memories എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
memories എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022, സെപ്റ്റംബർ 27, ചൊവ്വാഴ്ച

സ്നേഹത്തോടെ പോസ്റ്റുമാൻ

 സ്നേഹത്തോടെ പോസ്റ്റുമാൻ 

"മാമോയ്.."
എൽ എം എസിന്റെ തേരി ഇറങ്ങുമ്പോഴേ ഞാൻ വിളിച്ചു.
ആ തേരിയുടെ  അവസാനത്ത് നിന്നും മറുപടി വന്നു. 
"ആ.. ഇന്ന് നേരത്തെയാണല്ലോ.."
"ഇന്ന് കുറച്ചേ ഉണ്ടായിരുന്നുള്ളു."
"വല്ലതും കഴിച്ചോ..?"
"ഇല്ല മാമാ, ഓഫീസിൽ പോയിട്ട് കഴിക്കണം."
"മഴ വരുന്നു, വേഗം പോയീം."
"ശരി മാമാ.."
തേരി കഴിയുമ്പോഴേക്കും ആ സംഭാഷണവും തീരും. 

ഡെലിവറി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടു ദിവസമായി. 
പക്ഷേ, അന്ന് തേരി ഇറങ്ങുമ്പോഴേ കണ്ടു, മാമന്റെ വീടിന്റെ മുറ്റത്ത് ആൾക്കൂട്ടം, കറുത്ത കൊടി നാട്ടിയിട്ടുണ്ട്. 
"എന്താ മാമാ സംഭവം?"
ചോദിച്ചത് മറ്റൊരാളോടാണ്.
"ആ വീട്ടിലെ മൂപ്പിലാൻ മരണപ്പെട്ടു."
"ആര്..? ആ അപ്പൂപ്പനോ..?"
"അതെ, സുഖമില്ലാതെ പതിനെട്ട് ദിവസമായി ആശുപത്രിയിൽ ആയിരുന്നു."
എന്തോ, അങ്ങോട്ട് കയറിയില്ല, ഒരുപക്ഷെ, ആ ചിരിക്കുന്ന മുഖം ഓർമ്മയിൽ നിന്നും മായ്ക്കാനിഷ്ടമില്ലാത്തത്  കൊണ്ടാകാം.  



പോസ്റ്റ്മാൻ ജോലിക്കിടയിൽ ഇന്ന് കാണുന്ന പലരെയും നാളെ കാണാറില്ല, 
സ്ഥിരമായി കാണുന്നവർ ഒരു രാത്രിക്കപ്പുറം അപ്രത്യക്ഷരാകാറുണ്ട്. 
ആ സ്ഥാനത്ത് പുതിയ മുഖങ്ങൾ വരും. 
പഴയ വീടുകൾ പോകും, പുതിയ വീടുകൾ വരും. 
പുതിയ വഴികൾ വരും. 

നമ്മളൊക്കെ ചിലർക്ക് വെറും ഡെലിവറി ബോയ്/ഗേൾ ആണെങ്കിലും ചിലർ ഞങ്ങൾക്കായി കാത്തിരിക്കാറുണ്ട്.  
ബുക്കോ കത്തോ വരാനില്ലെങ്കിൽ കൂടി കാത്തിരിക്കുന്നവർ,
ഞങ്ങളുടെ വാഹനത്തിന്റെ ശബ്ദം തിരിച്ചറിയുന്നവർ,   
ഒരു ദിവസം കണ്ടില്ലെങ്കിൽ "ഇന്നലെ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ.." എന്ന് ചോദിക്കുന്നവർ, 
വെയിലത്ത് ഓടിത്തളർന്നെത്തുമ്പോൾ കൈകാട്ടി വിളിച്ച് വെള്ളം നീട്ടുന്നവർ,
ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നവർ. 
പോസ്റ്റുമാൻ എന്നത് ഒരു ജോലിക്കപ്പുറം  അപരിചിതരായിരുന്ന ചിലരെ  നിത്യ ജീവിതത്തിന്റെ ഭാഗമാക്കുക എന്നതും ചിലരെ കേട്ടിരിക്കുക എന്നതും  കൂടിയാണ്.


(ഓർമ്മയിൽ രണ്ടു വർഷങ്ങൾ, മറഞ്ഞുപോയ ചില പുഞ്ചിരികൾ, ഓർക്കുന്നു, എല്ലാവരെയും.)





2022, മാർച്ച് 4, വെള്ളിയാഴ്‌ച

ഹായ് ബൈ മാമ!

 ഹായ് ബൈ മാമ!

ഡെലിവറി അടുത്തിരിക്കുമ്പോളാണ് ഹായ് ബൈ മാമ എന്ന കൊറിയൻ ഡ്രാമ കാണുന്നത്. 2013 മുതൽ തുടങ്ങിയതാണ് ഈ ഡ്രാമ അഡിക്ഷൻ. 
അത് പോട്ടെ, ഗർഭിണിയായ 'അമ്മ ആക്‌സിഡന്റിൽ മരിക്കുന്നതും, മരിക്കുന്നതിന് മുൻപേ ഡോക്ടർമാർ കുഞ്ഞിനെ പുറത്തെടുക്കുന്നതും, മകളുടെ വളർച്ച കാണാനുള്ള ആഗ്രഹം കൊണ്ട് ആ 'അമ്മ ആത്മാവായി ഭൂമിയിൽ തുടരുന്നതും, പിന്നീട് മനുഷ്യനായി വരുന്നതുമൊക്കെയാണ് ഇതിലെ പ്രമേയം.

 അതിലെ ഒരു ഭാഗത്ത് ഭാര്യ പോയതിനു ശേഷം ഭർത്താവ് അനുഭവിക്കുന്ന ഒരു ശൂന്യത മനോഹരമായി കാണിക്കുന്നുണ്ട്, അതുപോലെ ജീവിച്ചിരുന്നപ്പോൾ അയാൾക്ക് വേണ്ടി ചെയ്ത് കൊടുക്കാൻ കഴിയാത്ത കാര്യങ്ങളെ ഓർത്ത് വേദനിക്കുന്ന ഭാര്യയെയും കാണിക്കുന്നുണ്ട്. 

ഇതൊക്കെ കണ്ടപ്പോൾ ഞാനും ഓർക്കാതിരുന്നില്ല, നമ്മളിലൊരാളുടെ ശൂന്യത എങ്ങനെയായിരിക്കും മറ്റേയാൾ ഓർക്കുക എന്ന്. 
നമ്മൾ ആ ശബ്ദവും, സ്പർശവുമൊക്കെ വല്ലാതെ മിസ് ചെയ്യും,
ഉറങ്ങുമ്പോൾ അടുത്തേക്ക് വലിച്ചടുപ്പിക്കുന്ന കൈകളും, കാലെടുത്തിടലും, പുതപ്പിനായുള്ള അടികൂടലുമൊക്കെ ഓർക്കും. 

അതിനേക്കാളുമൊക്കെ ഓർക്കുക, നാഴികയ്ക്ക് നാൽപ്പത് വട്ടമെന്നുള്ള കണക്കിൽ നാല് സെക്കൻഡ് പോലും ആയുസില്ലാത്ത പിണക്കങ്ങളായിരിക്കും. 
രാവിലെ ഉണരുമ്പോൾ അടുത്ത് ആളുണ്ടെന്നുള്ള ഉറപ്പാക്കലുകളായിരിക്കും,
 
അയ്യോ ഷർട്ട് തേച്ചില്ല/അവളെ കൊണ്ടുവിടാൻ വൈകി എന്നുള്ള ആവലാതികളായിരിക്കും.
അടുത്തെത്താൻ നേരം വൈകിയാൽ കാത്തിരിക്കുന്ന കണ്ണുകളും, ബസ് സ്റ്റോപ്പിലെ നിമിഷ യുദ്ധങ്ങളുമായിരിക്കും. 

