letter എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
letter എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, മാർച്ച് 23, തിങ്കളാഴ്‌ച

ഒസ്യത്തിലെ അവസാനത്തെ വരികൾ

ഒസ്യത്തിലെ അവസാനത്തെ വരികൾ 


പ്രിയമുള്ളവനേ,
ഇവിടെ ഇടതടവില്ലാതെ മഴ പെയ്യുന്നുണ്ട്. എവിടെയൊക്കെയോ കരഞ്ഞുനടക്കുന്ന ചീവീടുകൾ, മുറ്റത്ത് വച്ചിരിക്കുന്ന പാത്രത്തിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. മെഴുകുതിരി വെളിച്ചത്തിൽ തുള്ളിപ്പറക്കുന്ന ചെറിയ ഈയാംപാറ്റകൾ, ഇവിടെ കറണ്ട് പോയിട്ട് ഒരുപാട് നേരമായി. പതിവുപോലെ ഞാൻ ജനാലകൾ തുറന്നിട്ടിരിക്കുകയാണ്, നേരിയ കാറ്റ് അകത്തേക്ക് വന്ന് മെഴുകുതിരിയുടെ ജ്വാലകൾ മദോന്മത്തരാക്കാൻ ശ്രമിക്കുന്നുണ്ട്. ചിലപ്പോൾ ഈ കാറ്റ് തന്നെയാകും എന്നെ നിനക്കുവേണ്ടിയെഴുതാൻ പ്രേരിപ്പിച്ചത്. സമയം ഏതാണ്ട് ഒരുമണിയായിട്ടുണ്ടാകും. അതെ, നല്ല സമയമാണ് നിന്നോട് സംസാരിക്കാൻ. 

നീ ആലോചിച്ചിട്ടുണ്ടോ, 
എനിക്കും നിനക്കും ഒരുപോലെയുള്ളത് ഈ ആകാശം മാത്രമാണ്. പെയ്യുന്ന മഴയും കൊള്ളുന്ന കാറ്റും വ്യത്യസ്തമാണെങ്കിലും, കാണുന്ന സൂര്യനും ഇടയ്ക്കിടെ മുഖം കറുപ്പിക്കുന്ന ചന്ദ്രനും മറ്റനേകം നക്ഷത്രങ്ങളും എനിക്കും നിനക്കും ഒരുപോലെയല്ലേ..?
ഒരുവട്ടമല്ല, ഒരുപാടുവട്ടം കൊതിച്ചിട്ടുണ്ട് നിന്നോട് ചേർന്നിരുന്ന് നിലാവ് കാണാൻ, ആ നിലാവിന്റെ താഴ്വാരത്തിരുന്ന് നിന്നെയൊന്നു നോക്കി പുഞ്ചിരിക്കാൻ. 
ഇനിയുമുണ്ട്... നിന്നോടൊത്ത് ഒരു പുഴ കാണാൻ കൊതിച്ചിരുന്നു, എങ്ങോട്ടാണൊഴുകുന്നതെന്നറിയാത്തൊരു പുഴ കാണണമായിരുന്നു. ഒരു സായാഹ്നം പാറമുകളിൽ ചിലവിടണമായിരുന്നു, ഒരു കപ്പ് കാപ്പിയുമൂതിക്കുടിച്ച് നിന്നോട് ഒരുപാട് കാര്യങ്ങൾ പറയണമായിരുന്നു. 
ഒരു പുൽത്തകിടിയിൽ മലർന്നു കിടന്ന് മേഘങ്ങളെ നോക്കണമായിരുന്നു, അവയെ നോക്കി മടുക്കുമ്പോൾ നിന്നോടൊട്ടിച്ചേർന്ന് കിടക്കണമായിരുന്നു, അങ്ങനെ കിടന്നുകിടന്ന് നിന്നെയൊന്ന് അമർത്തി ചുംബിക്കണമായിരുന്നു, വിരലുകളിൽ കടിച്ച് വേദനിപ്പിക്കണമായിരുന്നു. 

