journey എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
journey എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, ഓഗസ്റ്റ് 6, ഞായറാഴ്‌ച

നീർപ്പോളകളേ വിട

നീർപ്പോളകളേ വിട 


നേരം വളരെയായി, എനിക്ക് വിശക്കുന്നുണ്ടായിരുന്നു. 
ഇപ്പോഴൊന്നും വണ്ടി വരുമെന്ന് തോന്നുന്നില്ല, ഇനിയും വൈകും.
ഗാർഡിനോട് അന്വേഷിച്ചപ്പോൾ പറയുകയുണ്ടായി, പാളത്തിൽ ഏതോ മരമൊടിഞ്ഞു വീണെന്ന്. 
സ്റ്റേഷൻ ഏറെക്കൂറെ വിജനമായിരുന്നു. ബാഗിൽ ചോറുരുപ്പുണ്ട്, 'എടുത്ത് കഴിച്ചാലോ?'
തണലുള്ള മരച്ചുവട്ടിൽ ബെഞ്ച് ഞാൻ കണ്ടെത്തി. 
പൊതിയഴിക്കുമ്പോഴേക്കും പ്രാകൃതമായ, കുളിച്ചിട്ട് ഏറെ ദിവസമായ, പാറിപ്പറന്ന മുടിയുള്ളൊരാൾ എന്റെ മുന്നിൽ വന്ന് എന്നെ സൂഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. 

എനിക്ക് പേടിയായിത്തുടങ്ങിയിരുന്നു. 'ചോറുവേണമോ' എന്ന ചോദിക്കാമെന്ന് കരുതി. 
അപ്പോഴേക്കും അയാളെന്റെ മുഖത്തിനരികിൽ മുഖം കൊണ്ട് വന്നു. 
ഞാൻ പുറകിലേക്ക് ഭയപ്പാടോടെ മാറി.
"'അമ്മ തന്ന പൊത്തിയാണല്ലേ, ഉം.. ഒരു വറ്റും കളയരുത്, തിന്നോ..തിന്നോ"
അയാൾ കൈകൊണ്ട് ആംഗ്യം കാണിച്ചു, എന്നിട്ട് മാറാപ്പും തൂകി പൊട്ടിച്ചിരിച്ചുകൊണ്ട് യാത്രയായി. 
ഒരു വറ്റും തൊണ്ടയിൽ നിന്നിറങ്ങാൻ കൂട്ടാക്കിയില്ല, വല്ല വിധേനെയും കുത്തി നിറച്ച്, ഒരു ബോട്ടിൽ വെള്ളവും തൊണ്ടയിലേക്കൊഴിച്ച് എഴുന്നേറ്റപ്പോഴേക്കും തീവണ്ടി വരാറായി എന്ന അറിയിപ്പ് കിട്ടി. 