മഴ പെയ്യുമ്പോൾ, കുടയെടുത്തോ, കോട്ടെടുത്തോ എന്ന സംശയങ്ങളായിരിക്കും. 
അകന്നിരിക്കുമ്പോളുള്ള പരിഭവങ്ങളായിരിക്കും. 
സംസാരിച്ച് മുഴുമിപ്പിക്കാത്ത കാര്യങ്ങളും, പതിഞ്ഞുചിരിച്ച തമാശകളും, കവിള് നനച്ച കണ്ണീരുമായിരിക്കും. 

കാണെക്കാണെ തൊട്ടതിലും പിടിച്ചതിലുമെല്ലാം ആ ശൂന്യതയായിരിക്കും. 
മറ്റാർക്കും നികത്താനാവാത്ത, നമ്മെ ചൂഴ്ന്നു നിൽക്കുന്ന ശൂന്യത. 
നമ്മിൽ മാത്രമൊതുങ്ങുന്ന ശൂന്യത. 

ഒപ്പമുള്ളപ്പോൾ, സ്നേഹിക്കാൻ കഴിയുമ്പോൾ, കഴിയുന്നിടത്തോളം സ്നേഹിക്കുക, ജീവിക്കുക. 
നമുക്ക് സമയമുണ്ടെന്ന് തോന്നും. പിന്നെയാകട്ടെ എന്ന് തോന്നും. 
പറയാൻ പറ്റില്ലഡോ..
നമ്മുടെയൊക്കെ സമയം ഏത് സെക്കന്റിന്റെ അംശത്തിലാണ് എഴുതി വച്ചിരിക്കുന്നതെന്ന്. 
അതുകൊണ്ട് ആഹ്ലാദിപ്പിൻ അർമാദിപ്പിൻ

വാൽക്കഷ്ണം:-
രണ്ടു ദിവസം മുൻപ് ഒരു വൈകുന്നേരം, മോളെ വീട്ടിലാക്കിയിട്ട് ഞങ്ങൾ തിരുവനന്തപുരത്ത് പോയിട്ട് വരികയാണ്.
നല്ല തണുത്ത കാറ്റ്, 
സന്ധ്യ നേരം, 
ആഹാ, നല്ല പ്രണയം തുളുമ്പി നിൽക്കുന്ന അന്തരീക്ഷം. 
സ്കൂട്ടറിന്റെ പിന്നിലിരുന്ന് കേട്ടിയോനെ ഉടുമ്പടക്കം കെട്ടിപ്പിടിച്ചിരുപ്പാണ് ഞാൻ. 
"ചാച്ചുവേ.."
"എന്താടി...? പറ..."
"ഒരു കാര്യം ചോദിക്കട്ടാ..?"
"ഓ, ചോദിക്ക്..."
"അതെ....,"
"ഉം.."
"ഞാൻ ഇല്ലാതായാൽ നിങ്ങൾ എന്നെ എന്തിനൊക്കെയായിരിക്കും മിസ് ചെയ്യുക?"
ഠിം. 
"പന്ന....**മോളെ.. നിനക്ക് ഈ നേരം ചോദിക്കാൻ വേറെ ഒന്നും കിട്ടീലെ?"
കൗതുകം തീർന്നു. 
സുഖം.
സ്വസ്ഥം.
ആഹഹാ. 



