madness എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
madness എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഏപ്രിൽ 10, ബുധനാഴ്‌ച

പകൽ കാണാത്ത ഇരുൾക്കീറുകൾ

പകൽ കാണാത്ത ഇരുൾക്കീറുകൾ 


കാലുകൾ വലിച്ചു വച്ചുനടന്നപ്പോൾ ഇടക്കെപ്പോഴോ കടൽച്ചൂര് തടഞ്ഞു, 'പോകരുത്'.
'പോകണം', അയാൾ നിർവികാരനായി നടന്നു.
വാതിൽ കടന്നു മുറിയിലെത്തുമ്പോഴേക്കും ഇരുളിന്റെ കീറുകൾ വെളിച്ചം കാണാതെ ഒളിച്ചു നിന്നിരുന്നു.
അവരെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചുകൊണ്ട് അയാൾ വെളിച്ചമുണർത്തി. ബോട്ടിലിലെ അവസാനത്തെ തുള്ളി വെള്ളം വായിലേക്ക് കമിഴ്ത്തുമ്പോഴാണ് മാറാല പിടിച്ച ചുവരിൽ ഒരു ചിലന്തി അയാളെ നോക്കി പൊട്ടിച്ചിരിക്കുന്നത് കണ്ടു, ചിരിക്കിടയിൽ അത് അയാൾക്ക് നേരെ കൈ ചൂണ്ടിയുറക്കെ പറയുന്നുണ്ടായിരുന്നു, 'ഭ്രാന്തൻ'.
'ഭ്രാന്ത് നിന്റെ തന്തയ്ക്ക്', ചിലന്തിയുടെ തന്തയ്ക്ക് വിളിച്ചപ്പോഴേക്കും അയാൾ ഒന്നുന്മേഷവാനായി.
അയാൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു.
പുറത്തിറങ്ങി നനഞ്ഞ മണ്ണ് കുഴച്ച് രണ്ടപ്പം ചുട്ടു, രണ്ടാമത്തേതിന്റെ പകുതി വായിലിട്ടിറക്കിയപ്പോഴേക്കും തൊണ്ട കരഞ്ഞു,
'വെള്ളം..,.'.
ഇതുകേട്ട മുകിൽപെണ്ണ് അയാൾക്ക് പിന്നിൽ നിന്ന് പൊട്ടിച്ചിരിച്ചു.
'ഇങ്ങോട്ടിറങ്ങി വാടി', അയാൾ അവളെ കൈകാട്ടി വിളിച്ചു.
'ഞാൻ വരുന്നില്ല, ഞാൻ പോകുവാ..', മുകിൽപെണ്ണ് വടിവൊത്ത ദേഹവും കുലുക്കി  വാനിന്റെ നെഞ്ചിൽ ചാരി വച്ച കോണി വഴി മുകളിലേക്ക് കയറാൻ തുടങ്ങി.
അയാൾക്ക് ദേഷ്യം വന്നു തുടങ്ങി.. 'ഇങ്ങോട്ടിറങ്ങി വാഡി.. പന്ന...'.
മുകിൽപെണ്ണ് ഞെട്ടിത്തരിച്ച് അയാളെ നോക്കി.
അയാൾ ചെമ്മാത്തിച്ചാലിലെ നൂൽവെള്ളം വീഞ്ഞാക്കി മാറ്റിയിരുന്നു, അത് കുടിച്ച് അയാളുടെ കണ്ണുകൾ ചുവന്നിരുന്നു.
മുകിൽപെൺകൊടി പൊട്ടിക്കരഞ്ഞുകൊണ്ട്‌ നൃത്തം ചെയ്യാൻ തുടങ്ങി.
ചെമ്മാത്തിച്ചാലിലെ വീഞ്ഞിന്റെ അളവ് കൂടിക്കൂടി വന്നു.
ചിലമ്പ് തകർന്നവൾ ആട്ടം നിറുത്തിയപ്പോഴേക്കും ആരോ ആകാശത്തിൽ മുല്ലമൊട്ടുകൾ വാരിയെറിഞ്ഞു.
വീഞ്ഞിന്റെ ലഹരിയാണോന്നറിയില്ല, അയാൾക്ക് വീണ്ടും വിശക്കാന് തുടങ്ങി, ആകാശത്തിലേക്ക് നോക്കിയപ്പോൾ നല്ല മുഴുത്ത, തണുത്ത പാലപ്പമൊരെണ്ണമിരിക്കുന്നു. അയാളത്തിനെ കയ്യെത്തി വലിച്ചെടുത്തു, പകുതി കഴിച്ചപ്പോഴേക്കും വയർ നിറഞ്ഞു. 
ബാക്കി വന്നത് അയാൾ എടുത്തിടത്ത് തന്നെ വച്ചു.
ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കിടന്നു കുട്ടി അത്രയും നേരം മുഴുവനുണ്ടായിരുന്ന ചന്ദ്രന്റെ പാതി ആരോ കൊണ്ട് പോയെന്നു പറഞ്ഞപ്പോൾ അവന്റെ 'അമ്മ അവനെ നോക്കി വാത്സല്യത്തോടെ ചിരിച്ചു. 
"ഞാൻ സത്യാ പറഞ്ഞെ.", അവന്റെ വാക്കുകൾ അവർ പുഞ്ചിരിയോടെ കേട്ടുനിന്നു.
കഴിച്ചുകഴിഞ്ഞപ്പോഴേക്കും അയാൾക്ക് നന്നായി ഉറക്കം വന്നു. നാളെ മുളക്കാമെന്നു കരുതി മടി പിടിച്ചിരുന്ന വിത്തിനെ ഭീഷണിപ്പെടുത്തി അയാൾ രണ്ടിലകൾ നേടിയെടുത്തു. ഒരെണ്ണം തറയിൽ വിരിച്ച് മറ്റൊരെണ്ണം പുതപ്പാക്കി. അത് വഴി പോയ കരിവണ്ടിനെ തലയിണയാക്കി കിടക്കുമ്പോൾ അയാൾ നാളത്തെ ദിവസം ആസൂത്രണം ചെയ്തു. 
'നാളെ രാവിലത്തെ സൂര്യനെ എണ്ണയിലിട്ട് പൊരിച്ചിട്ട് അലഞ്ഞു നടക്കുന്ന ചിന്തകളുടെ ചട്ട്ണി ചേർത്ത് കഴിക്കാം..,


