daughter എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
daughter എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022, ഡിസംബർ 28, ബുധനാഴ്‌ച

The Mothers Touch

 The Mothers Touch

കുഞ്ഞൂട്ടിയെ കയ്യിൽ കിട്ടിയപ്പോൾ ഉള്ള ആ ഫീലിംഗ്, അതൊരിക്കലും സന്തോഷമെന്ന് പറയാനാകില്ല, 
സത്യം പറഞ്ഞാൽ  ഒരു അങ്കലാപ്പായിരുന്നു. 
ചെറിയ കുട്ടികളെയൊക്കെ എടുത്തിട്ടുണ്ടെങ്കിലും, ഇതിപ്പോ ജനിച്ചിട്ട് കൂടിപ്പോയാൽ മുപ്പത് മിനുട്ട് ആയിട്ടുണ്ടാകും. 

തൊലിയൊക്കെ നേർത്തിട്ട് തൊട്ടാൽ ഇപ്പൊ പൊട്ടിപ്പോകും എന്നപോലെ, മുഖത്തെ രക്തക്കുഴലുകളൊക്കെ തെളിഞ്ഞു കാണാം. 
കയ്യും കാലുമൊക്കെ ഞാനൊന്ന് ചേർത്ത് പിടിച്ചാൽ ഒടിഞ്ഞുപോകുമെന്ന് തോന്നി, 
തലയൊക്കെ ഒരു ഷേപ്പ് ഇല്ലാതെ, 
ഒട്ടും ഭാരമില്ല ഒരു പഞ്ഞിക്കഷ്ണം പോലെ, എന്റെ കുഞ്ഞെന്താ ഇങ്ങനെ എന്ന് തോന്നി.

ഒരു നേഴ്‌സ് കുഞ്ഞിനെ കയ്യിൽ തന്നിട്ട് പാൽ കൊടുക്കാൻ പറഞ്ഞു, അത് കേട്ടപ്പോൾ ഈ കുഞ്ഞിന് പാലുകുടിക്കാനറിയാമോ എന്നായി ചിന്ത.
 പക്ഷെ, അമ്മിഞ്ഞയുടെ മണമടിച്ചപ്പോൾത്തന്നെ അവളെന്റെ നെഞ്ചോട് ചേർന്ന് മൂക്കുരസാൻ തുടങ്ങി, 
പിന്നെ പതിയെപ്പതിയെ പാൽ കുടിക്കാൻ തുടങ്ങി. ഒരഞ്ചുമിനുട്ട് അപ്പോഴേക്കും ഉറങ്ങി. 

പാലുകുടി കഴിഞ്ഞിട്ട് അവളെ കട്ടിലിൽ അരികിലായി കിടത്തി, മൂന്ന് സെക്കൻഡ് ആയിട്ടുണ്ടാകും അവൾ ഛർദിക്കാൻ തുടങ്ങി, പെട്ടെന്ന് അടുത്ത് നിന്ന സിസ്റ്ററിനെ വിളിച്ചു, അവരവളെ എടുത്ത് തോളത്തിട്ട് മുതുകത്ത് തട്ടി. എന്നിട്ട് അകത്തേക്ക് കൊണ്ടുപോയി ടവൽ  ഒക്കെ മാറ്റിയിട്ട് കൊണ്ട് വന്നു,

 കയ്യിൽ തരുമ്പോൾ പാലുകൊടുത്ത് കഴിഞ്ഞ് കുഞ്ഞിനെ മുതുകത്ത് തട്ടി ഗ്യാസ് കളയണമെന്നും നന്നായി പൊതിഞ്ഞു വെക്കണമെന്നും പറഞ്ഞു. സത്യത്തിൽ ഇതൊക്കെ എനിക്കറിയാവുന്നതാണ്. പക്ഷെ, അതൊന്നും അന്നേരം ഓർമ്മ വന്നില്ല. 
പിന്നെ എത്രയൊക്കെ പൊതിഞ്ഞുവച്ചാലും അവൾ കാൽ പുതപ്പിനു പുറത്തേക്കിട്ട് അവളുറങ്ങൂ. ചാച്ചുവിന്റെ അതേ രീതി, അന്ന് മുതൽ ഇന്നുവരെയും അതിനൊരു മാറ്റവും വന്നിട്ടില്ല. . 
***

