life എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
life എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025, ഫെബ്രുവരി 19, ബുധനാഴ്‌ച

ഹീരാമഞ്ജരി

 ഹീരാമഞ്ജരി 

ഒരുപാട് കാലത്തിന് ശേഷമാണ് അവൾ തന്റെ എഴുത്തുപെട്ടി തുറന്നത്. പണ്ടെങ്ങോ എഴുതി മുഴുമിക്കാതെ പോയ വരികൾ ചത്തുമലച്ച് ചിതലരിച്ച കടലാസുകളുടെ ശവപ്പറമ്പിൽ ചീർത്തുകിടന്നു. അവിടെയെങ്ങും വിറങ്ങലിച്ച അക്ഷരങ്ങളുടെ ഗന്ധം പടർന്നു. 

ഗർഭം അലസിപ്പോയൊരു ഫൗണ്ടൻ പേന വായിലൂടെ നീല നുരയും പതച്ചു കിടന്നു, അതിനു കാവലെന്നപോലെ മുനയൊടിഞ്ഞൊരു പെൻസിലും കരിവാരിത്തേച്ചൊരു റബ്ബറും. ആകെ മടുപ്പിക്കുന്നൊരന്തരീക്ഷത്തിലും സ്റ്റീൽ സ്കെയിൽ തണുത്തു തന്നെ കിടന്നു. 

ജോലിയുടെ വിരസത തന്നിലേക്കും പകർന്ന് വലിയൊരു രോഗത്തിലേക്ക് കടക്കുന്നുവെന്ന് തോന്നിയപ്പോഴാണ് അവൾ നീണ്ടയൊരവധിക്കാലം പേപ്പറിലാക്കി മേലധികാരിക്ക് നീട്ടിയത്. അയാൾ അത്ഭുതത്തോടെയാണ് അത് വാങ്ങിയത്, 

"എന്തായിപ്പോൾ ഇങ്ങനെ തോന്നാൻ, anything particular"?

അവളൊന്ന് പുഞ്ചിരിച്ചു, "Sir, I need a break, that's all".

ബാഗുമെടുത്ത് പുറത്തേക്കിറങ്ങിയപ്പോളാണ് എങ്ങോട്ടു പോകുമെന്ന ചിന്ത മനസ്സിലേക്കുണർന്നത്. ഫ്ലാറ്റിലേക്ക് പോയിട്ട് കാര്യമില്ല. അവിടെയും താൻ ഒറ്റക്കാണ്. 
അവൾ ഗിരിക്കൊരു മെസ്സേജിട്ടു. നേരിട്ട് പറഞ്ഞാൽ ശ്രദ്ധിച്ചില്ലെങ്കിലും വാട്സാപ്പിൽ ആയത് കൊണ്ട് ഗിരിയത് കാണും. 
"Giri, i am out of town for a while, please take care of Adi and Amala. Shanthi chechi will prepare food. I won't be able to attend calls, if anything particular reach out for Reghu chettan".
അല്ലെങ്കിലും ഗിരിയുമായുള്ള സംസാരം എന്നെ നിലച്ചിരുന്നു. കാണുമ്പോൾ പേരിനെന്തെങ്കിലും സംസാരിക്കുമെന്നതിലുപരി അവർ രണ്ടു ധ്രുവങ്ങളിൽ എന്നേ പാറിപ്പോയിരുന്നു. ആദിയും അമലയുമിപ്പോൾ ഗിരിയുടെ അതേ പാതയിലാണ് കാശിന് വല്ല ആവശ്യവുമുണ്ടെങ്കിൽ മാത്രം മമ്മയെ അന്വേഷിക്കും. താനില്ലെങ്കിലും അവരുടെ കാര്യങ്ങളൊക്കെ നടക്കും. 
അവൾ രഘുവിനെ വിളിച്ചിട്ട് അങ്ങോട്ട് വരുന്ന കാര്യം പറഞ്ഞു. 
"എന്താ കുഞ്ഞേ പെട്ടെന്ന്, ഇങ്ങോട്ട് പൊതുവേ വരാറില്ലല്ലോ. "
"ഒന്ന് രണ്ടു ദിവസം വന്ന് നിൽക്കണമെന്ന് തോന്നി രെഘുച്ചേട്ടാ..."
"എന്താ കുഞ്ഞേ, പ്രശ്നമൊന്നുമില്ലല്ലോ...?" രഘു ഒരു വേവലാതിയോടെ ചോദിച്ചു. 
"ഒന്നുമില്ല ചേട്ടാ, സമാധാനമായിരിക്ക്."
അവളൊരു ദീർഘ നിശ്വാസത്തോടെ ഫോൺ ബാഗിലേക്കിട്ടു. 
എയർപോർട്ടിലേക്ക് കാറിലിരിക്കുമ്പോൾ അവളോർത്തു, അമ്മമ്മ ഉള്ള സമയത്ത് സഹായത്തിന് നിർത്തിയതായിരുന്നു രഘുചേട്ടന്റെ അമ്മയെ, അവരൊക്കെ പോയതിന് ശേഷവും തന്റെ വിശേഷങ്ങൾ അന്വേഷിക്കാൻ രെഘുച്ചേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു. 

                                                                           ****

"മാഡം, സ്ഥലമെത്തി."
ഏതൊക്കെയോ ചിന്തകളിലേക്ക് കരണംമറിഞ്ഞപ്പോഴാണ് ഡ്രൈവർ അത് പറഞ്ഞത്, ഒരു പകപ്പോടെ ചുറ്റിലും നോക്കി, നേരം സന്ധ്യയായിരിക്കുന്നു, ഉമ്മറപ്പടിയിൽ തന്നെയും കാത്ത് രെഘുചേട്ടനിരുപ്പുണ്ട്, ആ ഇരുപ്പു കണ്ടപ്പോൾ അമ്മയെ ഓർത്തു അവൾ, ഇത്പോലെ അമ്മയും കാത്തിരിക്കാറുണ്ടായിരുന്നു. 

കാർ വന്ന ശബ്ദം കേട്ടുകൊണ്ട് രെഘുച്ചേട്ടൻ ഓടി വന്നു, പൈസ കൊടുത്തു കാർ തിരികെ അയക്കുമ്പോൾ അമ്പരപ്പോടെ അയാൾ ചോദിച്ചു, 

"ബാഗൊന്നും ഇല്ലേ കുഞ്ഞേ?"

അവളൊന്നു ചിരിച്ചു.

"മോൾ ഗിരിയോട് വഴക്കിട്ടാണോ വന്നത്..." അയാളൊരു വ്യഥയോടെ ചോദിച്ചു.

"എന്റെ ചേട്ടാ, ടെൻഷൻ ആകേണ്ട അങ്ങനെ ഒന്നുമില്ല, ഗിരി വിളിക്കുന്നെങ്കിൽ ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞാൽ മതി. വിളിക്കാൻ സാധ്യതയില്ല. ഞാനൊന്നു കുളിച്ച് ഉറങ്ങട്ടെ, നല്ല വിശപ്പുമുണ്ട്, എന്തേലും ഉണ്ടോ കഴിക്കാൻ..?"

"ഞാനത് മറന്നു, മോൾ കുളിച്ചിട്ട് വാ, രാധിക ദോശ ചുടുന്നുണ്ട്, ഞാൻ എടുത്തിട്ട് വരാം.' അയാൾ തിടുക്കത്തിൽ അൽപ്പമകലെ  വെളിച്ചം കാണുന്ന വീട്ടിലേക്ക് നടന്നു പോയി. 

അവൾ മനസ്സിലൊരു തണുപ്പോടെ ആ കാഴ്ച നോക്കി നിന്നു, അയാളുടെ നരകളെ തോൽപ്പിക്കുന്ന കഷണ്ടിയിൽ ചന്ദ്രപ്രഭ തിളങ്ങിയിരുന്നു. 

                                                                            ****

നേരം നന്നേ വെളുത്താണ് അവൾ ഉറക്കമുണർന്നത്, ഇത്ര ശാന്തമായി അവളുറങ്ങിയിട്ട് നാളുകൾ ഒരുപാട് ആയിരുന്നു. വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ കണ്ടു, വാഴക്കൈ കൊണ്ട് മറച്ച ഒരു പാത്രവുമായി ഓടി വരുന്ന രെഘുച്ചേട്ടന്റെ കൊച്ചുമകളെ. 