ചിരിക്കേണ്ട,
ഇതെല്ലം എന്നിലൊതുങ്ങിയ ആഗ്രഹങ്ങളാണ്. നിനക്കിവയെല്ലാം സ്വപ്നം കണ്ടുകൂട്ടിയ ഒരുവളുടെ ചിരിയടക്കിയ പ്രാന്തുകളാവാം. നിന്നെ കുറ്റം പറയേണ്ടതില്ലല്ലോ, ഒരാളിലേക്ക് മാത്രം ചുരുങ്ങിപ്പോയ ലോകമാണെന്റേത്, അതുകൊണ്ട് തന്നെയാണ് ആ ലോകത്തിനെപ്പോഴും നിന്റെപേരിട്ടു വിളിക്കുന്നത്. പി കെ പാറക്കടവ് പറഞ്ഞപോലെ, 'എനിക്ക് കാണാൻ നിന്റെ കണ്ണുകളും കേൾക്കാൻ നിന്റെ കാതുകളും മണക്കാൻ നിന്റെ മൂക്കും മതിയെന്ന് വന്നപ്പോൾ നമ്മൾ രണ്ടുപേരും വേണ്ട, ഒരാൾ മാത്രം മതിയെന്നായി. നിന്നെ മായ്ചുകളയാൻ എനിക്കാവുന്നില്ല, കാരണം, കുറേക്കാലമായി മായ്ക്കാനും എഴുതാനും നിന്റെ കൈകൾ തന്നെയാണ് ഞാനുപയോഗിക്കുന്നത്. അതുകൊണ്ട്, ഞാൻ എന്നെത്തന്നെ മായ്‌ച്ചുകളഞ്ഞു, നിന്റെ കൈ ഉപയോഗിച്ച് '. 

എത്ര കൃത്യമായ വരികൾ, 
നിന്റെ കൈ ഉപയോഗിച്ച് ഞാൻ എന്നെത്തന്നെ മായ്ച്ചുകളഞ്ഞപ്പോളാണ്, ഞാൻ അന്ധയും, മൂകയും, ബധിരയും, രൂപമില്ലാത്തവളുമാണെന്ന് മനസ്സിലായത്. അതെ, നീയെന്ന പ്രയാണത്തിൽ ഞാൻ അരൂപിയായിരുന്നു. അതുകൊണ്ടാവണം നമ്മൾ പരസ്പരം കണ്ടിട്ടും പലപ്പോഴും കാണാതെ പോയത്. വിരലുകൾ തമ്മിൽ കോർത്തിട്ടും സ്പർശനം അറിയാതെ പോയത്. ഉറക്കെയലറി വിളിച്ചിട്ടും ഒന്നും കേൾക്കാതെ പോയത്. 

സാരമില്ല, 
ഇവിടെ ഞാനോ നീയോ എന്നതല്ല, എന്നിലെ നീയോ നിന്നിലെ ഞാനോ അൽപ്പമെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നതാണ്. സാധ്യതയില്ല, അങ്ങനെയായിരുന്നെങ്കിൽ ഹൃദയം പൊട്ടി വിളിച്ച ഒരു വിളിയെങ്കിലും നമ്മളിലാരെങ്കിലും കേൾക്കാതെ പോകില്ലായിരുന്നു. കാറ്റിനോടും കടലിനോടും പറഞ്ഞുവിട്ട ഒരുപാട് സന്ദേശങ്ങളിൽ ഒന്നെങ്കിലും ഒപ്പിട്ട് കൈപ്പറ്റാതിരിക്കുമായിരുന്നില്ല. 

