അവിയൽ
എന്നെ അവിയലുണ്ടാക്കാൻ പഠിപ്പിച്ചത് വിശ്വദാസ് സാറാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ...?
എങ്കിൽ അതാണ് സത്യം.!
എന്നെ അവിയലുണ്ടാക്കാൻ പഠിപ്പിച്ചത് എന്റെ കെമിസ്ട്രി അധ്യാപകനായ വിശ്വദസ് സാറാണ്. നിങ്ങൾ അമ്പരക്കുന്നത് പോലെ ലൈവ് അടുക്കള പഠനം അല്ല കേട്ടോ. അതൊരു രസകരമായ രസതന്ത്രം.
പ്ലസ്‌ടുവിലെ പതിവ് രസതന്ത്രം ക്ലാസ്. അതും ഉച്ചക്ക് ശേഷം രണ്ടു പിരീഡ് ചേർത്തോണ്ട്. ഉച്ചക്ക് മുന്നേയുള്ള ക്ലാസുകൾ ആസ്വദിക്കാറുണ്ടെങ്കിലും ഭക്ഷണവും കഴിച്ചിട്ട് ക്ലാസ്സിലിരിക്കുന്ന അവസ്ഥ അറിയാമല്ലോ.
കണ്ണുകൾ അടഞ്ഞുപോകാതിരിക്കാൻ കണ്ണിൽ വിക്‌സും തേച്ചാണ് ഇരിപ്പ്. സാർ എപ്പോളാണ് ചോദ്യം ചോദിക്കുക എന്ന പറയാൻ പറ്റില്ല.
കെമിക്കൽ ചെയ്ഞ്ചസ് പഠിപ്പിക്കുകയാണ്, ടെമ്പററി ആണോ പെർമനന്റ് ആണോ എന്ന വിഷയം, ഉദാഹരണം പറയാൻ ഉരുളകിഴങ്ങ് എടുത്തതാണ്, പറഞ്ഞുപറഞ്ഞ് സദ്യയും സദ്യ വിഭവങ്ങളും എത്തി.
അങ്ങനെ സാർ പറയുകയാണ്,
"ഇന്നലെ ഒരു കല്യാണത്തിന് പോയി, ഒന്ന് ആസ്വദിച്ച് കഴിക്കാൻ പറ്റിയില്ല, ചോറൊന്ന് വായിൽ വയ്കുമ്പോഴേക്കും പായസം കൊണ്ട് വരുന്നു, പിന്നെ കഴിച്ചെന്ന് വരുത്തി. കഴിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണാവോ ഇത്രേം കറികൾ വിളമ്പുന്നത്.?
നമ്മൾ ട്രിവാൻഡ്രം കൊല്ലമൊക്കെ കഴിഞ്ഞ് പോകുമ്പോൾ അവിടുത്തെ കല്യാണ സദ്യക്ക് ഇത്രേം വിഭവങ്ങൾ ഒന്നും ഉണ്ടാകില്ല. അത് മാത്രമല്ല, നമ്മൾ കഴിച്ചുകഴിഞ്ഞ ശേഷമേ അടുത്ത വിളമ്പാറുള്ളു. നമുക്ക് കഴിക്കാൻ സമയം കിട്ടും. "
"എന്നാലും സാറേ അവിയൽ നമ്മുടേതാ സൂപ്പർ....." ആർച്ചയാണത് വിളിച്ചു പറഞ്ഞത്.
"അത് ശരിയാണ്, നമ്മുടെ സദ്യക്ക് എന്തൊക്കെയുണ്ട്...?"
"പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാര്‍, കാളന്‍, രസം, മോര്....... അവിയല്‍, തോരന്‍, എരിശ്ശേരി, ഓലന്‍, കിച്ചടി, പച്ചടി, കൂട്ടുകറി..... ഇഞ്ചി, നാരങ്ങ, പഴം, ശർക്കര വരട്ടി, ചിപ്സ്, അടപ്രഥമന്‍...."