"ആന്റീ, അച്ചാച്ചൻ ഇത് തരാൻ പറഞ്ഞു, ഉച്ചക്ക് ഊണ് അവിടുന്നാണെന്ന് പറയാൻ പറഞ്ഞു."

എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് പാത്രവും വച്ച് അവൾ ഓടിപ്പോയി.

അവളാ പാത്രം തുറന്നുനോക്കി, ഇഡ്ഡലിയാണ്. 
ചെറിയ പാത്രം തുറന്നപ്പോൾ മല്ലിയിലയിട്ട സാമ്പാറിന്റെ മണം അവിടെ പരന്നു, അവൾ വേഗം പല്ലു വൃത്തിയാക്കി മുഖവും കഴുകി ഭക്ഷണം കഴിക്കാനിരുന്നു. ഇത്രയും രുചിയുള്ള ഭക്ഷണം ആദ്യമായാണ് കഴിക്കുന്നതെന്നവൾക്ക് തോന്നി. 

അപ്പോളവൾ ഗിരിയെയും മക്കളെയും ഓർത്തു, ഗിരിക്ക് ഇഡ്ഡലി ഇഷ്ടമല്ലാത്തത് കൊണ്ട് അവളത് ഉണ്ടാക്കാറില്ലായിരുന്നു.
അപ്പോളാണ് ഇന്നലത്തെ മെസേജിന് ഗിരി മറുപടി ഇട്ടിട്ടുണ്ടാകുമോ എന്നവളോർത്തത്. ഫോൺ ബാഗിൽ ചാർജ് തീർന്ന് മരിച്ചു കിടക്കുകയായിരുന്നു. ഫോൺ ചാർജിൽ വച്ച് ഓണായപ്പോളേക്കും ഗിരി തലേന്നയച്ച മെസേജ് വന്നു. 
"ok".
അവൾ ആ ഫോൺ വീണ്ടും ഓഫാക്കി വച്ചു.
                                                                            ****
ഏതോ ഉൾപ്രേരണയിലാണ് മച്ചിന് മുകളിലേക്കുള്ള കോണികൾ കയറിയത്. അവിടമാകെ മാറാല പിടിച്ചുകിടക്കുകയായിരുന്നു. അവളവ വകഞ്ഞുമാറ്റി ഒരു കോണിൽ അടുക്കി വച്ചിരുന്ന പെട്ടികളിലേക്ക് ചെന്നു. അവളുടെ പല ഓർമ്മക്കുറിപ്പുകളും നൊമ്പരങ്ങളും അവിടവിടെയായി പെട്ടിക്കുള്ളിൽ തളംകെട്ടിക്കിടന്നിരുന്നു. 
ഓരോ വരികളിലും കണ്ണോടിക്കുമ്പോൾ അവൾ അവളെത്തന്നെ ചേർത്ത് നിർത്തുകയായിരുന്നു. 
പൊടി കയറി തുമ്മാൻ തുടങ്ങിയപ്പോഴാണ് അവൾ താഴ്ത്തേക്കിറങ്ങിയത്.
രഘു കോണിയുടെ ചുവട്ടിൽ നിൽപ്പുണ്ടായിരുന്നു. 
"താഴെ കാണാഞ്ഞപ്പോഴേ തോന്നി, മോളിതിനു മുകളിലായിരിക്കുമെന്ന്."
"ചേട്ടാ, ഇവിടെ ആകെ വൃത്തികേടായി കിടക്കുകയാണ്, ആരെയെങ്കിലും കിട്ടുമോ ഒന്ന് വൃത്തിയാക്കാൻ...?"
"ഞാൻ ആ മാധവന്റെ ചെറുക്കനോട് വരാൻ പറഞ്ഞിരുന്നു, അവനേതോ കമ്പനിയുണ്ട്, ഈ വീടൊക്കെ വൃത്തിയാക്കുന്നതേ... അവന്മാർ പത്തുമണിക്കാ വരാമെന്ന് പറഞ്ഞിരുന്നത്.."
അയാൾ പറഞ്ഞു നിറുത്തിയതും ക്ലീനിങ് സർവീസിന്റെ ഒരു ഓമ്നി വാൻ ഗേറ്റ് കടന്ന് ഇരമ്പി നിന്നു. 
വീട് വൃത്തിയാക്കാൻ വിട്ടുകൊടുത്ത് അവൾ തൊടിയിലേക്കിറങ്ങി. നിറയെ കാട് പിടിച്ചുകിടക്കുന്നു, അന്തരീക്ഷത്തിന് ശാന്തമായൊരു തണുപ്പാണ്. മരോട്ടിയുടെ കായ തിന്നാൻ കുറേ അണ്ണാന്മാരുണ്ട്. ഭദ്രാക്ഷത്തിന്റെ ചെറിയ ചില്ലയിലൊരു കിളിക്കൂട്. 
"ചേച്ചിയേ, ഈ പറമ്പ് മൊത്തം വൃത്തിയാക്കൽ ഇന്ന് നടക്കൂല, തല്ക്കാലം വീടിന് ചുറ്റും വൃത്തിയാക്കാം, അപ്പടി കാടാണ്."
മാധവന്റെ മോൻ അവളെ തിരഞ്ഞ് തൊടിയിലേക്ക് വന്നു, 
"നിന്റെ പേരെന്താ..?"
"മനു."
"അത് മതി മനു, പറ്റുന്നിടത്തോളം മതി, കാശ് രെഘുചേട്ടനോട് പറഞ്ഞോളൂ,"
"കാശായിട്ടില്ലെങ്കി ഗൂഗിൾ പേ ആണെങ്കിലും മതി."
"നീ രെഘുചേട്ടനോട് കാശ് പറഞ്ഞാൽ മതി, ഞാൻ കൊടുത്തേക്കാം."
അവരിൽ കുറച്ചുപേർ മൺവെട്ടിയുമായി തൊടിയിലേക്ക് വരുന്നത് കണ്ടപ്പോൾ അവൾ രഘുവിന്റെ വീട്ടിലേക്ക് നടന്നു. 
അടുക്കള വഴി കയറിയപ്പോൾ രാധിക തിരക്കിട്ട പണിയിലാണ്, 
"രാധേച്ചി, ഭയങ്കര പണിയാണല്ലോ.."
പെട്ടെന്നായത് കൊണ്ട് രാധിക ഞെട്ടിപ്പോയി. 
"ഹോ.. എന്റെ കൊച്ചെ, നീയാരുന്നോ.. ഞാനങ്ങ് പേടിച്ചുപോയി."
അവൾ അകത്തേക്ക് കയറി പത്രങ്ങളെല്ലാം തുറന്ന് നോക്കി, അൽപ്പം പഴങ്കഞ്ഞി ഇരിപ്പുണ്ട്. 
"നിനക്ക് പഴങ്കഞ്ഞി തരട്ടെ..?" രാധിക ഒരു കുഴിയൻ പാത്രത്തിലേക്ക് പഴഞ്ചോറ് പകർന്നു, കുടത്തിൽ നിന്ന് അൽപ്പം തൈരുമൊഴിച്ച് അവൾക്ക് നേരെ നീട്ടി. 
"നിൽക്ക്..." അവർ ഓടി മുറ്റത്തു നിന്നും രണ്ടു കാന്താരി മുളക് പൊട്ടിച്ച അതിലേക്കിട്ടു. 
കാന്താരിയുടെ എരിവിൽ അവളുടെ വയറ് കാളി. 
"നല്ല എരിയാണല്ലോ.." ചുണ്ടുവലിച്ചുകൊണ്ട് അവൾ പറഞ്ഞു. 
"വല്ലപ്പോഴും എരിവൊക്കെ കൂട്ടണം കൊച്ചെ.. അല്ലേങ്കിപ്പിന്നെ വയറ്റിക്കിടക്കുന്ന കൃമിയൊന്നും ചാകത്തില്ല.."
അവരുടെ സംസാരം കേട്ട് ചിരി വന്നെങ്കിലും മുളക് വെള്ളം മണ്ടയിൽ കേറാതിരിക്കാൻ അവൾ പാടുപെട്ടു. 
                                                                                ****
സൂര്യൻ മങ്ങിത്തുടങ്ങിയിരുന്നു, തറവാടും പരിസരവും ഒരു പ്രത്യേക ഭംഗിയിൽ നിന്നു, ഒരായിരം നാളുകൾക്കൊടുവിൽ അടുത്തടുത്ത മൂന്നു കല്ലറകളിൽ അന്തിത്തിരി കത്തി. അമ്മയും അച്ഛനും അമ്മമ്മയും അവളെ ആവോളം കണ്ടു. അവളെ കണ്ട് അവർ ആനന്ദിച്ചിരിക്കണം. 
അന്നവൾക്ക് അമ്പലത്തിൽ പോകണമെന്ന് തോന്നി, അമ്മയുടെ നേര്യതും ചുറ്റി മണ്ഡപം വലംവച്ചിറങ്ങുമ്പോൾ വല്ലാത്തൊരു തൃപ്തി തോന്നി. 
മടങ്ങുമ്പോൾ അകലെയല്ലാതെ ഒരു സ്വരം കേട്ടു,