അല്ലയോ പ്രിയനേ, 
നിന്നോട് സംസാരിക്കാൻ നിശയിങ്ങനെ നീണ്ടു കിടക്കുന്നുണ്ട്. പക്ഷെ, അതുവരെ നിന്റെ ഓർമ്മകളുടെ ഭാരം താങ്ങാനെനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട്, അതുകൊണ്ട് മാത്രം എൻ്റെ ഒസ്യത്തിലെ അവസാനത്തെ വരികൾ ഞാൻ നിനക്കായി സമർപ്പിക്കട്ടെ. ഈ കത്ത് നിന്റെ കൈവശമെത്തുന്ന നാൾ എന്നോട് ഒന്നും ചോദിക്കാതിരിക്കുക, കാണാതിരിക്കുക, കണ്ടെത്താൻ ശ്രമിക്കാതിരിക്കുക. ഒരുപക്ഷെ, നമ്മൾ  തമ്മിൽ കണ്ടാലും മുഖങ്ങൾ പരിചയ ഭാവം കാണിക്കില്ലായിരിക്കും. എന്റെയുള്ളിലെ നീയും നിന്റെയുള്ളിലെ ഞാനും ഇരുളടഞ്ഞ കല്ലറകളിൽ  മണ്മറഞ്ഞിട്ടുണ്ടാകും. ഒന്ന് മാത്രം നീ മനസ്സിലാക്കുക, ഇതെന്റെ ഒസ്യത്താണ്.  അതിന്റെ ഏക അവകാശി നീ മാത്രവും. ഒരുപാട് പ്രാവശ്യം കുത്തികുറിച്ചിട്ടും ചുരുട്ടിക്കളഞ്ഞതിനും ശേഷം രേഖപ്പെടുത്തുന്നത്. എന്നിലെ നിന്നെ ഞാൻ ഖബറടക്കുന്നതിനു മുൻപ് ചുണ്ടുകളാൽ അവസാന മുദ്രണം ചെയ്ത എൻ്റെ ആദ്യത്തെ ഒസ്യത്ത്. 
നിറുത്തട്ടെ, 
എന്ന് സ്വന്തം...