2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

കനൽ പൂക്കുന്ന വയലുകൾ

കനൽ പൂക്കുന്ന വയലുകൾ 

ദേവി കേളനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായി.
ഇതുവരെ കണ്ടില്ല. എന്താണാവോ ഇത്ര വൈകുന്നത്.. 
***
വയലുകളിൽ അവിടവിടെ മിന്നാമിനുങ്ങുകൾ പാറിപ്പറക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. 
സന്ധ്യ  കഴിഞ്ഞിട്ടും കേളനെ കാണുന്നില്ല, ഇന്ന് പാടത്ത് പണിയില്ലാത്ത ദിവസമാണല്ലോ.. എന്ത് പറ്റി?
ആലോചിച്ചപ്പോഴേക്കും അകലെ നിന്ന് വേഗത്തിൽ നടന്നു വരുന്ന കേളനെ കാണായി.
അയാൾ അടുത്തെത്തിയപ്പോൾ ദേവി ദേഷ്യഭാവത്തിൽ മുഖം തിരിച്ചു. 
"ന്റെ ദേവ്യേ... ങ്ങനെ പെണങ്ങാനാണോ ന്നെ വരമ്പറഞ്ഞെ?.."
കേളൻ ദേവിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. 
ദേവി പുഞ്ചിരിച്ചുകൊണ്ട് അയാളെ നോക്കി. 
"ഞാനെത്ര നേരായി കാത്തിരിക്കേണ്.. ഒന്ന് നേരത്തെ വന്നൂടെ?"
അവൾ കയ്യിൽ കരുതിയിരുന്ന ഇലയട അവനു നേരെ നീട്ടി.  
"ഡി ദേവ്യേ.. എങ്ങാട്ട് പോയിക്കിടക്കുവാണെഡി.."
ദേവിയൊന്ന്‌ ഞെട്ടി. അവൾ പിടഞ്ഞെണീറ്റു. 
വല്യേട്ടന്റെ ശബ്ദം.. 
വായിലേക്ക് കടിച്ച ഇലയട തിന്നിറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കേളൻ. 
ഒന്ന് തിരിയും മുൻപേ കണ്ണുനായർ മുന്നിൽ പ്രത്യക്ഷപ്പെട്ടു, കൂടെ മൂന്നാലുപേരും.