തിരക്കധികമില്ലാത്തതു കൊണ്ട്  ജനാലയ്ക്കരികിലെ സീറ്റ് തന്നെ കിട്ടി. 
പുറം കാഴ്ച്ചകൾ പിന്നിലേക്കോടാണ് തുടങ്ങി, കണ്ണുകളെ മയക്കം പിന്തുടരാൻ തുടങ്ങി.
ഏതോ സ്റ്റേഷനിൽ നിന്നും പുറപ്പെടുമ്പോൾ എവിടെ നിന്നു മൈക്ക് വലിയ വായിൽ നിലവിളിക്കുന്നത് കേട്ടു, 
"ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഉൻ", ആരോ മരിച്ചിരിക്കുന്നു, ഞാനുമത് ഏറ്റു ചൊല്ലി. 
***
ഏകദേശം ഒൻപത് വര്ഷങ്ങള്ക്കു മുൻപാണ്, ഞാനീ വരികളുടെ അർഥം ശരിക്ക് മനസ്സിലാക്കുന്നത്. 
ആൻ മദ്രസ വിട്ടു വരുമ്പോൾ നേർത്ത മഴയുണ്ടായിരുന്നു. 
നീർപ്പോളകൾ നിലത്തുവീണ് തകരുന്നതും നോക്കി ഞാൻ നടന്നു. 
ഉമ്മച്ചി കുടയുമായി വഴിയിൽ കാത്തുനിൽപ്പുണ്ടായിരുന്നു. 
"മഴ നനഞ്ഞോ?"
'ഇല്ലെന്ന്' ഞാൻ ചുമൽ കൂപ്പിക്കാനിച്ച്. 
"നല്ല ആളാണ്, മഴ കണ്ടാൽ നനയാത്ത കുട്ടി.."
ഞാൻ ചരിച്ചു കൊണ്ട് ഉമ്മച്ചിയെ തോണ്ടി..
"ഉമ്മാ.. ഞാൻ മഴയത് കുളിച്ചോട്ടെ...?"
മഴ കണ്ടാൽ ഞാൻ നിൽക്കില്ലെന്ന് ഉമ്മച്ചിക്കറിയാം. 
"വേഗം കയറണം കേട്ടോ.."
വീട്ടിലെത്തിയപാടെ തട്ടവും പർദ്ദയും ഊരിയെറിഞ്ഞ ഞാൻ മഴയിലേക്കു ചാടി. 
കൈവെള്ളയിൽ വീഴുന്ന മഴത്തുള്ളികളെ താഴെയിട്ട് പൊട്ടിക്കുക എന്നതായിരുന്നു എന്റെ പ്രധാന വിനോദം.
അടുക്കളയിൽ കത്തിക്കാനിട്ടിരുന്ന പേപ്പറുകൾ പെറുക്കി കളിവള്ളമുണ്ടാക്കി, അതിൽ കയറ്റിവിടാൻ ഉറുമ്പുകളെ തിരയുമ്പോഴായിരുന്നു ഇടി വെട്ടിയത്.
ഉമ്മച്ചി പാഞ്ഞെത്തി, 'കേറിപ്പോ അകത്ത്'
ഇനിയും കളിച്ചാൽ ചുള്ളിക്കമ്പിന്റെ പാട് തുടയിൽ വീഴുമെന്നറിയാം. 

വൈകിട്ട് ഖുർആനൊത്തുമ്പോൾ ഞാൻ ചോദിച്ചു, "ഉമ്മച്ചി,, ഇതിന്റെ അർത്ഥമെന്താ...?, ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഉന്"
ഉമ്മച്ചി ഒരു നിമിഷം എന്നെ നോക്കിയിട്ട് പറഞ്ഞു, "ഇത് ആർക്കെങ്കിലും മരണമോ ആപത്തോ സംഭവിക്കുമ്പോൾ പറയുന്ന വാക്യമാണ്."
രാത്രി വീണ്ടും മഴ കനത്തു.
വാതില്പടിയിലിരുന്ന് താഴെ വീഴുന്ന നീർപ്പോളകളെ എണ്ണുകയായിരുന്നു ഞാൻ.
അകത്തു നിന്ന്  ഉമ്മച്ചി വിളിക്കുന്നു. 
ഞാനോടി അകത്തുചെന്ന്, കടയടച്ച് വാപ്പച്ചി വന്നിട്ടുണ്ട്, ഉറങ്ങാറായി.