2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

ചിറകൊടിഞ്ഞ മഴപ്പക്കികൾ

ചിറകൊടിഞ്ഞ മഴപ്പക്കികൾ

"മായേ, നീ ഏട്ടന് ചോറ് കൊടുത്തോ? ഭക്ഷണം  കഴിഞ്ഞു ഏട്ടന് മരുന്നുള്ളതല്ലേ? ഇതിപ്പോ മണി മൂന്നായി".
മായ കേട്ട ഭാവം നടിച്ചില്ല.
അരുൺ ഒന്നുകൂടി ചോദിക്കാനൊരുങ്ങുമ്പോഴേക്കും മായ അയാൾക്കുള്ള ഭക്ഷണം മേശപ്പുറത്ത് നിരത്തി.
"നീ ആദ്യം ഏട്ടന് ഭക്ഷണം കൊടുക്ക്, അത് കഴിഞ്ഞ് മതി എനിക്ക്."
"ഏട്ടന് അൽപ്പം കഴിയട്ടെ, ആദ്യം നിങ്ങൾ കഴിക്ക്. പിന്നെ മരുന്ന് കഴിച്ചിട്ടെന്താ ഫലം, ഇത്രേം നാൾ കാണാത്ത അത്ഭുതമൊന്നും ഇനി സംഭവിക്കാൻ പോകുന്നില്ല".
അരുണിന് വിശപ്പ് കെട്ടു. അയാൾ ഊണ് മേശയിൽ നിന്നും എഴുന്നേറ്റു.
രാഹുൽ അകത്തെ മുറിയിലിരുന്ന് എല്ലാം കേൾക്കുന്നുണ്ടായിരുന്നു.
ശരിക്കും അയാൾക്ക് വിശക്കുന്നുണ്ടായിരുന്നു.
***
അരുൺ മുറിയിലേക്ക് വന്നപ്പോൾ രാഹുൽ ആലോചനയിലായിരുന്നു.
"ഡാ നീയൊന്നും കഴിക്കാതെന്താ, ഭക്ഷണം അതുപോലിരിക്കുന്നു."
"വേണ്ടാഞ്ഞിട്ട, വിശപ്പില്ല."
"മായ പറഞ്ഞതൊക്കെ കെട്ടു അല്ലെ?"
അയാൾ തലയാട്ടി.
രാഹുൽ പറഞ്ഞു തുടങ്ങി, "നിന്റെ തെറ്റാ എല്ലാം, അവളുടെ എല്ലാ വാശികൾക്കും നീയാ വളം വച്ചത്. സഹോദരിയാണെങ്കിലും ആരാണെങ്കിലും നീ സ്വന്തം നിലനിൽപ്പ് കൂടി നോക്കണമായിരുന്നു. പാവം രാജിയെ..." അയാൾ പറയാൻ വന്നത് വിഴുങ്ങി.
രാഹുൽ അരുണിന്റെ മുഖത്തേക്ക് നോക്കി. 
അരുൺ ഒന്ന് നിശ്വസിച്ചു, എന്നിട്ട് ഒന്നും പറയാതെ പുറത്തേക്ക് പോയി.
***
"രാഹുലേട്ടാ, ഏട്ടൻ മഴപ്പക്കിയേ കണ്ടിട്ടുണ്ടോ?"
"മഴപ്പക്കിയോ? അതെന്താ സാധനം? രാഹുൽ രാജിയുടെ മുഖത്തേക്ക് നോക്കി.
"ഈ മഴ വരുന്ന സമയത്ത് രാത്രി ലൈറ്റിന് ചുറ്റും പറക്കുന്ന ആ പ്രാണിയുണ്ടല്ലോ അത്".
"ഈയാംപാറ്റകളോ.. ഡി അത് മഴപ്പക്കിയല്ല അത് ഈയാംപാറ്റകളാ.."
"എന്ത് പാറ്റയായാലും അതാ മഴപ്പക്കി". 
"ശരി, സമ്മതിച്ചു, മഴപ്പക്കി എങ്കിൽ മഴപ്പക്കി. എന്താ ചോദിയ്ക്കാൻ?"
"അവർക്ക് ഒരു ദിവസത്തെ ആയുസേയുള്ളു അല്ലെ,,? തലേന്ന് ചിറകടിച്ച് പറന്നു നടന്നതൊക്കെ പിറ്റേന്ന് ചിറകുകൾ കൊഴിഞ്ഞു ചത്തു കിടക്കും.. പാവങ്ങൾ.."
രാജി, അവളെങ്ങനെയായിരുന്നു, പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാത്ത ഒരു പാവം പെൺകുട്ടി. 
വെറും നിഷ്കളങ്ക. അതിനേക്കാൾ മണ്ടി എന്ന പേരാണ് അവൾക്ക് കൂടുതൽ ചേരുക. 
***
ആർമിയിൽ ചേർന്ന് ഒരു വർഷത്തിന് ശേഷമാണ് നാട്ടിലെത്തിയത്. രാജിയുടെ വീട്ടിൽ പോയി ചോദിയ്ക്കാൻ തീരുമാനിച്ചിരുന്നു. 
ആയിടക്കാണ് അരുൺ മായയെ വിവാഹമാലോചിക്കുന്നത്. അങ്ങനെ ആ കല്യാണം നടന്നു. 
ഒരു മാസത്തിനു ശേഷം  കൃത്യമായി പറഞ്ഞാൽ രാജിയെ കാണാൻ തീരുമാനിച്ചതിന്റെ തലേന്ന് രാത്രി, മായാ മുറിയിലേക്ക് വന്നു. 
"ഏട്ടൻ രാജിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചോ?"
"ഉം. എന്തെ.. നിനക്കൊരു ജീവിതമായല്ലോ, ഏട്ടനും ഒരു ജീവിതം വേണ്ടേ?".