2020, മാർച്ച് 30, തിങ്കളാഴ്‌ച

സിലിഗുരിയിലെ അവസാനത്തെ കാഴ്ച

സിലിഗുരിയിലെ അവസാനത്തെ കാഴ്ച 

അമ്മു വായും തുറന്ന് നിൽക്കുകയായിരുന്നു, എന്നെ ഒട്ടും പ്രതീക്ഷിച്ചില്ല എന്നത് വ്യക്തം.
"വാ അടച്ചു വയ്ക്ക്, കരിവണ്ട് കേറും."
എന്റെ ശബ്ദം കേട്ടിട്ടാകണം, അകത്തെ കതക് തുറന്ന് അംശുമോൻ കണ്ണുംതിരുമ്മി ഇറങ്ങിവന്നു. അമ്മ അനക്കമില്ലാതെ നിൽക്കുന്നത് കണ്ടിട്ട് അവൻ എന്നെ നോക്കി,
കുഞ്ഞിക്കണ്ണുകളിൽ കൗതുകം വിടർന്നു.
"ഉമ്മീ.." നീട്ടിവിളിച്ചുകൊണ്ട് അവൻ എന്നെ കെട്ടിപ്പിടിച്ചു. അവനെ എടുത്ത് നെഞ്ചോട് ചേർക്കുമ്പോൾ ഉറപ്പുവരുത്താനായി അവൻ എന്നെ ഒന്നുകൂടി തൊട്ടുനോക്കി.
"സജീ..?" അമ്മുവിൻറെ ശബ്ദം അപ്പോളാണ് തിരിച്ചുകിട്ടിയത് എന്ന് തോന്നി.
അംശുവിനെ എടുത്തുകൊണ്ട് ഞാൻ അകത്തേക്ക് കയറി.
"എടീ നീ എപ്പോ വന്നൂന്നാ ചോദിച്ചേ. " അവൾ ശബ്ദമുയർത്തി.
"ഇപ്പൊ."
"വീട്ടിൽ..?"
"പോയില്ല. നേരെ ഇങ്ങോട്ടാ വന്നത്."
ബഹളം കേട്ട് അകത്തെ മുറിയിൽ നിന്ന് ലിന്റ ഇറങ്ങിവന്നു, പിന്നാലെ ബെന്നിയും.
"ചേച്ചീ..." ലിന്റ ഓടിവന്ന് കെട്ടിപ്പിടിച്ചു.
"അന്നമോളെവിടെ"
"ഉറങ്ങി."
ബെന്നി ചിരിക്കണോ കരയണോ എന്നറിയാത്ത ഭാവത്തിൽ നിൽക്കുന്നു.
"രാഹുലെവിടെ?" കാണാഞ്ഞിട്ടാണ് ചോദിച്ചത്.
"അവൻ ക്ലിനിക്കിലാ. വരാൻ പതിനൊന്നു കഴിയും." അമ്മു പറഞ്ഞു തീർന്നതും മുറ്റത്ത് ബുള്ളെറ്റ് വന്നു നിൽക്കുന്ന ശബ്ദം കേട്ടു.
"എടി അമ്മു, ഇതാരുടെ ഷൂവാടീ...." ചോദ്യം മുഴുമിക്കാൻ കഴിയാതെ രാഹുൽ വാതിൽക്കൽ കണ്ണുമിഴിച്ചു നിന്നു. "സജീ....!"
"എന്താടാ വിശ്വാസമായില്ല..?"
"എടീ പുല്ലേ, നീ എവിടാരുന്നു ഇത്രേം നാൾ..? ഒരു കാൾ പോലുമില്ലാതെ.."
"ഞാൻ ഇടക്ക് എല്ലാരേം വിളിക്കാറുണ്ടായിരുന്നല്ലോ.."
"ഉം.. ഉണ്ടാരുന്നു. ഒരു വർഷം മുൻപ്." അവൻ എന്റെ തലക്കിട്ട് തട്ടി.
"എനിക്കൊന്ന് വീട്ടിൽ പോണം, ഞാൻ നിന്റെ വണ്ടി എടുക്കുവാ.." രാഹുലിനോട് അനുവാദം ചോദിക്കാതെ ഞാൻ ചാവിയെടുത്തു.
"എടീ, നീ പോകുവാണോ..? നിൽക്ക് ഫുഡ് കഴിച്ചിട്ട് പോകാം." അമ്മു പറഞ്ഞു.
"വേണ്ടടി, വീട്ടിൽ പോണം, എല്ലാരേം ഒന്ന് കാണണം, കുളിക്കണം, ഒന്നുറങ്ങണം. ഞാൻ നാളെ വൈകിട്ട് വരാം."
യാത്ര പറഞ്ഞിറങ്ങമ്പോൾ അംശു കയ്യിൽ തൂങ്ങി.
"ഉമ്മി നാളെ വരാമേ..." ഉമ്മകൊടുത്തിട്ട് പറയുമ്പോൾ അവൻ പ്രതീക്ഷയോടെ തലയാട്ടി.
ബുള്ളറ്റെടുത്ത് ഗേറ്റ് കടക്കുമ്പോൾ വാതിൽക്കൽ നിൽക്കുന്ന നാലുമുഖങ്ങൾ എനിക്ക് അവ്യക്തമായി കാണുന്നുണ്ടായിരുന്നു.
***
വൈകിട്ട് ചെല്ലുമ്പോൾ അവിടെ ആകെ ബഹളമായിരുന്നു. അംശു അന്നമോളോടൊപ്പം നിലത്തിരുന്ന് കളിക്കുന്നു. എന്നെ കണ്ടതും അവൻ ഓടി വന്നു. അന്നമോൾ അപരിചിത ഭാവത്തിൽ നോക്കിനിന്നു.
ഒരു ചോക്ലേറ്റ് നീട്ടിയതോടെ അവളൊരു ചിരിയോടെ എന്റെ അരികിലേക്ക് വന്നു. രണ്ടാളെയും കയ്യിലെടുത്ത് അകത്തേക്ക് നടക്കുമ്പോൾ ബെന്നി ഓടി വന്നു.
"ചേച്ചി ഇരിക്ക്, ഫുഡ് ഉണ്ടാക്കുന്ന ബഹളമാ. അമ്മു ചേച്ചി രാവിലെ തുടങ്ങിയതാ. പത്ത് മിനിറ്റ്. ഇപ്പൊ തീരും." അവൻ വന്ന സ്പീഡിൽ അടുക്കളയിലേക്ക് പോയി.
"ഇന്നാ കട്ടൻ കുടിക്ക്." രാഹുൽ ഒരു ഗ്ലാസിൽ കട്ടനുമായി വന്നു.
"നീയിന്ന് ക്ലിനിക്കിൽ പോയില്ലേ..?"
"നീ വന്നത് പ്രമാണിച്ചു ലീവെടുത്തതാ.."
"എന്താണ് സ്പെഷ്യൽ..?"
"ബെന്നിയുടെ കുക്കിങ്ങാണ്. ഫ്രൈഡ് റൈസ്.."
"ഉം."
***
ടെറസ്സിനു മുകളിൽ ആകാശം നോക്കി നിൽക്കുമ്പോൾ അമ്മു കയറി വന്നു. 
"നീ ഉറങ്ങിയില്ലേ..?"
"പിള്ളേരുറങ്ങി. ബാക്കി മൂന്നെണ്ണം അടുക്കള വൃത്തിയാക്കുകയാ..,"
നേർത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. 
"നീ എന്താ വന്നത്..? എന്തെങ്കിലും കാര്യം കാണുമല്ലോ.."
ഞാൻ ഒന്നും പറഞ്ഞില്ല.
"നീ ശരിക്കും അയാളെ അന്വേഷിച്ചു വന്നതാണോ..?"
"ഉം.."
"എന്തിനാടി, അതും ഇത്രേം വർഷം കഴിഞ്ഞിട്ട്.. നീ അയാൾക്കുവേണ്ടിയാണോ കാത്തിരിക്കുന്നത്?"
"ഞാൻ ആർക്കുവേണ്ടിയും കാത്തിരിക്കുന്നില്ല..."
"പിന്നെ നീ ഇത്രേം നാളും വരാതിരുന്നത്..?"
"ആഗ്രഹമില്ലാഞ്ഞിട്ടാണോ..? നടക്കണ്ടേ.. "
"നീ എന്തിനാ അയാളെ അന്വേഷിക്കുന്നത്..? ഇനിയും ഹൃദയം മുറിക്കാനാണോ.. അതോ പഴയ വല്ല ഫീലിങ്ങ്സും..?" 
"നീ ഉദ്ദേശിക്കും പോലെ ലിംഗറിങ് ഫീലിങ്ങ്സ് ഒന്നുമല്ല. വെറുതെ, ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ ഒരാഗ്രഹം. രണ്ടുവർഷം മുൻപ് അയാളുടെ ക്യാമ്പിലുണ്ടായിരുന്ന ഒരാളെ കണ്ടിരുന്നു, ഒരു ട്രെയിൻ യാത്രയിൽ. ഒരു ടെററിസ്റ് ഓപ്പറേഷനിൽ അയാളുടെ ഉറ്റ സുഹൃത്ത് മരിച്ചത്രേ, മണിപ്പൂരിൽ വച്ച്. അത് വച്ച് നോക്കുമ്പോൾ അയാൾ ജീവിച്ചിരുപ്പുണ്ടോന്നറിയില്ല. ട്രെയിനിൽ കണ്ടയാളുടെ കോണ്ടാക്ട് ഉണ്ടായിരുന്നു. നഷ്ടപ്പെട്ടു."
വീണ്ടും ഞങ്ങൾക്കിടയിൽ നിശബ്ദത കനത്തു. 
"ചേച്ചീ.. ബിയറടിക്കുന്നോ..?" ലിന്റ മൂന്നാല് ബിയർ ബോട്ടിലും കൊണ്ട് കയറി വന്നു. 
"ബിയർ നിന്റപ്പൻ ജോസഫിന് കൊണ്ട് കൊടുക്ക്."
"എടീ, ചേച്ചി നാടുവിട്ടു പോയെന്ന് വച്ച് തറ അല്ലാതായിട്ടില്ല." ഗ്ലാസുകളും കൊണ്ട് പുറകെ വന്ന ബെന്നിയാണത് പറഞ്ഞത്. 
"അത് കറക്റ്റാ.." രാഹുൽ പൊട്ടിച്ചിരിച്ചു. 
എന്നെ ആക്കാനുള്ള അവസരം പരമാവധി മുതലാക്കുകയാണെല്ലാവരും. 
