2025, ഫെബ്രുവരി 19, ബുധനാഴ്‌ച

ഹീരാമഞ്ജരി

 ഹീരാമഞ്ജരി 

ഒരുപാട് കാലത്തിന് ശേഷമാണ് അവൾ തന്റെ എഴുത്തുപെട്ടി തുറന്നത്. പണ്ടെങ്ങോ എഴുതി മുഴുമിക്കാതെ പോയ വരികൾ ചത്തുമലച്ച് ചിതലരിച്ച കടലാസുകളുടെ ശവപ്പറമ്പിൽ ചീർത്തുകിടന്നു. അവിടെയെങ്ങും വിറങ്ങലിച്ച അക്ഷരങ്ങളുടെ ഗന്ധം പടർന്നു. 

ഗർഭം അലസിപ്പോയൊരു ഫൗണ്ടൻ പേന വായിലൂടെ നീല നുരയും പതച്ചു കിടന്നു, അതിനു കാവലെന്നപോലെ മുനയൊടിഞ്ഞൊരു പെൻസിലും കരിവാരിത്തേച്ചൊരു റബ്ബറും. ആകെ മടുപ്പിക്കുന്നൊരന്തരീക്ഷത്തിലും സ്റ്റീൽ സ്കെയിൽ തണുത്തു തന്നെ കിടന്നു. 

ജോലിയുടെ വിരസത തന്നിലേക്കും പകർന്ന് വലിയൊരു രോഗത്തിലേക്ക് കടക്കുന്നുവെന്ന് തോന്നിയപ്പോഴാണ് അവൾ നീണ്ടയൊരവധിക്കാലം പേപ്പറിലാക്കി മേലധികാരിക്ക് നീട്ടിയത്. അയാൾ അത്ഭുതത്തോടെയാണ് അത് വാങ്ങിയത്, 

"എന്തായിപ്പോൾ ഇങ്ങനെ തോന്നാൻ, anything particular"?

അവളൊന്ന് പുഞ്ചിരിച്ചു, "Sir, I need a break, that's all".

ബാഗുമെടുത്ത് പുറത്തേക്കിറങ്ങിയപ്പോളാണ് എങ്ങോട്ടു പോകുമെന്ന ചിന്ത മനസ്സിലേക്കുണർന്നത്. ഫ്ലാറ്റിലേക്ക് പോയിട്ട് കാര്യമില്ല. അവിടെയും താൻ ഒറ്റക്കാണ്. 
അവൾ ഗിരിക്കൊരു മെസ്സേജിട്ടു. നേരിട്ട് പറഞ്ഞാൽ ശ്രദ്ധിച്ചില്ലെങ്കിലും വാട്സാപ്പിൽ ആയത് കൊണ്ട് ഗിരിയത് കാണും. 
"Giri, i am out of town for a while, please take care of Adi and Amala. Shanthi chechi will prepare food. I won't be able to attend calls, if anything particular reach out for Reghu chettan".
അല്ലെങ്കിലും ഗിരിയുമായുള്ള സംസാരം എന്നെ നിലച്ചിരുന്നു. കാണുമ്പോൾ പേരിനെന്തെങ്കിലും സംസാരിക്കുമെന്നതിലുപരി അവർ രണ്ടു ധ്രുവങ്ങളിൽ എന്നേ പാറിപ്പോയിരുന്നു. ആദിയും അമലയുമിപ്പോൾ ഗിരിയുടെ അതേ പാതയിലാണ് കാശിന് വല്ല ആവശ്യവുമുണ്ടെങ്കിൽ മാത്രം മമ്മയെ അന്വേഷിക്കും. താനില്ലെങ്കിലും അവരുടെ കാര്യങ്ങളൊക്കെ നടക്കും. 
അവൾ രഘുവിനെ വിളിച്ചിട്ട് അങ്ങോട്ട് വരുന്ന കാര്യം പറഞ്ഞു. 
"എന്താ കുഞ്ഞേ പെട്ടെന്ന്, ഇങ്ങോട്ട് പൊതുവേ വരാറില്ലല്ലോ. "
"ഒന്ന് രണ്ടു ദിവസം വന്ന് നിൽക്കണമെന്ന് തോന്നി രെഘുച്ചേട്ടാ..."
"എന്താ കുഞ്ഞേ, പ്രശ്നമൊന്നുമില്ലല്ലോ...?" രഘു ഒരു വേവലാതിയോടെ ചോദിച്ചു. 
"ഒന്നുമില്ല ചേട്ടാ, സമാധാനമായിരിക്ക്."
അവളൊരു ദീർഘ നിശ്വാസത്തോടെ ഫോൺ ബാഗിലേക്കിട്ടു. 
എയർപോർട്ടിലേക്ക് കാറിലിരിക്കുമ്പോൾ അവളോർത്തു, അമ്മമ്മ ഉള്ള സമയത്ത് സഹായത്തിന് നിർത്തിയതായിരുന്നു രഘുചേട്ടന്റെ അമ്മയെ, അവരൊക്കെ പോയതിന് ശേഷവും തന്റെ വിശേഷങ്ങൾ അന്വേഷിക്കാൻ രെഘുച്ചേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു. 