കായേന വാച മാനസേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ വാ പ്രകൃതേഃ സ്വഭാവാത്
കരോമി യദ്യത്സകലം പരസ്മൈ
നാരായണയേതി സമർപയാമി

തിരിഞ്ഞു നോക്കാതെ അവൾക്കൂഹിക്കാമായിരുന്നു അത് ആരാണെന്ന്. എന്നിട്ടും അവളാ രൂപം തിരിഞ്ഞു നോക്കി, ഭഗവതിക്കുള്ള നിവേദ്യം സമർപ്പിക്കുകയായിരുന്നു അയാൾ. 
ഒരുൾവിളിയോടെ അവളാ നടയിൽ ഒരിക്കൽക്കൂടി ചെന്നു, അയാളവളെ കണ്ടെന്ന് മനസ്സിലായ മാത്രയിൽ അവൾ കാലുകൾ വലിച്ചുവച്ച് തറവാട് ലക്ഷ്യമാക്കി നടന്നു. 
"മഞ്ജരീ..." ഓർമ്മയിൽ അയാളുടെ പിൻവിളി അവളുടെ കാതോരമുയർന്നുപൊങ്ങി. 
                                                                                ****
രഘുവിനോട് യാത്ര പറയുമ്പോൾ അവളുടെ കണ്ണുകൾ നനഞ്ഞു, 
"പോട്ടെ, ഇനിയും വരാം."
രാധിക വിഷമത്തോടെ നിന്നു, 
"കുഞ്ഞ് പോയിട്ട് വാ, വീടൊക്കെ ഞാൻ നോക്കിക്കോളാം."
ഉള്ളിലുള്ള സങ്കടം പുറത്തുകാണിക്കാതെ രഘു പറഞ്ഞു. 
കാറിൽ കയറി മുന്നോട്ട് പോകുമ്പോൾ അവൾക്ക് എന്തൊക്കെയോ കൈവിട്ടെന്നും മറ്റെന്തൊക്കെയോ നേടിയെന്നും തോന്നി. 
ടൗണിലേക്ക് തിരിയുന്ന വഴിയിൽ എതിരെ സ്കൂട്ടറിൽ വരുന്നയാളിനെ അവൾ വ്യക്തമായി കണ്ടിരുന്നു, ഒരുവേള അയാൾ സ്കൂട്ടർ നിറുത്തിയെങ്കിലെന്ന് അവളാഗ്രഹിച്ചു, അത് മനസ്സിലാക്കിയെന്നോണം അയാൾ വാഹനം നിറുത്തി.
കാറിലിരുന്ന് അവളൊന്ന് പുഞ്ചിരിച്ചു, അയാളും.
അത്ര മതിയായിരുന്നു അവൾക്ക്. 
                                                                                ****
"how was your trip?"
അടുക്കളയിൽ നിൽക്കുമ്പോഴാണ് ഗിരി വന്നു ചോദിച്ചത്.
"yeah, it was cool".
അവൾ അലസതയോടെ പറഞ്ഞു. 
ആദി ഹെഡ്സെറ്റും വച്ച് ഡൈനിങ് ടേബിളിൽ വന്നിരുന്നു, അമല ഫോണിൽ ആരോടോ ചാറ്റ് ചെയ്യുകയാണ്. 
അവൾ ഭക്ഷണം മേശപ്പുറത്തേക്ക് വച്ചു. 
പാത്രം തുറന്ന ഗിരി ഒന്നമ്പരന്നു, 
"ഇതെന്താ ഇഡ്ഡലി...?"
"എന്ത് പറ്റി.."
അവൾ ചോദിച്ചു. 
"ഇഡ്ഡലി ഞാൻ കഴിക്കാറില്ല ഹീരാ, എനിക്കിഷ്ടമല്ല" ഗിരി പറഞ്ഞു. 
മക്കൾ രണ്ടാളും ഫോണിൽ നിന്ന് മുഖമുയർത്തി അവളെ നോക്കി. 
"എനിക്കിഷ്ടമാണ് ഗിരീ". പതിയെയാണവൾ പറഞ്ഞതെങ്കിലും ആ വാക്കുകളിലെ താക്കീത് അയാൾ വ്യക്തമായി കേട്ടു. 
അയാളൊന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു. 
അമ്മയുടെ പഴയൊരു സാരി ഞൊറിഞ്ഞുടുക്കുമ്പോൾ കണ്ണാടിയിൽ കണ്ട തന്നോട് തന്നെ അവളൊന്ന് പുഞ്ചിരിച്ചു, അവളിന്നെവരെ കണ്ടതിലേറ്റവും മനോഹരമായൊരു ചിരി. 







Nb- this is a special story dedicated to my beloved friend Heeramanjari Barik. Lots of love. 


Image credit to respective owner 
 https://in.pinterest.com/pin/faces-straight-to-heart--860117228826842951/

2024, ഏപ്രിൽ 7, ഞായറാഴ്‌ച

Its ok not to be ok.

It's ok not to be ok.

അന്ന് പുതിയ ഐ പി ചാർജ് എടുത്ത ദിവസമായിരുന്നു. നേരത്തെ ജോലി തീർത്ത് റിട്ടേൺസ് കൊടുത്തെങ്കിലും ഐ പി ചിലപ്പോൾ ഞങ്ങളെ അന്വേഷിച്ചേക്കുമെന്ന് പറഞ്ഞിരുന്നത് കൊണ്ട് നാല് മണി ആകട്ടെ എന്ന് കരുതി ഓഫീസിൽ ഇരുന്നു. 

ചാച്ചുവിനെ വിളിച്ചപ്പോൾ ആറ്റിങ്ങലിൽ വരുന്നു എന്ന് പറഞ്ഞു, എങ്കിൽപ്പിന്നെ മുഫിദാടെ കല്യാണത്തിനിടാൻ ഒരു ചെരുപ്പ് കൂടി നോക്കാമെന്ന് കരുതി. കല്യാണത്തിന് ഇനി അധിക ദിവസമില്ല. ചാച്ചു രണ്ടര ആയപ്പോൾ എത്തി,

ഒരുമിച്ച്  ഭക്ഷണം കഴിച്ചിട്ട് ഞാൻ ഓഫീസിലേക്കും ചാച്ചു സൈറ്റിലേക്കും പോയി. .  

ഓഫീസിലേക്ക് ചെന്നപ്പോൾ മുൻപെപ്പോഴോ ബോയ്സിന്റെ സമീപം താമസിച്ചിരുന്നവർ റീഡയറക്ഷൻ അഡ്ഡ്രസ്സ്‌ തരാൻ വേണ്ടി വന്നു. അതും വാങ്ങി ഇനിഷ്യൽ ചെയ്തുകൊടുത്ത സമയത്താണ് വാപ്പച്ചിയുടെ കാൾ വന്നത്. 

"എന്റെ മോൻ പോയീ...."

ഈ ഒരു കരച്ചിലാണ് കേട്ടത്. 

ഞാൻ പെട്ടെന്ന് കട്ട് ചെയ്തു.

കാലിൽ നിന്നൊരു പെരുപ്പ് തലയിലേക്ക് കയറി. 

എന്താണ് കേട്ടതെന്നോ എന്താണ് സംഭവിച്ചതെന്നോ മനസ്സിലായില്ല.

ഉമ്മച്ചി മരിച്ച ദിവസം വിവരം പറഞ്ഞത് ഇതേ രീതിയിലായിരുന്നു.

"ഉമ്മച്ചി പോയീ..."