"ആഹ്ഹ.. നീ ഇവടാരുന്നു ല്ലേ..? നാട്ടാർ ഓരോന്ന് പാറേമ്പഴും വിശ്വസിച്ചില്ല. ഇപ്പൊ ബോധ്യായി."
"ഏട്ടാ.. "
ദേവി അയാൾക്കരികിലേക്ക് ചെന്നു.
"മിണ്ടരുത് നീ.. പിടിച്ചു കേട്ടെടാ അവനെ.."
കേളനെ പിടിച്ചു കെട്ടപ്പെട്ടു. 
കൈകാലുകൾ ബന്ധിതനായി അയാൾ നിന്നു.
"ഏട്ടാ.. ഒന്നും ചെയ്യരുത്.. കേളൻ പൊക്കോട്ടെ.."
ദേവി നിലവിളിയോടെ കണ്ണുനായരുടെ  കാൽക്കൽ വീണു, കണ്ണുനായർ അവളെ കണ്ടതായി പോലും ഭാവിച്ചില്ല. 
"ഏട്ടാ..കേളനെ ഒന്നും ചെയ്യരുത്.. കേളനെതെങ്കിലും സംഭവിച്ചാപ്പിന്നെ ന്നെ ആരും ഉയിരോടെ കാണൂല്ല.."
ദേവിയുടെ ദൈന്യത ഭീഷണിക്ക് വഴി മാറി. 
കണ്ണുനായർ അവളെയൊന്നു നോക്കി. 
"അഴിച്ചു വിടെടാ അവനെ..."
കേളന്റെ കെട്ടുകൾ അഴിക്കപ്പെട്ടു. 
"നീ തറവാട്ടിലേക്ക് പോ.." കണ്ണുനായർ ആജ്ഞാപിച്ചു. 
ദേവി നേർത്തൊരാശ്വാസത്തോടെ തിരിഞ്ഞു നടന്നു, അവൾ കേളനെ തിരിഞ്ഞൊന്നു നോക്കി, അയാൾ പുഞ്ചിരിച്ചു. 
പെട്ടെന്ന്, കേളന്റെ ദേഹത്തേക്ക് മണ്ണെണ്ണ കോരിയൊഴിക്കപ്പെട്ടു. 
"ഒരു പറയന് ഇത്രക്കത്യാഗ്രഹം പാടില്ല, നായരുട്ടിയെത്തന്നെ വേണം അല്ലേടാ.." 
ദേവി അയാൾക്കരികിലേക്ക് കുതിക്കുമ്പോഴേക്കും ആരുടെയൊക്കെയോ കൈകളാൽ അവൾ തടയപ്പെട്ടു. 
ഒരു തീപ്പൊരി കേളന്റെ ദേഹത്തേക്കെറിയപ്പെട്ടു. അയാളൊരു തീപ്പന്തമായി നിന്നെരിഞ്ഞു..
അയാൾക്കൊപ്പം വയലുകളുടെ തലപ്പും തീയണിഞ്ഞു. 
ദേവി കണ്ണുതുറക്കുമ്പോഴേക്കും, ഒരു വലിയ കരിക്കട്ടയ്ക്കൊപ്പം വയലുകളിൽ കനലുകൾ പൂത്തു നിന്നിരുന്നു. 
***
"ഇവിടുണ്ട്.. ഇവിടുണ്ട്.. വേം വാ.. "
ആരൊക്കെയോ നടന്നടുക്കുന്ന ശബ്ദം. 
"വല്ലിമ്മച്ചി ഇവടെ വന്നിരിക്കുവാണോ.. എത്ര നേരായി.. വാ പോവാം..."
രണ്ടു പേര് ദേവിയുടെ കൈകളിൽ പിടിച്ചു തൂക്കിയെടുത്തു. 
"വട്ടു വരുമ്പോ ഇങ്ങനാ.. ഇവിട വന്നിരിക്കും, ഇതുവരെ വേറെങ്ങും പോകാത്തത് ഭാഗ്യം." കൂടെ വന്നവർ പരസ്പരം പറയുന്നത് കേട്ടു.
ദേവിയൊന്ന്‌ തിരിഞ്ഞു നോക്കി.. 
അകലെ നിന്നു കേളൻ വേഗത്തിൽ നടന്നടുക്കുന്നു..
ദേവി തിരിഞ്ഞു നോക്കാതെ നടന്നകന്നു.. 
ഇനിയൊരു വയലിൽ കനൽ പൂക്കുന്നത് കാണാൻ അവർക്ക് ത്രാണിയില്ലായിരുന്നു.