"ഗയ്‌സ്, നാളെ രാവിലെ ഞാൻ പോകും.."
അത്ര നേരം മുഴങ്ങിയ ചിരികളെല്ലാം നിലച്ചു.
ഒരു നെടുവീർപ്പോടെ രാഹുൽ പറഞ്ഞു.. "നിൽക്കാൻ പറഞ്ഞാൽ നീ നിൽക്കില്ലെന്നറിയാം. എന്നാലും എങ്ങോട്ടാണെന്നെങ്കിലും പറഞ്ഞൂടെ?"
"സിലിഗുരി."
"വെസ്റ്റ് ബംഗാൾ..?"
"ഉം.."
"പോയിട്ട് വരുമോ..?
അതിനെനിക്കും മറുപടിയുണ്ടായില്ല. 
***
സിലിഗുരി ജങ്ഷനിൽ ട്രെയിനിറങ്ങുമ്പോൾ പോട്ടർമാർ അടുത്തേക്ക് വന്നു. ഒരു ബാക്ക്പാക്ക് ഒഴിച്ചാൽ ലഗ്ഗേജ് ഒന്നുമില്ലായിരുന്നു. പോട്ടർമാരെ മറികടന്ന് പുറത്തേക്കിറങ്ങിയപ്പോൾ റിക്ഷക്കാർ ചുറ്റും കൂടി. 
"റിക്ഷാ ചാഹിയേ..?" ഇവിടുത്തുകാരിയല്ലെന്നു തോന്നിയത് കോണ്ടാക്‌ പലരും ഹിന്ദിയിൽ ചോദിച്ചു.
"നഹി ചാഹിയെ.."
"കഹാം ജാനാ ഹെ മാഡം..?"
അപ്പോഴേക്കും ബുക്ക് ചെയ്ത ടാക്സി ഡ്രൈവർ വിളിച്ചു. അയാൾ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. 
വൈകുന്നേരരമായിരുന്നു, ഗ്ലാസ് തുറന്നിട്ടപ്പോൾ തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചുകയറി 
ഡ്രൈവർ സിലിഗുരിയെക്കുറിച്ചും അവിടുന്ന് ഡാർജിലിങ്ങിലേക്ക് പോകുന്നവരെക്കുറിച്ചും ടൂറിസത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. 
ഏതാണ്ട് മുക്കാൽ മണിക്കൂർ യാത്രക്ക് ശേഷം ഹോട്ടലിലെത്തി. ടാക്സി ഡ്രൈവർ ശുഭരാത്രി ആശംസിച്ച് നാളെ കാണാമെന്ന് പറഞ്ഞുപിരിഞ്ഞു. 
സിലിഗുരിയുടെ വലിയ തിരക്കുകളിൽ നിന്നൊഴിഞ്ഞ ഒരിടത്തായിരുന്നു ഹോട്ടൽ. ഒരു കുന്നിന്റെ മുകളിൽ. ഇവിടെ നിന്നു നോക്കിയാൽ, താഴ്വാരത്ത് വാഹനങ്ങൾ ചലിക്കുന്ന വെളിച്ചം കാണാം. 
എന്റെ മൂക്ക് തണുത്ത് ചുവന്നിരുന്നു. 
ഹീറ്റർ ഓൺ ആക്കി കിടക്കയിൽ മലർന്നു കിടക്കുമ്പോൾ വല്ലാത്തൊരാശ്വാസം തോന്നി. 
വിശന്നിട്ട് വയർ വിളിക്കുന്നു. 
ഫോൺ എടുത്ത് റിസപ്‌ഷനിലേക്ക് വിളിക്കാമെന്ന് കരുതി, വേണ്ടെന്ന് വച്ചു.
ചൂടുവെള്ളത്തിൽ കുളിച്ചപ്പോൾ തണുപ്പിന്റെ ആധിക്യം മാറി. 
സ്വെറ്ററുമിട്ട് ഒരു മഫ്ളറും ചുറ്റി പുറത്തേക്കിറങ്ങി, നല്ല തണുപ്പുണ്ടായിരുന്നു. 
അൽപ്പം നടന്നപ്പോൾ ചെറിയൊരു ധാബ കണ്ടു. 
കയറ്റുകട്ടിലിൽ ചമ്രം പടിഞ്ഞിരിക്കുമ്പോൾ ഒരു ചെറിയ പെൺകുട്ടി ആവിപറക്കുന്ന ഭക്ഷണവുമായി വന്നു. 
കാഴ്ചയിൽ ചപ്പാത്തിയും പറാത്തയുമല്ലാത്ത ഒരു സാധനം, നല്ല വിശപ്പുള്ളത് കൊണ്ടാകും ഭക്ഷണം വളരെ സ്വാദിഷ്ടമായി തോന്നി.
ധാബയിൽ നിന്നു നേരെ നോക്കുമ്പോൾ അകലെയല്ലാതെ ഒരു ചെറിയ നദി കാണാം. 
പണം കൊടുത്തിട്ട് നേരെ നദിക്കരയിലേക്ക് നടന്നു. ഒന്നുരണ്ട് പൊളിഞ്ഞ ബെഞ്ചുകൾ തെരുവ് നായ്ക്കൾ കയ്യേറിയിരിക്കുന്നു. വിളക്കുകാലുകളിൽ നിയോൺ ലൈറ്റുകൾ മുനിഞ്ഞുകത്തുന്നുണ്ട്. 
ഫോൺ ബെല്ലടിച്ചു, അമ്മുവാണ്, എടുത്തില്ല.
ഒരു മെസ്സജ് വന്നു.
"നീ എത്തിയോ..?"
"എത്തി."
"കണ്ടോ..?"
"നാളെ."
രണ്ട് വിദേശികൾ സംസാരിച്ചുകൊണ്ട് ഒരു ബെഞ്ചിൽ ഇരുന്നു, അവരെ ഞാൻ നേരത്തെ ധാബയിൽ കണ്ടിരുന്നു. 
ഒരു ബെഞ്ചിൽ ഞാനും ഇരുന്നു. മനസ്സിനെ എന്തൊക്കെയോ അലട്ടുന്നുണ്ട്. 
എത്ര നേരമാണ് ആ ഇരുപ്പിരുന്നതെന്നറിയില്ല, സ്ഥലകാല ബോധം വരുമ്പോൾ അടുത്ത് ആരുമുണ്ടായിരുന്നില്ല. ധാബയിലെ ലൈറ്റുകൾ കെട്ടിരുന്നു. 
***
കൃത്യ സമയത്ത് തന്നെ ശ്രീരാം, ടാക്സി ഡ്രൈവർ വന്നു. 
കാറിലേക്ക് കയറുമ്പോൾ എങ്ങോട്ടാണ് പോകേണ്ടതെന്ന് അയാൾ ചോദ്യ രൂപത്തിൽ നോക്കി.
"മിലിട്ടറി ബേസ്." വഴിയോരക്കാഴ്ചകളിലേക്ക് കണ്ണുംനട്ട് ഞാൻ പറഞ്ഞു. 
ബേസിലേക്ക് എത്തുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു. 
ഞായറാഴ്ച ആയതിനാൽ പ്രിയപെട്ടവരെ കാണാൻ ഒന്നുരണ്ടുപേർ വന്നിട്ടുണ്ടായിരുന്നു.
വിസിറ്റേഴ്സ് രജിസ്റ്ററിൽ ഒപ്പുവച്ച് പാസും വാങ്ങി അകത്തേക്ക് കടന്നു.
വിസിറ്റേഴ്സ് റൂമിൽ നിന്നു നോക്കുമ്പോൾ ദൂരെ കുറെ കെട്ടിടങ്ങൾ കാണാം, ക്വാർട്ടേഴ്‌സുകൾ ആകണം. 
അയാളെ വിളിക്കാൻ പോയ പട്ടാളക്കാരൻ മടങ്ങി വന്നിട്ട് അയാൾ ഗ്രൗണ്ടിലാണെന്നറിയിച്ചു, വിളിക്കാമെന്ന് പറഞ്ഞപ്പോൾ ഞാൻ തടഞ്ഞു, അയാൾ അങ്ങോട്ടേക്ക് വഴികാട്ടി. 
ഗ്രൗണ്ടിന് സമീപമെത്തിയപ്പോൾ ആ പട്ടാളക്കാരൻ എനിക്കയാളെ ചൂണ്ടിക്കാണിച്ചിട്ട് അയാളെ വിളിക്കാൻ വേണ്ടി പോയി. 
യൂണിഫോം ഇട്ട കുറെ  കുട്ടികളോട് സംസാരിക്കുകയായിരുന്നു അയാൾ, ട്രെയിനികളാകും. 
എന്നെ കൊണ്ടുവന്ന പട്ടാളക്കാരൻ അയാളുടെ അടുത്തിയതും ഞാൻ തിരിഞ്ഞുനടന്നു, അല്ല ഓടി. 
എനിക്കുപുറകിലായി ഓടിയടുക്കുന്ന അയാളുടെ ചെരുപ്പുകളുടെ ശബ്ദം കേൾക്കാമായിരുന്നു. 
ടാക്സിയിൽ കയറി ഡോർ വലിച്ചടച്ച് പറഞ്ഞു, "ജൽദി..".
ശ്രീരാം വേഗം വണ്ടിയെടുത്തു. 
അമ്മു വിളിക്കുന്നു.
"ഹലോ.."
"ഉം പറ.."
"എന്തായി..? കണ്ടോ..?"
"ഉം.. കണ്ടു.."
"സംസാരിച്ചോ.. എന്ത് പറഞ്ഞു..?"
"സംസാരിച്ചില്ല.."
"സംസാരിച്ചില്ലേ..? അതെന്താ..?"
"കണ്ടു, ജീവിച്ചിരുപ്പുണ്ടെന്നറിഞ്ഞു. അതുമതി."
അൽപ്പദൂരം കഴിഞ്ഞപ്പോൾ ശ്രീരാം ചോദിച്ചു, "മാഡം.. ടീക് ഹോ?"
എന്റെ കണ്ണുകളിൽ നിന്നും കണ്ണീർ അനുവാദമില്ലാതെ പുറത്തേക്ക് ചാടിയിരിക്കുന്നു. അവയെ തൂത്തെറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു. 
"ജി, മേം ടീക് ഹൂം."