ആദ്യം കരുതിയത് കുഞ്ഞിയുമായി വാപ്പച്ചി കളിക്കുകയാണെന്നാണ്. 

തിരികെ വിളിച്ചു, അജ്മൽ എടുത്തു. 

"എന്തോന്നാടാ.."

"താത്ത വേഗം വാ.. കാക്കച്ചി വീണു, ഹോസ്പിറ്റലിൽ ആണ്."

നിനക്കെന്തൊ അപകടം സംഭവിച്ചു എന്ന് മനസ്സിലായി. 

വീട്ടിലേക്ക് പോകാൻ വണ്ടി എടുത്തു, കയ്യിൽ നിക്കുന്നില്ല, ആകെ തളർന്ന് കുഴഞ്ഞുപോകുന്നു. 

കിട്ടിയ ബലത്തിന് ചാച്ചുവിനെ വിളിച്ചു വരാൻ പറഞ്ഞു. 

ഓപ്പോസിറ്റ് നിന്ന് ചായ്ച്ചു നടന്നെനിക്കരികിലെത്താൻ എടുത്ത സമയം 15 സെക്കൻഡിൽ താഴെ, പക്ഷെ അതൊരു പതിനഞ്ചു മണിക്കൂറിന്റെ ദൈർഖ്യമുണ്ടായിരുന്നൂ.

ഞാനുറക്കെ നിലവിളിച്ച് കരയുന്നുണ്ടായിരുന്നു,

 ആരൊക്കെയോ ഓഫീസിൽ നിന്നും ഇറങ്ങിവന്ന് കാര്യം ചോദിച്ചു, എന്താണെന്നോ ആരാണെന്നോ ഒന്നും മനസ്സിലായില്ല. 

ആറ്റിങ്ങലിൽ നിന്നും വീടെത്താൻ എനിക്ക്  നാല്പത് മിനുട്ട് മതി, ചാച്ചുവിന് ഏതാണ്ട് ഇരുപത്തഞ്ച് മിനുട്ടും. 

എത്ര ഓടിയിട്ടും വീടെത്തുന്നില്ല. 

ചാച്ചു എന്തൊക്കെയോ പറയുന്നുണ്ട്, ആരെയൊക്കെയോ വിളിക്കുന്നുണ്ട്. ഞാൻ ഒന്നും കേൾക്കുന്നില്ല, കാണുന്നുമില്ല, എത്രയും വേഗം നിന്നെ കാണണം, അത്ര മാത്രം. എങ്കിലേ എനിക്ക് സമാധാനമാകൂ. 

 നേരെ ഗോകുലം ആശുപത്രിയിലേക്ക്.

മുൻഭാഗത്ത് ആരൊക്കെയോ ഉണ്ടായിരുന്നു, അലിയാരെ ഞാൻ കണ്ടു, പിന്നെ നിസാർ കൊച്ചാപ്പ, റഫീഖ് മാമ...

അകത്തേക്ക് കയറിയപ്പോൾ ഏതോ ഒരു നേഴ്സ് കയ്യിൽ പിടിച്ചമർത്തി, അവരുടെയൊക്കെ കൈ തട്ടിമാറ്റി ഞാൻ നിന്റെ അരികിലേക്ക് വന്നു. 

നീ ചിരിച്ചുകൊണ്ട് കിടക്കുകയായിരുന്നു, അജ്മൽ കരയുന്നു, വാപ്പച്ചി അവിടെയിരുന്ന് എന്തൊക്കെയോ പിറുപിറുക്കുന്നു. 

കണ്ടപാടെ ഞാൻ അജ്മലിനോട് ചൂടായി.

"എന്തിന് ചെർക്കാ കിടന്ന് കരയുന്നത്.."

"താത്താ, കാക്കച്ചി പോയി.."

"നീ എന്തോന്ന് ചെർക്കാ പറയുന്നത്, അവനല്ലേ ഈ കിടക്കുന്നത്..." അജ്മലിന്റെ കരച്ചിൽ ഉച്ചത്തിലായി. 

ഞാൻ നിന്നോട് എണീക്കാൻ പറഞ്ഞു,

"ഡേയ് ചെർക്കാ, എണീറ്റാണ്... സഹദേ, എണീക്ക്.."  നീ എണീറ്റില്ല, ഞാൻ കുറെ കുലുക്കി വിളിച്ചു, നീ എണീറ്റില്ല.

അപ്പോഴേക്കും ചാച്ചു ഓടി വന്ന് എന്നെ പിടിച്ചു മാറ്റി, ഞാൻ നിന്റെ കയ്യിൽ പിടിച്ച് വലിച്ചു, നിന്റെ കൈ  തണുത്തിരുന്നു. 

ചാച്ചു എന്നെ പിടിച്ചു വലിച്ച് വീട്ടിൽ കൊണ്ട് പോയി, അവിടെ ആരൊക്കെയോ കൂടി നിൽപ്പുണ്ടായിരുന്നു. ഞാൻ അപ്പോഴേക്കും എന്തൊക്കെയോ മനസ്സിലായ രീതിയിൽ കരച്ചിലൊക്കെ നിറുത്തി, ഉമ്മച്ചി മരിച്ചപ്പോളുണ്ടായിരുന്ന പക്വത വന്ന പഴേ പതിമൂന്നുകാരിയായി.

പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ നിന്നെയും താങ്ങി കൊച്ചാപ്പായും പിന്നെ വേറാരൊക്കെയോ വന്നു. ഇറയത്തു കട്ടിലിൽ നിന്നെ കിടത്തി, ആരൊക്കെയോ കരയുന്നു, ആരൊക്കെയോ പരസ്പരം ആശ്വസിപ്പിക്കുന്നു, ആരൊക്കെയോ തളർന്നു വീഴുന്നു. 

എന്റെ കുഞ്ഞു മാത്രം ഒന്നുമറിഞ്ഞില്ല, നിന്നെ കൊണ്ട് കിടത്തിയ നേരം മുതൽ നീ ഉറങ്ങുകയാണെന്ന് കരുതി അവൾ കുറേ പ്രാവശ്യം വന്ന് നിന്നെ വിളിച്ചു, "മാമച്ചി ഉങ്ങനാ.." നിന്റെ മൂക്കിൽ പിടിച്ച് വലിച്ചു. "മാമച്ചി, എണീ." നീ എണീറ്റ് എന്നത്തേയും പോലെ അവളെ ഓടിക്കുമെന്ന് അവൾ കരുതിക്കാണും. 

നീ ഇവിടെ അവസാനമായുണ്ടായിരുന്ന ആ രാത്രി ഒരിക്കലും അവസാനിക്കാത്ത പോലെ തോന്നി, എങ്കിലും നേരം പുലർന്നു, നിന്നെ കൊണ്ടുപോകാനുള്ള ഒരുക്കങ്ങളായി. 

നിന്നെ സ്നേഹിക്കുന്ന നിന്നെ അറിയുന്ന എല്ലാവരും നിന്നെയൊന്ന് കാണാൻ വന്നിരുന്നു, നീ പോകുവോളം അവരൊക്കെ നിനക്കൊപ്പമിരുന്നു, കുറച്ചു പേർ നിന്റെ പുതിയ വീടെത്തുവോളം നിന്നെ അനുഗമിച്ചു. 

അങ്ങനെ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു ദിവസം നീയങ്ങ് പൊയ്ക്കളഞ്ഞു. 

അന്നത്തെ ദിവസം എനിക്ക് നല്ല ഓർമ്മയുണ്ട്, ഞാൻ രാവിലെ കുഞ്ഞിക്ക് ഭക്ഷണം കൊടുക്കാനിറങ്ങുമ്പോളാണ് നീ റൂമിൽ നിന്ന് ഇറങ്ങി വന്നത്, നിന്റെ മുഖം നല്ലപോലെ പ്രകാശിച്ചിരുന്നു, ഞാൻ തന്ന ഫേസ് വാഷിന് ഇത്രേം എഫക്ട് ഉണ്ടോന്ന് ഞാൻ അതിശയിച്ചു. 

"ചെർക്കാ, നിനക്ക് ഇന്നല്ലേ പരീക്ഷ..?"

"ഉം.."

ഒരു ചിരിയോടെ കുഞ്ഞിക്കൊരുമ്മയും കൊടുത്ത് നീ കുളിക്കാൻ പോയി.