2017, ജൂലൈ 27, വ്യാഴാഴ്‌ച

Will You Fly Through My Balcony?

Will You Fly Through My Balcony?

ഒരിക്കൽ അവൾ അവനോട് ചോദിച്ചു.
"Will you fly through my balcony?"
അവൻ ആദ്യം ഒന്നമ്പരന്നു,
പിന്നെ, ശരീരം ചുരുക്കിചുരുക്കി
അവളുടെ ബാൽക്കണിയിലൂടെ പറന്നെങ്ങോ പോയി 


2017, ജൂലൈ 18, ചൊവ്വാഴ്ച

പ്രാന്ത്

പ്രാന്ത് 

"നിങ്ങൾ കുറ്റം ഏൽക്കുന്നുണ്ടോ? നിങ്ങളുടെ രണ്ടാനമ്മയെ കൊന്നത് നിങ്ങൾ തന്നെയല്ലേ കൊന്നത്?"
"ഞാനാരെയും കൊന്നിട്ടില്ല, അവരെന്നെയാണ് കൊന്നത്, ഒരു  വട്ടമല്ല, പല വട്ടം..."
 "Your Honour, പ്രതിയുടെ മാനസിക സന്തുലനാവസ്ഥ ശരിയല്ല എന്ന് ഉറപ്പിക്കേണ്ടിയിരിക്കുന്നു. it is better to sent her Mental Asylum"
"ഈ വക്കീൽ എന്താണ് പറയുന്നത്? എനിക്ക് പ്രാന്തില്ല, പ്രാന്ത് അവർക്കാണ്, മുഴു പ്രാന്ത്..നട്ടുച്ചയിൽ വെയിൽ മരുഭൂമിയിൽ തിളക്കുന്നത് പോലത്തെ പ്രാന്ത്..
കോടതീ, നിങ്ങൾക്കറിയുമോ? എന്റെ പതിമൂന്നാം വയസ്സിലാണ് 'അമ്മ മരിക്കുന്നത്, അന്നെനിക്ക് മരണത്തിന്റെ മണം മാത്രമേ അറിയുമായിരുന്നുള്ളു.. ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിന്റെയും മണം.
'ദസറ'- ആൻ കത്തിച്ച തിരിയുടെ പേര് അതായിരുന്നു.
പിന്നീട് ആ മണം വരുമ്പോഴൊക്കെ ഓരോ രംഗങ്ങളും മനസ്സിൽ വരുമായിരുന്നു- കാലുകളിലെ തള്ളവിരലുകൾ ചേർത്ത് വയ്ക്കുന്ന കെട്ട്, മൂക്കിൽ വച്ചിരിക്കുന്ന പഞ്ഞി, വെള്ളത്തുണി.. അങ്ങനെയങ്ങനെ..
നിങ്ങളാരെങ്കിലും മരണം രുചിച്ചിട്ടുണ്ടോ? റേഷനരിയുടെയും ഉരുളക്കിഴങ്ങ് മാത്രമിട്ട സാമ്പാറിന്റെയും ഗന്ധമാണത്തിന്.
ഒരു വര്ഷം കഴിയുമ്പോഴാണ് അച്ഛൻ രണ്ടാനമ്മയെ കൊണ്ടുവരുന്നത്- കറുത്ത് മെലിഞ്ഞ വൃത്തികെട്ട കണ്ണുകളുള്ള സ്ത്രീ.
എന്നെയും എന്റെ ആണിനേയും നോക്കാൻ, അതിനായിരുന്നു അച്ഛൻ അവരെ വിവാഹം കഴിച്ചത്.