ഉറക്കത്തിലേക്ക് വഴുതി നിന്ന ക്ലാസ് ഉറക്കം മറന്ന് ഒന്നടങ്കം ഉച്ചത്തിൽ ഒരേ താളത്തിൽ വിളിച്ചു പറഞ്ഞു..
"ഇവിടെ അവിയൽ വയ്ക്കാൻ ആർക്കൊക്കെ അറിയാം..?" ആ ചോദ്യത്തിന് ക്ലാസ്സിന്റെ പല ഭാഗത്തു നിന്നും പലപല ശബ്ദങ്ങൾ.
"എനിക്കറിയാം.. എനിക്കറിയാം...."
"അവിയൽ വയ്ക്കുന്നതിന് ഒരു പാകമൊക്കെ ഉണ്ട്, പച്ചക്കറികളൊക്കെ അരിഞ്ഞ് വക്കണം.. നിങ്ങൾ എന്തൊക്കെയാ അവിയലിൽ ഇടുക...?"
"കായ... മുരിങ്ങക്ക... വെള്ളരി... ക്യാരറ്റ്... ഉരുളൻ കിഴങ്ങ്....." ക്ലാസ് പച്ചക്കറി അരിഞ്ഞുതുടങ്ങി.
"അതെല്ലാം കൂടി അടുപ്പിൽ വച്ച് അൽപ്പം വെള്ളമൊഴിച്ച് തിളപ്പിക്കണം, അത് തിളയ്ക്കുന്ന സമയത്ത് തേങ്ങാ അരപ്പ് ഉണ്ടാക്കണം. അതിനാദ്യം തേങ്ങാ ചിരകണം..."
ക്ലാസ് തേങ്ങാ ചിരകാൻ തുടങ്ങി.
"അതിലേക്ക് പച്ചമുളക്, വെളുത്തുള്ളി, മഞ്ഞപ്പൊടി പിന്നെ ജീരകം.. ഇതൊക്കെ ഇട്ട് ഒന്ന് ചതച്ചെടുക്കണം... അമ്മിയിൽ ആണെകിൽ അടിപൊളി."
"എന്നിട്ട് പച്ചക്കറി വെന്തതും അരപ്പും ചേർത്ത് ഇളക്കി മൂടി വക്കണം. വെള്ളം വറ്റി വരുമ്പോൾ കുറച്ച് പച്ച വെളിച്ചെണ്ണയും ചേർത്ത് കുറച്ച് കറിവേപ്പിലയുമിട്ട് മൂടി വക്കണം. ഒരു രണ്ട് മിനുട്ട് കഴിഞ്ഞ് പാത്രം തുറക്കുമ്പോൾ ഒരു മണം വരും, അത് മതി ഒരുകലം ചോറുണ്ണാൻ....."
ആ വിവരണത്തോടെ ക്ലാസ് രണ്ടാമതൊരു ഊണ് കൂടി കഴിച്ചു, അവിയലും കൂട്ടി.
ഈ സന്ദർഭം കഴിഞ്ഞിട്ടിപ്പോൾ പതിനഞ്ചു കൊല്ലങ്ങൾ കടന്നു, അവിയൽ ഉണ്ടാക്കുമ്പോളൊക്കെ ചിലപ്പോൾ ഇതൊക്കെ ഓർക്കാറുണ്ട്. ആ നേരമൊക്കെ ഞാൻ പഴയ കെമിസ്ട്രി ക്ലാസിൽ പോകാറുണ്ട്, ആർച്ചയും സബിതയുമൊക്കെ അടുത്ത് വന്നിരിക്കാറുണ്ട്.
ഒന്ന് കുറിക്കണമെന്ന് തോന്നി, അത്രമാത്രം.
Nb:- ഇത് ഞാൻ വച്ചതല്ല, ഗൂഗിൾ വച്ചതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