fantasy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
fantasy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, ജൂൺ 24, ശനിയാഴ്‌ച

ആത്മാവ്

ആത്മാവ് 

എത്ര ശ്രമിച്ചിട്ടും എന്റെ ആത്മാവ് ദിശ മാറ്റിയിട്ടില്ല.
ഉണരുമ്പോൾ പോലും അതായിരുന്നു ചിന്ത.
ഇത്രയും വർഷങ്ങളായിട്ടും ഒന്നും മറക്കാൻ സാധിക്കുന്നില്ലെന്നോ?
ഒറ്റയായ ജീവിതം എല്ലാം മറക്കാൻ വേണ്ടി മാത്രമായിരുന്നു.
സിഗരറ്റ് കുട്ടികളിലൂടെ പുകച്ചു തീർത്തത് പഴയ ഓർമ്മകളാണെന്നു കരുതി.
തെറ്റി,
ഒന്നും മറന്നിട്ടില്ല.
ഇന്നും ഒരു ഒക്ടോബർ പതിനേഴാണ്.
എല്ലാം മറക്കണം.
ബാഗ് തപ്പി, സിഗരറ്റിന്റെ കൂട് ഒഴിഞ്ഞു കിടക്കുന്നു. 
പുറത്തിറങ്ങി.
നഗരത്തിന്റെ തിരക്കിലേക്ക് ഊളിയിടുമ്പോൾ പരിചയ മുഖങ്ങൾ ഒന്നും കണ്ടില്ല.
ഭാഗ്യം.
കണ്ടിരുന്നെങ്കിൽ പല പല ചോദ്യങ്ങൾ-'എന്താ ഇന്ന് ലീവ് ആണോ?', 'സുഖമില്ല?'.
സ്ഥിരം കസ്റ്റമറെ കണ്ടപ്പോൾ തന്നെ കടയിലെ പയ്യൻ സിഗരറ്റു കൂടെടുത്തു.
അന്ജെണ്ണം വേണമെന്നു ആംഗ്യം കാണിച്ചു.
പൈസ കൊടുത്തു നടക്കുമ്പോൾ ചിന്തിച്ചു, 'അൻപതെണ്ണം ഒറ്റയിരുപ്പിനു തീർക്കണം'.
ഇന്നെനിക്ക് കടൽ കാണണം.
ഇവിടെവിടെയാണ് കടൽ..
അതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല, മനസ്സിൽ വലിയൊരു കടലിരമ്പുന്നുണ്ട്. 
ജുമാ മസ്ജിദ് ഇന്ന് മനോഹരമായി തോന്നി.
മുന്നിലൊരു ചോദ്യം, ഒരു പരിചയക്കാരി- " മാഡം പതിവില്ലാതെ ഈ വേഷത്തിൽ?"
ചിരിയായാണ് മറുപടി പറഞ്ഞത്.
നീറ്റായി ഡ്രസ്സ് ചെയ്തു കാണുന്നയാളെ പതിവില്ലാതെ അയഞ്ഞ കുർത്തയും അലസമായി വലിച്ചിട്ട ഷാളും  തോളത്തൊരു സഞ്ചിയുമായി കണ്ടതിന്റെ ചോദ്യമാണത്.