കുഞ്ഞുമായി വീട്ടിലെത്തിയിട്ടും എനിക്ക് ആകെ എന്തോപോലെ,
ഇടക്കിടക്ക് കുഞ്ഞ് കരയുമ്പോൾ ഞെട്ടുന്ന ഉറക്കം, 
കിടന്നിടത്ത് നിന്ന് അനങ്ങിയാൽ കുഞ്ഞിന്റെ ദേഹത്ത് തട്ടിയാലോ എന്ന ഭയം, 
കുറച്ച് അധിക നേരം അവൾ ഉറങ്ങിക്കഴിഞ്ഞാൽ ജീവനുണ്ടോ എന്ന സംശയം,  അത് മാറ്റാനായി അവളുടെ നെഞ്ചിൽ കൈവച്ച് നോക്കുമായിരുന്നു. 
പാൽ കുടിച്ച് കഴിഞ്ഞ് ഏമ്പക്കം പോകുന്നത് വരെയുള്ള ടെൻഷൻ. 
എല്ലാത്തിന്റെയും ഒരു ആകെത്തുകയായിരുന്നു ആദ്യത്തെ ഒരു മാസം. 

***
 മോൾക്ക് ഏതാണ്ട് രണ്ടുമാസമൊക്കെ  കഴിഞ്ഞപ്പോളാണ്  ഞാനെന്റെ  അമ്മ  ജീവിതവുമായി അൽപ്പമെങ്കിലും പൊരുത്തപ്പെട്ടു തുടങ്ങിയത്. 
എന്നാലും എന്റെ പ്രശ്നങ്ങൾക്ക് കുറവൊന്നുമില്ലായിരുന്നു
 കുട്ടിയെ തൊട്ടിലിൽ കിടത്തി ഉറക്കിയിട്ട് കുഞ്ഞിനെ അന്വേഷിച്ച് നടക്കുക എന്നതായിരുന്നു പ്രധാന ഹോബി. 
പതിയെപ്പതിയെ അവളുടെ ചെറിയ ചെറിയ അനക്കങ്ങളുടെ അർഥങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. 
ഞാൻ അവളെ അറിയാൻ തുടങ്ങി. 
അവൾ കരഞ്ഞപ്പോൾ ആദ്യമായി ഞാനും കൂടെ കരഞ്ഞത് അവൾക്കാദ്യമായി വാക്സിൻ എടുത്ത ദിവസമാണ്. 
പാവമെന്റെ കുഞ്ഞി അന്നും പിറ്റേന്നും കാലുകൾ അനക്കിയില്ല. 

ഇതൊക്കെയാണെങ്കിലും ഒരു ദിവസം കട്ടിലിൽ കുഞ്ഞിനെ കിടത്തിയിട്ട് തൊട്ടിലിൽ ഓർക്കാതെ അവളുടെ ദേഹത്താണ് ഞാൻ ചെന്നിരുന്നത്. എന്നതിനിത്ര സോഫ്റ്റായ സാധനമെന്ന് ആലോചിച്ച എണീറ്റ് നോക്കിയപ്പോൾ എന്റെ മോള്. 

***
ആറുമാസം വരെയും അവൾക്ക് മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുത്തിരുന്നില്ല. 
ജോലിക്ക് പോയിത്തുടങ്ങേണ്ടതുള്ളതിനാൽ അവളെ മറ്റുള്ള ആഹാരം കൂടി ശീലിപ്പിക്കുക എന്നത് ഒരു ടാസ്ക് തന്നെയായിരുന്നു, 
ചോറുകൊടുത്ത് കഴിഞ്ഞിട്ട് ഒരു പത്ത് ദിവസം കൂടിയേ എനിക്ക് ലീവ് ഉള്ളായിരുന്നു, പക്ഷെ, ആ സമയം കൊണ്ട്  അവൾ പതിയെ കുറുക്കുകളും നേർപ്പിച്ച കഞ്ഞിവെള്ളവുമൊക്കെ കഴിച്ച് തുടങ്ങി. 

ജോലിക്ക് പോയ ശേഷം അവളെന്നെ കാണാതെ കരഞ്ഞത് ആദ്യത്തെ രണ്ടു ദിവസം മാത്രമാണ്, 
രാവിലെ ഏതാണ്ട് എട്ടുമണിയോടെ പാൽ കുടിച്ച്കഴിഞ്ഞാൽപ്പിന്നെ വൈകുന്നേരം അഞ്ചുമണിവരെ കാത്തിരിക്കണം, അവൾ അത്ര കുറഞ്ഞ സമയം കൊണ്ടുതന്നെ ആ ദിനചര്യയോട് പൊരുത്തപ്പെട്ടു. 