അതായിരുന്നു എന്റെ അവസാനത്തെ കാഴ്ച.

അന്ന് ഉച്ചക്ക് ജയിലിൽ തപാൽ കൊടുക്കുമ്പോൾ നിനക്ക് പരീക്ഷ എളുപ്പമായിരുന്നോ എന്ന് ഞാൻ വിളിച്ച് ചോദിയ്ക്കാൻ വേണ്ടി ഫോണെടുത്തതാണ്, സമയം പന്ത്രണ്ട് ആയിട്ടേയുണ്ടായിരുന്നുള്ളു. നിനക്ക് പരീക്ഷ കഴിഞ്ഞുകാണില്ല എന്ന് കരുതി വിളിച്ചില്ല. 

വിളിക്കണമായിരുന്നു, എങ്കിൽ മിസ്ഡ് കാൾ കണ്ടെന്നെ നീ തിരിച്ചു വിളിച്ചേനെ. 

അന്ന് നാലുമണിവരെ ഇരിക്കാതെ നേരത്തെ വീട്ടിലെത്തിയിരുന്നെങ്കിൽ എനിക്ക് നിന്നെ നേരെ കാണാമായിരുന്നു. പരീക്ഷ എളുപ്പമായിരുന്നുവെന്ന നിന്റെ സന്തോഷം ഞാൻ നേരിട്ട് കണ്ടേനെ. 

എന്റെ ഖേദങ്ങൾ പലതാണ്. 

എന്നും രാവിലെ "അല്ലാഹുവെ, എന്റെ ചാച്ചൂനേം, എന്റെ കുഞ്ഞൂനേം, എന്റെ സഹദിനേം, എന്റെ അജ്മലിനേം,..." എന്ന് തുടങ്ങുന്ന പ്രാർത്ഥന അന്നത്തെ ദിവസം ചൊല്ലിയിരുന്നില്ലേയെന്ന്..

നിന്നോടുള്ള സ്നേഹം കുറഞ്ഞുപോയിരുന്നോ എന്ന്... 

നിന്നോടുള്ള കരുതൽ പോരാതിരുന്നോ എന്ന്...

അങ്ങനെയങ്ങനെ... 

അതുകൊണ്ടാണോ നീയെന്നെ കിനാവിൽ പോലും തേടി വരാത്തത്....?

എങ്കിലും കഴിയുമ്പോളെല്ലാം ഞാൻ നിന്നെ തേടി വരാറുണ്ട്, നീ അറിയുന്നുണ്ടോ?

ഞാൻ നിന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്, 

നമ്മളുടെ ഒരുമിച്ചുള്ള ഓഫീസിൽ പോക്കും വരവും.

രണ്ടു വണ്ടിയിലാണെങ്കിൽ കമന്റടിച്ച് നീ ഓവർടേക്ക് ചെയ്ത് പോകുന്നത്, ഇടക്കിടക്കുള്ള നിന്റെ ഫോൺ വിളികൾ.. എല്ലാം ഞാൻ നഷ്ടപ്പെടുത്തുന്നുണ്ട്.

എനിക്കെന്ത്  സംഭവിച്ചാലും നീ കുഞ്ഞുവിനെയും ചാച്ചുവിനെയും മാനേജ് ചെയ്യമെന്നൊരു കോൺഫിഡൻസ് എനിക്കുണ്ടായിരുന്നു, ഇനി ഞാനെന്ത് ചെയ്യും? ആരെ ഞാൻ ഭാരമേല്പിക്കും? എന്റെ ഭ്രാന്തുകൾ ഞാൻ ആരോട് പറയും?

ഉമ്മച്ചിക്കൊപ്പം ഉണ്ടായിരുന്നതിനേക്കാൾ നിനക്കൊപ്പമുണ്ടായിരുന്നത് കൊണ്ടാകണം, നിന്റെ ശൂന്യത വല്ലാതെ എന്നെ അലോസരപ്പെടുത്തുന്നത്.

പ്രിയപ്പെട്ട സഹോദരാ, നീ അവശേഷിപ്പിച്ചുപോയ ശൂന്യത വളരെ വലുതാണ്, അതിന്റെ മുകളിൽ നിന്ന് നോക്കിയാൽ താഴ്ഭാഗത്തിന്റെ സൂചന പോലും കാണില്ല. 

നീയില്ലെന്ന യാഥാർഥ്യം ഞാനിനിയും അംഗീകരിക്കാൻ കൂട്ടാക്കുന്നില്ല, ഒരുപക്ഷേ, അത് ഞാനായിട്ട് അംഗീകരിച്ചാൽ എന്റെ ഉള്ളിലെ ശൂന്യത എന്നെയും ബാധിച്ചേക്കും. 

കുഞ്ഞു നിന്നെക്കുറിച്ച് എപ്പോഴും പറയാറുണ്ട്, അതും നിനച്ചിരിക്കാത്ത നേരത്ത്, അവളെങ്ങനെ ഓർത്തിരിക്കുന്നോ എന്തോ. 

കുഞ്ഞു മാത്രമല്ല, എല്ലാവരും നിന്നെ ഓർക്കുന്നുണ്ട്, നിന്റെ ദുആ ദിവസം ഏതാണ്ട് നിന്റെ കല്യാണം പോലെയാണ് തോന്നിയത്, എല്ലാവരുമുണ്ടായിരുന്നു, നിന്റെ എല്ലാ കൂട്ടുകാരും എല്ലാത്തിനും മുൻപന്തിയിലുണ്ടായിരുന്നു.

നീയില്ലാതെ ഒരു നോമ്പുകാലം തീരാറായി, രണ്ടാമത്തെ പെരുന്നാൾ വരുന്നു, ഒരോണവും ക്രിസ്മസും പുതുവർഷവും കടന്നുപോയി ഒപ്പം നീയില്ലാതെ നിന്റെയൊരു ജന്മദിനവും.  

 ഇനിയെങ്കിലും നിന്നോട് തുറന്ന് സംസാരിച്ചില്ലെങ്കിൽ ഞാനീ അടഞ്ഞ അവസ്ഥയിൽ തന്നെ തുടർന്ന് പോകുമെന്ന് തോന്നി. 

ഇനിയും എന്തൊക്കെയോ പറയാനുണ്ട്. നേരിട്ട് കാണുമ്പോൾ പറയാം. 

സമയം എന്തിനെയും സമരസത്തിലാക്കുമെന്നാണല്ലോ, ആക്കുമ്പോൾ ആക്കട്ടെ.

If you ask me if "I am ok?", then i will say "yes". If you ask again "are you sure?", then i will say "no".

I know 
Its ok not to be ok. 



2022, ഡിസംബർ 28, ബുധനാഴ്‌ച

The Mothers Touch

 The Mothers Touch

കുഞ്ഞൂട്ടിയെ കയ്യിൽ കിട്ടിയപ്പോൾ ഉള്ള ആ ഫീലിംഗ്, അതൊരിക്കലും സന്തോഷമെന്ന് പറയാനാകില്ല, 
സത്യം പറഞ്ഞാൽ  ഒരു അങ്കലാപ്പായിരുന്നു. 
ചെറിയ കുട്ടികളെയൊക്കെ എടുത്തിട്ടുണ്ടെങ്കിലും, ഇതിപ്പോ ജനിച്ചിട്ട് കൂടിപ്പോയാൽ മുപ്പത് മിനുട്ട് ആയിട്ടുണ്ടാകും. 

തൊലിയൊക്കെ നേർത്തിട്ട് തൊട്ടാൽ ഇപ്പൊ പൊട്ടിപ്പോകും എന്നപോലെ, മുഖത്തെ രക്തക്കുഴലുകളൊക്കെ തെളിഞ്ഞു കാണാം. 
കയ്യും കാലുമൊക്കെ ഞാനൊന്ന് ചേർത്ത് പിടിച്ചാൽ ഒടിഞ്ഞുപോകുമെന്ന് തോന്നി, 
തലയൊക്കെ ഒരു ഷേപ്പ് ഇല്ലാതെ, 
ഒട്ടും ഭാരമില്ല ഒരു പഞ്ഞിക്കഷ്ണം പോലെ, എന്റെ കുഞ്ഞെന്താ ഇങ്ങനെ എന്ന് തോന്നി.