                                                                           ****

"മാഡം, സ്ഥലമെത്തി."
ഏതൊക്കെയോ ചിന്തകളിലേക്ക് കരണംമറിഞ്ഞപ്പോഴാണ് ഡ്രൈവർ അത് പറഞ്ഞത്, ഒരു പകപ്പോടെ ചുറ്റിലും നോക്കി, നേരം സന്ധ്യയായിരിക്കുന്നു, ഉമ്മറപ്പടിയിൽ തന്നെയും കാത്ത് രെഘുചേട്ടനിരുപ്പുണ്ട്, ആ ഇരുപ്പു കണ്ടപ്പോൾ അമ്മയെ ഓർത്തു അവൾ, ഇത്പോലെ അമ്മയും കാത്തിരിക്കാറുണ്ടായിരുന്നു. 

കാർ വന്ന ശബ്ദം കേട്ടുകൊണ്ട് രെഘുച്ചേട്ടൻ ഓടി വന്നു, പൈസ കൊടുത്തു കാർ തിരികെ അയക്കുമ്പോൾ അമ്പരപ്പോടെ അയാൾ ചോദിച്ചു, 

"ബാഗൊന്നും ഇല്ലേ കുഞ്ഞേ?"

അവളൊന്നു ചിരിച്ചു.

"മോൾ ഗിരിയോട് വഴക്കിട്ടാണോ വന്നത്..." അയാളൊരു വ്യഥയോടെ ചോദിച്ചു.

"എന്റെ ചേട്ടാ, ടെൻഷൻ ആകേണ്ട അങ്ങനെ ഒന്നുമില്ല, ഗിരി വിളിക്കുന്നെങ്കിൽ ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞാൽ മതി. വിളിക്കാൻ സാധ്യതയില്ല. ഞാനൊന്നു കുളിച്ച് ഉറങ്ങട്ടെ, നല്ല വിശപ്പുമുണ്ട്, എന്തേലും ഉണ്ടോ കഴിക്കാൻ..?"

"ഞാനത് മറന്നു, മോൾ കുളിച്ചിട്ട് വാ, രാധിക ദോശ ചുടുന്നുണ്ട്, ഞാൻ എടുത്തിട്ട് വരാം.' അയാൾ തിടുക്കത്തിൽ അൽപ്പമകലെ  വെളിച്ചം കാണുന്ന വീട്ടിലേക്ക് നടന്നു പോയി. 

അവൾ മനസ്സിലൊരു തണുപ്പോടെ ആ കാഴ്ച നോക്കി നിന്നു, അയാളുടെ നരകളെ തോൽപ്പിക്കുന്ന കഷണ്ടിയിൽ ചന്ദ്രപ്രഭ തിളങ്ങിയിരുന്നു. 

                                                                            ****

നേരം നന്നേ വെളുത്താണ് അവൾ ഉറക്കമുണർന്നത്, ഇത്ര ശാന്തമായി അവളുറങ്ങിയിട്ട് നാളുകൾ ഒരുപാട് ആയിരുന്നു. വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ കണ്ടു, വാഴക്കൈ കൊണ്ട് മറച്ച ഒരു പാത്രവുമായി ഓടി വരുന്ന രെഘുച്ചേട്ടന്റെ കൊച്ചുമകളെ. 

"ആന്റീ, അച്ചാച്ചൻ ഇത് തരാൻ പറഞ്ഞു, ഉച്ചക്ക് ഊണ് അവിടുന്നാണെന്ന് പറയാൻ പറഞ്ഞു."

എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് പാത്രവും വച്ച് അവൾ ഓടിപ്പോയി.

