപ്പമായിരുന്നുവെന്ന നിന്റെ സന്തോഷം ഞാൻ നേരിട്ട് കണ്ടേനെ. 

എന്റെ ഖേദങ്ങൾ പലതാണ്. 

എന്നും രാവിലെ "അല്ലാഹുവെ, എന്റെ ചാച്ചൂനേം, എന്റെ കുഞ്ഞൂനേം, എന്റെ സഹദിനേം, എന്റെ അജ്മലിനേം,..." എന്ന് തുടങ്ങുന്ന പ്രാർത്ഥന അന്നത്തെ ദിവസം ചൊല്ലിയിരുന്നില്ലേയെന്ന്..

നിന്നോടുള്ള സ്നേഹം കുറഞ്ഞുപോയിരുന്നോ എന്ന്... 

നിന്നോടുള്ള കരുതൽ പോരാതിരുന്നോ എന്ന്...

അങ്ങനെയങ്ങനെ... 

അതുകൊണ്ടാണോ നീയെന്നെ കിനാവിൽ പോലും തേടി വരാത്തത്....?

എങ്കിലും കഴിയുമ്പോളെല്ലാം ഞാൻ നിന്നെ തേടി വരാറുണ്ട്, നീ അറിയുന്നുണ്ടോ?

ഞാൻ നിന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്, 

നമ്മളുടെ ഒരുമിച്ചുള്ള ഓഫീസിൽ പോക്കും വരവും.

രണ്ടു വണ്ടിയിലാണെങ്കിൽ കമന്റടിച്ച് നീ ഓവർടേക്ക് ചെയ്ത് പോകുന്നത്, ഇടക്കിടക്കുള്ള നിന്റെ ഫോൺ വിളികൾ.. എല്ലാം ഞാൻ നഷ്ടപ്പെടുത്തുന്നുണ്ട്.

എനിക്കെന്ത്  സംഭവിച്ചാലും നീ കുഞ്ഞുവിനെയും ചാച്ചുവിനെയും മാനേജ് ചെയ്യമെന്നൊരു കോൺഫിഡൻസ് എനിക്കുണ്ടായിരുന്നു, ഇനി ഞാനെന്ത് ചെയ്യും? ആരെ ഞാൻ ഭാരമേല്പിക്കും? എന്റെ ഭ്രാന്തുകൾ ഞാൻ ആരോട് പറയും?

ഉമ്മച്ചിക്കൊപ്പം ഉണ്ടായിരുന്നതിനേക്കാൾ നിനക്കൊപ്പമുണ്ടായിരുന്നത് കൊണ്ടാകണം, നിന്റെ ശൂന്യത വല്ലാതെ എന്നെ അലോസരപ്പെടുത്തുന്നത്.

പ്രിയപ്പെട്ട സഹോദരാ, നീ അവശേഷിപ്പിച്ചുപോയ ശൂന്യത വളരെ വലുതാണ്, അതിന്റെ മുകളിൽ നിന്ന് നോക്കിയാൽ താഴ്ഭാഗത്തിന്റെ സൂചന പോലും കാണില്ല. 

നീയില്ലെന്ന യാഥാർഥ്യം ഞാനിനിയും അംഗീകരിക്കാൻ കൂട്ടാക്കുന്നില്ല, ഒരുപക്ഷേ, അത് ഞാനായിട്ട് അംഗീകരിച്ചാൽ എന്റെ ഉള്ളിലെ ശൂന്യത എന്നെയും ബാധിച്ചേക്കും. 

കുഞ്ഞു നിന്നെക്കുറിച്ച് എപ്പോഴും പറയാറുണ്ട്, അതും നിനച്ചിരിക്കാത്ത നേരത്ത്, അവളെങ്ങനെ ഓർത്തിരിക്കുന്നോ എന്തോ. 

കുഞ്ഞു മാത്രമല്ല, എല്ലാവരും നിന്നെ ഓർക്കുന്നുണ്ട്, നിന്റെ ദുആ ദിവസം ഏതാണ്ട് നിന്റെ കല്യാണം പോലെയാണ് തോന്നിയത്, എല്ലാവരുമുണ്ടായിരുന്നു, നിന്റെ എല്ലാ കൂട്ടുകാരും എല്ലാത്തിനും മുൻപന്തിയിലുണ്ടായിരുന്നു.

നീയില്ലാതെ ഒരു നോമ്പുകാലം തീരാറായി, രണ്ടാമത്തെ പെരുന്നാൾ വരുന്നു, ഒരോണവും ക്രിസ്മസും പുതുവർഷവും കടന്നുപോയി ഒപ്പം നീയില്ലാതെ നിന്റെയൊരു ജന്മദിനവും.  

 ഇനിയെങ്കിലും നിന്നോട് തുറന്ന് സംസാരിച്ചില്ലെങ്കിൽ ഞാനീ അടഞ്ഞ അവസ്ഥയിൽ തന്നെ തുടർന്ന് പോകുമെന്ന് തോന്നി. 

ഇനിയും എന്തൊക്കെയോ പറയാനുണ്ട്. നേരിട്ട് കാണുമ്പോൾ പറയാം. 

സമയം എന്തിനെയും സമരസത്തിലാക്കുമെന്നാണല്ലോ, ആക്കുമ്പോൾ ആക്കട്ടെ.

If you ask me if "I am ok?", then i will say "yes". If you ask again "are you sure?", then i will say "no".

I know 
Its ok not to be ok.