അവർക്കറിയില്ലല്ലോ ഈ ദിവസത്തിൽ നിന്ന് സ്വാതന്ത്രയാകാനുള്ള ഓട്ടമാണിതെന്ന്.
മെട്രോയിൽ സീറ്റ് കിട്ടിയ പാടെ മയക്കം കണ്ണുകളെ മൂടി.
കഴിഞ്ഞ ദിവസത്തിലെ സ്വപ്നം ഓർമ്മപ്പെടുതലെന്നോണം മടങ്ങി വന്നു.
ഇന്നലത്തെ സ്വപ്നത്തിൽ ഞാനവന്റെ ആത്മാവിനെ കണ്ടിരുന്നു.
തമാശയ്ക്കു ഞാനവന്റെ മുടികളിലൊരെണ്ണം പിഴുതെടുത്തു. 
(അത് ഞാൻ ഭദ്രമായി ബാഗിൽ സൂക്ഷിച്ചിട്ടുണ്ട്)
അവനെന്റെ ചിറകിലാണ് പിടുത്തമിട്ടത്, ഒരു തൂവൽ അവന്റെ കയ്യിലായി.
(ആ തൂവലില്ലാതെ ആത്മാവിനിനി പറക്കാൻ പറ്റില്ല.
അടുത്ത സീറ്റിൽ ആരോ വന്നിരുന്നു, പുഞ്ചിരിയോടെ അവൻ.
പഴ്സ് തുറന്നു ആ തൂവൽ അവനെന്റെ നേരെ നീട്ടി. 
"തുന്നിപ്പിടിപ്പിക്കണം, അല്ലെങ്കിൽഇന്നെനിക്കു കാണാൻ പറ്റില്ല".
"താങ്ക്സ്"
ബാഗിനുള്ളിൽ നിന്ന് മുടിയെടുക്കുമ്പോൾ അവൻ തടഞ്ഞു,"വേണ്ട, ഇരുന്നോട്ടെ ഒരോർമ്മയ്ക്ക്"
ഓർമ്മയ്ക്ക് സമ്മാനിച്ചത് ഒരുപാടുണ്ടെന്നു പറയണമെന്നുണ്ടായിരുന്നു, പറഞ്ഞില്ല.
ഇന്നത്തെ ഉറക്കത്തിൽ പറയാം, ഒപ്പം അന്നത്തെ ഇഷ്ടം ഇന്നുമുണ്ടെന്നു പറയാം, കാത്തിരിക്കുകയാണെന്ന് പറയാം, ഒക്ടോബർ പതിനേഴ് ഇഷ്ടമാണെന്നു പറയാം.
രാത്രി ഏറെയായിരുന്നു.
ഫ്ലാറ്റിന്റെ വാതിൽ തള്ളിത്തുറന്നു അകത്തേക്ക് കടക്കുമ്പോൾ ചിന്തിച്ചു, 'വേഗം ഉറങ്ങണം'.
ബാഗ് വലിച്ചെറിയുമ്പോൾ സിഗരറ്റു കൂടുകൾ ചിതറി.
പെറുക്കിയെടുക്കാൻ സമയമില്ല, ഉറങ്ങണം.
ഉറങ്ങുന്നതിനു മുൻപ് അവനോട് പറയാനുള്ളതൊക്കെ ആത്മാവിനെ പറഞ്ഞ പഠിപ്പിക്കണം. 