അവളാ പാത്രം തുറന്നുനോക്കി, ഇഡ്ഡലിയാണ്. 
ചെറിയ പാത്രം തുറന്നപ്പോൾ മല്ലിയിലയിട്ട സാമ്പാറിന്റെ മണം അവിടെ പരന്നു, അവൾ വേഗം പല്ലു വൃത്തിയാക്കി മുഖവും കഴുകി ഭക്ഷണം കഴിക്കാനിരുന്നു. ഇത്രയും രുചിയുള്ള ഭക്ഷണം ആദ്യമായാണ് കഴിക്കുന്നതെന്നവൾക്ക് തോന്നി. 

അപ്പോളവൾ ഗിരിയെയും മക്കളെയും ഓർത്തു, ഗിരിക്ക് ഇഡ്ഡലി ഇഷ്ടമല്ലാത്തത് കൊണ്ട് അവളത് ഉണ്ടാക്കാറില്ലായിരുന്നു.
അപ്പോളാണ് ഇന്നലത്തെ മെസേജിന് ഗിരി മറുപടി ഇട്ടിട്ടുണ്ടാകുമോ എന്നവളോർത്തത്. ഫോൺ ബാഗിൽ ചാർജ് തീർന്ന് മരിച്ചു കിടക്കുകയായിരുന്നു. ഫോൺ ചാർജിൽ വച്ച് ഓണായപ്പോളേക്കും ഗിരി തലേന്നയച്ച മെസേജ് വന്നു. 
"ok".
അവൾ ആ ഫോൺ വീണ്ടും ഓഫാക്കി വച്ചു.
                                                                            ****
ഏതോ ഉൾപ്രേരണയിലാണ് മച്ചിന് മുകളിലേക്കുള്ള കോണികൾ കയറിയത്. അവിടമാകെ മാറാല പിടിച്ചുകിടക്കുകയായിരുന്നു. അവളവ വകഞ്ഞുമാറ്റി ഒരു കോണിൽ അടുക്കി വച്ചിരുന്ന പെട്ടികളിലേക്ക് ചെന്നു. അവളുടെ പല ഓർമ്മക്കുറിപ്പുകളും നൊമ്പരങ്ങളും അവിടവിടെയായി പെട്ടിക്കുള്ളിൽ തളംകെട്ടിക്കിടന്നിരുന്നു. 
ഓരോ വരികളിലും കണ്ണോടിക്കുമ്പോൾ അവൾ അവളെത്തന്നെ ചേർത്ത് നിർത്തുകയായിരുന്നു. 
പൊടി കയറി തുമ്മാൻ തുടങ്ങിയപ്പോഴാണ് അവൾ താഴ്ത്തേക്കിറങ്ങിയത്.
രഘു കോണിയുടെ ചുവട്ടിൽ നിൽപ്പുണ്ടായിരുന്നു. 
"താഴെ കാണാഞ്ഞപ്പോഴേ തോന്നി, മോളിതിനു മുകളിലായിരിക്കുമെന്ന്."
"ചേട്ടാ, ഇവിടെ ആകെ വൃത്തികേടായി കിടക്കുകയാണ്, ആരെയെങ്കിലും കിട്ടുമോ ഒന്ന് വൃത്തിയാക്കാൻ...?"
"ഞാൻ ആ മാധവന്റെ ചെറുക്കനോട് വരാൻ പറഞ്ഞിരുന്നു, അവനേതോ കമ്പനിയുണ്ട്, ഈ വീടൊക്കെ വൃത്തിയാക്കുന്നതേ... അവന്മാർ പത്തുമണിക്കാ വരാമെന്ന് പറഞ്ഞിരുന്നത്.."
അയാൾ പറഞ്ഞു നിറുത്തിയതും ക്ലീനിങ് സർവീസിന്റെ ഒരു ഓമ്നി വാൻ ഗേറ്റ് കടന്ന് ഇരമ്പി നിന്നു. 
വീട് വൃത്തിയാക്കാൻ വിട്ടുകൊടുത്ത് അവൾ തൊടിയിലേക്കിറങ്ങി. നിറയെ കാട് പിടിച്ചുകിടക്കുന്നു, അന്തരീക്ഷത്തിന് ശാന്തമായൊരു തണുപ്പാണ്. മരോട്ടിയുടെ കായ തിന്നാൻ കുറേ അണ്ണാന്മാരുണ്ട്. ഭദ്രാക്ഷത്തിന്റെ ചെറിയ ചില്ലയിലൊരു കിളിക്കൂട്. 
"ചേച്ചിയേ, ഈ പറമ്പ് മൊത്തം വൃത്തിയാക്കൽ ഇന്ന് നടക്കൂല, തല്ക്കാലം വീടിന് ചുറ്റും വൃത്തിയാക്കാം, അപ്പടി കാടാണ്."