വീടെത്തുമ്പോളേക്കും പാൽ നെഞ്ചിൽ കെട്ടി നിന്ന് വേദനിക്കുന്നുണ്ടാകും, അവളത് കുടിക്കുമ്പോളാണ് എനിക്കും ബുദ്ധിമുട്ട് മാറുന്നത്. 
ഒരു കണക്കിന് പറഞ്ഞാൽ എന്നെക്കാളും അവളാണ് അഡ്ജസ്റ് ചെയ്യുന്നത്, ഇതുവരെ ചെറിയ ചെറിയ അസുഖങ്ങൾ വന്നിട്ട് ലീവെടുക്കേണ്ടി വന്നതൊഴിച്ചാൽ അവളുടെ നിർബന്ധമോ കരച്ചിലോ കൊണ്ട് വീട്ടിൽ നിൽക്കേണ്ടി വന്നിട്ടില്ല. 

രാവിലെ പോയിക്കഴിഞ്ഞാൽ വൈകിട്ട് എത്തുമെന്നവൾക്കറിയാം, എന്നാലും ആറുമണി കഴിഞ്ഞാൽപ്പിന്നെ കിണുക്കമാകും, ഞാൻ ചെന്ന് കയറിക്കഴിഞ്ഞാൽപ്പിന്നെ വേറെ ആരെടുത്തലും പോകില്ല. 

ഇപ്പോൾ ഞാനെന്ന അമ്മയ്ക്കും അവൾക്കും ഒരു വയസും നാലുമാസവുമായി, അവൾ മിടുക്കിയായി  വളരുന്നുണ്ട്, അവളെക്കണ്ട് എന്നിലെ അമ്മയും വളരുന്നുണ്ട്. 
ഇപ്പോൾ അവളുറങ്ങുമ്പോൾ സംശയം തീർക്കാൻ കാലിൽപിടിച്ച് ഞെക്കി നോക്കും അവള് കാൽ വലിക്കുമ്പോൾ സമാധാനമാകും 
ചില നേരത്തെ കുരുത്തക്കേട് കണ്ടാൽ  നല്ല ചുട്ട അടി കൊടുക്കാൻ തോന്നും, എന്നാലും മനസ്സനുവദിക്കാറില്ല   

അവളുടെ അവ്യക്തമല്ലാത്ത ഭാഷയും, കുഞ്ഞിച്ചന്തി കുലുക്കിയുള്ള ഡാൻസും, ശബ്ദമില്ലാത്ത ഉമ്മകളും, ചിരിയും കരച്ചിലുമെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്. 
ആദ്യം കണ്ടപ്പോൾ തോന്നിയ അങ്കലാപ്പുകളെല്ലാം മാറിയിട്ടുണ്ട്. 
അവള് വളരുന്നിടത്തോളം ഞാനും, ഞാനെന്ന അമ്മ വളരുന്നിടത്തോളം അവളും വളരും. 

ഈ കടന്നുപോയതൊക്കെ വെറും സാമ്പിളുകൾ മാത്രം ഇനി എന്തൊക്കെയാണുള്ളതെന്ന് പടച്ചവന് മാത്രമറിയാം 
ചുരുക്കം പറഞ്ഞാൽ 'The grate motherhood is not a piece of cake."




