lust എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
lust എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, മേയ് 3, ഞായറാഴ്‌ച

ആൺചൂര്

ആൺചൂര്

ആൺചൂര്, കേൾക്കാൻ ആനച്ചൂര് പോലെ ഗാംഭീര്യമുള്ള  ഒരു വാക്ക് അല്ലേ?
എന്നായിരുന്നു അത്?
മഴയുള്ള ദിവസമായിരുന്നു, കോളേജിൽ നിന്നും ലാബ് കഴിഞ്ഞിറങ്ങിയപ്പോൾ ഒരുപാട് താമസിച്ചിരുന്നു. ഒരു ബസിനായി ഒരു ഓട്ടോയെങ്കിലും അതുവഴിവരാൻ പ്രാർത്ഥിച്ചു നിന്ന ദിവസം.
ഒരിക്കൽ പോലും ഒറ്റക്ക് ടാക്സിയിൽ പോകാത്ത ഞാൻ എത്രയും വേഗം വീടെത്താൻ ആഗ്രഹിച്ച് ടാക്സിക്ക് കൈ കാണിച്ച ദിവസം. 
ടാക്സിയിൽ കയറാൻ തുനിഞ്ഞപ്പോഴാണ് അകത്തു വേറെ ആളുകൾ ഇരിക്കുന്നത് കണ്ടത്.
കയറിയില്ല. തിരികെ സ്റ്റോപ്പിലേക്ക് നടന്നു.
ഒരു നിമിഷം, ഒറ്റ നിമിഷംകൊണ്ടാണ് എന്നെ ആരോ അതിലേക്ക് വലിച്ചിട്ടത്. എന്റെ വായും മൂക്കും ആരോ പൊത്തിപ്പിടിച്ചിരുന്നു.

ബോധം വരുമ്പോൾ എന്റെ മേലേക്ക് ആരോ ശക്തമായി നിശ്വസിക്കുന്നുണ്ടായിരുന്നു, ശരീരം മുഴുവൻ വേദനയായിരുന്നു. 

ആകെ മൂന്ന് പേർ. ഓരോ ദിവസവും ഓരോരുത്തർ അതായിരുന്നു പതിവ്, ആ പതിവ് തെറ്റുന്ന ദിവസം മൂന്നുപേരും മാറിമാറി എന്നെ ഭോഗിച്ചിരുന്നു. 
ആ ദിവസങ്ങളിൽ ബോധം മടങ്ങിവരാറില്ലായിരുന്നു. 
പക്ഷെ, ആ ദിവസത്തിന്റെ അന്ത്യത്തിൽ എനിക്കവർ ഒരു ബണ്ണും ഒരു ഗ്ലാസ് മിനറൽ വാട്ടറും  തരാറുണ്ടായിരുന്നു. 

എനിക്കവരുടെ വീടോ പേരോ അറിയില്ല, ശരിക്കും മുഖം പോലും ഓർമ്മയില്ല, അവരെ ഞാൻ ഗന്ധം കൊണ്ട് തിരിച്ചറിഞ്ഞു. 

ചില ദിവസങ്ങളിൽ ഞാൻ ഭാഗ്യവതിയായിരുന്നു, അവരാരും വരാത്ത ദിവസം. അന്ന് ഞാൻ ബന്ധിച്ചിരുന്ന ചങ്ങലക്കൊപ്പം മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. 
എന്റെ ചങ്ങല കക്കൂസിന്റെ ക്ലോസറ്റ് മുതൽ ജനാലയുടെ ആദ്യത്തെ വിടവ് വരെ ആ ദിവസങ്ങളിൽ സഞ്ചരിച്ചു. 
നടന്നുവെന്നോ സഞ്ചരിച്ചു എന്നോ പറയുന്നത് ശരിയല്ല, ഇഴഞ്ഞു അതാണ് ശരി. 
ആ ദിവസങ്ങളിൽ ഞാൻ ദൂരേക്ക് നോക്കാറുണ്ട്. ആ കുന്നിൻ മുകളിൽ ഒരു മനുഷ്യക്കുഞ്ഞുപോലുമില്ല. 
ആ ദിവസങ്ങളിൽ ഞാൻ വീടിനെക്കുറിച്ചാലോചിക്കാറുണ്ട്. അച്ഛൻ, 'അമ്മ, ചേട്ടൻ.. എല്ലാവരും അന്വേഷിക്കുന്നുണ്ടാവും.. അജ്ഞാത മൃതദേഹങ്ങളിൽ പരതുന്നുണ്ടാവും എന്നെ.

അങ്ങനെ ഇഴഞ്ഞ ദിവസത്തിലൊന്നിലാണ് നോക്കെത്താദൂരത്തോളം പരന്നുനിൽക്കുന്ന പച്ചപ്പിനിടയിലൂടെ ഞാൻ ഏതോ പള്ളിയുടെ കുരിശുമണി കണ്ടത്. 
എനിക്ക് ബൺ കിട്ടുന്ന ദിവസങ്ങളിൽ അവിടെ നിന്നും നേർത്ത താളത്തിൽ ഏതൊക്കെയോ പാട്ടുകേൾക്കാറുണ്ട്. ഒരെണ്ണത്തിൻറെ ഏതാനും വരികൾ എനിക്ക് കാണാതെ അറിയാം. 
"Amazing grace, how sweet the sound
That saved a wretch like me" 
ബാക്കി മറന്നു ...
ആ പാട്ടിന്റെ രണ്ടാമത്തെ വരി പഠിച്ച ദിവസമാണ് കക്കൂസിന്റെ കതകിന്റെ കൈപ്പിടി ഒടിഞ്ഞത്. 
സമയം പോകാൻ വേണ്ടിയാണ് അത് തറയിലുറച്ചു തുടങ്ങിയത്. ആ ശബ്ദം കേൾക്കുമ്പോൾ വല്ലാത്ത ഹരം.
ജനാലയുടെ വിടവിൽക്കൂടി സൂര്യനും ചന്ദ്രനും മുറ തെറ്റാതെ വെളിച്ചം കാണിച്ചിരുന്നു. എപ്പോഴോ ആ പിടി വല്ലാതെ ഒന്ന് തിളങ്ങി. 
മൂർച്ച ആദ്യം പരീക്ഷിച്ചത് സിഗരറ്റിന്റെ തീയി അവരോരോരുത്തർ പടം വരച്ച തുടയിൽ... രക്തം വന്നിരുന്നു, വേദന മാത്രം അറിഞ്ഞില്ല. 

അന്നുരാത്രി  മൂന്നാമത്തവൻ വന്നിരുന്നു, പാറപ്പൊടിയുടെ മണമുള്ളവൻ... 
എന്റെ മേലേക്ക് മറിഞ്ഞ ആ ശരീരത്തിന്റെ കഴുത്തിലാണ് ആദ്യം കുത്തിയത്. കുറെ ചോര വാർന്നു. അവനൊന്നും മിണ്ടാൻ കഴിയുന്നുണ്ടായിരുന്നില്ല. അവന്റെ അടിയിൽ നിന്നും മാറാനുള്ള ശക്തി പോലുമുണ്ടായില്ല. 
അവനെ വലിച്ച് കക്കൂസിന്റെ ചുമരിൽ ചാരിയിരുത്തുമ്പോൾ അടുത്ത ഊഴം ആരെന്നു മാത്രമേ ചിന്തിച്ചുള്ളൂ. 