മാധവന്റെ മോൻ അവളെ തിരഞ്ഞ് തൊടിയിലേക്ക് വന്നു, 
"നിന്റെ പേരെന്താ..?"
"മനു."
"അത് മതി മനു, പറ്റുന്നിടത്തോളം മതി, കാശ് രെഘുചേട്ടനോട് പറഞ്ഞോളൂ,"
"കാശായിട്ടില്ലെങ്കി ഗൂഗിൾ പേ ആണെങ്കിലും മതി."
"നീ രെഘുചേട്ടനോട് കാശ് പറഞ്ഞാൽ മതി, ഞാൻ കൊടുത്തേക്കാം."
അവരിൽ കുറച്ചുപേർ മൺവെട്ടിയുമായി തൊടിയിലേക്ക് വരുന്നത് കണ്ടപ്പോൾ അവൾ രഘുവിന്റെ വീട്ടിലേക്ക് നടന്നു. 
അടുക്കള വഴി കയറിയപ്പോൾ രാധിക തിരക്കിട്ട പണിയിലാണ്, 
"രാധേച്ചി, ഭയങ്കര പണിയാണല്ലോ.."
പെട്ടെന്നായത് കൊണ്ട് രാധിക ഞെട്ടിപ്പോയി. 
"ഹോ.. എന്റെ കൊച്ചെ, നീയാരുന്നോ.. ഞാനങ്ങ് പേടിച്ചുപോയി."
അവൾ അകത്തേക്ക് കയറി പത്രങ്ങളെല്ലാം തുറന്ന് നോക്കി, അൽപ്പം പഴങ്കഞ്ഞി ഇരിപ്പുണ്ട്. 
"നിനക്ക് പഴങ്കഞ്ഞി തരട്ടെ..?" രാധിക ഒരു കുഴിയൻ പാത്രത്തിലേക്ക് പഴഞ്ചോറ് പകർന്നു, കുടത്തിൽ നിന്ന് അൽപ്പം തൈരുമൊഴിച്ച് അവൾക്ക് നേരെ നീട്ടി. 
"നിൽക്ക്..." അവർ ഓടി മുറ്റത്തു നിന്നും രണ്ടു കാന്താരി മുളക് പൊട്ടിച്ച അതിലേക്കിട്ടു. 
കാന്താരിയുടെ എരിവിൽ അവളുടെ വയറ് കാളി. 
"നല്ല എരിയാണല്ലോ.." ചുണ്ടുവലിച്ചുകൊണ്ട് അവൾ പറഞ്ഞു. 
"വല്ലപ്പോഴും എരിവൊക്കെ കൂട്ടണം കൊച്ചെ.. അല്ലേങ്കിപ്പിന്നെ വയറ്റിക്കിടക്കുന്ന കൃമിയൊന്നും ചാകത്തില്ല.."
അവരുടെ സംസാരം കേട്ട് ചിരി വന്നെങ്കിലും മുളക് വെള്ളം മണ്ടയിൽ കേറാതിരിക്കാൻ അവൾ പാടുപെട്ടു. 
                                                                                ****
സൂര്യൻ മങ്ങിത്തുടങ്ങിയിരുന്നു, തറവാടും പരിസരവും ഒരു പ്രത്യേക ഭംഗിയിൽ നിന്നു, ഒരായിരം നാളുകൾക്കൊടുവിൽ അടുത്തടുത്ത മൂന്നു കല്ലറകളിൽ അന്തിത്തിരി കത്തി. അമ്മയും അച്ഛനും അമ്മമ്മയും അവളെ ആവോളം കണ്ടു. അവളെ കണ്ട് അവർ ആനന്ദിച്ചിരിക്കണം. 
അന്നവൾക്ക് അമ്പലത്തിൽ പോകണമെന്ന് തോന്നി, അമ്മയുടെ നേര്യതും ചുറ്റി മണ്ഡപം വലംവച്ചിറങ്ങുമ്പോൾ വല്ലാത്തൊരു തൃപ്തി തോന്നി. 
മടങ്ങുമ്പോൾ അകലെയല്ലാതെ ഒരു സ്വരം കേട്ടു,

കായേന വാച മാനസേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ വാ പ്രകൃതേഃ സ്വഭാവാത്
കരോമി യദ്യത്സകലം പരസ്മൈ
നാരായണയേതി സമർപയാമി

