college life എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
college life എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, സെപ്റ്റംബർ 10, ഞായറാഴ്‌ച

ചിരിക്കുന്ന കണ്ണുള്ളവൾ

ചിരിക്കുന്ന കണ്ണുള്ളവൾ

"ഡീ...  ഹോസ്റ്റലിലേക്കാണോ? ഞാനാ വഴിക്കാ.. വാ."
ഞാനവളുടെ പുറകിൽ കേറി.
ഞങ്ങളെയും വഹിച്ചു കൊണ്ട് വണ്ടി തേവര ഫെറി റോഡിലേക്ക് കടന്നു.
വണ്ടിയോടിക്കുകയാണെങ്കിലും അവളുടെ പതിവ് സംസാരത്തിനൊരു കുറവുമില്ല.
"ഞാനിന്ന് എം ജി റോഡ് വഴി പോകാമെന്ന വിചാരിച്ചെ, പക്ഷേങ്കിൽ ഇപ്പൊ ഭയങ്കര ബ്ലോക്കാരിക്കും. അതാ പിന്നെ കുണ്ടന്നൂർ വഴി പോകാമെന്നു കരുതിയെ.."
ഞാൻ പുഞ്ചിരിക്കുന്നത് അവൾ കണ്ണാടിയിൽ കണ്ടു കാണണം.
"നീയെന്താടി ചിരിക്കൂന്നേ?"
"ഒന്നുല്ലാടി..".
വണ്ടി ഹോസ്റ്റലിലേക്ക് തിരിയുന്ന വളവിലെത്തി, ഞാനിറങ്ങി അവളെ നോക്കി.
ഹെല്മെറ്റിനിടയിലൂടെ ചിരിക്കുന്ന രണ്ടു കണ്ണുകൾ..
"എന്താടി നോക്കുന്നെ?"
ഒന്നുമില്ലെന്ന് ഞാൻ ചുമൽ കൂപ്പി.
ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ ഞാനാലോചിക്കുകയായിരുന്നു, ചിരിക്കുന്ന ആ കണ്ണുകളെ കുറിച്ച്, ചിരിക്കുമ്പോൾ ചെറുതാകുന്ന കണ്ണുകളെ കുറിച്ച്.
ചിരിക്കുന്ന കണ്ണുള്ളവരെ ആദ്യമായിട്ടല്ല കാണുന്നത്, എന്നാൽ ആ കണ്ണുകൾ തരുന്ന കുളിർമ്മ ഒട്ടു നേരത്തേക്ക് മനസ്സിൽ തട്ടി നിൽക്കുന്നത് ആദ്യമായാണ്.
ഈ നിമിഷം കടന്നു പോയിട്ട് ഏതാണ്ട് രണ്ടര വർഷം കടന്നിരിക്കുന്നു.
അവൾക്കും  എനിക്കുമുണ്ടായി മാറ്റങ്ങൾ.
മായാതെ നിൽക്കുന്നത് ഓർമ്മകൾ മാത്രം. 
Pic - Jayalakshmi P S

2017, ജൂൺ 15, വ്യാഴാഴ്‌ച

ഭ്രൂണഹത്യ.

ഭ്രൂണഹത്യ.


കൈ വിറക്കുകയായിരുന്നു, വളർന്ന് വരേണ്ട ഒരു ഭ്രൂണത്തെയാണ് നശിപ്പിക്കാൻ പോകുന്നത്. 
'ദൈവമേ ഈ പാപമൊക്കെ ഞാൻ എവിടെ കഴുകിക്കളയും.?' 
ക്ലാസ്സില് അദ്ധ്യാപകന്റെ ശബ്ദം മുഴങ്ങി. 
"ടോ, താനെന്താലോചിച്ചിരിക്കുകയാ..? 
ഇങ്ങനെയിരുന്നാല് പ്രാക്ടിക്കല് മാർക്കിന്റെ സ്ഥാനത്ത് E വീഴും." 
"സോറി സർ." 
നീഡിലും ബ്ലേഡുമായി, 
മേശമേല് മയങ്ങിക്കിടന്ന ഒടിയൻപച്ച (Tridax) പൂക്കളില് നിന്ന് ഒന്നിനെയെടുത്ത് ശ്രദ്ധയോടെ ഞാൻ ഗർഭപാത്രം തേടാൻ തുടങ്ങി..



2017, ജൂൺ 13, ചൊവ്വാഴ്ച

പ്ലേറ്റ്.

പ്ലേറ്റ്.

ഹോസ്റ്റൽ ഡൈനിംഗ് റൂമിലെ അങ്കം വെട്ടൽ കഴിഞ്ഞ് പ്ലേറ്റ് കഴുകാനായി വാഷ്ബേസിനിലേക്ക് കാട്ടിയതേയുള്ളു. 
പൈപ്പില് നിന്നുവരുന്ന വെള്ളത്തിന്റെ ശക്തി കണ്ട് പ്ലേറ്റ് പേടിച്ചു. 
ഒറ്റച്ചാട്ടം, 
അപ്പുറത്തെ വാഷ്ബേസിനിലെ മുക്കാലെത്തുന്ന വെള്ളത്തില്. 
തന്നാലാകും വിധം പ്ലേറ്റ് കൈകാലുകളിട്ടടിച്ചു, 
നോ രക്ഷ. 
" ക്ടിൻ". 
വാഷ് ബേസിന്റെ വക്കില് തട്ടി പ്ലേറ്റ് രണ്ടു കഷണം. 
ഉടമസ്ഥ വിഷണ്ണയായി നോക്കി നില്ക്കുകയാണ്. 
" പഹയൻ ഇങ്ങനൊരു കൊലച്ചതി ചെയ്യുമെന്നോർത്തില്ല." 
അവസാനമായി തലയൊടിഞ്ഞ പ്ലേറ്റിനെ കുളിപ്പിച്ചു. 
അന്ത്യ ചുംബനത്തിന് കുറവൊന്നും വരുത്തിയില്ല. 
വേസ്റ്റ് ബാസ്കറ്റിലിട്ടു തിരിച്ചുനടന്നപ്പോളൊരു പ്രയാസം. 
' ഇത്ര നാളും ഒരുമിച്ചുണ്ടായിട്ട്..' 
അതുമെടുത്ത് തിരികെ നടക്കുമ്പോളോർത്തു, 
" ഞാനെന്റെ പറമ്പില് തന്നെ കിടക്കുമെന്ന് എന്താ ഉറപ്പ്.. 
ഇതെങ്കിലുമവിടെ കിടന്നോട്ടെ..!" 
:-)