രണ്ടാമത് ഒന്നാമനായിരുന്നു വന്നത്, ഏതോ വിലകൂടിയ സിഗരറ്റിന്റെ ചൂരുള്ളവൻ. 
ഞാൻ കട്ടിലിൽ കമിഴ്ന്നു കിടന്നു, കൈക്കുള്ളിൽ വീണ്ടും മൂർച്ച കൂട്ടിയ പിടി മുറുക്കെപ്പിടിച്ചിരുന്നു.
കട്ടിലിൽ കട്ടപിടിച്ചു കിടന്ന ചോര കണ്ട് അവൻ അന്ധാളിച്ചിരിക്കണം.
എന്നെപ്പിടിച്ചുകുലുക്കി നേരെ കിടത്തിയ നിമിഷം.. കഴുത്തിലാണ് ഉന്നം വച്ചത്.. ചെവിക്ക് പിറകിൽ കൊണ്ടു.
അവനെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു, ആ വിളികളൊക്കെ തീരും വരെ തലങ്ങും വിലങ്ങും കുത്തി. എപ്പോഴോ അവനും ചത്തു.
അവനെ കട്ടിലിനടിയിലേക്കാണ് തള്ളിനീക്കിയത്..
ഇനി ഒരാൾ കൂടി, അതിന് രണ്ടു ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു. 
അന്ന് മഴ പെയ്തിരുന്നു. 
അവൻ വരുന്നത് ദൂരെ നിന്നെ അറിയാം. അവന് ലാവണ്ടറിന്റെ ഗന്ധമാണ്, ചേട്ടൻ ജന്മദിനത്തിന് സമ്മാനിച്ച പെർഫ്യൂമിന്റെ അതേ ഗന്ധം. 
അവന്റെ മേൽ അധികം ശക്തി വേണ്ടി വന്നില്ല, മുറിക്കുള്ളിലെ കാഴ്ച അവന്റെ സർവ്വ നാഡികളും തളർത്തിക്കാണും, അവന് കുഴഞ്ഞിരുന്ന നിമിഷം മതിയായിരുന്നെനിക്ക്. 
ഇപ്പോൾ ഇവിടെ മുഴുവൻ ആൺചൂരാണ്, ഒരാളുടെയല്ല മൂന്നുപേരുടെ. 
ഒന്നിച്ചു ശ്വസിച്ചാൽ ഒന്നും വേർതിരിച്ചറിയാനാകില്ല, കട്ടച്ചോരയുടെ ഗന്ധം മാത്രം. 
വേർതിരിച്ചാൽ അറിയാം പാറപ്പൊടിയുടെയും സിഗററ്റിന്റെയും വെവ്വേറെ ഗന്ധങ്ങൾ. 
ഇതിനിടയിൽ ഒരു കാര്യം പറയാൻ വിട്ടുപോയി. 
ഞാൻ പ്രസവിച്ചിരുന്നു. 
ഓമനത്തമില്ലാത്ത മൂന്ന് വെളുത്ത പുഴുക്കളെ. 
അതിക നേരം കഴിയുന്നതിനു മുന്നേ അവ ചത്തുപോയി, എന്റെ ആദ്യത്തെ കുഞ്ഞുങ്ങൾ. 
ഇന്നലെ ഞാൻ മരിച്ചുവീണിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാതിൽപ്പടിയിൽ തലയടിച്ചിരുന്നു. കുറേ ചോര പോയി. 
കുറച്ചു നേരവും കഴിഞ്ഞെണീക്കാമെന്ന് കരുതി, കഴിഞ്ഞില്ല. 
ഇന്ന് നിങ്ങൾ ഈ മുറിയിൽ കയറുകയാണെങ്കിൽ എന്റെ ഗന്ധം കൂടി തോന്നിയേക്കാം, ഹേയ് നിങ്ങൾക്കതറിയാൻ തരമില്ല. നിങ്ങളതെങ്ങനെ അറിയാനാണ്. 
'രാധാസ് സോപ്പിന്റെ മണമാണ് നിന്റെ മുടിക്ക്', ശാലിനി എന്നും പറയുമായിരുന്നു. 
ശാലിനി എന്റെ ആത്മാർത്ഥ സുഹൃത്ത്. 
എനിക്ക് ആ പാട്ടിന്റെ ബാക്കി വരികൾ ഓർമ്മിക്കാൻ കഴിയുന്നുണ്ട്. 
"I was once lost, but now am found
Was blind but now I see
......................................"