2017, ജൂൺ 23, വെള്ളിയാഴ്‌ച

ന്യൂ ജെൻ

ന്യൂ ജെൻ 

"മമ്മീ.." സ്കൈപ്പിൽ നിന്ന് കാൾ വന്നു.
വേഗം വീഡിയോ ചാറ്റ് ഓൺ ആക്കി ലാപ്ടോപിന്റെ മുന്നിലിരുന്നു. 
സംസാരിക്കുന്നത് വേറാരുമല്ല, വയറ്റിൽ വളരുന്ന കുഞ്ഞാണ്.
ആറുമാസം പൂർത്തിയായിട്ടില്ല.
ഗർഭിണിയാണെന്നുറപ്പായപ്പോൾ തന്നെ ഗർഭാശയത്തിൽ മൾട്ടിമീഡിയ ചിപ്പ് ഘടിപ്പിച്ചു. 
അതിൽ ഇല്ലാത്ത അപ്ലിക്കേഷൻ ഒന്നുമില്ല, ഫേസ്ബുക്, വാട്സാപ്പ്, സ്കൈപ് അങ്ങനെ എല്ലാം.
"എന്താ മോനെ?"
"മമ്മീ എനിക്കിന്ന് കഞ്ഞീം പയറും മതി. മമ്മി ഇന്നലെ തിന്ന നൂഡിൽസ് എനിക്കിഷ്ടമായില്ല, അതിനു വല്ലാത്ത ചുവയുണ്ടായിരുന്നു. വൈകിട്ട് ചപ്പാത്തിയും ചിക്കനും മതി. ചിക്കൻ കെ എഫ് സി യിലേത് മതി."
"ശരി നീ പപ്പയെ വിളിച്ചു പറഞ്ഞോളൂ ചിക്കൻ വേണമെന്ന്"
ചാറ്റ് ഓഫായി.
അവന്റെ മുഖം ഇതുവരെ കാണാനായിട്ടില്ല, സമയമെടുക്കുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. 
ശബ്ദം വ്യക്തമല്ലെങ്കിലും കേൾക്കാം. 
മണി പത്തായി, അവന്റെ ഓൺലൈൻ ട്യൂഷൻ തുടങ്ങാൻ പോകുന്നു, ഓസ്‌ഫോർഡ് സർവകലാശാലയിലെ പ്രൊഫെസ്സറാണ് ക്ലാസ്സെടുക്കുന്നത്.
അവന്റെ അഡ്മിഷനും പ്രമുഖ സ്കൂളിൽ ശരിയായിക്കഴിഞ്ഞു.
അവിടത്തേയ്ക്കുള്ള എൻട്രൻസ് ടെസ്റ്റിന്റെ കോച്ചിങ് രണ്ട് മണിക്ക് ആരംഭിക്കും. 
നാല് മണി  ചായയ്ക്ക് ലൈസും കുർകുറെയും നിർബന്ധം. 
'എന്നാലും അവനെങ്ങനെ കഞ്ഞിയും പയറും വേണമെന്ന് പറയാൻ തോന്നി?'
ഓൺലൈനായി തന്നെ അവനൊരു പെൺകുട്ടിയെ കണ്ടെത്തിക്കഴിഞ്ഞു, മലേഷ്യയിൽ സെറ്റിലായ ഡോക്ടർ ദമ്പതിമാരുടെ പിറക്കാനിരിക്കുന്ന കുട്ടി. 
അവർ തമ്മിൽ വിളികളും ചാറ്റിങ്ങുമൊക്കെ നേരത്തേയുണ്ട്.
അച്ഛന് ജാതകത്തിൽ വലിയ വിശ്വാസമാണ്. 
ഓൺലൈനായി നല്ലൊരു ജ്യോത്സ്യനെ കൊണ്ട് ജാതകവും നോക്കിച്ചു, പത്തിൽ ഏഴു പൊരുത്തം, ധാരാളം. 
***
ഇതിപ്പോൾ മാസം എട്ടാകുന്നു, 
അവന്റെ വിളിയോ മെസ്സേജോ ഒന്നുമില്ല. 
അങ്ങൊട് ശ്രമിച്ചാൽ എറർ ഇൻ കണക്ഷൻ.
ഡോക്ടറും കേ മലർത്തി, "കാത്തിരിക്കാൻ നിവൃത്തിയുള്ളു".
ഡോക്ടർ ദമ്പതിമാരോട് ചോദിച്ചപ്പോൾ മകൾ കരച്ചിലാണത്രെ, അവൻ വിളിച്ചിട്ട് കുറേ ദിവസങ്ങളായി.


 ***
ഒമ്പത് മാസം തികഞ്ഞു, സിസേറിയൻ വേഗം നടന്നു. 
അവനെ കയ്യിൽ കിട്ടിയപ്പോൾ ചോദിച്ചു, " നീയെന്ത് പണിയാ കാണിച്ചത്, എന്തിനാ കണക്ഷൻ കട്ട് ചെയ്തത്?"
അവനൊന്നു കണ്ണിറുക്കി, "ഇപ്പോഴും ഓൺലൈൻ ട്യൂഷൻ, അതൊക്കെ കഴിഞ്ഞു ഒന്നുറങ്ങാമെന്നു വച്ചാലോ ഉടനെ അവൾ വിളി തുടങ്ങും, അത് തീരുമ്പോൾ പിറ്റേന്ന് നേരം വെളുക്കും. പിന്നെന്ത് ചെയ്യാനാ?"
എന്റെ അമ്പരപ്പിനു മുന്നിൽ ഒന്ന് ചിരിച്ചിട്ട് അവൻ കണ്ണും പൂട്ടി ഉറക്കമായി.