വലുതാവുമ്പോൾ ഞങ്ങൾ ഞങ്ങളുടെ കാര്യം നോക്കി പോകും, അച്ഛനൊരു കൂട്ട് വേണ്ടേ എന്ന് ഞാനും ചിന്തിച്ചു. 
അന്ന് മുതൽ തുടങ്ങിയതാണെന്റെ ദുരിതം.
അവർക്ക് മുഴുത്ത വട്ടായിരുന്നു, സംശയത്തിനും മേലെയുള്ള എന്തോ മാനസിക രോഗം.
നിങ്ങൾ പറഞ്ഞില്ലേ, ഞാനാണവരെ കൊന്നതെന്ന്.. അല്ല, അവരാണെന്നെ കൊന്നത്.. പത്തല്ല, നൂറല്ല, ആയിരമായിരം തവണ അവരെന്നെ കൊന്നു.
ദിവസത്തിൽ അനേക തവണ ഞാൻ മരിച്ചു വീണു കൊണ്ടിരുന്നു, 
അവരെന്റെ തള്ളക്ക് പറഞ്ഞപ്പോൾ...
പൊട്ടക്കണ്ണീ എന്ന് വിളിച്ചപ്പോൾ..
നാട്ടിലുള്ളവരെ ചേർത്ത് പറഞ്ഞപ്പോൾ..
എന്റെ യോനിയിൽ നിന്നൊഴുകുന്ന ചോര ഗർഭമാണെന്ന് പറഞ്ഞപ്പോൾ..
ഞാൻ ഭീകരമായി മരിച്ചതെപ്പോഴാണെന്നറിയുമോ..?, എന്റെ അച്ഛനെയും ചേർത്ത് പറഞ്ഞപ്പോൾ..
അവരത് പറഞ്ഞു കൊണ്ടേയിരുന്നു, 
ഞാൻ മരിക്കുന്നതിന്റെ ദൈന്യതയും ഏറിക്കൊണ്ടിരുന്നു.
എല്ലാം ഞാൻ സഹിച്ചു.
ഒന്നുമാത്രം എനിക്ക് സഹിക്കാൻ പറ്റിയില്ല, എന്റെ കുഞ്ഞനിയൻ അവർ കുളിക്കുമ്പോൾ ഒളിഞ്ഞുനോക്കി എന്ന് പറഞ്ഞത്..
എന്നെ ഇത്രയും പ്രാവശ്യം കൊന്നില്ലേ?.. അവനെയും കൊല്ലാൻ ഞാൻ വിട്ടുകൊടുക്കില്ല.
അവരാണെന്നെ ഓരോ ദിവസവും കൊന്നത്..അന്ന് എനിക്കും കൊല്ലണമെന്ന് തോന്നി, അവനെ കൊല്ലാൻ ഞാൻ വിട്ടുകൊടുക്കില്ല..
തേങ്ങാ പൊളിക്കുന്ന വെട്ടുകത്തിക്ക് തലയ്ക്ക് പിറകിൽ ഒറ്റ വെട്ട്, അവർ ഒരു പ്രാവശ്യമെങ്കിലും ചാകണം, എന്നെ ഇത്രയും പ്രാവശ്യം കൊന്നില്ലേ.. 
ഇതിൽ ആർക്കാണ് പ്രാന്ത്? എല്ലാ ദിവസവും എന്നെ കൊല്ലുന്ന അവർക്കോ...ഒരു പ്രാവശ്യം കണി എനിക്കോ?.. ആരാണ് തെറ്റുകാരൻ?"
"The Court heard both sides, as the Court understands, mental health of the culprit is not well.
The Court is ordering her to sent mental asylum" 
"ബഹുമാനപ്പെട്ട കോടതീ, നിങ്ങൾക്കും പ്രാന്താണ്, ഇവിടെയുള്ളവർക്കും.. ആ ചിരിക്കുന്ന വക്കീലിനും പ്രാന്താണ്.."