Pic work by - Connie Rose

2020, ഏപ്രിൽ 16, വ്യാഴാഴ്‌ച

സന്ധ്യകൾ പാൽചുരത്തുമ്പോൾ

സന്ധ്യകൾ പാൽചുരത്തുമ്പോൾ 

ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ആർക്കും സന്തോഷം കണ്ടില്ല, റാണിബായിക്കൊഴിച്ച്.
മീന  മീത്താലി സെന്നിന്റെ മുറിയിലേക്ക് വിളിക്കപ്പെട്ടു. മുറിയിൽ മീത്താലി സെന്നിനൊപ്പം അമരീന്ദർ സേട്ടുവും അയാളുടെ കാര്യക്കാരനും.
"ഇതാരുടെതാടീ... അറിയാമോ..?" സേട്ടു ചോദിച്ചു.
മീന ഇല്ലെന്ന് തലയാട്ടി.
"നശിപ്പിച്ചുകളയണം, നാളെത്തന്നെ ഡോക്ടറെ ഇങ്ങോട്ട് വിടുന്നുണ്ട്.."
മീനയ്ക്ക് മറുത്തൊന്നും പറയാനില്ല, അല്ല, പറയാനാകില്ല.
മീത്താലി അവളെ നോക്കി പല്ലിറുമ്മുന്നുണ്ട്.
"നാശം പിടിച്ചവൾ... നിനക്കൊന്നും ബോധമില്ലേ... വയറ്റുകണ്ണിയായിരിക്കുന്നു... റാണീ " അവർ നീട്ടിവിളിച്ചു.
ഒരു നിമിഷം പോലും അധികം അവിടെ നില്ക്കാൻ മീനയ്ക്ക് ത്രാണിയുണ്ടായില്ല, മുന്നിലിരിക്കുന്ന രണ്ടു രൗദ്ര രൂപങ്ങളെ നോക്കുമ്പോൾ കാലുകളിൽ നിന്നും ഒരു വിറ മുകളിലേക്ക് പടരുന്നതറിയാം, സ്വന്തം ഹൃദയമിടിപ്പ് ഉച്ചത്തിൽ കേൾക്കാം.
വിളി കേൾക്കാൻ നിന്ന പോലെ റാണീബായി അകത്തേക്ക് വന്നു.
"കൊണ്ട് പോ. നാളെ ഡോക്ടർ വരും." മീത്താലിയുടെ കൽപ്പന.
റാണീബായിക്കൊപ്പം മുറിയിലേക്ക് നടന്നപ്പോൾ മീനയ്ക്ക് അൽപ്പം ആശ്വാസം കിട്ടിയപോലെ തോന്നി. കട്ടിലിലേക്ക് ഇരുന്ന് ശ്വാസമെടുക്കുമ്പോൾ റാണീബായി ആശ്വസിപ്പിച്ചു.
"പേടിക്കണ്ട, മുൻപ് ഇതൊക്കെ ഇവിടെ പതിവായിരുന്നു, ഒരു ആറേഴ് വർഷം കൊണ്ടാ ഇതൊന്നും ഇല്ലാത്തെ. ബിസിനസിനെ ബാധിക്കുന്നതല്ലേ, അതാ അവർക്ക് ഇത്ര ദേഷ്യം. നാളെ ഡോക്ടർ വരും രാവിലത്തെ ഭക്ഷണം കിട്ടില്ല. ഇനി എല്ലാം കഴിഞ്ഞ ശേഷം ഭക്ഷണം തന്നാൽ മതിയെന്നാ പറഞ്ഞിരിക്കുന്നത്. അറിയാല്ലോ..?"
മീന തലയാട്ടി.
റാണീബായി മുറിവിട്ടു.
അവൾക്കറിയാം മീത്താലി പറഞ്ഞാൽപ്പിന്നെ അതിനപ്പുറമില്ല.
കട്ടിലിന്മേൽ മലർന്നുകിടന്നപ്പോൾ അവളോർത്തു, ആരുടെ മേലൊഴുക്കിയ  വിയർപ്പിന്റെയും നിശ്വാസത്തിന്റെയും വിലയാണീ വയറ്റിൽക്കിടക്കുന്നതെന്ന്, അന്ന് കണ്ട ആ കോളേജ് പയ്യന്റെയാണോ, അതോ കുടിച്ചു ലക്കുകെട്ട് കയറിവന്ന ആ മധ്യവയസ്കന്റെയോ, അതുമല്ലെങ്കിൽ സൗമ്യമായി ചിരിച്ച ആ ചെമ്പൻ മുടിക്കാരന്റെയോ..?
ഓർത്തു നോക്കിയിട്ടും ഒരു രൂപവുമില്ല.
എട്ടുമണി ആയപ്പോൾത്തന്നെ ഡോക്ടർ വന്നു, കയ്യിൽ മിനിയാന്ന് ചെയ്ത ടെസ്റ്റുകളുടെ പേപ്പറുകളുമുണ്ട്, അതിലേക്ക്  വിശദമായി കണ്ണോടിച്ചിട്ട് അവർ ചുളിഞ്ഞ മുഖത്തോടെ മീത്തലിയോടായി പറഞ്ഞു,
"ഇതിപ്പോൾ നാലുമാസം കഴിഞ്ഞല്ലോ, ഇനിയിപ്പോ അബോർഷൻ പറ്റില്ല. ഈ പെണ്ണുകൂടി ചാകും."
മീത്താലിയുടെ കണ്ണുകൾ ചുവക്കുന്നത് കണ്ടപ്പോൾ മീന നോട്ടം താഴ്ത്തി.
***
നീണ്ട പതിനൊന്ന് വർഷങ്ങൾക്ക് ശേഷം കാമാത്തിപ്പുരയുടെ അകത്തളങ്ങളിൽ ആദ്യമായി ഒരു കുഞ്ഞിന്റെ കരച്ചിൽ വീണു. ഓടുകളുടെ ഇടക്ക് കൂടുവച്ചിരുന്ന രണ്ടുമൂന്ന് പ്രാവുകൾ അമ്പരന്ന് പറന്നുപോയി.
"ആൺകുഞ്ഞായത് നന്നായി."
കുഞ്ഞിനെ നോക്കി സംതൃപ്തിയോടെ റാണീബായി പറഞ്ഞു.
മീനയ്ക്കും അത് നന്നായെന്ന് തോന്നി, അല്ലെങ്കിൽപ്പിന്നെ തന്നെപ്പോലെ വയസ്സറിയിച്ച് ഒരു മാസം തികയുന്നതിനു മുൻപേ കസ്റ്റമറെ സ്വീകരിക്കേണ്ടി വന്നേനെ.
വയസ്സറിയിച്ച് കൃത്യം പതിനേഴ് ദിവസമായപ്പോളാണ് അവളാദ്യത്തെ പുരുഷനെ സ്വീകരിച്ചത്, അതും പതിനാലാം വയസ്സിൽ. ആ മുറിയിലേക്ക് അവളെ അണിയിച്ചൊരുക്കി വിട്ടത് അവളുടെ 'അമ്മ തന്നെയായിരുന്നു, അവളുടെ നെറ്റിയിലേക്കൊരു പൊട്ടു വയ്ക്കുമ്പോൾ അവരുടെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ താഴെ വീണിരുന്നു. ഒളിച്ചുകളിക്കാനെന്നു കളിപറഞ്ഞിട്ട് തളത്തിന്റെ അങ്ങേ അറ്റത്തെ മുറിയിലേക്ക് കൊണ്ടുപോയതും അവർ തന്നെയായിരുന്നു. പുറത്തു നിന്നടച്ച ആ മുറി തുറക്കാൻ അവൾ നിലവിളിച്ചു, വാതിൽ തുറക്കപ്പെട്ടു, അമ്മയ്ക്ക് പകരം കടന്നു വന്നത് സേട്ടു. കാമാത്തിപ്പുരയിൽ ആറുവന്നാലും ആദ്യത്തെ ഊഴം സേട്ടുവിനാണ്.
ശരീരം നുറുങ്ങുന്ന വേദനയുമായി, കാലുകൾ നിലത്തുറക്കാതെ അമ്മയെ തിരയുമ്പോൾ അവളെ വരവേറ്റത് കഴുക്കോലിൽ തൂങ്ങിയാടുന്ന അവരുടെ ശരീരം. ഏത് വേദനയാണ് ഏറ്റു നിൽക്കുന്നതെന്ന് ആ നിമിഷം അറിയാനായില്ല. പക്ഷെ, അന്ന് മുതൽ ഇന്ന് വരെയും ഒരു പുരുഷനെയും സ്വീകരിക്കാൻ അറപ്പു തോന്നിയിട്ടില്ല, ജോലിയാണ്.