2019, ജൂലൈ 15, തിങ്കളാഴ്‌ച

തണുത്ത മരത്തിലെ പക്ഷികൾ

തണുത്ത മരത്തിലെ പക്ഷികൾ   


ഹാൻ നദിയിൽ നിന്നുള്ള കാറ്റിനു തണുപ്പ് കൂടിക്കൊണ്ടിരുന്നു.
ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി.
ഒരു മണിക്കൂർ മുൻപ് വരെ ഇവിടെ നിറയെ ആളുകളുണ്ടായിരുന്നു, ഫയർ  ഷോ കാണാനും കാറ്റുകൊള്ളാനുമൊക്കെയായി..
ഞാനും കുറെ നേരം രാത്രിയുടെ ആകാശത്ത് മിന്നി മറയുന്ന വർണ്ണങ്ങൾ നോക്കിക്കൊണ്ടിരുന്നു
ഏതോ ഒരു കുഞ്ഞിൻറെ കയ്യിൽ നിന്ന് പിടിവിട്ടുപോയ ബലൂൺ മുഖത്ത് തട്ടിയപ്പോഴാണ് ആ കാഴ്ച അൽപ്പനേരം കൈവിട്ടിട്ടത്.
ശല്യപ്പെടുത്തിയതിൽ ആ കുട്ടി ക്ഷമ ചോദിച്ച്  ബലൂണുമെടുത്ത് പോയി.
ഇയ്യാളെന്താ ഇതുവരെ വരാത്തത്..  മൂക്ക് തണുത്ത് ചുവന്നിരുന്നു. കയ്യുറ ഉണ്ടായിട്ടു പോലും നഖങ്ങളിലേക്ക് തണുപ്പിന്റെ സൂചിമുനകൾ അരിച്ചുകയറുന്നത് അറിയാം.

പാലത്തിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം നദിയിൽ ഇടക്കിടക്ക് വീണുകൊണ്ടിരുന്നു. നടിയുടെ അങ്ങേക്കരയിൽ നിന്ന് ഒരു പട്രോളിംഗ് ബോട്ട് സെർച്ച് ലൈറ്റ് തെളിച്ച് വരുന്നുണ്ട്. പതിവായി ആളുകൾ ജീവിതം തീർക്കാൻ ഇറങ്ങിത്തിരിക്കുന്ന സമയമാണിത്. കൂടുതലും കൗമാരക്കാർ..
ഹാനിന്റെ തണുപ്പിലേക്ക് ഇടം വലം നോക്കാതെ പുൽകുന്നവർ... അടുത്ത ദിവസം പാലത്തിന്റെ ഏതെങ്കിലും ഒരു തൂണിലോ കടവത്തോ അടിഞ്ഞു കിടക്കുന്നവർ..
എന്തൊക്കെയോ ആലോചിച്ചു.

"ഒരുപാട് നേരമായോ.." ചോദ്യം ചിന്തയെ ഉണർത്തി.
"ഉപ്പാ*, ഇപ്പോഴാണോ വരുന്നത്..ഞാൻ എത്ര നേരമായി നിൽക്കുന്നു..", 'ഉപ്പ', ഓർക്കാതെ വിളിച്ച് പോയതാണ്, അയാളെ കാണുമ്പോൾ അങ്ങനെ വിളിക്കുന്ന ശീലം നാക്ക് മറന്നിട്ടില്ല.
അയാൾ അത് കേട്ട് ചിരിച്ചു.
"ആ വിളി മറന്നില്ല അല്ലെ?"
അധികം മാറ്റമൊന്നുമില്ല അയാൾക്ക്, മുഖത്തിന് അൽപ്പം കൂടി പ്രായം തോന്നിച്ചു. കണ്ണുകളിലെ പ്രകാശം അണുവിട കുറഞ്ഞിട്ടില്ല. നെഞ്ച് കുറച്ചുകൂടി വിരിഞ്ഞിട്ടുണ്ട്. പുരികത്തിന്റെ മൂന്ന് രോമം മാത്രം നരക്കാനായി ചെമ്പണിഞ്ഞു നിൽക്കുന്നു.
"പോകാം.."
പതിവുപോലെ അയാൾ കൈ കടന്നു പിടിച്ചപ്പോൾ ഹൃദയം ഒരുനിമിഷത്തേക്ക് നിശ്ചലമായി.
നെഞ്ചിൽ ആരോ കത്തി കുത്തിയിറക്കിയ പോലെ... അല്ല,  ഒരു വീർപ്പു മുട്ടൽ..
"ഇനിയും ഇവിടെ നിന്നാൽ നീ തണുത്ത് മരവിക്കും. ഇപ്പോൾ തന്നെ കൈ തണുത്ത് കഴിഞ്ഞു."
അയാൾ കൈയും പിടിച്ച് അടുത്തുള്ള കോഫി ഷോപ്പിലേക്ക് നടന്നു. ഒരു മേശ മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ എന്നതും അത് അവർ സ്ഥിരം ഇരിക്കാറുള്ളതായിരുന്നു എന്നതും യാദൃശ്ചികം മാത്രം.

പൈസ അയാൾ കൊടുക്കുമ്പോൾ വയസ്സൻ മാനേജർ വെളുക്കെ ചിരിച്ചു.
"ഒരുപാട് നാളായല്ലോ രണ്ടാളെയും കണ്ടിട്ട്..", അയാൾ ഇപ്പോഴും അവരെ ഓർക്കുന്നു എന്നാണ്.
അവർ ഒന്ന് പുഞ്ചിരിച്ചു.
"അയാൾ പറഞ്ഞു, അതെ ഒരുപാട് കാലമായി."
അവൾ മനസ്സിൽ പറഞ്ഞു, "അതെ, ഒരുപാട് കാലമായി, ഏഴ് വര്ഷം..".
അവിടുന്നിറങ്ങി നടക്കുമ്പോളും അയാൾ അവളുടെ കൈ പിടിച്ചിരുന്നു. 
അവൾ ഇടക്കിടക്ക് ആ കൈകളിലേക്കും അയാളുടെ മുഖത്തേക്കും മാറി മാറി നോക്കി. 
ഉള്ളിന്റെയുള്ളിൽ ഒരു വലിയ കടൽ ആർത്തലച്ചു വരുന്നുണ്ടായിരുന്നു, പുറത്തേക്ക് വരാതെ അത് തൊണ്ടക്കുഴിയിൽ ഒരു വീർപ്പുമുട്ടലായി നിന്നു. 
"ഇനി എങ്ങോട്ട് പോണം?"
അവൾ എങ്ങോട്ടെങ്കിലും എന്ന ഭാവത്തിൽ അയാളെ നോക്കി. 
ഒഴിഞ്ഞു വന്ന ടാക്സിക്ക് അയാൾ കൈ കാണിച്ചു. 
"നംസാൻ"
ഡ്രൈവർ ഒരു നപുംസകത്തെ പോലെ തോന്നിച്ചു, അധികം ശ്രദ്ധ കൊടുത്തില്ല.
സബ് വേയുടെ കടയ്ക്കുള്ളിൽ സ്കൂൾ യൂണിഫോമിലുള്ള  കുട്ടികളിരുന്ന് സാൻഡ്‌വിച്ച് തിന്നുന്നു. നൈറ്റ് സ്കൂളിൽ നിന്നു വരുന്നവരായിരിക്കും. 
സ്ഥിരമായി കാണുന്ന കാർട്ട് ബാർ അടച്ചിട്ടിരിക്കുന്നു. 
"റൂബി.. "
"മ്?"
"ഒന്നുമില്ല"