"ഏട്ടാ.. രാജിയെ എനിക്കിഷ്ടമല്ല. മറ്റാരെയെങ്കിലും വിവാഹം കഴിച്ചോളൂ.."
അമ്പരപ്പാണ് ആദ്യമുണ്ടായത്.
"നിനക്കെന്താ രാജിയോട് അനിഷ്ടം? അത് നിന്റെ കൂട്ടുകാരിയാണല്ലോ.. "
"അത് കൊണ്ടാ വേണ്ടെന്നു പറഞ്ഞത്. അവൾ നമ്മുടെ കുടുംബത്തിന് യോജിച്ചതല്ല, പണം പോട്ടെന്നു വയ്ക്കാം, കേറിക്കിടക്കാൻ ഒരു കൂര പോലുമില്ല, താഴെ രണ്ട് അനിയത്തിമാരും.. അത് നടക്കില്ല."
"നീയെന്താ  പറയുന്നത്, ഞാൻ സ്ത്രീധനം മോഹിച്ചല്ല, എനിക്കൊരു കൂട്ട് വേണം.. അത് രാജിയായിരിക്കും. നിനക്കിഷ്ടപ്പെട്ടയാളെ നീ വിവാഹം കഴിച്ചില്ലേ?"
"ഇത് ഏട്ടന്റെ തീരുമാനമാണോ?"
"അതെ.."
"എങ്കിൽ.. ഈ വീടും പറമ്പും എനിക്ക് എഴുതിത്തരണം.. എന്നിട്ട് ഏട്ടന്റെ ഇഷ്ടം പോലെ ചെയ്തോളു."
അവൾ മുറിയിൽനിന്ന് ഇറങ്ങിപ്പോയി.
അമ്മയും അച്ഛനും മരിച്ചപ്പോൾ മായ കൂടെയുണ്ടല്ലോ എന്ന സമാധാനമായിരുന്നു അയാൾക്ക്. 
ഇന്ന് അയാൾ തീർത്തും ഏകനായത് പോലെ തോന്നി. 
***
രാജിയെ കാണുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ പറഞ്ഞു,
"മായ കാണാൻ വന്നിരുന്നു"
"നീ അവൾ പറയുന്നത് ശ്രദ്ധിക്കേണ്ട.. എന്നെ വിശ്വാസിക്ക്. ഞാൻ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്"
പെട്ടെന്ന് രാജി അയാളുടെ കൈ കവർന്ന് തലയിൽ വച്ചു.
"രാഹുലേട്ടാ, ഞാനാണെ സത്യം, ഏട്ടൻ എന്നെ വിവാഹം കഴിക്കില്ല.."
അയാൾ ഞെട്ടിപ്പോയി,
"രാജി, നീ"
"ഞാൻ കാരണം ഏട്ടൻ കഷ്ടപ്പെടുന്നത് കാണാൻ എനിക്കിഷ്ടമല്ല, നിറുത്താം, മറക്കാം.."
അവൾ ഉള്ളിലടക്കിയ കരച്ചിലോടെ തിരിഞ്ഞു നടന്നു. 
***
രാവിലെ അരുൺ വന്നു വിളിക്കുമ്പോളാണ് തലേ ദിവസം മൂക്കറ്റം കുടിച്ചിട്ടാണ് വന്നതെന്നോർത്തത്.
"രാഹുൽ, നീ വേഗം ഫ്രഷ് ആയി വാ.. ഒരു സ്ഥലം വരെ പോകണം"
അരുൺ രാഹുലിനെ കൊണ്ട് നിറുത്തിയത്, തലയ്ക്കൽ കൊളുത്തിയ വിളക്കിനു താഴെ കിടത്തിയ രാജിയുടെ ദേഹത്തിനു മുന്നിലായിരുന്നു.
സമനില തെറ്റിയിരുന്നു. 
ബൈക്ക് എതിരെ വരുന്ന ബസ്സിന്‌ നേരെ ഓടിച്ചു കയറ്റുമ്പോളും അയാളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു.
'ഇത് നിന്റെ തെറ്റാണ്, നീ കാരണമാണ്'
***
രണ്ട് വർഷമായി അത് കഴിഞ്ഞിട്ട്. 
രണ്ടു കാലുകളും മുറിച്ചു മാറ്റപ്പെട്ടു. 
അപകടത്തിൽ ജീവൻ നഷ്ടമാകാത്തത്‌ അയാൾക്ക് നിരാശയിലധികം വേദനയായിരുന്നു, 
വരാന്തയിൽ നിന്ന് മായ ശബ്ദിക്കുന്നത് കെട്ടു. 
"ഉച്ചക്ക് കൊടുത്ത ഭക്ഷണം തൊട്ടിട്ടില്ല, ഇനിയെന്തിന് ഇതും കൂടി വേസ്റ്റ് ആക്കുന്നത്?
അയാൾക്ക് വേദന  തോന്നിയതേയില്ല.
***
രാഹുലിന്റെ മുറിയിലേക്ക് മായ കാപ്പി കൊണ്ട് വരുമ്പോൾ പത്തുമണി കഴിഞ്ഞിരുന്നു. 
രാഹുൽ അപ്പോഴും കണ്ണടച്ച് കിടക്കുകയായിരുന്നു. 
"ഏത് സമയവും ഉറക്കം തന്നെ" മായ അൽപ്പം ഉറക്കെത്തന്നെ പറഞ്ഞു.
കാപ്പി മേശമേൽ വായിക്കുമ്പോഴാണ് വടിവൊത്ത കൈപ്പടയിലെഴുതിയ കത്ത് അവളുടെ ശ്രദ്ധയിൽ പെട്ടത്. 

