nature എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
nature എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, ജൂൺ 29, വ്യാഴാഴ്‌ച

ഞാൻ പ്രകൃതീ തനയൻ

ഞാൻ പ്രകൃതീ തനയൻ

തളർന്നുറങ്ങാൻ തണൽ തേടുമ്പോഴാണ് അമ്മയുടെ സാമിപ്യം ആദ്യമറിഞ്ഞത്.
അതൊരു രൂപമായിരുന്നില്ല, 
വ്യക്തിയുമായിരുന്നില്ല.
ലോകം മുഴുവൻ പറന്നു കിടക്കുന്ന പച്ചപ്പ്.. തണൽ.. 
ഞാൻ, പ്രകൃതീ തനയൻ.
ആരോരുമില്ലാതെ മണ്ണിൽ കൈ കാലുകളിട്ടടിച്ച വിശന്നു കരഞ്ഞ എന്നെയെടുക്കാൻ ആരും വന്നില്ല.
പക്ഷെ, കൂട്ടായി ആരോ ഉണ്ടെന്ന തോന്നൽ..
കാലത്തിന്റെ ചക്രം പല പ്രാവശ്യം തിരിഞ്ഞപ്പോൾ പലതും മറവിയിലേക്ക് യാത്രയായി. 
ആദ്യം ജനിച്ച മരത്തിന്റെ കീഴിൽ  മഴു വച്ച ഞാൻ പരശുരാമനായി, 
വലിച്ചെറിഞ്ഞ മഴു നിലത്തു വീഴും മുൻപ് പിടിച്ചെടുക്കാൻ ആളുണ്ടായി.
ലോകം മുഴുവൻ പരശുരാമന്മാർ വളർന്നു.
പക്ഷെ, അവരൊരിക്കലും പുണ്യ നദികളിൽ സ്നാനം ചെയ്തില്ല, ഞാനും.
കൗരവ സഭയ്ക്ക് മുന്നിൽ മാതാവിന്റെ വസ്ത്രമഴിക്കുന്നത് കാണേണ്ടി വന്ന അഭിമന്യുവായി ഞാൻ. 
'അമ്മ കൃഷ്ണനെ വിളിച്ചു കരഞ്ഞില്ല, 
എന്നെയൊന്നു നോക്കിയതേയുള്ളു.
അമ്മിഞ്ഞയുടെ മനം മാറിയ കൈകൾ കൊട്ടി ഞാൻ ആർത്തു ചിരിച്ചു. 
അവരുടെ ഓരോ അവയവങ്ങൾക്കും ഓരോരുത്തർ വിലയിട്ടു. 
മൂക്കും മുലകളും ഛേദിക്കപ്പെട്ട് കൈകാലുകളിൽ ആഴ്ന്നു മുറിവുകളും പിളർക്കപ്പെട്ട ഹൃദയവുമായി 'അമ്മ കിടന്നു. 
ഞാൻ കുറുക്കൻ കണ്ണുള്ള കച്ചവടക്കാരൻ,
അമ്മയുടെ മുടി പുറം രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു,
പിളർന്ന മാറിൽ കുഴൽക്കിണർ സ്ഥാപിച്ചു,
ഞരമ്പുകൾ തടയിട്ടു നിർത്തി വൈദ്യുതി ഉണ്ടാക്കി.
കാറ്റിന്റെ ദിശ മാറുന്നതിനൊപ്പം എന്റെ മുഖവും മാറി.
ചുളിവുകളായി, മീശയും മുടിയും നരച്ചു. 
എനിക്കൊന്നു വിശ്രമിക്കണമെന്നു തോന്നി.
പണപ്പെട്ടിയിലെ നാണയക്കിലുക്കം തണൽ തന്നില്ല.
അലഞ്ഞു തളർന്ന ഞാൻ വീണ്ടും അമ്മയ്ക്കരികിലെത്തി.
ഇനിയും നിലച്ചിട്ടില്ലാത്ത അവരുടെ ഹൃദയം നേർമ്മയായി മിടിക്കുന്നുണ്ടായിരുന്നു. 
എന്നെ തിരിച്ചറിഞ്ഞിട്ടാകണം, പാതി മരവിച്ച ശബ്ദത്തിൽ അവർ പറഞ്ഞു,
'വരൂ കുഞ്ഞേ, നിന്നെ താരാട്ടാൻ എന്റെ നെഞ്ചിലിനിയും ജീവനുണ്ട്,
നിന്നെ താലോലിക്കാൻ എന്റെ കൈകൾക്കിനിയും ശക്തിയുണ്ട്, 
നീയെന്റെ മകനല്ല'
ആശ്രയമറ്റ ഞാൻ, പ്രകൃതീ തനയനായ കച്ചവടക്കാരൻ വീണ്ടും അമ്മയിലഭയം പ്രാപിച്ചു, ചേർന്ന് കിടന്നു നെഞ്ചോട്.
നെഞ്ചിന് വാത്സല്യത്തിന്റെ ചൂടുണ്ട്.
'ഉവ്വ്, താരാട്ട് കേൾക്കുന്നുണ്ട്. 
ഞാനൊന്നുറങ്ങട്ടെ സമാധാനമായി'.