അയാൾ എന്തെങ്കിലും ചോദിച്ചിരുന്നെങ്കിൽ.. ഈ മൗനത്തിന്റെ മേഘം പെയ്തു തോർന്നെങ്കിൽ.. 
ഏഴ് വർഷത്തിന് ശേഷം കാണുകയാണ്.. ഒന്നും പറയാനില്ലേ..?
നംസാൻറെ മുന്നിൽ വണ്ടി നിന്നു. അയാൾ കാർഡ് ഉപയോഗിച്ച് പണമടച്ചു. ഡ്രൈവർക്ക് നന്ദി പറഞ്ഞയാൾ തിരിയുമ്പോൾ അവൾ മുകളിലേക്ക് നോക്കി നിൽക്കുകയായിരുന്നു. 
അയാളുടെ കൈയും പിടിച്ച് ലിഫ്റ്റിനുള്ളിലേക്ക് കയറുമ്പോൾ ആരും അതിനുള്ളിലുണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചിരുന്നു. ആദ്യത്തെ നിലയിലെത്തിയപ്പോളേക്കും വേറെയും ആളുകൾ കയറി. 
കേബിൾ കാറിൽ കയറി താഴേക്ക് നോക്കിയപ്പോൾ താഴെ ഇരുൾ പല വർണ്ണങ്ങളിൽ ആഭരണങ്ങൾ അണിഞ്ഞു നിൽക്കുന്നു. 
അയാൾ അവളുടെ അരികിൽത്തന്നെ നിന്നു. 
ഇടക്കെപ്പോഴോ അയാളുടെ ശ്വാസം അവളുടെ പിന്കഴുത്തിൽ തട്ടി. 
അവരിപ്പോൾ തണുത്ത മരത്തിലെ പക്ഷികളെ പോലെ തോന്നിച്ചു 
അവൾക്ക് അയാളെ അഭിമുഖമായി നിൽക്കണമെന്നുണ്ടായിരുന്നു.. വല്ലാത്തൊരു ഭയം അടിവയറിൽ നിന്ന് മുകളിലേക്ക് കയറുന്നു. 
കേബിൾ കാറിൽ നിന്ന് താഴെ ഇറങ്ങാൻ അയാൾ സഹായിച്ചു. 
സമാഗമത്തിന്റെ നീളം കുറഞ്ഞു വരുന്നു. 
എന്തൊക്കെയോ പറയണമെന്നുണ്ട്.,
"ഉപ്പാ.."
"മ്?"
പറയാൻ വന്നത് വിഴുങ്ങി.. 
"ആ പൂട്ടുകൾ കണ്ടിരുന്നോ.."
"ഉം.. നമ്മളും ഒരിക്കൽ ഒരെണ്ണം പൂട്ടിയതല്ലേ..? ഇത്രേം പൂട്ടുകൾക്കിടയിൽ നമ്മൾ ഇട്ടതും കാണും.."

അക്കാര്യം മറന്നിരുന്നു.. മുൻപ്, ഏതാണ്ട് എട്ട് വർഷങ്ങൾക്ക് മുൻപ് രണ്ടാളുടെയും പേരെഴുതിയ ഒരു പൂട്ട് അവിടെ തൂക്കിയിരുന്നു. അതിനു ശേഷം എത്രയോ വർഷങ്ങൾ.. ആരുടെയൊക്കെയോ പേരെഴുതിയ എത്രയെത്ര പൂട്ടുകൾ... ഹാൻ നദിയിൽ സൂചി തപ്പുന്നതിനു തുല്യമാണ്, ഇത്രേം പൂട്ടുകൾക്കിടയിൽ നിന്നും നമ്മൾ പൂട്ടിയത് കണ്ടെത്താൻ.. 
പുറത്തിറങ്ങിയതും സോളിലേക്കുള്ള അവസാന വണ്ടി വന്നു നിന്നു. ഇനി ഇവിടെ നിന്നു ടാക്സി കിട്ടാൻ പാടാണ്. 
പാതി വഴിയിൽ അയാൾ യാത്ര പറഞ്ഞിറങ്ങി. 
അയാളെ തടയണമെന്നുണ്ടായിരുന്നു.. 
പറയണമെന്നുണ്ടായിരുന്നു, 
ദേഷ്യമൊന്നുമില്ലെന്നു, 
ഇപ്പോളും ഒരുപാടിഷ്ടമാണെന്നു, 
കൈ പിടിച്ചപ്പോൾ ഹൃദയത്തിൽ മഴ പെയ്തിരുന്നുവെന്ന്,
പിൻകഴുത്തിൽ ശ്വാസം തട്ടിയപ്പോൾ കെട്ടിപ്പിച്ചുമ്മവെക്കാൻ തോന്നിയെന്ന്, 
ലിഫ്റ്റ് അടയുന്നതും തുറക്കുന്നതും കണക്കാക്കാതെ പ്രണയിക്കണമായിരുന്നെന്ന്,
ഇതൊക്കെ പറയാൻ ഒരുപാട് ധൈര്യം വേണ്ടിവന്നുവെന്ന്.
ഒന്നും പറഞ്ഞില്ല. 

"അജുമ്മാ*.." ഒരു പെൺകുട്ടി താഴെ വീണുകിടന്ന ഇയർഫോൺ ചൂണ്ടിക്കാട്ടി, എപ്പോഴോ താഴെപോയതാണ്. 
"ഓഹ്, ഗംസാമ്മിതാ*", കുട്ടിക്ക് നന്ദി പറഞ്ഞു, അവൾ തന്റെ ഫോണിൽ നിന്നും മുഖമുയർത്താതെ ടൈപ്പ് ചെയ്യുകയായിരുന്നു. 

ബസ് നമ്പർ 02 സൺഹ്വാൻ ഷട്ടിൽ നംസാനിൽ നിന്നും അകന്നുകൊണ്ടിരുന്നു..
ഇപ്പോൾ അത് ഒരുപാട് ദൂരെയാണ്.
'എന്തൊരു ഭംഗിയാണ്.. '
ഇയർഫോൺ ചെവിയിലേക്ക് വച്ചു, ഒരു നിമിഷത്തിനു ശേഷം 'സാഡ് വിൻഡ്*' ഒഴുകി വന്നു.
വേർതിരിച്ചറിയാനാകാത്ത വികാരങ്ങളുമായി മറ്റൊരു ദിവസം കൂടി, ഈ യാത്ര അവസാനിക്കുന്നത് ഒരു പൂച്ചക്കുഞ്ഞും കുറെ സ്വർണ്ണ മീനുകളുമുള്ള ചെറിയ അപ്പാർട്മെന്റിലേക്കാണ്. ഇപ്പോൾ കേൾക്കാൻ 'സാഡ് വിൻഡ്' തന്നെയാണ് നല്ലത്.
ബസ് തടഞ്ഞു നിൽക്കുന്ന ഇരുളിനെ വകഞ്ഞുമാറ്റി സോളിന്റെ ഹൃദയത്തിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരുന്നു. .