പിറ്റേന്ന്, മദ്രസ വിട്ടു വരുമ്പോൾ വീട്ടിൽ ഉമ്മച്ചിയില്ല, ആരുമില്ല, 
കുഞ്ഞുമ്മ പറഞ്ഞു ,'ആശുപത്രിയിൽ പോയി..'
രാത്രി ഏറെ നേരമായിട്ടും കണ്ടില്ല, ഞാനുറങ്ങാൻ കിടന്നു, ഉമ്മച്ചിയുടെ വിരലുകളെ മുറുകെ പിടിക്കാതെ കിടക്കാൻ ഒരു സുഖവുമില്ല. 
അനിയൻ തൊട്ടടുത്ത് സുഖമായി ഉറങ്ങുന്നു. 
എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്, ഞാനുണർന്നപ്പോൾ വീട് നിറച്ചും ആളുകളാണ്. 
ഞാനുണർന്നെന്ന് കണ്ടപ്പോൾ ആരൊക്കെയോ എന്നെ  വീണ്ടും ഉറക്കാനാരംഭിച്ചു. 
എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു, പേടിയും. 
'എനിക്ക് ഉമ്മച്ചിയെ കാണണം.'
ഞാൻ കരയാൻ തുടങ്ങി, എന്റെ കരച്ചിൽ കേട്ട് അനിയനും. 
പള്ളിയിൽ നിന്ന് ആ വാക്യം മൂന്ന് പ്രാവശ്യം ഉയർന്ന കേട്ടു.
മുറ്റത്ത് ഒരാംബുലൻസ് വന്നു നിന്നു. 
ആരൊക്കെയോ ഉമ്മച്ചിയെ എടുത്ത്  കൊണ്ടുവന്നു. 
ഉമ്മച്ചിയെ വെള്ള പുതപ്പിച്ചിരുന്നു. 
ആരൊക്കെയോ കരയാൻ തുടങ്ങി.
എന്തോ പേടി തട്ടിയ പോലെ അനിയനും കരയാൻ ആരംഭിച്ചു, എനിക്കൊന്നും മനസ്സിലായില്ല. 

എന്റെ കയ്യിലേക്ക് ആരോ ഖുർആനെടുത്തു തന്നു, ആരൊക്കെയോ 'യാസീൻ' ഓതാൻ തുടങ്ങി.
എനിക്ക് അറിയുന്നവരും അറിയാത്തവരും ഞങ്ങളെ രണ്ടു പേരെയും ചേർത്ത് നിറുത്തി. 
എനിക്കും എന്തൊക്കെയോ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. 
അന്തരീക്ഷത്തിൽ ചന്ദനത്തിരി മണക്കാൻ തുടങ്ങി.

വൈകിട്ട് വീണ്ടും മഴ തുടങ്ങി.
ഞാൻ ടെറസ്സിലിരുന്ന് മഴത്തുള്ളികളെ തറയിലിടുകയായിരുന്നു, 
ഏറെ നേരം കാണാതാകുമ്പോൾ ഉമ്മച്ചി വരുമെന്നും എന്നെ വിളിച്ചു കൊണ്ട് പോകുമെന്നും ഞാൻ കരുതി. 
മാമ വന്ന് എന്നെ പൊക്കിയെടുത്തു.
ഞാൻ കുതറി വിളിച്ചു, "ഉമ്മച്ചിയേ....".
 ***
ഞാൻ കുതറിയത് ആരും കണ്ടില്ലെന്ന് തോന്നുന്നു. കണ്ടാൽത്തന്നെ ഉറക്കം ഞെട്ടിയതാണെന്ന് കരുതട്ടെ. 
കണ്ണും മുഖവും തുടച്ച വാച്ചിൽ നോക്കി, അറ മണിക്കൂറിനുള്ളിൽ എന്റെ സ്റ്റേഷനെത്തും. 
ഞാൻ വന്നത് ഓർമ്മ ദിവസം കൂടാനാണ്, 'ഓർമ്മിക്കാൻ വേണ്ടിയുള്ള ഓർമ്മ ദിവസം' കൂടാൻ 
സ്റ്റേഷനിലിറങ്ങി  പുറത്തേക്ക് നടക്കുമ്പോൾ മഴ കൂടെ വന്നു. 
'നീ പിന്നെ കളിയ്ക്കാൻ വന്നില്ല..' മഴ പരാതി പറഞ്ഞു. 
'കളിക്കാനിറങ്ങുമ്പോൾ തിരിച്ചു വിളിക്കാൻ ആരുമില്ല'. ഞാൻ മറുപടി  പറഞ്ഞു.
മഴ ഒരു നിമിഷം നിശബ്ദമായി. 
ഞാൻ തുടർന്നു,  'ഞാൻ വിട പറയുകയാണ്, നീർപ്പോളകളെ വിട'.