"മായ മോൾക്ക്,
ഏട്ടൻ അവസാനമായി എഴുതുകയാണ്. നേരത്തെ ഇതൊന്നും പറയാത്തതിൽ നിരാശയുണ്ട്. ഏട്ടൻ പോവുകയാണ്. നന്നായി ജീവിക്കുക. നിനക്ക് വേണ്ടിയാണ് ഇട്ടതിന് പല ഇഷ്ടങ്ങളും വേണ്ടെന്നു വച്ചത്. അതിലേട്ടൻ നിരാശപ്പെട്ടിട്ടില്ല. അച്ഛനും അമ്മയും പോയപ്പോൾ നീയുണ്ടല്ലോ എന്ന സമാധാനമായിരുന്നു ഏട്ടന്. ഇപ്പോൾ നീ അടുത്തുണ്ടെങ്കിൽ പോലും ഏട്ടൻ തനിച്ചാണ്. നിനക്ക് നിന്റെ കുടുംബം നോക്കണമെന്ന് ഏട്ടനറിയാം അത് കൊണ്ടാണ് ഏട്ടൻ ഒരു ബാധ്യതയാകാതെ പോകാൻ തീരുമാനിച്ചത്. സന്തോഷമായിരിക്കുക. നീ അസശ്യപ്പെട്ടത് പോലെ തറവാട് നിന്റെ പേരിൽ രജിസ്റ്റർ ചെയ്ത പ്രമാണം മേശവലിപ്പിലുണ്ട്. നീ കാരണമാണ് ഏട്ടൻ പോകുന്നത് എന്ന ചിന്ത വേണ്ട. ഇത് ഏട്ടന്റെ മാത്രം തീരുമാനമാണ്. സന്തോഷമായിരിക്കു. 
എന്ന് 
ഏട്ടൻ"