Nb-
*ഉപ്പ - സഹോദരൻ/കാമുകൻ
*അജുമ്മ - മുതിർന്ന സ്ത്രീകളെ ബഹുമാനപൂർവ്വം വിളിക്കുന്നത്.
*ഗംസാമ്മിതാ - നന്ദി
*സാഡ് വിൻഡ് - Sung by Eun Ga Eum. Album - Scholar who walks in the moonlight.

2017, ജൂൺ 10, ശനിയാഴ്‌ച

ഒാർമ്മയുടെ password.

ഒാർമ്മയുടെ password.

ജോലികളേകദേശം പൂർത്തിയായെന്ന് കരുതി നെടുവർപ്പിടൻ തുടങ്ങുമ്പോളാണ clerk വന്ന് M.D വിളിക്കുന്നുവെന്ന് പറഞ്ഞത്. M.D യുടെ കാബിനിന്റെ വാതിലിൽ മുട്ടുമ്പോൾ ദേഷ്യമാണ് വന്നത്. 
'നാശം ഇന്നും മെട്രോ കിട്ടില്ല'. 
സ്വയം പിറുപിറുത്തു. സമയം എട്ടര കഴിഞ്ഞിരിക്കുന്നു. "come in" അകത്തുനിന്ന് ശബ്ദം. 
" sir, വിളിച്ചെന്ന് പറഞ്ഞു". 
" താനിരിക്ക് നാളെ ഇൻസ്പെക്ഷനാണെന്നറിയാല്ലോ?." 
തല കുലുക്കി സമ്മതിച്ചു. 
"അപ്പോൾ എല്ലാം clear ആയിരിക്കണം. തനിക്ക് responsibilities കൂടുതലാണ്." 
" yes sir". 
M.D സംസാരിക്കുന്നതിനിടയില് കണ്ണുകള് വാച്ചിലേക്ക് പോയി. 
'8.40.മോളുറങ്ങിയിട്ടുണ്ടാകും' 
" തനിക്ക് എത്ര mail ids ഉണ്ട്?" 
" Only two sir. One for personal and other for official." 
" So നമ്മുടെ project അതിന്റെ extreme climaxലാണ്, team membersന്റെ പേരുകള് പോലും പുറത്ത് വിട്ടിട്ടില്ല. " 
ഇതൊക്ക എനിക്റിയാം ഇപ്പോഴെന്തിനാണ് പറയുന്നതെന്ന് തോന്നിയെങ്കിലും മിണ്ടിയില്ല. 
" So മുൻമപേതെങ്കിലും mail താനെടുത്തിട്ടുണ്ടെങ്കിൽ തീർച്ചയായും അതിന്നു തന്നെ remove ചെയ്യണം. Also from job and advertising sites. For a safety. Because you are the team leader. We must think about hawkers." 
"Ok sir." പുറത്തിറങ്ങുമ്പോള് പഴയ mail idകളെ കുറിച്ചാണാലോചിച്ചത്. പഠിക്കുന്ന കാലത്ത പല site കളിലും fake ids ഉണ്ടായിരുന്നു. അതെല്ലാം deactivated ആണ്. 
തുറന്ന് വച്ച computerന മുന്പില് ഇരുന്നപ്പോഴാണ് ആദ്യത്തെ id ഓർമ്മ വന്നത്. username search ചെയ്ത് കാത്തിരുന്നു. പിന്നീടത് തുറക്കാനുള്ളത ശ്രമമായി. openആകുന്നില്ല . 
Incorrect username or password. Computer പഴയ പല്ലവി തന്നെ ആവർത്തിച്ചു. Recovery mail കൊടുത്ത് കാത്തിരുന്നപ്പോൾ പുതിയൊരു mail. 
Your username: Annie Joseph. 
Password: shibi. 
ഒരിക്കലും password ആ പേരായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല . 
Shibi ഒാർമ്മയുടെ password. 
ആ പേര് മനസ്സില് വർഷങ്ങളായി ക്ലാവു പിടിച്ച് കിടക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഓർമ്മ വന്നപ്പോള് എന്തോ പോലെ. 
ജോലി പൂർത്തിയാക്കി സീറ്റില് നിന്നെണീക്കുമ്പോള് മണി പതിനൊന്ന്. 
ചിലപ്പോള് last metro കിട്ടിയേക്കും. ജനാലയ്ക്കരികില് കാറ്റുകൊണ്ടിരിക്കുമ്പോള് പതിവു പോലെ ഉറങ്ങിയില്ല. 
ഓർത്തത് മുഴുവൻ അവനെക്കുറിച്ചായിരുന്നു. 
പഠിക്കുന്ന കാലത്തെ പ്രണയം. സ്നേഹത്തിന്റെ നാലു വർഷങ്ങൾ.. 
ഒടുവിലത് മറ്റൊരാളുടെ താലിച്ചരടിൽ മുറിഞ്ഞു വീണു. 
മറന്നതാണ്, 
പിന്നീട് കണ്ടതുമില്ല. പക്ഷേ, ഇപ്പോൾ.. കാണണമെന്ന് തോന്നുന്നു. 
Mobile ൽ നിന്ന് number delete ചെയ്തെങ്കിലും ഇന്നുമത് കാണാപ്പാഠമാണ്. 
' ഒന്നു വിളിച്ചാലോ?' 
ഉൾപ്രേരണയില് dial ചെയ്തു. 
അവസാനമായപ്പോള് ഒരു സംശയം. 
' 32 ആണോ 12 ആണോ?' 
' 32 തന്നെ മനസ്സിന് തെറ്റില്ല.' 
കാതോട് ചേർത്തു. 
" The number you are trying to call is currently switched off please try again later." 
Computer ന്റെ മറുപടി. 
Flatന്റെ door bell മുഴക്കുമ്പോഴാണോർമ്മ വന്നത്, 
12 ആയിരുന്നു. 
വാതില് തുറന്നത് ഭർത്താവിന്റെ ചിരിക്കുന്ന മുഖം. 
" എന്നാടോ തനിക്കിന്നും ഒമ്പതിന്റെ മെട്രോ മിസ് ആയോ?" 
ആ ചോദ്യത്തിന് മറുപടി നേർത്തൊരു പുഞ്ചിരി നൽകി. 
അകത്തെ മുറിയില് മൂന്നുവയസുകാരി ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. 
അവളുടെ നെറുകയില് ചുംബിച്ച് മുഖമുയർത്തിയത് അദ്ദേഹത്തിന്റെ കരുണാർദ്രമായ മിഴികളിലേക്കാണ്. 
വൈകിയ രാത്രി, 
അദ്ദേഹത്തിന്റെ നെഞ്ചില് ഒന്നു കൂടി ചേർന്ന് കിടക്കുമ്പോള് മനസ്സ് പറഞ്ഞു, 
'Number മാറിയത് നന്നായി.'




2017, ജൂൺ 9, വെള്ളിയാഴ്‌ച

വെറ്റിലത്തുണ്ട്.

വെറ്റിലത്തുണ്ട്.