കുറിപ്പ്- 
ഒരിക്കൽ ഉമ്മച്ചി അടുക്കളയിൽ പച്ചക്കറി മുറിക്കുകയായിരുന്നു. പെട്ടെന്ന്, ഉമ്മച്ചിയുടെ കൈ മുറിഞ്ഞു. ചോര പൊടിഞ്ഞത് ഉമ്മച്ചിക്കാണെങ്കിലും നന്നായി വേദനിച്ചതെനിക്കാണ്.
എന്റെ മുഖം കണ്ട ഉമ്മച്ചി പറഞ്ഞു, "ഇക്കണക്കിന് ഞാനെങ്ങോട്ടെങ്കിലും പോയാലോ?"
"ഞാനും  വരും".
"നിന്നെ കെട്ടിച്ചു വിട്ടാലോ?"
"ഞാൻ കെട്ടുന്നില്ല".
"ഞാനങ് മരിച്ചു പോയാലോ? നിനക്ക് കൂടെ മരിക്കാൻ പറ്റില്ലല്ലോ.."
"ഞാൻ വന്ന് കാവലിരിക്കും".
അന്നങ്ങനെ പറഞ്ഞത് വ്യക്തമായി ഓർമ്മയുണ്ട്.
എന്നിട്ടീന്ന്, 
ഉമ്മച്ചിയെവിടെ, ഞാനെവിടെ?