എങ്കിലും കാമാത്തിപ്പുരയിലെ ഏറ്റവും സുന്ദരിയാണെന്ന കാരണം കൊണ്ടും സേട്ടുവിന്റെ പ്രിയങ്കരിയാണെന്നുള്ളത് കൊണ്ടും അവളെന്നും  മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലാണ്. ചുരുക്കിപ്പറഞ്ഞാൽ പണമുള്ളവന് മാത്രമേ അവളെ അനുഭവിക്കാൻ യോഗമുണ്ടായിരുന്നുള്ളു.
***
കുഞ്ഞുവന്നതോടു കൂടി മീന അധികം ആരെയും സ്വീകരിക്കാതായി. ആ കുഞ്ഞിന് വേണ്ടി ജീവിക്കണം എന്നൊരാഗ്രഹം അവളിൽ ഉടലെടുത്തിരുന്നു.
റാണീബായി അവളുടെ മാറ്റങ്ങൾ കാണുന്നുണ്ടായിരുന്നു,
"കുട്ടീ, നീ ആളുകളെ സ്വീകരിക്കാതായാൽ ഈ കുഞ്ഞിനെ അവർ നിന്നിൽ നിന്നും കൊണ്ട് പോകും.." അവർ താക്കീത് ചെയ്തു.
മീനയുടെ മാറ്റങ്ങൾ മറ്റുള്ളവരിൽ മുറുമുറുപ്പുണ്ടാക്കി.
മീന ഒരിക്കൽക്കൂടി മീത്താലി സെന്നിന്റെ മുറിയിലേക്ക് വിളിക്കപ്പെട്ടു.
സേട്ടു ഹുക്ക വലിക്കുകയായിരുന്നു.
കടന്നുവന്ന അവളെ അയാൾ ആപാദചൂഡം നോക്കി.
"പ്രസവം കഴിഞ്ഞപ്പോൾ നീയൊന്നു കൊഴുത്തിട്ടുണ്ട്.."
അവളുടെ തോളിൽ കയ്യിട്ട് അവളുടെ മുടിയുടെ ഗന്ധം ആസ്വദിച്ചുകൊണ്ട് സേട്ടു പറഞ്ഞു.
അന്നാദ്യമായി അവൾക്ക് പുരുഷന്റെ ഗന്ധം അറപ്പുണ്ടാക്കി.
സേട്ടു വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അയാളുടെ വിയർപ്പിന്റെ ഗന്ധം അവളുടെ മേനിയിലാകെ പടർന്നു നിന്നു, അയാൾ പറഞ്ഞാൽ മാത്രമേ  കൊടുത്താൽ അവൾക്ക് അയാളുടെ ശരീരത്തിനടിയിൽ നിന്നും എഴുന്നേൽക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. അവളുടെ മുലകൾ വേദനിക്കുന്നുണ്ടായിരുന്നു, സേട്ടു ഞെരിച്ച മുലകളിൽ നീന്നും പാൽ ചാലിട്ടൊഴുകി.
അവളിനിൽ നിന്നകന്ന് ഒരു ചുരുട്ട് കത്തിച്ചുകൊണ്ട് സേട്ടു പറഞ്ഞു,
"നാളെ മുതൽ നീ കസ്റ്റമേഴ്‌സിനെ സ്വീകരിച്ചു തുടങ്ങണം. പകൽ വേണ്ട, രാത്രി മാത്രം. സ്പെഷ്യൽ സർവീസ്.."
എതിർത്തൊന്നും പറയാനില്ല.
***
ആർത്തവത്തിന്റെ ദിവസങ്ങളിൽ മാത്രമേ അവൾ രാത്രി കുഞ്ഞിനൊപ്പം ഉറങ്ങിയുള്ളു. പകൽ മുഴുവനും അവൾ അവന്റെ കളിചിരികളിൽ മുഴുകി രാത്രിയിലെ പല വിയർപ്പുമണങ്ങളും മറക്കാൻ ശ്രമിച്ചു. സന്ധ്യക്ക് കുഞ്ഞിന് പാൽ കൊടുത്ത് റാണീബായിയുടെ കയ്യിലേൽപ്പിക്കും, പിന്നെ പരിചയമുള്ളതും ഇല്ലാത്തതുമായ പലതരം ശ്വാസങ്ങളിലേക്ക്. ഓരോ ശ്വാസങ്ങൾക്കും  ഇടയിൽ പിടയുമ്പോൾ അവൾ ഓർക്കാറുണ്ട്,
'രക്ഷപ്പെടണം'.
അന്നവൾക്ക് പതിവുകാരാരുമില്ലായിരുന്നു, പുതുതായി വന്ന ഒരാൾ മറ്റൊരുത്തിയുടെ മുറിയിലേക്ക് പോയി.
മീത്തലി സെൻ എന്തോ ആവശ്യത്തിന് പുറത്തുപോയിരിക്കുന്നു.
രാത്രി ഏറെ കഴിഞ്ഞിരുന്നു, കാമാത്തിപ്പുരയിലെ എല്ലാ കണ്ണുകളും ഉറക്കത്തിലേക്ക് വീണിരുന്നു.
കുഞ്ഞിനെയുമെടുത്ത് ശബ്ദമുണ്ടാക്കാതെ ദേദ് ഗലിയുടെ ഇടവഴിയിലൂടെ ഓടുമ്പോൾ രക്ഷപ്പെടണമെന്നല്ലാത്ത അവൾ മറ്റൊന്നും ഓർത്തില്ല.
പിടിക്കപ്പെടുമ്പോൾ ഒന്നര ദിവസം  കഴിഞ്ഞിരുന്നു, ബെയ്ക്കുള്ളയിൽ നിന്നും മഹാലക്ഷ്മിയിലേക്കുള്ള ട്രെയ്‌നിലായിരുന്നു അവൾ.
പോലീസുകാരിലും, ചായക്കടക്കാരിലും എന്തിന് പോട്ടർമാരിലും സേട്ടുവിന്റെയും മീത്തലിയുടെയും ആളുകളുണ്ടെന്നത് ഇടക്കെപ്പോഴോ അവൾ മറന്നിരുന്നു.
കാമാത്തിപ്പുരയുടെ പടികൾ കടന്ന് അകത്തളത്തിൽ അവളെ സ്വീകരിച്ചത് മീത്താലിയുടെ പടക്കം പൊട്ടുന്ന തരത്തിലെ അടിയാണ്.
"കൂത്തിച്ചി.." ആ വാക്ക് മീത്താലിയുടെ പല്ലുകൾക്കും നാവിനുമിടയിൽ ഞെരിഞ്ഞമർന്നു.
മീന തടങ്കലിലാക്കപ്പെട്ടു, മറ്റുള്ളവരുമായി സംസാരിക്കുന്നത് വിലക്കപ്പെട്ടു, കുഞ്ഞിനെ അകറ്റപ്പെട്ടു, സന്ധ്യകളിൽ അവൻ വിശന്ന് നിലവിളിക്കുമ്പോൾ മാത്രം അവൻ അവളുടെ കൈകളിൽ എത്തപ്പെട്ടു.
ആ സന്ധ്യകൾക്കായി മാത്രം അവൾ കാത്തിരിക്കാൻ തുടങ്ങി.
പതിവ് വന്ന പലരെയും മീന മടക്കിയയച്ചു.
അതിനനുസരിച്ച് കാത്തിരുന്ന സന്ധ്യകൾ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ മാത്രം വന്നു.
പതിയെപ്പതിയെ അവളരെയും സ്വീകരിക്കാതെ പാൽചുരത്തുന്ന സന്ധ്യകൾക്കായി മാത്രം കാത്തിരുന്നു, രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ വന്നിരുന്ന സന്ധ്യകൾ പിന്നൊരിക്കലും വരാതായി.
മീനയുടെ കൊലുസുകൾ ജനലിലേക്ക് നീളുന്ന ബലമുള്ള ചങ്ങലകളായി.
എങ്കിലും അവൾ സന്ധ്യകൾക്കായി കാത്തിരുന്നു.
പാതിബോധത്തിൽ അവനായി പഠിച്ച പാട്ടുകൾ ഉറക്കെപ്പാടി.
ആ സമയങ്ങളിലെല്ലാം വാഴത്തോലുപോലെ ഞാന്നുകിടക്കുന്ന മുലകൾ പാൽ ചുരത്തി.
കാമാത്തിപ്പുരയുടെ അകത്തളത്തിലേക്ക് കടന്നുചെല്ലുമ്പോൾ ഉള്ളിലെവിടെയോ അടച്ചിട്ട മുറിയിൽ വീശുന്ന കാറ്റിന്  താരാട്ടിന്റെ ഈണമാണ്,  ആ മുറിയിലെ വീഴുന്ന വിളറിയ സന്ധ്യയ്ക്ക് ഇപ്പോഴും  പാലിന്റെ മണമാണ്.