പഴയ പത്രങ്ങൾ അടുക്കി വയ്ക്കുമ്പോഴാണത് കണ്ടത്. 
ചുണ്ണാമ്പ് പുരണ്ട ഒരു വെറ്റിലത്തുണ്ട്.! 
ഉണങ്ങിയതാണെങ്കിലും ഉടഞ്ഞിട്ടില്ല. 
പണ്ടെങ്ങോ എടുത്തു വച്ചതാവണം. 
ഓ.. ഇനിയിതെന്തിനാ..? 
പുറത്തേക്കു വലിച്ചെറിഞ്ഞതിനെ കാറ്റ് അകത്തേക്ക് കൊണ്ടു വന്നു. 
വെറ്റിലത്തുണ്ടിൽ മുത്തശ്ശി, 
"നെന്നോടെത്ര നേരമായിച്ചിരി പൊകല മേടിച്ചു തരാമ്പറഞ്ഞിട്ട്. മറന്നോ നീയ്..?". 
ഞാൻ ഓർമയുടെ ചെല്ലത്തിൽ നിന്നും ഒരു തുണ്ട് പുകയില മുത്തശ്ശിക്കു കൊടുത്തു. 
മുത്തശ്ശി ചിരിച്ചു. 
ഞാനും.



2017, മേയ് 31, ബുധനാഴ്‌ച

ശാരീ, എവിടെയാണ് നീ...?

ശാരീ, എവിടെയാണ് നീ...?


ടൗണില് നിന്നും മടങ്ങുന്ന വഴി, എതിരെ ഒരു പയ്യൻ, പരിചയമുള്ള മുഖം. ഓർത്തെടുക്കുന്നതിനു മുന്നേ അവനെന്നെ കടന്നു പോയി. 
അതവനാണ് ശാരിയുടെ അനിയൻ. 
ശാരി എനിക്കൊരു വർഷം താഴെയാണ് പഠിച്ചത്. കണ്ടിട്ടിപ്പോള് നാലു വർഷം കഴിഞ്ഞു. ഞാനൊമ്പതില് പഠിക്കുമ്പോഴാണ് അവള് ഞങ്ങളുടെ ട്യൂഷന് സെന്ററില് ചേരുന്നത്. കാറ്റടിച്ചാല് പറന്നു പോകുന്ന തരത്തില് മെലിഞ്ഞ കുട്ടി. പഠനത്തില് മിടുക്കി. ഒരിക്കല് പോലും അവളുടെ കൈത്തണ്ടയിലും കഴുത്തിലും ആഭരണങ്ങളണിഞ്ഞു കണ്ടിട്ടില്ല. ഫാന്സികളില് കിട്ടുന്ന വിലകുറഞ്ഞ കമ്മല് മാത്രമായിരുന്നു ഏക ആഭരണം. 
ഒരിക്കല് ഞാൻ ട്യൂഷന് എത്തിയത് നേരത്തെയാണ്. അവളുടെ ക്ലാസിലും അവള് മാത്രം. ഞാൻ ചെല്ലുമ്പോള് അവള് കരയുകയാണ്. 
"എന്താ..?" അവളുടെ തോളില് കൈ വച്ചതും ആ കുട്ടി പൊട്ടിക്കരഞ്ഞു. "വിശക്കുന്നു ചേച്ചീ.., കഴിച്ചിട്ട് രണ്ടു ദിവസമായി. സ്കൂളില് ക്ലാസുണ്ടായിരുന്നെന്കില് കഞ്ഞി കിട്ടുമായിരുന്നു.." ഞാനവളെ വീട്ടിലേക്ക് കൊണ്ടുപോയി. 
അമ്മയും അനിയനുമടങ്ങുന്ന കുടുംബം. അഛൻ മരിച്ചതിനു ശേഷം അമ്മക്കവള് ഭാരമാണ്. പെണ്കുട്ടിയെ വളര്ത്താന് ചിലവു കൂടുതലാണത്രെ! 
അമ്മക്ക് അനിയനെയാണിഷ്ടം. പിന്നീടു മുതലവളെന്റെ വീട്ടിലെ നിത്യ സന്ദര്ശകയായി. 
ഒരിക്കല് മുഖത്ത് അടി കൊണ്ട പാടുമായാണ് എത്തിയത്. അഞ്ചാം ക്ലാസില് പഠിക്കുന്ന അനിയന് മദ്യപിച്ചു വന്ന് നല്കിയ സമ്മാനം! കുറച്ചു നാള്ക്കകം അവള് ട്യൂഷന് നിറുത്തി. 
പ്ളസ് വണ്ണിന് ഞാൻ മറ്റൊരു സ്കൂളില് ചേർന്നു. 
അവള് പത്താം ക്ലാസ് ഡിസ്റ്റിംഗ്ഷനോടെ പാസായി, തുടർന്നു പഠിക്കുന്നില്ല എന്നറിഞ്ഞു. അവളുടെ അയല്ക്കാരിയെ ഒരിക്കല് കണ്ടിരുന്ന. അവളുടെ അമ്മ രണ്ടാമത് വിവാഹം കഴിച്ചു. ശാരിയെ അവര് കണ്ടിട്ട് ഒരുപാട് കാലമായി. 
അവളുടെ അനിയനോടന്വേഷിച്ചു. "എനിക്കറിയില്ല." കനപ്പിച്ചുള്ള മറുപടി. പതിയെ മറവിയുടെ ഇരുളില് ശാരിയും മറഞ്ഞു. 
ഇന്ന്, അവനെ കണ്ടപ്പോളാണോർത്തത്. പ്രിയപ്പെട്ട ശാരീ, എവിടെയാണ് നീ...? സുഖമാണോ നിനക്ക്..?



2017, മേയ് 26, വെള്ളിയാഴ്‌ച

നീയില്ലാത്ത തണുപ്പ്...

നീയില്ലാത്ത തണുപ്പ്...

ഒരിക്കൽ, 
നീ പറഞ്ഞു...നിനക്കെന്റെ സ്നേഹം വേണമെന്ന്... നീയാണെന്റെ തീരമേന്ന്... 

ഇന്നു നീയത് നിരസിക്കുമ്പോർ... നിനക്കു നഷ്ടം ഒരു മനസു നിറയെ സ്നേഹം... എനിക്കോ ഒരായുദ്കാലത്തിന്റെ കാത്തിരിപ്പ്... 

നിനക്കായി കാത്തു ഞാൻ പതിയെ നടന്നു കയറിയത് നുഖമുള്ള തണുപ്പിലേയ്ക്കാണ്, പിന്തിരിഞ്ഞു നോക്കിയപ്പോളാണ് നീയില്ല എന്നു മനസ്സിലായത്. 
പേടിച്ചില്ല, 
കണ്ണു നിറഞ്ഞതുമില്ല, നീയിനി വരില്ലെന്നു മനസ്സിലായി. 

നിന്റെ ഒാർമകളും പേറി വന്ന കാറ്റ്, മനസ്സിന്റെ ചില്ലു ഭിത്തിയിലിടിച്ചു തളർന്നു വീണു... 
നോക്കിയില്ല, 
പാവം... മുറിവേറ്റിട്ടുണ്ടാകണം. 

എത്റ തന്നെ തെളിയാത്ത ഒാർമകളാണെന്കിൽ കൂടി നീ പാടിയ രണ്ടു വരി ഒട്ടൊരു മങ്ങലോടെ മനസ്സിലുണ്ട്... "എന്നെന്കിലുമെൻ പേരോർക്കയാൽ 
നിൻ മിഴി ഈറനാകുകിൽ എൻ പേരു നിന്നുള്ളിൽ ശാശ്വതമതു സതൃം". 

എനിക്കറിയാം... 
ചില ഇഷ്ടങ്ങൾ അങ്ങനെയാണ് എത്റ തന്നെ വേണ്ടെന്നു വച്ചാലും ചിതയിൽ നിന്നുയരുന്ന ഫീനിക്സ് പക്ഷിയെപ്പോലെ കാലാതിവൽത്തിയായി അതു പുന:ർജ്ജനിച്ചു കൊണ്ടേയിരിക്കും...