2017, ജൂലൈ 10, തിങ്കളാഴ്‌ച

ഗൂഡല്ലൂരിലേക്കുള്ള തീവണ്ടി

ഗൂഡല്ലൂരിലേക്കുള്ള തീവണ്ടി 

കണ്ണ് തുറന്നത് മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ചയിലേക്കാണ്. 
നിരനിരയായി നിറുത്തിയിട്ടിരിക്കുന്ന ട്രെയിനുകൾ, 
ഒന്ന്, രണ്ട്, മൂന്ന് ,... എട്ട്.. ഒരു ബസ് വന്നു കാഴ്ച മറച്ചു.
കണ്ണുകൾ പിൻവലിക്കാൻ ശ്രമിക്കുമ്പോഴേക്കും ഒരു തണുത്ത കാറ്റിനൊപ്പം കടന്നു വന്ന ഉറക്കം അയാളെ കീഴ്‌പ്പെടുത്തി.
ഉറങ്ങരുതെന്നു സ്വയം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു, മനസ്സും ഉറങ്ങാൻ തുടങ്ങി.
'ഉറങ്ങരുത്..' സ്വയം പറഞ്ഞു കൊണ്ടിരുന്നു.
എന്തോ സംഭവിച്ചു, 
പലരും എഴുന്നേറ്റ് എത്തി നോക്കുന്നു.
ഒരു പാട്ടി വട്ടം ചാടിയതാണ്. 
ബസ് ബ്രേക്കിട്ടതിനൊപ്പം ഉറക്കത്തിന്റെ പുതപ്പും തെറിച്ചു പോയി.
ഒരു സിഗരറ്റ് വലിക്കണമെന്നുണ്ട്, എവിടെയെങ്കിലും അഞ്ചു മിനിറ്റ് നിറുത്തിയിട്ടെങ്കിൽ..
ഒന്നരയാകുന്നതേയുള്ളൂ.. എന്താ ഈ സമയം പോകാത്തെ..?
കടന്നു പോകുന്ന വഴികളിലെല്ലാം കുറ്റാക്കുറ്റിരുട്ട് ചീവീടിന്റെ ശബ്ദവുമായി കാവൽ നിൽക്കുന്നു.
ഈ കാവൽക്കർക്കുള്ളിൽ എത്ര നിഴലുകളാവും ഒളിച്ചിരിപ്പുണ്ടാവുക..?
മിന്നാമിനുങ്ങിന്റെ വെട്ടത്തിൽ ചീട്ടുകളിക്കുന്ന നിഴലുകൾ മുതൽ പതുങ്ങി വന്നു പൈതങ്ങൾക്ക്മേൽ വീഴുന്ന നിഴലുകൾ വരെ..
"ചായ വേണമെങ്കിൽ കുടിക്കാം.. അഞ്ചു മിനുട്ടുണ്ട്..", കണ്ടക്ടറുടെ ശബ്ദം. 
അടുത്തിരിക്കുന്നയാൾ ഇപ്പോഴും വായ തുറന്ന പാടി ഉറങ്ങുകയാണ്. ഇതുവരെയും അയാൾ ഉണർന്നിട്ടില്ല.
പുറത്തിറങ്ങി ഒന്ന് മൂരി നിവർന്നു,
പോക്കറ്റിൽ തപ്പി സിഗററ്റിന്റെ കവറെടുത്തു. 
'പനാമ..', വലിച്ചു തുടങ്ങിയ കാലം മുതലേ ഇവനാണ് കൂട്ട്.
ഒരെണ്ണം തീ പിടിപ്പിച്ചപ്പോഴാണോർത്തത്, ഇനി രണ്ടെണ്ണമേ ബാക്കിയുള്ളു, അതും കൂടി തീർന്നാൽ കിട്ടാൻ ബുദ്ധിമുട്ടാകും. 
എന്നാലും ലുപിടിച്ച് വലിക്കാൻ താല്പര്യമില്ല, ഒരെണ്ണം കത്തിച്ചാൽ അത് മുഴുവനും വളിച്ച തീർക്കണം, അതാ അതിന്റെ സുഖം.
കണ്ടക്ടർ വിളിക്കുന്നു, "വണ്ടി എടുക്കാനായി, കേറിക്കോളു..:".
ഇനിയെങ്കിലും സമയം വേഗം പോയെങ്കിൽ..
ഇതുവരെയും പകുതി ദൂരം പോലുമായിട്ടില്ല.
സീറ്റിൽ ചാരിക്കിടന്നു കണ്ണുകളടച്ചു. 
***
നഗരത്തിന്റെ തിരക്കുകളിലേക്കാണ് കണ്ണുകൾ തുറന്നത്. 