മായ കണ്ടതും വായിച്ചതും മനസ്സിലാക്കുന്നതിന് ഒരുപാട് നേരം മുന്നേ രാഹുൽ തന്റെ മഴപ്പക്കിയേ തേടി യാത്ര തിരിച്ചിരുന്നു. 

അയാൾ തന്റെ മഴപ്പക്കിയേ കണ്ടുമുട്ടിയിട്ടുണ്ടാകും, പണവും പ്രതാപവും തടസങ്ങളാകാത്ത മറ്റൊരു ലോകത്തിൽ.. 



2017, ജൂലൈ 24, തിങ്കളാഴ്‌ച

ഡിയർ സെറ

ഡിയർ സെറ

ഡിയർ സെറ,
                   ഈ കത്ത് കിട്ടുമ്പോൾ നിങ്ങളൊരുപക്ഷേ അത്ഭുതപ്പെടണമെന്നില്ല. നിങ്ങൾ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തോരാള് നിങ്ങൾക്ക് കത്തെഴുതുന്നത് പുതുമയല്ലെന്നറിയാം. നിങ്ങൾ കിട്ടുന്ന കാതുകൾ വായിക്കുമോ എന്നെനിക്കറിയില്ല. പക്ഷെ, നിങ്ങളിത് വായിക്കാൻ വേണ്ടി മാത്രമാണ് കവറിനു പുറത്ത് ഗർഭ പാത്രത്തിൽ കിടക്കുന്ന കുഞ്ഞിന്റെ പടം വരച്ചത്.
                  പരിചയപ്പെടുത്താൻ മറന്നതല്ല, ഞാൻ മൻഹ ബഷീർ, ഒരു ഗവണ്മെന്റ് ആശുപത്രിയിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. നിങ്ങൾക്കെന്റെ പേരോ മുഖമോ ഓർമ്മയുണ്ടാകാൻ വഴിയില്ല. ഞാൻ പ്രശസ്തയല്ല, വ്യത്യസ്തയുമല്ല, ഒരു സാധാരണ കുടുംബിനി.
                  സെറ, ഇന്നലെ ടീവിയിൽ നിങ്ങളുടെ അഭിമുഖം കണ്ടിരുന്നു, സാഹിത്യ അക്കാദമി അവാർഡുകളും റിയാലിറ്റി ഷോകളുമായി തിരക്കിലാണെന്ന് മനസ്സിലായി. ഇന്നലത്തെ ഇന്റർവ്യൂ കണ്ടപ്പോഴാണ്നിങ്ങൾ വീണ്ടും വിവാഹം കഴിച്ചില്ലെന്നറിഞ്ഞത്. നിങ്ങൾ ഒരു വിവാഹമൊക്കെ കഴിച്ച, സന്തോഷമായി, കുടുംബമായി കഴിയുന്നു എന്നായിരുന്നു എന്റെ തോന്നൽ.
                   ഞാൻ പറഞ്ഞില്ലേ നിങ്ങൾക്കെന്നെ ഓർത്തെടുക്കാൻ സാധിക്കില്ലെന്ന്, കാരണം, ഞാൻ നിങ്ങളുടെ മുന്നിൽ വരുമ്പോഴൊക്കെ നിങ്ങൾ അബോധാവസ്ഥയിൽ ആയിരുന്നു. തലയിലും കൈകാലുകളിലും ചുറ്റിക്കെട്ടുകൾ, കഴുത്തിന് ചുറ്റും കോളർ, ഞരമ്പുകളിൽ ഘടിപ്പിച്ച ട്യൂബുകൾ, ശ്വസന സഹായി, ചുറ്റും നടക്കുന്നത് ഒന്നും നിങ്ങൾ അറിയുന്നുണ്ടായിരുന്നില്ല. പിന്നെങ്ങനെ നിങ്ങളെന്നെ ഓർത്തെടുക്കും?
                എന്നെയീ കത്തെഴുതാൻ പ്രേരിപ്പിച്ചത് നിങ്ങളിന്നലെ ഇന്റർവ്യൂവിൽ പറഞ്ഞ ആ വാക്കുകളാണ്, 'അവൻ മരിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല, എവിടെയോ ആ കുഞ്ഞു ജീവിച്ചിരിപ്പുണ്ട്' - നിങ്ങൾ പറഞ്ഞത് സത്യമാണ്, ആ കുഞ്ഞു ജീവിച്ചിരിപ്പുണ്ട്, കഴിഞ്ഞ പതിനാല് വര്ഷങ്ങളായി എന്റെ മക്കളിലൊരാളായി ജീവിച്ചിരിക്കുന്നു. അമാൻ ബഷീർ, അതാണവന്റെ പേര്. തീർത്തും നിങ്ങളുടേത് പോലുള്ള കണ്ണുകളും മുടിയും. അവൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്, 'ഉമ്മാ, എന്റെ മുടിയെന്താ ചുരുണ്ട പോയതെന്ന്', ഞാൻ പറയും, 'നിന്റെ ഉപ്പുപ്പാന്റെ മുടി ചുരുണ്ടതായിരുന്നു', കള്ളമാണത്.