2019, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

ലില്ലിപ്പൂമണങ്ങൾ

ലില്ലിപ്പൂമണങ്ങൾ 

12.10 ന്റെ അലാറം ഒരു വയലിൻ ശബ്ദത്തിൽ ഉയർന്നു കേട്ടു.
ഇസബെല്ലയെ നോക്കിക്കിടന്ന സ്റ്റുവെർട്ടിന്റെ ഉള്ളിൽ അറിയാത്തൊരു നൊമ്പരം മൊട്ടിട്ടു.
ഇസബെല്ല കണ്ണുകൾ തുറന്നു, അഴിച്ചിട്ടിരുന്ന നീല ഗൗൺ ഒരു മാജിക്കുകാരിയെപ്പോലെ അണിഞ്ഞു.
"Now our time is over, you have to leave"
"Yes".
സ്റ്റുവർട്ട് മറുപടി പറഞ്ഞു.
അയാൾ കട്ടിലിനടിയിൽ കിടന്ന പാന്റ്സ്  തപ്പിയെടുത്തു, ഷർട്ടിന്റെ ബട്ടണുകൾ ഇടുമ്പോഴേക്കും ഇസബെല്ല മേശവലിപ്പിൽ നിന്ന് കവർ എടുത്തു വന്നു. അത് അയാൾക്ക് നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു,
"Here, your payment".
അയാൾ ഏറ്റവും വെറുക്കുന്ന നിമിഷം.
"Thanks, see you again".
യാത്ര പറഞ്ഞ അയാൾ പുറത്തിറങ്ങി.
കവർ തുറന്നു നോക്കി, 500 ഡോളർ.
ഒരു രാത്രിക്ക്, അല്ല കൃത്യം പറഞ്ഞാൽ അര മണിക്കൂറിന്, മോശമല്ല.
***
"Wow, nice smell".
സ്റ്റീവ് കടന്നുവന്നു.
സ്ട്രോബെറി ഫ്ലേവറിലുള്ള ഒരു ക്യാപ്സ്യൂൾ സിഗരറ്റ് സ്റ്റുവർട്ട് വിരലുകൾക്കിടയിൽ തിരുകി വച്ചിരുന്നു.
"Stuvert, do you have any customers today?"
"Nope".
അയാൾ രണ്ടു ദിവസമായി കാസ്റ്റമേഴ്സിനെ കണ്ടിട്ട്.
"Then shall i accompany you tonight?"
സ്റ്റീവിന്റെ വിരലുകൾ അയാളുടെ ഷർട്ടിനിടയിലൂടെ കടന്ന് പുക്കിളിന്റെ ഭാഗത്തെത്തി.
"Stop it Steve. I don't like this."
ഒരലർച്ചയോടെ അയാൾ സ്റ്റീവിനെ തള്ളി മാറ്റി. 
സ്റ്റീവിന്റെ ചുണ്ടിന്റെ കോണിൽ ഒരു പുച്ച്ചം വിരിഞ്ഞു,
"Oh my God, I can't believe this, You are still thinking of her? She won't call you again, She would've got another client. Its forbidden Stuvert, for us its forbidden."
അത്രയും പറഞ്ഞ ശേഷം സ്റ്റീവ് മുഖം വെട്ടിച്ച് നടന്നു പോയി, ഇടനാഴിയിലെ ഏതോ മുറിയിൽ നിന്നും ഒരു കൈ നീണ്ടു വന്നത് സ്റ്റീവിനെ കൊണ്ട് പോയി, ഇനിയാവർ നഗ്നമായി കെട്ടുപിണഞ്ഞു കിടക്കുന്ന രണ്ട് നിഴലുകൾ മാത്രമാകും. 
***
ഇസബെല്ല, വയലിനിസ്റ്റ്.
നീലക്കണ്ണുകളും വെള്ളത്തലമുടിയും. 
ആദ്യമായി കാണുന്നത് മറ്റൊരു കസ്റ്റമറിന്റെ മുറിയിൽ നിന്നും പണം എണ്ണിവാങ്ങി ഇറങ്ങുമ്പോഴാണ്. 
"Do you have time for another round?"
ഒളിവും മറയുമില്ലാതെ ചോദ്യം. 
"Yes, but I have to bath first."
"Sure, I have an attached bathroom."
കുളിച്ചിറങ്ങുമ്പോഴേക്കും ചുവരിലൊളിപ്പിച്ചു വച്ചിരുന്ന പാക്കെറ്റിൽ നിന്നും വെളുത്ത പൊടി ഹെറോയിൻ ആണെന്ന് തോന്നുന്നു, മൂന്ന് ഭാഗങ്ങളായി പകുത്ത് രണ്ടുഭാഗം സ്‌നോർട്ട് ചെയ്തിരുന്നു. 
"Do you want one".
"No thanks, i won't use it."
അവളൊന്നു ചിരിച്ചു, 
"Than, shall we fuck now?"
അവളുടെ മുടിയിൽ മുഖം ചേർത്ത് കിടക്കുമ്പോൾ അവൾ പതുക്കെ പറഞ്ഞു, 
"You are smelling like calotropis, I like it."
ആ രാത്രി കടന്നു പോകുമ്പോളും ശരീരത്തിൽ ലില്ലിപ്പൂക്കളുടെ മണം ബാക്കിയുണ്ടായിരുന്നു. 
പിന്നെയുള്ള രാത്രികളിൽ അവൾ മാത്രമായി അയാളുടെ ശീലം. ഒരു രാത്രിക്ക്, അല്ല, മുപ്പത് മിനുട്ടിന് 500 ഡോളർ. മറ്റുള്ളവർ തരുന്നതിനേക്കാൾ കുറവാണ്, എങ്കിലും അയാൾ ആ മുപ്പത് മിനുട്ടിനു വേണ്ടി കാത്തിരുന്നു. 
അവളെ വെറുതെ കെട്ടിപ്പിടിച്ചു കിടക്കാനായിരുന്നു അയാൾക്കിഷ്ടം, പക്ഷെ, അവളുടെ വിരലുകൾ അയാൾക്ക് മീതെ ചലിക്കുമ്പോൾ.. 
ഒരിക്കൽ അയാൾ ചോദിച്ചു,
"Bella, can't we stay like this?"
അയാളുടെ കരവലയത്തിൽ നിന്നും മോചിതയായി അവൾ പറഞ്ഞു, 
"No, I don't want to waste my money."
ഒരിക്കൽ അവൾ പറഞ്ഞു, 
"If this is like this, no doubt, you will fall for me, may be me too. But, I don't let that happen."
അയാൾക്ക് അവളോട് സ്നേഹം തോന്നിയത് പോലെ അവൾക്കും തോന്നിയിരുന്നെങ്കിൽ എന്നയാൾ ആശിച്ചു. 
അവളുടെ കോൺസെർട്ടിന്റെ കുറച്ച്  ദിവസം മുൻപ് പണം തരുമ്പോൾ ഒരു ടിക്കറ്റ് കൂടി അവൾ നീട്ടി. 
"You should come."
അതിനു ശേഷം ആ മുപ്പത് മിനുട്ടുകൾ അയാൾക്കുണ്ടായില്ല. 
ആ മുപ്പത് മിനുട്ടിലേക്ക് അവൾ മറ്റാരെയെങ്കിലും വാടകയ്ക്ക് എടുത്തിട്ടുണ്ടാവണം, മറ്റൊരാളുടെ കൈകളിൽ അവൾ... 
അയാൾക്ക് തല പെരുത്തു.
***
ഇസബെല്ലയുടെ കോൺസെർട്ട് ഇന്നായിരുന്നു, വല്ലാത്തൊരു മാസ്മരികത, അയാൾക്കത് ലവലേശം ആസ്വദിക്കാനായില്ല. 
ഹാളിന്റെ പുറത്തിറങ്ങി ഒരു സ്ട്രോബെറി ഫ്ലേവർ ക്യാപ്സ്യൂളിനു തീ കൊളുത്തുമ്പോൾ, പിന്നിലൊരു ചോദ്യം.. 
"Excuse me, do you have time?"
താമരയുടെ ഗന്ധം. 
മറ്റൊരു ഇസബെല്ല?!