ഒരു നേഴ്‌സ് കുഞ്ഞിനെ കയ്യിൽ തന്നിട്ട് പാൽ കൊടുക്കാൻ പറഞ്ഞു, അത് കേട്ടപ്പോൾ ഈ കുഞ്ഞിന് പാലുകുടിക്കാനറിയാമോ എന്നായി ചിന്ത.
 പക്ഷെ, അമ്മിഞ്ഞയുടെ മണമടിച്ചപ്പോൾത്തന്നെ അവളെന്റെ നെഞ്ചോട് ചേർന്ന് മൂക്കുരസാൻ തുടങ്ങി, 
പിന്നെ പതിയെപ്പതിയെ പാൽ കുടിക്കാൻ തുടങ്ങി. ഒരഞ്ചുമിനുട്ട് അപ്പോഴേക്കും ഉറങ്ങി. 

പാലുകുടി കഴിഞ്ഞിട്ട് അവളെ കട്ടിലിൽ അരികിലായി കിടത്തി, മൂന്ന് സെക്കൻഡ് ആയിട്ടുണ്ടാകും അവൾ ഛർദിക്കാൻ തുടങ്ങി, പെട്ടെന്ന് അടുത്ത് നിന്ന സിസ്റ്ററിനെ വിളിച്ചു, അവരവളെ എടുത്ത് തോളത്തിട്ട് മുതുകത്ത് തട്ടി. എന്നിട്ട് അകത്തേക്ക് കൊണ്ടുപോയി ടവൽ  ഒക്കെ മാറ്റിയിട്ട് കൊണ്ട് വന്നു,

 കയ്യിൽ തരുമ്പോൾ പാലുകൊടുത്ത് കഴിഞ്ഞ് കുഞ്ഞിനെ മുതുകത്ത് തട്ടി ഗ്യാസ് കളയണമെന്നും നന്നായി പൊതിഞ്ഞു വെക്കണമെന്നും പറഞ്ഞു. സത്യത്തിൽ ഇതൊക്കെ എനിക്കറിയാവുന്നതാണ്. പക്ഷെ, അതൊന്നും അന്നേരം ഓർമ്മ വന്നില്ല. 
പിന്നെ എത്രയൊക്കെ പൊതിഞ്ഞുവച്ചാലും അവൾ കാൽ പുതപ്പിനു പുറത്തേക്കിട്ട് അവളുറങ്ങൂ. ചാച്ചുവിന്റെ അതേ രീതി, അന്ന് മുതൽ ഇന്നുവരെയും അതിനൊരു മാറ്റവും വന്നിട്ടില്ല. . 
***

കുഞ്ഞുമായി വീട്ടിലെത്തിയിട്ടും എനിക്ക് ആകെ എന്തോപോലെ,
ഇടക്കിടക്ക് കുഞ്ഞ് കരയുമ്പോൾ ഞെട്ടുന്ന ഉറക്കം, 
കിടന്നിടത്ത് നിന്ന് അനങ്ങിയാൽ കുഞ്ഞിന്റെ ദേഹത്ത് തട്ടിയാലോ എന്ന ഭയം, 
കുറച്ച് അധിക നേരം അവൾ ഉറങ്ങിക്കഴിഞ്ഞാൽ ജീവനുണ്ടോ എന്ന സംശയം,  അത് മാറ്റാനായി അവളുടെ നെഞ്ചിൽ കൈവച്ച് നോക്കുമായിരുന്നു. 
പാൽ കുടിച്ച് കഴിഞ്ഞ് ഏമ്പക്കം പോകുന്നത് വരെയുള്ള ടെൻഷൻ. 
എല്ലാത്തിന്റെയും ഒരു ആകെത്തുകയായിരുന്നു ആദ്യത്തെ ഒരു മാസം. 

***
 മോൾക്ക് ഏതാണ്ട് രണ്ടുമാസമൊക്കെ  കഴിഞ്ഞപ്പോളാണ്  ഞാനെന്റെ  അമ്മ  ജീവിതവുമായി അൽപ്പമെങ്കിലും പൊരുത്തപ്പെട്ടു തുടങ്ങിയത്. 
എന്നാലും എന്റെ പ്രശ്നങ്ങൾക്ക് കുറവൊന്നുമില്ലായിരുന്നു
 കുട്ടിയെ തൊട്ടിലിൽ കിടത്തി ഉറക്കിയിട്ട് കുഞ്ഞിനെ അന്വേഷിച്ച് നടക്കുക എന്നതായിരുന്നു പ്രധാന ഹോബി. 
പതിയെപ്പതിയെ അവളുടെ ചെറിയ ചെറിയ അനക്കങ്ങളുടെ അർഥങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. 
ഞാൻ അവളെ അറിയാൻ തുടങ്ങി. 
അവൾ കരഞ്ഞപ്പോൾ ആദ്യമായി ഞാനും കൂടെ കരഞ്ഞത് അവൾക്കാദ്യമായി വാക്സിൻ എടുത്ത ദിവസമാണ്. 
പാവമെന്റെ കുഞ്ഞി അന്നും പിറ്റേന്നും കാലുകൾ അനക്കിയില്ല. 

ഇതൊക്കെയാണെങ്കിലും ഒരു ദിവസം കട്ടിലിൽ കുഞ്ഞിനെ കിടത്തിയിട്ട് തൊട്ടിലിൽ ഓർക്കാതെ അവളുടെ ദേഹത്താണ് ഞാൻ ചെന്നിരുന്നത്. എന്നതിനിത്ര സോഫ്റ്റായ സാധനമെന്ന് ആലോചിച്ച എണീറ്റ് നോക്കിയപ്പോൾ എന്റെ മോള്. 

***
ആറുമാസം വരെയും അവൾക്ക് മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുത്തിരുന്നില്ല. 
ജോലിക്ക് പോയിത്തുടങ്ങേണ്ടതുള്ളതിനാൽ അവളെ മറ്റുള്ള ആഹാരം കൂടി ശീലിപ്പിക്കുക എന്നത് ഒരു ടാസ്ക് തന്നെയായിരുന്നു, 
ചോറുകൊടുത്ത് കഴിഞ്ഞിട്ട് ഒരു പത്ത് ദിവസം കൂടിയേ എനിക്ക് ലീവ് ഉള്ളായിരുന്നു, പക്ഷെ, ആ സമയം കൊണ്ട്  അവൾ പതിയെ കുറുക്കുകളും നേർപ്പിച്ച കഞ്ഞിവെള്ളവുമൊക്കെ കഴിച്ച് തുടങ്ങി. 

ജോലിക്ക് പോയ ശേഷം അവളെന്നെ കാണാതെ കരഞ്ഞത് ആദ്യത്തെ രണ്ടു ദിവസം മാത്രമാണ്, 
രാവിലെ ഏതാണ്ട് എട്ടുമണിയോടെ പാൽ കുടിച്ച്കഴിഞ്ഞാൽപ്പിന്നെ വൈകുന്നേരം അഞ്ചുമണിവരെ കാത്തിരിക്കണം, അവൾ അത്ര കുറഞ്ഞ സമയം കൊണ്ടുതന്നെ ആ ദിനചര്യയോട് പൊരുത്തപ്പെട്ടു. 

വീടെത്തുമ്പോളേക്കും പാൽ നെഞ്ചിൽ കെട്ടി നിന്ന് വേദനിക്കുന്നുണ്ടാകും, അവളത് കുടിക്കുമ്പോളാണ് എനിക്കും ബുദ്ധിമുട്ട് മാറുന്നത്. 
ഒരു കണക്കിന് പറഞ്ഞാൽ എന്നെക്കാളും അവളാണ് അഡ്ജസ്റ് ചെയ്യുന്നത്, ഇതുവരെ ചെറിയ ചെറിയ അസുഖങ്ങൾ വന്നിട്ട് ലീവെടുക്കേണ്ടി വന്നതൊഴിച്ചാൽ അവളുടെ നിർബന്ധമോ കരച്ചിലോ കൊണ്ട് വീട്ടിൽ നിൽക്കേണ്ടി വന്നിട്ടില്ല. 

രാവിലെ പോയിക്കഴിഞ്ഞാൽ വൈകിട്ട് എത്തുമെന്നവൾക്കറിയാം, എന്നാലും ആറുമണി കഴിഞ്ഞാൽപ്പിന്നെ കിണുക്കമാകും, ഞാൻ ചെന്ന് കയറിക്കഴിഞ്ഞാൽപ്പിന്നെ വേറെ ആരെടുത്തലും പോകില്ല. 