2018, ഏപ്രിൽ 20, വെള്ളിയാഴ്‌ച

അർധരാത്രിയിലെ അപരിചിതർ

അർധരാത്രിയിലെ അപരിചിതർ 

മജെസ്റ്റിക്കിലേക്ക് എത്തുമ്പോൾ സമയം അർധരാത്രി കഴിഞ്ഞിരുന്നു. 
സദാനന്ദൻ ഉറക്കച്ചടവ് മാറാതെ നിൽക്കുകയായിരുന്നു. 
"വേഗം വാടോ സദാനന്ദാ.. ഈ ട്രെയിനും കൂടി പോയാൽ ഇനി നാളെ ഉച്ചയ്ക്കേയുള്ളു. അടുത്ത ബസ്സിന്‌ കയറിയാല് മാത്രേ സമയത്ത് സ്റ്റേഷനിലെത്തുള്ളു.." ശ്രീധരൻ നായർ തിടുക്കം കൂട്ടി.. 
സദാനന്ദൻ ഒന്ന് തല കുടഞ്ഞു.. 
"ആ വെള്ളം ഇച്ചിരി ഇങ്ങു തന്നേ.."
ശ്രീധരൻ നീട്ടിയ വെള്ളം വാങ്ങി അയാളൊന്നു മുഖം കഴുകി...
അടുത്ത ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി രണ്ടാളും വേഗത്തിൽ നടന്നു. 
ഇരുള് മറയുന്നിടത്തായി രണ്ടു യുവതികൾ.. 
"ഇവറ്റകളൊക്കെ ഇങ്ങനെ ജീവിക്കുന്നതിനെന്തിനാ.. പോയി ചാകണതാ ഇതിലും ഭേദം.."
കനത്തിലിട്ട അവരുടെ ചുവന്ന  ലിപ്സ്ടിക്കിലേക്ക് നോക്കി സദാനന്ദൻ പ്രാകി. 
അവരത് കേട്ടെന്നു തോന്നുന്നു.. 
നടക്കുന്നതിനിടയിൽ ശ്രീധരൻ ഒന്നുകൂടി തിരിഞ്ഞു നോക്കി. 
'അതിലൊരു  യുവതിയെ കണ്ടതുപോലൊരു പരിചയം' 
"എന്താടോ ശ്രീധരാ.. ഈ വയസാം കാലത്ത്.. തനിക്കിതെന്തിനതിന്റെ കേടാണ്? ഇങ്ങോട്ട് വേഗം നടക്ക്.."
ശ്രീധരന്റെ തിരിഞ്ഞുനോട്ടം കണ്ടിട്ട് സദാനന്ദൻ ശബ്ദമുയർത്തി.
ശ്രീധരൻ കാലുകൾ വലിച്ചു വച്ച് നടന്നു.. 
ബസ് സ്റ്റോപ്പിലെത്തിയതും റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസ് വന്നു നിന്നതും ഒരുമിച്ചായിരുന്നു. 
ജനാലയ്ക്കരികിലെ സീറ്റിലിരിക്കുമ്പോൾ അയാളൊന്നു സംശയിച്ചു, 
'രേണു മോളാണോ അത്?.. ഹേയ്.. ആകാൻ വഴിയില്ല.. അവൾ ആ പയ്യനൊപ്പം സുഖമായി കഴിയുന്നുണ്ടാകും എവിടെയെങ്കിലും..'
ആ രണ്ടു യുവതികളെ കണ്ട വഴിയുടെ അറ്റത്ത് അവരുടെ നിഴലുകൾ അപ്രത്യക്ഷമാകുന്നത് അയാൾ കണ്ടു.
***
ചിന്താഭരിതമായ മുഖം കണ്ടിട്ടാകണം ശാന്തി ചോദിച്ചത്.. 
"എന്താ.. ഒരാലോചന?.. ആ സേട്ട് വീണ്ടും..?"
"ഞാനെന്തോ ഓർത്തുപോയി..."
രേണു ആലോചിക്കുകയായിരുന്നു, 
'അച്ഛനായിരുന്നോ അത്?.. ഹേയ്, അച്ഛനാകാൻ വഴിയില്ല... അച്ഛനെന്തിനിവിടെ വരണം?.. നാട്ടിൽ സുഖമായിട്ടിരിക്കുകയായിരിക്കും.. '
രേണു തിരിഞ്ഞു നോക്കുമ്പോഴേക്കും ബസ്സിന്റെ ടയറുകളുണ്ടാക്കിയ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ അലിഞ്ഞു കഴിഞ്ഞിരുന്നു. 