2017, മേയ് 31, ബുധനാഴ്‌ച

അറിവ്.


അറിവ്.

പഠിക്കാനുള്ള പുസ്തകവുമായി പൂന്തോട്ടത്തിലേക്കിറങ്ങിയതായിരുന്നു. 
മുറ്റത്തെ ചെമ്പരത്തിയില് ഒരു പൂമ്പാറ്റയിരുന്ന് തേൻ കുടിക്കുന്നു. അതെന്റെ ബുക്കിലേക്കു നോക്കി കൌതുകത്തോടെ ചിരിച്ചു. 
"പഠിക്കുവാ?" അതെന്നോടു ചോദിച്ചു. ഞാൻ തലയാട്ടി. എന്നിട്ട് ചോദിച്ചു. 
"നിനക്ക് കെമിസ്ട്രി അറിയാമോ?" 
"ഇല്ല". അതു മറുപടി പറഞ്ഞു. 
"ഫിസിക്സ്?" 
"അറിയില്ല". 
"മാത്സ്?" 
"അറിയില്ല". 
"ഫിലോസഫി?" 
"ഇല്ല, അറിയില്ല.." 
"നിനക്കു പിന്നെ എന്തറിയാം..?" 
ഞാൻ തെല്ലൊരു പുഛ്ചത്തോടെ ചോദിച്ചു. 
പറക്കാൻ തുടങ്ങുന്നതിനിടയിലതു പറഞ്ഞു. 
"എനിക്ക് ഞാനൊരു പൂമ്പാറ്റയാണെന്നറിയാം... അതിലുപരി ദൈവത്തിന്റെ സൃഷ്ടിയാണെന്നറിയാം...".



2017, മേയ് 27, ശനിയാഴ്‌ച

ചിത്രവധം

ചിത്രവധം 

ജനിച്ച മരത്തിന്റെ അസ്ഥിവാരത്തിനു കീഴെ, കിഴക്കൻ കാറ്റിന്റെ വന്യതയിൽ, 
പങ്കിലയായി ഉറവ വറ്റിയ പഴയ പുഴയുടെ ചാരെ, 
പൊള്ളുന്ന മണൽത്തട്ടിൽ ഏകയായ് നിൽക്കുമ്പോൾ ഓർമ്മിക്കാതിരിക്കുന്നതെങ്ങനെ... പച്ചപ്പട്ടുടുടുത്തിരുന്ന പ്രകൃതീകന്യകയെ..? 

ഹോ...വധം..! 
ക്രൂരമായ ചിത്രവധം..! ആദ്യമവളുടെ വസ്ത്രമുരിഞ്ഞു, പതിയെപ്പതിയെ ഓരോ അംശങ്ങളായി ഛേദിച്ച്, നിരാലംബയാക്കപ്പെട്ട്... 
പാവം... 
അവളുടെ മാനം രക്ഷിക്കാൻ, 
ഒരു കൃഷ്ണനും വന്നിരുന്നില്ല. 

മനുഷ്യാ നീയവളെ കൊന്നു..! 
നിന്റെ ദാഹം ശമിപ്പിക്കുന്നതിനു പകരം, നിന്റെ ഖജനാവ് നിറയ്ക്കാൻ വേണ്ടി, 
ആദ്യമവളുടെ രക്തക്കുഴലുകളെ മുറിച്ചു. പിന്നെ, 
അവളുടെ മുടിയിഴകൾ, അസ്ഥികൾ... 

മരങ്ങളൊന്നൊന്നായ് നീ പിഴുതു മാറ്റി. 
എന്റെ അമ്മയെ വരെ നീ... 
എന്തിനെന്നെ മാത്രം വെറുതെ വിടുന്നു..? ഞാനുമൊരു വൃക്ഷത്തൈയ്യാണ്, വളരാനാഗ്രഹിച്ച ഒരു പാവം തൈ... 
ഇനി വേണ്ട... കണ്ടതെല്ലാം മതി. എന്നെയും കുടി.. ദയവായി... 

നീ ചിരിക്കുന്നു. ദയവിന്റെ അർത്ഥം ആലോചിച്ച്..!