2017, ജൂൺ 16, വെള്ളിയാഴ്‌ച

തിരയും തീരവും

തിരയും തീരവും

തിര വരുന്നതും തീരത്തെ കെട്ടിപ്പുണരുന്നതും ഒരുപാട് കണ്ടു,
മതിയാകുന്നില്ല.
എന്തൊരു പ്രണയമാണവരുടേത്,
അസൂയ തോന്നുന്നു.
ഒരിക്കൽ ഞാനുമൊരു തീരമായിരുന്നു
എനിക്കുമുണ്ടായിരുന്നു ഒരു തിര.
പക്ഷെ,
തിര മറ്റൊരു തീരം തേടിപ്പോയി.
തിരയും തീരവും അപ്പുറത്തിരുന്ന് പ്രണയം പങ്കിടുന്നുണ്ട്.
അതാ തിരയിൽ നിന്നും ഒരു കൈ നീണ്ടുവരുന്നു.
എനിക്ക് നേരെയാണത്.
അതെ,
എനിക്ക് നേരെ തന്നെ.
ഞാൻ തീരം, തിരയിലേക്കമർന്നു.
 തിരയ്ക്കുള്ളിൽ ഞാൻ പ്രണയിനി, സുരക്ഷിത.
തീരത്ത് ആരവമുണർന്നു.
ആരോ വിളിച്ചു പറഞ്ഞു
'ഒരുത്തി കടലിൽ ചാടി'



2017, ജൂൺ 1, വ്യാഴാഴ്‌ച

എന്റെ കാമുകൻ.

എന്റെ കാമുകൻ.

നിശബ്ദം നിമിഷങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. 
ഇനിയും അവൻ എത്തിയിട്ടില്ല. 
എത്ര നേരമായി കാത്തിരിക്കുന്നു. 
ആരുടെയോ പാദ സ്പർശം... 
' അതെ, അതവനാണ്, എന്റെ കാമുകൻ.. '. 
"വരുന്നുണ്ടോ..?" 
അവനെന്നോട് ചോദിച്ചു. 
മറുപടിക്ക് മുൻപേ അവനെനിക്ക് മുന്നിൽ പുതിയൊരു ലോകം തുറന്നിട്ടു. 
ഞാനൊരു പഞ്ഞിത്തുണ്ടായി. 
ഇരുട്ട്, 
പ്രകാശം, 
മഴവൽ വർണങ്ങൾ... 
പുതിയ മുഖങ്ങൾ., 
ചിലത് പരിചയമുള്ളത് പോലെ.. ചരമക്കോളങ്ങളിലിവരെ കണ്ടുവോ..? വെളിച്ചത്തിന്റെ വിശിഷ്ടമായ പ്രഭാപൂരണം.., 
കണ്ണു മഞ്ഞളിക്കുന്നു. പക്ഷേ, മനോഹരം. 
"വരൂ.." 
ഒഴുകി നടക്കുന്ന മുഖങ്ങളിലൊന്നെന്നെ വിളിച്ചു. 
ഞാൻ പടിക്കെട്ടിൽ കാലെടുത്തു വച്ചു. 
"സമയമായില്ല." കാമുകനെന്നെ വലിച്ചു പുറത്തിട്ടു. 
മേശപ്പുറത്തെ ഗുളികകൾക്കരികിൽ ഞാൻ വീണ്ടും തനിച്ചായി.