ഇപ്പോൾ ഞാനെന്ന അമ്മയ്ക്കും അവൾക്കും ഒരു വയസും നാലുമാസവുമായി, അവൾ മിടുക്കിയായി  വളരുന്നുണ്ട്, അവളെക്കണ്ട് എന്നിലെ അമ്മയും വളരുന്നുണ്ട്. 
ഇപ്പോൾ അവളുറങ്ങുമ്പോൾ സംശയം തീർക്കാൻ കാലിൽപിടിച്ച് ഞെക്കി നോക്കും അവള് കാൽ വലിക്കുമ്പോൾ സമാധാനമാകും 
ചില നേരത്തെ കുരുത്തക്കേട് കണ്ടാൽ  നല്ല ചുട്ട അടി കൊടുക്കാൻ തോന്നും, എന്നാലും മനസ്സനുവദിക്കാറില്ല   

അവളുടെ അവ്യക്തമല്ലാത്ത ഭാഷയും, കുഞ്ഞിച്ചന്തി കുലുക്കിയുള്ള ഡാൻസും, ശബ്ദമില്ലാത്ത ഉമ്മകളും, ചിരിയും കരച്ചിലുമെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്. 
ആദ്യം കണ്ടപ്പോൾ തോന്നിയ അങ്കലാപ്പുകളെല്ലാം മാറിയിട്ടുണ്ട്. 
അവള് വളരുന്നിടത്തോളം ഞാനും, ഞാനെന്ന അമ്മ വളരുന്നിടത്തോളം അവളും വളരും. 

ഈ കടന്നുപോയതൊക്കെ വെറും സാമ്പിളുകൾ മാത്രം ഇനി എന്തൊക്കെയാണുള്ളതെന്ന് പടച്ചവന് മാത്രമറിയാം 
ചുരുക്കം പറഞ്ഞാൽ 'The grate motherhood is not a piece of cake."




2022, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

പുകച്ചുരുളുകൾ

 പുകച്ചുരുളുകൾ 

"ഡേയ് നീ മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി വായിച്ചിട്ടുണ്ടോ?" ലൈബ്രറിയിലെ പൊടിപിടിച്ച അലമാരകൾക്കിടയിൽ നിന്ന് ഡേവി കിച്ചുവിനോട് വിളിച്ചു ചോദിച്ചു. 
"നിനക്കിപ്പോൾ മാധവിക്കുട്ടി അല്ല, മാതംഗലീലയാണ് ആവശ്യം."
ദിലീപൻ സാർ വാതിൽക്കൽ നിൽക്കുന്നു.
"സാറേ, ഞാൻ ചുമ്മാ..."
"ഓടി ക്‌ളാസ്സിൽ പോടാ...ബെല്ലടിച്ചിട്ട് സമയം ഒത്തിരിയായി, അവന്റെയൊരു നീലാംബരി."
"വാടാ.. പോവാം."
ഡേവിയും കിച്ചുവും പുറത്തേക്കോടി.
ദിലീപൻ ലൈബ്രറിയുടെ വാതിൽ ചാരി, ഈ പിരീഡ് ഇല്ല, കുറച്ചു നേരത്തേക്ക് വിശ്രമം. 
അയാൾ കസേരയിലിരുന്നു, മേശമേൽ കാൽ കയറ്റിവച്ച് മുകളിലേക്ക് കണ്ണുകളുയർത്തി, വളരെ സാവധാനത്തിൽ കറങ്ങുന്ന പൊടിപിടിച്ച ഫാൻ. 
അയാൾ പോക്കറ്റിൽ നിന്നൊരു സിഗരറ്റ് പാക്കറ്റെടുത്ത് തുറന്നു, ഇനിയതിൽ മൂന്നെണ്ണം മാത്രമേയുള്ളു. 
ഒരെണ്ണത്തിന് തീകൊളുത്തി പുകച്ചുരുൾ മുകളിലേക്ക് ഊതിവിടുമ്പോൾ അയാളോർത്തു, ഇന്നിതിപ്പോൾ എത്രാമത്തെയാണ്...? പതിനാറ്.. അതോ പതിനേഴോ...?
***
മുറിയിൽ കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ അയാൾ കണ്ടു, കറ പിടിച്ച ചുണ്ടുകൾ.. 
കട്ടിലിൽ കയറിക്കിടന്നു, 
താര ഇതുവരെ മുറിയിൽ എത്തിയിട്ടില്ല, അടുക്കളയിലാകും. 
എല്ലാ പാത്രങ്ങളും കഴുകി വച്ചിട്ടേ അവൾ ഉറങ്ങുകയുള്ളു. 

അയാളൊന്നു മയങ്ങി, കണ്ണ് തുറന്നു നോക്കിയപ്പോളും മുറിയിലെ ലൈറ്റ് ഓഫായിട്ടില്ല, അടുത്ത് താരയുമില്ല. 
സമയം ഒന്നരയാകുന്നു, 
അയാൾ അടുക്കളയിൽ പോയി നോക്കി, അടുക്കള അടച്ചിരിക്കുന്നു. 
ഹാളിലുമില്ല, പുറത്തേക്കുള്ള വാതിലും അടച്ചിരിക്കുന്നു. 
ഇവളിത് എവിടെ പോയി..?
"താരേ.. താരേ..." അയാൾ ഉറക്കെ വിളിച്ചു. 
ഗസ്റ്റ് റൂമിൽ ലൈറ്റ് തെളിഞ്ഞു.
ഉറക്കച്ചടവോടെ താര പുറത്തേക്ക് വന്നു.
"എന്താ നീ ഇവിടെ കിടക്കുന്നെ..?"
"ഞാനിന്ന് എവിടെയാ കിടക്കുന്നത്, ഏട്ടൻ പോയി കിടന്നോളു."
പീരീഡ്സ് ആകും, ആ ദിവസങ്ങളിൽ മാത്രമേ അവൾ മാറിക്കിടക്കാറുള്ളു. 
പക്ഷെ, അവൾക്ക് ഡേറ്റ് ആകാറായോ? അവളുടെ ഡേറ്റ് എന്നാണ്? അയാൾക്ക്  ഓർമ്മ വന്നില്ല. 
അയാളൊരു സിഗരറ്റ് കത്തിച്ചു. 
***
"നീ ഇരിക്കുന്നില്ലേ..?"
ഇഡ്ഡലി പ്ളേറ്റിൽ എടുത്ത് വച്ചുകൊണ്ട് അയാൾ താരയോട് ചോദിച്ചു. 
"ഞാൻ പിന്നെ ഇരുന്നോളാം, ഏട്ടൻ കഴിക്ക്."
അവൾ അകത്തേക്ക് പോയി. 
ഒരു കഷ്ണം ഇഡ്ഡലി മുറിച്ച് വായിൽ വെക്കുമ്പോൾ അയാളോർത്തു, ഇവൾക്കിത് എന്താണ് പറ്റിയത്?

സ്കൂളിലേക്ക് പോകുമ്പോൾ അയാളാലോചിക്കുകയായിരുന്നു.
ഈ മൂന്നു വർഷത്തിനിടയിൽ വളരെ ചുരുക്കം ദിവസങ്ങളിൽ മാത്രമേ ഒരുമിച്ച് ഭക്ഷണം കഴിക്കാതിരുന്നിട്ടുള്ളു. 
ഇപ്പോൾ..
ഇപ്പോൾ ഒരുമിച്ചിരിക്കാനുള്ള ഓരോ അവസരങ്ങളും താര ഒഴിവാക്കുന്നത് പോലെ. 
ഒരുമിച്ചിരിക്കാൻ മാത്രമല്ല, കിടക്കാനും, ഒരു മുറിയിൽ ഉറങ്ങിയിട്ട് എത്രയോ ദിവസങ്ങളാകുന്നു. 
ഒരിക്കലും തന്റെ കൂട്ടില്ലാതെ പുറത്ത് പോകാത്തയാൾ ഇപ്പോൾ ആഴ്ചയിൽ രണ്ടും മൂന്നും ദിവസവും തനിച്ച് സിറ്റിയിൽ പോകുന്നു. 
ഇന്നലെ വൈകിട്ട് അവൾ ആരോടോ സംസാരിക്കുന്നത് കേട്ടു, അതും സ്വരം തീരെ താഴ്ത്തി,
"ഞാൻ വരാം."
അവളുടെ ഫോൺ ഇപ്പോൾ ലോക്ക് ഇട്ടു വച്ചിരിക്കിന്നു, പരസ്പരം രഹസ്യങ്ങൾ സൂക്ഷിക്കില്ല എന്ന് വാക്കു തന്നവളാണ്. 
ഇനി അവൾ, ആരെയെങ്കിലും...
അയാൾക്ക് തല പെരുത്തു, അയാളുടെ ചുണ്ടിൽ നിന്നും പുകച്ചുരുളുകളുയരാൻ തുടങ്ങി. 
***
മീഡിയേഷൻ റൂമിലിരിക്കുമ്പോൾ താര നിശ്ശബ്ദയായിരുന്നു.
"താരക്കെന്തെങ്കിലും പറയാനുണ്ടോ?"
താര മിണ്ടിയില്ല.
"എന്തെങ്കിലും വായ തുറന്ന് പറയെടി" ദിലീപൻ ശബ്ദമുയർത്തി. 
"മിസ്റ്റർ ദിലീപൻ, ഒച്ചയുണ്ടാക്കരുത്, അവർക്ക് പറയാനുള്ളത് അവർ പറയും." മീഡിയേറ്റർ ഇടപെട്ടു. 
താരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവൾ ദയനീയമായി മീഡിയേറ്ററെ നോക്കി.