2017, ജൂലൈ 15, ശനിയാഴ്‌ച

ഏപ്രിൽ

ഏപ്രിൽ 

ഫോൺ ബെല്ലടിക്കാൻ തുടങ്ങി.
പപ്പയാകും.
അവൾ ഉത്സാഹത്തോടെ റീസിവർ എടുത്തു.
"ഹലോ"
"പപ്പാ"
"എന്റെ മണിക്കുട്ടി കാത്തിരിക്കുകയായിരുന്നു? സുഖാണോ എന്റെ കുഞ്ഞിന് ?"
"ഉം, പപ്പക്കോ? പപ്പാ എന്ന വരുന്നേ? എനിക്ക് കാണാൻ കൊതിയാകുവാ.."
"പപ്പയ്ക്ക് ലീവ് കിട്ടുമ്പോൾ ഏപ്രിലാകും, അതും ഉറപ്പില്ല"
"എന്താ പപ്പാ, പപ്പയ്ക്കെന്നെ കാണണ്ടേ..? ഞാൻ മിണ്ടൂല".
"എന്റെ പൊന്നുമോൾ പിണങ്ങളേ, ഈ ഏപ്രിലിനെന്തായാലും പപ്പയുണ്ടാകും".
"ഉം.. പപ്പയ്ക്ക് ഞാനൊരു സമ്മാനം വച്ചിട്ടുണ്ട്."
"സമ്മാനമോ? എന്ത് സമ്മാനം..?"
"അത് പറയില്ല"
"എങ്കിൽ പറയണ്ട, എന്റെ കുഞ്ഞെനിക്കെന്തു തന്നാലും പപ്പയ്ക്കതിഷ്ടാവും.. ആദ്യം പാപ്പയ്‌ക്കൊരുമ്മ തന്നേ.."
'അമ്മ അടുത്ത് വന്നു നിൽക്കുന്നു.
"ഉമ്മ.. അമ്മയ്ക്ക് കൊടുക്കാമേ.."
അവൾ അകത്തേക്ക് കടന്നു.
മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കി, ഇരുളിൽ ചില്ലകൾ നിർത്തി ഒരു കണിക്കൊന്ന.
'പപ്പാ.. ചില്ലകൾ നിറയെ പൂക്കളുള്ള ഒരു മരം, ഒരു പൂമര.. അതാണ് പാപ്പയ്ക്കെന്റെ സമ്മാനം. തീർച്ചയായും പപ്പയ്ക്കിതിഷ്ടാവും'.
''അമ്മ സമ്മാനത്തെ കുറിച്ച് പപ്പയോട് പറയുമോ..? ഓ പറയട്ടെ..' 
അവളുറങ്ങാൻ കിടന്നു.
ഉറക്കത്തിൽ പപ്പാ അവളോട് ഒരുപാട് നേരം സംസാരിച്ചു.
അവളുറക്കെ ചിരിച്ചു. 
***
കലണ്ടറിലെ അക്കങ്ങൾ കൂട്ടിയും കുറച്ചും അവളിരുന്നു, നാളെയാണ് ഏപ്രിൽ തുടങ്ങുക.
ഒന്ന് നേരം വലുതെങ്കിൽ.. ഡോർ ബെൽ മുഴങ്ങുന്നു.
'ഈ നേരത്ത് ആരാണാവോ?'
'അമ്മ വാതിൽ തുറക്കുന്ന ശബ്ദം.
അവൾ മുന്നിലേക്ക് ചെന്നു.
'മാമൻ..
പതിവില്ലാതെ ഈ നേരത്ത്?'
ഇരുളിൽ നിന്ന് മാമിയും കൊച്ചച്ഛനും കൂടി കയറി വന്നു.
അമ്മ അദ്ഭുതപ്പെട്ട് നിൽക്കുകയാണ്.
'ഇനി പപ്പാ വരുന്നതറിഞ്ഞു വന്നതാണോ? സർപ്രൈസ് തരാൻ?'
"മണിക്കുട്ടി, വാർത്ത വച്ചേ വേഗം.."
വാർത്ത ചാനലിൽ പുകയിലയുടെ ദൂഷ്യ വശങ്ങളെ കുറിച്ചുള്ള ഒരു പരസ്യമായിരുന്നു.
വാർത്ത വായനക്കാരിയുടെ ഗൗരവ പൂർണ്ണമായ ശബ്ദം,
'വാർത്തകളിലേക്ക് വീണ്ടും സ്വാഗതം, വാർത്തകൾ വിശദമായി.
നൈജീരിയയിൽ വീണ്ടും ബൊക്കോ ഹറം തീവ്രവാദികളുടെ വിളയാട്ടം, 
കഴിഞ്ഞ ദിവസം ഇന്ത്യൻ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ പതിമൂന്നു പേര് കൊല്ലപ്പെട്ടു. മലയാളിയായ അധ്യാപകനടക്കം ഒമ്പതുപേരെ ബന്ദികളാക്കിയതായാണ് സൂചന.