                   നിങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട ദിവസം മറ്റൊരാശുപത്രിയിൽ ഡ്യൂട്ടി നേർസായിരുന്നു ഞാൻ. കൊക്കയിൽ നിന്ന് നിങ്ങളുടെ ചോരയിൽ കുളിച്ച ശരീരവും നിങ്ങളുടെ ഭർത്താവിന്റെ കത്തിക്കരിഞ്ഞ ബോഡിയും കിട്ടിയിരുന്നു. വെറും രണ്ട് മാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ പിഞ്ചു ശരീരം മാത്രം കിട്ടിയില്ല, അതിനെ മൃഗങ്ങൾ ഭക്ഷിച്ചിട്ടുണ്ടാകുമെന്ന് പോലീസും വിധിയെഴുതി. അവർ നിങ്ങളുണർന്നപ്പോൾ പറഞ്ഞത് 'ആ കുട്ടി മരിച്ചു പോയി' എന്നാകണം.
                    ആ നേരം അവൻ എന്റെ കൈകളിലായിരുന്നു, അവൻ മരച്ചില്ലകളിൽ തടഞ്ഞു നിൽക്കുകയായിരുന്നു, വിറകുവെട്ടാൻ പോയ വേടരാണ്‌ അവനെ കണ്ടത്. അവരവനെ ഞാൻ ജോലി ചെയ്യുന്ന ട്രൈബൽ ക്ലിനിക്കിൽ എത്തിച്ചു. ആരുടെ കുഞ്ഞാണെന്നറിയാതെ ഒരുപാടലഞ്ഞു. പത്രത്തിൽ നിന്ന് നിങ്ങളുടെ കുട്ടിയാണെന്നറിഞ്ഞു. ഞാൻ നിങ്ങളെ കാണാൻ വന്നിരുന്നു. അപ്പോഴെല്ലാം നിങ്ങൾ ഒന്നും തിരിച്ചറിയാതെ കിടപ്പിലായിരുന്നു. കുട്ടി എന്റെ കൈവശമുണ്ടെന്ന് എഴുതി അഡ്രസ് സഹിതം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ഏൽപ്പിച്ചിരുന്നു. ഒൻപത് ദിവസത്തിന് ശേഷം നിങ്ങളെ കാണാൻ വന്നപ്പോൾ നിങ്ങൾ അവിടം വിട്ടിരുന്നു. പോലീസ് സ്റ്റേഷനിലാന്വേഷിച്ചപ്പോൾ അവർ നിങ്ങളുടെ ബന്ധുക്കളിലാരുടെയോ കൈവശം എന്റെ വിലാസം കൊടുതെന്നറിഞ്ഞു. മാസങ്ങളോളം ഞാൻ നിങ്ങൾക്കായി കാത്തിരുന്നു. വന്നില്ല. നിങ്ങളവനെ മറന്നിട്ടുണ്ടാകുമെന്ന് കരുതി. പതിയെപ്പതിയെ അവൻ ഞങ്ങളുടെ മക്കളിലൊരാളായി. അവന്റെ ഉപ്പയും ഉമ്മയും ഞങ്ങളായി.
                      നിങ്ങൾ അതിയായി ആഗ്രഹിക്കുന്നെങ്കിൽ വരാം. നിങ്ങൾക്കെന്തന്നെ കണ്ടു പിടിക്കാൻ അത്ര ബുദ്ധിമുട്ടുണ്ടാകില്ല, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാം. അവനെ കാണാം, പക്ഷെ, തരാൻ മാത്രം പറയരുത്. അവൻ ഞങ്ങളുടെ കുഞ്ഞാണ്. അവനില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ കഴിഞ്ഞേക്കും, ഞങ്ങൾക്കതാവില്ല. പിന്നെ, ഒരിക്കലും പറയരുത്- ഞാനവന്റെ ഉമ്മയല്ലെന്ന്. വീണ്ടും പറയട്ടെ, നിങ്ങൾ അതിയായി ആഗ്രഹിക്കുന്നെങ്കിൽ മാത്രം വരിക.

സ്നേഹത്തോടെ
മിൻഹ ബഷീർ
ഒപ്പ്