തിരിഞ്ഞു നോക്കാതെ അവൾക്കൂഹിക്കാമായിരുന്നു അത് ആരാണെന്ന്. എന്നിട്ടും അവളാ രൂപം തിരിഞ്ഞു നോക്കി, ഭഗവതിക്കുള്ള നിവേദ്യം സമർപ്പിക്കുകയായിരുന്നു അയാൾ. 
ഒരുൾവിളിയോടെ അവളാ നടയിൽ ഒരിക്കൽക്കൂടി ചെന്നു, അയാളവളെ കണ്ടെന്ന് മനസ്സിലായ മാത്രയിൽ അവൾ കാലുകൾ വലിച്ചുവച്ച് തറവാട് ലക്ഷ്യമാക്കി നടന്നു. 
"മഞ്ജരീ..." ഓർമ്മയിൽ അയാളുടെ പിൻവിളി അവളുടെ കാതോരമുയർന്നുപൊങ്ങി. 
                                                                                ****
രഘുവിനോട് യാത്ര പറയുമ്പോൾ അവളുടെ കണ്ണുകൾ നനഞ്ഞു, 
"പോട്ടെ, ഇനിയും വരാം."
രാധിക വിഷമത്തോടെ നിന്നു, 
"കുഞ്ഞ് പോയിട്ട് വാ, വീടൊക്കെ ഞാൻ നോക്കിക്കോളാം."
ഉള്ളിലുള്ള സങ്കടം പുറത്തുകാണിക്കാതെ രഘു പറഞ്ഞു. 
കാറിൽ കയറി മുന്നോട്ട് പോകുമ്പോൾ അവൾക്ക് എന്തൊക്കെയോ കൈവിട്ടെന്നും മറ്റെന്തൊക്കെയോ നേടിയെന്നും തോന്നി. 
ടൗണിലേക്ക് തിരിയുന്ന വഴിയിൽ എതിരെ സ്കൂട്ടറിൽ വരുന്നയാളിനെ അവൾ വ്യക്തമായി കണ്ടിരുന്നു, ഒരുവേള അയാൾ സ്കൂട്ടർ നിറുത്തിയെങ്കിലെന്ന് അവളാഗ്രഹിച്ചു, അത് മനസ്സിലാക്കിയെന്നോണം അയാൾ വാഹനം നിറുത്തി.
കാറിലിരുന്ന് അവളൊന്ന് പുഞ്ചിരിച്ചു, അയാളും.
അത്ര മതിയായിരുന്നു അവൾക്ക്. 
                                                                                ****
"how was your trip?"
അടുക്കളയിൽ നിൽക്കുമ്പോഴാണ് ഗിരി വന്നു ചോദിച്ചത്.
"yeah, it was cool".
അവൾ അലസതയോടെ പറഞ്ഞു. 
ആദി ഹെഡ്സെറ്റും വച്ച് ഡൈനിങ് ടേബിളിൽ വന്നിരുന്നു, അമല ഫോണിൽ ആരോടോ ചാറ്റ് ചെയ്യുകയാണ്. 
അവൾ ഭക്ഷണം മേശപ്പുറത്തേക്ക് വച്ചു. 
പാത്രം തുറന്ന ഗിരി ഒന്നമ്പരന്നു, 
"ഇതെന്താ ഇഡ്ഡലി...?"
"എന്ത് പറ്റി.."
അവൾ ചോദിച്ചു. 
"ഇഡ്ഡലി ഞാൻ കഴിക്കാറില്ല ഹീരാ, എനിക്കിഷ്ടമല്ല" ഗിരി പറഞ്ഞു. 
മക്കൾ രണ്ടാളും ഫോണിൽ നിന്ന് മുഖമുയർത്തി അവളെ നോക്കി. 
"എനിക്കിഷ്ടമാണ് ഗിരീ". പതിയെയാണവൾ പറഞ്ഞതെങ്കിലും ആ വാക്കുകളിലെ താക്കീത് അയാൾ വ്യക്തമായി കേട്ടു. 
അയാളൊന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു. 
അമ്മയുടെ പഴയൊരു സാരി ഞൊറിഞ്ഞുടുക്കുമ്പോൾ കണ്ണാടിയിൽ കണ്ട തന്നോട് തന്നെ അവളൊന്ന് പുഞ്ചിരിച്ചു, അവളിന്നെവരെ കണ്ടതിലേറ്റവും മനോഹരമായൊരു ചിരി. 







Nb- this is a special story dedicated to my beloved friend Heeramanjari Barik. Lots of love. 


Image credit to respective owner 
 https://in.pinterest.com/pin/faces-straight-to-heart--860117228826842951/