നേരം നന്നായി വെളുത്തിരിക്കുന്നു.
വച്ച് എട്ടര മാണി കാണിക്കുന്നു.
ഇനിയും രണ്ട് മണിക്കൂർ കൂടിയുണ്ട്.
വീട്ടിലേക്കൊന്ന് വിളിച്ചേക്കാം.
"ഹാലോ.."കാത്തിരുന്ന സ്വരം.
"ഞാൻ വരുകയാണ്..."
"എവിടായീ..?"
"സിറ്റിയിലെത്തി.."
മൗനം..
കൂടുതലൊന്നും പറയാനില്ല.
ഫോണിലെ സംസാരം പതിവായി മൗനത്തിലാണ് അവസാനിക്കാറ്.
***
പഴയ വരമ്പ് വഴി നടക്കുമ്പോൾ കണ്ടു, ലീലച്ചേടത്തിയുടെ മൂവാണ്ടൻ മാവിൽ നിറയെ മാങ്ങകൾ.
ഓർമ്മയുടെ വന്നത് സ്നേഹമാണോ സങ്കടമാണോ എന്ന് തിരിച്ചറിയുന്നതിനു മുൻപേ നെടുവീർപ്പ് വന്ന ഓർമ്മയെ അവ്യക്തമാക്കി.
നല്ലത്..
ഈ മാങ്ങകൾ കാണുമ്പോൾ പലതും ഓർക്കാറുണ്ട്, പശ്ചാത്താപത്തിന്റെ ആഴം പ്രതീക്ഷയുടെ വെള്ളത്തുള്ളി കാണാതെ വരളും.
മുറ്റത്തേക്ക് കടക്കുമ്പോൾ തന്നെ അകത്തെവിടെയോ പഴയൊരു ഗാനം മുഴങ്ങുന്നുണ്ടായിരുന്നു.
പാട്ടും കേട്ട് ആകാതിരിക്കുന്നയാൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടിട്ടും പുറത്തേക്ക് വന്നില്ല, 'എന്ത് പറ്റിയോ ആവോ..'
കാലുകൾ വലിച്ചു വച്ച്  അകത്തേക്ക് നടന്നു.
'അടുക്കളയിലില്ല, ബാത്റൂമിലായിരിക്കും..'
ബാത്റൂമിലെ വാതിൽ പുറത്തു നിന്ന് കൂട്ടിയിട്ടിരിക്കുന്നു, ബെഡ്‌റൂമിലുമില്ല.
നിരവധി തവണ താഴെ വീണു തകർന്ന മൊബൈലിന്റെ തൊണ്ടയിലൂടെ ചിലമ്പിച്ച പാട്ട് ഒഴുകി വന്നു.
കാലിലെന്തോ തടഞ്ഞു.
മേശയുടെ കാലിനരികിൽ മുറിഞ്ഞു വീണ വാഴക്കയുടെ ഒരു കഷ്ണം, അയാളൊന്നു പുഞ്ചിരിച്ചു.
അടുക്കള വാതിലിലൂടെ പുറത്തിറങ്ങുമ്പോൾ അടുപ്പത്തിരുന്ന് വേവുന്ന വാഴക്കയുടെ മണം മൂക്കിലടിച്ചു. 
പറമ്പിന്റെ മൂലേക്കെത്തിയപ്പോൾ ഒരു ചടച്ച രൂപം, ആസ്വിന്റെയും ആവണിയുടെയും അമ്മ, കറിവേപ്പില ദിക്കുന്നത് കണ്ടു.
കാൽ പെരുമാറ്റം കേട്ടതോടെ ആ രൂപം തിരിഞ്ഞു നോക്കി, "ആഹാ എത്തിയോ.. ഞാനാ തോരനില് ഇടാൻ രണ്ട് കറിയാപ്പില പൊട്ടിക്കാനിറങ്ങീതാ."
***
ഊണുകഴിക്കുമ്പോൾ കയറി വന്ന കുഞ്ഞിപ്പൂച്ച അയാളുടെ കാലുകളെ ഉരുമ്മി നിന്ന്.
ഒരുരുള ചോറെടുത്ത അയാൾ പൂച്ചക്ക് വച്ചുകൊടുത്തു, പൂച്ച അതും തിന്ന് അടുത്ത ഉരുളയ്ക്ക് കാത്തിരിപ്പായി. 
അവർ മൗനമായിരുന്ന് ഊണു കഴിച്ചു.
ഒന്നും സംസാരിച്ചില്ല, സംസാരിക്കാനൊന്നുമില്ല എന്നതാണ് സത്യം.