2017, നവംബർ 7, ചൊവ്വാഴ്ച

പാപിനാശിനി

പാപിനാശിനി 

" നീ എങ്ങോട്ട് ഒഴുകിപ്പോയതാ.. " അയാൾ കുസൃതിച്ചിരിയോടെ ചോദിച്ചു.
"ഞാൻ ഒഴുകിപ്പോയോ? ഇച്ചായി സ്വപ്നം വല്ലതും കണ്ടോ?" അവൾ അത്ഭുതത്തോടെ ചോദിച്ചു. 
നനവുള്ള മുടി ഒന്നുകൂടി വിടർത്തിയിട്ടപ്പോൾ മുഖത്തേക്കും രണ്ടുതുള്ളി വെള്ളം തെറിച്ചു. അയാൾ കിടക്കയിൽ എണീറ്റിരുന്നു. 
അവളെ പിടിച്ച് ദേഹത്തോട് ചേർക്കുമ്പോൾ അയാൾ പറഞ്ഞു, 
"നീ ഗംഗയല്ലേ...  എങ്ങോട്ടേക്കെങ്കിലും  ഒഴുകിപ്പോയാലോ.. "
" ഇച്ചായി, ഞാൻ വെറും  ഗംഗയല്ല, ഗംഗ സെബാസ്റ്യാനാണ്.. അങ്ങനൊന്നും ഞാൻ ഒഴുകിപ്പോകില്ല.. " 
അവളുടെ ചിരിയിൽ അയാളും ചേർന്നു.
***
അയാളുടെ ഷർട്ടിലെ പുതിയ മണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ ഒന്ന് ചിരിച്ചു, " ഓ അതോ, അത് അലക്സ് പുതിയൊരു പെർഫ്യൂം  കൊണ്ട് വന്നു, അതൊന്നടിച്ചു നോക്കിയതാ.. "
'അലക്സ് ലേഡി ബ്ലൂ ആണോ അടിക്കുന്നതെന്ന്' ചോദിക്കുന്നതിനു മുൻപ്അയാൾ കുളിമുറിയിൽ കയറി വാതിലടച്ചു.
അമ്മായിയോട് അതിനെക്കുറിച്ച് പറഞ്ഞപ്പോൾ അവർ പറഞ്ഞതിങ്ങനെ..
"ആണുങ്ങളാകുമ്പ അങ്ങനെ തന്നാ.. ചെളി കാണുമ്പോ ചവിട്ടും, വെള്ളം കാണുമ്പോ കഴുകും.. നമ്മളെ ഇതൊക്കെ ക്ഷമിക്കേണ്ടത്.."
അവൾ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട അവർ വീണ്ടും  പറഞ്ഞു,  
" ഗംഗേ.. നീ ക്ഷമിക്ക്, എല്ലാം ശരിയാകും.. ഇതൊക്കെ മുൻകൂട്ടിക്കണ്ടാകും നിന്റെ 'അമ്മ നിനക്ക് പേര് വച്ചത്. സാധാരണ നസ്രാണികൾ  ഈ പേര് ഇടാറില്ലല്ലോ. .  നിന്റെ പേര് തന്നെ നോക്ക്.. ഗംഗ... പാപനാശിനിയായ ഒരു നടിയുടെ പേരാ..."
ഇവർക്കെങ്ങനാ ഇത്രയും വിവരം വച്ചതെന്ന് അവൾ അത്ഭുതത്തോടെ ആലോചിച്ചു. 
***
എപ്പോഴാണ് ഗംഗ മുറിയിലേക്ക് വന്നതെന്ന് അയാൾ അറിഞ്ഞില്ല, അലക്സിന്റെ ഭാര്യ ട്രീസയുടെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുകയായിരുന്നു അയാൾ. 
ഒരു മിന്നലൊളി  പറന്നു വരുന്നത് കണ്ടു.. ട്രീസ ഒരു നിലവിളിയോടെ കഴുത്ത് പൊത്തിപ്പിടിച്ചു.. മൂന്നു മിനിറ്റിനുള്ളിൽ അവളുടെ പിടച്ചിൽ തീർന്നു. 
ആ കാഴ്ചയുണ്ടാക്കിയ മരവിപ്പ്  മാറിയപ്പോഴാണ് അയാളുടെ കഴുത്തിലൂടെ തണുപ്പിന്റെ ചുവന്ന പാമ്പ് ഇഴയുന്നത് അയാൾ അറിഞ്ഞത്.. 
അതിനിടയിലും അയാൾ ഗംഗയുടെ ശബ്ദം കേട്ടു...
"ഇച്ചായി.. ഞാൻ പേര് മാറ്റി.. എന്റെ പേര് ഗംഗേന്നല്ല.. കാളിയെന്നാ.. ഭദ്രകാളി.. അവരുടെ ജോലി അറിയാല്ലോ അല്ലെ? പാപികളെ നശിപ്പിക്കൽ.. പാപിനാശിനി.. "
തന്റെ മുന്നിൽ നിൽക്കുന്നവൻ ആർത്തലയ്ച്ചൊഴുകുന്ന വെള്ളമാണോ, തലയോട്ടി മാലയണിഞ്ഞ മറ്റാരെങ്കിലുമാണോ എന്ന് തിരിച്ചറിയാൻ പാടുപെടുകയായിരുന്നു അയാൾ...