"ദിലീപൻ പുറത്തിരുന്നോളു, ഞാൻ താരയോട് സംസാരിക്കട്ടെ."
ദിലീപൻ കസേര ഒരു ശബ്ദത്തോടെ വലിച്ചു നീക്കി പുറത്തേക്ക് പോയി. 
അര മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും, അയാളെ അകത്തേക്ക് വിളിച്ചു, താര പുറത്തേക്ക് ഇറങ്ങിപ്പോയി.
"ദിലീപൻ ഇരിക്കൂ."
മീഡിയേറ്റർ സംസാരിച്ചു തുടങ്ങി. 
"മിസ്റ്റർ ദിലീപൻ, താര എന്ന് മുതലാണ് തന്നോട് അകൽച്ച കാണിച്ചു തുടങ്ങിയത്?"
"ഒരു മൂന്നര നാല് മാസമാകുന്നു."
"ഈ നാലുമാസക്കാലം നിങ്ങൾ ഒരുമിച്ച് ചിലവഴിച്ചിട്ടില്ലേ?"
"ഇല്ല. അവൾ അതിനു അനുവദിച്ചിരുന്നില്ല."
"അയാൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ?"
"ഇല്ല സാർ, ഇടക്കൊക്കെ നിർത്താതെ ചുമക്കും, അത് ആവി പിടിക്കുമ്പോൾ തീരും, അതല്ലാതെ വേറൊന്നുമില്ല."
"താര ഇടക്ക് എങ്ങോട്ടാണ് പോകുന്നതെന്ന് തനിക്ക് അറിയാമോ?"
"ഇല്ല."
 "താൻ ചോദിച്ചിട്ടില്ല..?"
"ചോദിച്ചിട്ടുണ്ട്, ടൗണിൽ പോയി എന്നാണ് പറയാറ്."
"താരക്ക് മറ്റൊരാളോട് അടുപ്പമുണ്ട് എന്ന് തോന്നാൻ എന്താണ് കാരണം?"
"അവൾ ഇടക്കിടക്ക് ഫോണിൽ സ്വകാര്യമായി സംസാരിക്കുന്നത് കേൾക്കാം, എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയില്ല."
"വീട്ടിൽ നിങ്ങൾ രണ്ടുപേർ മാത്രമേ ഉള്ളോ? അമ്മയും അച്ഛനുമൊക്കെ?"
"അവരൊക്കെ കുടുംബ വീട്ടിലാണ്."
"കുഞ്ഞുങ്ങൾ..."
"ഇല്ല."
"വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി?"
"മൂന്നു വർഷം കഴിഞ്ഞു."

മീഡിയേറ്റർ എല്ലാം ശ്രദ്ധയോടെ കേട്ടു, അയാൾ കസേരയിൽ ഒന്നുകൂടെ മുന്നോട്ടാഞ്ഞിരുന്നു. 
"മിസ്റ്റർ ദിലീപൻ, ഇനി ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം."
അയാൾ ഒന്ന് നിറുത്തി. 
"താര ഈസ് ഫോർ മന്ത്സ് പ്രെഗ്നന്റ്."
ദിലീപന്റെ മനസ്സിൽ ഒരു മഴ പെയ്തു. 
"ബട്ട്, ഷീ ഈസ് ഡയഗ്നോസ്ഡ് വിത്ത് ലംഗ് ക്യാൻസർ."
അയാളൊരു റിപ്പോർട്ട് എടുത്ത് മേശപ്പുറത്ത് വച്ചു.
"ഫൈനൽ സ്റ്റേജ്"
ദിലീപന് തലകറങ്ങി, "പക്ഷെ, സാർ എങ്ങനെ..?"
"പുകവലിയുടെ ദൂഷ്യങ്ങൾ ദിലീപന് അറിയാഞ്ഞിട്ടാണോ?
താരയിനി അധികകാലം ഉണ്ടാകില്ല, ഷീ വോണ്ട് സർവൈവ് ദിസ് ഇയർ, അല്ലെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കണം. 
 ഒരു പക്ഷെ, പ്രെഗ്നന്റ് അല്ലായിരുന്നുവെങ്കിൽ താര കുറച്ചുകൂടെ ജീവിക്കുമായിരുന്നു. കാത്തിരുന്ന് കിട്ടിയ കുഞ്ഞായത് കൊണ്ട് അവർ അതിനെ വിട്ടുകളയാനും തയ്യാറല്ല."
അയാളൊന്ന് നിറുത്തി.
"താൻ വലിച്ചു വിടുന്ന പുക ആ കുഞ്ഞിന് ദോഷം വരുത്താതിരിക്കാനാണ് അവർ നിങ്ങളിൽ നിന്നും അകലം പാലിച്ചത്. പിന്നെ, അവർ ടൗണിലെന്നും പറഞ്ഞ് പോയിരുന്നത് ആശുപത്രിയിലായിരുന്നു."
ദിലീപന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"ഇവിടിരുന്ന് കരഞ്ഞിട്ടെന്താ കാര്യം? തന്നോട് പുകവലി നിറുത്താൻ അവർ  എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും?"
അയാൾ  കംപ്യൂട്ടറിൽ നോക്കി, 
"താര ഡിവോഴ്സിന് തയ്യാറാണ്, എന്നാലും ഒരു ഹിയറിങ് കൂടി വയ്ക്കാം."
ദിലീപൻ മങ്ങിയ കാഴ്ചയുമായി പുറത്തിറങ്ങി.
***
അമ്മയ്ക്കും കുഞ്ഞിനും കൂടി ഒരിടം മതിയെന്ന് വച്ചു, താരയുടെ നെഞ്ചിലേക്ക് കുഞ്ഞിനെ എടുത്ത് വച്ച് ദിലീപനെക്കൊണ്ട് കർമ്മി ആദ്യത്തെ മൂന്നുപിടി മണ്ണീടീച്ചു. 
ദിലീപന്റെ കൈ തണുത്തിരുന്നു, അയാൾ തന്റെ പിഞ്ചോമനയെ ആദ്യമായും അവസാനമായും കാണുകയായിരുന്നു, വെള്ളപുതപ്പിച്ച കുഞ്ഞുദേഹത്തിൽ മണ്ണ് വീണപ്പോൾ നൊന്തിട്ടുണ്ടാകുമോ..? 
വീണ്ടും താരയെ തൊടാനാഞ്ഞ ദിലീപാണ് ആരൊക്കെയോ ചേർന്ന് വലിച്ചു മാറ്റി. 
അടക്കം കഴിഞ്ഞു പിരിയുമ്പോൾ അന്തരീക്ഷത്തിൽ കുന്തിരിക്കത്തിന്റെ പുക തങ്ങി നിന്നു.
ആ പുകച്ചുരുളുകളിൽ താര കുഞ്ഞിനേയും കയ്യിലെടുത്ത് പുഞ്ചിരിക്കുന്നത് ദിലീപന്റെ കണ്ണുകളിൽ തെളിഞ്ഞുനിന്നു.