ഊണു കഴിച്ച് ഉമ്മറത്തേക്കിറങ്ങിയപ്പോൾ ആവണി ഓടിക്കയറി വന്നു. അയാൾക്കൊന്നും  പറയാനില്ലെന്ന് കണ്ടപ്പോൾ അവളുടെ കണ്ണുകളിലെ പ്രകാശത്തെ മറച്ചു കൊണ്ട് നിരാശയും വേദനയും ചേർന്നൊരു ഗ്രഹണം വന്നു മൂടി.
ഇത് പോലെ എത്ര ഗ്രഹണങ്ങൾ കണ്ടതാണ്,..
ഓരോ ഗ്രഹണവും ആ ദിവസത്തിലാണ് ചെന്ന് എത്തി നിൽക്കുന്നത്. 
***
സ്കൂളവധിയായിരുന്നു. 
അശ്വിൻ അന്ന് നാലാം ക്ലസ്സിലായിട്ടേയുള്ളു.
ആവണിയും അശ്വിനും കൂടി അന്ന് ലീലച്ചേടത്തിയുടെ പറമ്പിൽ മാങ്ങയെറിയാൻ പോയി.
അശ്വിനെറിഞ്ഞ ഒരു കല്ല് ആവണിയുടെ നെറ്റിയിൽ കൊണ്ടു, നെറ്റിയിൽ നിന്നും ചുവന്ന പുഴകൾ ഒഴുകാൻ തുടങ്ങി.
ആവണിയെയും കൊണ്ട് ആശുപത്രിയിലേക്കോടുന്നതിനിടയിൽ അവനെയൊന്ന് രൂക്ഷമായി നോക്കിയതേയുള്ളു.
ആശുപത്രിയിൽ നിന്നു മടങ്ങുമ്പോൾ സന്ധ്യ കഴിഞ്ഞു.
ഷർട്ട് മാറുമ്പോൾ ആവണി ചോദിക്കുന്നത് കേട്ട്, 'അമ്മെ അച്ചുവെട്ടനെവിടെ..?'.
അപ്പോഴാണ് അശ്വിനെ കുറിച്ചോർത്താൽ.
കൊടുങ്കാറ്റു പോലെ അശ്വിന്റെയും ആവണിയുടെയും 'അമ്മ അകത്തേക്ക് കയറി വന്നു.
"അച്ചു നിങ്ങൾക്കൊപ്പം വന്നില്ലേ..?"
"ഇല്ല.."
തലച്ചോറിൽ കൂടം കൊണ്ടടിച്ച പോലൊരു മരവിപ്പ്.
"ഞാൻ നോക്കട്ടെ" ഷർട്ടുമിട്ട് പുറത്തിറങ്ങി. 
മടങ്ങി വന്ന് ഉമ്മറത്തു തളർന്നിരിക്കാനേ അയാൾക്ക് കഴിഞ്ഞുള്ളു.
ബസ് സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടവരുണ്ട്.
സിറ്റിയിലേക്ക് ടിക്കറ്റെടുത്തെന്ന് കിങ്ങിണി ബസിലെ കണ്ടക്ടറും പറഞ്ഞു. 
***
രാത്രി കിടക്ക വിരിക്കുമ്പോ അശ്വിന്റെയും ആവണിയുടെയും 'അമ്മ പറഞ്ഞു, "നമുക്കീ തിരച്ചിൽ നിര്ത്താം, പന്ത്രണ്ട് വര്ഷങ്ങളായിരിക്കണു.. എവിടെല്ലാം അന്വേഷിച്ചു.. ഒരു വിവരോംല്ല.. ഉണ്ടോ ഇല്ലേ ന്നു പോലും..", അവസാനത്തെ വാചകം ഒരു തേങ്ങൽ തട്ടിപ്പറിച്ചെടുത്തു. 
"നിറുത്താമെടോ.. നാളെ ഞാൻ ഗൂഡല്ലൂർക്ക് പോകുന്നുണ്ട്.. അവിടൊരു പയ്യന് നമ്മുടെ കൊച്ചിന്റെ മുഖച്ഛായ തോന്നുന്നുണ്ട്, വാട്സാപ്പിൽ മെസേജ് കണ്ടതാ.. അതും കൂടി.. അതവനായിരിക്കുമെടോ.. എനിക്കുറപ്പുണ്ട്.."
തിളങ്ങുന്ന ഇരുട്ടിണിപ്പോൾ അടക്കിപ്പിടിച്ച തേങ്ങലിന്റെ ഗന്ധമാണ്.
അയാളുടെ മുന്നിൽ നാളെ ഗൂഡല്ലൂർക്ക് പോകാനുള്ള വണ്ടി വന്നുനിന്നു, ഒരു തീവണ്ടി.
അയാളുടെ പ്രതീക്ഷയുടെയും തിരച്ചിലിന്റെയും അവസാനത്തെ തീവണ്ടി.