2017, ജൂലൈ 5, ബുധനാഴ്‌ച

ഗ്രാമത്തിലേക്കുള്ള അവസാനത്തെ വണ്ടി

ഗ്രാമത്തിലേക്കുള്ള അവസാനത്തെ വണ്ടി 

തലേ രാത്രിയുടെ വിയർപ്പുമണത്തിൽ നിന്നും വാരിച്ചുറ്റിയ വസ്ത്രങ്ങളുമായി അവൾ പോകാനിറങ്ങി. 
ഇന്നലത്തെ രാത്രിയുടെ കൂലി മേശപ്പുറത്തുണ്ട്.
അയാൾ കുളിക്കുകയാവണം.
ബാത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം.
അയാളുടെ ഫോൺ ചിലക്കാൻ തുടങ്ങിയിരുന്നു. 
"ഹലോ..
മക്കളുണർന്നോടി?
ങാ മീറ്റിംഗ് കഴിഞ്ഞു..
ഇന്നെത്തും.
ശരി";
ഭാര്യയാവണം വിളിച്ചത്. 
അയാൾ അവൾക്ക് നേരെ തിരിഞ്ഞു.
"പോകാനിറങ്ങിയോ, ഞാൻ ഡ്രോപ്പ് ചെയ്യാം..".
"വേണ്ട, ടാക്സി പറഞ്ഞിട്ടുണ്ട്."
"നീയിങ്ങനെ കുറെ സമ്പാദിക്കുന്നുണ്ടല്ലോ..".
"നിങ്ങളെപ്പോലുള്ളവരുള്ളപ്പോൾ എനിക്ക് സമ്പാദിക്കാൻ എന്താ ബുദ്ധിമുട്ട് ?"
അയാളുടെ മുഖം വിളറുന്നത്‌ ശ്രദ്ധിക്കാതെ അവൾ പടിയിറങ്ങി. 
***
നഗരത്തിന്റെ തിരക്കുകളിലൂടെ അവളെയും വഹിച്ച് വാഹനം ഓടിക്കൊണ്ടിരുന്നു. 
തലേ രാത്രിയുടെ ക്ഷീണം അവളെ മയക്കി, 
അത് പതിവായിരുന്നു.
ഉറക്കത്തിന്റെ പരിഭവങ്ങൾ അവളുടെ കണ്ണിനു താഴെ കറുത്ത് കിടന്നു.
സഡൻ ബ്രേക്ക്, വാഹനം നിന്ന്.
അവൾ ഉറക്കം മുറിഞ്ഞതിന്റെ അമ്പരപ്പിൽ പുറത്തേക്ക് തലയിട്ടു. 
എന്താണെന്ന് കാണാൻ വയ്യ, 
ആൾക്കൂട്ടം, 
വല്ല അപകടവുമാകും.
പുറത്തേക്കിറങ്ങി നോക്കണമെന്ന് തോന്നി.
റോഡിനു നടുവിൽ, ആരുടെയോ വാഹനം ഇടിച്ചു തെറിപ്പിച്ച, ചോരയൊലിക്കുന്ന മകളുടെ ശരീരവുമായി ഒരച്ഛൻ.
അയാൾ എല്ലാവർക്കും നേരെയും കൈകൾ നീട്ടുന്നുണ്ട്.
പിന്തിരിഞ്ഞു പോകാനൊരുങ്ങുമ്പോഴാണ് കോപ്പിയ കൈകൾ അവൾക്ക് നേരെയും വന്നത്.
അറിയാത്ത ഏതോ ഭാഷയിൽ അയാൾ മകൾക്കു വേണ്ടി യാചിച്ചു കൊണ്ടിരുന്നു.
തിരിഞ്ഞു നടക്കുമ്പോൾ ആ മുഖം തന്റെ അപ്പന്റേത് തന്നെയല്ലേ എന്ന് ഒരുവേള അവൾ സംശയിച്ചു. 
***
മനസ്സിൽ വല്ലാത്ത വീർപ്പുമുട്ടലും അസ്വസ്ഥതകളുമായി നിൽക്കുന്ന ആ അച്ഛനെ കണ്ടു കൊണ്ടാണ് അവൾ ആശുപത്രി വരാന്തയിൽ നിന്നിറങ്ങിയത്. 
അവളും അപ്പനെ കുറിച്ചോർത്തു.
അപ്പന്റെ കയ്യും പിടിച്ച് സ്കൂളിലേക്ക് പോയിരുന്ന നാളുകളോർത്തു.
അപ്പന്റെ തുളസി മണമുള്ള 'ആനിക്കുട്ടിയേ..' എന്ന വിളിയും,
അവൾക്ക് കണ്ണുകൾ പുകയുന്നത് പോലെ തോന്നി.
ഡിഗ്രി കഴിയുമ്പോഴാണ് കൃഷി നശിച്ചതും, ബാങ്കിൽ നിന്ന് നോട്ടീസ് വന്നതും.
അപ്പന്റെ സുഹൃത്തിന്റെ മകൻ ജോണിച്ചായനാണ് ഉത്തരേന്ത്യയിൽ വലിയ ശമ്പളം കിട്ടുന്ന ജോലിയെ കുറിച്ച് പറഞ്ഞത്.
"നിന്നെ വിടാനിഷ്ടമുണ്ടായിട്ടല്ല..".
അമ്മച്ചി സ്വതസിദ്ധമായ പുഞ്ചിരിയിൽ കണ്ണീരൊളിപ്പിച്ചു നിന്നു.
കൊന്തയുതിർക്കുന്ന വീടിനു പുറത്തേക്കുള്ള ലോകത്തിന്റെ ആദ്യ ദിവസം, അർദ്ധ മയക്കത്തിൽ, ഏതോ വിലകൂടിയ പെർഫ്യൂമിന്റെ മണത്തിൽ..
"എന്നോടെന്തിനായിരുന്നു..?" ജോണിച്ചേട്ടനോട് നിർവികാരമായ ചോദ്യം.
"നിന്റെ കടങ്ങൾ മാറ്റണ്ടേ..?" മറു ചോദ്യത്തിന് കുറുക്കന്റെ സ്വരം.
രാത്രിയുടെ വിയര്പ്പുമണങ്ങൾ മാറിക്കൊണ്ടിരുന്നു,
കൊന്തയുടെ വാക്കുകൾ മറന്നു, 
മുത്തുകൾ പൊട്ടിച്ചിതറി.
ക്രൂശിത രൂപം മനസ്സിൽ നിന്നു മാഞ്ഞു.
ജോണിച്ചായൻ ഇടയ്ക്കു വരും, വിശേഷങ്ങൾ പറയും.
"കടങ്ങൾ വീട്ടി, ബാങ്ക് ലോൺ തിരിച്ചടച്ചു, അനിയൻ എഞ്ചിനീറിങ്ങിനു ചേർന്നു".
ഭാവഭേദമില്ലാതെ കേട്ട് നിൽക്കും.
ഒരിക്കൽ അമ്മച്ചിയുടെ കത്ത് കിട്ടി.
'എടി, ഇവിടത്തെ പ്രാരാബ്ധങ്ങൾ ഒക്കെ തീർന്നു, ജോക്കുട്ടന് ജോലിയായി.ഇനീം നിനക്കിങ്ങോട്ട് പോരരുതോ?, വരുന്ന പെരുന്നാളിന് നിനക്ക് വയസ്സ് ഇരുപത്തേഴാ..'
ബാക്കി വായിച്ചില്ല,
കീറിയെറിഞ്ഞ കത്ത് ചവറ്റുകുട്ടയിലിടുമ്പോൾ മനസ്സ് അമ്മച്ചിയോട് പറഞ്ഞു, 'പറന്നു തുടങ്ങുമ്പോൾ ചിറകു തളരുന്ന പക്ഷിയാണ് ഞാൻ..'.
***
അത്ഭുതം തോന്നി, 
ജീവിതം പുതുമണങ്ങൾ അറിയാൻ തുടങ്ങിയിട്ട് ആര് വർഷങ്ങൾ..
അപ്പന്റെ ദൈന്യമായ മുഖവും, 
അമ്മച്ചിയുടെ കണ്ണീരോളിപ്പിച്ച പുഞ്ചിരിയും വീണ്ടുമോർത്തു.
അവൾക്ക് പ്രാർത്ഥിക്കണമെന്നും തോന്നി,
പഴയ പെട്ടിയിലെ ബൈബിൾ പുറത്തെടുക്കുമ്പോൾ പൂപ്പൽ മണത്തു.