ബന്ദികളെ ഉടൻ വധിച്ചേക്കുമെന്ന്...'
വാർത്താവായനക്കാരി പൂർത്തിയാക്കും മുൻപ് 'അമ്മ പുറകിലേക്ക് മറിഞ്ഞു.
കണ്മുന്നിലൂടെ മാമി ചോദിക്കുന്നു, "വെള്ളമെവിടെ?".
***
താഴെ വീണ പൂവെടുത്ത് കൈവെള്ളയിൽ വച്ച് അവൾ മുകളിലേക്ക് നോക്കി.
നിറയെ മഞ്ഞപ്പൂക്കൾ.
ഏപ്രിൽ മാസം തുടങ്ങിക്കഴിഞ്ഞു.
പത്ത് ദിവസം കൂടി കഴിയുമ്പോൾ വിഷു വരും.
കൈനീട്ടത്തെ കുറിച്ചോർത്തപ്പോൾ അവളുടെ കണ്ണീർ പൂക്കളെ മറച്ചു.
അഞ്ചു വര്ഷം മുൻപൊരു വിഷു, പപ്പയുടെ കൈനീട്ടം സ്വർണ പാദസരങ്ങളായിരുന്നു. 
പപ്പയുടെ കൈനീട്ടമില്ലാത്ത നാലാമത്തെ വിഷു.
അമ്മയിപ്പോൾ എണ്ണ വറ്റിയ വിളക്കാണ്, സദാ കണ്ണീരുണങ്ങിയ പാട് മുഖത്തുണ്ടാവും. 
ഭഗവാന്റെ നടയിൽ നിൽക്കുന്നത് കാണുമ്പോൾ ഉള്ളുപൊള്ളും.
ശരിക്കും പറഞ്ഞാൽ, വെള്ള ചുറ്റിയ, ചോര വറ്റിയ ഒരു പ്രേതക്കോലം.
***
വിഷുവിന്റെ അകമ്പടിയോടെ വീണ്ടുമൊരു ഏപ്രിൽ മാസം.
പുറത്തു മഞ്ഞപ്പൂക്കൾ ചിതറിക്കിടക്കുന്നു.
പന്തലുയർന്ന് കഴിഞ്ഞു.
'പപ്പാ, നാളെയെന്റെ വിവാഹമാണ്, പപ്പ ആഗ്രഹിച്ചതുപോലെ. മണിക്കുട്ടിയെ കൈപിടിച്ച് കൊടുക്കാൻ പാപ്പയുണ്ടാകില്ലേ?'
പുറത്ത് സന്ധ്യ മയങ്ങാൻ തുടങ്ങി.
കൊന്ന മരത്തിലെ കുയിൽ കൂട്ടിലേക്ക് യാത്രയായി.
അവൾ പപ്പയുടെ ചിരിക്കുന്ന ചിത്രം ചുംബിച്ചു, പിന്നെ നെഞ്ചോട് ചേർത്തു.
ആയിരുപ്പിലൊന്ന് മയങ്ങിപ്പോയി.
പപ്പ മുന്നിൽ നിൽക്കുന്നു, അവൾ പപ്പയുടെ അടുത്തേക്കോടി.
അടുക്കുംതോറും പപ്പ അകന്നകന്ന് പോകുന്നു,
അവൾ ഞെട്ടിയുണർന്നു.
പിന്നെ, കണ്ണീരിനെ കൂട്ടുവിളിച്ച് തലയിണയിൽ മുഖമമർത്തി. 
"മണിക്കുട്ടീ..", അമ്മയുടെ ഒച്ച.
അവൾ കണ്ണും മുഖവും തുടച്ചു.
ഹാളിൽ എല്ലാവരുമുണ്ട്.
ടി വിയിലേക്ക് 'അമ്മ ചൂണ്ടി.
സ്ക്രീനിനു ചുവട്ടിൽ ചെറിയ അക്ഷരങ്ങൾ ചലിക്കുന്നു.
'ബൊക്കോ ഹറം തീവ്രവാദികൾ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു. കൂട്ടത്തിൽ മലയാളി അധ്യാപകനും ഉൾപ്പെടുന്നതായി സൂചന. ഒരാഴ്ച മുൻപ് നടന്ന രക്ഷാപ്രവർത്തനം സ്ഥിരീകരിക്കാത്തതിനാലാണ് പുറത്തുവിടാത്തതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.'
പുറത്ത് ഏതോ വാഹനം വന്നു നിൽക്കുന്ന ശബ്ദം.
കാളിങ് ബെൽ മുഴങ്ങുന്നു.
അവൾ വാതിൽ തുറക്കാനോടി,
'ദൈവമേ, പപ്പയാകണേ'