* 'ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, 
ദൈവമേ, അങ്ങെനിക്കുത്തരമരുളും.
അങ്ങ് ചെവി  ചായ്ച്ച് എന്റെ വാക്കുകൾ ശ്രവിക്കേണമേ !

തന്റെ വലതു കയ്യിൽ അഭയം തേടുന്നവർ 
ശത്രുക്കളിൽ നിന്നു കാത്തു കൊള്ളുന്ന രക്ഷകാ
അങ്ങയുടെ കാരുണ്യം വിസ്മയകരമായി പ്രദര്ശിപ്പിക്കേണമേ!

കണ്ണിന്റെ കൃഷ്ണമണി പോലെ എന്നെ കാത്തുകൊള്ളേണമേ!
അങ്ങയുടെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചു കൊള്ളേണമേ!

എന്നെ ഞെരുക്കുന്ന ദുഷ്ടരിൽ നിന്നും എന്നെ വളഞ്ഞിരിക്കുന്ന 
കൊടും ശത്രുക്കളിൽ നിന്നും എന്നെ രക്ഷിക്കേണമേ!

അവരുടെ ഹൃദയത്തിൽ അനുകമ്പയില്ല;
അവരുടെ അധരങ്ങൾ വൻപ് വരളുന്നു,
അവർ എന്നെ അനുധാവനം ചെയ്യുന്നു,
ഇതാ, എന്നെ വളഞ്ഞു കഴിഞ്ഞു.
എന്നെ നിലം പതിപ്പിക്കാൻ അവർ
എന്റെ മേൽ കണ്ണ് വച്ചിരിക്കുന്നു.

കടിച്ചു ചീന്താൻ വെമ്പുന്ന സിംഹത്തെപ്പോലെയാണവർ;
പതിയിരിക്കുന്ന യുവ സിംഹത്തെ പോലെ തന്നെ.
കർത്താവേ! എഴുന്നേറ്റ് അവരെ എതിർത്ത് തോൽപ്പിക്കേണമേ
അങ്ങയുടെ വാൾ നേച്ചറിൽ നിന്നും എന്നെ രക്ഷിക്കട്ടെ!'
***
സന്ധ്യ കഴിഞ്ഞിരിക്കുന്നു,
കാറ്റുവിടർത്തിയ മുടിയിഴകൾ ഒതുക്കിക്കൊണ്ട് ബസ്സിറങ്ങുമ്പോൾ ഓർത്തു,
ഒന്നും മാറിയിട്ടില്ല,
പുഴയൊഴികെ.
പുഴ കുറച്ചുകൂടി ക്ഷീണിച്ചിരിക്കുന്നു.
അമ്മച്ചിയും ക്ഷീണിച്ചിട്ടുണ്ടാകണം.
എവിടെയോ വായിച്ചതോർത്തു,   

**'അമ്മയെ സൃഷ്ഠിക്കുമ്പോൾ ദൈവം അവരുടെ കണ്ണുകളിൽ 
രണ്ട മുത്ത് മണികൾ കൂടി വച്ച് കൊടുത്തത്രെ, 
അവയാണത്രെ കണ്ണീർതുള്ളികൾ.'

അമ്മച്ചിയുടെ കണ്ണിലത്തെപ്പോഴുമുണ്ടാകും. 
സന്തോഷം വന്നാലും സങ്കടം വന്നാലും അതങ്ങനെ തിളങ്ങി നിൽക്കും.
ഇന്നും അമ്മച്ചിയുടെ കണ്ണുകളിൽ അവയുണ്ടാകുമായിരിക്കും.
തുളസിയുടെ മണമുള്ള വാക്കുകളിൽ അപ്പൻ ചോദിക്കും, 'ആനിക്കുട്ടിയേ,.. നീയെത്തിയോടി..'
എല്ലാം മനസ്സിലോർത്ത് അവൾ പുഞ്ചിരിച്ചു.
പിന്നെ, അക്ഷമയോടെ കാത്തു നില്ക്കാൻ തുടങ്ങി, 
ഗ്രാമത്തിലേക്കുള്ള അവസാനത്തെ വണ്ടിക്കായി..



*സങ്കീർത്തനം (16-17) 'നിഷ്കളങ്കന്റെ പ്രതിഫലം' (6-13), വിശുദ്ധ ബൈബിൾ
**'വേനലിൽ പൂക്കുന്ന മരം' - പെരുമ്പടവം